റമദാന്‍ ബാക്കിവെക്കേണ്ടത്

റമദാന്‍ ബാക്കിവെക്കേണ്ടത്

ശുദ്ധ റമള്വാന്‍ ഒരിക്കല്‍ക്കൂടി നമ്മോട് യാത്ര പറഞ്ഞിരിക്കുന്നു. ഒരു മാസക്കാലം, രാപകല്‍ ഭേദമില്ലാതെ ആത്മീയാനന്ദത്തിന്റെ അനിര്‍വചനീയമായ അനുഭൂതികള്‍ പ്രദാനം ചെയ്ത് റമള്വാന്‍ വിശ്വാസിയോട് യാത്ര പറഞ്ഞിരിക്കുന്നു. ആനന്ദത്തിന്റെ പെരുന്നാള്‍ കരങ്ങളിലേക്ക് വിശ്വാസിയുടെ കൈപിടിച്ചുകൊടുത്താണ് റമള്വാന്‍ യാത്ര പറഞ്ഞതെങ്കിലും, എന്തെന്നില്ലാത്ത ഒരു നീറ്റല്‍ അവന്റെ അന്തരംഗങ്ങളില്‍ ബാക്കിവെച്ചാണ് അതു വിടപറഞ്ഞത്. റമള്വാന്‍ വിശ്വാസിയെ സംബന്ധിച്ച് കേവലം ഒരു പകല്‍പട്ടിണിയുടെ ദിനങ്ങളായിരുന്നില്ല. മറിച്ച്, ജീവിതയാത്രയില്‍ വഴിതെറ്റാതെ സഞ്ചരിക്കാന്‍ അവനു പ്രകാശം പകര്‍ന്ന വഴിവിളക്കായിരുന്നു അത്. ജീവിതാന്ത്യം വരെ അണഞ്ഞുപോകാതെ ‘വിരല്‍മറ’ തീര്‍ത്ത് കൊണ്ടുനടക്കേണ്ട ആത്മീയസൂക്ഷ്മത, രാപകല്‍ ഭേദമില്ലാതെ ശീലിപ്പിച്ച ഒരു പരിശീലകനായിരുന്നു വിശ്വാസിയെ സംബന്ധിച്ചു റമള്വാന്‍. ശഅബാന്റെ സന്ധ്യയില്‍ വിരുന്നുവന്ന്, വിശ്വാസിയുടെ ജീവിതവാതായനങ്ങളില്‍ വരല്‍മുടി വിളിച്ച് ആത്മീയതയുടെ പ്രഭാവീചികളിലേക്ക് അവനെ ഒപ്പം കൂട്ടിയ റമള്വാന്‍, ശവ്വാലിന്റെ പ്രദോഷങ്ങളെ സാക്ഷിയാക്കി അവനോട് വിടപറയുമ്പോള്‍, അവനു നല്‍കിയത് ശിഷ്ടകാലം ഇടറാതെ ജീവിക്കാനുള്ള ആത്മീയമായ ഉള്‍ക്കരുത്താണ്.

റമള്വാന്‍ വിശ്വാസിയെ സംബന്ധിച്ച് സദ്ഗുണങ്ങളുടെ ആധിക്യദിനങ്ങളായിരുന്നു. കരള്‍ കവിഞ്ഞൊഴുകിയ കാരുണ്യം ചിറപൊട്ടി അവന്റെ ചുറ്റുപാടുകളിലേക്ക് ഒഴുകി നിറഞ്ഞത് റമള്വാന്‍ വിരുന്നുപാര്‍ത്ത ദിനരാത്രങ്ങളിലായിരുന്നു. അന്യന്റെ വേദനകളും യാതനകളും നിറഞ്ഞ സന്തോഷത്തോടെ സ്വയം ഏറ്റെടുക്കാന്‍ വിശ്വാസിയുടെ ഹൃദയത്തെ ഏറ്റവും വിശാലപ്പെടുത്തിയ മാസം അതായിരുന്നു. ഉദാരതയുടെ പര്‍വതമാക്കി അത് വിശ്വാസിയെ പരിവര്‍ത്തിപ്പിച്ചു. കണക്കു നോക്കാതെ പ്രിയമുള്ളതെല്ലാം പരിത്യജിക്കാന്‍ അതു വിശ്വാസിയെ പരിശീലിപ്പിച്ചു. മുറിപ്പെടുത്തിയവരോടും വേദനിപ്പിച്ചവരോടും അനിതരസാധാരണമായ വിട്ടുവീഴ്ചയുടെ മറുപടി നല്‍കുന്നവനാക്കി വിശ്വാസിയെ അത് വളര്‍ത്തിയെടുത്തു. തന്റെ സമ്പത്തില്‍ നിര്‍ധനനും കഷ്ടപ്പെടുന്നവനുമുള്ള അവകാശത്തെ നിരന്തരമായി അതവനെ ഓര്‍മപ്പെടുത്തി. ഇന്നലെകളില്‍ സംഭവിച്ചുപോയ പാപങ്ങളെപ്പറ്റിയുള്ള ഓര്‍മകള്‍ കൊണ്ട് അതവന്റെ മിഴിയോരങ്ങളില്‍ നീര്‍ചാലുകള്‍ തീര്‍ത്തു. ആരാധനകളില്‍ മടുപ്പറ്റ ആത്മീയാവേശം അതവനില്‍ നിരന്തരം സന്നിവേശിപ്പിച്ചു. വാക്കുകൊണ്ടും നോക്കുകൊണ്ടും അപരനെ വേദനിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ അതവനു പ്രധാനം ചെയ്തു. തന്റെ ചുറ്റും വിശക്കുന്നവരെ തേടി, രോഗഗ്രസ്ഥരെ അന്വേഷിച്ച്, നിര്‍ധനനെ തിരഞ്ഞ് നെട്ടോട്ടമോടാന്‍ അതു വിശ്വാസിക്ക് ഊര്‍ജ്ജം പകര്‍ന്നു. ദൈവകീര്‍ത്തനങ്ങള്‍ കൊണ്ടും ദൈവസ്മരണകള്‍ കൊണ്ടും അതവന്റെ നാവും ഹൃദയവും നനച്ചുകൊണ്ടിരുന്നു. കണ്ണുകളെ നിയന്ത്രിക്കാനും, കോപത്തെ ഒതുക്കുവാനും, അഹന്തയെ അമര്‍ത്തിപ്പിടിക്കുവാനുമുള്ള ആത്മീയശക്തി വിശ്വാസിക്കത് ദാനം നല്‍കി. എല്ലാ അനുഗ്രഹങ്ങളും ദൈവപ്രീതി തേടി അപരനു കൈമാറാനുള്ള ഉള്‍പ്രേരണ അതു വിശ്വാസിയില്‍ സംജാതമാക്കി. നരകത്തെപ്പറ്റിയുള്ള പേടികൊണ്ടും സ്വര്‍ഗത്തെപ്പറ്റിയുള്ള പൂതികൊണ്ടും വിശ്വാസിയുടെ അന്തരംഗത്തെ അത് ഉള്‍ക്കിടിലം കൊള്ളിച്ചു. നോമ്പിനെ പറ്റി വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര സത്യം. ‘നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത’.

റമള്വാനു ശേഷം വിശ്വാസി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി, നന്മ-തിന്മകളുടെ വടംവലിയില്‍ മ്ലേഛതയുടെ പഴയ പുറംപോക്കിലേക്കു തന്നെ വീണ്ടും ഇടറിവീഴാതിരിക്കാന്‍ നന്മയുടെ ഭാഗത്തേക്ക് വടംവലിക്കുന്നവനായി തുടരുക എന്നതാണ്. അവിടെ തിന്മയുടെ ശക്തിയെ എന്തുവിലകൊടുത്തും അവന്‍ അതിജയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഉള്‍കരുത്ത് റമള്വാന്‍ അവനു ആവോളം പകര്‍ന്നു നല്‍കിയിട്ടുണ്ട്. അത് നിരന്തരം ഓര്‍ത്തുകൊണ്ട്, വികാരങ്ങളുടെ വടത്തെ നന്മയുടെ ഭാഗത്തേക്ക് കരുത്തോടെ അവന്‍ വലിച്ചുകൊണ്ടിരിക്കണം. തിന്മയുടെ ഭാഗത്തേക്കുള്ള വലിവ് ശക്തമായിരിക്കും. പിശാചുക്കള്‍ സ്വതന്ത്രരാണ്; അവര്‍ക്കുമേലുള്ള ചങ്ങലകള്‍ അഴിക്കപ്പെട്ടിരിക്കുന്നു. രണഭൂമി ഉറച്ചതല്ല; കാലുകള്‍ പലതവണ ഇടറിയേക്കും. പക്ഷേ അവിടെ നിരന്തരമായ പ്രാര്‍ത്ഥന വിശ്വാസിക്കു സഹായത്തിനെത്തും. ആകാശലോകങ്ങള്‍ക്കപ്പുറത്ത് നിന്ന് സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ സഹായം. റമള്വാന്റെ ആളുകള്‍ക്ക് വിജയത്തിന്റെ അവസാന വലിക്കുള്ള ശക്തി പകര്‍ന്ന്, നന്മ-തിന്മകളുടെ വടംവലിയില്‍ ദൈവസഹായം ഒഴുകിയെത്തും. പക്ഷേ തന്റെ കരങ്ങളെ വടത്തില്‍ നിന്നവന്‍ അയച്ചുവിടരുതെന്നു മാത്രം. അതു മുറുകെ പിടിക്കുക. ഊക്കോടെ വലിച്ചുകൊണ്ടിരിക്കുക. ആസന്ന വിജയം അവനുള്ളതാണെന്ന പുളകം പകരുന്ന ഓര്‍മയോടെ. അല്ലാഹു അനുഗ്രഹിക്കട്ടെ.