മുസ്‌ലിമും ഭീകരവാദിയും

അപരവിദ്വേഷവും സങ്കുചിതത്വവുമാണോ ഇസ്‌ലാം ഉജ്ജ്വലിപ്പിക്കുന്ന വികാരങ്ങള്‍? കേരളത്തില്‍ നേരിയ ഒരിടവേളക്കുശേഷം സജീവമായിക്കൊണ്ടിരിക്കുന്ന ‘ഇസ്‌ലാംപേടി’യുടെ പ്രസാരകര്‍ ഒരു സാമൂഹിക ആശങ്കയായി വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. പ്രസ്തുത ആശങ്കയെ പ്രസക്തമാക്കുവാന്‍ ഇസ്‌ലാംവൈരികള്‍ക്കൊപ്പം മലയാളം മൊഴിയുന്ന ഐ.എസ് ഭീകരവാദികളും രംഗപ്രവേശം ചെയ്തിരിക്കുന്നു. കാലങ്ങളായി ഇസ്‌ലാമിനെതിരെ തങ്ങള്‍ എറിഞ്ഞുകൊണ്ടിരിക്കുന്ന ‘പടക്ക’ങ്ങളില്‍ ചിലതെങ്കിലും ഇനി പൊട്ടുമെന്ന പ്രതീക്ഷ ‘ഇസ്‌ലാംപേടി’യുടെ പ്രസാരകരില്‍ നാമ്പെടുത്തിരിക്കുന്നു. ‘ഏറുപടക്കം’ തേടിനടന്നവന് ‘മാലപടക്കം’ കിട്ടിയതുപോലെയാണ് കേരളത്തിലെ ‘ഇസ്‌ലാമോഫോബിയ’യുടെ വക്താക്കളുടെ ഇപ്പോഴത്തെ അവസ്ഥ. ആരോപിക്കുവാന്‍ അവര്‍ക്കുപോലും ഒരുവേള അറപ്പുതോന്നിതുടങ്ങിയ കാര്യങ്ങളാണ് മലയാളം മൊഴിയുന്ന ഭീകരവാദികള്‍, വിശുദ്ധ ക്വുര്‍ആനിലെ സൂക്തങ്ങള്‍ ഉദ്ദരിച്ച് ഉയര്‍ത്തികൊണ്ടുവന്നിരിക്കുന്നത്. ഇനി തിരികള്‍ക്ക് തീ കൊടുത്ത് പടക്കങ്ങള്‍ പൊട്ടുന്നതും കാത്ത് ഒരറ്റത്തേക്ക് മാറിനില്‍ക്കാം അവര്‍ക്ക്.
ഇസ്‌ലാമിനു നേരെയുള്ള ഈ ‘പടക്കമേറ്’ തുടങ്ങിയിട്ട് കാലമേറെ പിന്നിട്ടിരിക്കുന്നു. ഇസ്‌ലാമിന്റെ പരസ്യപ്രബോധനം എന്നാരംഭിച്ചുവോ അന്നുതൊട്ട് ഏറുപടക്കങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടിരിന്നു. വിശുദ്ധ ക്വുര്‍ആന്‍ അതിരൂക്ഷമായി വിമര്‍ശിച്ച വലീദുബ്‌നുമുഗീറയെ പോലുള്ളവര്‍ പ്രാരംഭദശയിലെ ‘ഇസ്‌ലാം വെറുപ്പി’ന്റെ പടക്കമേറുകാരില്‍ കുപ്രസിദ്ധനായിരുന്നു. കാലദേശഭേദങ്ങള്‍ക്കനുസൃതമായി പലരും വലീദുബ്‌നുമുഗീറയുടെ പീഢത്തില്‍ കയറിയിറങ്ങി. പുതിയകാലത്ത് പുറത്തുനിന്നുള്ള ഏറുകാര്‍ക്കു പുറമെ അകത്തുനിന്നും ഏറുകാരെ നിര്‍മിക്കുവാന്‍ ഇസ്‌ലാംവൈരികള്‍ക്കു സാധ്യമായിരിക്കുന്നു. ഭീകരവാദികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ‘ധര്‍മം’ അതാണ് അടിവരയിടുന്നത്.
അപരവിദ്വേഷം ഉജ്ജ്വലിപ്പിക്കുന്ന പ്രത്യയശാസ്ത്ര പ്രവണതയുള്ള ദര്‍ശനമാണോ ഇസ്‌ലാം? ഈ ആശങ്ക ദൂരീകരിക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ മുന്നോട്ടുവെക്കുന്ന വിശാലനിലപാടുകള്‍ സമൂഹത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മാനവികതയെ സംബന്ധിച്ച് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന വീക്ഷണങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നും നേര്‍ക്കുനേരെ സ്വീകരിച്ചാല്‍ ഈ ആശങ്കകള്‍ക്ക് ഒരു നിമിഷാര്‍ദ്ധം പോലും അതിജീവനം സാധ്യമല്ലെന്നതാണ് വാസ്തവം. മാനവികതയുമായി ബന്ധപ്പെട്ട് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ കാഴ്ചപ്പാട്, മനുഷ്യരെല്ലാം ഒരേ മാതാപി
താക്കളുടെ സന്തതിപരമ്പകളാണെന്നതാണ് (49 :13). മതജാതി വര്‍ണവര്‍ഗ ദേശഭാഷാഭേദമന്യേ മനുഷ്യരെല്ലാം ഒരുപോലെ ദൈവത്താല്‍ ആദരിക്കപ്പെട്ട സൃഷ്ടിവര്‍ഗമാണെന്ന നിലപാടാണ് ഇസ്‌ലാം സമര്‍പിക്കുന്ന മറ്റൊരു വീക്ഷണം (17:70). മനുഷ്യരെയെല്ലാം ഒരുപോലെ ഭൂമിയുടെ അവകാശികളായി കാണണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു(55 :10). ഈ മൂന്നു നിലപാടുകളും കേവലം ഒരു കാഴ്ചപ്പാടായി സ്വീകരിക്കുവാനല്ല മറിച്ച് ദൃഢബോധ്യത്തോടെ വിശ്വസിക്കേണ്ട വെളിപാടുകളായി ഉള്‍ക്കൊള്ളാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അഥവാ ഒരാള്‍ മുസ്‌ലിമാകണമെങ്കില്‍ ഈ മൂന്നു വീക്ഷണങ്ങള്‍ സ്വീകരിച്ചേ തരമുള്ളൂ. ഈ നിലപാടുകളില്‍ ഒന്നിനെയെങ്കിലും തള്ളിപ്പറഞ്ഞാല്‍ ഇസ്‌ലാമിന്റെ ഭാഷയില്‍ അവന്‍ ദൈവികവെളിപാടുകളെ തള്ളിപ്പറഞ്ഞവനായി മാറും. അവന് മതത്തില്‍ സ്ഥാനമില്ല. വാസ്തവത്തില്‍ ഭീകരവാദികള്‍ക്ക് മതമില്ലെന്നു പറയുന്നതിന്റെ ഒന്നാമത്തെ അടിസ്ഥാനം ഇതുതന്നെയാണ്. ദൈവികവെളിപാടുകള്‍ മുന്നോട്ടുവെക്കുന്ന ഈ വീക്ഷണങ്ങളെ ഹൃദയത്തില്‍ സ്ഥാപിച്ചവനെ മുസ്‌ലിമാവാന്‍ സാധിക്കൂ; അവന് ഭീകരവാദിയാകാനാവില്ല. ഈ നിലപാടുകള്‍ തള്ളിക്കളഞ്ഞവനേ ഭീകരവാദിയാകാന്‍ കഴിയൂ; അവന് മുസ്‌ലിമാവാനും സാധ്യമല്ല.
അന്യായമായ മനുഷ്യവധം ലോകത്തെ മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതിനു തുല്യമായ മഹാപാപമാണ്(5:32), അന്യമതസ്ഥരോട് നീതിയുടെയും നന്മയുടെയും മാര്‍ഗമവലംബിക്കണം(60:8), പരമതസ്ഥരുടെ ആരാധനാമൂര്‍ത്തികളെ ചീത്ത വിളിക്കരുത് (6:108), അന്യമതദേവാലയങ്ങള്‍
സംരക്ഷിക്കപ്പെടണമെന്നത് ദൈവികനടപടിയുടെ ഭാഗമാണ് (22:40), ഏതു മതസ്ഥനുവേണ്ടിയായാലും മനുഷ്യത്വം പരിഗണിച്ചുള്ള ദാനധര്‍മങ്ങള്‍ക്ക് ദൈവികപ്രതിഫലമുണ്ട് (2:272), മതവ്യത്യാസം കുടുംബബന്ധം മുറിക്കാന്‍ പ്രേരകമാകരുത് (31:15) തുടങ്ങി വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന വെളിപാടുകള്‍ സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവും അനുഭവപ്പെടാത്തത് മാനവികതയോട് സ്വീകരിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്ന ഈ മൂന്നു വീക്ഷണങ്ങള്‍ അവര്‍ ഹൃദയംകൊണ്ട് ഏറ്റുവാങ്ങിയതിനാലാണ്. മറിച്ച് ദൈവികവചനങ്ങളെ ദുര്‍വ്യാഖ്യാനിച്ചും ക്വുര്‍ആനിലെ യുദ്ധസംബന്ധിയായ സൂക്തങ്ങളെ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്തും കടുത്ത അപരവിദ്വേഷത്തിന്റെ ഇടുങ്ങിയവഴികളിലേക്ക് ഭീകരവാദികള്‍ നടന്നുപോയത് ദൈവികവെളിപാടുകള്‍ പഠിപ്പിച്ച ഈ മൂന്നു വീക്ഷണങ്ങളെ ഹൃദയാത്മനാ സ്വീകരിക്കാന്‍ അവര്‍ക്കു സാധ്യമായില്ല എന്നതുകൊണ്ടാണ്. മുസ്‌ലിമും ഭീകരവാദിയും വേറിട്ടുനില്‍ക്കുന്നത് ഇവിടെയാണ്. ഒരു യഥാര്‍ഥമുസ്‌ലിമിന് ഭീകരവാദിയാകാന്‍ കഴിയാത്തതിന്റെയും ഒരു ഭീകരവാദിക്ക് യഥാര്‍ഥ മുസ്‌ലിമാകാന്‍ കഴിയാത്തതിന്റെയും കാരണവും മറ്റൊന്നല്ല.