മതം ബഹുസ്വരതക്ക് എതിരല്ല

”യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.” (22: 40)
ണിശമായ വിശ്വാസവിശുദ്ധി അനുശാസിക്കുന്ന മതമാണ് ഇസ്‌ലാം. ബഹുദൈവ വിശ്വാസത്തിന്റെ ഒരു പോറല്‍ പോലുമേല്‍ക്കാത്ത ജീവിതവിശുദ്ധിയാണ് അതാവശ്യപ്പെടുന്നത്. വിശ്വാസരംഗവും, ആചാരാനുഷ്ഠാനങ്ങളും, ജീവിതവര്‍ത്തനങ്ങളും, നടപടിക്രമങ്ങളിലുമെല്ലാം ശുദ്ധമായ ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായിരിക്കണമെന്ന് ഇസ്‌ലാമിനു നിര്‍ബന്ധമുണ്ട്. ബഹുദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ രൂപപ്പെടുന്ന ആഘോഷങ്ങളിലോ, സംസ്‌കാരങ്ങളിലോ, ജീവിതരീതികളിലോ ഭാഗഭാക്കാകുവാന്‍ ഇസ്‌ലാം ഒരു ഘട്ടത്തിലും മുസ്‌ലിമിന് അനുവാദം നല്‍കുന്നില്ല. തീര്‍ത്തും നിഷേധാത്മകവും ആദര്‍ശപരവുമായ ഒരു തിരിഞ്ഞുനില്‍പാണ് ബഹുദൈവ വിശ്വാസത്തിനെതിരില്‍ ഇസ്‌ലാം ആഗ്രഹിക്കുന്നത്. കാരണം ബഹുദൈവ വിശ്വാസമെന്നത് ദൈവാവകാശങ്ങള്‍ക്കെതിരിലുള്ള ഒരു കടന്നുകയറ്റമായാണ് അത് കാണുന്നത്. മഹാത്മ്യം കൊണ്ട് ചക്രവാളങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായാലും ദൈവത്തില്‍ പങ്കുചേര്‍ക്കപ്പെട്ടാല്‍ പൊറുക്കപ്പെടാനാവാത്ത അപരാധമായിരിക്കും ഇസ്‌ലാമിലത്. പരിശുദ്ധരായ മാലാഖമാരെ ആരാധിക്കുന്നതും മ്ലേച്ഛതയുടെ പ്രതീകമായ പിശാചുക്കളെ ആരാധിക്കുന്നതും ഒരുപോലെ പാപമാണിസ്‌ലാമില്‍. ഒന്നൊന്നിനേക്കാള്‍ മെച്ചപ്പെട്ടതായി ഇസ്‌ലാം കാണുന്നില്ല. ആരാധന സ്രഷ്ടാവില്‍നിന്ന് സൃഷ്ടിയിലേക്ക് വഴിമാറ്റം ചെയ്യപ്പെടുന്നതിനെ -അത് മാലാഖമാരിലേക്കായാലും പിശാചുക്കളിലേക്കായാലും- അപരാധമായി ഇസ്‌ലാം കാണുന്നു. അതുകൊണ്ടാണ് ബഹുദൈവവിശ്വാസത്തിന്റെ അടിത്തറയില്‍ രൂപപ്പെടുന്ന ആഘോഷങ്ങളില്‍ നിന്നും, ജീവിതരീതികളില്‍ നിന്നും, സംസ്‌കാരങ്ങളില്‍നിന്നുമെല്ലാം മുസ്‌ലിം ഒഴിഞ്ഞുനില്‍ക്കുന്നത്. ആ ‘പുറംതിരിഞ്ഞു’ നില്‍ക്കലിനെ അപരവിദ്വേഷത്തിന്റെ അനുരണമായല്ല, ആദര്‍ശത്തിന്റെ നിഷ്‌കര്‍ഷതയായാണ് കാണേണ്ടത്.
ആദര്‍ശരംഗത്ത് ബഹുദൈവ വിശ്വാസത്തിനെതിരെ കണിശമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ, വിശ്വാസരംഗത്ത് മാനവികതയുടെ ‘വരണസ്വാതന്ത്ര്യ’ത്തെ ഇസ്‌ലാം മാനിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം നാം ഒരിക്കലും വിസ്മരിക്കരുത്. ആദര്‍ശരംഗത്തെ ഇസ്‌ലാമിന്റെ കണിശതയെ ഉയര്‍ത്തി കാണിക്കുകയും വിശ്വാസരംഗത്ത് ഇസ്‌ലാം മാനിക്കുന്ന ‘വരണസ്വാതന്ത്ര്യ’ത്തെ മൂടിവെക്കുകയും ചെയ്യുന്ന രീതികൊണ്ട് ‘ഇസ്‌ലാം ഭീതി’ വിതക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന ‘കുഴപ്പത്തിന്റെ കുഴലൂത്തുകാര്‍’ ഇന്ന് വ്യാപകമായിരിക്കുകയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാ-സാഹിത്യ രംഗങ്ങളിലെല്ലാം അത്തരക്കാര്‍ നിറഞ്ഞുനില്‍ക്കുകയാണ്. അവരിലൂടെയാണ് നാം ഇസ്‌ലാമിനെ പഠിക്കുന്നതും അറിയുന്നതുമെങ്കില്‍ തീര്‍ച്ചയായും അത് ‘അംഗഭംഗം’ വന്ന ഇസ്‌ലാമായിരിക്കും. ഇസ്‌ലാമിന്റെ ഹൃദയവിശാലതക്കുമുന്നില്‍ മറയിട്ടായിരിക്കും അതിന്റെ കണിശതയെപ്പറ്റി അവര്‍ നമ്മെ ‘ബോധവല്‍ക്കരി’ക്കുന്നത്. ഇസ്‌ലാം ഭീതിയെ സജീവമാക്കി, സാമുദായിക സൗഹാര്‍ദ്ദത്തെ തകര്‍ക്കുവാന്‍ ഇറങ്ങിപുറപ്പെട്ട ‘കുഴപ്പത്തിന്റെ കുഴലൂത്തുകാരാ’ണ് അവരെന്നു തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടുന്നത് കാലങ്ങളായി നാം ഒന്നിച്ചു പടുത്തുയര്‍ത്തിയ നമ്മുടെ സ്വരചേര്‍ച്ചയും സൈ്വര്യജീവിതവുമായിരിക്കും.
വിശുദ്ധ ക്വുര്‍ആനിലെ ഇരുപത്തിരണ്ടാമത്തെ അധ്യായം സൂറഃ ഹജ്ജിലെ നാല്‍പതാമത്തെ സൂക്തത്തെ നാം പഠനവിധേയമാക്കിയാല്‍, ഇസ്‌ലാം വിശ്വാസരംഗത്ത് മാനവികതയുടെ ‘വരണസ്വാതന്ത്ര്യ’ത്തെ എത്രമാത്രം മാനിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. ഏകദൈവവിശ്വാസം സ്വീകരിച്ചു എന്നതിന്റെ പേരില്‍ മാത്രം പീഡനങ്ങള്‍ക്കും, മര്‍ദ്ദനങ്ങള്‍ക്കും, ബഹിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കപ്പെട്ട ഒരു ജനവിഭാഗത്തിന് സായുധ പ്രതിരോധത്തിന്റെ വഴി തുറന്നുകൊടുത്തതിന്റെ പശ്ചാത്തലവും, ന്യായവും, കാരണവും വ്യക്തമാക്കുകയാണ് പ്രസ്തുത സൂക്തം. ‘മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് തടുക്കുക’ എന്നത് സാമൂഹികാന്തരീക്ഷം കലുഷിതമാകാതിരിക്കുവാനുള്ള ദൈവിക നടപടിയുടെ ഭാഗമാണെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അവിടെ വ്യക്തമാക്കുന്നത്. സൗഹാര്‍ദ്ദപരമായ സാമൂഹികാന്തരീക്ഷത്തിന്റെ ഭാഗമാണ്, മുസ്‌ലിം പള്ളികളെപ്പോലെ തന്നെ അന്യമതസ്ഥരുടെ ആരാധനാലയങ്ങളും മഠങ്ങളും സംരക്ഷിക്കപ്പെടുക എന്നത്. ആ ആരാധനാലയങ്ങളും മഠങ്ങളും ബഹുദൈവാരാധനയുടെ ഭാഗമായി നിലനില്‍ക്കുന്നതാണെങ്കില്‍ പോലും അവ സംരക്ഷിക്കപ്പെടണം. കാരണം ദൈവം മനുഷ്യനു നല്‍കിയ ‘വരണസ്വാതന്ത്ര്യ’ത്തിന്റെ ഭാഗമാണ്, ഏകദൈവാരാധനക്കായും ബഹുദൈവാരാധനക്കായും നിര്‍മിക്കപ്പെടുന്ന ആരാധനാലയങ്ങള്‍. അവയോട് പുലര്‍ത്തുന്ന വൈര്യം, ദൈവം മാനിച്ച ഒരു സ്വാതന്ത്ര്യത്തിനുനേരെ പുലര്‍ത്തുന്ന വൈര്യമായിരിക്കും. അതുകൊണ്ടു തന്നെ ദൈവം മാനിച്ചതിനെ മാനിക്കാന്‍ മനുഷ്യന്‍ തയ്യാറാകണം. അതുകൊണ്ടാണ് ഒരു മുസ്‌ലിം ശുദ്ധമായ ഏകദൈവ വിശ്വാസം ജീവിതത്തിന്റെ സകലമേഖലകളിലും മുറുകെ പിടിക്കുമ്പോഴും, ബഹുദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ രൂപപ്പെടുന്ന ആചാര, അനുഷ്ഠാന, ആഘോഷ, ജീവിത രീതികള്‍ക്കെതിരെ പുറം തിരിഞ്ഞുനില്‍ക്കുമ്പോഴും ഹൃദയവിശാലതയോടെ മനുഷ്യന് ദൈവം നല്‍കിയ പ്രസ്തുത’സ്വാതന്ത്ര്യ’ത്തെ മാനിക്കുന്നതില്‍ വീഴ്ച വരുത്താത്തത്. തന്റെ ആദര്‍ശത്തെ മുറുകെ പിടിക്കാനും അപരന്റെ ആദര്‍ശജീവിത സ്വാതന്ത്ര്യത്തെ മാനിക്കുവാനും ഇസ്‌ലാം മുസ്‌ലിമിനെ പരിശീലിപ്പിച്ചതിന്റെ പാഠം പക്ഷെ ‘കുഴപ്പത്തിന്റെ കുഴലൂത്തുകാര്‍’ നമുക്കൊരിക്കലും പറഞ്ഞുതരില്ല. കാരണം അവരുടെ ലക്ഷ്യം നമ്മുടെ സ്വരചേര്‍ച്ചയും സൈ്വര്യജീവിതവും കവര്‍ന്നെടുക്കലാണ്. അതിനാല്‍ നാം തിരിച്ചറിയുക; ‘ഇസ്‌ലാംഭീതി’യുടെ സ്രഷ്ടാക്കളുടെ ഉള്ളകം. തിരിച്ചു പിടിക്കുക; നമ്മുടെ സ്വരചേര്‍ച്ചയും സൈ്വര്യജീവിതവും.