മതം പൗരോഹിത്യമല്ല

പൗരോഹിത്യത്തെ അങ്ങേയറ്റം വിമര്‍ശിച്ച മതമാണ് ഇസ്‌ലാം. മതത്തെ മലിനപ്പെടുത്തിയതില്‍ പൗരോഹിത്യത്തിന്റെ പങ്കിനെ മനുഷ്യര്‍ തിരിച്ചറിയുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ദൈവിക മാര്‍ഗം മനുഷ്യര്‍ക്കു കണ്ടെത്താനാവൂ എന്നതാണിസ്‌ലാമിക കാഴ്ചപ്പാട്. നരവംശ ചരിത്രം പഠിക്കുന്ന ഒരാള്‍ക്ക് ഇസ്‌ലാമിന്റെ ഈ നിലപാടിനെ തള്ളിപറയാനാവില്ല. ദൈവവിശ്വാസ ചരിത്രത്തില്‍ കാണപ്പെടുന്ന സകല മ്ലേഛതകളും വൈകൃതങ്ങളും പൗരോഹിത്യത്തിന്റെ നിര്‍മിതിയായിരുന്നു. പ്രാചീനവും ആധുനികവുമായ സംസ്‌കാരങ്ങളില്‍ കാണുന്ന അടിസ്ഥാനരഹിതവും പ്രാകൃതവുമായ എല്ലാ ആത്മീയ പേക്കൂത്തുകള്‍ക്കും മുന്നില്‍ നടന്നതും നടക്കുന്നതും പുരോഹിതന്‍മാരാണ്. പ്രാചീന ഈജിപ്തിലും, ഗ്രീസിലും റോമിലും, ഭാരതത്തിലും സ്‌പെയിനിലും ഇറ്റലിയിലും അസീറിയയിലും, സ്‌കാന്‍ഡിനേവിയയിലും തുടങ്ങി എല്ലാ സംസ്‌കാരങ്ങളിലും നിലനിന്നിരുന്ന കിരാതവും മനുഷ്യത്വഹീനവും അസാംസ്‌കാരികവുമായ എല്ലാ മതപരമായ സമ്പ്രദായങ്ങളും ആചാരങ്ങളും സൃഷ്ടിച്ചതും വളര്‍ത്തിയതും പൗരോഹിത്യമാണ്. മനുഷ്യന്റെ വൈയക്തിക-സാമൂഹിക ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയും അവരെ തുല്യതയില്ലാത്തവിധം ചൂഷണങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തത് ഓരോ സമൂഹങ്ങളിലും നിലനിന്നിരുന്ന പുരോഹിതന്‍മാരാണെന്ന് കാണാം.
ഭാരതത്തില്‍ ‘ദേവദാസി’ സമ്പ്രദായങ്ങളിലൂടെ സ്ത്രീ സമൂഹത്തെ പുരോഹിതന്‍മാര്‍ ചൂഷണം ചെയ്തപ്പോള്‍ പൗരാണിക ഗ്രീസിലെ പൗരോഹിത്യം ‘അഫ്രോഡെറ്റ്’ ദേവതയുടെയും കൊട്ടിറ്റോ’ ദേവതയുടെയും പേരില്‍ അവിടുത്തെ സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യുകയായിരുന്നു. സൈപ്രസില്‍ ഫിനിഷ്യന്‍ ദേവതയായ ‘അസ്റ്റാര്‍ട്ട’ എന്ന ദൈവത്തിന്റെ പേരിലായിരുന്നു അവിടുത്തെ സ്ത്രീ സമൂഹത്തിന്റെ മാനവും ചാരിത്രവും  പുരോഹിതന്‍മാര്‍ കവര്‍ന്നെടുത്തത്. പൗരാണിക ഈജിപ്തിലാവട്ടെ ‘ഒസീരിസ്’ ദേവന്റെ പേരിലായിരുന്നു സ്ത്രീകളെ പുരോഹിതന്‍മാര്‍ ചൂഷണവിധേയമാക്കിയത്. കിഴക്കേ ഏഷ്യയില്‍ ഈ ചൂഷണത്തിന് നേതൃത്വം നല്‍കിയത് തയോ മതാചാര്യന്‍മാരും ബുദ്ധ പുരോഹിതന്‍മാരുമായിരുന്നു. പ്രാചീന പാലസ്തീനില്‍ ‘ബാല്‍പിയൂര്‍’ ദേവന്റെ പേരിലായിരുന്നു പുരോഹിതന്‍മാരുടെ ചൂഷണങ്ങള്‍ നടമാടിയിരുന്നത്. ലൈംഗിക ചൂഷണം മാത്രമല്ല മനുഷ്യരുടെ സമ്പത്തും അഭിമാനവും വ്യക്തിത്വവുമെല്ലാം പുരോഹിതന്‍മാര്‍ ചൂഷണം ചെയ്തിരുന്നതിന് പൗരാണികമായ പല സംസ്‌കൃതികളും ചരിത്രസാക്ഷ്യങ്ങളാണ്.
ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ വിടവുകള്‍ തീര്‍ക്കുമ്പോഴാണ് പൗരോഹിത്യം ജനിക്കുന്നത്. നേര്‍ക്കുനേരെ അടുക്കുവാനോ സാമീപ്യം കരസ്ഥമാക്കുവാനോ കഴിയാത്ത ശക്തിയും പരിശുദ്ധിയുമായി ദൈവത്തെ സങ്കല്‍പിക്കുമ്പോള്‍ മനുഷ്യനെയും ദൈവത്തെയും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള ‘ഇടകണ്ണി’കളായി വ്യാജദൈവങ്ങള്‍ പിറവിയെടുക്കും. മനുഷ്യനെ യഥാര്‍ത്ഥ ദൈവത്തിലേക്ക് അടുപ്പിക്കുവാന്‍ ഉദയം ചെയ്ത ഈ വ്യാജദൈവങ്ങളുടെ ഭൂമിയിലെ പ്രതിനിധികളും പരിശുദ്ധ സേവകന്‍മാരുമായാണ് പൗരോഹിത്യം ജന്മം കൊള്ളുന്നത്. കാരണം വ്യാജദൈവങ്ങള്‍ക്ക് അവരുടെ അസ്ഥിത്വവും മഹത്വവും കീര്‍ത്തിയും നിലനിര്‍ത്താന്‍ ഇത്തരം പ്രതിനിധികള്‍ കൂടിയേ തീരൂ. ഈ പ്രതിനിധികളുടെ പണിയാണ് ‘ദൈവങ്ങളു’ടെ കീര്‍ത്തനങ്ങള്‍ മനുഷ്യസമൂഹത്തെ പഠിപ്പിക്കുക എന്നുള്ളത്. ആ കീര്‍ത്തനങ്ങളാണ് മനുഷ്യനെ ദൈവമാര്‍ഗത്തില്‍ നിന്നും ‘ദൈവങ്ങളു’ടെ മാര്‍ഗത്തിലേക്ക് വഴിതെറ്റിച്ചു വിടുന്നത്. ചൂഷണങ്ങളുടെയും മ്ലേഛതകളുടെയും വൈകൃതങ്ങളുടെയും മാര്‍ഗങ്ങളില്‍ അതു മനുഷ്യനെ കൊണ്ടെത്തിക്കുന്നു.
പൗരോഹിത്യം മനുഷ്യനെ ചങ്ങലകളില്‍ ബന്ധിക്കുകയും അവനെക്കൊണ്ട് ഭാരം വലിപ്പിക്കുകയുമാണ് ചെയ്യുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചങ്ങലകളില്‍ അവനെ ബന്ധിക്കുന്നു. പ്രാകൃതവും കഠിനവുമായ ആരാധനകള്‍കൊണ്ട് അതു മനുഷ്യനെ ഭാരം വഹിപ്പിക്കുന്നു. മതത്തിന്റെ ലാളിത്യമോ ആശ്വാസമോ അതു മനുഷ്യന് നിഷേധിക്കുന്നു. പ്രകൃതിവിരുദ്ധമായ കാര്‍ക്കശ്യവും, ധാര്‍മികവിരുദ്ധമായ സ്വാതന്ത്ര്യവും, സംസ്‌കാരശൂന്യമായ ‘ധര്‍മനിഷ്ഠ’കളും, അടിസ്ഥാനരഹിതമായ ഭയവും, അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഭക്തിയും അതു മനുഷ്യനു സമ്മാനിക്കുന്നു. അങ്ങനെ മനുഷ്യന്‍ അവനറിയാതെ ചൂഷണം ചെയ്യപ്പെടുകയും വിശുദ്ധിയുടെ മാര്‍ഗത്തില്‍ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യുന്നു. പൗരോഹിത്യത്തെ പറ്റി വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര സത്യം!