ബഹുദൈവാരാധനയുടെ വിക്ഷുബ്ധതകള്‍

”വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു.” (ക്വുര്‍ആന്‍ 22 :31)
ബഹുദൈവ വിശ്വാസിയുടെ മനോനിലയെ വിശുദ്ധ ക്വുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്, മുകളില്‍ നിന്ന് വീഴുകയും താഴെ എത്താതിരിക്കുകയും ചെയ്ത ഒരാളുടെ മാനസികാവസ്ഥയോടാണ്. അരക്ഷിതബോധം അതിന്റെ പാരമ്യദിശ പ്രാപിച്ച, ഭയവിഹ്വലമായ മാനസികാവസ്ഥയിലേക്കാണ് വാസ്തവത്തില്‍ ബഹുദൈവ വിശ്വാസം മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. എല്ലാത്തിലും അവന് ഭയമായിരിക്കും. ആകാശത്തെ ഗ്രഹനിലകളെയും ഭൂമിയിലെ ശകുനങ്ങളെയും വ്യാജദൈവങ്ങളെയും സിദ്ധന്‍മാരെയും മന്ത്രവാദികളെയും തുടങ്ങി ഒരു ഗൗളിയുടെ കരച്ചില്‍പോലും അവനെ അസ്വസ്ഥനാക്കുന്നു. ഒരു പൂച്ച കുറുകെ ചാടുകയോ  ഒരു കൂമന്‍ മൂളുകയോ ചെയ്താല്‍ മതി ഭയം അവനെ കീഴ്‌പ്പെടുത്തുന്നു. ഗ്രഹനിലകളും ജ്യോതിഷവും തച്ചുശാസ്ത്രവും വാസ്തുവിദ്യകളുമെല്ലാം അവനെ പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണം ബഹുദൈവവിശ്വാസം ഉത്ഭൂതമായിരിക്കുന്നതുതന്നെ അടിസ്ഥാനരഹിതമായ ഭയത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ അത് മനുഷ്യനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. അനര്‍ത്ഥങ്ങളും ദുശ്ശകുനങ്ങളും ‘ദൈവങ്ങളു’ടെ  അനിഷ്ടങ്ങളും പറഞ്ഞ് എപ്പോഴുമത് മനുഷ്യനെ ഞെട്ടിച്ചുകൊണ്ടിരിക്കും. ഭയാശങ്കകളില്‍ നിന്ന് ഒരിക്കലും അത് മനുഷ്യന് മോചനം തരില്ല. ഭയമെന്ന വികാരം കൊണ്ട് മനുഷ്യന്‍ ഭരിക്കപ്പെട്ടാലേ മുട്ടുശാന്തിയന്വേഷിക്കുന്നവനായി അവന്‍ മാറുകയുള്ളൂ. എങ്കില്‍ മാത്രമാണ് മന്ത്രവാദികള്‍ക്കും, പുരോഹിതന്‍മാര്‍ക്കും, ആള്‍ദൈവങ്ങള്‍ക്കും സിദ്ധന്‍മാര്‍ക്കുമെല്ലാം മനുഷ്യനെ ചൂഷണത്തിന്റെ ആലയില്‍ കെട്ടിയിടാനാവുകയുള്ളൂ.
ബഹുദൈവവിശ്വാസം സൃഷ്ടിക്കുന്ന ഭയത്തിന്റെ ഈ ലോകത്ത് അരക്ഷിതബോധം കൊണ്ട് പൊറുതിമുട്ടുന്ന മനുഷ്യന്‍ ശാന്തിയന്വേഷിച്ച് അലഞ്ഞുകൊണ്ടിരിക്കും. എന്തിനെയും ഏതിനെയും വണങ്ങാനും വന്ദിക്കാനും മനുഷ്യന്‍ തയ്യാറാകും. ശാന്തി തേടി തന്നെപ്പോലെ ഭക്ഷണം കഴിക്കുന്ന, വിസര്‍ജ്ജിക്കുന്ന, ശൗച്യം ചെയ്യുന്ന, കുളിക്കുന്ന, രോഗം വരുന്ന, വേദനിക്കുന്ന, കരയുന്ന, മരിക്കുന്ന ആളുകളെ വരെ അവന്‍ ആരാധിക്കുവാന്‍ തുനിയും. അചേതനവും സചേതനവുമായ എന്തിന്റെ മുമ്പിലും അവന്‍ കുമ്പിടും, തലകുനിക്കും, പ്രാര്‍ത്ഥിക്കും. അങ്ങനെ ആകാശത്തുനിന്ന് വീണവനെ പക്ഷികള്‍ റാഞ്ചിയെടുക്കുന്നതുപോലെ സിദ്ധന്‍മാരും, ആള്‍ദൈവങ്ങളും, മന്ത്രവാദികളും, ജ്യോത്സ്യന്‍മാരും, പുരോഹിതന്‍മാരും  അവനെ റാഞ്ചിയെടുക്കുന്നു. ആള്‍ദൈവങ്ങളില്‍ നിന്ന് ആള്‍ദൈവങ്ങളിലേക്കും, ശവകുടീരങ്ങളില്‍ നിന്ന് ശവകുടീരങ്ങളിലേക്കും, മഠങ്ങളില്‍ നിന്ന് മഠങ്ങളിലേക്കും കാറ്റ് അവനെ കൊണ്ടുതള്ളുന്നു.
ഹൃദയശാന്തി നഷ്ടമാകുന്ന മനുഷ്യന് ഒരിടത്തുനിന്നും യഥാര്‍ത്ഥ ശാന്തി ലഭിക്കുന്നില്ല. കാരണം ശാന്തിയന്വേഷിച്ച് അവന്‍ എത്തിപ്പെടുന്നത് കപട ആത്മീയതയുടെ ലോകത്തേക്കാണ്. ആള്‍ദൈവങ്ങള്‍ക്കും, സിദ്ധന്‍മാര്‍ക്കും, മന്ത്രവാദികള്‍ക്കും, ജ്യോത്സ്യന്‍മാര്‍ക്കുമൊക്കെ അവന്‍ ആത്മീയ കമ്പോളത്തിലെ ചൂഷണം ചെയ്യാനെളുപ്പമുള്ളൊരു വസ്തു മാത്രമാണ്. ഹൃദയശാന്തി തേടി വ്യാജആത്മീയതയുടെ ലോകത്തേക്ക് യാത്ര പോയവന്‍ പ്രശ്‌നങ്ങളില്‍ നിന്നും തീരാപ്രശ്‌നങ്ങളിലേക്ക് യാത്ര തിരിച്ചവനെപ്പോലെയാണ്. പൈശാചിക പ്രേരണയാല്‍ പെട്ടന്ന് ലഭിക്കുന്ന ഒരു ഉത്കര്‍ഷാനുഭവം മാത്രമായിരിക്കും അവന് കൈവന്നതായി തോന്നുന്ന ശാന്തിയുടെ യാഥാര്‍ത്ഥ്യം. ക്ഷിപ്രശാന്തിയല്ലാതെ യഥാര്‍ത്ഥമായ നിര്‍ഭയത്വമോ ശാന്തിയോ മനുഷ്യന് വ്യാജആത്മീയതയുടെ ദല്ലാളന്‍മാര്‍ പ്രധാനം ചെയ്യുന്നില്ല. അങ്ങനെയല്ലായിരുന്നെങ്കില്‍ എന്തുകൊണ്ട് ആത്മശാന്തിയുടെ കുത്തകകച്ചവടക്കാര്‍ പെരുകുന്നു ? സമൂഹത്തില്‍ കൂണുകണക്കെ മുളച്ചുപൊന്തുന്ന കപടആത്മീയകേന്ദ്രങ്ങളുടെ വര്‍ധനവില്‍ വിവേകമുള്ള മനുഷ്യന് ചിന്തിക്കാന്‍ വകയുണ്ട്. ഒന്നുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെങ്കില്‍ മറ്റൊന്നിനെന്ത് പ്രസക്തിയാണുളളത്? ഒരിടത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് ഓരോ പുതിയ വ്യാജആത്മീയ കേന്ദ്രങ്ങളുടെയും പിറവി നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരിടത്ത് പരിഹാരമില്ലാത്തതാണ് മറ്റൊരിടത്തേക്കുള്ള നെട്ടോട്ടത്തിന്റെ പിന്നിലെ കാരണം. ആ ഓട്ടം മനുഷ്യന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും; ഭയവിഹ്വലനായും അരക്ഷിതബോധം കൊണ്ട് വേട്ടയാടപ്പെടുന്നവനായും.
എന്നാല്‍ ഏകദൈവവിശ്വാസം മനുഷ്യന് നിര്‍ഭയത്വവും പൂര്‍ണമായ സുരക്ഷിതബോധവും നല്‍കുന്നു. സ്രഷ്ടാവിനെ ഭയപ്പെടാത്തവന് എല്ലാത്തിനെയും ഭയപ്പെടേണ്ടി വരുന്നതുപോലെ, സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ മാത്രം ഭയപ്പെട്ടവന് മറ്റൊന്നിനെയും പേടിക്കേണ്ടി വരുന്നില്ല. ‘ദൈവങ്ങളു’ടെ അനിഷ്ടങ്ങളോ, ഗ്രഹനിലയിലെ അപകടങ്ങളോ, ദുശ്ശകുനങ്ങളോ ഒന്നും അവനെ ഭയപ്പെടുത്തുന്നില്ല. ആത്മീയ കമ്പോളത്തില്‍ അവന്‍ ചൂഷണം ചെയ്യപ്പെടുന്നില്ല. മാസം തെറ്റാതെ പ്രമേഹവും രക്തസമ്മര്‍ദ്ദവും പരിശോധിച്ചുകൊണ്ടിരിക്കുന്ന ആള്‍ദൈവങ്ങളിലേക്ക് രോഗശാന്തി തേടി അവന്‍ പോകുന്നില്ല. ആത്മീയസിദ്ധി കൊണ്ടുമാത്രം രോഗശാന്തി പ്രധാനം ചെയ്യാനാവാതെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ കൂടി കൂട്ടുപിടിക്കുന്ന അമ്മ ദൈവങ്ങള്‍ക്കുമുന്നില്‍ അവന്‍ തലകുനിക്കുന്നില്ല. എല്ലാം സ്രഷ്ടാവായ ദൈവത്തില്‍ സമര്‍പ്പിക്കുന്നവന്‍ അനുഭവിക്കുന്ന ആത്മശാന്തി അനിര്‍വചനീയമാണ്. സമ്പൂര്‍ണമായ നിര്‍ഭയത്വവും സുരക്ഷിതത്വബോധവും അവനനുഭവിക്കുന്നു. അവന് ഭയപ്പെടാനുള്ളതും കീഴ്‌പ്പെടാനുള്ളതും സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ മാത്രം.