പ്രബോധന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്.” (10: 99, 100)

മനുഷ്യരെല്ലാം സത്യമാര്‍ഗം പ്രാപിക്കണമെന്ന ഹൃദയാഭിലാഷം കാത്തുസൂക്ഷിക്കുന്നവനാണ് സത്യമത പ്രബോധകന്‍. പക്ഷേ കേവലം അഭിലാഷത്തിനപ്പുറം നിര്‍ബന്ധത്തിന്റെയോ, ബലാല്‍ക്കാരത്തിന്റെയോ നിലപാട് പ്രബോധനരംഗത്ത് സംഭവിച്ചുകൂടായെന്ന കണിശമായ നിര്‍ദ്ദേശം മുന്നോട്ടു വെക്കുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. മനുഷ്യരെ ഒന്നടങ്കം സന്മാര്‍ഗ പ്രാപികളാക്കുവാന്‍ കഴിവുള്ള ദൈവം തന്നെയാണ് അവര്‍ക്കു മുമ്പില്‍ വിവിധ മാര്‍ഗങ്ങളിലേക്കുള്ള വരണസ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടു കൊടുത്തത്. ജനങ്ങളെ മുഴുവന്‍ സത്യമാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു ദൈവതാല്‍പര്യമെങ്കില്‍ പ്രസ്തുത ഇച്ഛാസ്വാതന്ത്ര്യത്തിനു പിന്നെ ദൈവാനുമതി ഉണ്ടാകുമായിരുന്നില്ല. ഏതൊരു ചുറ്റപാടിലും ഒരിസ്‌ലാമിക പ്രബോധകനെ സ്വാധീനിക്കേണ്ട നിലപാടാണിതെന്ന് വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നുണ്ട് പലയിടത്തും. പ്രബോധന സ്വാതന്ത്ര്യത്തെ സാര്‍വകാലികമായ ഒരു മൗലികാവകാശമായി കാണുന്ന ഇസ്‌ലാം പക്ഷേ ഒരു ഘട്ടത്തിലും ആ രംഗത്ത് അധികാരം ചെലുത്തുവാന്‍ പ്രേരിപ്പിക്കുന്നില്ലെന്നു മാത്രമല്ല അത്തരം പ്രവണതകളെ അധര്‍മമായി പഠിപ്പിക്കുകയും ചെയ്തു. മാനവികതക്കു ദൈവം നല്‍കിയ വരണസ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തില്‍, യുദ്ധം അനിവാര്യമാകുന്ന സാഹചര്യങ്ങളെ പഠിപ്പിക്കുന്ന വേളയില്‍, ആദര്‍ശരംഗത്തെ ഇച്ഛാസ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിടുന്ന സാഹചര്യങ്ങളെ വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. മര്‍ദ്ദനത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശമാറ്റം എന്നത് തീര്‍ത്തും മാനവിക വിശുദ്ധമായ ഒരു സ്ഥിതിവിശേഷമായി ഇസ്‌ലാം കാണുന്നു.
പ്രബോധന സ്വാതന്ത്ര്യം സാര്‍വകാലികമായ ഒരു മൗലികാവകാശമാണെന്ന ഇസ്‌ലാമിക കാഴ്ചപ്പാട് അംഗീകരിക്കുന്ന ഭരണഘടനയാണ് നമ്മുടെ ഭാരതത്തിന്റേത്. ബഹുസ്വരതയില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം അനിവാര്യമായും സ്വീകരിക്കേണ്ട ഒരു നിലപാടാണത്. അല്ലെങ്കില്‍ സാമൂഹികാന്തരീക്ഷം കലുഷിതമാകും. രാഷ്ട്രസംവിധാനം ഏതെങ്കിലും മതത്തിന്റെയോ ദര്‍ശനത്തിന്റെയോ പക്ഷത്തുനിന്ന് ജനങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാട് ബഹുസ്വരതയിലധിഷ്ഠിതമായ ഒരു സമൂഹത്തിന് നാശമല്ലാതെ മറ്റൊന്നും സമ്മാനിക്കുകയില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതം പൗരന്റെ മൗലികാവകാശങ്ങള്‍ ഭരണഘടനയിലെഴുതി ചേര്‍ത്തപ്പോള്‍ പ്രബോധന സ്വാതന്ത്ര്യത്തിനും ഒരിടം നല്‍കിയത്. അതംഗീകരിച്ച് പരസ്പരം ആദരവ് നിലനിര്‍ത്തുന്ന ഒരു സാമൂഹിക സാഹചര്യം സൃഷ്ടിക്കുവാന്‍ രാജ്യത്തെ ഓരോ പൗരനും ബാധ്യതയുണ്ട്. ഇന്നലെകളില്‍ ഭദ്രമായ ഒരു സാമൂഹിക സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താന്‍ നമുക്ക് സാധിച്ചതിനുപിന്നില്‍ ആ പൗരബോധത്തിനു വലിയ സ്ഥാനമുണ്ടായിരുന്നു. ഇന്നു നമ്മുടെ സമൂഹങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന വിള്ളലുകളുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരിക്കും ആ പൗരബോധത്തിന് വന്നുചേര്‍ന്ന ബലക്ഷയങ്ങള്‍.
വര്‍ത്തമാന ഇന്‍ഡ്യയിലെ സാഹചര്യങ്ങള്‍ പക്ഷേ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നവയാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍, അതു രാഷ്ട്രീയപരമായാലും പ്രത്യയശാസ്ത്രപരമായാലും ആദര്‍ശപരമായാലും വീക്ഷണപരമായാലും അപരനുമേല്‍ അടിച്ചേല്‍പിക്കുന്ന തീര്‍ത്തും മാനവികവിരുദ്ധമായ ഒരുതരം ആവേശത്തിന് ആള്‍ക്കൂട്ടങ്ങള്‍ സ്വാധീനിക്കപ്പെടുകയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ സുന്ദരമായ നിലപാടുകള്‍ക്ക് പോറലുകള്‍ പറ്റിയിരിക്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കലുകളുടെ ആവേശം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അപരന് അവന്റെ ആദര്‍ശം പ്രചരിപ്പിക്കുവാനുള്ള അവകാശം തടയുന്നത് തന്റെ പക്ഷത്തിന്റെ അനിവാര്യമായ താല്‍പര്യമായി വിലയിരുത്തപ്പെടുന്നു. അപര വിദ്വേഷത്തില്‍ അധിഷ്ഠിതമായ സാമൂഹിക സാഹചര്യങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന പ്രവണത ഒരു രാഷ്ട്രസംവിധാനത്തെ നശിപ്പിക്കാതിരിക്കില്ല. വിശേഷിച്ചും ബഹുസ്വരതയിലധിഷ്ഠിതമായ സമൂഹത്തില്‍.
ഇസ്‌ലാമിക പ്രബോധകന്‍മാരാണ് സമകാലിക ഇന്‍ഡ്യയില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്നവര്‍. മതപരിവര്‍ത്തനത്തിന്റെ ഊതിവീര്‍പ്പിച്ച നുണക്കഥകള്‍ മെനഞ്ഞ് ഇസ്‌ലാമിക പ്രബോധനത്തെ തടഞ്ഞുനിര്‍ത്താനുള്ള വ്യാപകശ്രമങ്ങള്‍ തകൃതിയാണ്. ഇസ്‌ലാമിനെ ഒന്നു പരിചയപ്പെടുത്താന്‍, അതിനെതിരെയുള്ള വിമര്‍ശനങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഒരു കടലാസുകഷ്ണം വിതരണം ചെയ്യുന്നതുപോലും ഭീകരവാദമായും മതവിദ്വേഷപ്രചരണവുമായും വിളിച്ചുകൂവപ്പെടുന്ന സാമൂഹികാന്തരീക്ഷം കേരളത്തില്‍പോലും സംജാതമായിരിക്കുന്നു. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളും ലഘുലേഖകളും വിതരണം ചെയ്തതിനാണ്, കേരളത്തിലെ ചില പോലീസ് സ്റ്റേഷനുകളില്‍ ഇസ്‌ലാമിക പ്രബോധകന്‍മാര്‍ ‘മതവിദ്വേഷം’ പ്രചരിപ്പിച്ചവരായി തുറങ്കിലടക്കപ്പെട്ടത്. പ്രബോധന സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശം എന്നത് ഭരണഘടനയിലെഴുതി ചേര്‍ക്കപ്പെട്ട ഒരു വാചകം എന്നതിനപ്പുറം അതിന് ആത്മാവുണ്ടാകരുതെന്ന ചിലരുടെ താല്‍പര്യങ്ങള്‍ തുടര്‍ച്ചയായി സംരക്ഷിക്കപ്പെടുന്നത് ആരോഗ്യകരമായ പ്രവണതയല്ല. പ്രബുദ്ധസമൂഹം അത് തിരിച്ചറിഞ്ഞ് ചികിത്സക്കു തയ്യാറായില്ലെങ്കില്‍ രോഗാണു ഇനിയും പ്രസരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. സമൂഹത്തിന്റെ മൊത്തം നാശത്തിലായിരിക്കും അത് പര്യവസാനിക്കുക. ഇസ്‌ലാമിക പ്രബോധകന്‍മാര്‍ക്കു നേരെ നീളുന്ന ഈ മൗലികാവകാശ ധ്വംസനം അവിടം കൊണ്ടവസാനിക്കുന്ന ഒരേര്‍പ്പാടായി തെറ്റിദ്ധരിച്ചുപോകരുത്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കളിയുടെ ആദ്യഭാഗം മാത്രമാണത്. ‘ഹാഫ് ടൈം’ വിസില്‍ മുഴങ്ങുമ്പോള്‍ മനസ്സിലാകും മുസ്‌ലിംകള്‍ മാത്രമല്ല ‘ഗോള്‍’ വാങ്ങിക്കൂട്ടിയതെന്ന്. ‘വല’കള്‍ പലതും ഓരോന്നായി കുലുക്കപ്പെടുക തന്നെചെയ്യുമെന്ന് ഫാഷിസത്തിന്റെ മനഃശാസ്ത്രം പഠിച്ചവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണത്.
മതസൗഹാര്‍ദ്ദം എന്നത് മതപ്രബോധന സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന ഒരേര്‍പ്പാടു കൂടിയാണെന്ന് സമൂഹം തിരിച്ചറിയണം. മതസ്വാതന്ത്ര്യമെന്നത് മതപ്രചരണ സ്വാതന്ത്ര്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്. ഒരു സത്വം പേറി ജീവിക്കുവാന്‍ മാത്രമല്ല സ്വാതന്ത്ര്യം ലഭിക്കേണ്ടത്. തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്താനുള്ള അവകാശവും ലഭിക്കണം. അപ്പോള്‍ മാത്രമാണ് ‘ആശയ സ്വാതന്ത്ര്യം’ എന്നതിനു ആത്മാവുണ്ടാവുക. ഔദാര്യമായല്ല അവകാശമായിത്തന്നെ പൗരനു ആ ബോധം സമ്മാനിക്കുവാന്‍ രാഷ്ട്ര സംവിധാനങ്ങള്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. മതപ്രബോധനാവകാശ ധ്വംസകന്‍മാരെ കണ്ടില്ലെന്നു നടിച്ച്, മതപ്രബോധനമാണ് പ്രശ്‌നമെന്നു പറയുന്നവര്‍ ഇരകളുടെയല്ല വേട്ടക്കാരന്റെ പക്ഷമാണ്. നിശബ്ദതക്കുപോലും അവിടെ പക്ഷപാതിത്വത്തിന്റെ സ്വരമുണ്ടെന്ന് സാംസ്‌കാരിക നായകന്‍മാരും, സാഹിത്യകാരന്‍മാരും, രാഷ്ട്രീയക്കാരും തിരിച്ചറിയുന്നത് നന്നായിരിക്കും.