ചോരയുടെ ഉന്മാദങ്ങള്‍

”നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത് മനസ്സിലാക്കുന്നില്ല”. (ക്വുര്‍ആന്‍:
2:11,12)

ഭൂമിയില്‍ കുഴപ്പങ്ങളും കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്ന വിഭാഗങ്ങള്‍ തങ്ങളുടെ അതിക്രമങ്ങള്‍ക്ക് പലപ്പോഴും ഒരു സൈദ്ധാന്തിക ന്യായീകരണം കണ്ടെത്താറുണ്ട്. അക്രമങ്ങള്‍ക്ക് ആദര്‍ശത്തിന്റെ മുഖംമൂടി അണിയിക്കുക എന്നതാണ് അവരതിലൂടെ ലക്ഷ്യം വെക്കുന്നത്. പൂര്‍വകാലം മുതല്‍ മനുഷ്യന്റെ ഒരു ശീലമായിരുന്നു അത്. ഭൂലോകത്ത് നടമാടിയ തുല്ല്യതയില്ലാത്ത പല അതിക്രമങ്ങള്‍ക്കും  സൈദ്ധാന്തികന്യായീകരണത്തിന്റെ കുടകള്‍ ചൂടിക്കൊടുക്കപ്പെട്ടിരുന്നു എന്നത് ഒരു ചരിത്രവസ്തുതയാണ്. കാലദേശ വ്യത്യാസങ്ങള്‍ക്കനുസൃതമായി ആ കുടകള്‍ക്ക് വിവിധ വര്‍ണങ്ങളും രൂപങ്ങളുമായിരുന്നു എന്നുമാത്രം. പ്രകൃതിശാസ്ത്രങ്ങള്‍ മുതല്‍ ദര്‍ശനങ്ങളും നരവംശപഠനങ്ങളും വരെ ആ കുടകമ്പികളില്‍ കോര്‍ക്കപ്പെട്ടിരുന്നു.   നരവംശ ചരിത്രത്തില്‍ പലപ്പോഴും നിവര്‍ത്തപ്പെട്ട ആ കുടുകള്‍ക്കു കീഴില്‍ നിന്നുകൊണ്ട് അങ്ങനെ മനുഷ്യര്‍ പരസ്പരം കൊന്നും മരിച്ചും കൊണ്ടിരുന്നു. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
വര്‍ത്തമാനകാല ഇന്‍ഡ്യയില്‍ അത്തരം കുടകള്‍ നിവര്‍ത്താനുള്ള വ്യാപകമായ പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുടകമ്പികളില്‍ ഫാഷിസം കാവിശീലകള്‍ കോര്‍ത്തുകഴിഞ്ഞു. പശുവിന്റെ പേരില്‍ തല്ലിക്കൊല്ലപ്പെട്ട മുസ്‌ലിംകളുടെയും ദളിതുകളുടെയും പ്രാണന്‍ പിടഞ്ഞുപിരിഞ്ഞ കണ്ണുകളില്‍ ആ കാവികുടകളുടെ മായാചിത്രങ്ങള്‍ കാണാം. ആ കുടക്കീഴില്‍ നിന്ന് ഫാഷിസം വെടിയുതിര്‍ത്തത് ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും മാറുകളിലേക്കായിരുന്നു. കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറും ഗൗരി ലങ്കേഷുമെല്ലാം ‘മൃത്യുഞ്ജയഹോമം്’ നടത്താതിരുന്നത് അവരുടെ ‘പിഴവ്’. അവശേഷിക്കുന്നവര്‍ക്ക് ആ ‘പിഴവ്’ നികത്താന്‍ സമയമധികമില്ല. ചുവപ്പുകണ്ട് വിറളിപിടിച്ച സ്പാനിഷ് കാളയെപ്പോലെ ഫാഷിസം ആ കാവികുടക്കു കീഴില്‍ നിന്നു മുക്രയിട്ടുകൊണ്ടിരിക്കുകയാണ്.
ഫാഷിസത്തിന്റെ ഭൂതവിജ്ഞാനീയത്തിലെ ഏക ദുര്‍ഭൂതം മുസ്‌ലിംകള്‍ മാത്രമല്ലെന്ന് ബംഗളുരു പറഞ്ഞുതന്നുകഴിഞ്ഞു. ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ദളിതുകളും തൊട്ട് മതനിരപേക്ഷതയുടെ എഴുത്തുകാരും ബുദ്ധിജീവികളും സാഹിത്യ-സാംസ്‌കാരിക നായകന്മാരും വരെ ആ ഭൂതവിജ്ഞാനീയത്തിലെ ദുര്‍ഭൂതങ്ങളാണ്. ഒറ്റപ്പെട്ടെന്ന ഭയം മുസ്‌ലിംകള്‍ക്കും, രക്ഷപെട്ടെന്ന ബോധം മുസ്‌ലിമിതരര്‍ക്കും വേണ്ടെന്ന് ഫാഷിസം പഠിപ്പിച്ചുകഴിഞ്ഞു. ഇനിവേണ്ടത് തിരിച്ചറിവാണ്. ഇന്‍ഡ്യയുടെ വിഹായുസ്സില്‍, മതനിരപേക്ഷതയുടെ വിരിമാറിനുമുകളില്‍ ‘കാവിക്കുട’ നിവര്‍ത്തിയവര്‍ക്കെതിരെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചെന്ന തിരിച്ചറിവ്. മതനിരപേക്ഷതയെയും ബഹുസ്വരതയെയും പശുവിന്റെ പേരുപറഞ്ഞ് തല്ലിക്കൊല്ലാന്‍ ഇനിയും നാം സമ്മതിക്കാതിരിക്കുക. അതാണ് ഇനി അവശേഷിക്കുന്ന പൗ
രധര്‍മം. യഹൂദഭീകരതകള്‍ക്കെതിരെ സംസാരിച്ചാല്‍ അതിനെ സെമിറ്റിക് വിരോധമാക്കി അവതരിപ്പിക്കുന്ന സയണിസ്റ്റ് തന്ത്രം കടമെടുത്ത്, ഫാഷിസത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ ഹൈന്ദവവിരോധമാക്കി തീര്‍ക്കാന്‍ ഷോവനിസ്റ്റുകള്‍ ശ്രമിക്കുന്നതിനെ ആദ്യം പ്രതിരോധിക്കേണ്ടത് ഹിന്ദുക്കള്‍ തന്നെയാണ്. ഹൈന്ദവതയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവുമാണ് ഈ ഫാഷിസ്റ്റ് തേര്‍വാഴ്ച്ച തകര്‍ത്തെറിയാനിരിക്കുന്നത്.
ആടിത്തിമിര്‍ത്ത് ഒരു ദിവസം ഫാഷിസം യാത്ര പറയും. അല്ല അതിനെ യാത്രക്ക് നിര്‍ബന്ധിക്കേണ്ടിവരും ഇന്‍ഡ്യന്‍ ജനതക്ക്. ഫാഷിസം വാണിടം മുഴുവന്‍ അതായിരുന്നു ചരിത്രം. ജര്‍മനിയിലും ഇറ്റലിയിലും നാം അതു കണ്ടതാണ്. രഥയോട്ടം തുടങ്ങിയപ്പോള്‍ അന്ന് ആരായിരുന്നു ഫാഷിസത്തിന്റെ പതനത്തെ പ്രതീക്ഷിച്ചത്. ജയിച്ചടക്കി അതു മുന്നേറിക്കൊണ്ടിരിക്കുമെന്നാണ് എല്ലാവരും നിനച്ചത്. പക്ഷേ, നാസിയെന്നോ ഫാഷിസ്റ്റെന്നോ കേട്ടാല്‍ അറച്ചുതുപ്പുംവിധം പരിവര്‍ത്തനവിധേയമായി ജര്‍മനിയും ഇറ്റലിയും. സ്വന്തം ചോരയും ജീവനും കൊടുത്ത് ആ ജനതകള്‍ ഫാഷിസത്തെ അവരുടെ മണ്ണില്‍നിന്നും യാത്രയയച്ചു. ഫാഷിസത്തിന്റെ പതനം സുനിശ്ചിതമാണ്. കാരണം അതിനു മനഃസാക്ഷിയില്ല. മനുഷ്യന്റെ നിലവിളികളോ ദീനരോധനങ്ങളോ കേള്‍ക്കാന്‍ അതിനു കാതുകളില്ല. ചോരയുടെയും വെന്തമനുഷ്യമാംസത്തിന്റെയും ഗന്ധം തിരിച്ചറിയാന്‍ അതിനു നാസികകളില്ല. പ്രാണനുവേണ്ടി, ജീവിത സ്വാതന്ത്ര്യത്തിനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരെ കാണാന്‍ അതിനു കണ്ണുകളില്ല. മാനവിക വിരുദ്ധതയുടെ ഒരുറച്ച പര്‍വതമായിരുന്നു അത്. അത് യാത്ര പറഞ്ഞേ പറ്റൂ. അതാണ് പ്രകൃതി നിയമം. പക്ഷേ പടിയിറങ്ങും മുമ്പ് അത് സര്‍വതും തകര്‍ത്തെറിഞ്ഞിട്ടുണ്ടാകും; പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത വിധം നമുക്ക്  പ്രിയപ്പെട്ട പലതും. നഷ്ടത്തിന്റെ നെടുനീളന്‍ കണക്കുകള്‍ നമ്മെയേല്‍പിച്ച് അത് യാത്ര പറഞ്ഞിട്ട് എന്തുകാര്യം?
വിവിധ നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ പൂന്തോട്ടത്തെ നാം തിരിച്ചുപി
ടിക്കുക. അധികനേരം ആ പൂന്തോട്ടത്തില്‍ മതിച്ചുവാഴാന്‍ ഫാഷിസത്തെ നാം അനുവദിക്കാതിരിക്കുക. ഒരൊറ്റ മനുഷ്യരെ പോലെ നാം കൈകോര്‍ത്തു പിടിക്കുക; പണ്ടു നാം പറങ്ങികള്‍ക്കും, ഡച്ചുകാര്‍ക്കും, ഫ്രഞ്ചുകാര്‍ക്കും, ബ്രിട്ടീഷുകാര്‍ക്കുമെതിരെ കൈകള്‍ കോര്‍ത്തപോലെ. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും സിക്കും ബുദ്ധനും ജൈനനും കമ്മ്യൂണിസ്റ്റും സെക്യുലറിസ്റ്റും എല്ലാം ചേര്‍ന്ന് പുതിയൊരു പ്രതിരോധം തീര്‍ക്കുക. ഇന്‍ഡ്യയെന്ന വിവിധ നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ പൂന്തോട്ടത്തെ തിരിച്ചുപിടിക്കാന്‍.