അസഹിഷ്ണുത കൊമ്പുകുലുക്കുമ്പോള്‍

സങ്കുചിതത്വം പ്രതിലോമപരമായ ഒരു വികാരമാണ്. നിര്‍മാണാത്മകമല്ല സംഹാരാത്മകമാണ് അതിന്റെ പ്രതിഫലനം. അതുകൊണ്ട് തന്നെ സത്യവിശ്വാസികള്‍ ഒരുതരത്തിലുമുള്ള സങ്കുചിതത്വങ്ങള്‍ക്ക് വശംവതരാവാന്‍ പാടില്ലെന്നത് വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും കര്‍ശനനിരോധനമാണ്. ജാതി മത വര്‍ണ വര്‍ഗ ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ മനുഷ്യരെയെല്ലാം ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളായും ഒരേ മാതാപി
താക്കളുടെ സന്താനങ്ങളായും കാണാനും ഉള്‍ക്കൊള്ളാനും പഠിപ്പിക്കുന്ന ഇസ്‌ലാം, മനുഷ്യര്‍ക്കിടയില്‍ ഉടലെടുക്കുന്ന എല്ലാത്തരം സങ്കുചിതത്വങ്ങളില്‍ നിന്നും മാറിനില്‍ക്കാനും
അതിനെതിരെ പ്രതിരോധമുയര്‍ത്താനും സത്യവിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ ജാതീയത ഒരു നാണംകെട്ട ഏര്‍പ്പാടായി തുടരുന്നത് പ്രസ്തുത മേഖലയിലുള്ള ഇസ്‌ലാമികാധ്യാപനങ്ങളുടെ കാര്‍ക്കശ്യം ഒന്നുകൊണ്ട് മാത്രമാണ്. ജാതീയതയുടെ ഏതെങ്കിലും തരത്തിലുള്ള ചിറകനക്കങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ കാണുന്നുണ്ടെങ്കില്‍ അത് ദര്‍ശനപോരായ്മയല്ല മറിച്ച് പൂര്‍വശീലങ്ങളുടെ പ്രതിധ്വനി മാത്രമാണ്. ജാതീയത ഒരു അലങ്കാരമായി കൊണ്ടുനടന്നിരുന്ന സമൂഹത്തിന്റെ പരിവര്‍ത്തനത്തിലുള്ള പോരായ്മയാണെന്നര്‍ത്ഥം. കാരണം ചെറുതും വലുതുമായ സകലവിധ സങ്കുചിതത്വങ്ങളെയും ശക്തമായി തള്ളിപ്പറഞ്ഞ ഇസ്‌ലാമിക ദര്‍ശനം, ജാതീയതപോ
ലെ ഭീകരമായ സങ്കുചിതത്വത്തിന് ഒരിടം നീക്കിവെച്ചിട്ടുണ്ടെന്ന് ഇസ്‌ലാമിനെപ്പറ്റി നിഷ്‌കളങ്ക ഹൃദയത്തോടെ പഠിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും പറയാനാവില്ല.
വര്‍ത്തമാന ഇന്‍ഡ്യയുടെ വിഹായസ്സ് ഇന്നു സകലവിധ സങ്കുചിതത്വങ്ങള്‍ക്കും വട്ടമിട്ടു പറക്കാനുള്ള ഇടമായി തീര്‍ന്നിരിക്കുന്നു. മതനിരപേക്ഷതയെയും ബഹുസ്വരതയെയും ഭാരതത്തിന്റെ പാരമ്പര്യമായി ഉള്‍ക്കൊള്ളാന്‍ പോലും അറക്കുന്നവരാണല്ലോ ഇന്ന് നാടുഭരിക്കുന്നത്. മനുഷ്യരെ പരസ്പരം തല്ലിച്ച് ചോര കുടിക്കുന്നവര്‍ പൗരന്‍മാരില്‍ സജീവമാക്കുന്ന വികാരം സഹിഷ്ണുതാപരമായിരിക്കില്ലെന്ന് ആര്‍ക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അതാണല്ലോ ‘താജ്മഹലി’ന്റെ വര്‍ത്തമാന ചര്‍ച്ചകള്‍ നമ്മെ പഠിപ്പിക്കുന്നത്. രാജാവായ ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രേമഭാജനമായ മുംതാസ് മഹലിന്റെ ഓര്‍മക്കായി ആഗ്രയില്‍ യമുനാ നദിയുടെ തീരത്ത് 22 വര്‍ഷം കൊണ്ട് (1632-1653) പടുത്തുയര്‍ത്തിയ, വാസ്തുശില്‍പചാതുരിയുടെ എക്കാലത്തെയും വിസ്മയമെന്ന് ചരിത്രകാരന്‍മാരും വാസ്തുശില്‍പികളും അംഗീകരിച്ച താജ്മഹല്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായത് ഫാഷിസ്റ്റുകള്‍ സ്വീകരിച്ച അങ്ങേയറ്റം അസഹിഷ്ണുതാപരമായ നിലപാടിന്റെ പേരിലാണ്. അറുപതുകളുടെ തുടക്കത്തില്‍ ചരിത്രകാരന്റെ മേല്‍മുണ്ടുടുത്ത് ഷോവനിസത്തെ സേവിക്കാനിറങ്ങിയ പുരുഷോത്തം നാഗേഷ് ഓക്ക് (പി.എന്‍ ഓക്ക്) എന്ന എഴുത്തുകാരന്‍ താജ്മഹല്‍ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് തട്ടിവിട്ടത് ഇപ്പോള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് ഫാഷിസ്റ്റുകള്‍. ചരിത്രത്തെയും ചരിത്രസ്മാരകങ്ങളെയും തങ്ങളുടെ സങ്കുചിത അജണ്ടകള്‍ക്കനുസൃതമായി പൊളിച്ചെഴുതി കശാപ്പ് ചെയ്യുന്ന അറപ്പുളവാക്കുന്ന കാഴ്ചകള്‍ ഫാഷിസം ഇന്‍ഡ്യക്ക് സമ്മാനിക്കുവാന്‍ തുടങ്ങിയിട്ട് കാലം ഏറെ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ മാസം ഉത്തര്‍പ്രദേശ് വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയ സംസ്ഥാനത്തെ 32 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് ലോകം മുഴുവന്‍ കാണാന്‍ കൊതിക്കുന്ന സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ പേര് വിട്ടുകളഞ്ഞതിന്റെ പിന്നിലെ രാഷ്ട്രീയ അജണ്ട ഓരോ ദിവസവും വ്യക്തമായികൊണ്ടിരിക്കുകയാണ്. സങ്കുചിതത്വം മനുഷ്യനെ എത്രമാത്രം നിന്ദ്യനാ
ക്കി തീര്‍ക്കുമെന്നറിയാന്‍ താജ്മഹലുമായി ബന്ധപ്പെട്ട വര്‍ത്തമാന ഫാഷിസ്റ്റ് ആക്രോശങ്ങള്‍ ഒരാവര്‍ത്തി കേട്ടാല്‍ മാത്രംമതി. വിശാലമായ ഒരു മതത്തിന്റെയും സംസ്‌കാരത്തിന്റെയും പുറത്തുകയറിയിരുന്ന് സങ്കുചിതത്വത്തിന്റെ മടുപ്പുളവാക്കുന്ന പ്രഘോഷം സൃഷ്ടിക്കുന്നവര്‍ മലിനമാക്കുന്നത് മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും അന്തരീക്ഷത്തെയാണ്.
വിശ്വാസികളെ സംബന്ധിച്ച് എല്ലാം അവര്‍ക്ക് ഓരോ പാഠങ്ങളാണ്. ജീവിതത്തില്‍ നിലനിര്‍ത്തേണ്ടതും കൈവെടിയേണ്ടതും എന്തൊക്കെയെന്ന് പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍. സങ്കുചിതത്വം എത്രമാത്രം പ്രതിലോമപരമായ വികാരമാണെന്ന് അവര്‍ക്ക് പഠിക്കുവാനുള്ള പാഠമാണ് താജ്മഹലിനുചുറ്റും അവര്‍ കേട്ടുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് പ്രഘോഷണങ്ങള്‍. മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളുടെ പ്രതീകങ്ങളാണ് ആരാധനാലയങ്ങളും മഠങ്ങളും സ്മാരകങ്ങളുമെല്ലാം. അവ സംരക്ഷിക്കപ്പെടുന്നതിലൂടെ ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ഔന്നിത്യമാണ് അടയാളപ്പെടുത്തുന്നതെന്നു പഠിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആനിന്റെ അനുയായികള്‍ ഒരിക്കലും സങ്കുചിതത്വത്തിന്റെ വക്താക്കളായി മാറരുത്. വിശാലമായ ഒരു മതത്തിന്റെയും സംസ്‌കാരത്തിന്റെയും പുറത്തുകയറിയിരുന്ന് അശ്ലീലത കാണിക്കുന്നവര്‍ ആ മതത്തിനും സംസ്‌കാരത്തിനും വരുത്തിവെക്കുന്ന പരിക്കുകള്‍ വിശ്വാസികള്‍ കാണാതെ പോ
കരുത്. കണിശമായ ഏകദൈവ വിശ്വാസം പഠിപ്പിക്കുമ്പോള്‍ തന്നെ, ബഹുദൈവാരാധകരുടെ ആരാധനാലയങ്ങളും മഠങ്ങളും സ്മാരകങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടതാണെന്നും അവയോട് സഹിഷ്ണുതാപരമായ സമീപനം സ്വീകരിക്കുവാനാണ് സര്‍വലോക രക്ഷിതാവായ അല്ലാഹു പഠിപ്പിക്കുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. പ്രതിലോമപരമായ വികാരങ്ങള്‍ക്കടിമപ്പെട്ട് സഹിഷ്ണുത കൈവെടിയുമ്പോള്‍ നാം പരിക്കേല്‍പ്പിക്കുന്നത് നമ്മുടെ മതത്തെയും സംസ്‌കാരത്തെയും തന്നെയാണെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. നമ്മുടെ ചെയ്തികളും നിലപാടുകളുമാണ് പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നമ്മുടെ മതത്തെയും സംസ്‌കാരത്തെയും വിലയിരുത്താനുള്ള അളവുകോല്‍. അതിനാല്‍ സകലവിധ സങ്കുചിതത്വങ്ങളില്‍ നിന്നും മാറിനിന്ന് നമ്മുടെ മതത്തെയും സംസ്‌കാരത്തെയും ശുഭ്രമാക്കി വെക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. സ്വസമൂഹത്തിലെ അസഹിഷ്ണുവിന്റെ കൈപി
ടിക്കുവാന്‍ ഓരോ മതാനുയായികളും വൈകുംതോറും അവരവരുടെ മതവും സംസ്‌കാരവുമാണ് വികൃതമാക്കപ്പെടുന്നതെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞാല്‍, ചോരയും കാത്ത് ചെന്നായ്ക്കള്‍ നമ്മുടെ ജീവിതപരിസരങ്ങളിലുണ്ടാവില്ലെന്നു തീര്‍ച്ചയാണ്.