അഭിമാനം പവിത്രമാണ്

”സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.” (ഖുര്‍ആന്‍ 49: 6)

വന്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ ഏറ്റവുമധികം വിലമതിക്കുന്ന ഒന്നാണ് അഭിമാനം. അതുകൊണ്ടുതന്നെ അഭിമാനക്ഷതമെന്നത് മനുഷ്യനെ സംബന്ധിച്ച് താങ്ങാനാവാത്ത കാര്യവുമാണ്. വ്യക്തിയുടെ അഭിമാനത്തെ ഒരു ഘട്ടത്തിലും പോറലേല്‍പ്പിക്കാത്ത സമീപനമായിരിക്കണം സത്യവിശ്വാസികള്‍ കൈക്കൊള്ളേണ്ടതെന്നത് ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‍പര്യമാണ്. വ്യക്തിജീവിതത്തിലും കുടുംബ-സാമൂഹ്യജീവിതത്തിലും ഒരുപോലെ കണിശമായ സൂക്ഷ്മത പ്രസ്തുത വിഷയത്തില്‍ പുലര്‍ത്തുവാന്‍ വിശ്വാസികള്‍ സദാ ശ്രദ്ധിക്കണമെന്ന് വിശുദ്ധ ക്വുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ ആവര്‍ത്തിച്ചുദ്‌ബോധിപ്പിക്കുന്നതു കാണാം. അന്യരുടെ അഭിമാനത്തിനുമേല്‍ സ്വീകരിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്ന ഈ ‘കണിശസൂക്ഷ്മത’ ഏതൊരു ഘട്ടത്തിലും, ഏതൊരു സമൂഹത്തിലും നിത്യപ്രസക്തമാണ്. അവിടെ മുസ്‌ലിം-അമുസ്‌ലിം എന്ന വേര്‍തിരിവ് പോലും ഇസ്‌ലാം കാണുന്നില്ല. മനുഷ്യന്‍ എന്ന ജീവിയുടെ അഭിമാനബോധത്തെ പൂര്‍ണമായും ആദരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. മതത്തെയോ ജാതിയെയോ തൊഴിലിനെയോ ദേശത്തെയോ ഭാഷയെയോ ഒന്നിനെയും അടിസ്ഥാനമാക്കി മനുഷ്യന്റെ അഭിമാനത്തെ അളക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. എല്ലാ മനുഷ്യരുടെയും അഭിമാനത്തെ ആദരിക്കുന്ന, വിലമതിക്കുന്ന ഒരു സമീപനത്തിലേക്ക് ഉയരുവാനാണ് ഇസ്‌ലാം മാനവികതയോട് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അന്യരുടെ അഭിമാനത്തിനുമേല്‍ കണിശമായി സ്വീകരിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്ന ഈ മര്യാദ പക്ഷേ വര്‍ത്തമാന ലോകത്തിന് ഏറെ കൈമോശം വന്നിരിക്കുന്നു. വ്യക്തിഹത്യകളും തേജോവധങ്ങളും ആനന്ദം പകരുന്ന, കുപ്രചരണങ്ങളും ആരോപണങ്ങളും വൈറലാകുന്ന, വ്യക്തികളുടെ അഭിമാനത്തിലേക്കും രഹസ്യങ്ങളിലേക്കും ഒളി ക്യാമറകള്‍ മിഴിതുറക്കുന്ന അങ്ങേയറ്റം മ്ലേച്ഛമായ അന്തരീക്ഷം കൊണ്ട് മലീമസമാണിന്ന് ലോകം. ഒരിടം പോലും അപവാദമില്ലാത്തവിധം ലോകം പ്രസ്തുത മ്ലേച്ഛ സംസ്‌കാരം കൊണ്ടു നിറഞ്ഞു നില്‍ക്കുന്നു. കിടപ്പറകളും കുളിപ്പുരകളും തൊട്ട് കോടതി മുറികളും നിയമനിര്‍മാണ സഭകളും വരെ പ്രസ്തുത മ്ലേച്ഛ സംസ്‌കാരത്തിന് അടിപ്പെട്ടിരിക്കുന്നു. ഏതിരുട്ടറകളിലൊളിച്ചിരുന്നാലും മര്‍ത്യന്റെ അഭിമാനം കൊത്തിവരിയപ്പെടുന്ന ഇരുണ്ട അന്തരീക്ഷം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.
മാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ വ്യക്തിഹത്യകളും തേജോവധങ്ങളും ‘തൊഴില്‍പരത’ നേടിയിരിക്കുന്നു. നവമാധ്യമങ്ങളുടെ പിറവിയോടെ കുപ്രചരണങ്ങളും അര്‍ത്ഥശൂന്യമായ ആരോപണങ്ങളും ജനകീയമായിരിക്കുന്നു. ആര്‍ക്കും രക്ഷയില്ലാത്ത അന്തരീക്ഷം. ആരോടും ആദരവ് പുലര്‍ത്താത്ത സമീപനങ്ങള്‍. സര്‍വരും വേട്ടയാടപ്പെടുന്നു. ഇരകള്‍ അനുദിനം പെരുകിവരുന്നു. ലോകം എത്രമാത്രം ദുഷിച്ച സാമൂഹികാന്തരീക്ഷത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കള്ളവാര്‍ത്തകള്‍ക്ക് യുക്തിഭദ്രമായ കോര്‍വയൊരുക്കുന്നതിലാണ് ദൃശ്യ-സ്രാവ്യ മാധ്യമങ്ങളുടെ ജനകീയത നിലകൊള്ളുന്നത്. അസത്യങ്ങളെയും അര്‍ദ്ധ സത്യങ്ങളെയും സുന്ദരമായി യാഥാര്‍ത്ഥ്യത്തിന്റെ മൂടുപടമണിയിക്കുന്നതിലെ വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് സോഷ്യല്‍ മീഡിയയിലെ ലൈക്കുകളും ഷെയറുകളും പെരുകുന്നത്. അവിടെ വ്യക്തി ഒരു പ്രശ്‌നമല്ല. സമൂഹത്തിലെ അവരുടെ സ്ഥാനമോ, സംഭാവനകളോ പരിഗണനീയമല്ല. ഏറ്റവും മാന്യന്‍മാരെ അപമാനിക്കുന്നതിനാണിന്ന് ഏറ്റവും സെന്‍സേഷന്‍. മഹത്തായ സംരംഭങ്ങളെ കരിവാരിത്തേക്കുന്നതിലെ മിടുക്കിനാണിന്ന് ഏറെ മാര്‍ക്കറ്റ്. അവിടെ മാന്യതക്കും, മര്യാദക്കും ‘ആക്രി’ വില പോലുമില്ല.
സെന്‍സേഷനും ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും വേണ്ടി വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ സൗകര്യപൂര്‍വം മറക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. തങ്ങള്‍ പടച്ചുവിട്ട ഓരോ വാര്‍ത്തകളും പിഴുതെറിഞ്ഞത് അപരന്റെ അഭിമാനത്തെയും, തകര്‍ത്തുകളഞ്ഞത് അവന്റെ കുടുംബ-സാമൂഹ്യ ജീവിതത്തെയുമായിരുന്നു. ഒരാളെ അഴിമതിക്കാരന്‍ മുതല്‍ ഭീകരവാദി വരെയാക്കിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ക്കിന്ന് എളുപ്പമാണ്. സത്യത്തിന്റെ ഒരു കണിക പോലുമില്ലാതെ ഭീകരവാദിപട്ടികയില്‍ പേരെഴുതി ചേര്‍ക്കപ്പെട്ട പതിനായിരങ്ങള്‍ നമ്മുടെ രാജ്യത്തിന്നുണ്ട്. ആ നിരപരാധികള്‍ക്ക് ചീത്തപ്പേരു ചാര്‍ത്തിയതും ജീവിതാനന്ദം നിഷേധിച്ചതും പലപ്പോഴും സെന്‍സേഷനുവേണ്ടി മീഡിയകള്‍ നടത്തിയ മത്സരങ്ങളായിരുന്നു. ജീവിതത്തിലിന്നുവരെ ഒരെലിയെപ്പോലും കൊന്നിട്ടില്ലാത്തവര്‍, രാജ്യത്തെ ഞെട്ടിച്ച നരനായാട്ടിന്റെ നായകപട്ടികയിലിടം പിടിച്ചതും ഇതേ സെന്‍സേഷന്‍ ത്വരയുടെ ഭാഗമായാണ്. ഏറ്റവും വലിയ അനീതി നീതിനിഷേധമാണെന്ന് പലരും സൗകര്യപൂര്‍വം വിസ്മരിക്കുമ്പോള്‍ ഇരകള്‍ പെരുകിക്കൊണ്ടേയിരിക്കും.
ഇസ്‌ലാമിക പ്രബോധകന്‍മാരെ ഭീകരവാദിയാക്കാനാണ് ഇന്നേറെയെളുപ്പം. ഭീകരവാദത്തിന്റെ മതമായി ഇസ്‌ലാമും, ആള്‍രൂപമായി മുഹമ്മദ് നബിയും, ചിഹ്‌നമായി താടിയും പ്രതിഷ്ഠ നേടിയിട്ട് കാലമേറെയായി. രാഷ്ട്രത്തിന്റെ പൈതൃകങ്ങളെയും നിയമങ്ങളെയും കണിശമായി മാനിച്ചുകൊണ്ട് ആദര്‍ശ പ്രബോധനം നടത്തിയവര്‍ പോലും, അവര്‍ പ്രതിനിധീകരിച്ചത് ഇസ്‌ലാമിനെയായിപ്പോയി എന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രം ഭീകരവിരുദ്ധ സ്‌ക്വാഡുകളാല്‍ വേട്ടയാടപ്പെടുന്ന കാലഘട്ടമാണിത്. പേരിനെങ്കിലും ഒരു പെറ്റി കേസുപോലും നിലവിലില്ലാത്തവര്‍ വരെ ഇന്ന് ഭീകരവാദ പട്ടികയില്‍ എഴുതി ചേര്‍ക്കപ്പെടുന്ന കാലം. ഇന്റര്‍ പോളിന്റെയും അന്താരാഷ്ട്ര പോലീസുകളുടെയും ഇന്നത്തെ കാര്യമായ ശ്രദ്ധ നിരപരാധികളെ യുക്തിഭദ്രമായി എങ്ങിനെ ഉന്നം വെക്കണം എന്നതിലാണ്. രാഷ്ട്രീയ ലാഭം ലാക്കാക്കി സാമുദായി കലാപങ്ങള്‍ക്ക് തിരികൊളുത്തി ആയിരക്കണക്കിനു മനുഷ്യരെ കൂട്ടകുരുതി നടത്തിയ, പതിനായിരക്കണക്കിനു മനുഷ്യരെ ജീവശവമാക്കിയ, ലക്ഷക്കണക്കിനു മനുഷ്യരെ വഴിയാധാരമാക്കിയവരെല്ലാം രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും വക്താക്കളായി അരങ്ങുവാഴുമ്പോള്‍, നിരപരാധികള്‍ക്കുമേല്‍ രാജ്യദ്രോഹത്തിന്റെയും ഭീകരവാദത്തിന്റെയും നുകം ചാര്‍ത്തപ്പെടുന്നു. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്നതിലെ ശാസ്ത്രീയതയാണ് മാധ്യമങ്ങള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആവര്‍ത്തനം കൊണ്ട് ഏതു കള്ളത്തെയും സത്യമാക്കി അവതരിപ്പിക്കാമെന്ന ഗീബല്‍സിയന്‍ ചിന്തകള്‍ക്ക് വെള്ളവും വളവും നല്‍കുന്ന പണിയിലാണ് രാജ്യത്തെ മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരനുമടക്കമുള്ള കൂട്ടുകെട്ടുകള്‍. ഇനിയും വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കും. വ്യക്തികള്‍ തേജോവധം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. കുടുംബ-സാമൂഹിക ജീവിതത്തിലെ സന്തോഷങ്ങള്‍ മനുഷ്യര്‍ക്കുമുന്നില്‍ പിഴുതെറിയപ്പെടും. അവിടെയെല്ലാം നാം തിരിച്ചറിവുള്ളവരായി മാറുക; അപരന്റെ അഭിമാനത്തെ പിച്ചിചീന്തുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതു മാത്രമല്ല, പ്രചരിപ്പിക്കുന്നതും നാളെ മരണാനന്തര ജീവിതത്തില്‍ ദൈവശാപത്തിനും ദൈവകോപത്തിനും പാത്രമാകുന്ന മഹാപാപമാണെന്ന്.