സിവില്‍ കോഡ് വിവാദവും കുടുംബസംവിധാനത്തിന്റെ നേര്‍ക്കലും

ഇസ്‌ലാമിനെ സംബന്ധിച്ച് ഇന്‍ഡ്യന്‍ പൊതുബോധത്തിനുള്ള തെറ്റിദ്ധാരണാപരമായ മുന്‍വിധികളാണ് ഏകസിവില്‍കോഡ് ചര്‍ച്ചകളുടെ ഗതി എക്കാലത്തും നിര്‍ണയിച്ചിട്ടുള്ളത്. ഇസ്‌ലാമോഫോബിയ ഒരു സാമൂഹിക മനോരോഗമായി പടരുകയും ഫാഷിസത്തിന്റെ പ്രൊപഗണ്ടാ മെഷീനുകള്‍ സജീവതയുടെ പാരമ്യം പ്രാപിക്കുകയും ചെയ്തിട്ടുള്ള പുതിയ സാഹചര്യത്തില്‍ ആ മുന്‍വിധികള്‍ കൂടുതല്‍ യുക്തിരഹിതവും ബീഭത്സവുമായി പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാം കുടുംബസംവിധാനത്തിനു കല്‍പിക്കുന്ന പവിത്രതയും പ്രാധാന്യവുമാണ് തത്‌സംബന്ധമായ അതിന്റെ നിയമങ്ങളുടെ മുഴുവനും അന്തസത്ത. കുടുംബത്തെ നിഷ്‌കാസനം ചെയ്‌തോ നേര്‍പിച്ചോ ആണ് ‘സ്വാതന്ത്ര്യം’ സാര്‍ത്ഥകമാക്കേണ്ടതെന്ന് കരുതുന്ന മുതലാളിത്തയുക്തിയുടെ അളവുകോലുകള്‍ക്ക് ഇസ്‌ലാമിന്റെ വിവാഹ, കുടുംബ, അനന്തരാവകാശ നിയമങ്ങള്‍ വഴങ്ങാത്തതും അതുകൊണ്ടു തന്നെയാണ്. കുടുംബനിഷേധപരമായ ഒരു സാമൂഹ്യക്രമത്തിന്റെ സാക്ഷാത്കാരത്തിനുേവണ്ടിയുള്ള സാമ്രാജ്യത്വവെമ്പലിലാണ് ഇസ്‌ലാമിക സിവില്‍ നിയമങ്ങളില്‍ മിക്കതിന്റെയും പിശാചുവല്‍ക്കരണത്തിന്റെ പ്രചോദനങ്ങള്‍ നിലകൊള്ളുന്നത്. അതുമറച്ചുവെച്ച് പ്രസ്തുത പ്രചരണ കുരിശുയുദ്ധത്തെ ആവേശപൂര്‍വം ആശ്ലേഷിക്കുകയും ഏറ്റെടുക്കുകയുമാണ് സംഘ്പരിവാറിന്റെ സ്ട്രാറ്റജി; ഇസ്‌ലാം വിദ്വേഷത്തിന്റെ സര്‍വവ്യാപ്തി ഉറപ്പുവരുത്തുകവഴിയാണല്ലോ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ നിലനില്‍പ് ഭദ്രമാകുന്നത്!
ലൈംഗികത നിയമാനുസൃത ഇണകള്‍ക്കിടയില്‍ പരിമിതമാകണമെന്ന ശാസനയാണ് ഇസ്‌ലാമിക കുടുംബപരികല്‍പനയുടെ കേന്ദ്രബിന്ദു. ഇവിടെ ഇസ്‌ലാം പ്രാഥമികമായി പെണ്ണിനെയാണ് പരിഗണിക്കുന്നതെന്ന് നിരീക്ഷിക്കാവുന്നതാണ്. പുരുഷന് ലൈംഗികമായ ആസ്വാദനത്തിന് ഒരു പെണ്ണിന്റെ ശരീരം മാത്രമേ അടിസ്ഥാനപരമായി ആവശ്യമുള്ളൂ. എന്നാല്‍ പെണ്ണിന് അങ്ങനെയല്ല. ലൈംഗിക സംതൃപ്തിക്ക് ഒരു പുരുഷശരീരം മാത്രം പോര അവള്‍ക്ക്, അയാളുടെ മനസ്സുകൂടി വേണം. തന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും തനിക്ക് വിശ്വസിക്കാമെന്നും അവള്‍ക്കുറപ്പുള്ള ഒരു പുരുഷന്റെ ശരീരം മാത്രമേ അവളുടെ ലൈംഗിക വികാരങ്ങളെ യഥാവിധി സ്‌നിഗ്ധമാക്കൂ. പെണ്ണിനാവശ്യമായ ഈ ലൈംഗികപരിസരമൊരുക്കി കൊടുക്കാന്‍ വിവാഹത്തിനു മാത്രമേ കഴിയൂ. വിവാഹേതരമായ എല്ലാ രതിവര്‍ത്തനങ്ങളും, അതിനാല്‍ തന്നെ, പുരുഷകേന്ദ്രീകൃതവും പെണ്‍വിരുദ്ധവുമാണ്. മനുഷ്യലൈംഗികതയുടെ സ്വാഭാവികമായ ജൈവചക്രം തന്നെ ഈ വസ്തുതയെ അരക്കിട്ടുറപ്പിക്കുന്നുണ്ട്.  ലൈംഗികബന്ധത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളെല്ലാം -ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും ശിശുപരിപാലനവുമെല്ലാം- പെണ്ണിനാണല്ലോ ഉണ്ടാകുന്നത്. ബന്ധത്തിന്റെ സമയത്തുമാത്രം കൂടെ ശയിക്കുന്ന ‘ശരീര’ആണിനെയല്ല, മറിച്ച് ഈ ജൈവികസഹനങ്ങളിലെല്ലാം മാനസികമായും ശാരീരികമായും സാമ്പത്തികമായും തന്റെ കൂടെ നടക്കുന്ന ഇണപ്പുരുഷനെയാണ് പെണ്ണിനാവശ്യം; അതുതന്നെയാണ് വിവാഹത്തിന്റെ ദര്‍ശനവും. ഉദാരലൈംഗികതയില്‍ പുരുഷവികാരങ്ങളുടെ ക്ഷിപ്രസാഫല്യത്തിനു മാത്രമാണ് സ്ഥായീഭാവമുള്ളത്. കുടുംബവ്യവസ്ഥയില്‍ പെണ്ണിനും കുഞ്ഞിനും മാതാപിതാക്കള്‍ക്കമുള്ള തണല്‍ ഉറപ്പുവരുത്തപ്പെടുന്നു. കുടുംബത്തിന്റെ നിലനില്‍പിനുവേണ്ടി വാദിക്കുന്ന ദര്‍ശനങ്ങളെ പടിഞ്ഞാറന്‍ ഭൗതികവാദത്തിന്റെ പക്ഷം ചേര്‍ന്ന് കല്ലെറിയുന്നവരുടെ കൂട്ടത്തിലേക്ക് ഇസ്‌ലാംവെറി കുടുംബവാദികളായ ഇന്‍ഡ്യക്കാരെക്കൂടി മാര്‍ഗം കൂട്ടുന്നതിന് ഏകസിവില്‍കോഡ് വിവാദങ്ങള്‍ നിലമാകുന്നത്. ഇസ്‌ലാമിക നിയമങ്ങളെ പരിഹസിച്ച് രസിക്കാനുള്ള തിരക്കില്‍ ഇന്‍ഡ്യയില്‍ കുടുംബസംവിധാനത്തിന് എന്താണിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിശോധിക്കുവാനുള്ള വിവേകം നാടിനെ സ്‌നേഹിക്കുന്നവര്‍ കാണിക്കുന്നത് നല്ലതായിരിക്കും. തുറന്ന രതിയുടെ സിദ്ധാന്തവല്‍ക്കരണവും പ്രയോഗവല്‍ക്കരണവും ആഗോളവല്‍ക്കരണത്തിന്റെ സ്വാഭാവികതയായി ഭാരതത്തില്‍ തകൃതിയാകുമ്പോള്‍ നമ്മുടെ വീടകങ്ങളുടെ ഭാവിയെന്താണ്? ഇസ്‌ലാമിക നിയമങ്ങളാണ് ‘കുടുംബപ്രശ്‌ന’ങ്ങള്‍ക്ക് കാരണമാകുന്നതെന്നാരോപിച്ച് കണ്ണുനീര്‍ വാര്‍ക്കുന്നവര്‍, ആ നിയമങ്ങളെ തകര്‍ക്കാനാഗ്രഹിക്കുന്നവര്‍ കുടുംബം എന്ന സ്ഥാപനത്തിനുതന്നെ മണ്ണിട്ടുമൂടുന്നത് തിരിച്ചറിയുന്നുണ്ടോ?
വിവാഹിതരായാലും ഇല്ലെങ്കിലും വിവാഹേതരമായ രതിയനുഭവങ്ങള്‍ നിരന്തരമായി ലഭിക്കുന്ന ഒരു പുരുഷ സമൂഹമാണ് ഇന്‍ഡ്യലിപ്പോള്‍ വളര്‍ന്നു വരുന്നത്, അതാകട്ടെ വ്യക്തിനിഷ്ഠമായി സംഭവിക്കുന്നതുമല്ല. ഏതുപെണ്ണിനെയും കേവലമൊരു മാംസതുണ്ടായി മനസ്സിലാക്കാന്‍ പരിശീലിപ്പിക്കപ്പെട്ട് അവളെ ‘ഉപഭോഗിക്കുവാനുള്ള’ അവസരങ്ങളില്‍ അഭിരമിക്കുന്ന ആണുങ്ങളെ നിര്‍മിക്കുന്ന സാമൂഹ്യവ്യവസ്ഥിതിയാണ് മുതലാളിത്തം സെക്‌സിനെ കച്ചവടം ചെയ്യുന്നതിനുവേണ്ടി ലോകത്തിന്റെ മിക്കഭാഗങ്ങളിലുമെന്നപോലെ ഇന്‍ഡ്യയിലും വളര്‍ത്തിക്കൊണ്ടു വരുന്നത്. പുരുഷ ലൈംഗികത വിവാഹത്തിന്റെ ചുമരുകള്‍ തകര്‍ത്ത് സര്‍വവ്യാപ്തിയാര്‍ജ്ജിക്കുന്ന ഒരു സാഹചര്യം കുടുംബസങ്കല്‍പത്തെ ഒരു പ്രഹസനമാക്കി മാറ്റുന്നുവെന്ന് കാണാന്‍ യാതൊരു പ്രയാസവുമില്ല. കെട്ടിയ പുരുഷനെ തൃപ്തിപ്പെടുത്തുന്ന ബാഹ്യാവസരങ്ങളുടെ പ്രളയം ഭാര്യയെന്ന ഉണ്‍മയെ എങ്ങനെയെല്ലാമാണ് പീഡിപ്പിക്കുന്നതെന്ന് പരിശോധിക്കാന്‍ ആളില്ലാതെ പോകുന്നതെന്തുകൊണ്ടാണ്? പലപ്പോഴും, വ്യഭിചാരത്തിന്റെയും ബലാത്സംഗത്തിന്റെയുമെല്ലാം പെരുപ്പം മാത്രമാണ് പുരുഷലൈംഗികത അനിയന്ത്രിതമാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിറയാറുള്ളത്. വാസ്തവത്തില്‍ അവക്കടക്കം പരിസരമൊരുക്കുംവിധം അത്തരം മാക്രോ ക്രൈമുകളില്‍ പരസ്യമായി ചെന്നുചാടാത്ത പുരുഷന്‍മാര്‍ക്കുവരെ വിവാഹത്തിനപ്പുറത്ത് രതി വില്‍ക്കുന്ന സംവിധാനങ്ങളാണ് അവയേക്കാളധികം ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഡിജിറ്റല്‍ വിപ്ലവം നമ്മുടെയെല്ലാം കയ്യിലെത്തിച്ചിട്ടുള്ള സ്മാര്‍ട്ട് സ്‌ക്രീനുകള്‍ പെണ്‍ശരീര പ്രദര്‍ശനം വഴി പുരുഷനേത്രങ്ങള്‍ക്ക് വിരുന്നൊരുക്കുന്ന ദൃശ്യമാംസചന്തയിലേക്കുള്ള ലോഗിന്‍ സാധ്യത കൂടിയാണെന്നും കൗമാരാരംഭം മുതല്‍ ഇന്‍ഡ്യന്‍ പൗരുഷത്തിന്റെ ലൈംഗിക ജീവിതത്തെ അത് വ്യാപകമായി സ്പര്‍ശിക്കുന്നുവെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങളെ മുഖവിലക്കെടുക്കാന്‍ സാമൂഹികശാസ്ത്രജ്ഞര്‍ക്ക് സാധിക്കേണ്ടതുണ്ട്.