ശാസ്ത്രം, യുക്തി, ദൈവം

അരിസ്റ്റോട്ടില്‍ മെറ്റാഫിസിക്‌സ് (metaphysics) എന്ന ഗ്രന്ഥത്തിലൂടെ ആദികാരണമായ ദൈവത്തിലുള്ള തന്റെ വീക്ഷണം പങ്കുവെക്കുന്നുണ്ട്. തോമസ് അക്വിനാസ് തന്റെ പ്രസിദ്ധമായ ദൈവാസ്തിത്വത്തിനുള്ള അഞ്ച് തെളിവുകളില്‍ പ്രപഞ്ചത്തിലാകമാനം ചലനത്തിന് നിദാനമായ ആദിഹേതുവായി (prime mover) ദൈവത്തെ കാണുന്നു. കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ് (cosmological argument) എന്നറിയപ്പെടുന്ന ഈ വാദത്തിലൂടെ സൃഷ്ടികര്‍മിയായി ദൈവത്തെ സിദ്ധാന്തവല്‍കരിക്കുകയാണ്  ചെയ്യുന്നത്. അതുകൊണ്ട് തന്നെ നാസ്തിക-ആസ്തിക ചിന്താഗതിക്കാര്‍ക്കിടയിലെ പ്രധാന തര്‍ക്കവിഷയം കൂടിയാണിത്. ഇസ്‌ലാമിക ലോകത്ത് തത്വശാസ്ത്രപരമായി കോസ്‌മോളജിക്കല്‍ വാദത്തിനൊരു തുടക്കമുണ്ടാകുന്നത് ഇമാം ഗസാലിയുടെ കടന്നു വരവോടെയാണ്. പ്രപഞ്ചം അനാദിയായി നിലനില്‍ക്കുന്നതാണെന്നും അത്‌കൊണ്ട് സൃഷ്ടിയില്‍ ദൈവത്തിന് പങ്കൊന്നുമില്ലെന്നും സിദ്ധാന്തിക്കുന്ന പൗരാണിക ഗ്രീക്ക് തത്വചിന്തയുടെ സ്വാധീനം ഇസ്‌ലാമിക ലോകത്തും പ്രതിഫലിച്ചു തുടങ്ങി. മധ്യകാല ഇസ്‌ലാമിക യുഗത്തിലെ അതികായന്മാരായി നാം അറിയുന്ന ഇബ്‌നുസീനയും (avicenna) അല്‍ഫാറാബി(alpharabius)യുമെല്ലാം അതില്‍ ആകൃഷ്ടരായിരുന്നു. ഈ നിലപാടിനെ തത്വശാസ്ത്രപരമായ അപഗ്രഥനത്തിലൂടെ നിരൂപണം ചെയ്തു മറുപടി കൊടുക്കുകയാണ് ഇമാം ഗസാലി അദ്ദേഹത്തിന്റെ തഹഫുത് അല്‍ലസിഫ (the incoherence of the philosophers) എന്ന കൃതിയിലൂടെ ചെയുന്നത്.
വസ്തുപ്രപഞ്ചത്തിനൊരു ഉത്ഭവമുണ്ടെന്നും കാര്യകാരണരഹിതമായ യാതൊന്നും പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നില്ലെന്നുമുള്ള ശുദ്ധയുക്തിയിലൂടെ ആദികാരണമായ ദൈവത്തെ അദ്ദേഹം താത്വികമായി സ്ഥാപിക്കുകയാണ് ഈ കൃതിയില്‍.
ആധുനികശാസ്ത്രത്തിന്റെ നിഴലില്‍ ഇന്ന് നമുക്കറിയാം പ്രപഞ്ചത്തിനൊരു ഉത്പത്തിയുണ്ട്. ബിഗ് ബാംഗ് എന്ന ആദിസ്‌ഫോടനത്തോടെ 13.7 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതിനും മുമ്പ് സ്ഥലകാല മാനങ്ങളെ തൊട്ടറിയാത്ത ഒരു ഭൂതകാലവുമുണ്ടതിന്.
അവിടെ നിന്ന് ഒരു പൊട്ടിത്തെറിയോടെ സ്ഥലവും (space) കാലവും (time) പിന്നെ നമുക്കറിയാത്ത പല മാനങ്ങളും (dimensions) പിറക്കുകയായി. അന്നുണ്ടായ അടിസ്ഥാന ബലങ്ങളും (forces) മൗലിക കണങ്ങളും ഇന്ന് നാമുണ്ടാവണമെന്നതിന് ഒരു വിധിയെന്ന പോലെ നിമിത്തമായി. പിന്നീടുള്ള ഈ കണ്ടെത്തലുകള്‍ ഇമാം ഗസാലിയുടെ വാദങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ന്യായീകരിക്കുകയായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും യാദൃച്ഛികമായി ഒന്നും തന്നെത്താനുണ്ടാവുന്നതായി ആരും അംഗീകരിക്കുന്നില്ല. ബാഹ്യബലം കൂടാതെ നിശ്ചലാവസ്ഥയിലുള്ള യാതൊന്നും ചലിക്കുക പോലും സാധ്യമല്ലെന്ന് ന്യുട്ടന്റെ ഒന്നാം ചലനനിയമവും സിദ്ധാന്തിക്കുന്നു.
എവിടെയും കാര്യകാരണങ്ങളുടെ മാര്‍ഗ ലക്ഷ്യങ്ങളുടെ, ജനി-മൃതികളുടെ ശൃംഖലകള്‍ മാത്രമേ കാണാനുള്ളൂ. അപ്പോഴെല്ലാം വസ്തുക്കളുടെ അസ്തിത്വത്തില്‍ അവയ്ക്ക് സ്വന്തമായ കാര്യകാരണങ്ങള്‍ ഉള്‍ക്കൊണ്ടതായി കാണാന്‍ കഴിയാതെ വരുന്നതുമൂലം അവയുടെ ഹേതുവിനെ ചൂണ്ടി അവ നമ്മെ മറ്റെന്തോ ഒന്നിലേക്ക് നയിക്കുന്നു. ക്ഷണഭംഗുരങ്ങളായ ഭൗതിക വസ്തുതകളുടെ ഈ അനന്ത ശൃംഖലക്കുമപ്പുറം അനാദിയും അസ്ഥിതിയത്തില്‍ സ്വയം പര്യാപ്തവും ചരാചര ലോകത്തിന്റെ സൃഷ്ടിക്കും തുടര്‍ച്ചക്കും നിലനില്‍പ്പിനും കാരണഭൂതവുമായ പടച്ചവനെ അംഗീകരിക്കുകയല്ലാതെ ഇവിടെ നിവൃത്തിയില്ല.
ചുരുക്കത്തില്‍ ഈ വാദങ്ങളെ ഇങ്ങനെസംഗ്രഹിക്കാം
1. പദാര്‍ത്ഥം ജഡമാണ്. എന്നാല്‍ നാം കാണുന്ന ഭൗതികലോകത്തില്‍ തികച്ചും ഉദ്ദേശ്യാധിഷ്ഠിതവും അത്യുന്നതമായ ബുദ്ധി വൈഭവത്തോടെ ചെയ്തു തീര്‍ത്തതും വിശദീകരിക്കാനാവാത്തവിധം എണ്ണമറ്റ വൈവിധ്യത്തോടെയുമുള്ള ഒരുക്കങ്ങളുടെ പ്രകടമായ ദൃഷ്ടാന്തം കാണുന്നു.
2. മാര്‍ഗ ലക്ഷ്യങ്ങളാല്‍ ബന്ധിതമായ ഈ ഒരുക്കങ്ങള്‍ ചരാചരങ്ങള്‍ക്ക് തികച്ചും അന്യമാണ്. അവയെ സംബന്ധിച്ചിടത്തോളം വെറും താല്‍കാലികമായ ഒരു സംവിധാനം മാത്രമാണവ. മറ്റു വാക്കില്‍ പറഞ്ഞാല്‍ എന്തൊക്കെ കാര്യങ്ങള്‍ ഒത്തുചേര്‍ന്നാലും ചില അടിസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് ബുദ്ധിയും വിവേചനാധികാരവുമുള്ള ഒരസ്തിത്വം ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുകയും സംവിധാനിക്കുകയും ചെയ്യാത്തിടത്തോളം വ്യത്യസ്ത വസ്തുക്കളുടെ പ്രകൃതങ്ങള്‍ക്ക് സ്വയം തന്നെ ഉള്‍ച്ചേര്‍ച്ചയോടെ അത്തരം പ്രത്യേക ലക്ഷ്യങ്ങളില്‍ എത്തിച്ചേരുക അസാധ്യമാണ്.
•3 അതിനാല്‍ ഉന്നതവും ബുദ്ധിപൂര്‍ണവുമായ ഒരു പടച്ചവന്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അത് ബോധരഹിതമായ ഉര്‍വരതയില്‍ ലോകം മുഴുവന്‍ ചരാചരങ്ങളെ സൃഷ്ടിക്കുന്ന അന്ധമായ യാദൃച്ഛികതയാണെന്ന് നിര്‍വചിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഏകനും സര്‍വശക്തനുമായ ദൈവത്തിന്റെ സൃഷ്ടിയാണ് വിശ്വം എന്ന് അംഗീകരിക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷേ ഈ ഭൗതിക യാഥാര്‍ഥ്യത്തിന് മുന്നിലും നിരീശ്വരവാദികള്‍ മുന്നോട്ടുവെക്കുന്ന ഒരു മറുചോദ്യമുണ്ട്. ‘എല്ലാ വസ്തുക്കള്‍ക്കും ഒരു സ്രഷ്ടാവാവശ്യമെങ്കില്‍ ദൈവത്തിനും സ്രഷ്ടാവാവശ്യമല്ലേ?’
ബര്‍ട്രാന്റ് റസ്സല്‍ എഴുതി: ‘യുവാവായിരുന്നപ്പോള്‍ കുറേക്കാലം ആദികാരണവാദം ഞാനും അംഗീകരിച്ചിരുന്നു.എന്റെ പതിനെട്ടാം വയസ്സില്‍ ജോണ്‍ സ്റ്റുവാര്‍ട്ട് മില്‍സന്റെ ആത്മകഥയില്‍ ഇങ്ങനെയൊരു വാചകം വായിക്കുന്നതു വരെ; ‘എന്നെ ആരു സൃഷ്ടിച്ചു’ എന്നതിന് ശരിയായ ഉത്തരമില്ല. കാരണം അതുടനെ മറ്റൊരു ചോദ്യത്തിനെ സൃഷ്ടിക്കുന്നു. ‘ദൈവത്തെ ആര് സൃഷ്ടിച്ചു?’ ലളിതമായ ഈ വാചകം ആദികാരണത്തിന്റെ മിഥ്യയെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്തി. എന്നാല്‍ ലളിതമായ മറു ചോദ്യത്തിലൂടെ ഉത്തരം മുട്ടിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല ആദികാരണത്തിന്റേത്. ആദികാരണത്തിന്റെ ഉത്ഭവം ദൈവ വിശ്വാസികളെ മാത്രം അലട്ടുന്ന പ്രശ്‌നവുമല്ല. വാസ്തവത്തില്‍ കോസ്‌മോളജിക്കല്‍ വാദത്തിന്റെ നിര്‍വചനം ഈ ചോദ്യത്തെ ആദ്യമേ തന്നെ തിരസ്‌കരിക്കുന്നു. ഏതൊരു സൃഷ്ടിക്കും ഒരു സ്രഷ്ടാവിനെ ആവശ്യമാണെന്നാണതിന്റെ വാദം. ചരാചരങ്ങളെല്ലാം ക്ഷണികവും സ്വന്തം അറിവും ജ്ഞാനവും കൂടാതെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവയുമാണ്. അതേ സമയം അവ സൃഷ്ടികളാണെന്ന് സ്വയം തെളിയിക്കുകയും ചെയ്യുന്നു. അതിനാല്‍ അവയുടെയെല്ലാം സ്രഷ്ടാവും സൃഷ്ടിനിയമങ്ങളെ തന്നെ സൃഷ്ടിച്ചവനുമായ ആരാലും സൃഷ്ടിക്കപ്പെടാത്ത അനാദിയായൊരസ്തിത്വം നിലനില്‍ക്കേണ്ടത് ഏത് നിയമത്തിന്റെ കോണില്‍ നോക്കിയാലും ഒരനിവാര്യതയാണ്. ഇവിടെ ആ അസ്തിത്വത്തെ ആര് സൃഷ്ടിച്ചു  എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ സംബന്ധിച്ചാണ് അത് സംസാരിക്കുന്നത്. എന്നാല്‍ നമ്മുടെ സകല ഭൗതിക നിയമങ്ങളില്‍ നിന്നും വിഭിന്നമായ പ്രാപഞ്ചിക നിയമങ്ങളുടെ തന്നെ സ്രഷ്ടാവായ സ്ഥലകാലമാനങ്ങളെ സൃഷ്ടിച്ച ദൈവത്തെ ആ ഭൗതിക നിയമങ്ങള്‍ വെച്ച് വിശകലനം ചെയ്യുന്നതാണ് ഒരു നിരീശ്വരവാദിക്ക് പറ്റുന്ന പിഴവ്. അഥവാ സ്ഥലകാല നൈരന്തര്യത്തിനുള്ളില്‍ ജനിച്ച് ജീവിക്കുന്ന മനുഷ്യ മസ്തിഷ്‌കം നേരിടുന്ന പോരായ്മയാണത്.
നിരീശ്വരവാദികള്‍ സ്ഥിരമുന്നയിക്കുന്ന ഈ മറുവാദത്തിനും വളരെ ലളിതമായി ദൈവത്തെ പരിചയപ്പെടുത്തിക്കൊണ്ട് ക്വുര്‍ആന്‍ മറുപടി നല്‍കി.
”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും.”(112: 1-4)
ഇനി ദൈവത്തിനും സ്രഷ്ടാവാവശ്യമല്ലേ? എന്ന ചോദ്യത്തിന്റെ യുക്തിപരമായ സാധ്യത (Logically possibility) കൂടെ ഒന്നു പരിശോധിക്കാം. പ്രപഞ്ചത്തിന്റെ ഉല്‍പത്തിക്ക് കാരണമായത് മറ്റൊരു ഭൗതികമായ അവസ്ഥയാണ് എന്ന് വെച്ചാല്‍ അതിനു കാരണമായതെന്ത്? ഇങ്ങനെ കാരണങ്ങളുടെ ഒരനന്ത ശ്രേണി തന്നെ നമുക്ക് രൂപീകരിക്കാന്‍ കഴിയും! പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമാണോ? അനന്തത (infintiy) എന്നത് യാഥാര്‍ത്ഥ്യം അല്ല. നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ പോകുന്നു, അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ഒരാളുടെ സമ്മതം വേണം, അയാള്‍ നിങ്ങള്‍ക്ക് സമ്മതം തരണമെങ്കില്‍ മറ്റൊരാള്‍ അയാള്‍ക്ക് സമ്മതം നല്‍കണം. ഈ ശൃംഖല ഇങ്ങനെ അനന്തത വരെ നീളുന്നു എന്ന് സങ്കല്‍പിക്കുക. നിങ്ങളെന്നെങ്കിലും അക്കാര്യം ചെയ്യുമോ? അത് പോലെയാണ് ഈ പ്രപഞ്ചമെങ്കില്‍ നിങ്ങള്‍ ആ കാര്യം ചെയ്യാത്തത് പോലെ ഈ പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നില്ല എന്ന് വിശ്വസിക്കേണ്ടി വരും! ഇല്ല, ഈ പ്രപഞ്ചവും നിങ്ങളും ഞാനും നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ടുതന്നെ ഈ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ട്. അതു തന്നെയാണ് ഏറ്റവും നല്ല വിശദീകരണവും.