ശരീഅത്തും വിവാദങ്ങളും

ഇസ്‌ലാമിക ശരീഅത്ത് എക്കാലഘട്ടത്തിലും മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വലിയ താല്‍പര്യമാണ്. ശരീഅത്ത് എന്ന പദത്തിന് അറബിയില്‍ മാര്‍ഗം, വഴി എന്നെല്ലാമാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യന്‍ എങ്ങനെ ജീവിക്കണം എന്നതിന് സ്രഷ്ടാവ് വരച്ചുകാണിച്ച മാര്‍ഗരേഖയാണ് ശരീഅത്ത് എന്ന് പറയുന്നത്. ആ നിയമങ്ങള്‍ അനുസരിക്കുക എന്നത് ഒരു മുസല്‍മാന് അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസം എങ്ങനെയായിരിക്കണം, കര്‍മങ്ങള്‍ എന്തൊക്കെയാകണം എന്നതിന് വ്യക്തമായ മാര്‍ഗരേഖ വിശുദ്ധ ക്വുര്‍ആനും പ്രവാചകന്റെ ചര്യയും മനുഷ്യര്‍ക്ക് മുമ്പില്‍വരച്ചു കാട്ടിയിട്ടുണ്ട്. ആ രീതിയില്‍ ജീവിതം ക്രമപ്പെടുത്തുമ്പോള്‍ മാത്രമേ ഒരാള്‍ പൂര്‍ണ മുസ്‌ലിം ആവുകയുള്ളൂ. കര്‍മങ്ങളില്ലാത്ത വിശ്വാസം കൊണ്ടും വിശ്വാസമില്ലാത്ത കര്‍മങ്ങള്‍ കൊണ്ടും ഒരാള്‍ പൂര്‍ണ മുസ്‌ലിം ആകുന്നില്ല. ജനനം മുതല്‍ മരണം വരെ അഭിമുഖീകരിക്കേണ്ട സകലരംഗത്തും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
ഒരു കുഞ്ഞു പിറന്നാല്‍ ആദ്യം എന്തു ചെയ്യണം എന്നു തുടങ്ങി അവന്റെ ജീവിതത്തിലെ ദൈനംദിന കാര്യങ്ങള്‍, എന്ത് ഭക്ഷിക്കണം, എങ്ങനെ ധരിക്കണം എന്നുതുടങ്ങി സാമൂഹ്യ രംഗത്തും സാമ്പത്തിക മേഖലയിലും ഏതെല്ലാം നിലപാട് സ്വീകരിക്കണം, മക്കളോടും മാതാപിതാക്കളോടും ഭാര്യയോടും ഭര്‍ത്താവിനോടും മുതിര്‍ന്നവരോടും ചെറിയവരോടും എങ്ങനെ പെരുമാറണം, വൈവാഹികരംഗം എങ്ങനെയായിരിക്കണം, ഇണയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ, മരണപ്പെട്ടാല്‍ എന്തു ചെയ്യണം എന്നുവരെ കൃത്യവും വ്യക്തവുമായ ഒരു സംഹിതയാണ് ഇസ്‌ലാമിക ശരീഅത്ത്.
എന്നാല്‍ ഈ നിയമങ്ങള്‍ കാലഹരണപ്പെട്ടവയാണ് എന്നും പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നിയമങ്ങള്‍ കൊണ്ട് ഇന്നും ജീവിതത്തെ ക്രമീകരിക്കണം എന്നു പറയുന്നത് സമൂഹത്തെ പിറകോട്ട് വലിക്കാനുള്ള ശ്രമമാണ് എന്നുമെല്ലാം പല സന്ദര്‍ഭങ്ങളിലായി നാം കേട്ടിട്ടുണ്ട്. പല ഉദാഹരണങ്ങളും അതിനുവേണ്ടി പലരും ഉപയോഗിക്കുകയും ചെയ്യാറുണ്ട്.
ഇസ്‌ലാമിന്റെ അനന്തരാവകാശനിയമങ്ങള്‍ കാലഹരണപ്പെട്ടതും സ്ത്രീ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതുമാണ് എന്നത് ഇതിലെ ഒരു പ്രധാനവാദമാണ്. എന്താണ് വസ്തുത എന്ന് സത്യസന്ധമായി ഈ മേഖലയോടു സമീപിക്കുന്ന ആര്‍ക്കും വ്യക്തമാകുന്ന രീതിയിലാണ് ഇസ്‌ലാം ഇതിനെ പഠിപ്പിച്ചിട്ടുള്ളത്.
സ്ത്രീകള്‍ക്ക് യാതൊരുവിധത്തിലുമുള്ള അവകാശ സ്വാതന്ത്ര്യങ്ങളും ഇല്ലാത്ത കാലത്താണ് ക്വുര്‍ആന്‍ സ്ത്രീയ്ക്ക് അനന്തരാവകാശ സ്വത്തില്‍ അര്‍ഹതയുണ്ട് എന്ന് ലോകത്തോടു പറയുന്നത്. ക്വുര്‍ആന്‍ അനന്തരാവകാശ സ്വത്തിന്റെ വിഹിതംവെപ്പില്‍ പുരുഷന് പോലും സ്ത്രീയുടെ സ്വത്താണ് മാനദണ്ഡമാക്കിയത് (4:1). ‘ഒരു പെണ്ണിനു ലഭിക്കുന്നതിന്റെ ഇരട്ടിയാണ് പുരുഷന് ലഭിക്കുക’.സ്ത്രീ എന്നാല്‍ ജീവിതത്തില്‍ പലരാലും സംരക്ഷിക്കപ്പെടേണ്ടവളാണ്. ഒരിക്കലും ആരെയും സാമ്പത്തികമായി സംരക്ഷിക്കാന്‍ ബാധ്യതയില്ലാത്തവള്‍. എന്നാല്‍ പുരുഷന്‍ നേരെ തിരിച്ചും. അവന്റെ ജീവിത്തില്‍ പലരെയും സംരക്ഷിക്കേണ്ടി വരുന്നുണ്ട്. എന്നിട്ടും സ്ത്രീയ്ക്ക് അനന്തരാവകാശ സ്വത്തില്‍ പുരുഷന്റെ പകുതി ലഭിക്കുക എന്ന നിയമം എക്കാലഘട്ടത്തിലും പ്രസക്തവും കാലികവുമായി നിലനി
ല്‍ക്കും. ശരീഅത്ത് പൊളിച്ചെഴുതണം എന്നും എന്നും ആ രംഗത്ത് ഗവേഷണങ്ങളും മാറ്റിത്തിരുത്തലുകളും വരുത്തണം എന്നും വാദിക്കുന്നവര്‍ പറയുന്ന എല്ലാ ഉദാഹരണങ്ങളും സത്യസന്ധമായി പഠിച്ചാല്‍ ഇതേ അവസ്ഥയാണ് ഉള്ളത് എന്നു നമുക്ക് വ്യക്തമാകും.
അപ്പോഴാണ് വേറെ ചില ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. പ്രവാചകന്റെ കാലത്തും അതിനു മുമ്പും ഉണ്ടായിട്ടില്ലാത്ത പല വിഷയങ്ങളും പ്രശ്‌നങ്ങളും ഇന്ന് ലോകത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ഉണ്ടായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയോടുള്ള മുസ്‌ലിമിന്റെ സമീപനം എന്തായിരിക്കണം?
അവിടെയാണ് ഇസ്‌ലാം ഇജ്തിഹാദിനെ പഠിപ്പിച്ചു തരുന്നത്. ക്വുര്‍ആനിലും ഹദീഥിലും കാണാത്ത പ്രശ്‌നങ്ങളില്‍ പണ്ഡിതന്‍മാര്‍ നടത്തുന്ന ഗവേഷണം. പ്രവാചകന്റെ കാലത്ത് ഉണ്ടായ ഒരു സന്ദര്‍ഭം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഏതു കാലഘട്ടത്തിലും പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും എന്നതുകൊണ്ടാണ് പ്രവാചകന്‍ ഇത്തരം ഒരു അനുവാദം നല്‍കുന്നത്. തോന്നുന്നവര്‍ക്ക് തോന്നിയപോലെ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല ഇജ്തിഹാദ്. ഇസ്‌ലാമിനെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണയുള്ളവര്‍ക്കേ ഇത് സാധിക്കുകയുള്ളൂ. എന്നാല്‍ ഇജ്തിഹാദിന്റെ കവാടങ്ങള്‍ അടക്കപ്പെട്ടു എന്നു പലരും പറയാറുണ്ട്. അതും ശരിയല്ല. കാരണം ലോകം അവസാനിക്കുന്നത് വരെ പുതിയ സാഹചര്യങ്ങള്‍ ഉണ്ടായിക്കൊണ്ടേരിക്കും. എന്നാല്‍ ഇവിടെ ക്വുര്‍ആനും പ്രവാചകനും വ്യക്തമായി
നിയമം വരച്ചുകാണിച്ച മേഖലയില്‍ ഒരിക്കലും ഒരാള്‍ക്കും അതിനെ മറി കടന്നുകൊണ്ടുള്ള ഇജ്തിഹാദ് അനുവദനീയവുമല്ല. അത് സത്യനിഷേത്തിലേക്കുള്ള വഴിതുറക്കലായിരിക്കും.
നാം ജീവിക്കുന്ന ഇന്‍ഡ്യാ മഹാരാജ്യത്ത് ഇത്തരം വിളംബരങ്ങള്‍ നാം കേള്‍ക്കാറുണ്ടെങ്കിലും നമുക്ക് ഇവിടെ ഇസ്‌ലാമിക നിയമങ്ങള്‍ അനുസരിച്ചു ജീവിക്കാനുള്ള അവകാശം ഇന്‍ഡ്യയിലെ മുസ്‌ലിംകളുടെ ചരിത്രത്തിന്റെ അത്രയും പഴക്കമുള്ളതാണ്. മാറിമാറി വന്ന ഭരണാധികാരികളും ഭരണകൂടങ്ങളും മുസ്‌ലിംകള്‍ക്ക് എന്നും അവരുടെ അവകാശം വകവെച്ചു നല്‍കിയിട്ടുണ്ട്. ഇന്‍ഡ്യ ബ്രിട്ടീഷുകാരന്റെ കരാളഹസ്തങ്ങളില്‍ കിടന്നു ഞെരിയുമ്പോഴും അതിനുള്ള അനുവാദം മുസ്‌ലിംകള്‍ക്ക് ലഭിച്ചു. അതിന്റെ പ്രകടമായ ഉദാഹരണമാണ് 1937 ഒക്‌ടോബര്‍ ഏഴിന് ബ്രിട്ടീഷ് ഭരണകൂടം ഇന്‍ഡ്യയില്‍ നടപ്പിലാക്കിയ മുസ്‌ലിം പേഴ്‌സണല്‍ ലോ അപ്ലിക്കേഷന്‍ ആക്റ്റ്.
പിന്നീട് സ്വതന്ത്ര്യ ഇന്‍ഡ്യയിലും മുസ്‌ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടു. എന്നാല്‍ ഇന്ന് ആ ഭരണഘടനയും നിയമങ്ങളും നിലനില്‍ക്കെ മുസ്‌ലിംകളുടെ വ്യക്തിനിയമങ്ങള്‍ ഹനിക്കപ്പെടുന്ന കാഴ്ച നാം കാണുന്നു.
നമ്മുടെ രാജ്യം അതിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടിയ ഈ വേളയില്‍ ഇന്‍ഡ്യ ലോകത്തിന്റെ മുന്നില്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം ഒരിക്കലും തകരാന്‍ പാടില്ല. ഇവിടെ ഹൈന്ദവര്‍ ഹൈന്ദവവിശ്വാസവും ആചാരവും അനുഷ്ഠിച്ചു ജീവിക്കണം. ക്രൈസ്തവരും മുസ്‌ലിംകളും അവരവരുടെ മതങ്ങള്‍ അനുഗമിച്ചു ജീവിക്കണം. അതിനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കപ്പെടരുത്. വേഷവും, ഭാഷയും, മതവും, ജാതിയും, ഭക്ഷണവും വ്യത്യസ്തമെങ്കിലും അവകാശ സംരക്ഷണങ്ങള്‍ക്കായി ഒരു മനസ്സോടെ നമുക്കൊരുമിച്ചു നില്‍ക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.