വില്ലനാകുന്ന മൊബൈല്‍ ഫോണ്‍

ബ്ലൂ വെയിലിന്റെ സന്നിഗ്ധതകള്‍ എന്ന ശീര്‍ഷകത്തില്‍ പത്രാധിപര്‍ എഴുതിയ ലേഖനം ഹൃദ്യവും കാലിക പ്രസക്തവുമായിരുന്നു. സാക്ഷര കേരളത്തിന്റെ ഒരു നേര്‍കാഴ്ചയായിരുന്നു ലേഖനം. കഴിഞ്ഞ തലമുറക്ക് തങ്ങളുടെ കുട്ടിക്കാലവും കുട്ടിക്കാലത്തെ അവധി ദിനങ്ങളും ഇന്നും ഒരു മധുര സ്മരണ തന്നെയാണ്. പാടത്തും പറമ്പിലും ഓടിക്കളിച്ചതും, കുളത്തിലും പുഴയിലും മതിവരുവോളം മുങ്ങി കുളിച്ചതും,  ഉറുമ്പിന്റെ കടി വക വെക്കാതെ മാവില്‍ വലിഞ്ഞു കയറി ജേതാവിനെപ്പോലെ മാങ്ങ കയ്യിലാക്കി ഉപ്പും മുളകും ചേര്‍ത്ത് കഴിച്ചതും ഓര്‍ക്കുമ്പോള്‍ ആ ബാല്യത്തിലേക്കൊന്നു തിരിഞ്ഞു നടക്കാന്‍ കൊതിക്കാത്തവരായി ആരുണ്ട്?
തന്റെ മാതാപിതാക്കളുടെ സ്‌നേഹം തട്ടിയെടുത്ത സ്മാര്‍ട്ട് ഫോണിനോടുള്ള അരിശം തീര്‍ക്കുന്നത് പോലെ ഇന്നിന്റെ തലമുറ തല കുനിച്ചിരുന്ന് നഷ്ടപ്പെട്ടു പോയ തന്റെ ബാല്യത്തെയും, കൗമാരത്തെയും തിരയുകയാണ്. തന്റെ മക്കള്‍ മൊബൈലില്‍ ഒരു ജീനിയസ് ആണെന്നും, തനിക്കറിയാത്തത് അവര്‍ക്കറിയാമെന്നും വീരവാദം മുഴക്കുമ്പോഴും അവരറിഞ്ഞിരുന്നില്ല തങ്ങളുടെ മക്കള്‍ തന്നില്‍ നിന്നും അകന്നു പോവുന്നത്. ജോലി കഴിഞ്ഞു വീട്ടിലെത്തിയാല്‍ തന്റെ പിഞ്ചോമനകളെ ലാളിക്കുന്നതില്‍ കൂടുതല്‍ സമയം തന്റെ രണ്ടാം ഭാര്യയായ നവമാധ്യമങ്ങളെ നെഞ്ചോടു ചേര്‍ത്ത് വെച്ചപ്പോഴും അവന്‍ വിചാരിച്ചില്ല ഇങ്ങിനെയൊക്കെ വന്നു ഭവിക്കുമെന്ന്.
അല്ലാഹു കനിഞ്ഞരുളിയ വിലപ്പെട്ട എത്ര സമയങ്ങളാണ് നാമോരോരുത്തരും ഇതില്‍ അനാവശ്യമായി ചെലവഴിക്കുന്നത് എന്നുള്ള ബോധപൂര്‍വമുള്ള ചിന്തയാണ് നമ്മില്‍ ഉണ്ടാവേണ്ടത്. നവ മാധ്യമങ്ങളുടെ ദൂഷ്യ വശങ്ങളുടെ ബോധവല്‍ക്കരണവും കര്‍ശന നിയന്ത്രങ്ങളും നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഗെയിം കളിക്കാന്‍ മൊബൈല്‍ കിട്ടാത്തതിന്റെ പേരിലും, കൂടുതല്‍ ലൈക്കിനു വേണ്ടി അപകടം വകവെക്കാതെ സെല്‍ഫി എടുത്തുകൊണ്ടും, നമ്മുടെ സഹോദരങ്ങളുടെ വിലപ്പെട്ട ജീവന്‍ പൊലിയാന്‍ ഇനിയും അനുവദിച്ചു കൂടാ.
നമ്മുടെ സഹോദരിമാര്‍ തന്റെ കുടുംബത്തെ കണ്ണീര്‍ കയത്തിലേക്ക് വലിച്ചെറിഞ്ഞു ഇനിയും വീട് വിട്ടിറങ്ങരുത്.
ഈ സാമൂഹിക വിപത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും സ്വന്തത്തെയും സമൂഹത്തെയും രക്ഷിക്കാന്‍ എന്തുണ്ട് പരിഹാരം എന്ന് ഒറ്റക്കും കൂട്ടായും ആലോചനകളും, ചര്‍ച്ചകളും നടക്കേണ്ടതുണ്ട്. ഇനിയും അമാന്തിച്ചാല്‍ നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ നഷ്ടങ്ങള്‍ സഹിക്കാന്‍ നാം തയ്യാറാവേണ്ടി വരും.