യേശു കാണിച്ച വഴി

മുഹമ്മദലി മാസ്റ്ററുടെ ‘പുണ്യവാള പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ; ബൈബിളിനു പറയാനുള്ളത്’ എന്ന ലേഖനം വായിച്ചു. ആത്മീയതയുടെ മറവില്‍ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തിന്റെ കച്ചവടക്കണ്ണിനെ തിരിച്ചറിയാന്‍ ഈ ലേഖനം ഉപകാരപ്പെട്ടു. ഭൗതികനേട്ടങ്ങളുടെ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥനകേന്ദ്രങ്ങള്‍ തേടിയുള്ള ഭക്തജനങ്ങളുടെ നെട്ടോട്ടത്തിന് അറുതി വരുത്താന്‍ ദൈവിക ഗ്രന്ഥത്തിന്റെ ഉള്ളറകളിലേക്കുള്ള ഒരു തിരിച്ചുപോക്കിനു മാത്രമേ സാധിക്കുകയുള്ളൂ. മതഗ്രന്ഥങ്ങളുടെ ശരിയായ അധ്യാപനങ്ങളിലേക്ക് ഒരു മടക്കം കൂടിയേ തീരൂ. യേശുവിനു ദൈവം നല്‍കിയ സുവിശേഷം നിക്ഷ്പക്ഷമായി പഠിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്താല്‍ മാത്രമേ പൗരോഹിത്യത്തിന്റെ ഈ നീരാളി പി
ടുത്തത്തില്‍ നിന്നും വിശ്വാസികള്‍ക്ക് രക്ഷപെടാന്‍ സാധിക്കുകയുള്ളൂ. യോഹന്നാന്‍ 8:12ല്‍ പറയുന്നു, ”യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.” ക്ലേശമാകുന്ന ഇരുട്ടില്‍ നിന്നും തിളക്കമാര്‍ന്ന ജീവിതത്തിലേക്ക് എത്താനുള്ള വഴി യേശുവിന്റെ ഉപദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയെന്നതാണ്.
രോഗശമനം, സാമ്പത്തിക നേട്ടം എന്നിങ്ങനെയുള്ള ഭൗതികമായ ആവശ്യപൂര്‍ത്തീകരണത്തിനാണ് ആളുകള്‍ ഇത്തരം കപട ആത്മീയ കേന്ദ്രങ്ങള്‍ തേടിപ്പോകുന്നത്. ഇവിടെ യേശുവിന്റെ വളരെ പ്രസിദ്ധമായ ഒരു ഉപദേശം നാം മനസ്സിലാക്കേണ്ടതുണ്ട്..
”യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കപ്പെടും. യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറക്കും. മകന്‍ അപ്പം ചോദിച്ചാല്‍ അവനു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ? മീന്‍ ചോദിച്ചാല്‍ അവനു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്ര അധികം കൊടുക്കും!” (മത്തായി 7:7-11)
ആവലാതികളും ആവശ്യങ്ങളും ഏറ്റവും നല്ല രീതിയില്‍ പരിഹരിക്കാന്‍ കഴിയുന്ന സ്രഷ്ടാവിലേക്കായിരിക്കണം പ്രാര്‍ത്ഥനകളും തേട്ടങ്ങളും എന്നാണ് യേശു വ്യക്തമാക്കുന്നത്. മാത്രവുമല്ല യേശു തന്നെയും പ്രതിസന്ധി ഘട്ടത്തില്‍ പ്രാര്‍ത്ഥിച്ചത് സ്വര്‍ഗസ്ഥനായ ദൈവത്തോടാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടം, പിലാത്തോസിന്റെ പടയാളികള്‍ തന്നെ കുരിശില്‍ തറക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സമയം, ഗെത്ത്ശമനെ തോട്ടത്തില്‍വെച്ച് യേശു തന്റെ സ്രഷ്ടാവിനോട് പ്രാ
ര്‍ത്ഥിച്ചത് മത്തായി 26:39ല്‍ പറയുന്നു. ”പിന്നെ അവന്‍ അല്‍പം മുമ്പോട്ടുചെന്നു കമഴ്ന്നു വീണു. പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമോ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കും പോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.”
അതുപോലെ ഫരിസേരില്‍പ്പെട്ട നിയമജ്ഞന്‍ പ്രധാനപ്പെട്ട കല്‍പനയെക്കുറിച്ച് യേശുവിനോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി മാര്‍ക്കോസ് 12:29-30 വാക്യത്തില്‍ വായിക്കാം. ”എല്ലാത്തിനും മുഖ്യകല്‍പനയോ: യിസ്രായീലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂ
ര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കണം, എന്നു ആകുന്നു.”
ചുരുക്കത്തില്‍ യേശു പഠിപ്പിച്ചതും ജീവിതത്തില്‍ പ്രവര്‍ത്തിച്ച് കാണിച്ചതും തന്റെ സ്രഷ്ടാവായ ദൈവത്തോട് മാത്രമായുള്ള ആരാധനയായിരുന്നു.
സ്വാര്‍ത്ഥ താല്‍പര്യങ്ങളില്ലാതെ, നിക്ഷ്പക്ഷമായി ബൈബിളിനെ സമീപി
ക്കുന്നവര്‍ക്ക് യേശു പഠിപ്പിച്ച ഏകദൈവാരാധന മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇത്തരത്തിലുള്ള പ്രാ
ര്‍ത്ഥനാസദസ്സുകളിലും ശുശ്രൂഷാ കേന്ദ്രങ്ങളിലും ജനങ്ങള്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നതായി കാണാം. അത്തരക്കാര്‍ യേശു പഠിപ്പിച്ച ഒന്നാമത്തെ കല്‍പന മനസ്സിരുത്തി ഒരാവര്‍ത്തി പഠിക്കേണ്ടതുണ്ട്. യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുന്നത് ഇങ്ങനെ വായിക്കാം.
”ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവന്‍ ഒക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്‍മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റ് അടിച്ചു ആ വീടിന്‍മേല്‍ അലച്ചു; അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്‍മേല്‍ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. വന്‍മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റു അടിച്ചു ആ വീടിന്‍മേല്‍ അലച്ചു, അതുവീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” (മത്തായി:7:24-27)
ഇത്തരത്തില്‍ യേശുവിന്റെ വചനങ്ങളെ അനുധാവനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസിക്ക് ഒരിക്കലും ശുശ്രൂഷാകേന്ദ്രങ്ങളിലെ യേശുവിനോട് ഉള്ള പ്രാ
ര്‍ത്ഥനയെ അംഗീകരിക്കാന്‍ സാധിക്കുകയില്ല. യേശുവിന്റെ പിന്‍ഗാമിയായി കടന്നുവന്ന മഹാനായ സത്യാത്മാവിന്റെ, മുഹമ്മദ് എന്ന പ്രവാചകന്റെ ഉപദേശങ്ങളിലേക്കു യോഹന്നാന്‍ 16:7-13 വചനങ്ങള്‍ നിസ്വാര്‍ത്ഥമായി പഠനം നടത്തിയ ഒരു വിശ്വാസി എത്തിച്ചേരാതിരിക്കില്ല. അദ്ദേഹത്തിന് നല്‍കപ്പെട്ട സുവിശേഷ ഗ്രന്ഥം, വേദഗ്രന്ഥങ്ങളുടെ ശ്രേണിയിലെ അവസാനത്തെ കണ്ണി എന്നു വിശേഷിപ്പിക്കാവുന്ന, പരിശുദ്ധ ക്വുര്‍ആനിന്റെ അധ്യാപനങ്ങളിലേക്ക് വരാതിരിക്കാന്‍ കഴിയില്ല. യേശുവിനെ അനുഗമിക്കാതെ ഇരുളില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ മത്തായിയുടെ സുവിശേഷത്തിലെ 7:21-21 വചനത്തിന്റെ ആവര്‍ത്തനം എന്നപോലെ പരിശുദ്ധ ക്വുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ ഈ വാക്യങ്ങള്‍ ഒരു വിശ്വാസിയെ ഉണര്‍ത്തുന്നു.
”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക). മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിനു പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ ‘എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം’ എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.”
ശുശ്രൂഷാകേന്ദ്രങ്ങളില്‍ ശാന്തി തേടിയുള്ള യാത്ര അവസാനിപ്പിച്ച് യേശു കാണിച്ച കൃത്യമായ ദൈവികപാത അനുധാവനം ചെയ്യുക വഴി മാത്രമേ ജീവന്റെ വെളിച്ചം കരഗതമാവുകയുള്ളൂ എന്ന തിരിച്ചറിവാണ് വേദഗ്രന്ഥങ്ങള്‍ ഒരു വിശ്വാസിക്ക് നല്‍കുന്നത് എന്നു സാരം.