മിഷനും കൊളോണിയലിസവും

കുരിശുയുദ്ധങ്ങളെക്കുറിച്ചുള്ള കവര്‍ സ്‌റ്റോറി(2017 ജൂണ്‍) വായിച്ചു. ക്രൈസ്തവ സാമ്രാജ്യത്വത്തിന്റെ ഇത്തരം പടയോട്ടങ്ങളില്‍ നിന്ന് തന്നെയാണ് മിഷനറി സംഘങ്ങളും ഉടലെടുത്തത്. സാമ്രാജ്യത്വവികാസത്തിന് ന്യായം ചമക്കപ്പെട്ടത് തന്നെ മതപരമായ ഭാഷയിലായിരുന്നു. ക്രിസ്തുമത പ്രചാരണമെന്ന ലക്ഷ്യത്തെ വിഗ്രഹവല്‍ക്കരിച്ചുകൊണ്ടാണ് അധിനിവേശത്തിന്റെ കരാളതയെ സംബന്ധിച്ച വിമര്‍ശനങ്ങളെ മുഴുവനും കൊളോണിയലിസത്തിന്റെ തുടക്കക്കാര്‍ മറികടക്കാന്‍ ശ്രമിച്ചതെന്ന് കാണാനാകും. ‘മിഷനറി’ നിഷ്പന്നമായിരിക്കുന്ന ‘മിഷന്‍’ എന്ന വാക്ക് ഇന്നത്തെ അര്‍ത്ഥതലത്തില്‍ ക്രൈസ്തവലോകത്ത് ഉപയോഗിക്കപ്പെടാനാരംഭിച്ചതുപോലും ഈ ചരിത്രസന്ധിയിലാണെന്നതാണ് വാസ്തവം. പുതിയ ഭൂപ്രദേശങ്ങളെ ‘മാമോദീസ മുക്കുക’യെന്ന ദൗത്യമായി മിഷന്‍ നിര്‍വചിക്കപ്പെട്ടത് സാമ്രാജ്യത്വത്തിന്റെ സിദ്ധാന്തവല്‍ക്കരണത്തിനുവേണ്ടിയാണെന്ന് പറയുമ്പോള്‍ കൊളോണിയല്‍ യുക്തിയെയും മിഷനറി മനസ്സിനെയും പരസ്പരം വേര്‍തിരിച്ചു വ്യവഹരിക്കുന്നതുപോലും അര്‍ത്ഥശൂന്യമാണെന്നു മനസ്സിലാകുന്നുണ്ട്. ‘മിഷന്‍’ കൊളോണിയലിസത്തിന്റേതാണ്, കൊളോണിയലിസമാകട്ടെ, മിഷന്റേതും.

സ്പാനിഷ് അധിനിവേശങ്ങള്‍ക്കുള്ള മതപരമായ സാധൂകരണമായി ഉപയോഗിക്കപ്പെട്ടിരുന്ന 1513ലെ ‘requerimi-ento’ എന്ന പുരോഹിതവിളംബരം, കൊളോണിയല്‍ ഔദ്ധത്യങ്ങള്‍ നിര്‍ഗളിച്ചത് കത്തോലിക്കാ ക്രിസ്തുമതത്തില്‍ നിന്നു തന്നെയാണെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. കീഴടക്കിയ പ്രദേശങ്ങളില്‍ പോയി സ്പാനിഷ് അധിനിവേശകാരികള്‍ ഉറക്കെ വായിച്ചുകേള്‍പ്പിച്ചിരുന്ന ‘requerimi-ento’ (Requirement-നുള്ള സ്പാനിഷ് പദം) അധിനിവേശത്തിന്റെ ദര്‍ശനം തദ്ദേശീയര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്ന പത്രികയായിരുന്നു. ലോകത്തെയും ലോകരെയും സൃഷ്ടിച്ച കര്‍ത്താവ് പോപ്പിനെയാണ് ലോകത്തിന്റെ ഭരണാധികാരിയായി നിയമിച്ചിരിക്കുന്നത് എന്നു പറഞ്ഞാണ് ‘requerimiento’ ആരംഭിക്കുന്നത്. സഭാസ്ഥാപകനായ പത്രോസിന്റെ കാലം മുതല്‍ പോപ്പുമാര്‍ ദൈവത്തിന്റെ പ്രതിനിധികളായി ലോകം ഭരിച്ചുകൊണ്ടേയിരുന്നുവെന്ന് അവകാശപ്പെടുന്ന പത്രിക, പോപ്പ് ആണ് കീഴടക്കപ്പെട്ടിരിക്കുന്ന നാടിന്റെ അധികാരം സ്‌പെയ്‌നിനെ ഏല്‍പിച്ചതെന്ന് പ്രഖ്യാപിക്കുന്നു. ‘കര്‍ത്താവ് തന്നതാണ് ഈ ഭൂമി ഞങ്ങള്‍ക്ക്’ എന്നുതന്നെ! അതുകൊണ്ടാര്‍ക്കും അധിനിവേശത്തെ എതിര്‍ക്കുവാനധികാരമില്ല; ചെറുത്തുനില്‍ക്കുന്നവരെ കൊല്ലാനും അടിമകളാക്കാനും സ്‌പെയ്‌നിന് ദൈവദത്തമായ അവകാശമുണ്ട്-ഇതായിരുന്നു വിളംബരത്തിന്റെ ചുരുക്കം. ഇപ്രകാരം കൊളോണിയലിസത്തിന്റെ ചിറകിലേറിയാണ് ക്രിസ്തുമതം ഒരു ലോകമതമായി മാറിയത് എന്നാണ് ചരിത്രരേഖകളെല്ലാം തന്നെ വ്യക്തമാക്കുന്നത്.

മുസ്‌ലിം നാടുകളെയും സമൂഹങ്ങളെയും കീഴടക്കി മതപരിവര്‍ത്തനത്തിനു വിധേയമാക്കുകയോ സാധ്യമായില്ലെങ്കില്‍ ഉന്മൂലനാശം വരുത്തുകയോ ആയിരുന്നു ഉദ്ദേശ്യം. കടല്‍ കടക്കുന്ന ഒരു സാമ്രാജ്യത്വശക്തിയായി പോര്‍ച്ചുഗല്‍ രൂപാന്തരപ്പെട്ടതുതന്നെ മുസ്‌ലിം അപരത്തെ കേന്ദ്രമാക്കിയുള്ള ഈ മിഷനറി ഭാവനകളില്‍ നിന്നായിരുന്നുവെന്നതാണ് സത്യം. മൊറോക്കോയോട് ചേര്‍ന്നുകിടക്കുന്ന Ceuta എന്ന മുസ്‌ലിം ദ്വീപ് 1415ല്‍ കൈവശം വന്നതോടുകൂടിയാണ് അധിനിവേശം വ്യാപിപ്പിക്കാനുള്ള പോര്‍ച്ചുഗീസ് പദ്ധതി മൂര്‍ത്തമായിത്തീരുന്നത്. പുതിയ ഭൂപ്രദേശങ്ങള്‍ ലക്ഷ്യമാക്കിയുള്ള നാവിക പര്യവേക്ഷണപദ്ധതികള്‍ക്ക് പോര്‍ച്ചുഗീസ് ഭരണാധികാരികളെ പ്രചോദിപ്പിക്കുകയും അവക്ക് ബുദ്ധിപരമായ മാര്‍ഗദര്‍ശനവും സാമ്പത്തിക പിന്തുണയും നല്‍കുകയും ചെയ്തതിന്റെ പേരില്‍ ചരിത്രത്തില്‍ വിഖ്യാതനായിത്തീര്‍ന്ന ഹെന്റി രാജകുമാരന്‍ (Prince Henry the Navigator) കുരിശുയുദ്ധ കാലത്തെ ക്രൈസ്തവ മതഭക്തി-സൈനിക പ്രസ്ഥാനമായിരുന്ന templarsന്റെ പില്‍ക്കാല പോര്‍ച്ചുഗീസ് പരിവര്‍ത്തനമായിരുന്ന Order of Christന്റെ ഗ്രാന്റ് മാസ്റ്റര്‍ പദവി(1417-1465)യിലിരുന്നുകൊണ്ടും മുസ്‌ലിം തീരങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ടുമാണ് തന്റെ ദൗത്യനിര്‍വഹണത്തില്‍ വ്യാപൃതനായത് എന്ന വസ്തുത തന്നെ ഇതിനടിവരയിടുന്നുണ്ട്.

കീഴടക്കുന്ന നാടുകളില്‍ സ്ഥാപിക്കപ്പെടുന്ന കത്തോലിക്ക മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണാധികാരവും പോര്‍ച്ചുഗലിനു തന്നെയായിരിക്കുമെന്ന് ‘Padroado’ എന്നറിയപ്പെട്ട കരാര്‍ വഴി പോപ്പ് പോര്‍ച്ചുഗീസ് രാജാവിന് ഉറപ്പുനല്‍കിയിരുന്നു. റോമിന്റെ ഇടപെടലുകള്‍ ബാഹ്യരാഷ്ട്ര സ്വാധീനമായി മാറുകയില്ലെന്ന ആത്മവിശ്വാസം നല്‍കി സാമ്രാജ്യത്വത്തിന്റെ മതാവേശാഗ്നിയെ കെടാതെ കാക്കുകയായിരുന്നു സഭ ഇതുവഴി ലക്ഷ്യം വെച്ചത്. തങ്ങള്‍ ഇടപെടേണ്ടതില്ലാത്തവിധം പള്ളികള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ‘പുണ്യകര്‍മ’ത്തിലേര്‍പ്പെടുന്ന ‘മതസംരക്ഷകരായി’ റോം പോര്‍ച്ചുഗലിനെ പരിഗണിക്കുന്നുവെന്ന പ്രോത്സാഹനമായിരുന്നു ‘Padroado’ കരാറിന്റെ ആത്യന്തിക സത്തയും സന്ദേശവും.

പോര്‍ച്ചുഗീസുകാരെപ്പോലെത്തന്നെ അധിനിവേശ ദൗത്യത്തെ മതപരിവര്‍ത്തന ലക്ഷ്യങ്ങളോടു ചേര്‍ത്തുമനസ്സിലാക്കിയ ബ്രിട്ടീഷുകാരും ധാരാളമുണ്ടായിരുന്നു. ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ മിഷനറി പ്രവര്‍ത്തനത്തിനൊരുങ്ങിയ പ്രൊട്ടസ്റ്റന്റുകാരുടെ മനോനില അവരുടെ പോര്‍ച്ചുഗീസ് കത്തോലിക്കാ മുന്‍ഗാമികളുടേതില്‍ നിന്ന് ഏറെയൊന്നും ഭിന്നമായിരുന്നില്ലെന്ന് സൂചിപ്പിക്കുന്ന ചരിത്രരേഖകളുണ്ട്. ഇവരില്‍ പ്രമുഖനായിരുന്നു 1832ല്‍ ഇന്‍ഡ്യയിലെത്തിയ ഇംഗ്ലീഷ് റവറന്റ് ജോണ്‍ ജെന്നിംഗ്‌സ്. ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടുപതിറ്റാണ്ടോളം ചെലവഴിച്ചതിനുശേഷം 1852ല്‍ ജെന്നിംഗ്‌സ് മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഡല്‍ഹിയില്‍ പുരോഹിതനായെത്തി. മുഗള്‍ ഭരണത്തിന്റെ അവസാനവര്‍ഷങ്ങളില്‍ ബഹദൂര്‍ഷാ സഫര്‍ ജീവിച്ചിരിക്കെ ചെങ്കോട്ടയുടെ ലാഹോര്‍ ഗെയ്റ്റിനോടുചേര്‍ന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ തണലില്‍ താമസവും പ്രവര്‍ത്തനവുമാരംഭിച്ച ജെന്നിംഗ്‌സിന്റെ മിഷനറി തത്ത്വശാസ്ത്രം തീര്‍ത്തും ആക്രമണോത്സുകമായിരുന്നു. മുഗള്‍ സാമ്രാജ്യത്വത്തിന്റെ അഭിമാനചിഹ്നമായിരുന്ന ‘കോഹിനൂര്‍ രത്‌നം’ ഇന്‍ഡ്യയില്‍ നിന്ന് നേടിയെടുത്ത ബ്രിട്ടന്‍, അതിനുപകരമായി അതിനേക്കാള്‍ വിലയുള്ള മറ്റൊരു രത്‌നം -ക്രിസ്തുമതമാകുന്ന രത്‌നം- ഇന്‍ഡ്യക്ക് തിരിച്ചുനല്‍കാന്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് തന്റെ ഡല്‍ഹി പദ്ധതിയെ വിസ്തരിച്ചുകൊണ്ട് ജെന്നിംഗ്‌സ് പറഞ്ഞത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്‍ഡ്യയെ ജ്ഞാനസ്‌നാനപ്പെടുത്താനുള്ള ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്ന് കരുതിയ അനേകര്‍ ജെന്നിംഗ്‌സിനെപ്പോലെത്തന്നെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്‍ഡ്യയിലെത്തിയിരുന്നു; ആ ‘നിയോഗപൂര്‍ത്തി’യില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍. 1840കളിലും 50കളിലും മിഷനറി ആവേശമുള്ള കൊളോണിയലിസ്റ്റുകളുടെ ദൃശ്യത ഇന്‍ഡ്യന്‍ നഗരങ്ങളില്‍ മുമ്പൊന്നുമില്ലാത്തവിധം വര്‍ധിക്കാന്‍ തുടങ്ങി. കൊല്‍ക്കത്തയില്‍ ജെന്നിംഗ്‌സിന്റെ സ്ഥാനത്ത് മിസ്റ്റര്‍ എഡ്മണ്ട്‌സും റെഗിനാള്‍ഡ് ഹെബറും ആയിരുന്നു. ജെന്നിംഗ്‌സിനെയും ഹെബറിനെയും എഡ്മണ്ടസിനെയും പോലുള്ള മിഷനറിമാരുടെ മാത്രം കാര്യമായിരുന്നില്ല ഇത്. പെഷാവര്‍ പ്രവിശ്യയുടെ കമ്മീഷണര്‍ ആയിരുന്ന ഹെര്‍ബെര്‍ട്ട് എഡ്വേഡ്‌സ് പോലും പറഞ്ഞുകൊണ്ടിരുന്നത് ക്രിസ്തുമതത്തെ അതിന്റെ ഏറ്റവും ശുദ്ധമായ അപ്പോസ്തലിക രൂപത്തില്‍ സംരക്ഷിക്കുവാന്‍ ബ്രിട്ടന്‍ നടത്തിയ അത്യധ്വാനങ്ങള്‍ക്ക് ദൈവം നല്‍കിയ സമ്മാനമാണ് അതിന്റെ സാമ്രാജ്യത്വവികാസമെന്നും മതപ്രചാരണരംഗത്ത് എത്രത്തോളം ശ്രദ്ധയര്‍പ്പിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് കൂടുതല്‍ ദൈവസഹായത്തിന് സാമ്രാജ്യത്വം അര്‍ഹമാവൂക എന്നുമാണ് -ഫത്തേഹ്പൂരിലെ ജില്ലാ ജഡ്ജ് ആയിരുന്ന റോബെര്‍ട്ട് ടക്കര്‍, പഴയ നിയമത്തിലെ ‘പത്തു കല്‍പനകള്‍’ ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലും പേര്‍ഷ്യനിലും കൊത്തിവെച്ച വമ്പന്‍ കല്‍ത്തൂണുകള്‍ സ്ഥാപിച്ചതും ജനങ്ങളെ വിളിച്ചുകൂട്ടി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബൈബിള്‍ ഹിന്ദുസ്ഥാനിയില്‍ വായിച്ചു കേള്‍പ്പിക്കുന്ന പതിവാരംഭിച്ചതും ഇതേ മനോഭാവം കൊണ്ടായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന ഇന്‍ഡ്യന്‍ ശിപായിമാരെ ‘ക്രിസ്തുവിലേക്കു നേടിയെടുക്കാന്‍’ ഉള്ള പരിശ്രമങ്ങളില്‍ വെള്ളക്കാരായ പട്ടാള ഓഫീസര്‍മാര്‍ സജീവമായിത്തുടങ്ങുന്നതും ഈ കാലഘട്ടത്തിലാണ്. ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ അമരത്തുണ്ടായിരുന്ന അതിന്റെ ഡയറക്ടര്‍മാരില്‍ ചിലര്‍ തന്നെ കമ്പനിയെ ഒരു മതദൗത്യമായി മനസ്സിലാക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. കമ്പനി ഡയറക്ടറായിരുന്ന ചാള്‍സ് ഗ്രാന്റ് ആയിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും ‘സുതാര്യന്‍’. ‘ഏഷ്യന്‍ ഭൂപ്രദേശങ്ങള്‍ നമുക്ക് നല്‍കപ്പെട്ടത് കേവലം അവയില്‍ നിന്ന് നമുക്ക് ഒരു വാര്‍ഷിക വരുമാനം ലഭിക്കുവാനല്ല, മറിച്ച് തമസ്സിലും തിന്മയിലും ദുരിതത്തിലും ദീര്‍ഘനാളായി ആണ്ടുകിടക്കുന്ന അവയിലെ താമസക്കാര്‍ക്കിടയില്‍ സത്യത്തിന്റെ ദയയും ലാഘവത്വവും നിറഞ്ഞ സ്വാധീനം വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് ഉപസംഹരിക്കുക അനിവാര്യമല്ലേ’ എന്നാണ് ഒരിക്കലദ്ദേഹം ചോദിച്ചത്.