മക്തി തങ്ങളുടെ പൈതൃകം

അബൂതമീമിന്റെ ‘പാര്‍ക്കലീത്താ പോര്‍ക്കളത്തിന്റെ കഥ’ എന്ന ലേഖനം വായിച്ചു. നവോത്ഥാന നായകരില്‍ സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങള്‍ ക്രിസ്തുമത മിഷനറിമാരോട് സംവദിച്ചരീതി ഏറെ ആകര്‍ഷിണീയവും അനുകരണീയവും ആയി അനുഭവപെട്ടു. ‘ക്രിസ്തീയ അജ്ഞാനവിജയം അഥവാ പാര്‍ക്കലീത്താ പോര്‍ക്കളം’  എന്ന പുസ്തകത്തില്‍, ക്രിസ്തീയ മിഷനറിമാര്‍ നടത്തിവരാറുള്ള നബിനിന്ദയും ഇസ്‌ലാമിന്റെ നേര്‍ക്കുള്ള കാടുകയറ്റവും നിശിതമായി തുറന്നുകാട്ടാനും ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള പാര്‍ക്കലീത്ത മുഹമ്മദ് നബി (സ)  തന്നെയാണെന്ന് സമൂഹത്തിനുമുന്നില്‍ സമര്‍ത്ഥിക്കാനും
ആ മഹാനു കഴിഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ കേരളത്തില്‍ ഒരു മുസ്‌ലിം പണ്ഡിതന്‍ ക്രിസ്ത്യന്‍ മിഷനറിമാരോട് മുഖാമുഖം നില്‍ക്കാന്‍ ആര്‍ജിച്ചെടുത്ത വിജ്ഞാനത്തിന്റെ സാക്ഷിപത്രം കൂടിയാണ് ‘പാര്‍ക്കലീത്താ പോര്‍ക്കളം.’ പി.ഒ മാത്തന്‍ എന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ എഴുതിയ ലേഖനങ്ങള്‍ക്ക് മറുപടിയായാണ് തങ്ങള്‍ പുസ്തകം രചിക്കുന്നത്. വരാനിരിക്കുന്ന ഒരു മഹാപ്രവാചകനെകുറിച്ച് യേശു മുന്നറിയിപ്പ് നല്‍കിയിട്ടും യേശുവിനുശേഷം ഒരു പ്രവാചകനില്ല എന്ന വിതണ്ഡവാദം മിഷനറിമാര്‍ പ്രചരിപ്പിക്കാന്‍ കാരണം അവരുടെ കാപട്യം മാത്രമായിരുന്നു.
വിചിത്രമായ വാദത്തെ അവരുടെ വേദപുസ്തകം കൊണ്ട് തന്നെ പൊളിച്ചെഴുതാനാണ് മക്തിതങ്ങള്‍ ശ്രമിച്ചത്. ‘എങ്കിലും സത്യം ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കായാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ പാര്‍ക്കലീത്താ നിങ്ങളുടെ അടുക്കല്‍ വരുകയില്ല. ഞാന്‍ പോയാല്‍ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയുംപറ്റി ലോകത്തെ ബോധ്യപ്പെടുത്തും’ (യോഹന്നാന്‍ 16:7,8). ഇവിടെ പരാമര്‍ശിച്ചിട്ടുള്ള പാര്‍ക്കലീത്താ മുഹമ്മദ് നബി (സ) തന്നെയാണെന്നും ‘എന്നന്നേയ്ക്കും നിങ്ങളുടെ കൂടെയിരിക്കാന്‍ മറ്റൊരു ആശ്വാസപ്രദനെ അവിടുന്ന് നിങ്ങള്‍ക്കു തരികയും ചെയ്യും’ എന്ന വചനത്തിലെ മറ്റൊരു എന്ന പ്രയോഗം യേശുവിനെ പോലെയുള്ള ഒരു മനുഷ്യനാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നുണ്ടെന്നും, യേശുവിനു മുന്‍പും യേശുവിന്റെ സമയത്തും ഭൂമിയിലേക്ക് വന്നിരുന്ന പരിശുദ്ധാത്മാവിനെകുറിച്ച് ‘ഞാന്‍ പോകുന്നില്ലെങ്കില്‍ പാര്‍ക്കലീത്താ നിങ്ങളുടെ അടുക്കല്‍ വരില്ല’ എന്ന് യേശു ഒരിക്കലും പറയില്ല എന്നും അദ്ദേഹം വളരെ കൃത്യമായി ചൂണ്ടികാണിച്ചു തരുന്നുണ്ട്.
യോഹന്നാന്റെ സുവിശേഷത്തിലുള്ള പാര്‍ക്കലീത്താ പ്രവചനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനെയാണ് എന്ന് ആദ്യകാല ക്രിസ്ത്യാനികള്‍പോലും മനസ്സിലാക്കിയിരുന്നില്ല. കാരണം ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടില്‍ ഏഷ്യമൈനറില്‍ മൊണ്ടാനസ് എന്നയാള്‍ ഞാന്‍ പാര്‍ക്കലീത്തയാണെ് അവകാശപ്പെട്ടു രംഗത്തുവന്നതും, അയാള്‍ക്കു വലിയ ഒരു അനുയായി വൃന്ദം തന്നെ ഉണ്ടാവുകയും ചെയ്തതും ഒരു ആത്മാവിനെയല്ല ജനങ്ങള്‍ കാത്തിരുന്നത് എന്നാണ് തെളിയിക്കുന്നതെന്നും തങ്ങള്‍ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്.
മുഹമ്മദ് നബി(സ)യെ സമഗ്രമായി പരിചയപ്പെടുത്തിയും നബിവിമര്‍ശനങ്ങള്‍ക്കു മറുപടി പറഞ്ഞുമാണ് പാര്‍ക്കലീത്താ പോ
ര്‍ക്കളത്തിന്റെ പ്രമേയം മുന്നോട്ടു കൊണ്ടുപോ
കുന്നത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍
പഠിക്കുന്നവര്‍ ക്രിസ്തുമതമല്ല ക്രിസ്തുവിന്റെ മതമാണ് യഥാര്‍ത്ഥമതം എന്ന് മനസിലാക്കി ക്രിസ്തുവിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയായ മുഹമ്മദീയ പ്രവാചകത്വത്തെ പുണരേണ്ടി വരുമെന്നതാണ് പുസ്തകത്തിന്റെ ആത്യന്തികസന്ദേശം. സത്യത്തിനുവേണ്ടി എഴുന്നേറ്റുനില്‍ക്കുന്നവരെ ചങ്ങലയില്‍ തളച്ചാല്‍ അസത്യം വിജയിക്കുമെന്ന് കരുതുന്ന ഈ കാലഘട്ടത്തില്‍ ഒരു മുന്നറിയിപ്പായിട്ടാണ് ‘പാ
ര്‍ക്കലീത്താ പോര്‍ക്കളം’ ധീരമായി നിലകൊള്ളുന്നത്.