ഭാരത സ്ത്രീതന്‍ ഭാവശുദ്ധി

ഭാരതസ്ത്രീകളുടെ ശാക്തീകരണത്തിനും അതിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി വി.എച്ച്.പിക്ക് കീഴില്‍ രൂപീകരിച്ചിട്ടുള്ള സ്ത്രീ കൂട്ടായ്മയാണ് ദുര്‍ഗവാഹിനി. പതിനഞ്ചിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ളവര്‍ക്കാണ് അംഗത്വം. സേവ, സുരക്ഷ, സന്‍സ്‌കാര്‍ എന്ന മൂന്ന് അടിസ്ഥാന തത്വങ്ങളിലൂന്നി നിന്നുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പരിപാടികളില്‍ പ്രത്യേക യൂണിഫോം അണിഞ്ഞാണ് സാധാരണ പെണ്‍കുട്ടികള്‍ പ്രത്യക്ഷപ്പെടാറ്. വെള്ള കുര്‍ത്ത, സല്‍വാര്‍, കാവി ഷാള്‍ എന്നിവയാണ് യൂണിഫോം. ദുര്‍ഗവാഹിനിയുടെ പുരുഷപതിപ്പായ ബജ്‌റംഗ്ദളിനോളം ശക്തിയുള്ളതാണ് ഈ ‘ദുര്‍ഗ’കളെന്നും വി.എച്ച്.പി അവകാശപ്പെടുന്നുണ്ട്. അയോധ്യയില്‍ കര്‍സേവകരുടെ കൂടെ ഒട്ടും ആവേശം ചോര്‍ന്നുപോകാതെ ‘ദുര്‍ഗ’കളുമുണ്ടായിരുന്നു. മൂന്ന് അടിസ്ഥാനകര്‍മങ്ങളില്‍ ഏറ്റവും പ്രധാനമാണ് ‘സുരക്ഷ’. സ്‌ക്കൂള്‍ വെക്കേഷന്‍ കാലത്ത് പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ പരിശീലനങ്ങളുള്‍ക്കൊള്ളിച്ച ശിക്ഷണക്യാമ്പാണ് ‘സുരക്ഷ’. 13 മുതല്‍ 20 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ‘സുരക്ഷ’യില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ഇതിനോടകം പതിനായിരക്കണക്കിന് ‘ദുര്‍ഗകള്‍’ സുരക്ഷ പരിശീലനത്തിനുശേഷം പുറത്തിറങ്ങിയിട്ടുണ്ട്. ഭാരതീയ പൈതൃകത്തെ നശിപ്പിക്കുന്നതിനായി വൈദേശികരായി കടന്നുവന്നവരാണ് ഇന്നാട്ടിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളുമെന്ന ചരിത്രപഠനത്തോടെയാണ് ‘സുരക്ഷ’ ആരംഭിക്കുന്നത്. കനേഡിയന്‍ ഫിലിം മേക്കറായ നിഷ പഹുജ തന്റെ പുതിയ ഡോക്യുമെന്ററിയുടെ ഇതിവൃത്തത്തിനായി തെരഞ്ഞെടുത്തത് ബോംബെയിലെ ഇത്തരത്തിലുള്ള ഒരു ദുര്‍ഗവാഹിനി സുരക്ഷ ക്യാമ്പാണ്. ത്രിവേദി പ്രാച്ചിയെന്ന കടുത്ത ഹിന്ദു മൗലികവാദിയായ യുവതിയാണ് അവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നത്. ചരിത്രക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് അവരുടെ പിതാവായ ഹേമന്തജിയും. രണ്ടു വര്‍ഷത്തെ നിരന്തരപരിശ്രമങ്ങള്‍ക്കു ശേഷമാണ് നിഷ പഹുജയെന്ന കലാകാരിക്ക് ക്യാമറയുമായി പ്രസ്തുത ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇതാദ്യമായാണ് ദുര്‍ഗവാഹിനി ക്യാമ്പ് പുറത്തുനിന്ന് ഒരാള്‍ ഷൂട്ട് ചെയ്യുന്നതും. The World Before Her എന്ന പേരില്‍ നിഷ പഹുജയുടെ ഡോക്യുമെന്ററി 2012ല്‍ പുറത്തിറങ്ങി. ഭാരതീയ സ്ത്രീസ്വത്വത്തിന്റെ വര്‍ത്തമാനകാല സങ്കല്‍പങ്ങളുടെ പച്ചയായ ചിത്രീകരണമാണ് The World Before Her. ആധുനിക ഇന്‍ഡ്യയിലെ പെണ്ണിനെ രണ്ട് ധ്രുവങ്ങളില്‍ നിന്നു കണ്ടെടുത്ത് അടുക്കടുക്കായി ചിത്രീകരിച്ച ഡോക്യുമെന്ററി സമൂഹത്തിനുമുന്നില്‍ വെക്കുന്ന ചര്‍ച്ച ദേശീയതയും പാശ്ചാത്യതയും തമ്മിലുള്ള അന്തരവും എന്നാല്‍ രണ്ടിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യന്‍ പെണ്‍കുട്ടികളുടെ മാനസികനിലയിലെ ചില അന്തര്‍ധാരകളുമാണ്. വായനക്കാരുടെ സംവാദത്തിലേക്ക് എഴുതാന്‍ പ്രേരിപ്പിച്ച ഘടകം The World Before Her-ലൂടെ പുറത്തുവന്ന ദുര്‍ഗവാഹിനി സുരക്ഷ ക്യാമ്പിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. ഇവിടെ ഒരു ന്യൂനപക്ഷ സ്‌ക്കൂളിലെ പാഠപുസ്തകം എടുത്തുയര്‍ത്തി കാട്ടി സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന് വിളിച്ചുകൂവുകയും, സാകിര്‍ നായിക്കിനെയും, എം.എം അക്ബറിനെയും പോലുള്ള സൗമ്യരും സഹിഷ്ണുക്കളുമായ മതപ്രബോധകരെ അനാവശ്യമായി വേട്ടയാടുകയും ചെയ്യുമ്പോഴാണ് രാജ്യത്ത് പച്ചയായി പിഞ്ചുമനസ്സുകളില്‍ മതവിദ്വേഷം കുത്തിനിറക്കുന്ന ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ അരങ്ങേറുന്നത്. യോഗ, സായുധമായ പരിശീലന മുറകള്‍, കടുത്ത വ്യായാമങ്ങള്‍, ആയോധനാ മുറകള്‍, തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനം എന്നിവയെല്ലാം ക്യാമ്പിലടങ്ങുന്നു. അഹിംസ തങ്ങളുടെ മാര്‍ഗമല്ലെന്നും അതുകൊണ്ടുതന്നെ ഗാന്ധിജിയെ വെറുക്കാനും, മുന്നില്‍ വരുന്ന ശത്രുവിനെ ‘ഞാന്‍ കൊല്ലുമെന്ന്’ പതിനഞ്ചു തികയാത്ത പെണ്‍കുട്ടികളെക്കൊണ്ട് മനസ്സുറപ്പിച്ച് പറയിപ്പിക്കുവാനും ക്യാമ്പിന് സാധിക്കുന്നു. ക്യാമ്പില്‍ പങ്കെടുത്തശേഷം തനിക്ക് ഒരു മുസ്‌ലിം സുഹൃത്ത് പോലും ഇല്ലായെന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് നിഷ്‌കളങ്കമായി പറയുന്ന പിഞ്ചു ബാലികമാര്‍. എത്ര ശക്തിയായിട്ടാണ് പിഞ്ചു മസ്തിഷ്‌കങ്ങളെ ഇവര്‍ കാവി പൂശുന്നത്. പെണ്‍കുട്ടികള്‍ ഇത്ര കഠിനമായി ‘ദേശീയത’ പഠിപ്പിക്കപ്പെടുന്നുവെങ്കില്‍ ആണ്‍കുട്ടികള്‍ പഠിക്കുന്നതിന്റെ തീവ്രത എന്തുമാത്രമായിരിക്കും.
അല്ലാഹുവിന് വേണ്ടി ജീവിതം സമര്‍പിക്കാന്‍ നിങ്ങള്‍ തയ്യാറാണോയെന്ന ആത്മീയ ചോദ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുമധ്യത്തിലിട്ട് വ്യഭിചരിക്കുമ്പോഴും ‘ഹിന്ദുത്വ ആശയത്തിനുവേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്ന്’ പ്രായം തികയാത്ത പെണ്‍കൊടികള്‍ ഒരേസ്വരത്തില്‍ പറയുന്നത് എങ്ങനെയാണ് മാധ്യമങ്ങള്‍ കാണാതെ പോകുന്നത്? ‘ഹിന്ദു തീവ്രവാദം’ എന്നെഴുതുന്നതിനേക്കാള്‍ കോപ്പികള്‍ ചിലവഴിക്കാന്‍ സാധിക്കുക ‘മുസ്‌ലിം തീവ്രവാദം’ എന്നെഴുതി കൊഴുപ്പിക്കുമ്പോളായതുകൊണ്ടാണോ? കേവലമൊരു പാഠപുസ്തകത്തിലെ അരപേജിന്റെ പുറത്ത് രാജ്യത്തെ ഡസന്‍ കണക്കിന് സ്‌ക്കൂളുകള്‍ക്ക് താഴിടാന്‍ വ്യഗ്രത കാണിക്കുന്ന അധികാര-ഉദ്യോഗസ്ഥ വര്‍ഗം എന്തേ പച്ചയായ വര്‍ഗീയ പാഠങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം ക്യാമ്പുകള്‍ നിരോധിക്കാന്‍ ധൃതി കാണിക്കാത്തത്? സകല പരിശീലനങ്ങള്‍ക്കുമൊടുവില്‍ ഉള്ളിലേക്ക് ആവാഹിച്ച വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ദുര്‍ഗപൂജ നടക്കുന്ന നവരാത്രി  ദിവസങ്ങളില്‍ നഗരത്തിലെ തെരുവോരങ്ങളില്‍ കൊണ്ടുപോയി ഉച്ചത്തില്‍ അലറിവിളിച്ച് പെണ്ണിന്റെ ‘ഭാവശുദ്ധി’ക്ക് പുതിയ പരിവേഷം നല്‍കാനും സംഘാടകര്‍ മറക്കാറില്ല. ഇതെല്ലാമാണോ വള്ളത്തോളിന്റെ വരികള്‍ പറയുന്ന ഭാരതസ്ത്രീയുടെ ‘ഭാവശുദ്ധികള്‍’, ഇത് കണ്ടിട്ടാണോ ‘മുഹമ്മദരടക്കം’ രോമാഞ്ചം കൊള്ളേണ്ടത്?