ഫാഷിസത്തെ എഴുതി തോല്‍പ്പിക്കുക!

ഗൗരി ലങ്കേഷ്; എഴുത്തുകാരില്‍ നിന്നും ഫാഷിസത്തിന്റെ അവസാനത്തെ ഇര. തീവ്ര ഹിന്ദുത്വത്തിനെതിരെയും, ജാതീയതക്കെതിരെയും, ന്യൂനപക്ഷ വേട്ടക്കെതിരെയും നിലക്കാത്ത ശബ്ദമായിരുന്നവര്‍. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ പോലും രോഹിത് വെമുലയുടേതാക്കി ഫാഷിസത്തിന്റെ ഇരകള്‍ക്കുവേണ്ടി മരണം ഭയക്കാതെ ശബ്ദിച്ച ധീര വനിത. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പോലും കേരളത്തില്‍ വന്ന് മനസ്സു നിറയെ ബീഫ് കഴിക്കണമെന്ന് പറഞ്ഞ് പശു രാഷ്ട്രീയത്തിനെതിരെ സമരം ചെയ്തവര്‍, ഒരെഴുത്തുകാരന്‍ ഫാഷിസത്തിന്റെ ശത്രു പട്ടികയിലുള്‍പ്പെടാന്‍ ഇതിനപ്പുറം എന്തുവേണം.
ഫാഷിസ്റ്റുകള്‍ എന്തിനാണ് പ്രബോധകരെയും സാഹിത്യകാരന്‍മാരെയും വേട്ടയാടുന്നത്? ചീവീടിന്റെ ശബ്ദം കേട്ടിട്ടില്ലേ, ഇത്തിരിക്കുഞ്ഞന്‍മാരെങ്കിലും അവയുടെ ശബ്ദം അസഹ്യമാണല്ലോ. അതിനെക്കാളുപരി ഫാഷിസത്തിനെതിരെ ഉയരുന്ന ശബ്ദം അവരെ അക്ഷമരാക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ എന്തിനാണവരിത്രമാത്രം ഭയപ്പെടുന്നത്? നുണക്കഥകളുടേയും ദുരാരോപണങ്ങളുടേയും പുകമറയില്‍ മാത്രമേ ഫാഷിസത്തിന് വളരാന്‍ സാധിക്കൂ, വര്‍ഗീയതയും ജാതീയതയുമൊക്കെയാണതിന്റെ വളം.
കൊല ചെയ്യപ്പെട്ട എഴുത്തുകാരെല്ലാം മതേതര ഇന്‍ഡ്യയെ കൊല്ലാനിറങ്ങിയ ക്ഷുദ്രജീവിയാണ് ഫാഷിസമെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ മഷി പു
രട്ടിയവരായിരുന്നു. ഫാഷിസം പടച്ചുവിടുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ബൗദ്ധിക സംവാദങ്ങളും പ്രഭാഷണങ്ങളും നടത്തി അവര്‍ മുന്നില്‍ നടന്നു.
നുണക്കഥകള്‍ക്കും കുപ്രചരണങ്ങള്‍ക്കും അതിനെതിരെയുള്ള ശബ്ദം നിലനി
ല്‍ക്കുന്നിടത്തോളം കാലം നിലനില്‍പ്പില്ലെന്നതാണ് സത്യം, അതുകൊണ്ടാണ് എതിരെ ഉയരുന്ന ശബ്ദം അവരെ ഇത്രമാത്രം വിറളി പിടിപ്പിക്കുന്നത്.
നട്ടാല്‍ മുളക്കാത്ത ശുദ്ധ നുണകളെയാണ് ജനമനസ്സുകളില്‍ അവര്‍ക്ക് വിശ്വസിപ്പിച്ചെടുക്കേണ്ടത്. അത് ഒരല്‍പ്പം പ്രയാസം കൂടിയ ജോലിയാണ്. നിരന്തരമായി പടച്ചുവിടപ്പെടുന്ന ഇല്ലാകഥകള്‍ക്കെതിരെ ഒരു ശബ്ദവും ഉയരരുത്, ഒരു തൂലികയും ചലിക്കരുത്. എങ്കില്‍ മാത്രമേ ജനമനസ്സുകളില്‍ അത് സ്ഥാനം പിടിക്കൂ! അത് കൊണ്ടു തന്നെയാണ് നന്‍മയുറ്റുന്ന എഴുത്തുകള്‍ ചീവീടു ശബ്ദം പോലെ അവരെ അലോസരപ്പെടുത്തുന്നതും.
ഫാഷിസത്തിനെതിരെയുള്ള ആയുധമെന്താണ് എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ഗൗരി ലങ്കേഷ് വരെ എത്തിനില്‍ക്കുന്ന കൊലപാതകങ്ങള്‍. എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രഭാഷകരുടെയും ശബ്ദം ഉച്ചത്തിലായാല്‍ ഫാഷിസം പടച്ചുവിടുന്ന ഗീബല്‍സിയന്‍ നുണകള്‍ക്ക് വേരോട്ടം ലഭിക്കില്ല, മനുഷ്യ ബുദ്ധിയെയും ചിന്തയെയും അന്ധമാക്കുക എന്നത് എളുപ്പമല്ലല്ലൊ. ഫാഷിസത്തിനെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുവാനും വിലക്കുവാങ്ങി വാലാട്ടികളാക്കുവാനും വഴങ്ങാത്തവര്‍ക്കുനേരെ ആയുധമുയര്‍ത്താനും തുനിയുന്നത് അതുകൊണ്ടാണ്.
ഫാഷിസത്തെ വെള്ളപൂശാനുള്ള ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു!
മാധ്യമങ്ങളും എഴുത്തുകാരും അവര്‍ക്കുവേണ്ടി കൂലിവേല ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഫാഷിസത്തിന്റെ കാലത്ത് ഭീരുക്കളായി മാളത്തിലൊളിക്കാതെ ധീരമായി ഉച്ചത്തില്‍ ശബ്ദിക്കാന്‍ നമുക്ക് സാധിക്കണം. ഫാഷിസം അതിന്റെ പല്ലും നഖവും നീട്ടുന്നത് ഇസ്‌ലാമിനെതിരെയാണ്, വര്‍ഗ്ഗ വര്‍ണ വിവേചനങ്ങള്‍ക്കും ജാതീയതക്കും സ്ഥാനമില്ലാത്ത സമാധാനത്തിന്റെ മതം എങ്ങനെയാണവരെ അലോസരപ്പെടുത്താതിരിക്കുക?!
ഇസ്‌ലാമിക പ്രബോധകരില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്നത് മൗനമാണ്, നിതാന്തമായ മൗനം! അതുകൊണ്ട് തന്നെയാണ് പ്രബോധന രംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുടെ വായകള്‍ മൂടിക്കെട്ടാന്‍ തീവ്രശ്രമം നടന്നുകൊണ്ടിരിക്കുന്നത്, ഇസ്‌ലാം തീവ്രവാദമാണെന്നും മുസ്‌ലിംകള്‍ കലാപകാരികളാണെന്നും ക്വുര്‍ആന്‍ അമുസ്‌ലിമിന്റെ കഴുത്തറുക്കാന്‍ കല്‍പ്പിക്കുന്ന ഗ്രന്ഥമാണെന്നുമുള്ള ശുദ്ധ നുണ ജനങ്ങളെ കൊണ്ട് അവര്‍ക്ക് വിശ്വസിപ്പിക്കണം. മുസ്‌ലിംകള്‍  നാടിനാപത്താണ് എന്നും അവരെ ഇല്ലാതാക്കണമെന്നുള്ള ചിന്ത ജനമനസ്സുകളില്‍ പതിയെ നട്ടുവളര്‍ത്തണം. അതിലൂടെ മുസ്‌ലിംകള്‍ക്കെതിരെ ആയുധമെടുക്കാനും ആട്ടിപ്പുറത്താക്കാനും  പ്രേരിപ്പിക്കണം. ഈ കള്ളം മുളപ്പിച്ചെടുക്കണമെങ്കില്‍ അവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതിരിക്കണം…
ഇസ്‌ലാമിനെതിരെയുള്ള ദുരാരോപണങ്ങള്‍ മലവെള്ളപ്പാച്ചില്‍ കണക്കെ പരന്നൊഴുകുമ്പോള്‍ ആടല്ല പട്ടി തന്നെ എന്നു പറഞ്ഞ് നാം തോല്‍വി സമ്മതിക്കണോ? മൗനികളാകാനല്ല മറുപടി പറയാനാണ് ക്വുര്‍ആന്‍ ഉപമകളിലൂടെ നമ്മോടാഹ്വാനം ചെയ്യുന്നത്. സത്യം ഒരു വൃക്ഷ തൈ മുളച്ച് പൊന്തി വേരുകള്‍ ആഴ്ന്നിറങ്ങി കൊടുംകാറ്റിലിളകാത്ത വടവൃക്ഷമായി  നിലകൊള്ളുമെന്നും, വേരറ്റ മരംപോ
ലെ കള്ളവാക്കുകള്‍ നിലം പതിക്കുമെന്നും ക്വുര്‍ആന്‍ ഉപമ വിവരിക്കുന്നു. ”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല”. (ക്വുര്‍ആന്‍ 14:24-26)
അസത്യം നുരയും പതയു മാഞ്ഞുപോ
കുന്നത് പോലെ ഇല്ലാതാകുമെന്നും സത്യം നശിക്കാതെ ശേഷിക്കുമെന്നുമാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്.
”അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനി
ല്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു”. (ക്വുര്‍ആന്‍ 13:17)
അന്ധകാരത്തിന്റെ ശക്തികള്‍ ചവറുകണക്കെയുള്ള ദുരാരോപണങ്ങളെ വിശ്വസിപ്പിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. അതുകൊണ്ടാണ് അതിനെതിരെയുള്ള ചെറിയ ശബ്ദത്തെ പോലും അവര്‍ പേടിക്കുന്നതും കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നതും.
ഭീരുക്കളായി മാറിനില്‍ക്കാനല്ല, ധീരമായി ശബ്ദിക്കാനാണ് വീരമരണം വരിച്ചവര്‍ നമ്മോട് വിളിച്ചുപറയുന്നത്. സാഹിത്യകാരന്‍മാരും, പ്രഭാഷകരും, പ്രബോധകരുമെല്ലാം ഉറക്കെ ശബ്ദിക്കുക. എഴുതിയും പറഞ്ഞും ഫാഷിസത്തെ പരാജയപ്പെടുത്താന്‍ നാടിനെ സ്‌നേഹിക്കുന്ന മതേതര ശക്തികള്‍ക്ക് സാധിക്കട്ടെ.