പ്രതികാരക്കൊല പ്രതിരോധമല്ല

കഴിഞ്ഞ ലക്കം സ്‌നേഹസംവാദം ഏറെ ഉപകാരപ്രദമായി അനുഭവപ്പെട്ടു. ഒരുപാട് കാലത്തെ ഒത്തിരി സംശയങ്ങള്‍ക്കുള്ള ഉത്തരം അതിലടങ്ങിയിരിക്കുന്നു എന്നതാണ് ആ സംതൃപ്
തിക്ക് നിദാനം. ‘ഫൈസലിന്റെ ഘാതകരെ എന്തുകൊണ്ട് കൊന്നുകൂടാ!’ എന്ന കവര്‍ സ്റ്റോറിയാണ് എനിക്കേറെ വിജ്ഞാനദായകമായി അനുഭവിക്കാനായത്. സമകാലീന സംഭവവികാസങ്ങളും നബിചരിതവും ഏറ്റവും അനുഗ്രഹീതമായ നിലയില്‍ സംയോജിപ്പിച്ച് ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഈ ഒരൊറ്റ ലേഖനത്തില്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
കേരളമുള്‍പ്പെടുന്ന ഇന്‍ഡ്യാ മഹാരാജ്യം അതിഭീകരമായൊരു അന്തരീക്ഷത്തിലൂടെ തന്നെയാണ് കടന്നുപോകുന്നത്. മതം രാഷ്ട്രീയത്തിന് വഴിമാറിയപ്പോള്‍ ഇന്‍ഡ്യയുടെ സ്വത്വം നഷ്ടപ്പെട്ട സ്ഥിതിയാണ്. വലതുപക്ഷ വര്‍ഗീയത അതിന്റെ ഉച്ചിയില്‍ എത്തിനില്‍ക്കുമ്പോള്‍, സവര്‍ണരൊഴികെയുള്ള സകലവിഭാഗങ്ങളെയും മാറ്റണമെന്ന് പലരും വാശിപിടിക്കുമ്പോള്‍, അതിന്റെ പേരില്‍ തെരുവീഥികളില്‍ അതിദാരുണമായി പലരും കൊല്ലപ്പെടുമ്പോള്‍, അങ്ങനെ കൊല്ലപ്പെടുന്നവരെ സഹായമനോഭാവം തീണ്ടാതെ മനുഷ്യത്വമില്ലാതെ നോക്കി നില്‍ക്കുവാനും വിധ്വംസക രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കുവാനും മാത്രം ഇന്‍ഡ്യന്‍ മനുഷ്യത്വം അധഃപതിക്കുമ്പോള്‍ ഇപ്പുറത്ത് ഒരു വലിയ ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. വലതുപക്ഷ വര്‍ഗീയതയുടെ പാരമ്യം ദര്‍ശിച്ചുനി
ല്‍ക്കുന്ന സാധാരണ മതേതരവാദികളെ സംബന്ധിച്ചിടത്തോളം ആ ചോദ്യം വല്ലാത്തൊരു പ്രഹരമാണ്. ചോദ്യമിതാണ് -പ്രതിരോധം അപരാധമാണോ? ”എന്തിന് നാമിങ്ങനെ എല്ലാം സഹിച്ച് മരിച്ചു ജീവിക്കണം. ക്ഷമയ്‌ക്കൊരു പരിധിയില്ലേ? ഏതു ഘട്ടത്തിലും ക്ഷമിച്ച് ശത്രുക്കള്‍ക്ക് പരവതാനി വിരിക്കാനാണോ മതം പഠിപ്പിക്കുന്നത്; ചരിത്രം അനുശാസിക്കുന്നത്? അതിനൊരു പരിധിയില്ലേ? ഇവിടം ആ പരിധി ഭേദിക്കാനായിരിക്കുന്നു. ശത്രുക്കള്‍ ആഗ്രഹസഫലീകരണത്തിനായി സര്‍വ സന്നാഹങ്ങളുമെടുത്ത് പോരാടുകയാണ്. കയ്യും കെട്ടി നോക്കി നില്‍ക്കുകയല്ല വേണ്ടത്. തിരിച്ചടിക്കണം, തിരിച്ചടിച്ചിരിക്കണം നമ്മള്‍ -എന്തുകൊണ്ടെന്നാല്‍ പ്രതിരോധം അപരാധമേയല്ല….”
വീരവാദ ശ്രോതാക്കളായ സാധാരണ
പച്ചമനുഷ്യര്‍ ഇവരുടെ ഈ വാഗ്‌ധോരണി
യുടെ കുതന്ത്രത്തില്‍ പുണ്യലക്ഷ്യഉദ്ദേശ്യ
ത്തോടെ തന്നെ വീണുപോവുക സ്വാഭാവികമാണ്. ചരിത്രത്തെയും ശരീഅത്തിനെയും വളച്ചൊടിക്കുന്ന ഇത്തരം കുബുദ്ധികള്‍ക്കും കലാപകാരികള്‍ക്കുമുള്ള ശക്തമായ താക്കീതാണ് ഈ ലേഖനം. വ്യക്തമായ ഉത്തരങ്ങള്‍, യഥാര്‍ത്ഥ കാഴ്ചപ്പാടുകള്‍. വലതുപക്ഷ തീവ്രവാദത്തിനെതിരെ പ്രതികരണവലയം തീര്‍ക്കാന്‍ പലരും വളമിട്ട് വളര്‍ത്തുന്ന മതലേബലില്‍ എന്നാല്‍ മതാധ്യാപനങ്ങള്‍ക്കെതിരു നില്‍ക്കുന്ന പ്രതിരോധ സംഘങ്ങള്‍ രായ്ക്കുരാമാനം ഉരുവിട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള കൃത്യമായി മറുപടികള്‍.
പ്രതിരോധം അപരാധമാണോ? ‘ഒരിക്കലുമല്ല, അത് അനുവദനീയവും അത്യാവശ്യവുമാണ്. ഇന്നിന്റെ പ്രത്യേക സാഹചര്യത്തില്‍ പക്ഷേ ഇവിടെയൊരു പ്രശ്‌നമുണ്ട്. അതേത് വിധത്തിലാകണമെന്നതാണ് പ്രശ്‌നം. ആ പ്രശ്‌നത്തിന് പരിഹാരവുമുണ്ട്. ഒരു നാട്ടില്‍ വല്ല കയ്യേറ്റവും ഒരു മുസ്‌ലിമിന് നേരിടേണ്ടി വന്നാല്‍ അന്നാട്ടിലെ നിയമവ്യവസ്ഥിതിക്ക് ഉള്ളില്‍നിന്നുവേണം മുസ്‌ലിം/മുസ്‌ലിംകള്‍ അടരാടുവാന്‍. അതില്‍ കവിഞ്ഞ വ്യവസ്ഥിതിക്ക് എതിരെയുള്ള സായുധകലാപം ഇസ്‌ലാമിക വിരുദ്ധവും അധ്യാപനങ്ങളെ നിഷേധിക്കുന്നതുമാണ്. സത്യത്തില്‍ ‘ജിഹാദ്’ എന്ന പദം പോലും ഇത്തരം സായുധ കലാപങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നതാണ് വസ്തുത. ഇസ്‌ലാമിക ഭരണകൂടത്തിന്റെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന അവസരത്തില്‍ ജീവരക്ഷയും രാഷ്ട്രസംരക്ഷണവും മുന്‍നിര്‍ത്തി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാഷ്ട്രത്തലവന്റെ ആജ്ഞയിലും നേതൃത്വത്തിലും ശത്രുവിനെതിരെ നടത്തുന്ന സായുധയുദ്ധമാണ് ഇസ്‌ലാമികാര്‍ത്ഥത്തില്‍ കാണാനാകുന്ന ജിഹാദ്. ഇവിടെ  ഇസ്‌ലാമിക ഭരണകൂടമോ ഭരണാധികാരിയോ രാഷ്ട്രസംവിധാനമോ ഒന്നും തന്നെയില്ല. അതുകൊണ്ട് ഈ അര്‍ത്ഥതലത്തിലൂടെയുള്ള ജിഹാദ് പമ്പരവിഡ്ഡിത്തവും ശരീഅത്തിന് വിപരീതവുമാണ്. കൊലയ്ക്ക് പകരം കൊല എന്നത് ശരീഅത്ത് നിയമം തന്നെയാണ്. അതാരാണ് നിര്‍വഹണം നടത്തേണ്ടത് എന്നതുകൂടി മുഖവിലക്ക് എടുക്കണമെന്നു മാത്രം എന്റെ അനുജനെ കൊലപ്പെടുത്തിയവനെ ജ്യേഷ്ഠനായ ഞാന്‍ കൊല്ലുകയെന്നതാണോ ശരീഅത്ത്? അല്ല. അതും ഒരു ഇസ്‌ലാമിക ഭരണകൂടസംവിധാനത്തിന്റെ ബാധ്യതയില്‍ പെട്ടതാകുന്നു. നിയമം കയ്യിലെടുക്കാന്‍
പൗരന് അവകാശമില്ല തന്നെ.
ഇങ്ങോട്ട് ആക്രമിക്കാന്‍ വരുന്ന ഒരുത്തനെയും നമ്മള്‍ പ്രതിരോധിക്കേണ്ടതില്ല, കൊള്ളേണ്ടതൊക്കെയും കൊണ്ടതിനുശേഷം നിയമനടപടിക്ക് വാദിച്ചാല്‍ മതി എന്നതാണോ ഇതിനുദ്ദേശ്യം? ആ അര്‍ത്ഥമല്ല ഇവിടെ ഉദ്ദേശ്യമെന്ന് ലേഖനം വ്യക്തമാക്കി തരുന്നു. തന്റെ കണ്‍മുന്നിലിട്ട് ഒരു ദുര്‍ബലനെ ഒരു സംഘം അന്യായമായി ആക്രമിക്കുമ്പോള്‍ നീതിക്കുവേണ്ടി തന്നാല്‍ കഴിയുന്നവിധം അതിനെ തടയുന്നത് അനിവാര്യമാണ്. സ്വജീവരക്ഷാര്‍ത്ഥം അക്രമിക്കപ്പെടുന്നവനും അത് നിര്‍ബന്ധമായി വന്നേക്കാം. അതൊരു കുറ്റമോ അപരാധമോ ആകില്ല. തന്നെ ആക്രമിക്കുന്ന, തനിക്കറിയുന്ന/അറിയാത്തവരെ ആക്രമിക്കുന്ന അക്രമകാരികള്‍ക്കെതിരെ തത്സമയമായ ചെറുത്തുനില്‍പ് നടത്തുക എന്നത് തികച്ചും സ്വാഭാവികമായ ആവശ്യമാണ്. ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥപ്രകാരം സ്വയം രക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നത് ഒരിക്കലും ഒരു കുറ്റമായി ഗണിക്കപ്പെടുകയില്ല. പക്ഷേ ഇത് പ്രതിരോധമാകണം; പ്രതികാരമാകരുത്.
ധീരരക്തക്ഷസാക്ഷിത്വം വരിച്ച ഫൈസല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്റെ ഘാതകരെ പ്രതിരോധിക്കുന്നതും ഘാതകരെ തെരഞ്ഞുപിടിച്ച് മറ്റുള്ളവര്‍ പ്രതികാരനടപടി സ്വീകരിക്കുന്നതും രണ്ടാണ്. ഇതിലാദ്യത്തേത് ശരി, രണ്ടാമത്തേത് തെറ്റും. അത്തരമൊരു പ്രതികാരനടപടിക്ക് ആരെങ്കിലും തുനിഞ്ഞിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ കട്ടവന്റെ കൈവെട്ടാനും വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാനും തുടങ്ങി ഇസ്‌ലാമിക ഭരണകൂടം നടപ്പിലാക്കേണ്ട സകലവിധ ശരീഅത്ത് നിയമങ്ങളും നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് എന്ന് ബോധ്യപ്പെടുത്തിയതോടുകൂടി അവരുടെ പ്രത്യയശാസ്ത്രത്തിന്റെ അടിവേരാണ് ലേഖകന്‍ പിഴുതെറിഞ്ഞത്. സഅദ്ബ്‌നു അബീ വക്വാസ് (റ), മുഹമ്മദ്ബ്‌നു മസ്‌ലമ (റ) തുടങ്ങിയ സ്വഹാബാക്കളുടെ ചരിത്രം കൂട്ടിചേര്‍ക്കുന്നതോടുകൂടി വിമര്‍ശനങ്ങള്‍ക്ക് സമ്പൂര്‍ണ മറുപടിയായി.