ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്ത ആധുനിക ഫറോവമാര്‍

പത്രവാര്‍ത്തകളായി വരുന്ന ചില അല്‍പന്‍മാരുടെ ജല്‍പനങ്ങള്‍ വായിക്കുമ്പോള്‍ ചരിത്രത്തില്‍ സംഭവിച്ച പലകാര്യങ്ങളും ഓര്‍മ വരുന്നു. ‘ഞാന്‍ നിങ്ങളുടെ ഉന്നതനായ രക്ഷിതാവാണ്’എന്നു പ്രഖ്യാപിച്ച് ഭരണം നടത്തിയ രാജാവായിരുന്നു ഫിര്‍ഔന്‍. തന്റെ ഭരണത്തിന് ഭീഷണിയാകുമെന്നു ഭയന്ന് പിറന്നുവീഴുന്ന എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊല്ലാന്‍ അയാള്‍ നിര്‍ദ്ദേശം നല്‍കി.
പക്ഷേ സ്രഷ്ടാവായ ദൈവത്തിന്റെ തന്ത്രം ആര്‍ക്ക് അതിജീവിക്കാന്‍ കഴിയും? അങ്ങനെ ഫിര്‍ഔനിന്റെ ഭരണകാലത്ത് പ്രവാചകന്‍ മൂസാ (അ) പിറന്നപ്പോള്‍ ഒരു പെട്ടിയിലാക്കി നൈല്‍നദിയില്‍ ഒഴുക്കാന്‍ മാതാവിന് ദിവ്യബോധനം നല്‍കപ്പെട്ടു. പെട്ടിയിലാക്കിയ കുഞ്ഞ് എത്തിയതും വളര്‍ന്നതും ഫറോവയുടെ കൊട്ടാരത്തില്‍, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കണ്‍കുളിര്‍മയായി. പ്രവാചകത്വം ലഭിച്ചപ്പോള്‍ മൂസാ (അ) തന്റെ ദൗത്യവുമായി ഏകദൈവ ആരാധനയിലേക്ക് ഇസ്രാഈല്‍ സന്തതികളെ ക്ഷണിച്ചുകൊണ്ട് മുന്നേറി. ഫിര്‍ഔനും കിങ്കരന്‍മാര്‍ക്കും അത് സഹിക്കാന്‍ പറ്റിയില്ല. എന്നും പ്രസക്തമായ ഏകമാനവതയ്ക്ക് ഏകദൈവവിശ്വാസം എന്ന സത്യം  ഇന്നും ഭൂരിഭാഗം മനുഷ്യര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നില്ല. അങ്ങനെ മുസാ നബി(അ)ക്കും അനുയായികള്‍ക്കുമെതിരായി ഫിര്‍ഔനും കിങ്കരന്‍മാരും അന്ന് പല മര്‍ദ്ദനമുറകളും അഴിച്ചുവിട്ടു. അസഹനീയമായപ്പോള്‍ മൂസാ നബി(അ)യും അദ്ദേഹത്തില്‍ വിശ്വസിച്ച ഇസ്രാഈല്‍ സന്തതികളും ഈജിപ്ത് വിടാന്‍ തീരുമാനിച്ചു. ദൈവിക കല്‍പനപ്രകാരം ചെങ്കടല്‍ തീരത്ത് എത്തി തന്റെ കയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ കല്‍പിക്കപ്പെട്ടു. സമുദ്രം രണ്ടായി പി
ളര്‍ന്നു. അങ്ങനെ പ്രവാചകന്‍ മൂസാ(അ)യും അനുചരന്‍മാരും മറുകരയില്‍ എത്തി. ഫിര്‍ഔനും കിങ്കരന്‍മാരും അവരെ പിന്തുടര്‍ന്നു സമുദ്രമധ്യത്തില്‍ എത്തിയപ്പോള്‍ രണ്ടായി പിളര്‍ന്ന സമുദ്രം കൂടിച്ചേര്‍ന്നു. ഫിര്‍ഔനും അനുചരന്‍മാരും സമുദ്രത്തില്‍ മുങ്ങി മരണപ്പെട്ടു. അതായിരുന്നു ധിക്കാരികള്‍ക്കുള്ള ദൈവികശിക്ഷ. ഫിര്‍ഔനിന്റെ ജഡം ഇന്നും മനുഷ്യകുലത്തിന് പാ
ഠമായിരിക്കാന്‍ ഈജിപ്തില്‍ സൂക്ഷിച്ചതായി കാണാം. പക്ഷേ ചരിത്രത്തില്‍ നിന്ന്
പാഠം ഉള്‍ക്കൊള്ളാതെ ആധുനിക ഫറോവമാരാകാന്‍ ആരും ശ്രമിക്കേണ്ട. മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതിലാണ് ചിലര്‍ക്ക് ആശങ്ക. മനുഷ്യന്‍ ആരുമാകട്ടെ എന്തിന് അസ്വസ്ഥപ്പെടണം? വിശ്വേശ്വരയ്യരും അബ്ദുല്‍ കലാമും പ്രൊഫ. യു.ആര്‍ റാവുവുമെല്ലാം മനുഷ്യസമൂഹത്തിന് ആവശ്യമുള്ളവരല്ലേ? എന്തിന് മനുഷ്യജന്മത്തില്‍ ഭയപ്പെടണം? പക്ഷികളും ആടുമാടുകളും വംശവര്‍ദ്ധന നടത്തുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഭക്ഷണക്ഷാമം ഭയന്നോ വോട്ട് ബാങ്ക് രാഷ്ട്രീയക്കളിയുടെ ഭാഗമായോ ആണ് ഇത്തരം അര്‍ത്ഥശൂന്യമായ ജല്‍പനങ്ങള്‍ പുറത്തുവിടുന്നത്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ ബുദ്ധിജീവിയായ മനുഷ്യന്‍ അഹങ്കാരിയായി ദൈവത്തെ മറക്കുമ്പോള്‍ ചിന്ത കാടുകയറുന്നു. കാലി വയറുമായി പ്രഭാതത്തില്‍ കൂടുവിടുന്ന പക്ഷികള്‍ സന്ധ്യയാകുമ്പോള്‍ വയറുനിറച്ച് കൂടുകളിലെത്തുന്നു. ബുദ്ധിയും വിവേകവും ഇല്ലാത്ത ജീവികള്‍ക്ക് ഭക്ഷണം ഒരുക്കിയവന്‍ ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് സംവിധാനം ഒരുക്കിയിട്ടില്ലേ? അത് കണ്ടെത്താന്‍ മറ്റു ജീവികളെക്കാള്‍ സാധ്യതയും സാമര്‍ത്ഥ്യവും മനുഷ്യന് നല്‍കിയിട്ടുണ്ട് എന്നത് ശാസ്ത്രസാങ്കേതികത വികസിച്ച് അത്യുന്നതിയിലെത്തിയ ഈ കാലത്ത് പറഞ്ഞറിയിക്കേണ്ടതില്ല.
ഫിര്‍ഔനിന്റെ ജഡവും ലോകം കണ്ട എറ്റവും വലിയ സമ്പന്നനായ ഖാറൂന്റെ അന്ത്യവും കണ്ടിട്ട് പഠിക്കാത്തവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദൈവം അവര്‍ക്ക് സല്‍ബുദ്ധി നല്‍കട്ടെ. ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളായ മനുഷ്യരെ സ്‌നേഹിക്കാന്‍ പറ്റാത്തവരെ നയിക്കുന്നത് അധികാരമോഹവും സമ്പത്ത് വാരിക്കൂട്ടാനുള്ള ത്വരയുമാണ്. ആത്മാവ് പി
ടിക്കപ്പെട്ടാല്‍ ഇവ കൊണ്ട് എന്തുപ്രയോജനം?. അത് മനസ്സിലാകാത്തവര്‍ക്ക് ഒരു പാഠമായിരുന്നു കൈമലര്‍ത്തി പിടിച്ചുകൊണ്ടുള്ള നെപ്പോളിയന്‍ ബോണോപാര്‍ട്ടിന്റെ ശവമഞ്ചം. മരണം മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. അതില്‍ ആരും തീരാദുഃഖത്തിലും അസഹ്യമായ വേദനയിലും ആകാതിരിക്കട്ടെ. ധനവും അധികാരവും മനുഷ്യനെ അന്ധനാക്കും എന്ന സത്യം ആരും മറക്കാതിരിക്കട്ടെ.