ചന്ദ്രപ്പിളര്‍പ്പ്: ലേഖനം ശ്രദ്ധേയമായി

സ്‌നേഹ സംവാദം മാര്‍ച്ച് ലക്കം മാസികയില്‍ ചന്ദ്രപ്പിളര്‍പ്പ് അസംഭവ്യമോ എന്ന തലക്കെട്ടില്‍ മിഷനറിക്ക് നല്‍കിയ മറുപടി വായിക്കുകയുണ്ടായി.
മുഹമ്മദ് നബി (സ)യുടെ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമായ ചന്ദ്രന്‍ രണ്ടായി പിളര്‍ന്ന സംഭവത്തെ പച്ചയായി വിമര്‍ശിക്കുന്ന മിഷനറീ വാദത്തിന്റെ മുനയൊടിക്കുന്ന ഈ മറുപടി എന്ത്‌കൊണ്ടും അനിവാര്യം തന്നെയായിരുന്നു.
ചന്ദ്രപ്പിളര്‍പ്പ് സംഭവിച്ചിട്ടില്ലായെന്നും ഇനി സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ ശാസ്ത്രീയമായോ, ചരിത്രപരമായോ തെളിയിക്കപ്പെടാത്ത വസ്തുതയാണിതെന്നും. ആരോ മെനഞ്ഞുണ്ടാക്കിയ കെട്ടുകഥകളില്‍ പെട്ട ഒരു കെട്ടുകഥ മാത്രമാണ് പ്രസ്തുത സംഭവമെന്നും വാദിച്ച മിഷനറിയുടെ വാദത്തിന് യാതൊരു കഴമ്പുമില്ലെന്ന് ഈ മറുപടിയിലൂടെ സ്ഥാപിക്കാന്‍ സാധിച്ചു എന്നുള്ളത് അഭിമാനകരമായ വസ്തുത തന്നെയാണ്.
ഹിജ്‌റയുടെ ഏതാണ്ട് അഞ്ച് വര്‍ഷം മുമ്പ് നടന്നുവെന്ന് പറയപ്പെടുന്ന പ്രസ്തുത സംഭവം അന്ന് റസൂലിന്റെ കൂടെയുണ്ടായിരുന്നവരും, മക്കാ നിവാസികളില്‍ ഭൂരിപക്ഷം വരുന്നവരും കണ്ടിട്ടുണ്ട്. മാത്രമല്ല ബുഖാരി, മുസ്‌ലിം, അഹ്മദ്, ഹാക്കിം, അബൂദാവൂദ്, ബൈഹക്വി, തിര്‍മിദി, ഇബ്‌നു ജരീര്‍ (റ) മുതലായ ഹദീഥ് പണ്ഡിതന്മാര്‍ പല സ്ഥലങ്ങളിലായി ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. അലി(റ), ഇബ്‌നു മസ്ഊദ് (റ), അനസ്(റ), ഇബ്‌നു ഉമര്‍(റ) ഇബ്‌നു അബ്ബാസ് (റ), ഹുദൈഫ (റ), ജുറൈജ് ബ്‌നു മുത്്വഇം(റ) തുടങ്ങിയവര്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.
ഇസ്‌ലാമിനെയും ഇസ്‌ലാമില്‍ കഴിഞ്ഞ് പോയിട്ടുള്ള സംഭവങ്ങളെയും ഇസ്‌ലാമിന്റെ വിമര്‍ശകരായ മിഷനറികള്‍ ഇന്ന് കളവാക്കുന്നത് പോലെ പ്രവാചക കാലഘട്ടത്തിലും അന്നുണ്ടായിരുന്ന വിരോധികള്‍ ജാലവിദ്യയുടെ മറപിടിച്ച്  തന്റെ കണ്‍മുന്നില്‍ നടന്ന ഈ സംഭവത്തെ വ്യാജമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മിഷനറികള്‍ ചന്ദ്രപ്പിളര്‍പ്പിനെ ഞൊണ്ടിന്യായങ്ങള്‍ കൊണ്ട് വിമര്‍ശിച്ചത് പോലെ തത്വചിന്തകരും, ഭൗതികവാദികളുമെല്ലാം പ്രസ്തുത സംഭവത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ചന്ദ്രപ്പിളര്‍പ്പുമായി ബന്ധപ്പെട്ട് വിശുദ്ധ ക്വുര്‍ആന്റെ പ്രസ്താവനയായ“ഇന്‍ശക്കല്‍ ഖമര്‍”എന്ന പ്രയോഗം ഭൂതകാല രൂപത്തിലാണ് പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് ഭാവിയില്‍ വരാനിരിക്കുന്നതാണെന്നും, ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു എന്ന് പറയുന്ന പ്രസ്തുത സംഭവം സംഭവിച്ചട്ടില്ലാ എന്നും അവര്‍ വാദിക്കുന്നു. മാത്രമല്ല ലോകാവസാനത്തിന്റെ സംഭവ വികാസങ്ങളില്‍ നടക്കാനിരിക്കുന്ന ഒരു സുപ്രധാനമായ സംഭവമാണിതെന്നും അഭിപ്രായപ്പെടുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്. മിഷനറികള്‍ വെബ്‌സൈറ്റുകളില്‍ ചന്ദ്രപ്പിളര്‍പ്പിനെ നിഷേധിച്ചുകൊണ്ട് തൊടുത്ത് വിടുന്ന വിമര്‍ശനങ്ങള്‍ എത്ര കണ്ട് കഴമ്പില്ലാത്തതാണോ അപ്രകാരം തന്നെയാണ് തത്വചിന്തകരുടെയും, ഭൗതികവാദികളുടെയും  ഇത്തരം പരാമര്‍ശങ്ങളുടെ പ്രസക്തി.“ഇന്‍ശക്കല്‍ ഖമര്‍”എന്ന വിശുദ്ധ ക്വുര്‍ആന്റെ പ്രയോഗം ഭാവികാല പ്രയോഗമാണെങ്കില്‍ അതിന്റെ തൊട്ട് മുമ്പിലെ വാക്യമായ“ഇക്ക്തറബത്തി സാഅത്തു (അന്ത്യസമയം അടുത്ത് വന്നിരിക്കുന്നു) എന്ന വാക്യം ‘ഭാവികാലത്തെക്കുറിക്കുന്നതാകണം. പക്ഷേ പ്രസ്തുത പ്രയോഗം ‘ഭൂതകാലത്തെക്കുറിക്കുന്നതാണ് എന്നത്‌കൊണ്ട് തന്നെ മേല്‍ പരാമര്‍ശിക്കപ്പെട്ട അത്തരം വാദങ്ങള്‍ക്കുള്ള ഒരു പിന്തുണയും ഈ വചനങ്ങളില്‍ നിന്നും ലഭിക്കുന്നില്ല. ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു എന്നുള്ളത് ഭാവികാല പ്രയോഗമെങ്കില്‍ അതിനു ശേഷമുള്ള വിശുദ്ധ ക്വുര്‍ആനിന്റെ വചനമായ
““ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞുകളയുകയും ഇത് നിലനിന്ന് വരുന്ന ജാലവിദ്യയാകുന്നു എന്നവര്‍ പറയുകയും ചെയ്യും”(54: 2, 3)
എന്ന ഈ വചനത്തിന് എന്ത് പ്രസക്തിയാണുള്ളത്?
അന്ത്യനാള്‍ സംഭവിക്കുമ്പോള്‍ അതിന്റെ സംഭവ്യതയില്‍ നിന്ന്  പിന്തിരിഞ്ഞുകളയുവാനോ. ഈ കാണുന്നത് കേവലം ജാലവിദ്യ മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയുവാനോ ആര്‍ക്കെങ്കിലും സാധിക്കുമോ?
“ആ സംഭവം സംഭവിച്ചാല്‍ അതിന്റെ സംഭവ്യതയെ കളവാക്കുന്ന ഒന്നും തന്നെയില്ല” (56: 1, 2)
ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു എന്ന ക്വുര്‍ആനിക പ്രയോഗം അന്ത്യനാളിന്റെ സംഭവ്യതകളില്‍ പെട്ടതല്ലന്നും, അത് സംഭവിച്ച് കഴിഞ്ഞതാണെന്നും ഇതിനാല്‍ തന്നെ ആര്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്നതേയുള്ളു. മിഷനറികളുടെയും, തത്വചിന്തകരുടെയും, ഭൗതികവാദികളുടെയും ഇത്തരം പരാമര്‍ശങ്ങള്‍ നിലനില്‍ക്കെ പക്വവും പണ്ഡിതോചിതവുമായ പ്രതികരണത്തിന്റെ ചെറുത്തുനില്‍പ്പാണ് നമ്മളില്‍ നിന്നുമുണ്ടാകേണ്ടത്.