ഇന്റര്‍നെറ്റ് ചതിക്കുഴികള്‍

സെപ്റ്റംബര്‍ ലക്കം സ്‌നേഹസംവാദത്തിലെ ‘ബ്ലൂ വെയ്ല്‍ സന്നിഗ്ധതകള്‍’ എഡിറ്റോറിയല്‍ വായിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ലോകമാകെ വര്‍ദ്ധിച്ചുവരുന്നത് എല്ലാവരെയുംആശങ്കപ്പെടുത്തുന്നതാണ്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ ആപത്തിന്റെ നടുക്കടലിലാണ് ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിവരസാങ്കേതിക വിജ്ഞാനവിസ്‌ഫോടനം ലോകസമൂഹത്തിന് നന്മകള്‍ വരുത്താന്‍ വേണ്ടിയാണ്. പക്ഷേ, വിവരസാങ്കേതിക വിദ്യകള്‍ കണ്ടമാനം ദുരുപയോഗപ്പെടുത്തുന്നതാണ് നമ്മുടെ സമൂഹത്തിന്റെ വലിയ ഒരു ശാപം.
ആധുനിക സമൂഹത്തിലെ കുട്ടികള്‍ പണ്ടത്തെ കളികളെല്ലാം മറന്നു പോയിരിക്കുന്നു. ഇന്ന് ഏതുസമയത്തും കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ടാബിന്റെയും മുമ്പില്‍ തലച്ചോര്‍ ഉരുക്കിക്കൊണ്ടിരിക്കുകയാണവര്‍. ഇന്റര്‍നെറ്റ് കഫേകളുടെ വന്‍വര്‍ധന കുട്ടികളുടെ ജീവിതങ്ങളെ വഴിതെറ്റിക്കുന്നുണ്ട് എന്നത് നഗ്നയാഥാര്‍ത്ഥ്യമാണ്. ഒരു ഇന്റര്‍നെറ്റ് കഫേയില്‍ പോയി പണം കൊടുത്താല്‍ എന്തും കാണാം എന്ന അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. ലൈംഗിക വൈകൃതങ്ങളുടെ നീലചിത്രങ്ങള്‍ കൗമാരപ്രായക്കാര്‍ കാണുന്നത് ഇന്റര്‍നെറ്റ് കഫെകളില്‍ നിന്നാണ്. കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങളുടെ അറപ്പുളവാക്കുന്ന ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ തീര്‍ച്ചയായും അതൊക്കെ സ്വാഭാവികമായും അനുകരിക്കും എന്നതില്‍ സംശയം ഇല്ല.
കുട്ടികള്‍ക്ക് പ്രധാനമായ ഒരു സ്വഭാവസവിശേഷത ഉണ്ട്. അവര്‍ എന്തിനെയും എളുപ്പത്തില്‍ അനുകരിക്കാനും അതിനെ പ്രയോഗവല്‍ക്കരിക്കാനും അങ്ങേയറ്റം പരിശ്രമിക്കും എന്നതാണത്. ഇന്നത്തെ കേരളീയ സമൂഹത്തിലെ കുട്ടികളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മൊബൈല്‍ ഫോണും ടാബുകളും ഇല്ലാത്ത ഒരു കുട്ടിയും ഈ കൊച്ചുകേരളത്തില്‍ ഉണ്ടാവുകയില്ല. ടാബുകള്‍ ഇന്ന് ‘ലൈംഗിക ബോംബുകള്‍’ തന്നെയാണ്.
പല ടാബുകളിലും നിറയെ ലൈംഗിക ബന്ധങ്ങളുടെ ചിത്രങ്ങളാണ് നിറച്ചു വെച്ചിരിക്കുന്നത്. ടാബുകളില്‍ കൂടി കുട്ടികള്‍ ഇത്തരം ചിത്രങ്ങള്‍ കാണുന്നത് ഞാന്‍ എന്റെ കണ്ണുകൊണ്ട് കണ്ട ദയനീയ കാഴ്ചയാണ്. കുട്ടികളെ വഴിപിഴപ്പിക്കുന്ന മുതിര്‍ന്നവരാണ് ഇത്തരം ലൈംഗിക വൈകൃതങ്ങള്‍ നിറച്ചുവച്ച ടാബുകള്‍ നമ്മുടെ കുട്ടികള്‍ക്ക് കൈമാറുന്നത് എന്നതും സത്യമാണ്.
കുട്ടികള്‍ പ്രത്യേകിച്ച് കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ ഇന്ന് വ്യാപകമായ തോതില്‍ ലൈംഗിക വൈകൃതങ്ങള്‍ നിറഞ്ഞുകവിഞ്ഞ ടാബുകള്‍ വന്‍തോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. സ്വന്തം മാതാപിതാക്കന്‍മാര്‍ പോലും ഇതൊന്നും ഒരിക്കലും അറിയുന്നില്ല. രക്ഷിതാക്കളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവര്‍ പലതും സ്റ്റാറ്റസ് സിംബലുകളായി കാണുന്നു. തന്റെ മകന്/മകള്‍ക്ക് മൊബൈല്‍ ഫോണും ടാബും കമ്പ്യൂട്ടറും ഇല്ലെങ്കില്‍ അതൊരു വലിയ നാണക്കേടായിട്ടാണ് അവര്‍ കണക്കാക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതിലും വലിയ മൂഢ ചിന്ത വേറെയുണ്ടോ?
ഇത്തരം ഉപകരണങ്ങളുടെ ദുരുപയോഗത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നമ്മുടെ രക്ഷിതാക്കള്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. ചെറിയ ചില ഉദാഹരണങ്ങള്‍ പറയാം. ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളത്തില്‍ ഓരോ ദിവസവും നടക്കുന്ന സംഭവങ്ങള്‍ അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നവയാണ്. കുട്ടികള്‍ തമ്മിലുള്ള ലൈംഗിക ബന്ധങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
എട്ടാം ക്ലാസുകാരന്‍ പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ വാര്‍ത്ത ഈയിടെയാണ് പത്രത്തില്‍ വന്നത്. പത്രങ്ങള്‍ക്കുപോലും ഇതൊന്നും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. കാരണം ഇത്തരം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങള്‍ അവയുടെ പ്രാദേശിക പേജിലാണ് പ്രാധാന്യമേതുമില്ലാതെ കൊടുക്കുന്നത്. പല വിദ്യാര്‍ത്ഥിനികളും അവരുടെ ആണ്‍കുട്ടികളായ സഹപാഠികളില്‍ നിന്ന് ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും ഉണ്ടാകുന്നുണ്ട്.
ബഹുഭൂരിപക്ഷം ഇത്തരം കേസുകളും മറച്ചു വെക്കപ്പെടുകയാണ്. കുടുംബത്തിന്റെ അന്തസും അഭിമാനവും ഓര്‍ത്ത് പല മാതാപി
താക്കളും പോലീസില്‍ പരാതി നല്‍കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൗമാരപ്രായക്കാരുടെ അബോര്‍ഷനുകളും കേരളത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്. പോലീസില്‍ പരാതികള്‍ ലഭിക്കാത്തതുകൊണ്ട് തന്നെ ഇത്തരം കേസുകളുടെ ശരിയായ കണക്കുകള്‍ സംസ്ഥാന പോലീസ് ക്രൈം ബ്യൂറോയുടെ കൈവശം ഇല്ല. കൗമാരപ്രായക്കാര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പ്രധാനകാരണം മൊബൈല്‍ ഫോണും ടാബുകളും തന്നെയാണ്.
മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ നടത്തുന്നവരാണ് കുട്ടികള്‍ക്ക് ലൈംഗിക ചിത്രങ്ങള്‍ നിറഞ്ഞു കവിഞ്ഞ ടാബുകള്‍ കൊടുക്കുന്നത്. ഇതേക്കുറിച്ചെല്ലാം വസ്തുനിഷ്ഠമായ ഗവേഷണങ്ങള്‍ നടത്തിയാല്‍ ഞെട്ടിപ്പിക്കുന്ന ധാരാളം യാഥാര്‍ത്ഥ്യങ്ങള്‍ ഇനിയും വെളിച്ചത്തുവരും. ബ്ലൂവെയ്ല്‍ ഗെയിമുകള്‍ നമ്മുടെ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട് എന്നത് സത്യം തന്നെയാണ്. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം ആത്മഹത്യ ഗെയിമുകള്‍ നിരോധിക്കാന്‍ ഐക്യരാഷ്ട്രസഭ മുന്‍കൈ എടുക്കേണ്ടതാണ്.
സമൂഹത്തെ നശിപ്പിക്കുന്ന യാതൊന്നും തന്നെ കാണിക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യരുത്. അന്താരാഷ്ട്ര തലത്തിലാണ് ഇന്റര്‍നെറ്റിന്റെ വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ലോകവ്യാപകമായി തന്നെ ബ്ലൂവെയ്ല്‍ ഗെയിമുകള്‍ കര്‍ശനമായി നിരോധിക്കണം. അമേരിക്ക പോലുള്ള ഒന്നാംകിട രാഷ്ട്രങ്ങളാണ് ഇതിനൊക്കെ മുന്‍കൈ എടുക്കേണ്ടത് എന്നത് പ്രസക്തമായ കാര്യമാണ്.
നമ്മുടെ കുട്ടികളെ നശിപ്പിക്കുന്ന ദുഷ്പ്രവണതകള്‍ ഏതുതന്നെയായിരുന്നാലും അതിനെതിരെ അതിശക്തമായ ബോധവല്‍ക്കരണം അനിവാര്യമായിരിക്കുന്നു. സൈബര്‍ സാക്ഷരതയുടെ കാര്യത്തില്‍ കേരളീയ സമൂഹം വളരെ വളരെ പി
ന്നിലാണ്. അതുകൊണ്ടാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കേരളത്തില്‍ ദിവസേന വര്‍ദ്ധിച്ചു വരുന്നത്. വിവരസാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ചെറുപ്രാ
യത്തില്‍ തന്നെ നമ്മുടെ കുട്ടികള്‍ക്ക് ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ ഏറ്റവും പറ്റിയ സ്ഥലം വിദ്യാലയങ്ങള്‍ തന്നെയാണ്. സൈബര്‍ സാക്ഷരത പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തേണ്ട സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു.
ഹാദിയ കേസും ബ്ലൂവെയ്ല്‍ ഗെയിമും തമ്മില്‍ പുലബന്ധം പോലുമില്ല. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് ആരെയും വിവാഹം കഴിക്കാം. നീതിപീഠങ്ങള്‍ക്ക് തെറ്റ് പറ്റുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. കോടതി വിധികളെ വിമര്‍ശിക്കാന്‍ സമൂഹത്തിന് ഇനിയും ധൈര്യം വന്നിട്ടില്ല. കാരണം ഡെമോക്ലീസിന്റെ വാള്‍ എന്നപോലെ കോടതിയലക്ഷ്യം ഓരോ പൗരന്റെയും തലക്കുമീതെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഹാദിയ കേസ് സുപ്രീം
കോടതിയുടെ പരിപൂര്‍ണമായ ഭരണഘടനാ ബഞ്ച് തന്നെ വിചാരണ നടത്തി വിധി പറയേണ്ട സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു. ഹാദിയ കേസിന്റെ അപാകതകള്‍ വിവരണാതീതമാണ്.