ഗുരുസാഗരം !

എഴുത്തോ അതോ കഴുത്തോ എന്ന ചോദ്യം, ഫാഷിസത്തിന്റെ അധികാരാരോഹണമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം മൂലമാകാം ഇന്ന് കൂടുതലായി ഉന്നയിക്കപ്പെടുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന ഭരണഘടനാമൂല്യം ഷോവിനിസ്റ്റുകളുടെ ശിരഛേദം കാത്ത് ‘പ്രതിക്കൂട്ടില്‍’ നില്‍ക്കുന്ന സമകാലിക ഇന്‍ഡ്യയില്‍, അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കുവാനുള്ള എഴുത്തുകാരന്റെ മൗലികാവകാശം ചര്‍ച്ചയാവുക സ്വാഭാവികമാണല്ലോ. മനസ്സാക്ഷിയുടെ ബോധ്യങ്ങള്‍ക്ക് അക്ഷരരൂപം നല്‍കിയാല്‍ വേട്ടയാടപ്പെടുമെന്ന സ്ഥിതിയുള്ളതുകൊണ്ടാണ് എഴുത്തു നിര്‍ത്തുകയാണെന്ന പ്രഖ്യാപനം മുതല്‍ പുസ്തകങ്ങള്‍ കത്തിക്കുകയാണെന്ന സത്യവാങ്മൂലം വരെ സാഹിത്യലോകത്തുനിന്ന് കേള്‍ക്കേണ്ടി വരുന്നത്. സവര്‍ണ ഗുണ്ടായിസത്തിന്റെ സെന്‍സറിംഗ് മെഷീനുകള്‍ സൃഷ്ടിക്കുന്ന ഭീതിയുടെ പരിസരത്തുനിന്ന് തൂലിക നേരെ പിടിക്കാനാവില്ലെന്നു തുറന്നുപറഞ്ഞ് എഴുത്തുനിര്‍ത്തി കഴുത്ത് സംരക്ഷിക്കുവാന്‍ സന്നദ്ധമാകുന്നവരെ സംവാദവല്‍ക്കരിക്കുവാനുള്ള തന്റേടമാണ് സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്ന് മതനിരപേക്ഷ ഭാരതം പ്രതീക്ഷിക്കുന്നത്. എഴുത്തുകാരന്റെയും പ്രസാധകന്റെയും തിരഞ്ഞെടുപ്പുകള്‍ക്കും നിര്‍ണയങ്ങള്‍ക്കും കാവി നിക്കറും കുറുവടിയുമായി പെരുമാറ്റചട്ടം നിര്‍ദ്ദേശിച്ച് കണ്ണുരുട്ടുന്ന ‘ലിറ്ററേച്ചര്‍ പോലീസിന്’ ഭരണകൂട സ്വാധീനത്തിന്റെ ഹുങ്കു കൂടിയാകുമ്പോള്‍ ചെറുത്തുനില്‍ക്കുക അത്രയൊന്നും ക്ഷിപ്രസാധ്യമല്ല. എന്നിട്ടും ആ ദിശയിലുള്ള പ്രതിരോധം പലരീതിയില്‍ നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു (കൊണ്ടിരിക്കുന്നു) എന്നത് തീരെ നിസ്സാരമായൊരു കാര്യമല്ല തന്നെ.
കള്‍ച്ചറല്‍ ഷോവിനിസത്തിന്റെ ഉന്മാദമുള്ള ആള്‍ക്കൂട്ടങ്ങള്‍ തെരുവിലും അവരുടെ പ്രതിനിധികള്‍ അധികാരകസരകളിലും നിറയുന്നതിന്റെ ഫലമായി എഴുത്തുകാരന്റെ ആവിഷ്‌കാര മൗലികത പ്രതിസന്ധിയിലാകുന്നത് ഗൗരവമേറിയതാണ്. എന്നാല്‍ അതുമാത്രമാണോ എഴുത്തിന്റെ തുറസ്സുകളെ ഇല്ലാതാക്കുന്ന സമഗ്രാധിപത്യ അട്ടഹാസങ്ങള്‍? പ്രസാധകനും എഴുത്തുകാരനുമായുള്ള ‘ഇടപാടുകളെ’ നാം ഈ ചര്‍ച്ചയില്‍ എവിടെയാണ് കൊണ്ടുപോയി വെക്കുക? നിലവാരമുള്ളതും തന്റെ ആശയങ്ങളോടു യോജിക്കുന്നതുമായ ആവിഷ്‌കാരങ്ങളെ താന്‍ പ്രസിദ്ധീകരിക്കൂ എന്നു പറയാന്‍ ഏതു പ്രസാധകനുമവകാശമുണ്ട്. എന്നാല്‍ എഴുത്തുകാരന്‍ സാമ്പത്തികമായി നിലനില്‍ക്കണോ വേണ്ടേ എന്നു തീരുമാനിക്കാന്‍ കഴിയുംവിധം പുസ്തകവിപണിയെ ഏതാണ്ട് പൂര്‍ണമായി തന്നെ കീഴടക്കിയിട്ടുള്ള വമ്പന്‍ കുത്തകകളായി ഏതാനും പ്രസാധകസംഘങ്ങള്‍ മാറുകയും സ്‌പെയ്‌സും റോയല്‍റ്റിയും നഷ്ടപ്പെടുന്നത് ഭയന്ന് എഴുത്തുകാര്‍ അവയുടെ കളിപ്പാവകളായി രൂപാന്തരപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായാലോ? പ്രസാധകന് വായ് മൂടിക്കെട്ടുവാനും ഇഷ്ടമുണ്ടാകുമ്പോള്‍ ഇരുത്താനും എഴുന്നേല്‍പിക്കാനും ഉറക്കാനുമെല്ലാം കഴിയുന്ന കെട്ടുകോലങ്ങളായി മാറുന്ന എഴുത്തുകാര്‍ക്ക് എന്ത് സത്യസന്ധതയും ഉപകാരപ്രദമായ ഉല്‍പാദനക്ഷമതയുമാണുണ്ടാവുക? ആര്‍ജ്ജവമുള്ള പ്രതികരണങ്ങള്‍ വഴി പൊതുബോധത്തെ ശരിയായ ദിശയിലേക്ക് നയിക്കാനും മൗലികമായ അഭിപ്രായരൂപീകരണങ്ങളെ സഹായിക്കാനും നമ്മുടെ ബൗദ്ധിക മണ്ഡലത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുമെല്ലാം ഉത്തരവാദിത്തമുള്ള എഴുത്തുകാരുടെ മൗനവും വാചാലതയും തീരുമാനിക്കുന്ന ബട്ടണുകള്‍ പ്രസാധകന്റെ റിമോട്ട് കണ്‍ട്രോളിലാകുന്നതിനേക്കാള്‍ വലിയ അപകടം മറ്റെന്താണ്?
പ്രസാധകന്‍ പുതിയ ‘ദൈവ’മാകുകയും എഴുത്തുകാര്‍ ‘തിരുസന്നിധി’യില്‍ നാവ് വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുന്ന ‘വിധേയത്വ വിളംബര’ മേളയായി കേരളത്തിലെ ഏറ്റവും വലിയ പ്രസാധകസംഘം കോട്ടയത്തുനിന്നു കോഴിക്കോട്ടേക്കുവന്ന് സര്‍ക്കാര്‍ വകുപ്പുകളെ കയ്യിലെടുത്തു നടത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മാറിയോ എന്ന് പ്രസാധകന്റെ ‘കടാക്ഷം’ സമ്മാനിച്ച ആലസ്യം മാറുമ്പോഴെങ്കിലും എഴുത്തുകാര്‍ ആലോചിക്കുന്നത് നല്ലതാണ്. സദ്ഗുരുവിനെപ്പോലെ അന്താരാഷ്ട്ര പ്രസിദ്ധനായ ഒരു ആള്‍ദൈവത്തെ ‘പുരോഗമന’ത്തില്‍ അണുകിട വിട്ടുവീഴ്ചയില്ലാത്ത സക്കറിയയെയും സച്ചിദാനന്ദനെയും ഇടത്തും വലത്തും നിര്‍ത്തി ഉദ്ഘാടന വേദിയിലെ മുഖ്യപ്രഭാഷകനാക്കാനും അയാളുടെ ആത്മീയവാണിജ്യത്തിന്റെ പരസ്യങ്ങള്‍ കൊണ്ട് മേള നിറക്കാനും പ്രസാധക ഭീമന് സാധിച്ചുവെന്നത് അതിന്റെ പല സൂചികകളില്‍ ഒന്നുമാത്രമാണ്. തിരുവനന്തപുരം പോത്തന്‍കോട് ആശ്രമത്തിലെ കരുണാകര ഗുരുവില്‍ മാര്‍ഗദര്‍ശനവും മനശാന്തിയും കണ്ട് ഒ.വി വിജയന്‍ ‘വലത്തോട്ടു’ ചരിയല്‍ വേഗത്തിലാക്കുകയും 1987ല്‍ ഗുരുസാഗരം പ്രസിദ്ധീകരിക്കുകയും ചെയ്തപ്പോഴുണ്ടായ ഒച്ചപ്പാടുകളുടെ ചെറിയൊരംശം പോലും അതിനേക്കാള്‍ വലിയ ഗുരു യഥാര്‍ത്ഥ സാഗരതീരത്ത് ആസ്ഥാനവേഷ്ടികളുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായില്ലെന്നത് സാഹിത്യകാരന്‍മാരുടെ ‘ഒച്ച’ സ്‌പോണ്‍സര്‍മാരുടെ പ്രിയവും അപ്രിയവും നോക്കി മാത്രമായിരിക്കുമെന്ന് തന്നെയാണോ തെളിയിക്കുന്നത്? അതല്ല, ഹൈന്ദവ ധ്യാനബിംബങ്ങളും അവരുടെ അനുഷ്ഠാന പദ്ധതികളും സംസ്‌കാരമാണെന്ന് ‘ഇടതുപക്ഷ’ത്തെയടക്കം ‘ബോധ്യ’പ്പെടുത്തുന്നതില്‍ ‘വര്‍ണാശ്രമധര്‍മ’ത്തിന്റെ മസ്തിഷ്‌ക പ്രക്ഷാളന ഉത്തരവാദിത്തമുള്ള ‘സാംസ്‌കാരിക കര്‍സേവകര്‍’ വിജയിച്ചുവെന്നോ? രണ്ടായാലും, കോഴിക്കോട് സര്‍ക്കാര്‍ പണം കൂടി ചെലവഴിച്ച് നടന്ന ‘ഗുരുസാഗര’ത്തില്‍ പ്രതിഷേധത്തിന്റെ ചെറിയ അനക്കങ്ങള്‍ പോലുമില്ലാതെ കുളിച്ചുകയറി സ്‌പെയ്‌സും റീച്ചും ഉറപ്പിച്ചവര്‍ നല്ല സൂചനകളല്ല കേരളത്തിന്റെ ഭാവിയെക്കുറിച്ച് നല്‍കുന്നത്. വാണിജ്യ ആത്മീയതയുടെ തോളില്‍ കയ്യിട്ട് ലാഭം പുതിയ അനുപാതങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള മുതലാളിയുടെ അജണ്ടക്ക് കുടപിടിച്ചു കൊടുത്ത തൊഴിലാളികളാണോ അതല്ല കാവി രാഷ്ട്രീയത്തിന്റെ പുതിയ സാംസ്‌കാരികോപാസകരാണോ അവര്‍ എന്നത് നിര്‍ണായകമായ വിഷയമല്ല. കാരണം രണ്ടായാലും അവരെക്കൊണ്ട് ദോഷമല്ലാതെ ഗുണമൊന്നുമുണ്ടാകാന്‍ പോകുന്നില്ല; ആത്മാര്‍ത്ഥമായ പുനര്‍വിചിന്തനങ്ങള്‍ നടക്കാത്തിടത്തോളം കാലം!