ഹുദയ്ബിയയുടെ പാഠങ്ങള്‍

തീര്‍ച്ചയായും നിനക്ക് പ്രത്യക്ഷമായ വിജയം നല്‍കിയിരിക്കുന്നു.” ‘യഥാര്‍ത്ഥ വിജയം’ എന്ന് അര്‍ത്ഥം വരുന്ന ‘അല്‍ ഫത്ഹ്’ എന്ന ക്വുര്‍ആനിലെ നാല്‍പത്തിയൊമ്പതാം അധ്യായത്തിലെ ആദ്യവചനമാണിത്. പ്രത്യക്ഷവിജയം ആയി ക്വുര്‍ആന്‍ ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത് ഹുദൈബിയ സന്ധിയെക്കുറിച്ചാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. മക്കാ പീഡനങ്ങളില്‍ നിന്നുള്ള രക്ഷായാത്രയായ ഹിജ്‌റയെപ്പറ്റിയോ മദീനാരാജ്യത്തിന്റെ ഭരണസാരഥ്യമേല്‍പിക്കപ്പെട്ടതിനെപ്പറ്റിയോ മുസ്‌ലിംകളുടെ ചെറുസൈന്യം മുശ്‌രിക്കുകളുടെ സര്‍വായുധ സജ്ജരായ വലിയ സൈന്യവുമായി പോരാടി ജയിച്ച ബദ്‌റിനെപ്പറ്റിയോ, ഉഹ്ദിലെ താല്‍ക്കാലിക പരാജയത്തിനുശേഷവും മദീനയെ തകര്‍ക്കാനാകാത്തവിധം മക്കന്‍സൈന്യത്തെ തിരിച്ചയക്കാന്‍ കഴിഞ്ഞതിനെപ്പറ്റിയോ സഖ്യകക്ഷികളെയെല്ലാം സംഘടിപ്പിച്ച് മദീനാരാജ്യത്തെ നിഷ്‌കാസനം ചെയ്യാന്‍ വന്നവര്‍ക്ക് ഖന്‍ദക്കിനുമുന്നില്‍വെച്ച് അസഹ്യമായ കാലാവസ്ഥാ വ്യതിയാനത്താല്‍ നാണംകെട്ടു തിരിച്ചുപോകേണ്ടി വന്ന അഹ്‌സാബ് വിജയത്തെപ്പറ്റിയോ തങ്ങളെ പുറത്താക്കിയവര്‍ക്കുമേല്‍ മുസ്‌ലിംകള്‍ നേടിയ അഭിമാനകരമായ ആധിപത്യമായ മക്കാവിജയത്തെപ്പറ്റിയോ അല്ല ‘യഥാര്‍ത്ഥ വിജയ’മെന്നും ‘പ്രത്യക്ഷവിജയ’മെന്നും അല്ലാഹു പറഞ്ഞിട്ടുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. ഹിജ്‌റ ആറാം വര്‍ഷം നടന്ന ഹുദൈബിയാ സന്ധി എങ്ങനെയാണ് വിജയമായിത്തീരുകയെന്ന് മനസ്സിലാക്കുന്നത് പുതിയ കാലത്തെ കലുഷിതമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് സ്വന്തം പാതയെന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ സഹായകമാവും. അധിനിവേശവും ആധിപത്യവുമാണ് വിജയമെന്ന് കരുതുന്നവര്‍ക്ക് പാഠവും പഠനവസ്തുവുമാണ് ഹുദൈബിയാ സന്ധിയിലെ വിജയം. അതാണ് യഥാര്‍ത്ഥ വിജയം; പ്രത്യക്ഷമായ വിജയം.
എന്താണ് ഹുദൈബിയയിലെ വിജയമെന്നറിയണമെങ്കില്‍ അതിലെത്തിയ മാര്‍ഗങ്ങളും അതിനുശേഷമുണ്ടായ സംഭവങ്ങളുമെന്താണെന്നു മനസ്സിലാക്കണം. അഹ്‌സാബ് യുദ്ധത്തിനുശേഷം ഏതാനും മാസങ്ങള്‍ക്കുശേഷമാണ് താനും അനുചരന്‍മാരും ഇഹ്‌റാമിന്റെ വസ്ത്രത്തില്‍ മക്കയില്‍ പ്രവേശിക്കുമെന്നും തീര്‍ത്ഥാടനം നിര്‍വഹിച്ചു തല മുണ്ഡനം ചെയ്യുമെന്നും പ്രവാചകന് (സ) സ്വപ്‌നദര്‍ശനമുണ്ടാകുന്നത്. ദൈവദൂതന്‍മാരുടെ സ്വപ്‌നദര്‍ശനം ദൈവികബോധനമായതിനാല്‍, തന്റെ സ്വപ്‌നം പ്രവാചകന്‍ (സ) അനുചരന്‍മാരുമായി പങ്കുവെക്കുകയും അവരെല്ലാവരും കൂടി തീര്‍ത്ഥാടനത്തിനൊരുങ്ങുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് സര്‍വായുധ സജ്ജരായി മദിനയെ ആക്രമിക്കാന്‍ വന്ന മക്കക്കാര്‍ക്കടുത്തേക്ക്, ഇഹ്‌റാമില്‍ കാര്യമായ ആയുധങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാന്‍ പ്രവാചകന്‍ (സ) ആവശ്യപ്പെട്ടപ്പോള്‍ അനുചരന്‍മാരൊന്നും തന്നെ സംശയം പ്രകടിപ്പിച്ചില്ല. പ്രവാചകസ്വപ്‌നം വഹ്‌യായതിനാല്‍ അതു സംഭവിക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. നിര്‍ദ്ദേശം പ്രവാചകന്റേതായതിനാല്‍ സമ്പൂര്‍ണമായ അനുസരണയല്ലാതെ അവര്‍ക്കുമുമ്പില്‍ മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. പൂര്‍ണമനസ്സോടെ ഇഹ്‌റാമിനു തയ്യാറായ സ്വഹാബിമാരൊന്നും തന്നെ നിരായുധരായ തങ്ങളെ ഖുറൈശികളും അഹ്‌സാബുകാരുംകൂടി ആക്രമിച്ചേക്കുമോയെന്ന ആശങ്ക പോലും പ്രകടിപ്പിച്ചില്ല. സ്വപ്‌നം അല്ലാഹുവില്‍ നിന്നുള്ളതും നിര്‍ദ്ദേശം പ്രവാചകന്റേതുമായതിനാല്‍ തന്നെ ചോദ്യം ചെയ്യാതെ അനുസരിക്കുവാന്‍ അവര്‍ സന്നദ്ധരായിരുന്നു. മദീനക്കടുത്ത മീക്വാത്ത് ആയ ദുല്‍ഹുലൈഫയില്‍ നിന്ന് ആയിരത്തിനാന്നൂറോളം സ്വഹാബിമാര്‍ ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. പുണ്യഗേഹത്തില്‍ പോയി ഉംറ നിര്‍വഹിച്ച് തങ്ങള്‍ തിരിച്ചു വരുമെന്ന തീവ്രമായ പ്രതീക്ഷ.
മക്കക്കടുത്ത ഹുദൈബിയയില്‍ തമ്പടിച്ച്, തങ്ങള്‍ ഉംറ നിര്‍വഹിക്കുവാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും ആരെയും ആക്രമിക്കാതെയും ശല്യപ്പെടുത്താതെയും തങ്ങള്‍ ഉംറ നിര്‍വഹിച്ചു മടങ്ങുമെന്നും അതിനു അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രവാചക പ്രതിനിധിയായി ഉഥ്മാനിനുബ്‌നു അഫ്ഫാനിനെ (റ) ഖുറൈശി പ്രമുഖര്‍ക്കടുത്തേക്ക് പറഞ്ഞയക്കുമ്പോഴും സ്വഹാബിമാര്‍ പൂര്‍ണ പ്രതീക്ഷയിലായിരുന്നു. പ്രവാചകസ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ച അവര്‍ പക്ഷേ കേട്ടത് പ്രവാചക പ്രതിനിധിയായ ഉഥ്മാനിനെ (റ) ഖുറൈശികള്‍ കൊന്നുകളഞ്ഞിരിക്കുന്നുവെന്ന വാര്‍ത്തയാണ്. ഉംറ നിര്‍വഹിക്കാനാകുമെന്ന തീവ്രപ്രതീക്ഷയുമായി ഇരുന്നൂറ് നാഴികദൂരം ദിവസങ്ങളെടുത്ത് യാത്ര ചെയ്‌തെത്തിയ പ്രവാചകാനുചരന്‍മാര്‍ക്ക് ഈ വാര്‍ത്തയുണ്ടാക്കിയ നിരാശ ചെറുതായിരുന്നില്ല. മക്കയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുക മാത്രമല്ല തങ്ങളിലൊരാള്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നുവെന്ന വാര്‍ത്ത വരികയും ചെയ്ത് തീവ്രപ്രതീക്ഷയില്‍ നിന്ന് തീവ്രനിരാശയിലേക്ക് അവര്‍ കൂപ്പുകുത്തിയപ്പോഴും അവര്‍ അല്ലാഹുവിനെയോ ദൈവദൂതനെയോ തള്ളിപ്പറഞ്ഞില്ല. നിരാശ സൃഷ്ടിക്കുന്ന സാധാരണ പ്രതികരണങ്ങളൊന്നും തന്നെ സ്വഹാബിമാരില്‍ നിന്നുണ്ടായില്ല. അവര്‍ എടുത്തുചാടുകയോ നബി(സ)യെ വിമര്‍ശിക്കുകയോ ചെയ്തില്ല. തീവ്രമായ നിരാശയുടെ കയത്തിലും അവര്‍ പ്രവാചകനിര്‍ദേശം കാത്തിരുന്നു. ഇനിയെന്തു ചെയ്യണമെന്ന് പ്രവാചകന്‍ (സ) പറയും; അത് അവര്‍ അനുസരിക്കുകയും ചെയ്യും.
തീവ്രപ്രതീക്ഷയില്‍ നിന്ന് തീവ്രനിരാശയിലേക്ക് എടുത്തെറിയപ്പെട്ട അനുചരന്‍മാരോട് പിന്നെ പ്രവാചകന്‍ (സ) ആവശ്യപ്പെടുന്നത് തീവ്രമായ ധൈര്യമാവശ്യമുള്ള ഒരു പ്രതിജ്ഞ ചെയ്യുവാനാണ്. ഉഥ്മാനിന്റെ (റ) ഘാതകരോട് പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞ ചെയ്യാനാവശ്യപ്പെടുന്നത് മൃഗബലിക്കുവേണ്ട ആയുധം മാത്രം കൈവശമുള്ള സ്വഹാബിമാരോടൊണ്.  ഏതാനും മാസങ്ങള്‍ക്കുമുമ്പ് മദീനയെ തകര്‍ക്കുവാനുദ്ദേശിച്ച് പടനയിച്ച പതിനായിരത്തോളമാളുകളുടെ കൈവശമുണ്ടായിരുന്ന ഉപയോഗിക്കാത്ത ആയുധങ്ങളെല്ലാം കൈവശമുള്ള മക്കക്കാരോട് നിരായുധരായ തങ്ങള്‍ എങ്ങനെ പോരാടുമെന്ന് സ്വഹാബിമാരൊന്നും തിരിച്ചു ചോദിച്ചില്ല. ഹുദൈബിയയിലെ മരച്ചുവട്ടില്‍വെച്ച് ഇഹ്‌റാം വസ്ത്രത്തില്‍ ഉഥ്മാന്റെ (റ) ഘാതകരോട് പ്രതികാരം ചെയ്യാന്‍ മരണം വരെ തങ്ങള്‍ പോരാടുമെന്ന് പ്രവാചകനോടൊപ്പം അവര്‍ ചെയ്ത ‘ബൈഅത്തുര്‍റിദ്‌വാന്‍’ എന്നറിയപ്പെടുന്ന പ്രതിജ്ഞ, ചരിത്രത്തില്‍ ഏറെയൊന്നും കാണാന്‍ കഴിയാത്ത തീവ്രമായ ധൈര്യത്തിന്റെ പ്രതീകമാണ്. സര്‍വായുധ സജ്ജരായി നില്‍ക്കുന്ന ശത്രുവിനോട് അവരുടെ രാജ്യത്തുചെന്ന് ആയുധങ്ങളൊന്നുമില്ലാതെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യുവാന്‍ ദൈവികബോധനത്തിന്റെ തണലില്‍ നില്‍ക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് ധൈര്യമുണ്ടാവുക!
ബൈഅത്തുര്‍ റിദ്‌വാനിന്റെ തീവ്രധൈര്യം മുറ്റിനില്‍ക്കുന്ന അന്തരീക്ഷത്തിലേക്കാണ് ഉഥ്മാന്‍ (റ) കൊല്ലപ്പെട്ടിട്ടില്ലെന്നും ഖുറൈശികള്‍ ചര്‍ച്ചക്ക് സന്നദ്ധരാണെന്നുമുള്ള വാര്‍ത്ത വരുന്നത്. ഖുറൈശി പ്രതിനിധികളുമായി സുഹൈലുബ്‌നു അംറും കൂട്ടരും പ്രവാചകനുമായി (സ) സന്ധിക്കു സന്നദ്ധരായി വരുന്നുണ്ടെന്ന് അറിഞ്ഞതോടെ സ്വഹാബിമാര്‍ വീണ്ടും പ്രതീക്ഷയിലായി. സമാധാനചിത്തരായി ഉംറ നിര്‍വഹിച്ച് തിരിച്ചുപോകാനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സ്വഹാബിമാര്‍ സന്ധി നിര്‍ദ്ദേശങ്ങള്‍ തികഞ്ഞ വെറുപ്പോടു കൂടിയാണ് കേട്ടത്. യുദ്ധമില്ലാത്ത പത്തു വര്‍ഷങ്ങള്‍ എന്ന ആദ്യത്തെ നിര്‍ദ്ദേശം മാത്രമാണ് നന്മയുള്ളതായി അവര്‍ക്കനുഭവപ്പെട്ടത്. മറ്റ് നിര്‍ദ്ദേശങ്ങളോടെല്ലാം അവര്‍ക്ക് തീവ്രമായ വെറുപ്പുമുണ്ടായി. ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കുശേഷം മക്കയില്‍ പ്രവേശിക്കാതെ ഇഹ്‌റാമില്‍ നിന്നു വിരമിച്ച് തങ്ങള്‍ തിരിച്ചുപോകണമെന്നതാണ് ഒരു നിര്‍ദ്ദേശം. ഇത്തവണ തിരിച്ചുപോയേ തീരൂ. അടുത്ത വര്‍ഷം വേണമെങ്കില്‍ തീര്‍ത്ഥാടനത്തിനു വരാം. പിന്നെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം തികഞ്ഞ അവജ്ഞയുളവാക്കുന്നതായിരുന്നു. ‘മക്കയില്‍ നിന്ന് ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ച് മദീനയില്‍ അഭയം തേടിയാല്‍ അവരെ അവിടെ സ്വീകരിക്കാതെ തിരിച്ചയക്കണം; മദീനയില്‍ നിന്ന് ഇസ്‌ലാം തിരസ്‌കരിച്ച് മക്കയിലേക്ക് വരുന്നവരെ സ്വീകരിക്കാന്‍ മക്കക്കാര്‍ക്ക് അവകാശമുണ്ട്’ എന്ന നിര്‍ദ്ദേശം അവയോടുള്ള വെറുപ്പിന്റെ പാരമ്യത്തിലേക്കാണ് നയിച്ചത്. പോരാടുവാനുള്ള തീവ്രമായ ധൈര്യത്തില്‍നിന്ന് സന്ധിനിര്‍ദ്ദേശങ്ങള്‍ ശ്രവിച്ച അതിതീവ്രമായ വെറുപ്പിലേക്ക് സ്വഹാബിമാര്‍ ആപതിച്ചപ്പോഴും അവര്‍ പ്രവാചകനെതിരെ ഒരക്ഷരവും ഉരിയാടിയില്ല. തീവ്രമായ വെറുപ്പിന്റെ അവസരത്തിലും നബി(സ)യെ അനുസരിച്ച് അദ്ദേഹത്തോടൊപ്പം സ്വഹാബിമാരെല്ലാം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് ചെയ്തത്.
മക്കക്കാര്‍ക്ക് അടിയുറവു പറഞ്ഞുകൊണ്ടുള്ള സന്ധി നിര്‍ദ്ദേശങ്ങളെല്ലാം പ്രവാചകന്‍ (സ) അംഗീകരിക്കുന്നത് കണ്ടപ്പോള്‍ സ്വഹാബിമാര്‍ക്ക് സങ്കടവും ദേഷ്യവുമുണ്ടായി. അല്ലാഹുവിന്റെ നാമങ്ങളായ റഹ്മാനും റഹീമും എഴുതുവാനോ ദൈവദൂതനായ മുഹമ്മദ് (സ) എന്നു രേഖപ്പെടുത്തുവാനോ ഖുറൈശികള്‍ സമ്മതിക്കാതിരുന്നപ്പോള്‍ തന്നെ അനുചരന്‍മാര്‍ക്ക് അരിശമുണ്ടായി. തങ്ങള്‍ക്കെല്ലാം വെറുപ്പുണ്ടാക്കുന്നതും തികച്ചും ഏകപക്ഷീയവും മക്കക്കാര്‍ക്ക് അടിയറവ് പറഞ്ഞ് പരാജയപ്പെട്ടതെന്ന് തോന്നിപ്പിക്കുന്നതുമായ സന്ധി നിര്‍ദ്ദേശങ്ങളെല്ലാം പ്രവാചകന്‍ (സ) സമ്മതിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് ദേഷ്യവും സങ്കടവുമുണ്ടായി. ഇസ്‌ലാം സ്വീകരിച്ചതിനാല്‍ ചങ്ങലയില്‍ ബന്ധിതനായി തടവിലായിരുന്ന അബൂ ജന്ദല്‍(റ) സംരക്ഷണമാവശ്യപ്പെട്ട് പ്രവാചകസന്നിധിയില്‍ വന്നപ്പോള്‍ സന്ധിനിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ ഖുറൈശികളുടെ പീഡനത്തിലേക്ക് തിരിച്ചയക്കുക കൂടിയായപ്പോള്‍ പ്രസ്തുത ദേഷ്യവും സങ്കടവും പതിന്മടങ്ങായി. പതിതമായ ഈ കരാര്‍ എന്തിനുവേണ്ടിയെന്ന് തുറന്നുചോദിച്ച ഉമറിന്റെ (റ) അഭിപ്രായം തന്നെയായിരുന്നു സ്വഹാബിമാര്‍ക്കെല്ലാം. തിവ്രമായ സങ്കടത്തിന്റെയും ദേഷ്യത്തിന്റെയും അന്ധതയില്‍ പ്രവാചകനെ (സ) അനുസരിക്കാന്‍ ഏതാനും നിമിഷത്തേക്ക് അവര്‍ക്ക് കഴിഞ്ഞില്ല. ഇഹ്‌റാമില്‍ നിന്നു വിരമിക്കുവാനും തല വടിക്കുവാനും പ്രവാചകന്‍ (സ) കല്‍പിച്ചപ്പോള്‍ അത് അനുസരിക്കാനാവാത്തവിധം ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും തീവ്രത അവരുടെ മനസ്സിനെ ബാധിച്ചിരുന്നു. തനിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകാറുള്ള തന്റെ സ്വഹാബിമാര്‍ തന്നെ അനുസരിക്കാത്തത് പ്രവാചകനെ (സ) ഖിന്നനാക്കി. പത്‌നീനിര്‍ദ്ദേശപ്രകാരം പ്രവാചകന്‍ (സ) തലമുണ്ഡനം ചെയ്യുകയും സ്വയം ഇഹ്‌റാമില്‍ നിന്ന് വിരമിക്കുകയും ചെയ്തതോടെ അനുസരണത്തിന്റെ അതുല്യമാതൃകയായ സ്വഹാബിമാര്‍ മുഴുവനും ഇഹ്‌റാമില്‍ നിന്നു വിരമിച്ചു. തീവ്രമായ സങ്കടത്തിന്റെയും ദേഷ്യത്തിന്റെയും അവസരത്തില്‍ പോലും പ്രവാചകനിര്‍ദ്ദേശം പാലിക്കാതിരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
ഇതാണ് വിജയം! പ്രത്യക്ഷമായ വിജയം! പ്രതീക്ഷയുടെയും നിരാശയുടെയും വെറുപ്പിന്റെയും ഇഷ്ടത്തിന്റെയും ധൈര്യത്തിന്റെയും സങ്കടത്തിന്റെയും ദേഷ്യത്തിന്റെയുമെല്ലാം തീവ്രാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും പ്രവാചകനിര്‍ദ്ദേശം പാലിക്കുന്ന സ്വഹാബി സഞ്ചയത്തെ സൃഷ്ടിക്കുവാന്‍ കഴിയുകയെന്ന വിജയം! പ്രസ്തുത വിജയം വഴിയാണ് പിന്നീടുള്ള സകലവിജയങ്ങളുമുണ്ടായത്. ഹുദൈബിയ സന്ധിയുടെ ശേഷമുള്ള സമാധാനത്തിന്റെ നാളുകളിലാണ് ഇസ്‌ലാം വളര്‍ന്നത്. മക്കാ വിജയത്തിനു കാരണമായത് ഹുദൈബിയയിലെ പ്രത്യക്ഷമായ വിജയം വഴിയാണ്. ഹുദൈബിയ സന്ധി വരെയുള്ള പത്തൊന്‍പത് വര്‍ഷങ്ങള്‍ക്കകം ഇസ്‌ലാമിക സമൂഹത്തിലുണ്ടായ വളര്‍ച്ചയുടെ പതിന്മടങ്ങായിരുന്നു സമാധാനകാലത്തെ വളര്‍ച്ച. ഹുദൈബിയയില്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്നത് ആയിരത്തിനാന്നൂറുപേര്‍! രണ്ടുവര്‍ഷം കഴിഞ്ഞ് മക്കാ വിജയസമയത്ത് ഇത് പതിനായിരം പേരായി! വീണ്ടും രണ്ടു വര്‍ഷം കഴിഞ്ഞ് ഹജ്ജത്തുല്‍ വിദാഇല്‍ ഇത് ഒന്നര ലക്ഷത്തോളമായി. സമാധാന കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴിയാണ് മനുഷ്യമനസ്സുകളുടെ മേല്‍ ഇസ്‌ലാം വിജയിച്ചത്. വൈകാരിക തീവ്രതകളുടെ വിരുദ്ധാവസ്ഥകളിലെല്ലാം, തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുന്നതിനു പകരം പ്രവാചകനിര്‍ദ്ദേശം പാലിക്കുവാനും അദ്ദേഹത്തെ പിന്‍പറ്റുവാനും സന്നദ്ധരായ സ്വഹാബിസഞ്ചയത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മനുഷ്യമനസ്സുകളുടെ മുകളിലുള്ള ആധിപത്യത്തിന് പ്രവാചകന് (സ) സാധിച്ചത്.
സങ്കടവും വെറുപ്പും ദേഷ്യവുമെല്ലാം തീവ്രതരമാക്കിത്തീര്‍ക്കുന്ന പുതിയ കാല അനുഭവങ്ങള്‍ക്കിടയില്‍ വൈകാരിക പ്രതികരണങ്ങള്‍ വഴി ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കുകയാണെങ്കില്‍ പരാജയം മാത്രമേയുണ്ടാകൂവെന്ന വലിയ പാഠം നല്‍കുന്നതാണ് ഹുദൈബിയ സന്ധി. ഏതുതരം വൈകാരിക തീവ്രതകളിലും മുസ്‌ലിംകള്‍ എങ്ങനെ സംയമനത്തോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്ന് പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മാര്‍ഗങ്ങള്‍ നാശത്തിന്റെ ഗര്‍ത്തങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സമാധാനപൂര്‍വമായ ആദര്‍ശ പ്രബോധനം നിര്‍വഹിക്കുകയാണ് ഏതവസ്ഥയിലും മുസ്‌ലിമിന്റെ ധര്‍മം. അതിനു പറ്റുന്ന രീതിയില്‍ നമ്മുടെ ശരീരത്തെയും മനസ്സിനെയും സജ്ജീകരിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. നമ്മുടെ ഇച്ഛകള്‍ക്കും താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും മേല്‍ പ്രവാചകജീവിതവും നിര്‍ദ്ദേശങ്ങളും ആധിപത്യം സ്ഥാപിക്കുന്നതു വഴിയാണ് നമുക്കെല്ലാം വിജയിക്കുവാന്‍ കഴിയുക. അതാണ്, അതുമാത്രമാണ് പ്രത്യക്ഷമായ വിജയം! പ്രത്യക്ഷ വിജയമെന്നു വിശേഷിപ്പിച്ചുകൊണ്ടു തുടങ്ങിയ ഹുദൈബിയയെക്കുറിച്ച് ക്വുര്‍ആന്‍ അധ്യായം നമുക്ക് നല്‍കുന്ന പ്രതീക്ഷയതാണ്.
”അല്ലാഹു അവന്റെ ദൂതന് സ്വപ്‌നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത് അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട് തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട് നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ് എന്ന സ്വപ്‌നം. എന്നാല്‍ നിങ്ങളറിയാത്തത് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ അതിന്ന് പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു. സന്‍മാര്‍ഗവും സത്യമതവുമായി തന്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി. മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.” (48: 27-29)

Leave a Reply

Your email address will not be published. Required fields are marked *