ഹിജ്‌റയും ദുര്‍വ്യാഖ്യാനങ്ങളും

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂരില്‍ നിന്നും ഐ.എസുമായി ബന്ധമാരോപിച്ച്് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. നാലു മാസങ്ങള്‍ക്ക് മുമ്പ് അവര്‍ സിറിയയിലേക്കു പോകാന്‍ ശ്രമിച്ചിരുന്നുവെന്നും അന്നുമുതലുള്ള നിരീക്ഷണങ്ങളാണ് അവരുടെ ഭീകരബന്ധം പുറത്തുകൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു. ഏകദേശം നൂറുപേരോളം ഇതിനോടകം ഇന്‍ഡ്യയില്‍നിന്നും ഐഎസ്.ഐ.എസില്‍ ചേരാനായി ഇറാഖിലേക്കോ സിറിയയിലേക്കോ പോയതായി ദേശീയ മാധ്യമങ്ങള്‍ സംശയിക്കുന്നുണ്ട്. കേരളത്തിലാകട്ടെ കാസര്‍കോഡ് നിന്നും പതിനേഴും പാലക്കാട്ട് നിന്നും നാലും മൊത്തത്തില്‍ ഇരുപത്തിയൊന്നുപേര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നും അതില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന എന്നും മാധ്യമങ്ങള്‍ പറയുന്നുണ്ട്.
വിഷയം നാടുവിടലോ ഒളിച്ചോട്ടമോ കാണാതാകലോ മതം മാറ്റമോ ഏതുമാകട്ടെ അത് ഇസ്‌ലാമുമായി ബന്ധിപ്പിച്ചാല്‍ ലഭിക്കുന്ന വിപണനമൂല്യം വളരെ വലുതാണെന്ന് അടുത്തിടെയായി മാധ്യമങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാമിലേക്ക് വന്നത് മാനസികമായ ഒളിച്ചോട്ടമാണെന്നും ഈ ‘ഓട്ടം’ അവസാനിക്കുന്നത് സിറിയയിലാകുമെന്നും നിരീക്ഷിച്ചവരും ധാരാളം. നാട്ടില്‍ നിന്നും ഒരു മുസ്‌ലിമിനെ കാണാതായാല്‍ അവന്‍ ഐ.എസില്‍ ചേര്‍ന്നെന്നും ഹിന്ദുവാണെങ്കില്‍ കാശിക്കു പോയതാണെന്നും ക്രിസ്ത്യാനിയാണെങ്കില്‍ ധ്യാനത്തിനു പോയതാണെന്നും കേരളീയര്‍ വിശ്വസിച്ചു പോകുന്നു. ഒരു മുസ്‌ലിം കുടുംബത്തെയെങ്ങാനും
കാണാതായാല്‍ പിന്നെ ചില്ലറ പുകിലൊന്നുമാകില്ല. നാട്ടില്‍ ആടുവളര്‍ത്തുന്ന സാധാരണ മുസ്‌ലിം, ഐ.എസില്‍ പോകാന്‍ പരിശീലനം നടത്തുകയാണ് എന്നും വിശ്വസിക്കുന്നവര്‍ കുറവല്ല.
ഇസ്‌ലാമിന്റെ തീവ്രമായ അവസ്ഥയാണ് ഈ പലായനത്തിന്, അഥവാ ഹിജ്‌റയ്ക്ക് പ്രേരിപ്പിക്കുന്നത് എന്നാണ് പലരും പറയുന്നത്. ഇസ്‌ലാമിനോടുള്ള താല്‍പര്യം കൂടിയതുകൊണ്ടല്ല മറിച്ച് ഇസ്‌ലാമല്ലാത്ത എന്തിലോ ഉന്മാദം വന്നതാണ് ഇതിനൊക്കെ കാരണം എന്ന് അല്‍പം ചിന്താശേഷിയുള്ളവക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. തീവ്രവാദം എന്നത് വിനാശകരമായ ഒരു സ്വതന്ത്ര മതമാണെന്നും അത് ഏതെങ്കിലും മതത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്നും എല്ലാ മതങ്ങളുടെയും ആത്മാവ് ശാന്തിയുടെയും സമാധാനത്തിന്റെയും അനിര്‍വചനീയതയാണെന്നും എത്രപേര്‍ മനസ്സിലാക്കുന്നു എന്നത് ഒരു ചോദ്യചിഹ്നമാണ്.
ഇസ്‌ലാം പഠിപ്പിച്ച ഹിജ്‌റ സ്വന്തം നാട് ഉപേക്ഷിച്ച് ഐ.എസില്‍ ചേരുന്നതാണ് എന്ന് മുസ്‌ലിംകള്‍ പോലും വിശ്വസിച്ചുപോവുകയാണ്. അത്ര വികലമായാണ് നമുക്കിടയില്‍ മാധ്യമങ്ങള്‍ ഹിജ്‌റയെ പരിചയപ്പെടുത്തിയിട്ടുള്ളത്. ക്വുര്‍ആന്‍ ഹിജ്‌റയെപ്പറ്റി പറയുന്നു: ”(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍
മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്റെ ‘ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ.” (4:97) സ്വദേശം വിട്ട് പോകാമായിരുന്നു അഥവാ ഹിജ്‌റ പോകാമായിരുന്നു എന്ന് അല്ലാഹു നരകവാസികളോട് പറയുകയാണ്. അല്ലാത്തപക്ഷം ഇതുപോലെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും.
എന്തിനാണ് ഹിജ്‌റ എന്ന കാര്യം ഈ വചനത്തില്‍നിന്നും സുവ്യക്തമാണ്. നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരാവുക എന്നതാണ് ഹിജ്‌റ പോകുവാനുള്ള പ്രഥമകാരണം. അപ്പോള്‍ ക്വുര്‍ആനിന്റെ അധ്യാപനങ്ങളിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്ന ഹിജ്‌റ സ്വന്തം ദേശത്ത് ആരാധനാസ്വാതന്ത്ര്യവും പ്രബോധനസ്വാതന്ത്ര്യവും ഇല്ലാത്ത സാഹചര്യം ഉടലെടുക്കുമ്പോഴാണ്.
ഇസ്‌ലാമിന്റെ ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയ ഹിജ്‌റകളെല്ലാം ഈ ഉദ്ദേശ്യത്തില്‍ തന്നെയായിരുന്നു. ഇബ്‌റാഹിം നബി(അ)യുടെ പലായനം തീകുണ്ഠത്തില്‍ നിന്നും രക്ഷപെട്ടശേഷമായിരുന്നു. ലൂത്വ് നബി(അ)യുടെ പലായനവും മൂസാ നബി(അ)യുടെ ദേശം വെടിഞ്ഞുള്ള യാത്രയും ഇതേ ഉദ്ദേശ്യത്തില്‍ തന്നെ. ബൈബിള്‍ വചനങ്ങളിലും ഈ പലായനങ്ങളുടെ കാരണം വ്യക്തമായി വായിക്കാവുന്നതാണ്.
കേരളത്തില്‍നിന്നു മാത്രമല്ല ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നും മുസ്‌ലിംകളോട് ഹിജ്‌റ ചെയ്ത് തങ്ങളോടൊപ്പം പോരാട്ടത്തില്‍ അണിചേരാന്‍ ഐ.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രവാചകജീവിതത്തിലെ ഹിജ്‌റകളുടെ ലക്ഷ്യം തന്നെ വളച്ചൊടിച്ചാണ് അവര്‍ ഈ ശ്രമം നടത്തിയിട്ടുള്ളത്. നബി (സ) മക്കയില്‍നിന്നും അനുയായികള്‍ക്കൊപ്പം ഹിജ്‌റ നടത്തിയത് മദീനയില്‍ ഭരണം സ്ഥാപിക്കാനായിരുന്നു എന്ന പുതിയ ആശയം കൊണ്ടുവന്നത് ഐ.എസ്.ഐസ് ആയിരുന്നില്ല. മതരാഷ്ട്രവാദത്തിന്റെ വക്താക്കള്‍ പ്രചരിപ്പിച്ച ഈ ആശയങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
നബി(സ)യുടെ ജീവചരിത്രത്തില്‍ ഒരിടത്തുപോലും അധികാരത്തിനായുള്ള വടംവലിയില്‍ പ്രവാചകന്‍ (സ) ഏര്‍പ്പെട്ടിരുന്നതായി കാണാന്‍ കഴിയില്ല. ഹിജ്‌റയുടെ ലക്ഷ്യം ഒരിക്കലും അധികാരനേതൃത്വം കൈക്കലാക്കുക എന്നതുമായിരുന്നില്ല. നബി (സ) തന്റെ അനുചരന്‍മാരെ അബിസീനിയയിലേക്ക് അയച്ചത് അവിടെ നജ്ജാശി രാജാവിനോട് യുദ്ധം ചെയ്ത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനല്ല. മറിച്ച് സ്വതന്ത്രമായ ഇസ്‌ലാമിക ജീവിതവും മതപ്രബോധനവുമായിരുന്നു ലക്ഷ്യം. അത് അനുവദിച്ച നജ്ജാശി ഭരണകൂടത്തിന്റെ വിനീതരായ പ്രജകളായി ആ രാജ്യത്തിന്റെ പൗരന്‍മാരായി എന്നാല്‍ മുസ്‌ലിംകളായി അവര്‍ ജീവിച്ചു.
ഇസ്‌ലാമികേതര ഭരണകൂടമാണെങ്കിലും മതസ്വാതന്ത്ര്യം ഉള്ളടത്തോളം അതാണ് ഓരോ മുസ്‌ലിമിന്റെയും രാജ്യമെന്നും അതിന്റെ അഭിവൃദ്ധിക്കും അഖണ്ഡതക്കും ഉതകുന്നതെന്തും ചെയ്യുക അവിടെയുള്ള മുസ്‌ലിംകളുടെ കൂടി ബാധ്യതയാണെന്നും നമ്മെ പഠിപ്പിക്കുകയാണ് നജ്ജാശി ഭരണത്തിനുകീഴിലെ മുസ്‌ലിംകളുടെ ജീവിതം.
മക്കയിലെ കൊടിയ മര്‍ദ്ദകര്‍ തന്നെയാണ് മദീനയിലേക്കുള്ള പ്രവാചകഹിജ്‌റയുടെ കാരണം. നബി (സ) ഹിജ്‌റ പോകുന്നതിന് മുമ്പ് മക്കയുടെ മണല്‍തരികളില്‍ ഒരു പിടിവാരി നെഞ്ചോടുചേര്‍ത്ത് ഇപ്രകാരം പറഞ്ഞു: ”എനിക്ക് എത്ര ഇഷ്ടമുള്ള നല്ല രാജ്യമാണ് നീ! എന്റെ ജനത എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ നിന്നിലല്ലാതെ മറ്റൊരിടത്തും ഞാന്‍ താമസിക്കില്ലായിരുന്നു.” കണ്ണീരോടുകൂടിയുള്ള നബി(സ)യുടെ ഈ വാക്കുകള്‍ മതിയാകും ഹിജ്‌റയുടെ യഥാര്‍ത്ഥ കാരണം എന്ത് എന്നു വ്യക്തമാക്കാന്‍.
നബി(സ)യുടെ സംരക്ഷകരായിരുന്ന പ്രിയപത്‌നി ഖദീജ(റ)യും പിതൃവ്യന്‍ അബൂത്വാലിബും മരണപ്പെട്ടു. ത്വാഇഫിലെ മാതാവിന്റെ ഗോത്രക്കാര്‍ അധിക്ഷേപിച്ച്, ആക്രമിച്ച് ഓടിച്ചു. മക്കയിലെ നല്ല മനുഷ്യരെ നബി(സ)ക്ക് സംരക്ഷണം കൊടുക്കരുതെന്ന് ഖുറൈശി പ്രമുഖര്‍ ഭീഷണിപ്പെടുത്തി. ഒരു സംരംക്ഷണം അനിവാര്യമായ ഘട്ടത്തിലാണ് ധാരാളം ആളുകള്‍ മിസ്അബ് ഇബ്‌നു ഉമൈര്‍ എന്ന സ്വഹാബിയുടെ പ്രബോധനത്താല്‍ മുസ്‌ലിംകളായ യഥ്‌രിബിലേക്കുള്ള ഹിജ്‌റയുടെ ആലോചനകള്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് നബി(സ)യെ സംരക്ഷിച്ചുകൊള്ളാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മദീനയിലെത്തുന്നത്. ബുആസ് യുദ്ധത്തിനുശേഷം അധികാരകേന്ദ്രീകരണമില്ലാതെ വിഘടിതരായ ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ക്ക് ഇസ്‌ലാം രക്ഷയായിരുന്നു. നബി (സ) അങ്ങനെ അവരുടെ ഭരണനേതൃത്വം ഏറ്റെടുക്കുകയാണ്. അല്ലാതെ ഒരു രക്തച്ചൊരിച്ചിലിലൂടെയോ യുദ്ധസമ്മര്‍ദ്ധത്തിലൂടെയോ അല്ല അധികാരത്തില്‍ എത്തിയത്.
ഹിജ്‌റയെ തെറ്റായി മനസ്സിലാക്കുന്ന ചിലയാളുകള്‍ ഇന്ന് പറയുന്നത് അനിസ്‌ലാമിക രാജ്യത്തെ മുസ്‌ലിമിന്റെ ജീവിതം സുരക്ഷിതമല്ലെന്നും അവിടെ തിന്മകളുടെ കേന്ദ്രങ്ങളാണെന്നും അതിനാല്‍ ഈ രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ച് ഇസ്‌ലാമിക രാജ്യത്തേക്കെത്തുകയാണ് ആദ്യം വേണ്ടതെന്നും ആണ് ഇസ്‌ലാമികേതര ഭരണകൂടം അല്ലാഹുവിന് വിരുദ്ധരായവരാണെന്നും അവരെ അനുസരിക്കുന്നതും അവരുടെ കീഴില്‍ ജോലി നോക്കുന്നതും കൊടിയ പാപമാണെന്നും പറഞ്ഞു. ഈ ആശയങ്ങള്‍ കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമായി ഒടുവില്‍ ഇസ്‌ലാമികേതര രാജ്യത്തുനിന്നും ഇസ്‌ലാമിക രാജ്യത്തേക്കുള്ള പലായനത്തിലേക്കെത്തി.
ഹിജ്‌റ പോകുന്ന രാജ്യങ്ങളായ സിറിയയും ഇറാഖും എത്രമാത്രം ഇസ്‌ലാമികമാണ് എന്നത് മറ്റൊരു ചോദ്യമാണ്. മുസ്‌ലിം ഭരണാധികാരത്തിന്റെ കീഴിലാണെങ്കിലും ഇസ്‌ലാമിക സംസ്‌കാരം പാശ്ചാത്യര്‍ക്ക് തീറെഴുതി കൊടുത്ത ആഭാസജീവിതം നയിക്കുന്ന ‘തിരിച്ചറിയല്‍ രേഖാ’ മുസ്‌ലിംകളുടെ അടുത്തേക്കാണിവരില്‍ ചിലരുടെ ഹിജ്‌റ. മറ്റുചിലര്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി വിജനപ്രദേശങ്ങളില്‍ ആടുമേയ്ക്കാന്‍ പോകുന്നു. അവിടെ പര്‍ണശാലകള്‍ കെട്ടി പുസ്തകങ്ങള്‍ക്ക് മുന്നില്‍ തപസ്സിരിക്കുന്നു. അബിസീനിയയിലേക്കുള്ള ഹിജ്‌റയില്‍ പങ്കെടുത്തവര്‍ നബി (സ) മദീനയില്‍ ഇസ്‌ലാമിക ഭരണം തുടങ്ങിയതിനും ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് മടങ്ങിയെത്തിയത്. അവരോട് നബി (സ) പറഞ്ഞത് നിങ്ങള്‍ക്ക് രണ്ട് ഹിജ്‌റയുടെ പ്രതിഫലം ഉണ്ട് എന്നാണ് (ഇബ്‌നുമാജ:3932). ഇസ്‌ലാമിക രാജ്യത്തെ ജീവിതമായിരുന്നു അഭികാമ്യമെങ്കില്‍ ഈ ഏഴു വര്‍ഷം ഇസ്‌ലാമികേതര ഭരണ പ്രദേശത്ത് ജീവിക്കാന്‍ സ്വഹാബിമാര്‍ തയ്യാറാകുമായിരുന്നില്ല. അവര്‍ക്ക് രണ്ട് ഹിജ്‌റയുടെ പ്രതിഫലവും ലഭിക്കുമായിരുന്നില്ല. ഹിജ്‌റക്ക് പുതിയ തലങ്ങള്‍ കണ്ടെത്തി അതിനെ വികലമാക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമികചരിത്രത്തെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.
ഹിജ്‌റയുടെ വക്താക്കള്‍ പറയുന്ന മറ്റൊരു കാര്യമാണ് ഇന്‍ഡ്യയില്‍ മുസ്‌ലിമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന്. അതിനാല്‍ എത്രയും വേഗം സമാധാനമുള്ള മറ്റുരാജ്യങ്ങള്‍ തേടി പോകണം എന്നുള്ളത്. ഇന്‍ഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നത് ശരിയാണ്. പക്ഷേ ഇന്‍ഡ്യയെക്കാളേറെ ഒരു മുസ്‌ലിമിന് സുരക്ഷിതമായ മറ്റ് രാജ്യം ഏതാണ് എന്ന ചോദ്യത്തിന് ഈ പലായനക്കാര്‍ മറുപടി പറയേണ്ടതുണ്ട്.വെടിയൊച്ചകളും ബോംബ് സ്‌ഫോടനങ്ങളും ഉറക്കം കെടുത്തുന്ന, ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന, പട്ടിണിയുടെയും പകര്‍ച്ചവ്യാധികളുടെയും അന്തരീക്ഷത്താല്‍ കലുഷിതമായ സിറിയ ഇന്‍ഡ്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥലമാണെന്നോ? മുസ്‌ലിംകളുടേതെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും എന്താണ് അവസ്ഥ? പട്ടിണി പാവങ്ങളുടെ നാടായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും അസ്വസ്ഥതയുടെ കേന്ദ്രങ്ങളാണെന്ന യാഥാര്‍ത്ഥ്യം മറക്കാന്‍ നമുക്ക് കഴിയുമോ? ഒരു മുസ്‌ലിമിന് അവന്റെ മതമനുസരിച്ച് ജീവിക്കാനും അത് പ്രബോധനം ചെയ്യാനും
‘സ്വര്‍ഗ സമാനമായ’ സ്വാതന്ത്ര്യം ലോകത്തിന്റെ ഏതുകോണിലാണ് ലഭിക്കുക?
രാജ്യത്ത് വിഭാഗീയമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിച്ചോടുന്നതിനുപകരം നിയമം അനുശാസിക്കുന്ന രീതിയില്‍ സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കാനാണ് മുസ്‌ലിം നേതാക്കള്‍ നമ്മെ പഠിപ്പിച്ചത്. ഇന്‍ഡ്യയെ ബ്രിട്ടീഷുകാരില്‍നിന്നും മോചിപ്പിക്കാന്‍ വേണ്ടി പോരാടിയ ധാരാളം മുസ്‌ലിംകള്‍ ഉണ്ട്. ഇന്‍ഡ്യയുടെ രാഷ്ട്രീയത്തിലിടപെടുകയും നല്ല നേതാക്കളെ ഭരണസിരാകേന്ദ്രങ്ങളിലെത്തിക്കുകയും അതുവഴി രാജ്യത്തെ ഓരോ പൗ
രന്റെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ഓരോ മുസ്‌ലിമിന്റെയും ഉത്തരവാദിത്തം.
എന്തെങ്കിലും പേരുപറഞ്ഞ് നാടുവിടുകയല്ല, മറിച്ച് വരുംതലമുറക്കുവേണ്ടി സമാധാനപരമായി ജീവിക്കുവാനുള്ള സാഹചര്യം നമ്മുടെ രാജ്യത്ത് സൃഷ്ടിക്കുകയാണ് മുസ്‌ലിംകള്‍  ചെയ്യേണ്ടത്. ഇതരമതസ്ഥര്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താതെ നല്ലൊരു സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും അതിന്റെ സൗന്ദര്യത്തെയും പ്രായോഗികമാക്കുന്ന സാഹചര്യംസൃഷ്ടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *