സ്ത്രീ സംരക്ഷണം നിര്‍വഹണത്തില്‍ പിഴവു സംഭവിച്ചതെവിടെയാണ്?

സ്ത്രീ പീഡനങ്ങളെ കുറിച്ച വാര്‍ത്തകളില്ലാതെ നേരം പുലരുന്നത് സ്വപ്‌നം കണ്ടുകൊണ്ടാണ് ഇന്ന് മലയാളികള്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. നാടും നഗരവും മുതിര്‍ന്നവരും ചെറുപ്പക്കാരുമെല്ലാം സ്ത്രീത്വത്തെ കളങ്കപ്പെടുത്തുവാനുള്ള വേദിയാകുന്നത് സംസ്‌കാരബോധമുള്ള ഓരോ മനസ്സിനെയും അക്ഷരാര്‍ഥത്തില്‍ വേദനിപ്പിക്കുന്നതാണ്. സ്ത്രീ പീഢനത്തെ പോലെതന്നെ സ്ത്രീ സംരക്ഷണത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍ ഇവ രണ്ടും തമ്മിലുള്ള അനുപാതം (Ratio) എങ്ങിനെയാണ് ഫലത്തില്‍ വലിയ ഐറണിയായിത്തീര്‍ന്നത്?
സ്ത്രീ സംരക്ഷണം തുടങ്ങേണ്ടതെവിടെ നിന്നാണ്?
ഓരോ ജീവികള്‍ക്കും നാം സംരക്ഷണം നല്‍കേണ്ടത് അവയുടെ ശാരീരികവും മാനസികവുമായ  ഘടനയും കഴിവും പ്രത്യേകതകളും മനസ്സിലാക്കിക്കൊണ്ടായിരിക്കണം. അവയുടെ ശരീര പ്രകൃതിക്ക് യോജിക്കാത്തവിധത്തില്‍ ഏത് സംരക്ഷണ ഫോര്‍മുലയുണ്ടാക്കിയാലും അതെല്ലാം പരാജയപ്പെടുകയാണ് ചെയ്യുക എന്നത് കാലഘട്ടം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ത്രീ സംരക്ഷണമാരംഭിക്കേണ്ടതും അടിസ്ഥാനപരമായ ഈ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. സ്ത്രീയുടെ ശാരീരികവും മാനസികവുമായ പ്രകൃതിയുടെ തേട്ടമെന്താണോ അതിനെ അന്വര്‍ഥമാക്കുന്ന നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മാത്രമാണ് ഈ വിഷയത്തില്‍ കൃത്യമായി വഴികാണിക്കുവാന്‍ സാധിക്കുകയുള്ളൂ.
സ്ത്രീ സംരക്ഷണവാദവുമായി രംഗത്തുവരുന്നവരെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീകളെ എല്ലാവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുംവിധം പൊതുവസ്തുവാക്കി മാറ്റുവാനാണ്. അവളുടെ ശരീരവും താല്‍പര്യങ്ങളും അവള്‍ ആഗ്രഹിക്കുന്നതുപോലെ ഉപയോഗപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യത്തിന്റെ വാചകങ്ങളാണ് അവരുടെ വിശദീകരങ്ങളില്‍ നിഴലിച്ചുനില്‍ക്കുന്നത്. ഒരുസ്ത്രീ അവളുടെ ആഗ്രഹപ്രകാരം അവളുടെ ശരീരഭാഗങ്ങള്‍ മറച്ചാല്‍പോലും അവരുടെ ഭാഷയിലത് സ്ത്രീത്വത്തോട് കാണിക്കുന്ന വലിയ അപരാധമാണ്. നിയമങ്ങളുടെ കാര്യത്തിലാണെങ്കില്‍, സ്ത്രീ പുരുഷ നിയമങ്ങളിലെ സമത്വ(Equality)മെന്ന ആശയം വഴി സ്ത്രീകള്‍ക്കുമേല്‍ വലിയ ബാധ്യതയാണവര്‍ ചുമത്തുന്നത്. ആരാണ് സ്ത്രീ എന്ന അന്വേഷണത്തില്‍ നിന്നാണ് ഈവിഷയത്തിലുള്ള പഠനങ്ങള്‍ ആരംഭിക്കേണ്ടത്.
അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ വലിയ പ്രത്യേകതയായി ഇസ്‌ലാം വിശദീകരിക്കുന്ന ഒന്ന് ഈ പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളെയും ഇണകളായി സൃഷ്ടിച്ചു എന്നതാണ്. പ്രപഞ്ചത്തിന്റെ നിലനില്‍പുതന്നെ ഇണകളുടെ പാരസ്പര്യത്തെ ആശ്രയിച്ചുകൊണ്ടാണ്. വിശുദ്ധഖുര്‍ആന്‍ പറയുന്നത് കാണുക. ‘ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!’ (ഖുര്‍ആന്‍ 36:36).
ഈ ഇണകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീയും പുരുഷനും. അവരുടെ പാരസ്പര്യത്തിലാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. സ്ത്രീ – പുരുഷ ബന്ധത്തിലെ ഒരുമിച്ചുകൂടലാണ് അവരിലെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടം. ഇണകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈ സ്‌നേഹവും കാരുണ്യവുമെല്ലാം വലിയ ദൃഷ്ടാന്തങ്ങളാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'(30:21).
സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഒരേ ആത്മാവില്‍ നിന്നാണെന്നും അവ രണ്ടും അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണെന്നും പരിശുദ്ധഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. ‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പനിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും ( നിങ്ങള്‍ സൂക്ഷിക്കുക. ) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു'(4:1).
‘ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു ( ഗര്‍ഭം ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും'(7:189).
ഒരേ ആത്മാവില്‍ നിന്നാണ് സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നതോടൊപ്പം തന്നെ മതപരമായ നിയമങ്ങള്‍ പിന്തുടരാനുള്ള ബാധ്യത സ്ത്രീക്കും പുരുഷനും തുല്യമാണെന്നും വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സ്ത്രീക്ക് ആരാധനകളില്‍ നിന്നും വിലക്കേര്‍പെടുത്തുകയും ആരാധനകള്‍ പുരുഷ വ്യവസ്ഥിതികള്‍ക്കനുസൃതമാവുകയും ചെയ്യുന്ന രീതി പരിശുദ്ധ ഇസ്‌ലാമിന് അന്യമാണെന്നുമാണ് ഖുര്‍ആനികവചനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നത്. ‘അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്’ (ഖുര്‍ആന്‍ 3:195).
മതപരമായ കര്‍മങ്ങള്‍ നിര്‍വഹിക്കുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ പ്രസ്തുത കര്‍മങ്ങള്‍ നിര്‍വഹിക്കുക വഴി മരണാനന്തരജീവിതത്തില്‍ ലഭിക്കുന്ന പുണ്യവും സ്ത്രീക്കും പുരുഷനും തുല്യമായിരിക്കുമെന്നും വിശുദ്ധഖുര്‍ആന്‍ അറിയിക്കുന്നു. ‘ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല’ (4:124).
സൃഷ്ടിപ്പിലും ആരാധനകള്‍ നിര്‍വഹിക്കുന്നതിലും അതുമുഖേന ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിലുമുള്ള തുല്യത അംഗീകരിക്കുന്നതോടൊപ്പംതന്നെ സ്ത്രീകളിലെ ശാരീരിക പ്രകൃതിയിലും മാനസിക നിലവാരത്തിലുമുള്ള മാറ്റങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. തലച്ചോറിന്റെ വലിപ്പം മുതല്‍ കേള്‍വിയിലും കാഴ്ചയിലും കാര്യങ്ങളെ അപഗ്രഥിച്ച് മനസ്സിലാക്കുന്നതിലുമെല്ലാം സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്നത് ആധുനിക ശാസ്ത്രം വിലയിരുത്തിയ കാര്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീയുടെ ശാരീരിക പ്രകൃതിയുടെ തേട്ടമനുസരിച്ചുള്ള സംരക്ഷണമാണ് നാമവര്‍ക്ക് നല്‍കേണ്ടത്.
സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും ലഭിക്കേണ്ടതായ അവകാശങ്ങളെ വകവെച്ചുകൊടുക്കുവാന്‍ നമുക്ക് സാധിക്കുകയാണെങ്കില്‍ പൂര്‍ണാര്‍ഥത്തില്‍ തന്നെ അവളെ നാം സംരക്ഷിച്ചു എന്ന് പറയുവാന്‍ സാധിക്കും. ആധുനിക കാലത്ത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ടതായ അവകാശങ്ങളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം.
1. ജനിക്കുവാനുള്ള അവകാശം.
ലോകത്ത് ഇന്ന് ഓരോ വര്‍ഷവും 42 ദശലക്ഷം ഭ്രൂണഹത്യകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭ്രൂണഹത്യവഴി ഓരോ വര്‍ഷവും 70000 സ്ത്രീകളാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. ഭ്രൂണഹത്യക്ക് ഇരയാകുന്നതധികവും പെണ്‍ഭ്രൂണങ്ങളാണെന്നുള്ളത് സ്ത്രീകളടക്കമുള്ളവര്‍ക്ക് സ്ത്രീത്വത്തോടുള്ള സമീപനത്തെയാണ് തുറന്നു കാണിക്കുന്നത്. ഒന്നുറക്കെ കരയാന്‍ പോലും സാധിക്കാതെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ ഛിന്നഭിന്നമാകുന്ന പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടികള്‍ സമൂഹേത്താട് ചെയ്ത പാതകമെന്താണ്?
അറേബ്യയുടെ ഇരുണ്ടകാലഘട്ടത്തില്‍ ചില പ്രാകൃത ഗോത്രങ്ങള്‍ക്കിടയില്‍ മാനവിക വിരുദ്ധമായ ഇത്തരം സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. അവയെ വിമര്‍ശിച്ചുകൊണ്ട് വിശുദ്ധഖുര്‍ആന്‍ സംസാരിക്കുന്നതിപ്രകാരമാണ്. ‘അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!(16:59), (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് (81:9).
അവനവന്റെ സുഖജീവിതത്തിന് തടസ്സമാകാതിരിക്കുന്നതിനുവേണ്ടിയാണ് പലപ്പോഴും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതിന്റെ പുതിയ പതിപ്പായ ഭ്രൂണഹത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യാ വര്‍ധനവിലൂടെ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും വര്‍ധിക്കുമെന്നും അതിനാല്‍ ദുഖങ്ങളില്ലാത്ത ജീവിതത്തിനുവേണ്ടിയാണ് ഈരീതി സ്വീകരിക്കുന്നതെന്നും വിശദീകരണം നല്‍കുന്നവര്‍ പക്ഷേ, അവര്‍ക്കുള്ള ഉപജീവനത്തിന്റെ വിഷയത്തില്‍ പോലും ഉറപ്പുനല്‍കാന്‍ കഴിയാത്തവരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. (ഖുര്‍ആന്‍ 17:31)
( നബിയേ, ) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കേചര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്.
നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ ( അല്ലാഹു ) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത് (ഖുര്‍ആന്‍ 6:151).
2. ജീവിക്കുവാനുള്ള അവകാശം.
സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. തെരുവുകളും കായലുകളും വാഹനങ്ങളുമെല്ലാം സ്ത്രീകളുടെ മൃതശരീര വാഹിനികളാവുന്നത് നിരന്തരം വാര്‍ത്തയായിക്കൊണ്ടിരിക്കുകയാണ്. സ്വന്തമായി അധ്വാനിച്ചെങ്കിലും ജീവിക്കുവാനുള്ള സ്വാതന്ത്ര്യം എന്തുകൊണ്ടാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്?
തങ്ങളുടെ ശരീരം പുരുഷന്‍മാരെ ആകര്‍ഷിപ്പിക്കും വിധം അലങ്കരിക്കുന്നവരാണ് ഇന്ന് സ്ത്രീകളിലധികവും. അതിനനുയോജ്യമായ വിധത്തില്‍ മുതലാളിത്തം അവര്‍ക്കായി വസ്ത്രങ്ങളുണ്ടാക്കുകയും പ്രസ്തുത വസ്ത്രങ്ങളെ കുലീനതയുടെ അടയാളമായി വ്യാപകവല്‍ക്കരിക്കുകയും ചെയ്തുപോരുന്നു. സ്ത്രീ തന്റെ ശരീര പ്രദര്‍ശനത്തിലൂടെ പുരുഷന്‍മാരെ ആകര്‍ഷിപ്പിക്കുകവഴി അവരില്‍ ലൈംഗികമായ ഉത്തേജനങ്ങളുണ്ടാവുകയും വികാരശമനത്തിനുവേണ്ടി അവന്‍ ഏതുമാര്‍ഗവും സ്വീകരിക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നു. അത്തരം ശ്രമങ്ങള്‍ ബലാല്‍ക്കാരമായി മാറുമ്പോള്‍ അതിന്റെ ഫലമായി കൊലപാതകങ്ങള്‍വരെ സംഭവിക്കുന്നു. ഇത്തരം അനിഷേധ്യമായ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് തങ്ങളുടെ സാമ്പത്തികമായ താല്‍പര്യങ്ങള്‍ക്കായി സ്ത്രീകളെ തെരുവിലിറക്കുന്നവരെ നാം തിരിച്ചറിയേണ്ടതുണ്ട്.
ലൈംഗികജീവിതത്തിന് പരിപക്വത കല്‍പ്പിക്കുന്ന കേരളീയ സമൂഹത്തില്‍ നിന്നും കുടുംബജീവിതത്തെ അന്യവല്‍ക്കരിച്ചുകൊണ്ട് ഉദാരലൈംഗികതയുടെ വാക്താക്കളാക്കിമാറ്റുവാനുള്ള തീവ്രയത്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പരപുരുഷന്‍മാരുമായി കിടപ്പറപങ്കിടുന്നത് തറവാടിത്തമാക്കിമാറ്റിയാല്‍ കേരളത്തെ തായ്‌ലാന്റാക്കിമാറ്റാമെന്നാണവര്‍ വ്യാമോഹിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് സാംസ്‌കാരിക കേരളത്തില്‍ ചുംബന സമരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ചുംബനസമരം നടന്ന സമയത്തെല്ലാം അതിനെ ന്യായീകരിക്കുകയും അതിനുവേണ്ടി പേജുകള്‍ നിരത്തുകയും ചെയ്ത സംസ്‌കാരബോധത്തെ ജീവിതശൈലിയായി സ്വീകരിച്ച  ‘പ്രബുദ്ധ’രുണ്ടായിരുന്നു. മക്കളെകുറിച്ച സാമാന്യബോധമുള്ള മാതാപിതാക്കളാരും ഒരിക്കലും ഇഷ്ടപ്പെടാത്ത ഇത്തരം നീചവൃത്തികളെ വെള്ളപൂശുകവഴി ഏത് ‘സംസ്‌കാരസമ്പന്നത’യാണ് അവര്‍ കേരളത്തിലേക്ക് ഇറക്കുമതിചെയ്യാന്‍ ശ്രമിക്കുന്നത്? പ്രസ്തുത ലൈംഗികജീവിത ‘സ്വാതന്ത്യം’വഴി ഏത് രൂപത്തിലാണ് അവര്‍ സ്ത്രീകളെ സംരക്ഷിക്കാനുദ്ദേശിക്കുന്നത്? അവര്‍ വളര്‍ത്തിയെടുക്കുന്ന ഈ സംസ്‌ക്കാരത്തിന്റെ ഫലമായി ഹോമിക്കപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ക്ക് ആരാണ് ഉത്തരവാദികളാവുക?
തന്റെ ശരീരത്തെ ഭര്‍ത്താവിനുമുന്നില്‍ മാത്രം പ്രദര്‍ശിപ്പിക്കുവാനുള്ള അനുവാദമാണ് ഒരു സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്നത്. തന്റെ ശരീരത്തെ ലൈംഗികമായി ഉപയോഗിക്കേണ്ടതും ആസ്വദിക്കേണ്ടതും അയാള്‍ മാത്രമായിരിക്കണം. കാമക്കണ്ണുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും വിധമുള്ള വസ്ത്രങ്ങളാണ് അവള്‍ ധരിക്കേണ്ടത്. പുരുഷനാകട്ടെ, തന്റെ ഇണയിലൂടെയല്ലാതെ ലൈംഗികമായി പ്രചോദിപ്പിക്കുന്ന ഒന്നിലേക്കും അടുക്കുവാനും പാടില്ല. ഈ നിയമങ്ങള്‍ അനുസരിക്കുകവഴി ഒരു പരിധിവരെ സ്ത്രീത്വത്തെ സംരക്ഷിക്കുവാന്‍ നമുക്കുസാധിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതെത്ര ശരി! ‘നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു’ (17:32).
3. സ്വത്തവകാശം.
സ്വത്ത് സമ്പാദിക്കുവാനും അത് സൂക്ഷിക്കുവാനുമുള്ള അവകാശം ഒരു സ്ത്രീക്ക് ലഭിക്കുന്നതോടുകൂടി സാമ്പത്തികമായ സംരക്ഷണം അവള്‍ക്ക് ലഭിക്കുകയാണ്. അവളുടെതായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനും തന്റെ താല്‍പര്യപ്രകാരം കുടുംബത്തെ പരിരക്ഷിക്കുവാനുമെല്ലാം അതിലൂടെ അവള്‍ക്ക് സാധിക്കുന്നു. അത് പക്ഷെ അവളുടെമേല്‍ കൂടുതല്‍ ബാധ്യതകള്‍ ചുമത്തുന്ന ഒന്നാകുവാന്‍ പാടില്ല.
ഇസ്‌ലാം സ്ത്രീകള്‍ക്ക് പുരുഷനെ പോലെതന്നെ സ്വത്ത് സമ്പാദിക്കുവാനുള്ള അകാശം നല്‍കുന്നതോടൊപ്പം(പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുേവാട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ഖുര്‍ആന്‍ 4:32) യാതൊരുവിധത്തിലുള്ള ബാധ്യതകളും ചുമത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. വിവാഹസമയത്തുപോലും പുരുഷന്‍ സ്ത്രീക്കാണ് മഹര്‍ (വിവാഹമൂല്യം) നല്‍കേണ്ടത്. ഖുര്‍ആന്‍ പറയുന്നത് കാണുക. ‘സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക’ (4:4).
4. അനന്തരാവകാശം.
ഭര്‍ത്താവോ പിതാവോ മക്കളോ മരണപ്പെടുകവഴി പലപ്പോഴും സ്ത്രീകള്‍ ജീവിതപ്രയാണത്തില്‍ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്. തുടര്‍ന്നുള്ള അവളുടെ ജീവിതത്തില്‍ ചിലപ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. അതില്‍ നിന്ന് ഒരു പരിധിവരെയുള്ള സംരക്ഷണമാണ് യഥാര്‍ഥത്തില്‍ അനന്തിരസ്വത്ത് ലഭിക്കുക എന്നത്. വനിതകള്‍ക്ക് അനന്തിരസ്വത്തില്‍ അവകാശമുണ്ടെന്ന നിയമം യൂറോപ്പില്‍ പോലും നിലവില്‍ വന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണ്. എന്നാല്‍ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ അനന്തരാവകാശത്തെ കുറിച്ച് പറഞ്ഞത് ഇന്നും പ്രോജ്വലമായി നിലനില്‍ക്കുകയാണ്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു. (4:7).
സ്ത്രീയുടെ ശരീരപ്രകൃതിയെ സംവിധാനിച്ച സ്രഷ്ടാവ് അവതരിപ്പിച്ച വേദഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍ എന്നതുകൊണ്ട് തന്നെ ഖുര്‍ആനിലും അതിന്റെ വിശദീകരണമായ സുന്നത്തിലും സ്ത്രീകള്‍ക്ക് നല്‍കേണ്ടതായ ഒട്ടേറെ അവകാശങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. പ്രസ്തുത അവകാശങ്ങള്‍ അവര്‍ക്ക് അനുവദിച്ചുകൊണ്ട് സ്ത്രീത്വത്തെ കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കുന്ന സ്ത്രീ – പുരുഷന്‍മാരില്‍ നിന്ന് അവളെ സംരക്ഷിക്കലാണ് പീഡനരഹിത കേരളത്തെ സൃഷ്ടിക്കുവാനുള്ള പോംവഴി.

Leave a Reply

Your email address will not be published. Required fields are marked *