സസ്യാഹാര ദേശീയത സദാചാരം തീവ്രവാദം

മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി ഔദ്യോഗിക വക്താക്കളില്‍ ഒരാളുമായ ഷാനവാസ് ഹുസൈന്‍ ഒരു ഈദ് ദിനത്തില്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിട്ട ഈദ് മുബാറക് സന്ദേശത്തോട് സ്വന്തം പാര്‍ട്ടി അനുഭാവികള്‍ പ്രതികരിച്ചതു വളരെ രൂക്ഷമായിട്ടായിരുന്നു. പാവപ്പെട്ട മൃഗങ്ങളെ കൊന്നു തിന്നുന്ന ഇത്തരം ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്നും, ഈദ് ദിനത്തിലെ ഈവക ക്രൂരകൃത്യങ്ങളില്‍ നിന്ന് പിന്തിരിയാന്‍ സ്വസമുദായത്തോട് ആവശ്യപ്പെടണമെന്നും ‘മൃഗങ്ങളെ കൊന്നു തിന്നുന്ന ഏര്‍പാടി’നുവേണ്ടിയുള്ള അഭിവാദ്യങ്ങള്‍ക്ക് പ്രത്യഭിവാദ്യം അര്‍ഹിക്കുന്നില്ല എന്നുമൊക്കെയുള്ള നിരവധി റിട്വീറ്റുകളുടെ പ്രളയം തന്നെ അദ്ദേഹത്തിന്റെ തികച്ചും സ്വാഭാവികവും നിര്‍ദോഷവുമായ ട്വീറ്റിന് താഴെ വന്നുകൊണ്ടേയിരുന്നു. മൃഗങ്ങളെ കൊന്നു തിന്നുക എന്നത് മഹാ ക്രൂരകൃത്യമായി കരുതപ്പെടുന്ന ഒരു വെജിറ്റേറിയനിസ്റ്റ് നിര്‍മിത യുക്തിയെ തന്ത്രപരമായി വിപണനം ചെയ്താണ് സംഘപരിവാര്‍ അവരുടെ ഗോവധ നിരോധനം മുതല്‍ ഈ അടുത്ത് പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ട മാംസത്തിന് വേണ്ടിയുള്ള കാലി വില്‍പന നിരോധനം വരെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് ബഹുജനപിന്തുണയുള്ളതാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. വര്‍ണാശ്രമ ധര്‍മത്തിലെ ബ്രാഹ്മണാധീശത്വ ഹിന്ദു രാഷ്ട്രനിര്‍മാണം ലക്ഷ്യം വെക്കുന്ന സംഘപരിവാര്‍ കഴിഞ്ഞ കുറച്ചു കാലമായി സാധാരണ ഹിന്ദുവിന്റെ പൊതുബോധത്തിലേക്ക് സസ്യാഹാര സദാചാരം എന്ന ആഹാര ധാര്‍മിക സങ്കല്‍പം കുത്തി വെക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. റാഡിക്കല്‍ വെജിറ്റേറിയനിസം ഒരു രാഷ്ട്രീയമായി ഉപയോഗിക്കുക വഴി സംഘികള്‍ ലക്ഷ്യം വെക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, വൈഷ്ണവ ബ്രാഹ്മണരുടെ ആഹാരരീതിയെ ‘ആര്‍ഷ ഭാരത സംസ്‌കാരത്തിലെ’ ആഹാര രീതിയായി അവതരിപ്പിക്കുക. രണ്ട്, ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിംകളെ അന്യവല്‍ക്കരിക്കുകയും അവര്‍ക്കെതിരെ അപരത്വ ബോധം ജനിപ്പിക്കുകയും അവര്‍ മാംസാഹാരികള്‍ ആയതിനാല്‍ ക്രൂരന്മാരും അപരിഷ്‌കൃതരും ഹിംസാത്മക സ്വഭാവം പ്രകടിപ്പിക്കുന്നവരുമാണെന്നും പ്രചരിപ്പിച്ച് അപരവിദ്വേഷജന്യമായ രാഷ്ട്രീയലാഭത്തിന്റെ ഗുണ ഭോക്താക്കളാകുകയും ചെയ്യുക.

ഭക്ഷണ രീതിയെ മൂല്യം, സദാചാരം എന്നിവയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കാംപയ്‌നുകള്‍ സംഘപരിവാര്‍ വര്‍ഷങ്ങളായി നടത്തിവരാറുണ്ട്. ഉത്തരപ്രദേശിലെയും ഹരിയാനയിലെയും ഖാപ്പ് പഞ്ചായത്തുകള്‍ ജാതി-മത മിശ്രവിവാഹങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും കാരണമായി മാംസാഹാര ഭക്ഷണരീതിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തുക പതിവായിരുന്നു. 2012ല്‍ ഹരിയാനയിലെ ഒരു ഖാപ്പ് തലവന്‍ ബലാത്സംഗ നിരക്കുകളിലെ അഭൂതപൂര്‍വമായ വര്‍ദ്ധനവിന്റെ കാരണമായിപോലും മാംസാഹാരം കഴിക്കുന്നത് നിമിത്തം ഉണ്ടാകുന്ന ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലിനെ തട്ടിവിടുകയുണ്ടായി. സംഘപരിവാറിനാല്‍ ഉത്തരേന്ത്യയാകെ തുടക്കം കുറിക്കപ്പെട്ട ഗോരക്ഷാ കാംപയ്‌നുകള്‍ പ്രധാനമായും ചെയ്തത് സസ്യാഹാര സദാചാര തീവ്രവാദം പ്രചരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയവും അപരവുമായ മനഃസ്ഥിതി വളര്‍ത്തിയെടുക്കാന്‍ സംഘപരിവാരിന് ഈ കാംപയ്‌നുകള്‍ക്കൊണ്ടു സാധിച്ചിട്ടുണ്ട് എന്ന് അവിടങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളുടെ വേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു വസ്തുതയാണ്.

2012ല്‍ സി.ബി.എസ്.ഇ ആറാം ക്ലാസിലേക്ക് തയ്യാറാക്കിയ New Health-way: Health, Hygiene, Physiology, Saftey, Sex Education, Games, and Exercises എന്ന പുസ്തകം പുറത്തിറങ്ങിയത് അത്യന്തം നിന്ദ്യവും പ്രകോപനപരവും ആയ വരികളെ ഗര്‍ഭം ധരിച്ചു കൊണ്ടായിരുന്നു. അശാസ്ത്രീയവും അബദ്ധ ജഡിലവുമായ വാദമുഖങ്ങള്‍ നിരത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളോട് വെജിറ്റേറിയനിസത്തെ പുല്‍കാന്‍ പ്രേരണ നല്‍കുന്ന പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തിലെ അന്‍പത്തിആറാം പേജില്‍ ഉള്ള സ്‌പോടനാത്മകമായ വരികള്‍ ഇപ്രകാരം ആയിരുന്നു.

‘അവര്‍ (മാംസാഹാരികള്‍) ചതിയന്‍മാരും നുണയന്‍മാരും വാഗ്ദത്തം പാലിക്കാത്തവരും ആക്രമ ലൈംഗികവാസന ഉള്ളവരും’ [‘They [non-vegetarians] easily cheat, tell lies, they forget promises, they are dishonest and tell bad words, steal, fight and turn to violence and sex crimes’]. നമുക്ക് സസ്യേതര ആഹാരം ആവശ്യമോ? എന്ന തലക്കെട്ടോടു കൂടിയ പാഠഭാഗത്തില്‍ സസ്യാഹാരികള്‍ക്ക് കൈവരിക്കാവുന്ന സാംസ്‌കാരികവും ആരോഗ്യകരവും ആയ നേട്ടങ്ങളെ സവിസ്തരം പ്രസ്താവിച്ചതിന് ശേഷം മാംസാഹാരികള്‍ അകപ്പെടാന്‍ ഇടയുള്ള സദാചാര വിരുദ്ധസ്വാഭാവത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കുന്നുണ്ട്. ജപ്പാന്‍കാരുടെ ആയുസ് കൂടാന്‍ കാരണം അവര്‍ സസ്യാഹാരികള്‍ ആയതു കൊണ്ടാണ് എന്നത് പോലുള്ള വസ്തുതാ വിരുദ്ധവും അശാസ്ത്രീയവുമായ ഭാഗങ്ങള്‍ നിരവധി ഉള്‍കൊള്ളുന്നത് കൊണ്ടുതന്നെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ആ പുസ്തകം പിന്‍വലിക്കപ്പെടുകയായിരുന്നു.

ജൈന മതക്കാരുടെ വ്രതാനുഷ്ഠാന ഉത്സവമായ ‘പര്യൂഷാന്‍’ പ്രമാണിച്ച് 2015 സെപ്റ്റംബര്‍ മാസത്തിലെ നാലു ദിവസങ്ങളില്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മത്സ്യ-മാംസ വില്‍പന നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതേ മുംബൈയില്‍ തന്നെയായിരുന്നു അതേവര്‍ഷം മെയ് മാസത്തില്‍ മിസ്ബാ കാദിരി എന്ന് പേരുള്ള ഒരു മുസ്‌ലിം യുവതിക്ക് ഫ്‌ളാറ്റ് നിഷേധിക്കപ്പെട്ട് കോലാഹലങ്ങള്‍ ഉണ്ടായപ്പോള്‍ കെട്ടിട ഉടമസ്ഥര്‍ വെജിറ്റേറിയനിസം എന്ന സദാചാര വ്യവസ്ഥ അംഗീകരിക്കുന്നവരും അല്ലാത്തവരും എന്ന മാനദണ്ഡം അടിസ്ഥാനപ്പെടുത്തിയാണ് ആ തീരുമാനം കൈകൊണ്ടത് എന്ന് ന്യായീകരിക്കാന്‍ മുന്നോട്ട് വന്നതും. കാലാകാലങ്ങളായി മറ്റു പല സര്‍ക്കാറുകളും നടപ്പിലാക്കി വരുന്ന മാംസാഹാര നിരോധനം, ബി.ജെ.പി മുനിസിപല്‍ കോര്‍പ്പറേഷന്‍ അധികാരം ലഭിച്ചപ്പോള്‍ നാലു ദിവസത്തേക്ക് നീട്ടുകയും മുന്‍പത്തേതില്‍ നിന്ന് വിഭിന്നമായി കര്‍ശനമാക്കുകയും ചെയ്യുകയായിരുന്നു. ജൈനരെ പോലെ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ വ്രതാനുഷ്ഠാന നാളുകളില്‍ പകല്‍സമയത്ത് അന്നപാനീയങ്ങള്‍ പരസ്യമായി ഭക്ഷിക്കുന്നത് നിരോധിക്കുന്നത് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത ഒരു ഭീകരനടപടി ആയേക്കാവുന്നത് എന്തു കൊണ്ടെന്ന ചോദ്യത്തിനു ഉത്തരം ലഭിക്കുക ജൈന മതം ഒരു ന്യൂനപക്ഷം അല്ലെന്നും ബ്രാഹ്മണാധീശത്വ മതത്തില്‍ ജൈനരും ഹിന്ദുവും തമ്മില്‍ സാമൂഹ്യശാസ്ത്രപരമായി ഏറെയൊന്നും വേര്‍തിരിക്കാന്‍ ഇല്ലെന്നും അവര്‍ പരസ്പരം വിവാഹിതര്‍ ആകുന്നവരും ഇടകലര്‍ന്ന് ആഹാരം കഴിക്കുന്നവരും ‘വെജിറ്റേറിയന്‍ മൊറാലിറ്റി’ കാത്തുസൂക്ഷിക്കുന്നവരും ആണെന്നും തിരിച്ചറിയുമ്പോഴാണ് .

2015 ഒക്‌ടോബര്‍ മാസം 15ന് മധ്യപ്രദേശിലെ കത്‌നി നിവാസിയായ ശങ്കര്‍ ലാല്‍ സതേന്ദ്ര കുമാര്‍ ജെയിന്‍ എന്നു പേരുള്ള ഒരു ‘രാഷ്ട്രീയ സ്വയം സേവകന്‍’ പ്രധാന മന്ത്രിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ‘പകര്‍പ്പ്’ രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനയച്ച കത്ത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അണ്ടര്‍ സെക്രടറി എ.കെ സിംഗ് രാജ്യത്തെ 16 ഐ.ഐ.ടി ഡയറക്ടര്‍മാര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയും പ്രസ്തുത കത്തില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ എന്ത് നടപടി എടുത്തു എന്ന് അറിയിക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. ‘പാശ്ചാത്യ ഭക്ഷണ’ രീതിയായ മാംസാഹാരം അനുവദിക്കുക വഴി ഐ.ഐ.ടി പോലുള്ള ഉന്നത കലാലയങ്ങള്‍ വിദ്യാര്‍ഥികളെ ചീത്ത സംസ്‌കാരത്തിലേക്ക് ആനയിക്കുകയാണെന്നും സസ്യേതരാഹാരം ഭക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ ‘തമ്‌സിക്’ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യയിലെ സര്‍വ ഐ.ഐ.ടി രക്ഷിതാക്കളുടെയും ആവശ്യമാണ് പ്രത്യേക വെജിറ്റേറിയന്‍ ഭക്ഷണമുറികള്‍ വേണം എന്നത് എന്നും ഒക്കെ അടങ്ങിയ പ്രസ്തുത കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ദ്രുതഗതിയില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയം ഐ.ഐ.ടികളോട് ആവശ്യപ്പെടുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ സസ്യാഹാര ദേശീയതയുടെ ആദ്യ ചുവടുവെപ്പുകള്‍ ഉന്നത കലാലയങ്ങളില്‍ പരീക്ഷിക്കുകയായിരുന്നു എന്നാണു മനസ്സിലാവുന്നത്.

2014 നവംബര്‍ മാസം കാഡ്മണ്ഠുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി ക്കിടയ്ക്ക് ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് അഭിമാന പുരസരം അവിടെയുള്ള ഭക്ഷണ മെനു ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു. ‘All vegetarian fare. For those asking here is what the SAARC leaders are having for lunch at the retreat.’’

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ശുദ്ധ സസ്യാഹാരി (സാത്വിക്) ആണെന്ന വിവരം തന്ത്രപൂര്‍വം മാലോകരെ അറിയിക്കാന്‍ വേണ്ടി അദ്ദേഹവും അദ്ദേഹത്തിന്റെ തിങ്ക് ടാങ്കും നടത്തുന്ന ബോധപൂര്‍വമായ ശ്രമങ്ങള്‍ അദ്ദേഹം അധികാരത്തിലേറിയതിനു ശേഷം പലപ്പോഴായി അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ വൃത്തങ്ങള്‍ നടത്തുന്ന തത്രപ്പാടുകള്‍ നിരീക്ഷിച്ചാല്‍ ബോധ്യമാകും. നവരാത്രിയില്‍ ആചാര നിഷ്ഠയോടെ സാത്വിക സസ്യാഹാര ഉച്ചഭക്ഷണം കഴിക്കുന്ന പ്രധാനമന്ത്രിയുടെ പടം പുറത്തുവരുന്നതും അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ സാര്‍ക്ക് നേതാക്കള്‍ വരെയുള്ളവര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം ഓഫര്‍ ചെയ്യുന്നതും പാക്കിസ്ഥാനില്‍ വെച്ച് നവാസ് ശരീഫിനോപ്പം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ തന്റെ സസ്യാഹാര ഭക്ഷണം പാകം ചെയ്യാന്‍ വേണ്ടി ഡല്‍ഹിയില്‍ നിന്ന് സഞ്ജീവ് കപൂര്‍ എന്ന പാചക വിദഗ്ധനെ അങ്ങോട്ടേക്ക് പറത്തുന്നതും വാര്‍ത്തകളായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ വികാസ് സ്വരൂപിന്റെ ട്വീറ്റുകളായും വന്നു. ഒരുപക്ഷെ ഇതാദ്യമായി ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്ത് കഴിക്കുന്നു എന്ന് ഇത്ര പ്രാധാന്യത്തോടെ പുറത്തു വിടുന്നതിന്റെ പിന്നില്‍ ബ്രാഹ്മണ മേല്‍ക്കോയ്മാ മതരാഷ്ട്രത്തിലെ ‘സാത്വിക്’ ആഹാരനിഷ്ഠ പാലിക്കുന്ന മാതൃകാഹിന്ദു ആയി നരേന്ദ്ര മോഡിയെ പ്രതിഷ്ഠിക്കുക എന്ന തിരക്കഥയല്ലാതെ മറ്റൊന്നുമല്ല.

ആര്‍ഷ ഭാരതം എന്ന സംശുദ്ധവും സ്വര്‍ഗീയവുമായ ഒരു കല്‍പിത ചരിത്രത്തില്‍ സര്‍വരും സസ്യാഹാര സദാചാര നിഷ്ഠമായി ജീവിച്ചു പോരുന്ന പുണ്യ ഭൂമിയിലേക്ക് മധ്യകാലഘട്ടത്തിലെ മുസ്‌ലിം രാജാക്കന്മാരുടെ കടന്നു വരവോടു കൂടിയാണ് മാംസാഹാരം കടന്നുവന്നതെന്ന അയുക്തികവും അടിസ്ഥാനരഹിതവും ആയ പ്രചാരണങ്ങളാല്‍ ഊട്ടപ്പെട്ടതാണ് റാഡിക്കല്‍ വെജിറ്റേറിയനിസത്തിന്റെ രാഷ്ട്രീയ പ്രാധാന്യമുള്ള സൈദ്ധാന്തിക അടിത്തറ.

മാംസാരികളെ സൂചിപ്പിക്കാന്‍ ഇന്‍ഡ്യക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന വളരെ ഇന്‍ഡ്യന്‍ ആംഗലേയ സംഭാവനയായ നോണ്‍ വെജ് എന്ന പദപ്രയോഗത്തില്‍ തന്നെ സസ്യാഹാരികളും ഇതരരും എന്ന ബൈനറി സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രശസ്ത ദളിത് ചിന്തകനായ കാഞ്ച ഐലയ്യയുടെ മീറ്റേറിയന്‍ എന്ന പ്രയോഗം ശ്രദ്ധിക്കപ്പെട്ടതിന്റെ പശ്ചാത്തലം ഇതാണെന്ന് കാണാം. സസ്യാഹാരം സാത്വികം അഥവാ പവിത്രവും ശ്രേഷ്ഠവും സംസ്‌കാര സമ്പന്നവുമായ ഭക്ഷണ രീതിയായും മാംസാഹാര ഭക്ഷണം തംസിക് അഥവാ അന്ധകാര പ്രദാനമായ അസാംസ്‌കാരിക ഭക്ഷണ രീതിയായും പഠിപ്പിക്കപ്പെടുന്ന ബ്രാഹ്മണിക് ഹൈന്ദവ ഗ്രന്ഥങ്ങളാണ് ഈ ദ്വന്ദങ്ങളുടെ ആശയാടിസ്ഥാനം എന്നു പറയാം. സസ്യാഹാരികള്‍ ജീവിതത്തില്‍ ഉന്നത മൂല്യവും ധാര്‍മിക നിലവാരവും കാത്തുസൂക്ഷിക്കുന്നവരാണന്ന മിഥ്യാബോധം മൂന്നു നേരം മാംസാഹാരം കഴിക്കുന്ന സാധാരണ ഹിന്ദുവിന്റെ തലച്ചോറിലേക്ക് വരെ സന്നിവേശിപ്പിക്കാന്‍ ഇവിടെയുള്ള സവര്‍ണ മേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രവക്താക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

നാല്‍ക്കാലികളുടെ മാംസാഹാരത്തിന് മനുഷ്യ ഭക്ഷണ ചരിത്രത്തില്‍ സുപ്രധാനവും സവിശേഷവുമായ സ്ഥാനം ഉണ്ടെന്നിരിക്കെ പ്രാചീന ഭാരതീയര്‍ സസ്യഭുക്കുകള്‍ ആയിരുന്നു എന്ന കല്പിത ചരിത്രം നിര്‍മിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് വെജിറ്റേറിയന്‍ ഭക്ഷണം മഹനീയവും ശുദ്ധവും പവിത്രവുമാണെന്ന ധാരണകളെ ആശ്ലേഷിച്ചുകൊണ്ട് സുവര്‍ണവും സവര്‍ണവുമായ ഒരു ഗതകാലത്തെ മെനഞ്ഞെടുക്കുന്നതിന്റെ ഭാഗമായിക്കൊണ്ടാണ്. വെജിറ്റേറിയന്‍ ചരിത്രനിര്‍മിതിക്ക് പിന്നിലെ സുനിശ്ചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഹിംസാത്മകമായ ആവിഷ്‌കാരമാണ് മുഹമ്മദ് അഖ്‌ലാക്ക് മുതല്‍ പെഹ്‌ലുഖാന്‍ വരെയുള്ള സമീപകാല സംഭവങ്ങളില്‍ ദൃശ്യമാകുന്നത്.

പൗരാണിക ഭാരതത്തിലെ മനുഷ്യര്‍ സസ്യഭുക്കുകള്‍ ആയിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണ്. ഭാരതീയ വേദഉപനിഷത്ത് ഗ്രന്ഥങ്ങള്‍ മുതല്‍ പുരാവസ്തു പഠനങ്ങള്‍ വരെ പരിശോധനാ വിധേയമാക്കിയാല്‍ സര്‍വരും സസ്യാഹാരികളായിരുന്ന ഒരു ഭാരതം നിലനിന്നിരുന്നുവെന്ന സംഘികളാല്‍ പ്രേഷണം ചെയ്യപ്പെടുന്ന ചരിത്ര മിത്തുകള്‍ തകര്‍ന്നു പോകും എന്ന് മാത്രമല്ല, കടുത്ത സസ്യാഹാര നിഷ്ഠ പാലിക്കുന്ന വൈഷ്ണവ ബ്രാഹ്മണരുടെ മുന്‍ഗാമികള്‍ പോലും പശുവിന്റെയും മറ്റു ആടുമാടുകളുടെയും മാംസം സമൃദ്ധമായി ഭക്ഷിക്കാറുണ്ടായിരുന്നു എന്ന അറിവാണ് ലഭിക്കുക. ഭാരതീയരുടെ മാട്ടിറച്ചി ഭക്ഷണത്തിന്റെ ചരിത്രം ഖനനത്തിലൂടെ പുരാവസ്തുവകുപ്പ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബുലന്ത് ഷെഹ്ര് ജില്ലയിലെ ലാല്‍ ഖ്വിലയില്‍ നടത്തിയ ഖനനത്തിലെ ഒരു തിരിച്ചറിവ് വേദകാലഘട്ടത്തിലെ സ്ഥിരഭക്ഷണമായിരുന്നു മാട്ടിറച്ചിയെന്നാണ്. ഇതിന്റെ വിശദവിവരങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ ഡയറക്ടര്‍ ജനറലായിരുന്ന ബി.ബി ലാല്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ‘ഇന്‍ഡ്യന്‍ ആര്‍ക്കിയോളജി 1968-69: എ റിവ്യൂ’വിലുണ്ട്. ഇതുപോലെ പ്രസിദ്ധീകരിക്കപ്പെട്ട ‘1961-62ലെ റിവ്യൂ’വില്‍ ഉദയ്പൂര്‍ ജില്ലയില്‍ നടന്ന ഖനനത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിലും വേദകാലഘട്ടത്തിലെ മാട്ടിറച്ചി ഭക്ഷണത്തിന്റെ സൂചനകള്‍ കാണാം. ഗോരഖ്പൂര്‍, രാമപുരം, ശിഖര്‍ ജില്ലയിലെ ഗണേശ്വരം, അഹമ്മദ് നഗറിലെ ദായ്മാബാദ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന വിവിധ പുരാവസ്തു ഖനനങ്ങളില്‍ ഭാരതീയരുടെ മാംസഭക്ഷണത്തോടുള്ള വിപ്രതിപത്തിയും പാരമ്പര്യവും വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഋഗ്വേദം ദേവ പ്രീതിക്കെന്ന പേരില്‍ പശുവിനെ നിര്‍ബാധം കൊല്ലാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഋഗ്വേദ ദേവന്മാരെല്ലാം മൃഗമാംസം ഇഷ്ടപ്പെട്ടവരായിരുന്നുവെന്നും അവയ്ക്ക് അത് സമര്‍പ്പി ക്കപ്പെട്ടത് യജ്ഞബലികളിലൂടെയാണെന്നും ആടും മാടും കുതിരയും പശുവുമെല്ലാം ആര്‍ഷ ഭാരത യജ്ഞപീഠത്തില്‍ ആര്യന്‍മാരാല്‍ ബലിയറുക്കപ്പെട്ടിരുന്നുവെന്നും വൈദിക ദൈവങ്ങളില്‍ പ്രധാനിയായ ഇന്ദ്രന്‍ കാളകളെയും എരുമകളെയും ഭക്ഷണമാക്കിയിരുന്നുവെന്നും അടങ്ങിയ നിരവധി വചനങ്ങള്‍ ഋഗ്വേദത്തില്‍ ധാരാളമായി കാണപ്പെടുന്നതില്‍ നിന്നും മാംസാഹാരം ‘തമസ്സ്’ പരത്തുന്ന ഭക്ഷണ ശീലമാണെന്ന കാഴ്ചപ്പാട് ‘ഋഗ്വേദ ഹിന്ദു’വിന് അറിയില്ലായിരുന്നു എന്ന് തന്നെയാണ് മനസ്സിലാകുന്നത്. യാഗങ്ങള്‍ മുഖ്യപ്രതിപാദ്യവിഷയമായ യജുര്‍വേദത്തിലും ആധുനിക സവര്‍ണ മേല്‍ക്കോയ്മാവാദികള്‍ സനാതന ധര്‍മത്തിന്റെ മാനിഫെസ്‌റ്റോ ആയി അവതരിപ്പിക്കുന്ന ഗീതയിലും മൃഗബലി നിബിഡമായ നിരവധി യജ്ഞങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ശതപഥ ബ്രാഹ്മണം’ മാംസമാണ് ഏറ്റവും നല്ല ഭക്ഷണം’ എന്നുപോലും പ്രസ്താവിക്കുന്നുണ്ട് (XI.7.1.3.9). പല ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ ഒരിനമല്ല, ഏറ്റവും മികച്ച ഭക്ഷ്യവിഭവമായിരുന്നു ബ്രാഹ്മണ കര്‍ത്താവിന് മൃഗമാംസം എന്നര്‍ത്ഥം. യജ്ഞങ്ങളുടെ ഭാഗമായി കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസത്തില്‍ നിന്ന് ഒരു വിഹിതം മനുഷ്യര്‍ ഭക്ഷിക്കണമെന്നാണ് ബ്രാഹ്മണങ്ങളുടെ പൊതുവായ വീക്ഷണം. കൊല്ലപ്പെട്ട മൃഗത്തെ കഷ്ണങ്ങളായി ഭാഗിക്കേണ്ടതും വിവിധ വ്യക്തികള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ടതും എങ്ങനെയെന്ന് തൈത്തിരീയ സംഹിത വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് (VI. 3.10. 2-6). യാഗശാലയില്‍ പുരോഹിതന്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ മൃഗത്തിന്റെ മാംസം മുപ്പത്തിയാറ് ഓഹരികളാക്കണമെന്നാണ് ഗോപഥ ബ്രാഹ്മണത്തിന്റെ പക്ഷം (1. 3. 18). ദേവന്മാര്‍ കോപിഷ്ഠരായിരിക്കുന്ന സമയത്ത് സംഘടിപ്പിക്കപ്പെടുന്ന യജ്ഞങ്ങളിലെ ബലിമാംസം ആഹാരമായുപയോഗിക്കുന്നത് അപകടകരമാണെന്ന ധാരണ വൈദിക സമൂഹത്തിലുണ്ടായിരുന്നെങ്കിലും സാധാരണ സന്ദര്‍ഭങ്ങളില്‍ അത് നിഷിദ്ധമായി പരിഗണിക്കപ്പെട്ടിരുന്നില്ലെന്നു മാത്രമല്ല, നിര്‍ദ്ദേശിക്കപ്പെടുക കൂടി ചെയ്തിരുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ബ്രാഹ്മണര്‍ ഉള്‍പ്പടെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളും മാംസഭുക്കുകളോ മിശ്രഭുക്കുകളോ ആയിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യര്‍ കന്നുകാലികളെ മേച്ചുനടന്നിരുന്ന ഈ കാലഘട്ടത്തില്‍ മാട്ടിറച്ചി അവരുടെ സ്ഥിരഭക്ഷണമായി മാറിയിരുന്നുവെന്നു ചരിത്രകാരനായ ആര്‍.എസ് ശര്‍മര ‘പ്രാചീനഭാരതം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

വിഖ്യാത ചരിത്രകാരന്‍ ദ്വിപേന്ദ്ര നാരായണന്‍ ഝാ തന്റെ കൃതിയായ ‘The Myth Of The Holy Cow’ല്‍ ഗോമാംസം ഇന്‍ഡ്യന്‍ ആഹാരസ്വഭാവത്തിന്റെ ഭാഗമായിരുന്നുവെന്ന് നിരവധി വേദോപനിഷത് ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് സ്ഥാപിക്കുന്നത് കാണാം. മൃഗബലി വൈദികകാലത്ത് സര്‍വസാധാരണമായിരുന്നു. എല്ലാ പൊതുയാഗങ്ങളുടേയും തയ്യാറെടുപ്പിന്റെ ഭാഗമായുള്ള ഒരു അനുഷ്ഠാനമായ ‘ആഗ്‌നേയ’ എന്ന സമ്പ്രദായം ഒരു പശുവിനെ കൊല്ലണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. വളരെ പ്രാധാന്യമുള്ള അശ്വമേധയാഗത്തില്‍ 600ല്‍പരം മൃഗങ്ങളെയും പക്ഷികളെയും കൊന്നിരുന്നു. അതിന്റെ പരിസമാപ്തിയെന്നോണം 21 പശുക്കളെ കുരുതി കൊടുത്തിരുന്നു. പൊതുയാഗങ്ങളുടെ സുപ്രധാന ഘടകമായ ഗോസേവയില്‍ രാജസൂയത്തെയും വാജപേയത്തെയും പോലെത്തന്നെ മരുതിന് ഒരു പശുവിനെ സമര്‍പ്പിച്ചിരുന്നു. പശുക്കളുള്‍പ്പെടെയുള്ള മൃഗങ്ങളെ കൊല്ലുന്ന രീതി വിവിധ യജ്ഞങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.

പശുക്കളെ ഉപഭോഗാര്‍ത്ഥം വധിച്ചിട്ടുണ്ടെന്നതിനും ഗോമാംസം ഭക്ഷിക്കുന്നത് അഭിജാതമായിരുന്നു എന്നതിനും ധാരാളം പരാമര്‍ശങ്ങള്‍ വൈദിക ഗ്രന്ഥങ്ങളിലും ധര്‍മ ശാസ്ത്രങ്ങളിലുമുണ്ട്. യാജ്ഞവല്‍ക്യ മുനി മാംസഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ കൊടുത്തിരുന്നു. രണ്ഡിദേവന്‍ എന്ന രാജാവിന്റെ കൊട്ടാരത്തില്‍ ദിനവും 2000ത്തോളം പശുക്കളെ കശാപ്പു ചെയ്തിരുന്നതായി പരാമര്‍ശിക്കുന്നുണ്ട്. ധാന്യത്തോടൊപ്പം അവയുടെ മാംസവും ബ്രാഹ്മണര്‍ക്ക് വിതരണം ചെയ്തിരുന്നു. നേപ്പാളില്‍ ഇന്നും ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടക്കുന്നുണ്ട്.

വാല്മീകി രാമായണത്തില്‍ അയോധ്യ കാണ്ഡം 20, 26, 94 ഭാഗങ്ങളില്‍ ശ്രീരാമന്‍ വനവാസത്തിനു പുറപ്പെടുമ്പോള്‍ വനവാസ കാലത്ത് മാംസം ഒഴിവാക്കി പഴങ്ങളും തേനും മാത്രം ഭക്ഷിച്ച് ജീവിക്കേണ്ടി വരുമെന്ന് അമ്മയായ കൗസല്യയോടു പറയുന്ന സന്ദര്‍ഭം വിവരിക്കുന്നുണ്ട്. മാത്രമല്ല വനവാസത്തിനിടെ സീതാ ദേവി ശ്രീരാമനോട് ഒരു മാനിനെ കൊല്ലാന്‍ ആവശ്യപ്പെടുന്നതായും കാണാം

യജ്ഞപീഠങ്ങളില്‍ അനാവശ്യമായി മൃഗങ്ങളെ ബലിയറുത്തുകൊണ്ടിരുന്ന ഹിന്ദു പൗരോഹിത്യത്തോടുള്ള വിയോജിപ്പായിരുന്നു ബുദ്ധമത പ്രബോധനങ്ങളിലെ അഹിംസ സിദ്ധാന്തങ്ങള്‍ എന്ന് യജ്ഞങ്ങള്‍ക്കൊ രുങ്ങിയവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അദ്ദേഹം നടത്തിയ സംഭാഷണങ്ങളിലൂടെ കടന്നു പോയാല്‍ മനസ്സിലാകും. എന്നാല്‍ മാംസം ഒരു ഭക്ഷണമായി ഉപയോഗിക്കുന്നതിനോട് ബുദ്ധന്‍ കലഹിച്ചിരുന്നില്ലെന്നും അദ്ദേഹം തന്നെ മാംസം ഉപയോഗിച്ചിരുന്നതായും സൂചിപ്പിക്കുന്ന രേഖകള്‍ കാണാന്‍ കഴിയും. ബുദ്ധന്റെ യജ്ഞമൃഗ വിരുദ്ധ ഉദ്ധരണികള്‍ പില്‍ക്കാലത്ത് പല ബൗദ്ധ സമൂഹങ്ങളെയും തീവ്ര സസ്യാഹാര നിഷ്ഠയിലേക്ക് നയിക്കുകയും ഹീനയാനക്കാരും മഹായാനക്കാരുമായി ബൗദ്ധര്‍ പിളര്‍ന്നു മാറിയപ്പോള്‍ മഹായാനക്കാര്‍ സസ്യാഹാരനിഷ്‌കര്‍ഷയില്‍ തീവ്രവാദികളായി മാറുകയും തങ്ങള്‍ക്കനുകൂലമായി ബുദ്ധനെ വ്യാഖ്യാനിക്കാനൊരുമ്പെടുകയും ചെയ്തു. അഹിംസയിലൂന്നിയ സസ്യാഹാര നിഷ്‌കര്‍ഷയോട് സാധാരണ ഹിന്ദുക്കള്‍ അനുഭാവം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ബുദ്ധമതത്തിന്റെ ആശയാവലികളെ ബ്രാഹ്മണിസം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. അട്ടിമറിക്കു വഴങ്ങാത്തവയെ സ്വാംശീകരിക്കുകയോ വിഴുങ്ങുകയോ ചെയ്തു. ഇപ്രകാരം വിഴുങ്ങേണ്ടിവന്ന അഥവാ ബ്രാഹ്മണമതത്തിനു ‘പ്രച്ഛന്നമായി’ സ്വീകരിക്കേണ്ടിവന്ന ബുദ്ധമതാശയമായിരുന്നു മൃഗഅഹിംസ. പരമമായ കാരുണ്യത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലായിരുന്നു മൃഗഅഹിംസാവാദം ബുദ്ധമതം കയ്യാളിയിരുന്നതെങ്കില്‍ ബ്രാഹ്മണപ്രത്യയശാസ്ത്രം ഈ അഹിംസാവാദത്തെ ഏറ്റെടുത്തത് കേവല സങ്കുചിതാര്‍ത്ഥത്തിലും അപരങ്ങള്‍ നിര്‍മിക്കാനുള്ള സൈദ്ധാന്തിക ഉപകരണം ആയിട്ടുമാണ്. ബ്രാഹ്മണിക പൗരോഹിത്യത്തിനെതിരെ എന്നും കലഹിച്ചിരുന്ന ശ്രീബുദ്ധന്റെ നിലപാടുകള്‍ അതേ മതത്തിന്റെ പില്‍ക്കാല ആഹാരരീതികള്‍ക്ക്് സൈദ്ധാന്തിക പരിസരമൊരുക്കിയത് ഇന്‍ഡ്യാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്. ബുദ്ധന്റെ ആത്മീയവിപ്ലവത്തിലൂടെ, ബ്രാഹ്മണിക് ഹൈന്ദവതയുടെ പ്രതിരൂപമായ വേദിക് വിശ്വാസധാരകള്‍ അപ്രസക്തമായ സന്ദര്‍ഭത്തിലാണ് ശങ്കരാചാര്യര്‍ പ്രതിവിപ്ലവവുമായി രംഗത്തുവരുന്നത്. ബുദ്ധമതത്തിന്റെ ജനകീയതയ്ക്കും നൈതികസങ്കല്‍പത്തിനും നിദാനമായ മൂല്യങ്ങളെ അതിന്റെ തീവ്രരൂപത്തില്‍ അനുകരിച്ച് ബുദ്ധിസത്തെ തകര്‍ക്കുകയായിരുന്നു ശങ്കരന്റെ രീതി. അതിനായി അഹിംസാമാര്‍ഗത്തെ സസ്യാഹാരമെന്ന രൂപകത്തിലേക്ക് തീവ്രമായി ചുരുക്കുകയും അന്നുവരെ മാംസാഹാരികളായിരുന്ന വൈദിക ജനവിഭാഗങ്ങള്‍ക്ക് സസ്യാഹാരരീതി മതനിഷ്ഠയും ജീവിതക്രമവുമായി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത് ശങ്കരന്‍ ചരിത്രത്തില്‍ പ്രച്ഛന്ന ബുദ്ധനായി അറിയപ്പെടുന്നതിന് കാരണങ്ങളിലൊന്നായി.

ശങ്കരന്‍ ബ്രാഹ്മണിക്ക് ഹൈന്ദവതയുടെ അടിസ്ഥാനത്തിനും ബുദ്ധിസത്തിന്റെ നിര്‍മൂലനത്തിനും വേണ്ടി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വ്യാഖ്യാനിച്ചു നടപ്പില്‍ വരുത്തിയ പദ്ധതിയെയാണ് ഗാന്ധി ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പുതിയ വ്യാഖ്യാനത്തിലൂടെ തിരിച്ചുകൊണ്ടുവരുന്നത്. അതായത് അഹിംസാമാര്‍ഗത്തെ സസ്യാഹാരക്രമത്തിലേക്ക് ചുരുക്കി എടുത്ത ഗാന്ധിയന്‍ വ്യാഖ്യാനപദ്ധതിക്ക് ബുദ്ധധര്‍മത്തോടല്ല, ബ്രാഹ്മണ പ്രതിവിപ്ലവത്തിന്റെ ചിന്തകനായ ശങ്കരനോടാണ് കടപ്പാട്. ഗാന്ധിയുടെ വ്യാഖ്യാന പദ്ധതിയുടെ ധാര്‍മിക അടിത്തറ ഉച്ചവും നീചവുമായ ദ്വന്ദാത്മക ഭക്ഷണസമ്പ്രദായത്തെ നിര്‍മിക്കുന്നതുകൊണ്ട് ഭാവശാസ്ത്രപരമായ അനീതിയിലാണ് (ontological Injustice) അധിഷ്ഠിതമായിരിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിയുടെ കടന്നുവരവോടെയാണ് വ്യവഹാരികമായി ഈ സസ്യാഹാര രീതി മറ്റൊരു ധാര്‍മികഘടന കൈവരിക്കുന്നത്. ആധുനിക അവബോധത്തില്‍ ഉച്ചനീചത്വത്തിന്റെതായി കരുതിയ ഭക്ഷണക്രമത്തെ, അതിന്റെ ധാര്‍മിക അടിത്തറയെ, ഗാന്ധി മറ്റൊരു ധാര്‍മികാടിത്തറ നിര്‍മിച്ചുകൊണ്ടാണ് വ്യാഖ്യാനിച്ചത്. അദ്ദേഹം ഇന്‍ഡ്യന്‍ ഭക്ഷണക്രമത്തിന്റെ ഉന്നതമൂല്യമായി മേല്‍ജാതിക്കാരുടെ സസ്യാഹാര രീതിയെ അവതരിപ്പിക്കുകയും ആ സസ്യാഹാരരീതിയെ അഹിംസാത്മക ജീവിതചര്യയായി വ്യാഖാനിച്ചുകൊണ്ട് പുതിയൊരു ധാര്‍മിക അടിത്തറയില്‍ അതിനെ ഉറപ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍ സസ്യാഹാരരീതിയെ അഹിംസയുടെ ഏകവചനമാക്കുകയാണ് അദ്ദേഹം ചെയ്തത്.

ഇന്‍ഡ്യന്‍ ഭക്ഷണക്രമത്തിന് പുറകിലെ ജാതീയ അസമത്വങ്ങളെയും വിവേചനത്തേയും അദൃശ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഈ പുതിയ വ്യാഖ്യാനത്തിന് കഴിഞ്ഞു. ഇത് ഭക്ഷണത്തിന്റെ ജാതിയെയും ജാതിയുടെ ഭക്ഷണത്തെയും ഇല്ലാതാക്കുകയല്ല, മറിച്ച് ഇന്ത്യന്‍ ജനജാതികളുടെ ദൈനംദിന ജീവിതത്തില്‍ ശക്തമായ സാന്നിധ്യമായി അതിനെ പുനരുല്‍പ്പാദിപ്പിക്കുകയാണുണ്ടായത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഭക്ഷണക്രമത്തിലെ സസ്യ/സസ്യേതര വ്യത്യാസത്തെ ഗാന്ധി അഹിംസയുടെയും ഹിംസയുടെയും ധാര്‍മികതലത്തില്‍ വ്യാഖ്യാനിച്ചതും സസ്യാഹാരത്തെ അഹിംസാമാര്‍ഗമമായി കണ്ടതും, ആധുനികമായ അവബോധത്തിലൂടെ കീഴ്ജാതിക്കാര്‍ക്കിടയില്‍ ശക്തമായ, ഇന്ത്യന്‍ ഭക്ഷണത്തോടും അതിലൂടെ പുലരുന്ന ജാതീയ ഉച്ചനീചത്വത്തോടുള്ള എതിര്‍പ്പിനെ അപ്രസക്തമാക്കാനും ആധുനിക അവബോധത്തെ അസന്നിഹിതമാക്കാനും കാരണമായി. ഇതോടൊപ്പം പശുവിനെ ഹൈന്ദവ പവിത്രമൃഗമായി കാണുന്ന, ഗോമാതാവായി കാണുന്ന, ദേശത്തിന്റെ അകളങ്കിത രൂപകമായി കാണുന്ന, അതിനെ കൊല്ലുന്നത് തീവ്ര ഹിംസയായി കാണുന്ന ഗാന്ധിയന്‍ വ്യാഖ്യാനം ഭക്ഷണക്രമത്തിന്റെ ധാര്‍മികഘടനയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണുണ്ടായത്. കാരണം, സസ്യാഹാരത്തെ അഹിംസാമാര്‍ഗമാക്കുന്നതും പശുവിനെ ഗോമാതാവാക്കി മാറ്റുന്നതുമായ രണ്ടു വ്യാഖ്യാനങ്ങളും ഹിംസയുടെയും ആഹാരക്രമത്തിന്റെയും പരസ്പര പൂരിതമായ ഒരു സാങ്കല്‍പിക ശ്രേണിക്രമം വ്യാവഹാരികമായി നിര്‍മിച്ചു. അത് ഏറെക്കുറെ പശുവിനെ കൊല്ലുന്നതും തിന്നുന്നതും കൊടിയ ഹിംസയായി കാണുകയും ആടിനെ കൊല്ലുന്നതും തിന്നുന്നതും അതിലും കുറഞ്ഞ ഹിംസയായി കാണുകയും കോഴിയെ കൊല്ലുന്നതും തിന്നുന്നതും അതിലും കുറഞ്ഞ ഹിംസയായി കാണുകയും സസ്യത്തെ കൊല്ലുന്നതും തിന്നുന്നതും ‘അഹിംസയായി’ കരുതുകയും ചെയ്യുന്ന ഹൈന്ദവമായ ഒരു ഭാവനയെ നിര്‍മിക്കുകയും അതിനെ ജനകീയവും യാഥാര്‍ത്ഥ്യവുമായി മാറ്റുകയും ചെയ്തു. മാത്രമല്ല, ഹിംസയുടെ അളവിനെ ശ്രേണീപരമായി പ്രതിനിധാനം ചെയ്യുന്ന ഇത്തരമൊരു ഭക്ഷണക്രമം ഓരോ ഭക്ഷണത്തിന്റെയും ഉപഭോക്താക്കളെ അവരവര്‍ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് അവരുടെ ഹിംസയുടെ അളവ് നിര്‍ണയിക്കുന്ന ഒരു ഘടനയില്‍ സ്ഥാനപ്പെടുത്തി. അതായത് സസ്യാഹാര രീതിയെ അഹിംസാമാര്‍ഗമായി വ്യാഖ്യാനിക്കുന്നതിലൂടെ അതിന്റെ ഉപഭോക്താക്കളെ അഹിംസാവാദികളായി കാണാനിടയാവുകയും പശുവിനെ വിശുദ്ധ മൃഗമാക്കി വ്യാഖ്യാനിക്കുന്നതിലൂടെ ആ മാംസത്തിന്റെ ഉപഭോക്താക്കളെ ഹിംസാവാദികളായി കാണാനിടയാക്കുകയും ചെയ്യുന്ന ഒരു വ്യവഹാരമാണ് ഗാന്ധിയന്‍ വ്യാഖ്യാനപദ്ധതിയിലൂടെ രൂപപ്പെട്ടത്.

ഇത് സാമാന്യബോധത്തില്‍ പശുവിനെ കൊല്ലുകയും തിന്നുകയും ചെയ്യുന്ന മുസ്‌ലിംകളെയും മറ്റ് സമുദായങ്ങളെയും കൊടിയ ഹിംസയുടെ പ്രതിരൂപമാക്കി മാറ്റുകയും, ആടിനെ കൊല്ലുകയും തിന്നുകയും ചെയ്യുന്ന ശൂദ്രരെ അതിലും കുറഞ്ഞ ഹിംസയുടെ പ്രതിരൂപമാക്കുകയും, കോഴിയെ കൊല്ലുകയും തിന്നുകയും ചെയ്യുന്ന വിഭാഗങ്ങളെ അതിലും കുറഞ്ഞ ഹിംസയുടെ പ്രതിരൂപമാക്കുകയും, സസ്യാഹാരികളെ ‘അഹിംസയുടെ’ പ്രതിരൂപമാക്കുകയും ചെയ്യുന്ന, ഭക്ഷണരീതിക്ക് സമാന്തരമായി ഹിംസയുടെ അളവിനെ കുറിക്കുന്ന ശ്രേണീപരമായ ധാര്‍മിക ഘടന (hierarchical ethical order) രൂപപ്പെടുത്തുന്നതിന് കാരണമായി. മാത്രമല്ല, ഈ ശ്രേണീപരമായ ധാര്‍മിക ഘടന സസ്യത്തെ ജീവനില്ലാത്തതായി കാണുന്ന മുന്‍ധാരണ വെച്ചുപുലര്‍ത്തുകയും സസ്യങ്ങള്‍ക്കെതിരെയുള്ള ഹിംസയെ പൊതുബോധത്തില്‍നിന്ന് അദൃശ്യമാക്കുകയും ചെയ്തു. ഗാന്ധിയുടെ ഈ അധാര്‍മികമായ ധാര്‍മിക വ്യാഖ്യാനം ആധുനിക വൈദ്യശാസ്ത്രത്തെയും പരമ്പരാഗത വൈദ്യശാസ്ത്രത്തെയും തന്ത്രപരമായി വ്യാഖ്യാനിക്കുന്നതും ആധുനികശാസ്ത്രത്തിന്റെ വംശീയതകളെ വിമര്‍ശനരഹിതമായി പിന്തുടരുന്നതും സസ്യാഹാരം മനസ്സിനും ശരീരത്തിനും ഉത്തമമായ സ്വാത്വിക ഭക്ഷണമാണെന്ന ധാരണ ഉല്‍പാദിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ജാതീയതയ്‌ക്കെതിരെ വിപ്ലവകരമായ ചുവടു വെപ്പുകളായി കേരള ചരിത്രത്തില്‍ എണ്ണപ്പെടുന്ന കൃത്യം നൂറു വര്‍ഷം മുന്‍പത്തെ മിശ്രഭോജന പ്രസ്ഥാനങ്ങളില്‍ പോലും സസ്യാഹാരം മാത്രമെ വിളമ്പിയിരുന്നുള്ളൂ എന്നത് ശങ്കരനും ഗാന്ധിയും അവതരിപ്പിച്ച അഹിംസയില്‍ അധിഷ്ഠിതമായ ഭക്ഷണക്രമം പുരോഗമനവിപ്ലവകാരികളില്‍ വരെ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ് പറഞ്ഞുതരുന്നത്. എന്നാല്‍ മഹാത്മാ ഗാന്ധിക്ക് തന്റെ സസ്യാഹാര/അഹിംസാ മൗലികവാദങ്ങളുടെ പരാജയം വ്യക്തമാക്കിക്കൊണ്ട് ഒടുവില്‍ ഇങ്ങനെ എഴുതേണ്ടി വന്നിട്ടുണ്ടെന്നതാണ് സത്യം.

”ഞാന്‍ എപ്പോഴും അനുകൂലിക്കുന്നത് പൂര്‍ണ സസ്യാഹാര ക്രമത്തെയാണ്. പക്ഷേ, ആരോഗ്യം ശരിയായി നിലനിര്‍ത്തുന്നതിന് സസ്യാഹാരത്തില്‍ പാലും തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ പാലുല്‍പന്നങ്ങളും ഉള്‍പ്പെടുത്തണമെന്ന് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. ഇത് എന്റെ മൗലികമായ ആശയത്തില്‍ നിന്നുള്ള നിര്‍ണായകമായ വ്യതിചലനമാണ്.

ആറു വര്‍ഷത്തോളം എന്റെ ആഹാരക്രമത്തില്‍ നിന്ന് പാലിനെ ഞാന്‍ ഒഴിച്ചുനിര്‍ത്തി. അക്കാലത്ത് അത് വലിയൊരു നിഷേധമായി എനിക്കു തോന്നിയില്ല. എന്നാല്‍ 1917ല്‍ എന്റെ തന്നെ അലംഭാവം കൊണ്ട് അതിഭയങ്കരമായ അതിസാരം പിടിപെട്ട് ഞാന്‍ കിടപ്പിലായി. എല്ലുംതോലും മാത്രമായി തീര്‍ന്നിട്ടും മരുന്ന് കഴിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. പാലോ മോരോ കഴിക്കില്ലെന്നും ഞാന്‍ വാശിപിടിച്ചു. പക്ഷേ ശരീരസ്ഥിതി വീണ്ടെടുക്കാനോ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ശേഷി കൈവരിക്കാനോ എനിക്കായില്ല.

പാല്‍ കഴിക്കില്ലെന്ന് ഞാന്‍ വ്രതമെടുത്തിരുന്നു. ഭിഷഗ്വരനായ ഒരു സുഹൃത്ത് അതിനൊരു പോംവഴി കണ്ടെത്തി. ഞാന്‍ വ്രതമെടുത്തപ്പോള്‍ പാല്‍ എന്നുദ്ദേശിച്ചത് പശുവിന്റെയും എരുമയുടെയും പാലായിരുന്നുവല്ലോ. ആട്ടിന്‍പാല്‍ കഴിക്കുന്നതിന് അതൊരു തടസ്സമാകുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദമുഖം. എന്റെ ഭാര്യയും അത് ശരിവച്ചു. ഒടുവില്‍ ഞാന്‍ വഴങ്ങി.

ശരിക്കും പറഞ്ഞാല്‍ വ്രതമെടുത്തപ്പോള്‍ പശുവിന്‍ പാലിലോ എരുമപ്പാലോ മാത്രമേ മനസിലുണ്ടായിരുന്നുള്ളൂവെങ്കിലും പാല്‍ ഉപേക്ഷിക്കാന്‍ ശപഥം ചെയ്ത ഒരാള്‍ക്ക് ഏത് പാലും നിഷിദ്ധം തന്നെ; ഘടകങ്ങളുടെ തോതില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും. എല്ലാ മൃഗങ്ങളുടെ പാലും ഘടനയില്‍ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഒന്നുപറയട്ടെ, ഞാനെടുത്ത വ്രതത്തിന്റെ വാച്യാര്‍ത്ഥം മാത്രമേ ഞാന്‍ കണക്കിലെടുത്തുള്ളൂ; സത്ത അവഗണിച്ചു. എന്തായാലും, ആട്ടിന്‍ പാല്‍ കുടിക്കാന്‍ തുടങ്ങിയതോടെ എന്റെ ശരീരസ്ഥിതി മെച്ചപ്പെട്ടു. എനിക്കൊരു പുതുജീവന്‍ ലഭിച്ചതായി അനുഭവപ്പെട്ടു. വളരെ വേഗത്തില്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാ നും കഴിഞ്ഞു. ഇതേപോലുള്ള അനേകം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കണിശമായ സസ്യാഹാരക്രമത്തിലും പാല്‍ ഉള്‍പ്പെടുത്തണമെന്നു പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായത്.”

മറ്റൊരിക്കല്‍ ഗാന്ധിജി പറഞ്ഞതിപ്രകാരമാണ് :
”ശരീരത്തോടുകൂടി ജീവിതം തുടരണമെന്നുള്ള എന്റെ ആഗ്രഹം ഹിംസ തുടരാന്‍ എന്നെ പ്രേരിപ്പിക്കുന്നുവെന്ന വസ്തുത വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു. അതുകൊണ്ടാണ് ഭൗതികശരീരത്തോടുള്ള വിരക്തി ആര്‍ജ്ജിക്കാന്‍ ഞാന്‍ അനുദിനം പരിശ്രമിക്കുന്നത്. ഉദാഹരണത്തിന്, ഞാന്‍ ശ്വസിക്കുമ്പോള്‍ വായുവില്‍ അടങ്ങിയ അദൃശ്യമായ അസംഖ്യം അണുക്കളെ നശിപ്പിക്കുകയാണെന്നുള്ള ബോധം എനിക്കുണ്ട്. പക്ഷേ, ഞാന്‍ ശ്വസനം നിര്‍ത്തുന്നില്ല. പച്ചക്കറികള്‍ ഉപയോഗിക്കുന്നതില്‍ ഹിംസയുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അതെനിക്ക് ഉപേക്ഷിക്കാനാവില്ല. വിഷാണുനാശിനികള്‍ ഉപയോഗിക്കുന്നതും ഹിംസയാണെന്ന് അറിയാതെയല്ല. പക്ഷേ കൊതുകില്‍ നിന്നും മറ്റ് പ്രാണികളില്‍ നിന്നും രക്ഷപ്പെടുന്നതിന് മണ്ണെണ്ണ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ എനിക്കാവുന്നില്ല. ആശ്രമത്തിലേക്ക് കടന്നുവരുന്ന പാമ്പുകളെ കൊല്ലുന്നത് ഞാന്‍ സഹിക്കുന്നു. ആശ്രമത്തിലെ കാളവണ്ടികളില്‍ കാളകളെ തെളിക്കുന്നതിന് വടി ഉപയോഗിക്കുന്നതും ഞാന്‍ അനുവദിച്ചുകൊടുക്കുന്നു. അങ്ങനെ ഞാന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യുന്ന ഹിംസയ്ക്ക് ഒരവസാനമില്ല. ഇതൊക്കെ ഞാന്‍ ഏറ്റുപറയുന്നതുകൊണ്ട് എന്നെ ഇതിനൊന്നും കൊള്ളില്ലെന്ന് എന്റെ സുഹൃത്തുക്കള്‍ വിശേഷിപ്പിച്ചാല്‍ തന്നെ, ഖേദപൂര്‍വം ഒരുകാര്യം പറയട്ടെ, അതൊന്നുംതന്നെ അഹിംസാ പരിപാലനത്തില്‍ എന്റെ കുറവുകളെ മറച്ചുവെയ്ക്കുന്നതിന് എന്നെ പ്രചോദിപ്പിക്കുകയില്ല. അഹിംസ പോലുള്ള മഹത്തായ ആദര്‍ശങ്ങളുടെ പൊരുള്‍ മനസിലാക്കാനും വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും അവ ഉള്‍ക്കൊള്ളിക്കാനുമുള്ള പരിശ്രമങ്ങള്‍, അത് ഞാന്‍ വിചാരിക്കുന്ന തോതില്‍ വിജയിക്കുന്നില്ലെങ്കില്‍ തന്നെയും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുമാത്രമാണ് ഞാന്‍ അവകാശപ്പെടുന്നത്.” (സസ്യാഹാരനിഷ്ഠയുടെ ധാര്‍മികാടിസ്ഥാനം, പൂര്‍ണോദയ ബുക്ട്രസ്റ്റ്, കൊച്ചി)

കന്നുകാലികളെ അറുക്കുന്നതും മാംസാഹാരം ഭക്ഷിക്കുന്നതും അനുവദിക്കുന്നത് കൊണ്ട് ഇസ്‌ലാമിനെ ക്രൂരവും അപരിഷ്‌കൃതവുമായ ഒരു ജനതയുടെ പ്രതിനിധാനമായായി അവതരിപ്പിക്കുന്ന പുല്ലു തീനികളായ സംഘി-സവര്‍ണ ബുദ്ധിജീവികളോട് തല്‍ക്കാലം കടമ്മനിട്ടയുടെ ക്യാ എന്ന കവിത ചൊല്ലിക്കൊടുക്കലേ നിര്‍വാഹമുള്ളൂ. സാഹിത്യാദി കലകളിലും സിനിമകളിലും ഇറച്ചി വെട്ടുകാരനായ ഒരു ‘മുസ്‌ലിം കഥാപാത്രം’ വില്ലനായി പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ കാലാകാലങ്ങളായി സവര്‍ണ മേല്‍കോയ്മാ സംവിധാനം സമൂഹ പൊതു അ(ബോധ)ത്തിലേക്ക് കടത്തി വിടുന്ന അപരവല്‍ക്കരണ പ്രക്രിയയുടെ അശുഭകരമായ സ്വാധീനവും ഫലപ്രാപ്തിയും തന്നെയാണ് ദര്‍ശിക്കാന്‍ കഴിയുക. ഇസ്‌ലാം പശുവിന്റെയോ മറ്റേതെങ്കിലും മൃഗത്തിന്റെയോ മാംസം ഭക്ഷിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ഇസ്‌ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്.

മാംസം അനുവദനീയമാകാന്‍ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കര്‍മങ്ങളുമെന്നപോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതും എന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൗകര്യം നല്‍കിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്‍പിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: ”അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ നല്ല നിലയിലത് നിര്‍വഹിക്കുക. അറുക്കുന്നുവെങ്കില്‍ അതും നല്ലനിലയിലാക്കുക. കത്തിയുടെ വായ്ത്തല മൂര്‍ച്ചകൂട്ടി ഉരുവിന് സൗകര്യം ചെയ്യുക.”(മുസ്‌ലിം)

ഒരിക്കല്‍ ഒരാള്‍ നബിതിരുമേനിയോടു പറഞ്ഞു: ”ഞാന്‍ ആടിനെ അറുക്കുമ്പോള്‍ ദയ കാണിക്കാറുണ്ട്.” ഇതുകേട്ട് പ്രവാചകന്‍ പ്രതിവചിച്ചു: ”നീ അതിനോടു കരുണ കാണിച്ചാല്‍ അല്ലാഹു നിന്നോടും കരുണ കാണിക്കും.”(ഹാകിം)
അനസ്(റ) നിവേദനം: ”കുറെ യുവാക്കള്‍ ഒരു പിടക്കോഴിയെ ബന്ധിച്ച് അമ്പെയ്തു ശീലിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബന്ധിപ്പിച്ച് വധിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി)
ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: ”ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.”(ത്വബ്‌റാനി)
”കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.”(ബുഖാരി, മുസ്‌ലിം)
”നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.” (അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്‌ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: ”ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.” (ക്വുര്‍ആന്‍ 6: 38)
മനുഷ്യര്‍ ധിക്കാരികളാകുമ്പോഴും മഴ വര്‍ഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ”ജനം സകാത്ത് നല്‍കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.” (ഇബ്‌നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകര്‍മമത്രെ. പ്രവാചകന്‍ പറഞ്ഞു: ”പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്.” (ബുഖാരി)

നബിതിരുമേനി അരുള്‍ ചെയ്യുന്നു: ”ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവെ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.” ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.” (ബുഖാരി, മുസ്‌ലിം)

മറ്റൊരു സംഭവം പ്രവാചകന്‍ ഇങ്ങനെ വിവരിക്കുന്നു: ”ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്‌റാഈല്യരില്‍പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.” (ബുഖാരി)

ഏതു ജീവിയെയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബി തിരുമേനി അരുളി ചെയ്യുന്നു: ”പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.” (ബുഖാരി, മുസ്‌ലിം)

”ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. ‘ന്യായമായ ആവശ്യമെന്തെന്ന്’ ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.” (അഹ്മദ്)

വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്‌ലിം, തിര്‍മുദി)

ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു. (മുസ്‌ലിം, അബൂദാവൂദ്)

നബിതിരുമേനി അരുള്‍ ചെയ്യുന്നു: ”ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ, ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.” (നസാഈ, ഇബ്‌നുഹിബ്ബാന്‍)

തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്‍പിക്കുകയും, ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും, മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും, ജന്തുക്കളുടെ പുറംഭാഗം ‘ഇരിപ്പിട’മാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി.

ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

എന്നാല്‍ കന്നുകാലികളെ പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് അറുത്ത് ഭക്ഷിക്കുവാന്‍ കൂടി പാകത്തിലാണ് എന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാടുകളെ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് അവയുടെ മാംസം ഭക്ഷണമാക്കുന്നതില്‍ ദൈവേച്ഛക്കു നിരക്കാത്തതായി യാതൊന്നുമില്ലെന്ന് വ്യക്തമാക്കുന്ന ഒരു ക്വുര്‍ആന്‍ വാക്യത്തിന്റെ സാരം ഇപ്രകാരമാണ് : ”സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പ്പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.” ആട്, മാട്, ഒട്ടകം എന്നവയെ അറുത്ത് ഭക്ഷിക്കുന്നതാണ് അനുവദനീയം എന്നും മറ്റു രീതികളില്‍ വധിക്കപ്പെടുന്നവയുടെ മാംസം നിഷിദ്ധമാണെന്നുമാണ് ‘നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള’ എന്ന പ്രയോഗത്തിന്റെ വിവക്ഷയെന്ന് മറ്റ് ക്വുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ബഹുദൈവാരാധനയുടെ ഭാഗമായി പ്രപഞ്ചനാഥനുപുറമെയുള്ള വസ്തുക്കളുടെയോ വ്യക്തികളുടെയോ പ്രീതിക്കുവേണ്ടി അറുക്കപ്പെട്ട മാടുകളുടെ ഇറച്ചിയും ഭക്ഷിച്ചുകൂടെന്ന് ആ വചനങ്ങളില്‍ നിന്നും വ്യക്തമാണ്. ഇവ്വിഷയകമായ ഒരു ക്വുര്‍ആന്‍ വചനത്തിന്റെ സാരം ശ്രദ്ധിക്കുക: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണു ചത്തത്, കുത്തേറ്റു ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടുകൂടി) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും നിഷിദ്ധമാകുന്നു” ഈ ക്വുര്‍ആന്‍ വചനങ്ങളില്‍നിന്ന് മാട്ടിറച്ചിയോടുള്ള ഇസ്‌ലാമിക സമീപനത്തിന്റെ അടിത്തറകള്‍ കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. പ്രകൃതിയിലെ ഭക്ഷ്യശൃംഖലയില്‍ കന്നുകാലികളെക്കൂടി ഭക്ഷണമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് മനുഷ്യന്റെ സ്ഥാനം പ്രപഞ്ചനാഥന്‍ നിര്‍ണയിച്ചിരിക്കുന്നത്. എന്നാല്‍ അവയെ മാംസത്തിനുവേണ്ടി എങ്ങനെ വധിക്കണമെന്ന കാര്യം ദൈവികമായ അരുളപ്പാടുകളില്‍ നിന്നാണ് മനുഷ്യന്‍ മനസ്സിലാക്കേണ്ടത്. ഇസ്‌ലാമിക കര്‍മശാസ്ത്രം അനുശാസിക്കുന്ന അറവുരീതി ലോകപ്രശസ്തമായിത്തീര്‍ന്നത് ഇവ്വിഷയകമായ മതാനുശാസനകളെ മുസ്‌ലിംകള്‍ കണിശമായി മുറുകെപ്പിടിച്ചതുകൊണ്ടാണ്.

മാട്ടിറച്ചിയിലെ പോഷകഘടകങ്ങള്‍ മനുഷ്യശരീരത്തിന്റെ നിലനില്‍പിനും വളര്‍ച്ചക്കും പല രീതിയില്‍ ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിച്ചുകൊണ്ട് മാത്രമേ ‘ജീവികളെ വധിക്കുന്നത് പാപമാണ്’ എന്ന് ഉദ്‌ഘോഷിക്കുന്ന അഹിംസാ തീവ്രവാദികള്‍ക്ക് മാംസാഹാരം പ്രകൃതി വിരുദ്ധമാണെന്ന് വാദിക്കാന്‍ കഴിയുകയുള്ളൂ. ഭക്ഷണത്തിനുവേണ്ടി ചില ജീവികള്‍ മറ്റു ചിലവയെ കൊല്ലുക എന്ന നിയമമാണ് ജൈവലോകത്തുടനീളം നിലനില്‍ക്കുന്നത് എന്ന കേവലസത്യത്തെ മൂടിവെച്ചുകൊണ്ടാണ് ഈ ‘പ്രകൃതിവാദം’ സ്ഥാപിക്കപ്പെടുന്നത് എന്ന കാര്യം അങ്ങേയറ്റം സഹതാപാര്‍ഹമല്ലേ? പൂര്‍ണമായ സസ്യാഹാരനിഷ്ഠയാണ് ഭക്ഷണത്തിനുവേണ്ടിയുള്ള ഹിംസ ഒഴിവാക്കാന്‍ പ്രകൃതിജീവന പ്രചാരകര്‍ നിര്‍ദ്ദേശിക്കുന്നത്. സസ്യങ്ങള്‍ക്കും ജീവനും വികാരങ്ങളും വേദനയുമെല്ലാമുണ്ടെന്ന ശാസ്ത്രവസ്തുതയെ മണ്ണിട്ട് മൂടികൊന്നുകൊണ്ടുമാത്രമേ ഈ ‘പരിഹാര’ത്തെ സിദ്ധാന്തവല്‍ക്കരിക്കാനാകൂ. പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും അനാരോഗ്യകരവും അപ്രായോഗികവുമായ ഒരു ഭക്ഷ്യസംസ്‌കാരത്തെയാണ് മാംസാഹാര വിരോധികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നര്‍ത്ഥം. ഇസ്‌ലാമിന്റെ ഇവ്വിഷയകമായ നിലപാടിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള പ്രകൃതി/അഹിംസാ ധൈഷണിക വ്യായാമങ്ങളൊക്കെയും അതിനാല്‍ തന്നെ അടിസ്ഥാനരഹിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *