ശാസ്ത്രവും ദൈവാസ്തിത്വവും

ഭൗതികവാദത്തോടുള്ള മുസ്‌ലിം വിയോജിപ്പ് തുടങ്ങുന്നത് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടോയെന്ന ചോദ്യത്തോടു കൂടിയാണ്. മതവും യുക്തിവാദവും തമ്മിലുള്ള തര്‍ക്കത്തിന്റെ മര്‍മമാണിത്. സ്രഷ്ടാവുണ്ടെന്ന് മുസ്‌ലിംകളും ഇല്ലെന്ന് ഭൗതികവാദികളും വിശ്വസിക്കുന്നു. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് പ്രപഞ്ചത്തിനു പുറത്തുള്ളവനായിരിക്കുമെന്നതുകൊണ്ടുതന്നെ അവനെ നേര്‍ക്കുനേരെ അനുഭവിക്കുവാന്‍ പദാര്‍ത്ഥലോകത്തെ അറിയുവാനും
അനുഭവിക്കുവാനുമായി നല്‍കപ്പെട്ട ഇന്ദ്രിയങ്ങളും ധിഷണയുമുപയോഗിച്ചു കഴിയുകയില്ല. ഇന്ദ്രിയങ്ങളുപയോഗിച്ചു നേടിയെടുക്കുന്ന അറിവുകളെ ധിഷണയുപയോഗിച്ച് അപഗ്രഥിക്കുമ്പോള്‍ ലഭിക്കുന്ന വിജ്ഞാനമാണ് ശാസ്ത്രം.

സ്ഥല-കാല നൈരന്തര്യത്തിന്റെതായ പദാര്‍ത്ഥപ്രപഞ്ചം മാത്രമാണ് ശാസ്ത്രത്തിന്റെ വിഷയം. സ്ഥലത്തിന്റെയും കാലത്തിന്റെയും അവ തമ്മിലുള്ള പാരസ്പര്യത്തിന്റെയും നൈരന്തര്യത്തിന്റെയും സ്രഷ്ടാവിനെ അപഗ്രഥിക്കുവാന്‍ ശാസ്ത്രത്തിന് കഴിയുകയില്ല. ‘ദൈവമുണ്ട്’ എന്നത് വിശ്വാസമായതുപോലെ ‘ഇല്ല’ എന്നതും ഒരു കേവല വിശ്വാസം മാത്രമാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ശാസ്ത്രത്തിന്റെ അപഗ്രഥനരീതിയുപയോഗിച്ച് ദൈവമുണ്ടെന്ന് സ്ഥാപിക്കുവാന്‍ കഴിയാത്തതുപോലെ ഇല്ലെന്നു സമര്‍ത്ഥിക്കുവാനും കഴിയില്ലെന്നര്‍ത്ഥം.
അഭൗതികയാഥാര്‍ത്ഥ്യങ്ങളെയെല്ലാം അറിയുന്നതിനുള്ള മുസ്‌ലിംകളുടെ പ്രമാണങ്ങള്‍ പരിശുദ്ധ ക്വുര്‍ആനും നബിചര്യയുമാണ്. ഭൗതികപ്രപഞ്ചത്തെയും അഭൗതിക പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനില്‍ നിന്നുള്ള വെളിപാടുകളാണവ. ദൈവവചനങ്ങളാണ് ക്വുര്‍ആനിലുള്ളത്. ദൈവവെളിപാടുപ്രകാരമുള്ള പ്രവാചകജീവിതവും മൊഴികളും അനുവാദവുമാണ് നബിചര്യ. പദാര്‍ത്ഥാതീതമായ യാതൊന്നിലും വിശ്വസിക്കാത്ത ഭൗതികവാദികള്‍ അവരുടെ പ്രമാണം ശാസ്ത്രമാണെന്നാണ് ആണയിടാറുള്ളത്. മനുഷ്യധിഷണയുടെ അപഗ്രഥനത്തിനു വഴങ്ങാത്ത അഭൗതികയാഥാര്‍ത്ഥ്യങ്ങളെ അറിയുവാന്‍ ശാസ്ത്രത്തിന് കഴിയുകയില്ലെങ്കിലും പ്രപഞ്ചത്തിനുപിന്നില്‍ ഒരു ആസൂത്രകനുണ്ടോയെന്ന അന്വേഷണത്തിന് ശാസ്ത്രത്തെ ഉപയോഗിക്കാമെന്നു തന്നെയാണ് മുസ്‌ലിംകളും കരുതുന്നത്. സ്രഷ്ടാവിന്റെ സര്‍ഗവൈഭവങ്ങളുടെ പ്രകടനയാണ് പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും എന്നതിനാല്‍ പ്രസ്തുത പ്രതിഭാസങ്ങളെക്കുറിച്ച പഠനങ്ങളെല്ലാം അവന്റെ അസ്തിത്വത്തെ വെളിപ്പെടുത്തുമെന്ന ദൃഢബോധ്യമാണ് ഈ കരുതലിനു പിന്നില്‍. സര്‍ഗധനനായ അല്ലാഹുവിന്റെ വൈഭവങ്ങളെ അറിയാനുള്ള ശ്രമമാണ് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം. സ്രഷ്ടാവുണ്ടോയെന്ന അന്വേഷണത്തിനപ്പുറത്തേക്കു പോയി അഭൗതികയാഥാര്‍ത്ഥ്യങ്ങളെ അപഗ്രഥിക്കുവാന്‍ ശാസ്ത്രീയമായ രീതിയുപയോഗിച്ച് കഴിയുകയില്ല. ശാസ്ത്രത്തിന്റെ ഈ പരിമിതിയെപ്പറ്റി ഭൗതികവാദിയായ സര്‍ പീറ്റര്‍ മെഡവര്‍ തന്റെ ‘ശാസ്ത്രത്തിന്റെ പരിമിതികള്‍’ (The Limits of Science) എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രപഞ്ചത്തെ അറിയാനുപയോഗിക്കുന്ന ശാസ്ത്രമുപയോഗിച്ച് പ്രപഞ്ചാതീതനായ സ്രഷ്ടാവിന്റെ അനിവാര്യതയെ അറിയാനാവുമെന്ന് പറയുമ്പോള്‍ സകലതിനെയും കുറിച്ച തീര്‍പ്പുകല്‍പ്പിക്കുവാന്‍ ശാസ്ത്രത്തെ കൂട്ടുപിടിക്കാമെന്നല്ല അതിന്റെ അര്‍ത്ഥം. പദാര്‍ത്ഥാതീതമായ അസ്തിത്വമുള്ളതെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന അഭൗതികയാഥാര്‍ത്ഥ്യങ്ങളെ ‘ബുദ്ധിപര’മായി അപഗ്രഥിച്ച് അവമതിക്കുകയാണ് പുതിയകാലത്തെ നിരീശ്വരന്‍മാരുടെ വിനോദം. ശാസ്ത്രത്തിന്റേതല്ലാത്ത വിഷയങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാന്‍ ശ്രമിക്കുന്നവരാണ് സ്വയം യുക്തിവാദികളെന്ന് പരിചയപ്പെടുത്തുന്നതെന്ന വസ്തുത എന്തുമാത്രം പരിഹാസ്യമല്ല! പദാര്‍ത്ഥപ്രപഞ്ചത്തെ ബൗദ്ധികമായി അപഗ്രഥിക്കുന്നവര്‍ക്കൊന്നും പ്രപഞ്ചാതീതനായ ഒരു ആസൂത്രകനെ നിഷേധിക്കാനാവുകയില്ലെന്ന ശാസ്ത്രീയമായ അറിവിനുമുമ്പില്‍ പിടിച്ചു നില്‍ക്കാനാവാത്തതുകൊണ്ടാണ് പദാര്‍ത്ഥാതീതമായ അസ്തിത്വമുണ്ടെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന അഭൗതികയാഥാര്‍ത്ഥ്യങ്ങളെ ‘ബൗദ്ധിക’മായി അപഗ്രഥിച്ച് കളിയാക്കുന്ന ഡിങ്കന്‍കളിലേക്ക് ആപതിക്കുവാന്‍ നിരീശ്വരന്‍മാര്‍ നിര്‍ബന്ധിതരാവുന്നത്.
വ്യവസ്ഥാപിതമായ നമ്മുടെ പ്രപഞ്ചം യാദൃഛികമായി ഉണ്ടാകുവാന്‍ സാധ്യതയില്ലെന്ന് ഗണിതജ്ഞനായ റോജര്‍ പെന്റോസ് പറയുന്നത് അദ്ദേഹം ഏതെങ്കിലുമൊരു മതത്തിന്റെ വക്താവായതുകൊണ്ടല്ല; പ്രത്യുത, സത്യസന്ധമായി ശാസ്ത്രനിരീക്ഷണങ്ങളെ അപഗ്രഥിച്ചതുകൊണ്ടാണ്. സ്രഷ്ടാവില്ലെങ്കില്‍ സൃഷ്ടി നടന്നിട്ടില്ല എന്നാണര്‍ത്ഥം. സൃഷ്ടി നടന്നിട്ടില്ലെങ്കില്‍ നാം അനുഭവിക്കുന്ന പ്രതിഭാസങ്ങളെല്ലാം യാദൃഛികമായി ഉണ്ടായതായിരിക്കണം. അങ്ങനെ സംഭവിക്കാനുള്ള സാധ്യത ആയിരം കോടിയെ നൂറ്റിഇരുപത്തിമൂന്നു തവണ ഗുണിച്ചാല്‍ ലഭിക്കുന്ന സംഖ്യയെ കൊണ്ട് ഒന്നിനെ ഹരിച്ചാല്‍ ലഭിക്കുന്ന സംഖ്യയാണ് എന്നുപറഞ്ഞാല്‍ സൃഷ്ടി നടന്നിട്ടുണ്ട് എന്നാണര്‍ത്ഥം. കൃത്യവും സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു ആസൂത്രണം പ്രപഞ്ചത്തിനും അതിലെ പ്രതിഭാസങ്ങള്‍ക്കും പിന്നിലുണ്ടെന്നാണ് ശാസ്ത്രം വെളിപ്പെടുത്തുന്നതെന്ന് പറയുന്നത് അതുകൊണ്ടാണ്. യാദൃഛികത ശാസ്ത്രം തള്ളിക്കളയുന്നുവെന്നാല്‍ ആസൂത്രണം അംഗീകരിക്കുന്നുവെന്നാണര്‍ത്ഥം. ആസൂത്രണമുണ്ടെങ്കില്‍ ആസൂത്രകന്‍ ഇല്ലാതിരിക്കുന്നതെങ്ങനെ?! സ്രഷ്ടാവിനെ നിഷേധിക്കുന്നവര്‍ക്കുള്ള നൃത്തശാലയായി ശാസ്ത്രം നിലനിന്നിരുന്ന ഭൂതകാലത്തിന് തിരശീല വീണിരിക്കുന്നുവെന്ന് ശാസ്ത്രചരിത്രകാരനായ അമിര്‍ ആല്‍സേല്‍ പറയുന്നത് മറ്റൊന്നുംകൊണ്ടുമല്ല. ശാസ്ത്രത്തിന്റെ വക്താക്കളെന്ന സ്വയംനാട്യത്തില്‍ അഭിരമിച്ചുകൊണ്ട് ശാസ്ത്രസിദ്ധാന്തങ്ങളുപയോഗിച്ച് ദൈവത്തെ അടിക്കാന്‍ ശ്രമിക്കുന്നവരുടെ അവസാനത്തെ വടിയും ആപേക്ഷികതാസിദ്ധാന്തവും കണികാഭൗതികവും സംഭവ്യതാതത്വവും കൂടി തകര്‍ത്തുതരിപ്പണമാക്കിയതിന്റെ നിരാശ തീര്‍ക്കുന്നതിന് നിരീശ്വരന്‍മാര്‍ക്ക് ആക്ഷേപഹാസ്യങ്ങളില്‍ അഭയം കണ്ടെത്തുകയല്ലാതെ നിവൃത്തിയില്ല. പദാര്‍ത്ഥാതീത ലോകത്തെക്കുറിച്ച മതപാഠങ്ങളെ പദാര്‍ത്ഥത്തെ മാത്രം പഠിക്കാന്‍ കഴിയുന്ന മസ്തിഷ്‌കമുപയോഗിച്ച് അപഗ്രഥിച്ചവതരിപ്പിച്ച് തമാശ പറയുന്നവര്‍ സ്വയം വിളിക്കുന്നത് യുക്തിവാദികളെന്നാണെങ്കിലും തികച്ചും യുക്തിവിരുദ്ധമാണ് അവരുടെ രീതിശാസ്ത്രമെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹമായ ഭൂമിയിലെ അനുകൂലനങ്ങളെക്കുറിച്ചുമാത്രം പഠിച്ചാല്‍മതി, പ്രപഞ്ചസൃഷ്ടിയിലെ ആസൂത്രണം എത്രമാത്രം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാക്കുവാന്‍. 2012 ഒക്‌ടോബറിലെ നമുക്കടുത്തുള്ള ഒരു നക്ഷത്രയൂഥത്തിലെ ഭൂമിക്കുസമാനമായ ഗ്രഹത്തിന്റെ കണ്ടെത്തല്‍, ഭൂമിക്കുപുറത്തെ ജീവനെക്കുറിച്ച പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അത് ഏറെക്കാലം നീണ്ടുനിന്നില്ല. സൂര്യനില്‍ നിന്ന് 43 പ്രകാശവര്‍ഷങ്ങള്‍ ദൂരെയുള്ള ആല്‍ഫസെന്റുറി ബി നക്ഷത്രത്തിനുചുറ്റും 3.2 ദിവസങ്ങളെടുത്ത് പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് ഭൂമിയോടടുത്ത ഭാരമുണ്ടെന്നും പല ഭൗമസവിശേഷതകള്‍ക്കും തുല്യമായ പ്രത്യേകതകളുണ്ടെന്നും അതിനാല്‍ ജീവനുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഗ്രഹം കണ്ടെത്തിയ യൂറോപ്യന്‍ ഗവേഷകരുടെ നിഗമനം. ഈ നിഗമനം തെറ്റാണെന്ന തുടര്‍പഠനങ്ങള്‍ നല്‍കിയ ബോധ്യത്തോടനുബന്ധിച്ച് ജീവന്‍ നിലനില്‍ക്കാന്‍ തക്ക രൂപത്തിലുള്ള ഭൗമസവിശേഷതകളെക്കുറിച്ച ചര്‍ച്ചകള്‍ സജീവമായി. നാലുകാര്യങ്ങളെങ്കിലും പൂര്‍ണമായുണ്ടാവുമ്പോള്‍ മാത്രമാണ് ഒരു പ്രപഞ്ചപ്രദേശത്തില്‍ ജീവന്‍ നിലനില്‍ക്കുക. ആവശ്യമായ താപം, ലഭ്യമായ ജലം, കൃത്യമായ വാതകമിശ്രിതം, നിലനില്‍ക്കാനാവുന്ന അന്തരീക്ഷം എന്നിവയാണവ. ജീവന്‍ നിലനിര്‍ത്തുന്ന രീതിയില്‍ ഇവ നാലും ഒത്തുവരുന്നത് ഭൂമിയില്‍ മാത്രമാണ്. ജീവനുവേണ്ടി ഭൂമിയെ പ്രത്യേകം സജ്ജമാക്കിയതാണെന്നര്‍ത്ഥം.
സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള 1496 ലക്ഷം കിലോമീറ്റര്‍ ദൂരം, ഭൂമിയില്‍ മാത്രം നിലനില്‍ക്കുന്ന ഹരിതഗേഹ പ്രഭാവം (Green house effect) എന്നിവയാണ് ഭൂമിയുടെ താപം -500 സെല്‍സ്യസിനും +500 സെല്‍ഷ്യസിനുമിടയില്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനില്‍ക്കാനാവശ്യമായ താപനിലയുള്ള പ്രദേശത്തെയാണ് ഗോള്‍ഡിലോക്‌സ് സ്ഥലം (goldilocks zone) അഥവാ വാസയോഗ്യസ്ഥലം (habitable zone) എന്നുപറയുന്നത്. ആവശ്യമായ കാര്‍ബണ്‍-നീരാവി സാന്നിധ്യമുള്ള അന്തരീക്ഷമുള്ളതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. പ്രസ്തുത സാന്നിധ്യത്തിന് നക്ഷത്രത്തില്‍നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം കൃത്യമാവുകയും ഒപ്പം തന്നെ അത് നിലനില്‍ക്കാനാവശ്യമായ ഗ്രഹസാഹചര്യമുണ്ടാവുകയും വേണം. ഭൂമിയും സൂര്യനും തമ്മില്‍ നിലനില്‍ക്കുന്ന ദൂരം കുറയുകയോ കൂടുകയോ ചെയ്താല്‍ ഇവിടെ ജീവനുണ്ടാവുകയില്ല. ഹരിതഗേഹപ്രഭാവമില്ലെങ്കില്‍ ജീവന്‍ നിലനില്‍ക്കുകയുമില്ല. ഭൂമിയിലെ ഹരിതഗേഹപ്രഭാവം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. പ്രകാശസംശ്ലേഷണസമയത്ത് ഓക്‌സിജനും നീരാവിയും പുറത്തുവിടുന്നതുകൊണ്ടാണ് ഈ പ്രതിഭാസം നിലനില്‍ക്കുന്നത്. ആവശ്യമായ കാര്‍ബണ്‍-ജല അനുപാതം നിലനിന്നിട്ടില്ലെങ്കില്‍ ഭൂമി -73 ഡിഗ്രിയിലുള്ള തണുത്തുറച്ച ഗ്രഹമാകുമായിരുന്നു.ഈ അനുപാതം നിലനിര്‍ത്തുന്നത് സസ്യങ്ങളാണ്. സസ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവശ്യമായ കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍മിക്കുന്നത് ജന്തു പ്രവര്‍ത്തനങ്ങളാണ്.  ഭൂമിയില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളില്ലെങ്കില്‍ ഭൂമിയില്ല! ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങളില്ല! സസ്യങ്ങളും ഭൂമിയുമില്ലെങ്കില്‍ ജന്തുക്കളുമില്ല! എന്തൊരു പാരസ്പര്യം! ഈ പാരസ്പര്യം യാദൃഛികമാവുമോ?
ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ജലസാന്നിധ്യമുണ്ടാകണം. ഭൂമിയിലെ ജലസാന്നിധ്യം സ്ഥിരമാക്കുന്നതില്‍ ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പങ്കുണ്ട്. ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഒക്‌സിജനും 0.03 ശതമാനം കാര്‍ബണ്‍ ഡയോക്‌സൈഡുമാണുള്ളത്. ഈ അനുപാതം നിലനിന്നാലേ ജീവനുണ്ടാവൂ. അത് നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പങ്കുണ്ട്. ജീവനും അതുനിലനില്‍ക്കുവാനുള്ള സംവിധാനങ്ങളുമെല്ലാം കൃത്യവും സൂക്ഷ്മവുമായി സംരക്ഷിക്കപ്പെടണമെങ്കില്‍ അതിനാവശ്യമായ അന്തരീക്ഷമുണ്ടാവണം. എണ്‍പതു മുതല്‍ നൂറു വരെ കിലോമീറ്റര്‍ കനത്തില്‍ ഭൂമിയെ ആവരണം ചെയ്യുന്ന വാതകങ്ങളുടെ മതിലാണ് അന്തരീക്ഷം. അപകടകരമായ പ്രപഞ്ചരശ്മികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും ഭൂമിയെ രക്ഷപെടുത്താന്‍ കഴിയുന്ന അന്തരീക്ഷമുള്ളതുകൊണ്ടാണ് ഇവിടെ ജീവന്‍ നിലനില്‍ക്കുന്നത്. അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തില്‍ കുറവാണെങ്കില്‍ ജന്തുക്കള്‍ക്ക് ജീവിക്കാനാവുകയില്ല. 25 ശതമാനത്തില്‍ കൂടിയാല്‍ സസ്യങ്ങളെല്ലാം കത്തി ചാമ്പലാവുകയും ചെയ്യും. 23.5 ഡിഗ്രി ചരിഞ്ഞ് (സാങ്കല്‍പിക അച്ചുതണ്ടില്‍) ഭൂമി സ്വയം ഭ്രമണം നടത്തുന്നതുകൊണ്ടാണ് നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറച്ച് ഹിമഗ്രഹമാകാതിരിക്കുന്നത്. ഒരു മണിക്കൂറില്‍ ആയിരത്തി അറുന്നൂറ്
കിലോമീറ്റര്‍ വേഗതയിലുള്ള സ്വംയഭ്രമണം വഴിയാണ് ഓരോ ഭൂഖണ്ഡങ്ങളിലും ആവശ്യമായ തോതിലുള്ള സൂര്യപ്രകാശത്തിന്റെ വിതരണം നടക്കുന്നത്. അത് അല്‍പം കുറയുകയോ കൂടുകയോ ചെയ്താല്‍ ജീവന്‍ സാധ്യമാവുമായിരുന്നില്ല. സൗരോപരിതലത്തിന്റെ താപമായ 5778 ഡിഗ്രിയാണ് ഭൂമിക്ക് ആവശ്യമായ ചൂട് നല്‍കുന്നത്. ഇത് കൂടുകയോ കുറയുകയോ ചെയ്താല്‍ ഭൂമിയില്‍ ജീവനുണ്ടാകുമായിരുന്നില്ല. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ദൂരവും ചന്ദ്രപ്രതിഭാസങ്ങളുമെല്ലാം ജീവന്റെ സാധ്യതയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. ചന്ദ്രന്‍ ഇന്നുള്ള 384450 കിലോമീറ്ററിനെക്കാള്‍ അടുത്തായിരുന്നു നിലനിന്നിരുന്നതെങ്കില്‍ സ്ഥിരമായ വേലിയേറ്റം കാരണം ഭൂമിയില്‍ ജീവന്‍ അസാധ്യമാകുമായിരുന്നു. ഭൂമിയുടെ മൂന്നില്‍രണ്ടു ഭാഗം സമുദ്രമായതും അവയുടെ ആഴവുമെല്ലാം ഇവിടുത്തെ ജീവന്‍ നിലനില്‍ക്കുന്നതിന് കാരണമായി ഭവിക്കുന്ന അനുകൂലനങ്ങളാണ്. ജീവന്‍ നിലനില്‍ക്കാന്‍ പാകത്തില്‍ ഭൂമിയെ ഒരുക്കിയവന്റെ ആസൂത്രണമല്ലാതെ മറ്റെന്താണ് ഇവിടെയെല്ലാം കാണാനാവുന്നത്! ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരി!
”ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.  (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസനും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.” (50:7,8)
സ്വന്തത്തിലേക്കും ചുറ്റുപാടുകളിലേക്കും നോക്കി സ്രഷ്ടാവിനെ അറിയുവാനാണ് ക്വുര്‍ആന്‍ മനുഷ്യനോട് ആഹ്വാനം ചെയ്യുന്നത്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങളോരോന്നും വായനക്കാരന്റെ ചിന്തയെ തൊട്ടുണര്‍ത്തുകയും പടച്ചവന് സാഷ്ടാംഗം നമിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ക്വുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ പദാര്‍ത്ഥലോകത്തെയും അതിലെ വ്യത്യസ്ത പ്രതിഭാസങ്ങളെയും പഠിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പടച്ചവന്റെ അസ്തിത്വത്തോടൊപ്പം തന്നെ ക്വുര്‍ആനിന്റെ അമാനുഷികതയും അത്ഭുതകരമായ കൃത്യതയും കൂടി ബോധ്യപ്പെടും. പ്രസ്തുത ബോധ്യപ്പെടലിനാവശ്യം കളങ്കരഹിതവും അഹങ്കാരലേശമില്ലാത്തതുമായ അന്വേഷണാത്മകതയാണ്. അതില്ലാതെ, അഹങ്കാരത്തിന്റെ കൊടുമുടിയില്‍ കയറി വിമര്‍ശനത്തിന്റെ ആക്ഷേപഹാസ്യങ്ങളുമായി ഡിങ്കന്‍ കളിക്കുന്നവര്‍ വഴികേടിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് ആപതിച്ചുകൊണ്ടിരിക്കുക മാത്രമേയുള്ളൂ. അത്തരക്കാരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞതല്ലാതെ മറ്റൊന്നും നമുക്ക് പറയാനില്ല!
”ന്യായം കൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ച് കൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും, അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്.” (7:146)
യാദൃഛികത എന്ന് പ്രപഞ്ചകാരണമായി പറയുന്നവര്‍ തങ്ങള്‍ എത്രമാത്രം യുക്തിവിരുദ്ധമായാണ് കാര്യങ്ങളെ കാണുന്നതെന്ന് ചിന്തിക്കാന്‍ തയ്യാറാകാറില്ല. പ്രപഞ്ചത്തിനും അതിലെ ഏറ്റവും സങ്കീര്‍ണമായ പ്രതിഭാസമായ ജീവനും പിന്നില്‍ യാദൃഛികതയാണെന്ന് വരുത്തുന്നതിനായാണ് പ്രപഞ്ചോല്‍പത്തി സിദ്ധാന്തങ്ങളും ജീവോല്‍പത്തി സിദ്ധാന്തങ്ങളുമുണ്ടാക്കാന്‍ ശാസ്ത്രരംഗത്തുള്ള ഭൗതികവാദികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. നമ്മുടെ പ്രപഞ്ചം എന്നെന്നും ഇതുപോലെയുണ്ടായിരുന്നുവെന്ന സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് (Steady state theory) ശാസ്ത്രീയമായ അലകും പിടിയും നിര്‍മിക്കാന്‍ തന്റെ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ച ഇംഗ്ലീഷ് പ്രപഞ്ചശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയിലിന്, ശാസ്ത്രീയ പഠനങ്ങളെല്ലാം തന്റെ സിദ്ധാന്തത്തിന് എതിരായ ഫലങ്ങളാണ് നല്‍കുന്നതെന്ന് ബോധ്യപ്പെട്ട്, തന്റെ അന്‍പത്തിയാറാമത്തെ വയസ്സില്‍, 1971ല്‍ പ്രപഞ്ചത്തിനു തുടക്കമുണ്ടെന്ന മഹാവിസ്‌ഫോടന സിദ്ധാന്തം (Big bang theory) സമ്മതിക്കേണ്ടി വന്നത് സൃഷ്ടിവാദി-ഭൗതികവാദി സംവാദചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ്. നമ്മുടെ പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നു സമ്മതിക്കുകയല്ലാതെ നിവൃത്തിയില്ലെന്നു വന്നപ്പോള്‍ സ്ഥിരമായി നിലനില്‍ക്കുന്ന ഒരു ഭൂമികയില്‍നിന്ന് പ്രപഞ്ചങ്ങള്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നുവെന്ന തെളിവൊന്നുമില്ലാത്ത സങ്കല്‍പനങ്ങളില്‍ ആശ്വാസം കണ്ടെത്തുകയാണ് ശാസ്ത്രരംഗത്തെ ഭൗതികവാദികള്‍ ചെയ്യുന്നത്. പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ജീവന്റെ ഉല്‍പത്തിയെ വിശദീകരിക്കുവാന്‍ ശ്രമിച്ച ഭൗതികവാദികളുടെ സ്ഥിതിയും തഥൈവ. ഉണ്ടായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പരിണാമവാദം ശാസ്ത്രഗോപുരത്തിന്റെ പടിക്കുപുറത്ത് അതിനകത്തേക്കു കടക്കാനായുള്ള ഗിമ്മിക്കു കളികളുമായി തുടരുകയാണ്. ശാസ്ത്രസിദ്ധാന്തമെന്ന് വിളിക്കപ്പെടാനാവശ്യമായ യോഗ്യതകളൊന്നും നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്ത്രസദ്യ വിളമ്പുന്നിടത്തെല്ലാം കുമ്മനടിയുമായി പരിണാമവാദവും വാദികളുമുണ്ടാകുമെന്നതാണ് ഇന്നത്തെ അവസ്ഥ. സ്രഷ്ടാവിനെ നിഷേധിക്കാനായി സിദ്ധാന്തമുണ്ടാക്കിയവര്‍ക്ക് പക്ഷേ ജീവന്റെ ഉല്‍പത്തിക്ക് കാരണമാകുമെന്ന് അവര്‍ തന്നെ സിദ്ധാന്തിക്കുന്ന സാഹചര്യങ്ങള്‍ ഒരിക്കലും ഭൂമിയിലുണ്ടാവുകയില്ലെന്ന് ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവിനെ അംഗീകരിക്കുവാന്‍ അവരുടെ അഹങ്കാരം അനുവദിക്കുന്നില്ല. ആകാശലോകത്തെവിടെയോ എങ്ങനെയോ ഉണ്ടായ ജീവന്‍ ഏതോ ഒരു സാഹചര്യത്തില്‍ ഭൂമിയിലെത്തി പരിണമിച്ചാണ് ജന്തുജാതികളെല്ലാമുണ്ടായതെന്നാണ് അവരുടെ സിദ്ധാന്തം. ഉപരിയിലെവിടെയോ സങ്കീര്‍ണമായ സാഹചര്യത്തില്‍ രൂപപ്പെടുന്ന ജീവന്‍ യാദൃഛികമായി ഭൂമിയില്‍ പതിച്ചതാണെന്ന പാന്‍സ്‌പെര്‍മിയ സിദ്ധാന്ത(Panspermia theory)ത്തില്‍ അഭയം കണ്ടെത്തി ആശ്വസിക്കുന്നവര്‍ക്ക് ഉപരിയിലുള്ള സ്രഷ്ടാവില്‍ നിന്നുണ്ടായതാണ് ജീവന്‍ എന്ന് അംഗീകരിക്കാനാവാത്തത് അഹങ്കാരം കൊണ്ടല്ലെങ്കില്‍ മറ്റെന്തുകൊണ്ടാണ്!?
നിരീശ്വരത്വ പ്രചാരണത്തിന് ശാസ്ത്രത്തെ ഉപയോഗിച്ചിരുന്ന ഭൂതകാലത്തെ വൈജ്ഞാനികഭൂമികയില്‍ നിന്ന് ഒരല്‍പംപോലും മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് പുതിയകാലത്തെ ഭൗതികവാദികളില്‍ പലരുമെന്നതാണ് വസ്തുത. ന്യൂട്ടോണിയന്‍ ഭൗതികത്തിന്റെയും ഡാര്‍വീനിയന്‍ ജീവശാസ്ത്രത്തിന്റെയും വടികളുപയോഗിച്ച് ദൈവത്തെ അടിക്കാന്‍ ശ്രമിക്കുന്ന അവര്‍ ശാസ്ത്രം ഒരുപാട് മുന്നോട്ടു പോയിട്ടുണ്ടെന്ന വസ്തുത അറിഞ്ഞിട്ടുപോലുമില്ല. അറിവിന്റെ വര്‍ദ്ധനവ് ദൈവത്തെ കൊല്ലുമെന്ന് കരുതിയ നീത്‌ഷെയെപ്പോലെയുള്ളവര്‍ സ്വപ്നം കണ്ടതുപോലെയല്ല വസ്തുതയെന്ന് ശാസ്ത്രലോകത്തുള്ളവര്‍ക്കെല്ലാം ഇന്ന് അറിയാവുന്നതാണ്. ദൈവം മരിക്കുകയല്ല, വിശ്വാസവര്‍ദ്ധനവിലൂടെ ദൈവമാര്‍ഗത്തെ പ്രതിഫലിപ്പിക്കുന്നവരിലൂടെ ജീവിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത ഭൗതികവാദികളെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്. ക്രിസ്ത്യന്‍ പള്ളികള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്നു സന്തോഷിക്കുന്നവര്‍ പക്ഷേ അവയില്‍ പലതും ഇന്ന് ഉപയോഗിക്കുന്നത് മുസ്‌ലിം പള്ളികളായാണ് എന്ന വസ്തുത പറയാന്‍ മടിക്കുന്നു. ക്വുര്‍ആന്‍ വരച്ചുകാണിക്കുന്ന യഥാര്‍ത്ഥ ദൈവബോധത്തിന്റെ അനിവാര്യത ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇസ്‌ലാം ഭീതിയുടെ കരിമ്പടവുമായി സത്യത്തിന്റെ ശത്രുക്കള്‍ വിദ്വേഷപ്രചാരണവും ആക്ഷേപഹാസ്യവും കളിക്കുന്നത്. ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്കൊന്നും സ്രഷ്ടാവിന്റെ സര്‍ഗവൈഭവത്തെ വാഴ്ത്താതിരിക്കാനാവില്ലെന്ന ക്വുര്‍ആന്‍ പറയുന്ന സത്യം ശാസ്ത്രലോകത്തുള്ളവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിനെ അറിയാനാകുമെന്നും ചിന്തിക്കാത്തവര്‍ക്ക് ശിക്ഷ വന്നു ഭവിക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ്യ ബോധമുണ്ടാവൂയെന്നുമാണ് ക്വുര്‍ആന്‍ പഠിക്കുന്നത്.
”ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്തുകൂടി കടന്നു പോകുന്നു.” (12:105)
”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.” (7:179)

Leave a Reply

Your email address will not be published. Required fields are marked *