വസ്ത്രവും വിവാഹവും തടവറകളോ?

2017 ഡിസംബര്‍ ലക്കം ‘പച്ചക്കുതിര’ മാസികയില്‍ പുതുതലമുറയിലെ ശ്രദ്ധേയയായ കഥാകാരി ഇ.കെ ഷീബയുടെ ‘അവിവാഹിതയുടെ നിര്‍വചനങ്ങള്‍’ എന്ന അനുഭവ വിശദീകരണമാണ് ഈ കുറിപ്പിന് പ്രേരകം. മലയാളിയുടെ മേശപ്പുറത്ത് ‘ഇസ്‌ലാം പേടി’ എത്തിക്കുകയെന്ന ദൗത്യം മത്സരബുദ്ധിയോടെ ചെയ്യുന്നവയാണ് മാതൃഭൂമി ആഴ്ചപതിപ്പും പച്ചക്കുതിര മാസികയും മാതൃഭൂമി അക്കാദമിക സ്റ്റൈലില്‍ ഇത് നിര്‍വഹിക്കുമ്പോള്‍ ഒരുകൂട്ടം ‘നല്ല മുസ്‌ലിംകളുടെ’ അനുഭവ വിവരണത്തിലൂടെ ഇസ്‌ലാമിനെ ചീത്തയാക്കാനാണ് പച്ചക്കുതിരക്ക് താല്‍പര്യം. പഴകിപ്പുളിച്ചതും കാലഹരണപ്പെട്ടതുമായ ‘ഇസ്‌ലാം വിമര്‍ശനവുമായി’ എം.എന്‍ കാരശ്ശേരിയുമായുള്ള അഭിമുഖുത്തിന്റെ(1) മഷി ഉണങ്ങുമ്പോഴേക്കും ഹ്രസ്വകാലം കൊണ്ട് മലയാളി വായനക്കാര്‍ക്ക് അനേകം സാഹിത്യവിഭവങ്ങള്‍ സമ്മാനിച്ച ഇ.കെ ഷീബയുടെ മറ്റൊരു സൃഷ്ടിയും പ്രസിദ്ധീകരിക്കാന്‍ താല്‍പര്യം കാണിക്കുന്ന പച്ചക്കുതിര, അവരുടെ താരതമ്യേന ‘നിലവാരം’ കുറഞ്ഞ ‘അവിവാഹ അനുഭവങ്ങള്‍’ യാത്രക്കാരെ അറിയിക്കാനുള്ള കാരണം ഇസ്‌ലാമിനെ ഉന്നംവെച്ചുള്ള കത്തിയേറിനുള്ള അടങ്ങാത്ത ദാഹമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാവും.
സമുദായ ജീര്‍ണതയുടെ പശ്ചാത്തലത്തിന്റെ മറപിടിച്ചുകൊണ്ട് മുസ്‌ലിം പെണ്ണിന്റെ വിവാഹം, വസ്ത്രധാരണം എന്നിവ അടിമത്ത്വത്തിലേക്കുള്ള പാതയാണെന്ന് അര്‍ധസത്യങ്ങളും അസത്യങ്ങളുമുപയോഗിച്ച് വിലപിക്കുകയാണ് ലേഖിക ചെയ്യുന്നത്.

വസ്ത്രം-സ്ത്രീ-ഇസ്‌ലാം
ഹൈസ്‌ക്കൂള്‍ പഠനകാലത്ത് ‘നിനക്ക് ശരീരം മറക്കുന്ന വസ്ത്രം ധരിച്ചുകൂടേ’യെന്ന ഒരു ബന്ധുവിന്റെ ഉപദേശത്തോടെയാണ് ‘മതം ഒരു ഭാര’മായി തുടങ്ങിയതെന്നു പറഞ്ഞുകൊണ്ടാണ് എഴുത്തുകാരി തന്റെ അനുഭവക്കുറിപ്പ് ആരംഭിക്കുന്നത്.(2) ഇവിടെ സാമ്പ്രദായിക വസ്ത്രധാരണരീതിയെ വിമര്‍ശിക്കുന്ന ലേഖിക എന്താണുദ്ദേശിക്കുന്നത് ?
ഇസ്‌ലാമിക വസ്ത്രധാരണ രീതിയോടുള്ള വിയോജിപ്പുകള്‍ കൃത്യവും വ്യക്തവുമായി വിവരിക്കാന്‍ അവര്‍ സന്നദ്ധയാകുമോ ?
ഇസ്‌ലാമിക പ്രമാണങ്ങള്‍ അനുശാസിക്കുന്ന പെണ്‍വസ്ത്രധാരണരീതിക്ക് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, തിരിച്ചറിയപ്പെടുക. രണ്ട്, ശല്യം ചെയ്യപ്പെടാതിരിക്കുക.
”നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(3)
”സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.”(4)
ഒരാളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള പ്രധാനപ്പെട്ട മാനദണ്ഡമാണ് വസ്ത്രധാരണം. മാന്യയും കുലീനയും ചാരിത്രവതിയും സദ്‌വൃത്തയുമായ സ്ത്രീയെയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതാണിവളെന്ന് വിളിച്ചുപറയുന്നതാണ് ഇസ്‌ലാമിക വസ്ത്രധാരണരീതി.
സ്ത്രീകള്‍ പുരുഷനാല്‍ അനുഭവിക്കുന്ന യാതനകള്‍ മൂലമുള്ള കണ്ണീരൊപ്പാന്‍ തൂലിക തൂവാലയാക്കിയ ഷീബ സ്ത്രീപീഡനങ്ങള്‍ക്കെതിരായും പ്രതികരിക്കാറുണ്ടെന്നാണ് വിചാരിക്കുന്നത്. പീഡനവാര്‍ത്തകള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ക്ക് ദിനേന കോളം മാറ്റിവെക്കേണ്ടി വരുന്ന കാലത്ത് ഈ രോഗത്തിന്റെ കാരണമന്വേഷിക്കുമ്പോള്‍ മനസ്സിലാകും ഇസ്‌ലാമിക വസ്ത്രത്തിന്റെ സുരക്ഷാകവചം എത്ര ഉറപ്പുള്ളതാണെന്ന്. സ്ത്രീ നഗ്നത പു
രുഷശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ട് എന്ന ശരീരശാസ്ത്രത്തിന്റെ ബാലപാഠം പോ
ലും മറച്ചുവെച്ച് സാമ്പ്രദായികതയുടെ വിമര്‍ശനമെന്ന കുപ്പായമണിഞ്ഞ് ഇസ്‌ലാമിക നിയമങ്ങള്‍ ഇടുങ്ങിയതാണെന്ന് വരുത്തിതീര്‍ക്കാനുള്ള വ്യഗ്രത എന്തിനുവേണ്ടിയാണ്?

വിവാഹം-സ്ത്രീ-ഇസ്‌ലാം
വിവാഹത്തോടെ പെണ്ണിന്റെ ‘സ്വാതന്ത്ര്യദിനങ്ങള്‍’ അവസാനിക്കുമെന്നും മുസ്‌ലിം പെണ്ണാണെങ്കില്‍ പിന്നെ അതിലേക്കൊരു തിരിച്ചുപോക്കും അസാധ്യമാണെന്നുമാണ് ഷീബയുടെ മറ്റൊരു പ്രധാന ആകുലത. വിദ്യാഭ്യാസം, വായന, സ്വപ്‌നങ്ങള്‍, ഉല്‍കര്‍ഷ ചിന്തകള്‍ എന്നിവ ഒരു മുസ്‌ലിം പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിവാഹത്തോടെ നിഷിദ്ധമാകുമെന്നും അപരിചിതമായ ഏതോ ഒരു വീട്ടിലേക്ക് സ്വഭാവങ്ങളും ജീവിതരീതിയും തമ്മില്‍ ചേരുമോ എന്നുറപ്പില്ലാത്ത ഒരാള്‍ക്കൊപ്പം സ്വന്തമായ ഇടങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുപോകേണ്ടി വരുമെന്നുമാണ് ഇവര്‍ പറയുന്നത്.(5)
ഇസ്‌ലാമെന്നാല്‍ മുസ്‌ലിം നാമധാരികള്‍ ചെയ്യുന്നതെല്ലാമാണെന്ന തെറ്റിദ്ധാരണയും മതപ്രമാണങ്ങളിലുള്ള പരിജ്ഞാനം പരിതാപകരമാംവണ്ണം പരിമിതമായതുമാണ് ഇത്തരം ജല്‍പനങ്ങളുടെ കാരണം. ഒരു ‘ഉല്‍പതിഷ്ണു’ കുടുംബത്തില്‍ ജനിച്ച, വായനയും എഴുത്തും വിനോദവൃത്തിയാക്കിയ ഷീബയെപ്പോലൊരാള്‍ മതത്തിന്റെ സ്രോതസ്സില്‍നിന്നുതന്നെ മതത്തെക്കുറിച്ചു പഠിക്കുകയും ഇസ്‌ലാം=സാമ്പ്രദായിക ആചാരങ്ങള്‍ എന്ന ‘കണ്‍സപ്റ്റ്’ മാറ്റുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്. അതിനുസന്നദ്ധമായാല്‍ മനസ്സിലാകും പ്രകൃതിമതം അവതരിപ്പിക്കുന്ന പ്രായോഗികവും അനവദ്യസുന്ദരവുമായ ദാമ്പത്യസങ്കല്‍പങ്ങള്‍.
ഇസ്‌ലാം മാനവമോചനത്തിനുവേണ്ടി സ്രഷ്ടാവ് നല്‍കിയ മാര്‍ഗരേഖയായതിനാല്‍ അവന്റെ മുഴുവന്‍ കല്‍പനകളും പ്രകൃതിക്കനുയോജ്യവും ആവശ്യവുമാണ്. അതേസമയം സ്രഷ്ടാവ് കല്‍പിച്ച നിയമങ്ങളും നിര്‍ദ്ദേശങ്ങളും മതവിശ്വാസി അനുസരിക്കാതിരിക്കുമ്പോള്‍ അത് പ്രകൃതിവിരുദ്ധവുമായിരിക്കും. പരസ്പരം ഇണകളായിട്ടാണ് പ്രപഞ്ചത്തിലെ പദാര്‍ത്ഥങ്ങളെല്ലാം സൃഷ്ടിക്കപ്പെട്ടതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
അല്ലാഹു പറയുന്നത് കാണുക:
”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!”(6)
”എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.”(7)
”അവനാണ് ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈരണ്ട് ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”(8)
”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു). അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.”(9)
”അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?”(10)
”നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.”(11)
”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.”(12)
അതുകൊണ്ട് തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇണജീവിതം നയിച്ച് ശാരീരിക മാനസിക സൗഖ്യം നേടുകയെന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇതിന് ഉപാധിയായി ഇസ്‌ലാം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ് വിവാഹം.
”നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.”(13)
പ്രവാചകന്‍ (സ) പറയുന്നു: ”വിവാഹം കഴിക്കുന്നവരാകട്ടെ അവരുടെ മതത്തിന്റെ പാതി പൂര്‍ത്തിയായി.” (14)
”മൂന്നാളുകളെ സഹായിക്കാന്‍ അല്ലാഹു ബാധ്യസ്ഥനാണ്. വിശുദ്ധി വിചാരിച്ച് വിവാഹം കഴിക്കുന്നവന്‍, മോചനപത്രമെഴുതി ബാധ്യത തീര്‍ക്കാന്‍ കൊതിക്കുന്ന അടിമ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍”(15)
”വിവാഹം ചെയ്യാന്‍ വകയുള്ളതോടൊപ്പം അങ്ങനെ ചെയ്യാത്തവന്‍ നമ്മില്‍പെട്ടവനല്ല.”(16)
”യുവസമൂഹമേ, നിങ്ങളില്‍ കല്യാണം കഴിക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യേണ്ടതാണ്. അതിനു കഴിവില്ലാത്തവന്‍ വ്രതമനുഷ്ഠിക്കട്ടെ. അതവന്റെ ലൈംഗികാസക്തിയെ നിയന്ത്രിക്കും”(17)
”ഒരാള്‍ക്ക് വിവാഹപ്രായമെത്തിയ പുത്രനുണ്ട്. അവനെ കല്യാണം കഴിപ്പിക്കാനുള്ള കഴിവുമുണ്ട്. എന്നിട്ടും വിവാഹം നടത്തിക്കൊടുത്തില്ല. അങ്ങനെ ആ മകനില്‍നിന്ന് തെറ്റു സംഭവിച്ചാല്‍ ഇരുവരും പാപികളാകും.”(18)
ഇസ്‌ലാം പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതുമായ ഈ വിവാഹജീവിതത്തെ ആസ്വദിക്കുന്നതിനു പകരം പരസ്പരം തട്ടിമാറ്റാവുന്ന തടസ്സങ്ങള്‍ ഊതിവീര്‍പ്പിച്ച് വിവാഹവിരോധികളാകുന്നത് മാനവികതക്കും പ്രകൃതിക്കും തീര്‍ത്തും വിരുദ്ധവും അനേകം പ്രശ്‌നങ്ങള്‍ക്ക് കാരണവുമായിരിക്കും. ലൈംഗികബന്ധം പുലര്‍ത്താതെ തന്നെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുവാന്‍ സാധിക്കുമെന്ന് പറയുന്നത് ശരിയല്ലെന്ന് ഈ വിഷയം പഠിച്ച മനഃശാസ്ത്രജ്ഞരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.(19)
സ്ത്രീ-പുരുഷ സമത്വമാണ് വിവാഹം വഴി നഷ്ടപ്പെടുന്നതെന്നാണ് ലേഖിക വിവാഹത്തിനു കാണുന്ന പ്രധാന ‘കുഴപ്പം’. സ്വാതന്ത്ര്യമില്ലായ്മയും വീട്ടുജോലികളും കുറ്റപ്പെടുത്തലുകളും ഗര്‍ഭധാരണവും പ്രസവവുമല്ലാതെ മനസ്സിനെ ആകര്‍ഷിക്കുന്നതൊന്നും പെണ്‍ലോകത്തില്ലായെന്നും അവര്‍ വിലപിക്കുന്നു.
സാഹിത്യപുസ്തകങ്ങളിലെ അലങ്കരങ്ങളില്‍നിന്നുള്ള സ്ത്രീ-പുരുഷ ശരീരത്തിന്റെ ബാഹ്യവര്‍ണനകള്‍ മാത്രം വായിക്കുന്നതുകൊണ്ടുള്ള മിഥ്യാധാരണമൂലം ഉടലെടുക്കുന്നതാണ് ഇത്തരം വാദങ്ങള്‍.
ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ക്കനുസൃതമായ രീതിയിലാണ് സ്ത്രീയുടെയും പുരുഷന്റെയും അസ്ഥിവ്യവസ്ഥ മുതല്‍ പേശീവ്യവസ്ഥ വരെയുള്ള ആന്തരിക വ്യവസ്ഥകള്‍ അടങ്ങുന്ന ശരീര പ്രകൃതിയും മാനസികാവസ്ഥയും സംവിധാനിക്കപ്പെട്ടിരിക്കുന്നത്.(20)
പുരുഷന്റെ എല്ലുകളും പേശികളും കൊഴുപ്പുമെല്ലാം കഠിനാധ്വാനത്തിനനുയോജ്യമായവയാണെങ്കില്‍ സ്ത്രീയുടേത് മാംസളതയും മിനുസമുള്ളതും ആലിംഗനത്തിന് പറ്റുന്നതുമാണ്.(21) മാതൃത്വത്തിനുയോജ്യമായ ദയയും വാത്സല്യവും ക്ഷിപ്രവൈകാരികതയുമാണ് സ്ത്രീമനസ്സിന്റെ പ്രത്യേകതയെങ്കില്‍ പൗരുഷത്തോടുകൂടിയുള്ള പെരുമാറ്റം, അവധാനതയോടുകൂടിയ പ്രത്യുത്തരം, ആലോചനയോടെയുള്ള പ്രവര്‍ത്തനം തുടങ്ങിയ അധ്വാനത്തിനുപറ്റുന്ന ഗുണങ്ങളായിരിക്കും പുരുഷമനസ്സില്‍. അതിനാല്‍ പുരുഷന്‍ ചെയ്യുന്നതെന്തും സ്ത്രീയും ചെയ്യണം എന്ന ‘സമത്വ’നയം സ്വീകരിക്കുകയും സ്ത്രീയില്‍ നിന്ന് പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ അത് കുടുംബ-സാമൂഹിക ജീവിതത്തിന് വലിയ ക്ഷതമാണേല്‍പിക്കുക.
ചുറ്റുപാടുകളില്‍നിന്നും മതം പഠിക്കുന്നതിനുപകരം അതിന്റെ സ്രോതസ്സുകളില്‍നിന്നും അപഗ്രഥിക്കാന്‍ ശ്രമിച്ചാല്‍ താങ്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും മതനിഷ്ഠയുള്ള ദമ്പതികളുടെ അടുത്തുപോലും വരില്ല എന്ന് മനസ്സിലാകും. കാരണം ഈ ആരോപണങ്ങളില്‍ വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും സ്വീകരിച്ച നിലപാടിനെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം
ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയാനും അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുവാനുമുള്ള അവകാശം ഇസ്‌ലാം പെണ്ണിന് നല്‍കുന്നുണ്ട്.(22) അവളുടെ അഭിപ്രായത്തെ മാനിക്കാതെ ഒരുത്തനെ കൊണ്ട് ‘കെട്ടിക്കാനു’ള്ള അവകാശം പെണ്‍കുട്ടിയുടെ പിതാവിനു പോലുമില്ല.
മുഹമ്മദ് നബി (സ) പറഞ്ഞു: വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയോട് സമ്മതമാവശ്യപ്പെടാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൗനമാണ് കന്യകയുടെ സമ്മതം.(23)
2. പഠിക്കാനും ചിന്തിക്കുവാനുമുള്ള അവകാശം
പഠിക്കുവാനും ചിന്തിക്കാനും പ്രബോധനം ചെയ്യാനും ഇസ്‌ലാം പെണ്ണിന് അനുവാദം നല്‍കിയിട്ടുണ്ട്. ഇവ വിവാഹത്തോടെ ‘നിര്‍ത്തണമെന്ന്’ എവിടെയും പറഞ്ഞിട്ടില്ല. പ്രവാചകന്‍ (സ) വനിതകളുമായി വിജ്ഞാനവിനിമയം നടത്താന്‍ പ്രത്യേക ദിവസങ്ങള്‍ നീക്കിവെച്ചിരുന്നതായും നബിചരിത്രഗ്രന്ഥങ്ങളില്‍ വായിക്കാം.(24)
3. വിവാഹമൂല്യത്തിനുളള അവകാശം
”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക.”(25) വിവാഹിതയാവാന്‍ പോകുന്ന സ്ത്രീയുടെ അവകാശമാണ് ‘മഹര്‍’ അഥവാ വിവാഹമൂല്യം. തനിക്ക് ആവശ്യമുള്ള മഹര്‍ ആവശ്യപ്പെടാന്‍ സ്ത്രീക്കും അത് നല്‍കാനുള്ള ബാധ്യത പുരുഷനുമുണ്ട്. വധു സാമ്പത്തികമായി ഒന്നും വരന് നല്‍കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല.
4. സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം
”പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ വിഹിതം അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ വിഹിതം അവര്‍ക്കുമുണ്ട്.” സ്ത്രീകള്‍ക്ക് അനുവദനീയമായ ഏതു മാര്‍ഗത്തിലൂടെയും സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. ഇങ്ങനെ അവള്‍ സമ്പാദിച്ച സ്വത്തില്‍നിന്നും അനുവാദമില്ലാതെ എടുക്കാന്‍ സ്വന്തം ഭര്‍ത്താവിനുപോലും അവകാശമില്ല.”(26)
5. ചോദ്യം ചെയ്യാനുള്ള അവകാശം
പുരുഷനും കുടുംബവും പറയുകയും കല്‍പിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ കേട്ട്, അത് ഇഷ്ടമില്ലെങ്കിലും മിണ്ടാതിരുന്ന് ‘അനുസരിക്കണം’ എന്ന് ഇസ്‌ലാം ഒരിക്കലും പഠിപ്പിച്ചിട്ടില്ല. മറിച്ച് പ്രവാചകസദസ്സില്‍ പോലും സ്വഹാബിവനിതകള്‍ സംശയവും വിമര്‍ശനവും ചോദ്യം ചെയ്യലും നടത്തിയതായി കാണാം.(27)
6. വിവാഹമോചനത്തിനുള്ള അവകാശം
തന്റെ മുന്നോട്ടുള്ള ജീവിതപ്രയാണത്തിന് നിലവിലുള്ള ഭര്‍ത്താവിന്റെ സാന്നിധ്യം വിഘാതം സൃഷ്ടിക്കുമെങ്കില്‍ വിവാഹമൂല്യം തിരിച്ചുനല്‍കിയും നല്‍കാതെയും വിവാഹമോചനം നടത്താനുള്ള അവകാശം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നുണ്ട്. ‘കെട്ടിക്കുടുങ്ങി’ എന്നുപറഞ്ഞ് സ്ത്രീ വിലപിക്കേണ്ടതില്ലെന്നര്‍ത്ഥം.(28)
ചുരുക്കത്തില്‍ അടിമത്തത്തിലേക്കും ഒറ്റപ്പെടലിലേക്കും എത്തിപ്പെടാനുള്ള ഒരുവിടവുപോലും പ്രകൃതിമതം പെണ്ണിന് നല്‍കിയിട്ടില്ല. മറിച്ച് അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ മേഖലകളിലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
നാട്ടുനടപ്പുകളാലും പുരോഹിതന്‍മാരാലും മതത്തിന്റെ പുറത്തുതേക്കപ്പെട്ട ‘ചെളി’യാണ് ഇസ്‌ലാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, അത് ചിന്താശീലമുള്ള വലിയൊരു വായനാമണ്ഡലത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നതിനുപകരം ആ ‘ചെളി’ തുടച്ചുകളഞ്ഞ് മറ്റുള്ളവര്‍ക്കെത്തിക്കുവാനുള്ള ദൗത്യത്തിലേര്‍പ്പെടാന്‍ ഇ.കെ ഷീബയ്ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

കുറിപ്പുകള്‍
1.  ജനാധിപത്യവാദിയുടെ തിരിച്ചറിവുകള്‍, എം.എന്‍ കാരശ്ശേരി, പച്ചക്കുതിര മാസിക 2017 ഒക്‌ടോബര്‍ ലക്കം, പേജ് 12.
2.  അവിവാഹിതയുടെ നിര്‍വചനങ്ങള്‍, ഷീബ ഇ.കെ, പച്ചക്കുതിര മാസിക 2017 ഡിസംബര്‍ ലക്കം, പേജ് 30.
3.  ക്വുര്‍ആന്‍ 33:59.
4.  ക്വുര്‍ആന്‍ 23:31.
5.  പച്ചക്കുതിര, 2017 ഡിസംബര്‍, പേജ് 33.
6.  ക്വുര്‍ആന്‍ 36:36.
7.  ക്വുര്‍ആന്‍ 51:49.
8.  ക്വുര്‍ആന്‍ 13:3.
9.  ക്വുര്‍ആന്‍ 42:11.
10. ക്വുര്‍ആന്‍ 16:72.
11. ക്വുര്‍ആന്‍ 78:8.
12. ക്വുര്‍ആന്‍ 4:1.
13. ക്വുര്‍ആന്‍ 24:32.
14. ബൈഹക്വി.
15. തിര്‍മുദി.
16. ബൈഹക്വി, ത്വബ്‌റാനി.
17. ബുഖാരി, മുസ്‌ലിം.
18. ബുഖാരി.
19. വിശദവിവരങ്ങള്‍ക്ക് Psychology of Sex, by Havelock Ellis
20. ക്വുര്‍ആനിന്റെ മൗലികത, എം.എം അക്ബര്‍, ദഅ്‌വ ബുക്‌സ്, പേജ് 120.
21. അതേപുസ്തകം, പേജ് 121.
22. അതേപുസ്തകം, പേജ് 100.
23. ബുഖാരി, മുസ്‌ലിം.
24. ക്വുര്‍ആനിന്റെ മൗലികത, എം.എം അക്ബര്‍, ദഅ്‌വ ബുക്‌സ്, പേജ് 101.
25. ക്വുര്‍ആന്‍ 4:4.
26. ക്വുര്‍ആന്‍ 4:32.
27. ക്വുര്‍ആനിന്റെ മൗലികത, എം.എം അക്ബര്‍, ദഅ്‌വ ബുക്‌സ്, പേജ് 101
28. അതേപുസ്തകം, പേജ് 102.

Leave a Reply

Your email address will not be published. Required fields are marked *