ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം

‘No, not at this point. We believe it was a local individual. We do not know what his belief system was at this time. Right now, we believe it is a sole actor, a lone wolf.’

ഒക്‌റ്റോബര്‍ മാസം ഒന്നാം തിയതി രാത്രി, ലാസ് വേഗാസിലെ ഹാര്‍വെസ്റ്റ്  മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്ന 22000ത്തോളം വരുന്ന സംഗീത പ്രേമികളുടെ നേര്‍ക്ക്  തൊട്ടടുത്ത മാന്‍ഡലെ ബേ ഹോട്ടലിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്ന് സ്റ്റീഫന്‍ പാഡക്ക് എന്ന അറുപത്തിനാലുകാരന്‍ തുരുതുരാ നിറയൊഴിക്കുകയും 59 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവം വിവരിക്കാന്‍ വേണ്ടി വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍, ‘ഇത് ഭീകരാക്രമണം ആണോ’ എന്ന ചോദ്യത്തിന് ലാസ് വേഗാസിലെ പൊലീസ് മേധാവി ജോസഫ് ലംബാര്‍ഡോ നല്‍കിയ മറുപടിയാണ് മുകളില്‍ കൊടുത്തത്. അതുവരെ ഭീകരവാദവുമായിട്ടുള്ള യാതൊരു ബന്ധവും അറിവായിട്ടില്ലെന്നും അദ്ദേഹം ഒരു ‘തദ്ദേശവാസി’ ആണെന്നും അദ്ദേഹത്തിന്റെ വിശ്വാസ സംഹിത ഏതാണെന്ന് നിശ്ചയമില്ലെന്നും ഏകാംഗനായ ഒറ്റയാന്‍ (lone wolf)  ആണെന്നും പൊലീസ് മേധാവി പറഞ്ഞു വെച്ച വാചകങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന പദപ്രയോഗത്തിന്റെ  രാഷ്ട്രീയം  ബൗദ്ധിക വിശകലനം ആവശ്യപ്പെടുന്നുണ്ട്.
A man who prefers to be,work etc. alone എന്നാണ് ഓക്‌സ്ഫഡ് ഡിക്ഷനറി lone wolf എന്ന പദത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം. ഒറ്റയ്ക്കാകാനും ഒറ്റയായി പ്രവര്‍ത്തിക്കാനും താല്‍പര്യപ്പെടുന്ന ആള്‍ എന്നര്‍ത്ഥം. ചെന്നായകള്‍ക്ക് ഒരു പ്രത്യേക പ്രായം എത്തിയാല്‍ കൂട്ടം തെറ്റി പിരിഞ്ഞു പോയി ഒറ്റയ്ക്ക് വേട്ടയാടുന്ന പതിവുണ്ട്. അതില്‍ നിന്നാകാം ഈ പദത്തിന്റെ ഉല്‍പ്പത്തി എന്ന് മനസ്സിലാക്കാം. വെളുത്ത വര്‍ഗക്കാരിലെ ഒരു തോക്കുധാരി എത്ര പേരെ കൊന്നാലും വെള്ളക്കാര്‍ എന്ന ‘ആധുനികരില്‍’ നിന്ന് കൂട്ടം തെറ്റിപ്പോയ ഒരു ചെന്നായ മാത്രമാണെന്ന സന്ദേശം ഈ പദം നല്‍കുന്നുണ്ടെന്നര്‍ത്ഥം. സ്റ്റീഫന്‍ പാഡക്ക് എന്ന വെള്ളക്കാരന്‍ തദ്ദേശവാസിയുടെ സ്ഥാനത്ത് ഒരു മുസ്‌ലിമായിരുന്നുവെങ്കില്‍, അതിന് പൊലീസ് മേധാവിയും മാധ്യമങ്ങളും കൊടുത്തേക്കാവുന്ന പദപ്രയോഗങ്ങളുടെ തീവ്രത എത്രത്തോളം ആകുമായിരുന്നു എന്ന് സങ്കല്‍പി
ച്ചു നോക്കുമ്പോഴാണ് സ്റ്റീഫന്‍ പാഡക്കിന് തന്റെ വെളുത്ത തൊലി കനിഞ്ഞു നല്‍കിയ സവിശേഷാധികാര(white privilege)ത്തെക്കുറിച്ച് നമുക്ക് ബോധ്യമാകുക.
ലാസ് വേഗാസ് സ്ട്രീറ്റില്‍ ഭീകര കൃത്യം നടന്ന ശേഷം ചാലിട്ടൊഴുകിയ രക്തം കട്ടപിടിക്കുന്നതിനു മുമ്പ് തന്നെ, സ്റ്റീഫന്‍ പാഡക്ക് എന്ന വെള്ളക്കാരന്‍ ‘തദ്ദേശവാസി’യെക്കുറിച്ച് പൊലീസ് ഭാഷ്യസമാനമായി അമേരിക്കയിലെ പ്രമുഖ പത്രങ്ങള്‍ അച്ചുനിരത്തി തുടങ്ങിയിരുന്നു. മറ്റെല്ലാ അന്വേഷണങ്ങള്‍ക്കും മുന്‍പ്,
കൊലപാതകിയുടെ കമ്പ്യൂട്ടറും മൊബൈലും പരിശോധിക്കുന്നതിനു മുമ്പ്, കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നതിനു മുമ്പ്, ക്രിമിനോളജിസ്റ്റുകളും ഫോറന്‍സിക് വിദഗ്ധരും അവരുടെ ദിനചര്യ തുടങ്ങുന്നതിനു മുമ്പ് കുറ്റവാളി, ഭീകരന്‍ അല്ലാത്ത, ഭീകരവാദവുമായി ബന്ധമില്ലാത്ത കൂട്ടം തെറ്റി ജീവിക്കുന്ന, ഒറ്റപ്പെട്ട അക്രമി (lone wolf) ആണെന്ന തീര്‍പ്പില്‍ അവരെല്ലാം എത്തിയിരുന്നു. എന്തുകൊണ്ടെന്നാല്‍ തദ്ദേശവാസിയായ വെളുത്ത അമേരിക്കക്കാരനു മേല്‍ അത്തരത്തില്ലല്ലാത്ത ഒരു തീര്‍പ്പ് അസാധ്യമായിരുന്നു. ‘Who Are We? The Challenges to America’s National Identity’ എന്ന പുസ്തകത്തിലൂടെ സാമുവല്‍ ഹണ്ടിങ്ങ്ടന്‍ പുനര്‍നി
ര്‍വചിച്ച അമേരിക്കന്‍ താദാത്മ്യത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തു വരുന്ന ‘തദ്ദേശവാസി’ക്ക് ഒറ്റപ്പെട്ട ആക്രമി എന്ന പുറം ചട്ട പതിച്ചുനല്‍കുമ്പോള്‍ വംശീയമായി ഒരിക്കലും ഭീകരമുദ്ര ചാര്‍ത്തപ്പെടാനാവാത്ത വെള്ളക്കാരന്റെ സവിശേഷാധികാര(white privilege)ത്തിന്റെ രാഷ്ട്രീയമാണ് അനാവൃതമാകുന്നത്.
വളരെ ആസൂത്രിതമായി ദിവസങ്ങള്‍ എടുത്ത് ആയുധ സംഭരണം നടത്തി വളരെ പൈശാചികമായി നടത്തിയ ഈ കൊടും ഭീകരകൃത്യത്തെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച അപാ
രമായ മൃദുക്തി (euphemism) പ്രയോഗങ്ങള്‍ പരിശോധിച്ചാല്‍ പദാവലികള്‍ തെരെഞ്ഞെടുക്കുന്നതിലെ അവരുടെ ഇരട്ടത്താപ്പ് പ്രകടമാകും.’ചൂതാട്ട പ്രി
യന്‍, നാടന്‍ സംഗീതപ്രേമി, ശാന്തമായി വിശ്രമ ജീവിതം നയിക്കുന്നയാള്‍’ എന്ന് വാഷിങ്ങ്്ടന്‍ പോസ്റ്റും, ‘പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ചൂതാട്ടക്കാരന്‍’ എന്ന് ന്യൂ
യോര്‍ക്ക്  ടൈംസും, ‘ആളുകളെ ഹാപ്പി ആക്കിയിരുന്ന കെയറിംഗ് ആയ സ്റ്റീഫന്‍ എന്ന് കൂട്ടുകാര്‍ സാക്ഷ്യപെടുത്തുന്നു’ എന്ന് എ.ബി.സി ന്യൂസും അക്ഷരങ്ങള്‍ നിരത്തി.
സംഭവത്തിന്റെ  ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസിന്റെതായി വന്ന അവകാശവാദങ്ങള്‍ എഫ്.ബി.ഐ ആദ്യമേ തള്ളിയിരുന്നെങ്കിലും ചില മുഖ്യധാരാ മലയാളം ദൃശ്യമാധ്യമങ്ങളില്‍, ഐസിസിന്റെ അവകാശവാദങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം ഇസ്‌ലാമിലേക്ക് ‘മതപരിവര്‍ത്തനം’ ചെയ്ത കൊലയാളി യെക്കുറിച്ചുള്ള വിവരണങ്ങളും സ്‌ക്രീനില്‍ അക്ഷരങ്ങളായി ഇഴഞ്ഞു നീങ്ങിയത് കേരളത്തിലെ സവിശേഷ സാഹചര്യത്തിലെ ‘പദപ്രയോഗങ്ങളുടെ രാഷ്ട്രീയ’ത്തെ വെളിപ്പെടുത്തുന്നുണ്ട്.
‘പൊതുജനത്തിന് ശാരീരിക ഉപദ്രവമോ, മരണമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള അതിക്രമങ്ങളും അട്ടിമറികളും’ എന്നാണ് ഭീകരവാദത്തിന് സ്റ്റീഫന്‍ പാഡക്കിന്റെ സ്വദേശമായ നെവാഡയിലെ നിയമം കൊടുക്കുന്ന നിര്‍വചനം. അമേരിക്കന്‍ ഫെഡറല്‍ കോഡ് പ്രകാരം ഭീകരവാദം എന്നത് ‘ഗവണ്‍മെന്റിന്റെ ഭരണ നിര്‍വഹണം തടസ്സപ്പെടുത്തുന്ന നശീകരണ സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍’ ആണ്. രണ്ട് നിര്‍വചന പ്രകാരവും സ്റ്റീഫന്‍ പാ
ഡക് എന്ന വെള്ളക്കാരന്‍ ചെയ്തത് ഒരു ഭീകരകൃത്യമാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും സാധ്യതയില്ല. വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണങ്ങളിലും പദാവലികളിലെ രാഷ്ട്രീയ ഇരട്ടമുഖം സുതരാം ബോധ്യമാകും. ലാസ് വേഗാസിലെ കൂട്ടക്കുരുതിയെക്കുറിച്ച്, ഒരു ‘കലര്‍പ്പില്ലാത്ത ദുഷ്പ്രവൃത്തി’ എന്ന് മാത്രം ‘വിശേഷിപ്പിച്ച’തോടൊപ്പം  കുടുംബാംഗങ്ങള്‍ക്ക് അനുശോചനവും അനുകമ്പയും അറിയിക്കുന്ന, നമുക്കറിയാവുന്ന ട്രംപില്‍ നിന്ന് വ്യത്യസ്തമായ സൗമ്യനായ ട്രംപിനെ കാണാനാകുന്നു. ദിവസങ്ങള്‍ക്ക്  മുമ്പ് ലണ്ടനില്‍ ആക്രമണമുണ്ടായപ്പോള്‍ ‘പരാജിതനായ ഭീകരവാദി’ എന്ന് ട്വീറ്റ് ചെയ്ത, മാസങ്ങള്‍ക്ക് മുമ്പ് ഫ്‌ളോറിഡയിലെ ഓര്‍ലാണ്ടോ നിശാ ക്ലബ്ബില്‍ വെടിവെപ്പ് ഉണ്ടായപ്പോള്‍ ‘ഇസ്‌ലാമിക ഭീകരവാദത്തിനെ’തിരെ ജാഗ്രതയും കടുത്ത നടപടിയും ആഹ്വാനം ചെയ്ത അതേ ട്രംപ് തന്നെയാണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് ഓര്‍ക്കുക.
2012 ജൂലൈ 20ന് ഒറോറയിലെ സെഞ്ചുറി മൂവി തീയറ്റേഴ്‌സിലേക്ക് ഇരച്ചുകയറി 12 പേരെ വെടിവെച്ചു കൊന്ന ജെയിംസ് ഹോംസിനെയും  2015 ജൂണ്‍  17ന് ചാള്‍ടന്‍ ചര്‍ച്ചിലേക്ക് വെടിയുതിര്‍ത്ത്  ഒന്‍പതു പേരെ കൊന്ന സൈലന്‍ റൂഫിനെയും ഭീകരവാദക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് അവരുടെ തൊലിയുടെ നിറം അല്ലാതെ  മറ്റൊന്നുമല്ല. നോര്‍ത്ത് കരോലിനയിലെ ചാപല്‍ ഹില്‍സില്‍ വെച്ച് ക്രൈഗ് ഹിക്ക്‌സ് എന്ന വെളുത്ത വംശീയവാദി മൂന്ന് മുസ്‌ലിം വിദ്യാര്‍ത്ഥികളെ വെടിവെച്ച് കൊന്ന സംഭവത്തിന് ‘പാര്‍ക്കിംഗ് തര്‍ക്കം’ എന്ന  ‘വിശേഷണം’ ആണ്  പോലീസ് നല്‍കിയിരുന്നത് എന്ന്  ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.
മതമൗലികവാദം (ളൗിറമാലിമേഹശാെ), ഭീകരവാദം (terrorism) തുടങ്ങിയ, ഇസ്‌ലാമിന്റെ പര്യായങ്ങളായി പാശ്ചാത്യ മീഡിയ പ്രചരിപ്പിക്കുന്ന പദങ്ങള്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട് ആവിര്‍ഭവിച്ചതേ അല്ല. 1920കളില്‍ പ്രൊട്ടസ്റ്റന്റ് വൃത്തങ്ങളില്‍ അമേരിക്കയില്‍ കണ്ടു പിടിക്കപ്പെട്ട ഒരു പദമാണ് മതമൗലികവാദം എന്നത്.ആ പദം കണ്ടു പിടിച്ചത് അമേരിക്കയിലെ റവ: കള്‍ട്ടിസ് ലീലോസ് ആയിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആ പദത്തെ ഒരു ബഹുമതി സംബോധനയായി സ്വീകരിക്കുകയും അടിസ്ഥാന പ്രമാണങ്ങള്‍ക്കായി ജീവന്‍ മരണ പോരാട്ടങ്ങള്‍ക്ക്  തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരത, ഭീകരവാദം എന്നിങ്ങനെ നാം പരിഭാഷപ്പെടുത്തുന്ന terror, terrorism എന്നീ രാഷ്ട്രീയ സംജ്ഞകള്‍ ഇംഗ്ലീഷില്‍ ഉടലെടുത്തതുപോലും മുസ്‌ലിംകളുമായി ബന്ധപ്പെട്ടല്ല. 1789ല്‍ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന്  ലൂയി പതിനാലാമനെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ തീവ്രവിപ്ലവവാദികളുടെ കയ്യാല്‍, 1793 മുതല്‍ വിപ്ലവത്തെ ഒറ്റുകൊടുക്കുന്നുവെന്നാരോപിച്ച് സഹസ്രക്കണക്കിന് ഫ്രഞ്ച് പൗരന്മാര്‍ ഗില്ലറ്റിനുകള്‍ എന്ന പേരില്‍ കുപ്രസിദ്ധമായിത്തീര്‍ന്ന വധശിക്ഷാ യന്ത്രങ്ങളിലേക്ക് നയിക്കപ്പെട്ട കരാളതയെ കുറിക്കാന്‍ വികസിച്ചുവന്ന le terror, terrorisme എന്നീ ഫ്രഞ്ച് പദങ്ങളില്‍ നിന്നാണ് അവയുടെ നിഷ്പത്തി. ഭരണകൂടങ്ങള്‍ക്കെതിരില്‍ പ്രവര്‍ത്തിക്കുന്ന ഗറില്ലാ സംഘങ്ങള്‍ക്ക് പിന്നീട് ആ പദപ്രയോഗം ബാധകമാക്കപ്പെടുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം റഷ്യയില്‍ സാര്‍ അലക്‌സാണ്ടര്‍ രണ്ടാമനടക്കമുള്ള ഭരണാധികാരികളെ വധിച്ച് സജീവമായ അനാര്‍ക്കിസ്റ്റ് ഭീകരവാദികള്‍ ഈ പ്രവണതയുടെ ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു. അവരും മുസ്‌ലിംകളായിരുന്നില്ല.
ഇന്‍ഡ്യയിലും മുസ്‌ലിംകള്‍ക്കെതിരായ കലാപങ്ങളെ ‘കലാപം’ എന്ന വിളിക്കപ്പുറം ഭീകരവാദവുമായി കൂട്ടി വായിക്കാറില്ല എന്നതാണ് സത്യം. ഗുജറാത്തും മുസാഫര്‍നഗറും എല്ലാം, പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ നടന്ന വംശീയ ഉന്മൂലനം ആയിരുന്നെങ്കിലും അവയൊക്കെ ‘കലാപങ്ങള്‍’ മാത്രം ആയി  അറിയപ്പെട്ടു. ലോകത്താകമാനം മുസ്‌ലിംകളെ അപരവല്‍ക്കരിച്ചുകൊണ്ട് നടക്കുന്ന ‘പദപ്രയോഗങ്ങളുടെ രാഷ്ട്രീയത്തെ’ വിവരിക്കാന്‍ നമുക്ക് പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും ചിന്തകനും ആയ നോം ചോംസ്‌കി  അമേരിക്കന്‍ കാടത്തങ്ങളെ വിമര്‍ശിച്ചു കൊണ്ടെഴുതിയ വാക്യങ്ങള്‍  ഉദ്ധരിക്കാമെന്ന് തോന്നുന്നു,
‘അത് നാം ചെയ്യുമ്പോള്‍ ഭീകരവാദ വിരുദ്ധ പോരാട്ടം ആണ്, അവര്‍ ചെയ്യുമ്പോള്‍ ഭീകരവാദവും.’
അതെ,
‘നാം’ ചെയ്യുമ്പോള്‍ അത് കലാപവും ഒറ്റപ്പെട്ട ആക്രമവും, മുസ്‌ലിംകള്‍ ചെയ്യുമ്പോള്‍ അത് തീവ്രവാദവും  ഭീകരവാദവും ആകുന്ന പദപ്രയോഗങ്ങളുടെ രാഷ്ട്രീയം അടിമുടി ഇസ്‌ലാമോഫോബിക് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *