മൃഗാവകാശങ്ങള്‍ ഇസ്്‌ലാമില്‍

പരമകാരുണികനായ ഒരു സ്രഷ്ടാവിനെയും കാരുണ്യത്തിന്റെ പ്രവാചകനെയും പരിചയപ്പെടുത്തിയ ഇസ്‌ലാം ഇന്ന് ഭീകരതയുടെയും ക്രൂരതയുടെയും മതമായി ചിത്രീകരിക്കപ്പെടുന്നു. ഇന്‍ഡ്യയിലെ പുതിയ പശുരാഷ്ട്രീയത്തിന്റെ വക്താക്കള്‍ സ്വയം മൃഗസംരക്ഷകരമായി ചമയുകയും ഇസ്‌ലാം മൃഗങ്ങളോട് ക്രൂരമായി പെരുമാറാന്‍ കല്‍പിച്ച മതമാണെന്നും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ ആരാധനാരീതിയായ ബലിയെ കുറ്റപ്പെടുത്തുകയും മാംസാഹാരികള്‍ ഹിംസയുടെ ആളുകളാണെന്നും സ്ഥാപിക്കാന്‍ പരിശ്രമിക്കുകയാണവര്‍.
ഹൈന്ദവമതം എന്നറിയപ്പെടുന്ന, ആര്‍ഷഭാരത സംസ്‌കാരമെന്ന് ആവേശത്തോടെ ഉദ്‌ഘോഷിക്കുന്ന ആശയങ്ങളിലെവിടെയും ഗോവധം തിന്മയാണെന്നോ മാംസം ആഹരിക്കുന്നവര്‍ തിന്മയുടെ ആളുകളാണെന്നോ കാണാന്‍ കഴിയില്ല. ഏറ്റവും പഴയ പഠനസ്രോതസ്സായ ഋഗ്വേദം വായിക്കുമ്പോള്‍ തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം തന്നെയാണ് നിവേദ്യമായി ദൈവത്തിന് സമര്‍പ്പിക്കേണ്ടത് എന്ന വിശ്വാസത്തില്‍ യജ്ഞങ്ങളിലും യാഗങ്ങളിലും ഗോബലിയും ഗോമാംസഭോജനവും നടന്നിരുന്നതായി കാണാന്‍ കഴിയും(1).
ഇന്ദ്രദേവന്‍ ‘എനിക്കുവേണ്ടി പതിനായിരത്തിലധികം കാളകളെ പാകം ചെയ്യുന്നു’ എന്ന് പറയുന്നതായും അഗ്നിദേവന്റെ ആഹാരം കാളയും പശുവുമാണെന്നും ആ ദേവന്റെ പ്രീതിക്കായി കുതിരകള്‍, കാളകള്‍, പശുക്കള്‍, ചെമ്മരിയാടുകള്‍ തുടങ്ങിയവയെ ബലി നല്‍കിയതായും ഋഗ്വേദത്തിലുണ്ട്. ഗോവധം പാ
പമാണെന്ന ധാരണ അക്കാലഘട്ടത്തിലെ ‘ഹൈന്ദവര്‍’ക്കന്യമായിരുന്നുവെന്നാണ് ഋഗ്വേദീയയജ്ഞ വിവരണങ്ങള്‍ തെളിയിക്കുന്നത്(2). അശ്വമേധം, രാജസൂയം തുടങ്ങിയ പ്രശസ്ത യാഗങ്ങളിലെല്ലാം മൃഗങ്ങളെ ബലിയര്‍പ്പിച്ചിരുന്നു.
ഇസ്‌ലാമിന് ഓരോ വിഷയത്തിലും കൃത്യമായ വീക്ഷണങ്ങളും അധ്യാപനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യേതര ജീവികളുടെ അവകാശങ്ങളും സംരക്ഷണവും അടക്കം മുഴുവന്‍ വിഷയങ്ങളും പരിശുദ്ധ ക്വുര്‍ആനിലൂടെയും പ്രവാചകാധ്യാപനങ്ങളിലൂടെയും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിന്റെ മഹത്തായ സൃഷ്ടി എന്ന നിലയില്‍ മനുഷ്യന് സവിശേഷമായ സ്ഥാനം പ്രകൃതിയിലുണ്ട്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ആദം സന്തതികളെ നാം
ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.”(3) എന്നാല്‍ ഈ ശ്രേഷ്ഠത മറ്റ് ജീവവിഭാഗങ്ങളെ യഥേഷ്ടം കീഴ്‌പ്പെടുത്തി അവയുടെ ജീവിതാവകാശങ്ങളെ നശിപ്പിക്കാനോ നാശം വരുത്തുവാനോ ഉള്ള അനുവാദമല്ല.
അല്ലാഹു പറയുന്നു: ”ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും (സുജൂദ് ചെയ്യുന്നു). അവര്‍ അഹങ്കാരം നടിക്കുന്നില്ല”(4). മനുഷ്യരെപ്പോലെ അഹങ്കാരം കാണിക്കാത്ത അനുസരണശീലമുള്ളവരാണ് ആകാശഭൂമികളിലെ മുഴുവന്‍ ജീവികളും. അവ സദാ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നു എന്നും മനുഷ്യന് അത് മനസ്സിലാക്കാന്‍ കഴിയില്ല എന്നും അല്ലാഹു പറയുന്നു(5). അതായത് അല്ലാഹുവിനെ അനുസരിക്കുന്ന ഒരിക്കലും അവന്റെ നിയമവ്യവസ്ഥിതിക്കെതിരായി പ്രവര്‍ത്തിക്കാത്ത നല്ലവരായ അടിമകളാണ് മൃഗങ്ങള്‍ എന്നര്‍ത്ഥം.
ക്വുര്‍ആനില്‍ മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു”(6). ഈ വചനങ്ങളില്‍ ഭൂമിയിലുള്ള ഓരോ ജീവിവര്‍ഗവും ഓരോ സമുദായമാണെന്നും അവക്ക് ആവശ്യവും അനുയോജ്യവുമായ എല്ലാ വ്യവസ്ഥകളും മാര്‍ഗദര്‍ശനങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ടെന്നും വ്യക്തമാണ്. അവയുടെ വളര്‍ച്ചക്കും നിലനില്‍പിനും അഭിവൃദ്ധിക്കും വേണ്ടതൊക്കെ അവന്‍ പ്രത്യേകം ചെയ്തുവെക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യരെ പോലെ തന്നെ പരസ്പരം സ്‌നേഹവും സഹകരണവും ആശയവിനിമയവും സാമൂഹികജീവിതവും അവക്കും അവകാശപ്പെട്ടതാണ്(7). ആയതിനാല്‍ അവയെ സംരക്ഷിക്കേണ്ടതും പരിഗണിക്കേണ്ടതും വംശനാശത്തില്‍നിന്നും രക്ഷിക്കേണ്ടതും മനുഷ്യന്റെ ഉത്തരവാദിത്തമാണ് എന്ന സന്ദേശവും അല്ലാഹു നല്‍കുന്നു.
മനുഷ്യേതരജീവികളെ പരാമര്‍ശിക്കുന്നതിനും ഉദാഹരിക്കുന്നതിനും യാതൊരു ലജ്ജയും ഇല്ല എന്ന് അല്ലാഹു പറയുന്നുണ്ട്. ”നിശ്ചയമായും ഏതൊന്നിനെയും ഉപമയാക്കുവാന്‍ അല്ലാഹു ലജ്ജിക്കുകയില്ല. അത് ഒരു കൊതുകാവട്ടെ, അതിന്റെ മീതെയുള്ളതാവട്ടെ”(8). ഈ വചനങ്ങളില്‍ ദുര്‍ബല വിഭാഗമെന്നോ പദവി കുറഞ്ഞവരെന്നോ എന്ന വ്യത്യാസമില്ലാതെ മനുഷ്യരെ സന്മാര്‍ഗം പഠിപ്പിക്കാന്‍ ജീവജാലങ്ങളെ പരാമര്‍ശിക്കാന്‍ അല്ലാഹു താല്‍പര്യപ്പെടുന്നു എന്നത് അവയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ് എന്നതില്‍ തര്‍ക്കമില്ല. ഏകദൈവാരാധനയെ സ്ഥാപിക്കാനും ബഹുദൈവാരാധനയുടെ നിരര്‍ത്ഥകത പഠിപ്പിക്കാനും എട്ടുകാലിയെ അല്ലാഹു ഉപമിക്കുന്നുണ്ട്(9). കപടദൈവങ്ങളുടെ ദൗര്‍ബല്യത്തെ സ്ഥാപിക്കാന്‍ ഈച്ചയെയും ഉപമിക്കുന്നു(10). ഇസ്‌ലാമിന്റെ അടിസ്ഥാനവിശ്വാസം സ്ഥാപിക്കാന്‍ വരെ അല്ലാഹു ഇതര ജീവിവിഭാഗങ്ങളെ മനുഷ്യന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
മൃഗങ്ങളുടെ പേരുള്ള ആറ് അധ്യായങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട് -അല്‍ ബക്വറ (പശു), അല്‍ അന്‍ആം (കന്നുകാലികള്‍), അന്നഹല്‍ (തേനീച്ച), അന്നംല് (ഉറുമ്പ്), അല്‍ അന്‍കബൂത്ത് (എട്ടുകാലി), അല്‍ ഫീല്‍ (ആന). കൂടാതെ ക്വുര്‍ആനിലെ ആയത്തുകളില്‍ മുപ്പത്തിയഞ്ചോളം പക്ഷിമൃഗാദികളെ പരാമര്‍ശിക്കുന്നു. തേനീച്ചയുടെ ജീവിതവും അവയുടെ സാമൂഹിക ചുറ്റുപാടുകളും ആ ചെറുപ്രാണിയില്‍ നിന്നും മനുഷ്യന്‍ ഉള്‍ക്കൊള്ളേണ്ട ഗുണപാഠങ്ങളും ‘അന്നഹല്‍’ എന്ന അധ്യായത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഉറുമ്പുകളെ നശിപ്പിക്കാതെ സൈന്യത്തെ നയിക്കുകയും(11) തന്റെ ദൂതനായ മരംകൊത്തി പക്ഷിയെ അല്‍പനേരം കാണാത്തതില്‍ പരിഭ്രമിക്കുകയും ചെയ്ത സുലൈമാന്‍ (അ) എന്ന പ്രവാചകനെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നു(12). ഒരു ഒട്ടകത്തിന് വെള്ളം കുടിക്കുവാനുള്ള ഊഴം അനുവദിച്ചു നല്‍കാതിരിക്കുകയും അന്യായമായി അറുത്ത് കൊല്ലുകയും ചെയ്തതാണ് ഥമൂദ് ഗോത്രത്തെ മുച്ചൂടും നശിപ്പിക്കുവാനുള്ള കാരണങ്ങളില്‍ ഒന്ന് എന്നത് ആ മൃഗത്തിനു നല്‍കിയ മഹത്തായ പരിഗണനയാണെന്ന് മനസ്സിലാക്കാം(13).
മിണ്ടാപ്രാണികളുടെ അവകാശ സംരക്ഷണം ഏറെ പ്രാധാന്യമുളളതാണെന്നും അവയെ ദ്രോഹിക്കല്‍ കുറ്റകരവുമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ധാരാളം സംഭവങ്ങള്‍ പ്രവാചകസന്നിധിയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായതാണ് പാ
പിയായ ഒരു മനുഷ്യന്‍ ദാഹിച്ചുവലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതുകൊണ്ട് പാപമുക്തനായ കഥ. ഒരു മനുഷ്യന്‍ മരുഭൂമിയിലൂടെ ദാഹപരവശനായി യാത്ര ചെയ്യുകയായിരുന്നു. അയാള്‍ ഒരു കിണര്‍ കണ്ടു. കോരിയെടുക്കാനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ചു. ഏറെ പ്രയാസപ്പെട്ടു തിരിച്ചുകയറിയ അയാള്‍ ദാഹത്തിന്റെ കാഠിന്യം നിമിത്തം മണ്ണ് കപ്പുന്ന നായയെ കണ്ടു. ഈ നായ അനുഭവിക്കുന്നതുപോലുള്ള പ്രയാസമായിരുന്നല്ലോ ഞാനും അനുഭവിച്ചിരുന്നത് എന്നുചിന്തിച്ച് അയാള്‍ വീണ്ടും കിണറ്റിലിറങ്ങി താന്റെ പാദരക്ഷയില്‍ വെള്ളം കോരി അത് വായില്‍ കടിച്ചുപിടിച്ച് കയറിവന്ന് നായക്ക് നല്‍കി. ഈ സല്‍പ്രവൃത്തി നിമിത്തം അയാള്‍ക്ക് പാപമോചനം ലഭിച്ചു(14).
മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു: ഒരു പൂച്ച നിമിത്തം ഒരു സ്ത്രീ ശിക്ഷിക്കപ്പെടുകയുണ്ടായി. അത് മരിക്കുവോളം അവള്‍ അതിനെ ബന്ധനത്തിലാക്കി. അക്കാരണത്താല്‍ അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലായിരിക്കെ അവള്‍ അതിന് ഭക്ഷണവും വെള്ളവും നല്‍കുകയോ ഭൂമിയിലെ പ്രാണികളെ ഭക്ഷിക്കാന്‍ അതിനെ അഴിച്ചുവിടുകയോ ചെയ്തില്ല(15). ഈ രണ്ട് പ്രവാചകവചനങ്ങളില്‍ നിന്നും മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നത് സ്വര്‍ഗപ്രവേശനത്തിനുള്ള മാര്‍ഗമാണെന്നും അവ നിഷേധിക്കുന്നത് നിമിത്തം നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
ക്വുര്‍ആനിന്റെ വിവിധ വചനങ്ങള്‍ മൃഗങ്ങളുടെ ഈ അവകാശത്തെ സംരക്ഷിക്കുന്നതായി കാണാം. ”അതിനുശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു. അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു. പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്”(16).
മറ്റൊരിടത്ത് അല്ലാഹു പറയുന്നു: ”മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗവും പുല്ലും”(17).
ഈ വചനങ്ങളില്‍ നിന്ന് പ്രകൃതിവിഭവങ്ങള്‍ മനുഷ്യനും മനുഷ്യേതര ജീവികള്‍ക്കും ഒരുപോലെ പങ്കിട്ടെടുക്കാനുള്ളതാണെന്നും അവര്‍ക്ക് വ്യക്തമായ അവകാശങ്ങള്‍ ഉണ്ടെന്നും അല്ലാഹു പറയുന്നു. ആ അവകാശങ്ങളെ വകവെച്ചു കൊടുക്കാന്‍ മനുഷ്യരോടുള്ള അറിയിപ്പ് കൂടി ഈ വചനങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
മൃഗങ്ങളെ ഉപദ്രവിക്കുന്നത് നബി (സ) ശക്തമായി വിലക്കി. മുഖത്ത് ചാപ്പ കുത്തിയ ഒരു കഴുത പ്രവാചകസന്നിധിയിലൂടെ നടന്നുപോയപ്പോള്‍ അവിടുന്ന് പറഞ്ഞു: ”അതിനെ ചാപ്പ കുത്തിയവനെ അല്ലാഹു ശപിച്ചിരിക്കുന്നു”(18) സവാരിക്കായി കുതിരപ്പുറത്ത് വെക്കുന്ന ഇരിപ്പിടം യാത്ര കഴിഞ്ഞ് അനാവശ്യമായി അതിന്റെ പുറത്തുവെക്കാതെ പെട്ടെന്ന് എടുത്തുമാറ്റണമെന്ന് അവിടുന്ന് പഠിപ്പിച്ചു. മൃഗങ്ങളുടെ വാല് മുറിക്കുന്നതും മറ്റ് അടയാളങ്ങള്‍ സൃഷ്ടിക്കുന്നതും പ്രവാചകന്‍ (സ) നിരോധിച്ചിട്ടുണ്ട്(19). വാര്‍ധക്യത്തിലായി എന്നതിന്റെ പേരില്‍ പോലും ഒരു മൃഗത്തെ പട്ടിണിക്കിട്ട് കൊല്ലാന്‍ പാടില്ലെന്ന് പ്രവാചകന്‍ (സ) പ്രസ്താവിച്ചിട്ടുണ്ട്(20).
”പച്ചക്കരളുള്ള ഏതൊരു ജീവിയോട് കരുണ കാണിച്ചാലും അതിന് അല്ലാഹുവിന്റെ അടുക്കല്‍ നിന്നും പ്രതിഫലമുണ്ട്” എന്ന്, മൃഗങ്ങളെ പരിചരിക്കുന്നതിന് പ്രതിഫലമുണ്ടോ എന്ന് ചോദിച്ച അനുചരനോട് പ്രവാചകന്‍ (സ) മറുപടി പറഞ്ഞു(21). ഒരിക്കല്‍ ഒരു യാത്രക്കിടെ നബി (സ) മലമൂത്രവിസര്‍ജ്ജനത്തിന് പോയിവന്നപ്പോള്‍ തന്റെ അനുചരന്‍മാരുടെ മുകളില്‍ വട്ടമിട്ടു പറക്കുന്ന ഒരു ചുവന്ന പക്ഷിയെ കാണാനിടയായി. സ്വഹാബിമാര്‍ ആ പക്ഷിയുടെ രണ്ടു കുഞ്ഞുങ്ങളെ എടുത്തു എന്നു മനസ്സിലാക്കിയ പ്രവാചകന്‍ (സ) ചോദിച്ചു: ”കുഞ്ഞുങ്ങളുടെ പേരില്‍ തള്ളക്കിളിയെ വിഷമിപ്പിച്ചത് ആരാണ്? കുഞ്ഞുങ്ങളെ അതിന് തിരിച്ചുകൊടുക്കുക”. നബി(സ)ക്കും കൂട്ടര്‍ക്കും സൗകര്യമൊരുക്കവേ അഗ്നിക്കിരയായ ഉറുമ്പുകളുടെ പ്രദേശം കണ്ടപ്പോള്‍ നബി (സ) ചോദിച്ചു. ”ആരാണിവയെ അഗ്നിക്കിരയാക്കിയത്? അഗ്നികൊണ്ട് ശിക്ഷിക്കാന്‍ അഗ്നിയുടെ നാഥനല്ലാതെ (അല്ലാഹുവിനല്ലാതെ) അവകാശമില്ല”(22). മൃഗസംരക്ഷണത്തിന്റെ മാനം അവയോട് കരുണ കാണിക്കലും ഉപദ്രവകാരികളല്ലാത്തവയെ കൊല്ലാതിരിക്കലുമാണെന്ന് പ്രസ്തുത അധ്യാപനങ്ങളിലൂടെ വ്യക്തമാക്കി തരികയാണ്.
ലോകത്തെ പല രാജ്യങ്ങളിലും വിനോദത്തിനായി മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതിനെ നിയമപരമായി നിരോധിച്ചത് അടുത്തിടെയാണ്. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നബി (സ) അത് നിരോധിച്ചിരുന്നു(23). പന്തയത്തിനായും അമ്പെയ്ത്ത് പരിശീലനത്തിനായും പക്ഷികളെയും മൃഗങ്ങളെയും ലക്ഷ്യസ്ഥാനമാക്കി വെക്കാന്‍ പാ
ടില്ല എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ഒരിക്കല്‍ ഇബ്‌നു ഉമര്‍ (റ) ഖുറൈശി യുവാക്കള്‍ക്കരികിലൂടെ സഞ്ചരിക്കുകയായിരുന്നു. അവര്‍ പക്ഷികളെ ചൂണ്ടുപലകയാക്കിക്കൊണ്ട് അമ്പെയ്ത്ത് പരിശീലിക്കുകയായിരുന്നു. ഉന്നം തെറ്റുന്ന അമ്പുകള്‍ പക്ഷികളുടെ ഉടമസ്ഥനുള്ളതാണെന്നായിരുന്നു വ്യവസ്ഥ. ഇബ്‌നു ഉമറിനെ കണ്ട മാത്രയില്‍ അവര്‍ സ്ഥലംവിട്ടു. ഇബ്‌നു ഉമര്‍ (റ) ചോദിച്ചു: ”ആരാണ് ഇത് ചെയ്തത്? അല്ലാഹു അവനെ ശപിക്കട്ടെ! നിശ്ചയം ജീവനുള്ളതിനെ ചൂണ്ടുപലകയാക്കി അമ്പെയ്യുന്നവനെ പ്രവാചന്‍ (സ) ശപിച്ചിട്ടുണ്ട്”(24).
മൃഗങ്ങളോട് ഏറെ സ്‌നേഹമുള്ളവരായിരുന്നു നബി(സ)യും അദ്ദേഹത്തിന്റെ അനുചരന്‍മാരും. തന്നോടൊപ്പം ഒട്ടകപ്പുറത്ത് യാത്ര ചെയ്യവേ ആ മൃഗത്തിന്റെ കടിഞ്ഞാണ്‍ അല്‍പം ബലമായി പിടിച്ചതിന് ‘എന്തിനാണ് ആയിശ ഈ ക്രൂരത, മിണ്ടാപ്രാ
ണികളോട് അല്‍പം കാരുണ്യത്തോടെ പെരുമാറിക്കൂടേ?’ എന്നാണ് നബി (സ) ചോദിച്ചത്. മെലിഞ്ഞൊട്ടിയ പ്രായമായ ഒരു ഒട്ടകത്തെ തന്റെ അനുചരന്റെ തോട്ടത്തില്‍ കാണാനിടയായപ്പോള്‍ നബി (സ) എന്താണിതെന്ന് അന്വേഷിച്ചു. ഒട്ടകം പ്രാ
യമായെന്നും അതിനെകൊണ്ട് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലെന്നും പറഞ്ഞ സ്വഹാബിയോട് ആരോഗ്യവാനായിരിക്കെ അത് ചെയ്തുതന്ന സേവനങ്ങളെ ഓര്‍ത്തിട്ട് അതിന് നല്ല ഭക്ഷണവും അവകാശങ്ങളും കാരുണ്യവും നല്‍കാനാണ്് നബി (സ) കല്‍പിച്ചത്.
തന്റെ ഉറുമാലില്‍ ഉറങ്ങിക്കിടന്ന പൂ
ച്ചയെ ഉണര്‍ത്താതെ ഉറുമാലിന്റെ ബാക്കിഭാഗം മുറിച്ചെടുത്ത് തോളിലിട്ട് നമസ്‌കാര സമയമായപ്പോള്‍ പള്ളിയിലേക്ക് പോയ തിരുദൂതരും എന്റെ സന്തതസഹചാരിയാണ് ഈ പൂച്ച എന്ന് പറഞ്ഞ് നടന്നതിനാ
ല്‍ പൂച്ചയുടെ ബാപ്പ (അബൂ ഹുറൈറ) എന്ന നാമത്തില്‍ ലോക മുസ്‌ലിംകള്‍ ആദരിക്കുന്ന ഏറ്റവുമധികം ഹദീഥ് റിപ്പോര്‍ട്ട് ചെയ്ത പ്രവാചകാനുയായിയും ഇസ്‌ലാം സൃഷ്ടിച്ച മാതൃകകളാണ്. എന്റെ ഭരണത്തിനുകീഴില്‍ യൂഫ്രട്ടീസിന്റെ തീരത്തെങ്ങാനും ഒരൊട്ടക്കകുട്ടി വിശന്നവശനായി കാലിടറി വീണാല്‍ നാളെ അല്ലാഹുവിന്റെ സന്നിധിയില്‍ മറുപടി പറയേണ്ടി വരുമെന്ന് വ്യാകുലപ്പെട്ട രണ്ടാം ഖലീഫ ഉമര്‍ (റ) എത്രമാത്രം മഹാനായിരുന്നു എന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്.
അക്രമികളും ഉപദ്രവകാരികളുമായ മൃഗങ്ങളെ കൊല്ലാന്‍ ഇസ്‌ലാം അനുവദിക്കുന്നു. അല്ലാതെ വിനോദത്തിനായി നായാട്ടും സമാനമത്സരങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മനുഷ്യപ്രകൃതിക്കനുയോജ്യമായ മൃഗമാംസവും ഇസ്്‌ലാം അനുവദിക്കുന്നു. ശവം, പന്നി മാംസം തുടങ്ങിയവ ഭക്ഷിക്കാന്‍ പാ
ടില്ലെന്ന ഇസ്‌ലാമിന്റെ ആജ്ഞ ശരിവെക്കുന്ന പഠനങ്ങളാണ് ആധുനിക ശാസ്ത്രം വെളിച്ചത്തു കൊണ്ടുവരുന്നത്.
വേട്ടക്കും കാവലിനുമല്ലാതെ നായയെ വളര്‍ത്തുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്(25). വിശ്വാസിയുമായുള്ള നായയുടെ സഹവാസം ക്വുര്‍ആന്‍ പഠിപ്പിക്കുന്ന ഗുഹാവാസികളുടെ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിനെ അനുസരിച്ച് ഏകദൈവവിശ്വാസികളായി ജീവിക്കാന്‍ അവസരം ലഭിക്കാതെ വന്നപ്പോള്‍ ഒരു ഗുഹയില്‍ അഭയം തേടിയ ചില ചെറുപ്പാരായിരുന്നു അവര്‍. അവരോടൊപ്പം ഒരു നായയും ഉണ്ടായിരുന്നു എന്നത് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു(26).
വേട്ടക്കായി പ്രത്യേകം പരിശീലിപ്പിച്ച നായയോ മറ്റ് മൃഗങ്ങളോ കൊണ്ടുവരുന്ന ഭക്ഷണം അനുവദനീയമാണ്(27). തദാവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന മൃഗത്തെ ഭവനത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല എങ്കിലും സാമൂഹിക ജീവി എന്ന നിലയില്‍ അതിനു നല്‍കേണ്ട സഹവാസവും സ്‌നേഹവും പരിചരണവും നല്‍കേണ്ടത് അതിന്റെ ഉടമയുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം അത് ആ മൃഗത്തോടുള്ള ക്രൂരതയുടെ ഭാഗമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിപ്രാ
യപ്പെട്ടിട്ടുണ്ട്.
ഇന്ന് മനുഷ്യന്റെ അവകാശങ്ങളെക്കാള്‍ മൃഗങ്ങളുടെ അവകാശത്തിന് മുന്‍തൂക്കം നല്‍കുന്ന ചിലരെ കാണാന്‍ സാധിക്കുന്നു. മനുഷ്യനെ കടിച്ച് കൊല്ലുന്ന തെരുവ് നായകളെ കൊല്ലാന്‍ പാടില്ല എന്നു വാദിക്കുന്ന ചിലര്‍ കേവലം സമൂഹത്തിലെ പ്രശസ്തി ഉദ്ദേശിച്ച് മാത്രമാണ് ഇത്യാദി വാദങ്ങളുമായി മുന്നോട്ടുവരുന്നത് എന്നതില്‍ സംശയമില്ല. മനുഷ്യര്‍ ഇന്ന് തെരുവുകളില്‍ പട്ടിണി കിടക്കുമ്പോള്‍ ലക്ഷങ്ങള്‍ കൊടുത്ത് മൃഗങ്ങളെ വാങ്ങുകയും അതിനെ പരിപാലിക്കാന്‍
പിന്നെയും ലക്ഷങ്ങള്‍ മുടക്കുകയും ചെയ്യുന്നവര്‍ മനുഷ്യസ്‌നേഹമില്ലാത്ത അധഃപതിച്ച മൃഗസ്‌നേഹികളാണ് എന്നതില്‍ തര്‍ക്കമില്ല. കേവലം ആഡംബരവും ആര്‍ഭാടവും മാത്രമാണ് ഈ കപട മൃഗസ്‌നേഹികള്‍ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. മൃഗരതി എന്ന വൈകൃതത്തെ ആസ്വദിക്കാനാഗ്രഹിക്കുന്ന അതിനെ കച്ചവടച്ചരക്കാക്കുന്ന, അതിനെതിരെ പ്രതികരിക്കാത്ത ആളുകള്‍ക്ക് മൃഗസ്‌നേഹത്തെപ്പറ്റി പറയാന്‍ ഒരിക്കലും അവകാശമില്ല.
കന്നുകാലികളെ അറുത്തുതിന്നുന്നത് അക്രമമാണെന്നും അങ്ങനെ ക്രൂരന്മാരാണെന്നും വാദിക്കുന്നവര്‍ മൃഗസംരക്ഷണത്തിന്റെ പേരുംപറഞ്ഞ് മനുഷ്യനെ തല്ലിക്കൊല്ലുന്നത് എന്തുസങ്കടകരമായ അവസ്ഥയാണ്. മാരകായുധങ്ങളുമായി സംഘടിച്ചെത്തി മൃഗത്തിന്റെ പേരും പറഞ്ഞ് മനുഷ്യനെ കുത്തിയും വെട്ടിയും കൊല്ലുന്നവര്‍ കേവലം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി മൃഗസ്‌നേഹത്തെയും ഗോസംരക്ഷണത്തെയും മറയാക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ കൊന്നുതള്ളിയ ആയിരക്കണക്കിന് മനുഷ്യരെക്കാള്‍ പ്രാധാന്യം കന്നുകാലികള്‍ക്കുതന്നെയാണ് എന്ന നിലപാടിലാണ് ഭരണകൂടവും.
ഇസ്‌ലാമിലെ മൃഗബലിയും മറ്റ് അനുവദനീയമായ അറവും എന്നത് പട്ടിണിപ്പാ
വങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനാണെന്നും അങ്ങനെ അവരുടെ പ്രയാസം മാറ്റിയാല്‍ അത് പുണ്യമാണെന്നും പലരും ഓര്‍ക്കുന്നില്ല. പ്രായമായാല്‍ മനുഷ്യജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കന്നുകാലികളെ അതിനുമുമ്പേ അറുത്ത് ഭക്ഷിക്കുന്നത് തെറ്റാണെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മൃഗസ്‌നേഹികളാകുന്നവര്‍ക്ക് ഇസ്‌ലാമിന്റെ മഹത്തായ പാരമ്പര്യം പരിശോധിച്ചാല്‍ മൃഗങ്ങളോട് കാരുണ്യം കാണിക്കുന്നതിനെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നു എന്ന് മനസ്സിലാക്കാം.
മ്മകുറിപ്പുകള്‍
1. Frank J. Korom, The apotheo-si-s of Zebu, or why the cow issacred in Hinduism. Asian Folklore Studies, Vo-l. 59, No. 2 (2000)
2. DN Jha, The Myth of the Holy Cow, (New Delhi: Narayana Publi-shing, 2009).
3. ക്വുര്‍ആന്‍ 17:70.
4. ക്വുര്‍ആന്‍ 16:49.
5. ക്വുര്‍ആന്‍ 17:44.
6. ക്വുര്‍ആന്‍ 6:38
7. വിശുദ്ധ ക്വുര്‍ആന്‍ വിവരണം, അമാനി മൗലവി.
8. ക്വുര്‍ആന്‍ 2:26.
9. ക്വുര്‍ആന്‍ 29:41.
10. ക്വുര്‍ആന്‍ 22:73.
11. ക്വുര്‍ആന്‍ 27:18-19.
12. ക്വുര്‍ആന്‍ 27:20.
13. ക്വുര്‍ആന്‍ 26:155-157
14. സ്വഹിഹുല്‍ ബുഖാരി:2323, സ്വഹീഹു മുസ്‌ലിം:2244.
15. സ്വഹിഹുല്‍ ബുഖാരി:3482, സ്വഹീഹു മുസ്‌ലിം:2242.
16. ക്വുര്‍ആന്‍ 79:30-33.
17. ക്വുര്‍ആന്‍ 80:28-31.
18. സ്വഹീഹുമുസ്‌ലിം:2117.
19. സ്വഹീഹു മുസ്‌ലിം.
20. സ്വഹീഹുല്‍ ബുഖാരി:5513, സ്വഹീഹു മുസ്‌ലിം:1956.
21. സ്വഹീഹുല്‍ ബുഖാരി:2190, സ്വഹീഹു മുസ്‌ലിം:4162.
22. അബൂദാവൂദ്: 2675.
23. നസാഈ (2/210), അഹ്മദ് (4/389)
24. സ്വഹീഹുല്‍ ബുഖാരി:5515, സ്വഹീഹു മുസ്‌ലിം:1950.
25. സ്വഹീഹു മുസ്‌ലിം (2:20).
26. ക്വുര്‍ആന്‍ 18:13-18
27. ക്വുര്‍ആന്‍ 5:4

Leave a Reply

Your email address will not be published. Required fields are marked *