മലപ്പുറം മുന്നില്‍ നടക്കട്ടെ!

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയപ്രഖ്യാപനവും ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഹിന്ദി പാട്ടുകാരന്‍ സോനു നിഗമിന്റെ ട്വീറ്റ് വിവാദവുമുണ്ടായത് ഒരേ ദിവസമായിയെന്നത് തികഞ്ഞ യാദൃഛികതയാവാം. ഇന്‍ഡ്യ നേരിടുന്ന വര്‍ത്തമാനകാല പ്രശ്‌നത്തിന്റെ കാതലും തീവ്രതയും വെളിപ്പെടുത്തുന്ന വടക്കുനിന്നുള്ള ട്വീറ്റും അതിനുള്ള പരിഹാരമെന്തെന്നു പഠിപ്പിക്കുന്ന തെക്കു നിന്നുള്ള കാറ്റുമുണ്ടായ അനിതരമായ ദിവസങ്ങളിലൊന്നായി 2017 ഏപ്രില്‍ പതിനേഴ് ഇന്‍ഡ്യാചരിത്രത്തില്‍ അറിയപ്പെടുമോയെന്ന് പ്രവചിക്കുവാന്‍ ഇപ്പോള്‍ കഴിയില്ല. മതനിരപേക്ഷമുഖം മിനുക്കി നടക്കുന്ന കലാസാഹിത്യജീവികളുടെ മനസ്സിന്റെ കറുപ്പ് പരിസ്ഥിതി അനുയോജ്യമായി വരുമ്പോള്‍ പുറത്തേക്കു വരുമെന്നതിന്റെ സൂചനയും മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുന്നിടത്ത് ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുമെന്ന ഫാഷിസത്തിന്റെ നൂറ്റിയൊന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പച്ചക്കള്ളത്തിന്റെ യാഥാര്‍ത്ഥ്യം ഇന്‍ഡ്യയെ ബോധിപ്പിച്ച തെരഞ്ഞെടുപ്പ് ഫലവും ഒരുമിച്ചു കേട്ട ദിവസമാണ് ഫാഷിസത്തിന്റെ ഇന്‍ഡ്യന്‍ വളര്‍ച്ചയെ പഠിക്കുന്നവര്‍ക്ക് ആ തിങ്കളാഴ്ച. അത് ‘ദുഃഖതിങ്കളാഴ്ച’യാണോ അതല്ല ‘ഗുഡ് മണ്‍ഡേ’യാണോയെന്ന് ഇന്‍ഡ്യയുട ഭാവിമുന്നേറ്റങ്ങളായിരിക്കും തീരുമാനിക്കുക.
മലപ്പുറം ജില്ല ഒരു കൊച്ചു പാക്കിസ്ഥാനാണെന്ന പ്രചരണത്തിന് ജില്ലാ രൂപീകരണകാലത്തോളം പഴക്കമുണ്ട്. 1956ലെ സംസ്ഥാന പുനഃസംഘടനാചട്ട (state reorganisation act)ത്തോടനുബന്ധിച്ച് 1956 നവംബര്‍ ഒന്നിനു കേരളപ്പിറവി നടക്കുമ്പോള്‍ നമുക്കുണ്ടായിരുന്നത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നീ ജില്ലകള്‍ മാത്രമായിരുന്നുവെന്നും പിന്നീട് ഓരോ ജില്ലകളുണ്ടാകുമ്പോഴും അതിനുപോല്‍ബലകമായ രാഷട്രീയവും ജനക്ഷേമപരവുമായ കാരണങ്ങളുണ്ടായിരുന്നുവെന്നും പരിഗണിക്കാതെയായിരുന്നു മലപ്പുറം ജില്ലാ രൂപീകരണത്തോടുള്ള എതിര്‍പ്പ്. 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ല വിഭജിക്കപ്പെട്ട് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ രൂപീകരിച്ചപ്പോഴോ കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നെടുത്ത ഭൂഭാഗങ്ങളെ ഒന്നിച്ചുചേര്‍ത്ത് 1957 ഓഗസ്റ്റ് 17ന് ആലപ്പുഴ ജില്ലയുണ്ടാക്കിയപ്പോഴോ കൊച്ചി രാജവംശത്തിന്റെ കീഴിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളെ ഒരുമിച്ചു ചേര്‍ത്ത് 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല രൂപീകരിച്ചപ്പോഴോ ഇല്ലാത്ത കോലാഹലങ്ങളാണ് കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നെടുത്ത ഭൂഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ലയുണ്ടാക്കിയപ്പോഴുണ്ടായത്. അതിനുശേഷവും നാല് പുതിയ ജില്ലകള്‍ കേരളത്തിലുണ്ടായി. കോട്ടയം, എറണാകുളം ജില്ലകളില്‍നിന്ന് 1972 ജനുവരി 26ന് നിലവില്‍ വന്ന ഇടുക്കി ജില്ല; കോഴിക്കോടിന്റെയും കണ്ണൂരിന്റെയും ഭൂഭാഗങ്ങളില്‍നിന്ന് 1980 നവംബര്‍ ഒന്നിന് രൂപീകരിച്ച വയനാട് ജില്ല; ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നെടുത്ത ഭൂഭാഗങ്ങള്‍ ചേര്‍ത്ത് 1982ല്‍ രൂപീകൃതമായ പത്തനംതിട്ട ജില്ല; കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ ഒരുമിച്ചു ചേര്‍ത്ത് 1984 മെയ് 24ന് ഉണ്ടാക്കിയ കാസര്‍ഗോഡ് ജില്ല എന്നിവയാണവ. ഈ ജില്ലകളുണ്ടാക്കുമ്പോഴൊന്നും തന്നെ മലപ്പുറം ജില്ലയുണ്ടാവുമ്പോഴുണ്ടായതു പോലെയുള്ള കോലാഹലങ്ങളമൊന്നുമുണ്ടായില്ല. നാടിന്റെ വികസനത്തിനുവേണ്ടിയുള്ള വികേന്ദ്രീകരണ പരിശ്രമമായി മാത്രം കാണേണ്ട ജില്ലാ രൂപീകരണത്തെപ്പറ്റി പറഞ്ഞിരുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പാക്കിസ്ഥാന്‍ ചാരന്‍മാരെ വളര്‍ത്തുന്നതിനുമുള്ള നിമിത്തമായിത്തീരുകയാണ് മലപ്പുറം ജില്ല ചെയ്യുകയെന്നായിരുന്നു. പാക്കിസ്ഥാനെ സഹായിക്കാനുള്ള മാപ്പിളസ്ഥാനുണ്ടാക്കുവാനാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെയും പഞ്ചായത്ത് മന്ത്രിയായിരുന്ന അവുക്കാദര്‍ കുട്ടി നഹയുടെയും സമ്മര്‍ദ്ദത്താല്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് കൂട്ടുനില്‍ക്കുന്നതെന്നായിരുന്നു ആരോപണം. ജില്ലാ രൂപീകരണത്തോടെ അവിടെ ന്യൂനപക്ഷമായിത്തീരുന്ന ഹിന്ദുക്കള്‍ മാപ്പിളമാരുടെ പീഡനപര്‍വത്തിലേക്ക് എടുത്തെറിയപ്പെടുകയാണുണ്ടാവുകയെന്ന് വാദിച്ചവര്‍ക്ക് മറുപടി നല്‍കുന്നതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ഫലമെന്ന വസ്തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. അഞ്ചു പതിറ്റാണ്ടോളം കാലം മാപ്പിള ഭൂരിപക്ഷത്തിന്റെ കീഴില്‍ ന്യൂനപക്ഷമായി ജീവിച്ച ഹിന്ദുക്കള്‍ സഹിച്ച ‘പീഡന’ങ്ങളുടെ ഫലമായി പ്രസ്തുത പീഡകരില്‍നിന്ന് രക്ഷപ്പെടുത്താന്‍ വന്നവരെ ഹിന്ദുക്കള്‍ കൈയ്യൊഴിഞ്ഞതിന്റെ ദയനീയമായ ചിത്രമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. മാപ്പിള ഭൂരിപക്ഷത്തിന്റെ കീഴിലുള്ള ഹിന്ദു പീഡനമെന്ന കള്ളക്കഥകളെ പുച്ഛിച്ചുതള്ളുകയാണ് മലപ്പുറത്തെ ഹിന്ദു വോട്ടര്‍മാര്‍ ചെയ്തതെന്നര്‍ത്ഥം.
ജില്ലാ രൂപീകരണത്തിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകളില്‍ മലപ്പുറത്തെ ചൂണ്ടി ഉത്തരേന്ത്യന്‍ ഹിന്ദുക്കളെ ഭീതിപ്പെടുത്താനുള്ള വ്യാപകമായ പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നിട്ടുണ്ട്. അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വസിദ്ധാന്തത്തിന്റെ വക്താക്കള്‍ക്ക് വിജയത്തിന്റെ വിരിപ്പിലിരിക്കാന്‍ അവസരം നല്‍കിക്കൊണ്ട്, ഗാന്ധിഘാതകരെന്ന ചീത്തപ്പേരിനാല്‍ പൊതുവെ അസ്പൃശ്യത കല്‍പ്പിക്കപ്പെട്ടിരുന്നവര്‍ക്ക് ചില മതനിരപേക്ഷ കക്ഷികള്‍ മാന്യത നല്‍കി ആദരിച്ചപ്പോള്‍ മുതല്‍ ഈ പ്രചരണങ്ങള്‍ക്ക് ശക്തി വര്‍ധിച്ചുവെന്നതാണ് വാസ്തവം. ജില്ലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ വിശദമായി വ്യാഖ്യാനിച്ചുകൊണ്ട് ഇന്‍ഡ്യയുടെ തെക്കുഭാഗത്ത് അപകടകാരിയായ ഒരു കൊച്ചുപാക്കിസ്ഥാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് സമര്‍ത്ഥിക്കുന്ന ഫീച്ചറുകള്‍ ഹിന്ദി-ഇംഗ്ലീഷ് ആനുകാലികങ്ങളില്‍ നിരന്തരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മുസ്‌ലിം കേരളത്തിലെ ന്യൂനാല്‍ ന്യൂനപക്ഷമായിരുന്ന സിമിക്കാര്‍ തങ്ങളുടെ സമ്മേളനത്തിനു സ്വീകരിച്ച പ്രമേയവാക്യമായ ‘ഇന്‍ഡ്യയുടെ മോചനം ഇസ്‌ലാമിലൂടെ’യെന്ന് എഴുതിയ ചുവരുകളുടെ ഫോട്ടോയുള്‍ക്കൊള്ളിച്ച് 1980കളില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘പ്രോബ് ഇന്‍ഡ്യ’ മാഗസിന്‍ പുറത്തിറക്കിയ ഫീച്ചറിന് നല്‍കിയ തലക്കെട്ട് ‘ഇന്‍ഡ്യയിലെ ഒരു കൊച്ചു പാക്കിസ്ഥാന്‍’ (A Mini Pakistan in India) എന്നായിരുന്നു. ഇത്തരം നിരവധി ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ച് മുസ്‌ലിംകള്‍ ഒരിടത്ത് ഭൂരിപക്ഷമായാല്‍ അവിടെ പാക്കിസ്ഥാന്‍ ചാരന്‍മാരാണ് വളര്‍ന്നുവരികയെന്ന് സ്ഥാപിക്കുവാന്‍ ഉത്തരേന്ത്യയിലെ ഹിന്ദുത്വ വിദ്വാന്‍മാരും മീഡിയകളും ഉദാഹരിച്ചത് മലപ്പുറം ജില്ലയെയാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരത്തോടെ അവയുപയോഗിച്ചുകൊണ്ടായി ഈ കള്ളപ്രചരണം. 2014 ജൂലൈ 17ന് ഡോ. ബാബു എഴുതിയ ഒരു ബ്ലോഗിന്റെ തലക്കെട്ട് ‘കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം; ഹിന്ദുക്കള്‍ ഞെരിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൊച്ചു പാക്കിസ്ഥാന്‍’ (Keral-a’s Muslim Majority District Malappuram- A Mini Pakistan stangling Hindu there) എന്നാണ്. ഈ ലേഖനം 2003 സെപ്റ്റംബര്‍ ആറിന് ജോഗീന്ദ്രയെന്ന പേരുള്ള ഒരാള്‍ ‘ഇസ്‌ലാമിക് ടെററിസം ഇന്‍ ഇന്‍ഡ്യ’യെന്ന തലക്കെട്ടില്‍ നിലനില്‍ക്കുന്ന വേള്‍ഡ് പ്രസ് ബ്ലോഗില്‍ പോസ്റ്റു ചെയ്തതിന്റെ തനിയാവര്‍ത്തനമാണ്. 2006 ഫെബ്രുവരി 19ന് സൗരവ് റെഡ്ഡി ഹിന്ദു വിവേക് കേന്ദ്രയുടെ വെബ്‌സൈറ്റില്‍ എഴുതിയ ‘കേരളത്തിലെ കൊച്ചു പാക്കിസ്ഥാന്‍: ഹിന്ദുവിന് മതേതരത്വം വേണ്ടതെന്തിന്?’ (Mini Pakistan in India- Why Hindu want Secularism) എന്ന ലേഖനത്തിലെ വാദങ്ങള്‍ തന്നെയണ് ഇതിലുള്ളത്. പലരുടെയും ഫെയ്‌സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും നിരവധി തവണ ഈ ലേഖനങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്തെ ഹിന്ദുക്കള്‍ നേരിടുന്ന പീഢനങ്ങളെയും സാമ്പത്തിക അസമത്വങ്ങളെയും അവഗണനയെയും സാമൂഹികമായ പിന്നോക്കാവസ്ഥയെയും കുറിച്ച് നിറംപിടിപ്പിച്ച കഥകള്‍ എഴുതിപ്പിടിപ്പിച്ചുകൊണ്ട് ഇവയില്‍നിന്ന് മുസ്‌ലിംകള്‍ അവര്‍ക്ക് നല്‍കുന്ന സന്ദേശമായി പറയുന്നത് ‘മലപ്പുറം ജില്ലയില്‍നിന്ന് പുറത്തുപോകാതെ നിങ്ങളൊരിക്കലും സ്വതന്ത്രരാവുകയില്ല’യെന്നാണ്. ഹിന്ദു രാഷ്ട്രനിര്‍മിതിയുണ്ടാകുമ്പോള്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മുസ്‌ലിംകളെ എന്തെല്ലാം ചെയ്യണമെന്നാണോ അവര്‍ ആഗ്രഹിക്കുന്നത് അതെല്ലാം മലപ്പുറത്തെ ഹിന്ദുക്കള്‍ നേരിടുന്നുണ്ട് എന്നു വരുത്തുന്നതാണീ ലേഖനങ്ങളെല്ലാം. മലപ്പുറത്തു ജീവിക്കുന്ന ഹിന്ദുവിനും മുസ്‌ലിമിനുമറിയാം ഇവയിലെ വാദങ്ങളെല്ലാം ശുദ്ധ അസംബന്ധങ്ങളാണെന്ന്. ഇവ വായിക്കുന്ന ഉത്തരേന്ത്യക്കാര്‍ക്ക് പക്ഷേ, അത് അറിയില്ലല്ലോ. മുസ്‌ലിം ഭൂരിപക്ഷ ജില്ലയെക്കുറിച്ച് നിറംപിടിപ്പിച്ച കള്ളക്കഥകള്‍ നെയ്ത് ഉത്തരേന്ത്യന്‍ ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിം വിരോധം വളര്‍ത്തുകയും അവസരം കിട്ടിയാല്‍ മുസ്‌ലിംകളെ അക്രമിച്ച് മലപ്പുറത്തെ സഹോദര ഹിന്ദുക്കളോടു ചെയ്ത ക്രൂരതകള്‍ക്ക് പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മലപ്പുറത്തെ വോട്ടര്‍മാര്‍ നല്‍കിയത് ശക്തമായ മറുപടിയാണ്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരാണെന്നും അവര്‍ മതനിരപേക്ഷതയുടെ വക്താക്കളാണെന്നും അവരെ രക്ഷിക്കാന്‍ ഹിന്ദുത്വക്കാര്‍ കുപ്പായമണിയേണ്ടതില്ലെന്നുമുള്ള ശക്തമായ മറുപടി!
തെരഞ്ഞെടുപ്പാനന്തര സംവാദങ്ങളില്‍ ഐക്യമുന്നണിയോ ഇടതുപക്ഷമോ ആരാണ് നേട്ടമുണ്ടാക്കിയതെന്ന തര്‍ക്കങ്ങള്‍ക്കിടയില്‍ മറന്നുപോകാന്‍ പാടില്ലാത്തതാണ് മലപ്പുറത്തെ ഹിന്ദു വോട്ടര്‍മാര്‍ ഹിന്ദുത്വത്തെ ദയനീയമായി തള്ളിക്കളയുകയാണ് ചെയ്തതെന്ന സത്യം. ന്യൂനപക്ഷങ്ങള്‍ അവകാശങ്ങള്‍ക്കുവേണ്ടി സംഘടിച്ചാല്‍ ഭൂരിപക്ഷ വര്‍ഗീയത വളരുകയാണ് ചെയ്യുകയെന്ന സെക്യുലര്‍ യുക്തിക്കേറ്റ പ്രഹരം കൂടിയാണിത്. സംഘാടനമല്ല അത് സൃഷ്ടിക്കുന്ന ഭീതിയാണ് ഫാഷിസത്തിനു വേരോട്ടമുണ്ടാക്കുന്നത്. ബാബരി പള്ളിയുടെ തകര്‍ച്ചക്കുശേഷം മുസ്‌ലിം സമുദായം സ്വീകരിച്ച അഭൂതപൂര്‍വമായ സംയമനം മുസ്‌ലിം തീവ്രവാദം വളര്‍ത്തി ഹിന്ദു മനസ്സുകളെ തങ്ങളുടേതാക്കാമെന്ന് സ്വപ്‌നം കണ്ടവരെ നിരാശരാക്കിയിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഒരു പച്ചമനുഷ്യനെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വെട്ടിനുറുക്കിയവരോട് സായുധമായല്ല, ഭരണഘടനാപരമായാണ് പ്രതികരിക്കുകയെന്ന് ആണയിട്ട മുസ്‌ലിം സമുദായം ഹിന്ദുക്കളെ ഭീതിപ്പെടുത്തി അടിമപ്പെടുത്താനുള്ള ഫാഷിസ്റ്റ് പരിശ്രമങ്ങളെ പൂര്‍ണമായും നിര്‍വീര്യമാക്കുകയാണ് ചെയ്തത്. തീവ്രവാദമല്ല, ജനാധിപത്യയന്ത്രത്തെ ചലനാത്മകമാക്കുക തന്നെയാണ് മുസ്‌ലിം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന വലിയ സത്യവും മലപ്പുറം വിളിച്ചു പറയുന്നുണ്ട്. ഹിന്ദു മനസ്സുകളെ ഭീതിപ്പെടുത്തി സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വെള്ളവും വളവും നല്‍കുന്ന തീവ്രവാദത്തിന് മുസ്‌ലിംകളുടെ മുന്നില്‍ നടന്ന് ജനാധിപത്യത്തെ ഉപകാരപ്പെടുത്താനാവില്ലെന്ന സത്യം തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് മലപ്പുറത്തെ മുസ്‌ലിം വോട്ടര്‍മാരുടെ വിജയം. അതാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്ക് അവര്‍ നല്‍കുന്ന സന്ദേശം.
ഹിന്ദുത്വ ഇന്‍ഡ്യയില്‍ കലാസാംസ്‌കാരിക സാഹിത്യരംഗങ്ങളിലുള്ളവരുടെയെല്ലാം തലച്ചോറുകള്‍ കാവിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സോനു നിഗമിന്റെ ബാങ്ക് വിരുദ്ധ പരാമര്‍ശം. പ്രസ്തുത കാവിവല്‍ക്കരണം കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുവായൂരപ്പ സ്തുതിഗീതങ്ങളായ നാരായണീയത്തിന്റെ കര്‍ത്താവ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെയും ജ്ഞാനപ്പാനയുടെ കര്‍ത്താവ് പൂന്താനം നമ്പൂതിരിയുടെയും അധുനിക മലയാളത്തിന്റെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെയും മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെയും മലപ്പുറത്തിന് ഹിന്ദുത്വമാവശ്യമില്ലെന്നു പറയുവാന്‍ എം.ടി വാസുദേവന്‍ നായര്‍ക്കും കെ.പി രാമനുണ്ണിക്കുമെല്ലാം കഴിയുന്ന സൗഹൃദാന്തരീക്ഷമാണ് മലപ്പുറം ഇന്നുവരെ വെച്ചുപുലര്‍ത്തിപ്പോന്നിട്ടുള്ളത്. പ്രസ്തുത അന്തരീക്ഷം തകര്‍ക്കുകയും മതവിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയതയുടെ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുകയുമാണ് ഫാഷിസത്തിന്റെ പ്രഥമപടി. അതു തങ്ങള്‍ സമ്മതിക്കുകയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം. ഫാഷിസത്തിനെതിരെയുള്ള മതനിരപേക്ഷ ഐക്യത്തിനു മാത്രമേ ഇന്‍ഡ്യയെ രക്ഷിക്കാനാവൂ എന്ന വസ്തുതക്ക് തെളിവാകുകയാണ് മലപ്പുറം. ഭിന്നിച്ചും തമ്മിലടിച്ചും പിണങ്ങിയും നില്‍ക്കുന്ന ദേശീയവും പ്രാദേശികവുമായ മതനിരപേക്ഷകക്ഷികള്‍ തന്നെയാണ് ഇന്നും ഇന്‍ഡ്യയുടെ ശക്തി. അവരുടെ ഐക്യത്തിലാണ് ഇന്‍ഡ്യയെ സ്‌നേഹിക്കുന്നവരുടെ പ്രതീക്ഷ. പ്രസ്തുത ഐക്യത്തിനു മുന്നില്‍ നടക്കുവാന്‍ മലപ്പുറത്തിന്റെ മകനായ പി.കെ കുഞ്ഞിലിക്കുട്ടി സാഹിബിനു കഴിയും. അതിന് അദ്ദേഹം കാണിക്കുന്ന കരുത്താണ് ഇന്‍ഡ്യന്‍ മുസ്‌ലിമിന്റെ ഭാവി തീരുമാനിക്കുക. നിറവൈവിധ്യങ്ങളുടെയും ഇന്‍ഡ്യന്‍ ബഹുസ്വരതയുടെയും ആത്മാവായിരിക്കും പ്രസ്തുത ഐക്യത്തിലൂടെ പുനരുജ്ജീവിപ്പിക്കപ്പെടുക. അതിന് അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍).

Leave a Reply

Your email address will not be published. Required fields are marked *