മത താരതമ്യപഠനം അനഭിലഷണീയമോ ?

സത്യദീനിലേക്കുളള പ്രബോധനം മുസ്‌ലിമിന്റെ ബാധ്യതയാണ്. ഉത്തമസമുദായമെന്ന പദവി മുഹമ്മദ് നബിയുടെ സമുദായത്തിനുലഭിച്ചതും ആ ഒരു കര്‍തവ്യത്തിന്റെ അടിസ്ഥാനത്തിലാണ്. വിശുദ്ധ ക്വുര്‍ആന്‍ അടിവരയിട്ടുകൊണ്ട് പറയുന്നു: ”അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?”(1) പ്രവാചകന്‍ പറയുന്നു: നീ മുഖേന അല്ലാഹു ഒരാളെ സന്‍മാര്‍ഗത്തിലാക്കുകയെന്നത് ഈ ലോകവും അതിലെ സര്‍വചരാചരങ്ങളും നിനക്ക് ലഭിക്കുകയെന്നതിനേക്കാള്‍ ഉത്തമമാണ്”(2) സത്യമത പ്രബോധന പ്രവര്‍ത്തനങ്ങളാല്‍ മുഖരിതമായിരുന്നു പ്രവാചകന്റെ 23 വര്‍ഷക്കാലത്തെ മക്ക-മദീന ജീവിതം. രാവും പകലും വിശ്രമമില്ലാത്ത ആ പ്രബോധനപ്രവര്‍ത്തന നാളുകളില്‍ ആയിരക്കണക്കിന് വിഗ്രഹാരാധകരും ജൂത-ക്രൈസ്തവരും ഇസ്‌ലാം പുല്‍കുകയുണ്ടായി. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലും ഗുണകാംക്ഷാപരമായ സത്യമത പ്രചരണം തുടര്‍ന്നു പോന്നു. എന്നാല്‍ ഇസ്‌ലാം ആധുനിക യുഗത്തിലേക്ക് കാലെടുത്തുവെച്ച ഈ കാലഘട്ടത്തില്‍ തീര്‍ത്തും മതപ്രബോധനത്തോട് തലതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മുസ്‌ലിം സമുദായത്തിലെ ചില പണ്ഡിതന്‍മാരും ബുദ്ധിജീവികളും സ്വീകരിക്കുന്നത്. മതപ്രബോധനത്തെ തീവ്രവാദത്തോട് കൂട്ടിക്കെട്ടുന്ന ഭരണകൂടങ്ങളുടെ മുമ്പില്‍ ഓച്ഛാനിച്ച് പ്രബോധന ധര്‍മത്തെ മുസ്‌ലിംകളില്‍ മാത്രം പരിമിതപ്പെടുത്താന്‍ സമുദായത്തെ ഉപദേശിക്കുകയാണ് അവസരം മുതലെടുത്ത് അവര്‍. യഥാര്‍ത്ഥത്തില്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ച പ്രബോധന കര്‍മത്തിന്റെ കടയ്ക്കല്‍ കത്തിവെക്കലാണിത്. രണ്ട് വിചിത്രമായ വാദങ്ങളാണ് സത്യമത പ്രബോധനത്തിനെതിരെ പൊതുവെ ഉയര്‍ന്നു വരുന്നത്.

ഒന്ന്; പ്രബോധന ആവശ്യാര്‍ത്ഥം മറ്റു മതങ്ങളും വേദങ്ങളും പഠിക്കലും അതുപയോഗിച്ചുകൊണ്ടുള്ള പ്രബോധനവും അനിസ്‌ലാമികമാണ്.
രണ്ട്; മതതാരതമ്യ പഠനത്തിലൂന്നിയുള്ള ഇസ്‌ലാമിക പ്രബോധനം ഇന്‍ഡ്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അപകടകരവും ആപത്തുമാണ്. സമൂഹത്തില്‍ അശാന്തിയും വര്‍ഗീയതയും വിതയ്ക്കാന്‍ അത്തരം മതപ്രബോധനം കാരണമാകും!
ഇസ്‌ലാമിക പ്രമാണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കാതെയുള്ള കേവലമായ അക്ഷരവായനയില്‍ നിന്നും, ആദര്‍ശപരമായ അപകര്‍ഷതാബോധത്തില്‍ നിന്നുമാണ് ഇത്തരം വാദഗതികള്‍ ഉരിത്തിരിയുന്നത്. പ്രമാണങ്ങളുടെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഇത്തരം വാദഗതികളെ നിരൂപണം ചെയ്യാന്‍ ആഗ്രഹിക്കുകയാണ്.

ഏകനായ ദൈവത്തില്‍ നിന്ന് അവതീര്‍ണമായ മതം ഇസ്‌ലാം മാത്രമാണ്. കാലചക്രത്തിന്റെ വിവിധ സന്ധികളില്‍ ജനസമൂഹങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധനയില്‍നിന്ന് തെന്നിമാറിയിട്ടുണ്ട്. അങ്ങനെയാണ് വ്യത്യസ്ത മതങ്ങളും ദര്‍ശനങ്ങളും രൂപപ്പെടുന്നത്. ഇന്ന് ലോകത്ത് നിലവിലുള്ള വേദഗ്രന്ഥങ്ങളിലധികഭാഗവും ദൈവികമായ വെളിപാടുകളില്‍ കടന്നുകൂടിയ മനുഷ്യവാക്യങ്ങളാണ്. മാറ്റങ്ങളില്ലാതെ ഇസ്‌ലാമും ക്വുര്‍ആനും ലോകത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സത്യത്തില്‍ നിന്ന് തെന്നിമാറിയവരെയും അവരുടെ കൈയ്യിലുള്ള വിശുദ്ധ ഗ്രന്ഥമെന്ന് അവകാശപ്പെടുന്ന മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ഗ്രന്ഥങ്ങളെയും പഠിക്കുമ്പോള്‍ മാത്രമേ സത്യത്തിലേക്ക് അവരെ തിരിച്ചുവിളിക്കാനുള്ള വാതായനങ്ങള്‍ നമുക്ക് തുറന്നുകിട്ടുകയുള്ളൂ. ബൈബിളിലേക്കോ ഹിന്ദുമത ഗ്രന്ഥങ്ങളിലേക്കോ ആളുകളെ ക്ഷണിക്കുന്നതിന് വേണ്ടിയല്ല, പ്രത്യുത ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും സത്യത സ്ഥാപിക്കുവാനും അവ മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ അജയ്യത വ്യക്തമാക്കുവാനും വേണ്ടിയാണ് പ്രബോധകര്‍ മതതാരതമ്യ പഠനം ഉപയോഗപ്പെടുത്തുന്നത്. ഇതാകട്ടെ, ക്വുര്‍ആനിന്റെ പ്രബോധനശൈലിക്ക് വിധേയമായിട്ടുമാണ്. വ്യത്യസ്തമായ മതങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ക്വുര്‍ആന്‍ ഇഴകീറി പരാമര്‍ശിക്കുന്നുണ്ട്. അത്തരം മതങ്ങള്‍ ഉള്‍ക്കൊള്ളുന്ന അബദ്ധജഡിലമായ വിശ്വാസങ്ങളുടെ അര്‍ത്ഥശൂന്യതയെ വ്യക്തമാക്കുന്നുമുണ്ട്. ജൂതരും ക്രൈസ്തവരും മാത്രമാണ് സ്വര്‍ഗത്തില്‍ പോവുകയെന്ന വ്യാമോഹത്തിന് തെളിവുകൊണ്ടുവരാന്‍ ക്വുര്‍ആന്‍ വെല്ലുവിളിക്കുന്നു. ”(ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടുവരൂ എന്ന്.” (2:111). കുരിശുമരണത്തിന്റെ നിജസ്ഥിതിയും ത്രിയേകത്വത്തിന്റെ പൊള്ളത്തരവും ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. ”അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.” (4:157)

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.” (4:171)

അന്തിമപ്രവാചകനായ മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഇതരവേദങ്ങളിലുണ്ടെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ”മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.” (61:6) ”(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍.” (7:157). ”നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.” (2:146)

ബഹുദൈവാരാധകര്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ മനുഷ്യരാല്‍ നിര്‍മിതമായ രൂപങ്ങളും പേരുകളും വിശ്വാസങ്ങളുമാണെന്നും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു. ”നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍). അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.” (53:23)

മക്കയിലെ ബഹുദൈവാരാധകരുടെ വിശ്വാസരീതികളെയും ക്വുര്‍ആന്‍ ചിത്രീകരിക്കുന്നു. ”അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (39:3). ”അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.” (10:18). ”പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?” (10:31).

ഭൗതിക വാദത്തിലെ യുക്തിരാഹിത്യത്തെ ക്വുര്‍ആന്‍ ചോദ്യം ചെയ്യുന്നു. ”അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത് കാലം മാത്രമാകുന്നു. (വാസ്തവത്തില്‍) അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.” (45:24). ”അവന്‍ നമുക്ക് ഒരു ഉപമ എടുത്തുകാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവന്‍ മറന്നുകളയുകയും ചെയ്തു. അവന്‍ പറഞ്ഞു: എല്ലുകള്‍ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവന്‍ നല്‍കുന്നത്?” (36:78).

വേദങ്ങളെ താരതമ്യപഠനത്തിന് വിധേയമാക്കി അവയിലെല്ലാം ഉള്‍ക്കൊണ്ടിരിക്കുന്ന ഏകദൈവത്തെ മാത്രം ആരാധിക്കുകയെന്ന പൊതുതത്വത്തിലേക്ക് വരാന്‍ ക്വുര്‍ആന്‍ ക്ഷണിക്കുന്നു. ”(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്) കീഴ്‌പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (3:64)

സൂര്യനും നക്ഷത്രങ്ങളുമടങ്ങുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെ ആരാധിക്കുന്നവരുടെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതാണ് യുക്തിയെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ”അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.” (41:37)

മറ്റുമതസ്ഥര്‍ക്കിടയിലുള്ള പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ അവരുടെ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെ ചര്‍ച്ച ചെയ്തും ഇസ്‌ലാമിന്റെ മഹിതമായ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുമായിരുന്നു. ഹിജ്‌റ എട്ട്, ഒന്‍പത് വര്‍ഷങ്ങളില്‍ മദീനയില്‍ വന്ന വ്യത്യസ്ത മതനേതാക്കളും ഗോത്രസംഘങ്ങളും പ്രശസ്തരായിരുന്നല്ലോ. നജ്‌റാനില്‍നിന്നുള്ള 14 പുരോഹിതരടങ്ങുന്ന ഇരുപതംഗ ക്രിസ്ത്യന്‍ സംഘം മദീനയില്‍ താമസിച്ചതും പ്രവാചകനുമായി സംവാദം നടത്തിയതുമെല്ലാം പ്രവാചകചരിത്രത്തില്‍ സുപരിചിതമാണ്.(3) ക്രൈസ്തവ വിശ്വാസങ്ങളിലെ വ്യതിയാനങ്ങളെക്കുറിച്ചും നബി(സ)യുടെ പ്രവാചകത്വത്തെക്കുറിച്ചും അന്ന് ആശയപരമായ സംവാദങ്ങളും ചര്‍ച്ചകളും നടക്കുകയുണ്ടായി. ആ ചര്‍ച്ചകളില്‍ ക്രൈസ്തവ പുരോഹിതന്‍മാര്‍ പരാജയപ്പെട്ടിട്ടും സത്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സൂറത്ത് ആലുഇംറാനിലെ ആദ്യഭാഗങ്ങള്‍ അവതീര്‍ണമായതെന്ന് ഇമാം ഇബ്‌നു കസീറും, ഇമാം റാസിയും സൂചിപ്പിക്കുന്നുണ്ട്.(4) ഇസ്രയേല്‍ സന്തതികളില്‍ നിന്ന് ഉദ്ധരിക്കുവാനുള്ള പ്രവാചകന്റെ അനുവാദവും(5) സ്വഹാബിമാരോട് യഹൂദ ഭാഷ പഠിക്കുവാനുള്ള പ്രവാചക കല്‍പനയും(6) പ്രമുഖ ഹദീഥ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. വ്യഭിചരിച്ചവര്‍ക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട് ജൂതന്‍മാരോട് തൗറാത്ത് കൊണ്ടുവരാന്‍ കല്‍പിച്ച സംഭവവും(7) ആവശ്യാര്‍ത്ഥം മറ്റു മതഗ്രന്ഥങ്ങളെ അവലോകനം ചെയ്തതിന്റെ തെളിവാണ്. താന്‍ ഇബ്‌റാഹീമിന്റെ മതത്തിലെന്ന് മുഹമ്മദ് നബി (സ) അവകാശപ്പെട്ടപ്പോള്‍ ഇബ്‌റാഹീം (അ) യഹൂദിയായിരുന്നുവല്ലോയെന്ന് തര്‍ക്കിച്ച ജൂതന്‍മാരോട് തൗറാത്ത് കൊണ്ടുവരൂ, അത് നമുക്കിടയില്‍ വിധി പറയട്ടെയെന്ന് പ്രവാചകന്‍ (സ) സംവദിച്ചതായി സൂറത്തു ആലുഇംറാനിലെ 23-ാം വചനത്തിന്റെ തഫ്‌സീറില്‍ ഇബ്‌നു ജരീര്‍ അത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്.(8) ക്രിസ്തീയ വിശ്വാസിയായിരുന്ന സല്‍മാനുല്‍ ഫാരിസി പ്രവാചകന്റെ അടുക്കല്‍ വന്നതും തന്റെ ഗുരുനാഥന്‍മാരായ പാതിരിമാരുടെ അടുത്തുനിന്ന് കേട്ട പ്രവാചക പ്രവചനങ്ങള്‍ നബി(സ)യിലുണ്ടോ എന്ന് പരിശോധിച്ച ചരിത്രവും ശ്രദ്ധേയമാണ്. മറ്റു മതങ്ങളിലുള്ള ഇസ്‌ലാമിലെ സാമ്യതകളെ പ്രവാചകന്‍ പലസന്ദര്‍ഭങ്ങളിലും സൂചിപ്പിച്ചതായും കാണാന്‍ സാധിക്കും. യഅ്ക്കൂബിന്റെയും ഇസ്ഹാക്വിന്റെയും ഇബ്‌റാഹീമിന്റെയും (അ) ദൈവനാമത്തില്‍ എന്നാണ് നജ്‌റാനിലേക്കുള്ള കത്തില്‍ പ്രവാചകന്‍ കുറിച്ചത്.(9) ആ കാലഘട്ടത്തില്‍ തന്നെ അബ്‌സീനിയയില്‍ നിന്നുള്ള ചില ക്രൈസ്തവര്‍ പ്രവാചകനെ കാണാന്‍ വരുകയും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംകള്‍ സ്വീകരിക്കേണ്ടത് ക്വുര്‍ആനിന്റെയും പ്രവാചകന്റെയും ശൈലിയാണ്. ബഹുദൈവാരാധനയിലെ ബുദ്ധിശൂന്യതയും മതവേദങ്ങളിലുണ്ടായ കൈകടത്തലിനെയും ഉയര്‍ത്തികാണിക്കുന്ന ക്വുര്‍ആനും പ്രവാചക വചനങ്ങളും, അതേസമയം തന്നെ ഏകദൈവാരാധനയിലെ യുക്തിഭദ്രതയെയും ക്വുര്‍ആനിന്റെ പ്രാമാണികതയെയും സ്ഥിരപ്പെടുത്തുന്നു. തങ്ങളുടെ വിശ്വാസ ആചാരങ്ങളും വേദവും പരിചയപ്പെടുത്തല്‍ മാത്രമല്ല, മറ്റുള്ളവയിലുള്ള അബദ്ധങ്ങളെ ചൂണ്ടിക്കാണിക്കലും ക്വുര്‍ആനിന്റെ പ്രബോധകശൈലിയാണ്. മതസൗഹാര്‍ദ്ദത്തിന്റെ മുഖംമൂടിയണിഞ്ഞ് സര്‍വമത സത്യവാദ പ്രഭാഷകരായി വിലസുന്ന നവമുസ്‌ലിം ബുദ്ധിജീവികള്‍ക്കും മതതാരതമ്യപഠനം അനിസ്‌ലാമികമാണെന്ന് വാദിക്കുന്നവര്‍ക്കും ഒരുപക്ഷേ ക്വുര്‍ആനിന്റെ ഈ ശൈലി ദഹിക്കാന്‍ വഴിയില്ല.

മതതാരതമ്യ പഠനത്തെ ഒരു പാഠ്യപദ്ധതിയായി വളര്‍ത്തിയതും വികസിപ്പിച്ചതും മുസ്‌ലിം പണ്ഡിതരായിരുന്നു. ഇസ്‌ലാം മുന്നോട്ടുവച്ച സന്ദേശങ്ങള്‍ ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ തുടക്കം കുറിച്ചതിന്റെ ഭാഗമായിരുന്നു മതവേദങ്ങളിലുണ്ടായിത്തീര്‍ന്ന പഠനങ്ങളും ചര്‍ച്ചകളും. ‘നീ വായിക്കുക’ എന്ന സന്ദേശത്തോടുകൂടി കടന്നുവന്ന വിശുദ്ധ ക്വുര്‍ആന്‍ നിരക്ഷരരായ അറബികള്‍ക്കിടയില്‍ അക്ഷരവിപ്ലവത്തിന് തുടക്കം കുറിച്ചതിന്റെ ഫലമാണല്ലോ ഉമവി-അബ്ബാസി കാലഘട്ടത്തില്‍ വളര്‍ന്നുവന്ന ഉന്നതമായ സാംസ്‌കാരിക നാഗരികത.

പ്രവാചകനു മുന്‍പുള്ള നൂറ്റാണ്ടുകള്‍ മതപരമായ സംഘട്ടനങ്ങളുടെയും കൊലവിളികളുടെയും കാലഘട്ടമായിരുന്നു. നൂറ്റാണ്ടുകളോളം തുടര്‍ന്ന ജൂത-ക്രൈസ്തവ സംഘട്ടനങ്ങള്‍ സി.ഇ ആറാം നൂറ്റാണ്ട് ആകുമ്പോഴേക്കും ക്രൈസ്തവ-മജൂസി സംഘട്ടനങ്ങളായി മാറിയിരുന്നു. രാഷ്ട്രീയ തലത്തില്‍ റോമാ സാമ്രാജ്യം ക്രൈസ്തവപക്ഷത്തും പേര്‍ഷ്യാ സാമ്രാജ്യം മജൂസി (അഗ്നി ആരാധകര്‍) പക്ഷത്തുമായി തീര്‍ന്നിരുന്നു. മതപരമായി യാതൊരുവിധത്തിലുമുള്ള ചര്‍ച്ചകളോ അവലോകനങ്ങളോ നടത്താത്ത കാടന്‍മാരായ മക്കന്‍ അറേബ്യക്കാര്‍ മറ്റൊരു ഭാഗത്തും നിലനിന്നു. മതസംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും യാതൊരു സ്ഥാനവുമില്ലാത്ത മതസംഘട്ടനങ്ങളുടെ സാമൂഹിക ക്രമത്തിലേക്കാണ് ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ എന്ന സന്ദേശവുമായി ഇസ്‌ലാം കടന്നുചെന്നത്. സ്വതന്ത്രവും സമാധാനപരവുമായ മതചര്‍ച്ചകള്‍ക്കും ബൗദ്ധികസംവാദങ്ങള്‍ക്കും അതിലൂടെ തുടക്കം കുറിക്കപ്പെടുകയായിരുന്നു. വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ”വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്.” (29:46)

മതതാരതമ്യപഠനത്തിനും ചര്‍ച്ചകള്‍ക്കും അനുയോജ്യമായ ഒരു സാമൂഹിക അന്തരീക്ഷം ക്രിസ്താബ്ദം 600ന്മുമ്പ് ഉണ്ടായിരുന്നില്ല. ബഹുസ്വരതയും സഹിഷ്ണുതയും ഉണ്ടാകുമ്പോള്‍ മാത്രമേ ചര്‍ച്ചകളും സംവാദങ്ങളും രൂപപ്പെടുകയുള്ളൂ. കൂട്ടക്കശാപ്പുകളും വെറുപ്പും വിദ്വേഷവും നിറഞ്ഞുനിന്നിരുന്ന ജൂതക്രൈസ്തവ ചേരികളില്‍ മാനവികമായ സംവാദസംസ്‌കാരം വളര്‍ന്നു വന്നില്ലയെന്നത് ഒരു നഗ്നസത്യമാണ്. ആറാം നൂറ്റാണ്ടിനുമുമ്പുള്ള ഭാരതത്തിലെ ഹൈന്ദവ-ബുദ്ധ മതങ്ങളും ഇതില്‍നിന്നും അന്യമല്ല. മതചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പകരം ഹിംസാത്മകമായ സംഘട്ടനമായിരുന്നു മതങ്ങള്‍ക്കിടയില്‍ അന്നുനടന്നത്. ഈ ഒരു അവസ്ഥയ്ക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് ആറാം നൂറ്റാണ്ടിനുശേഷമുള്ള ഇസ്‌ലാമിക രാഷ്ട്രീയ ക്രമം വളര്‍ന്നുവന്നത്. ഉമവി-അബ്ബാസി തുടങ്ങി പിന്നീടുവന്ന ഭരണാധികാരികളെല്ലാം അത്തരം മതചര്‍ച്ചകളെയും സംവാദങ്ങളെയും പ്രോത്സാഹിപ്പിച്ചു പോന്നു. അബ്ബാസി ഭരണാധികാരി മഅ്മുന്റെ കൊട്ടാരത്തില്‍ വച്ച് അത്തരം ചര്‍ച്ചകളും സംവാദങ്ങളും നടന്നിരുന്നു. പുതുതായി ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍വന്ന പ്രദേശത്ത് നിന്ന് ഇസ്‌ലാമിനെതിരെയുളള വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നുവന്നു. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് വിമര്‍ശനങ്ങളെ അടിച്ചൊതുക്കുകയല്ല ഇസ്‌ലാമിക ഭരണകൂടം ചെയ്തത്. മറിച്ച് മുസ്‌ലിം പക്ഷത്തുള്ള പണ്ഡിതര്‍ നാവും പേനയും ഉപയോഗിച്ച് പ്രതിരോധിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്‍ തന്നെ ശത്രുക്കള്‍ ഒരുപാട് അരോപണങ്ങളും വിമര്‍ശനങ്ങളും ഇസ്‌ലാമിനെതിരെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.

ജൂത-ക്രൈസ്തവരെപ്പോലെ തന്നെ തത്വശാസ്ത്രത്തിന്റെ മൂടുപടമണിഞ്ഞവരും ഈ വിമര്‍ശനചന്തയില്‍ അണിനിരന്നിരുന്നു. യോഹന്നാന്‍ ഡമാസ്‌ക്കസ്, യോഹന്നാന്‍ അന്നായ്ഫ്, അദിയ്യു ബ്‌നു യഹ്‌യ, സഈദ് ബ്‌നു ബത്തരീഖ് എന്നിവരെല്ലാം മുന്‍നിര ഇസ്‌ലാം വിമര്‍ശകരായിരുന്നു. ക്വുര്‍ആനിന്റെ പ്രാമാണികതയുടെയും പ്രവാചക ജീവിതത്തിലെ പരിശുദ്ധിയുടെയും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത വിമര്‍ശകര്‍ ഇല്ലാകഥകള്‍ മെനഞ്ഞ് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പിന്നീടുള്ള കാലഘട്ടത്തില്‍ ശ്രമിച്ചുപോന്നത്. എന്നാല്‍ അഗ്രഗണ്യരായ പണ്ഡിതപ്രഭുക്കള്‍ തങ്ങളുടെ പേന കൊണ്ടും ജിഹ്വ കൊണ്ടും അതിനെയെല്ലാം പ്രതിരോധിച്ചുപോന്നു. അല്‍ ജാഹിള്, അല്‍ കിന്‍നി ഫയ്‌ലസൂഫ്, അല്‍ ഇസ്‌ക്കാഫി, ഇബ്‌നു ഇഖ്ശിയദ്, അബൂ ഈസല്‍വറാക്വ്, അല്‍ മഹ്ദി, അല്‍ ഹസനു ബനൂ അയ്യൂബ് അള്‍ ആമിരി, അല്‍ ക്വാദി അബ്ദുല്‍ ജബ്ബാര്‍, അബുല്‍ ഹസന്‍ അല്‍അശ്അരി, അല്‍ ബാക്വിലാനി, ഇമാമുല്‍ ഹറമെയ്ന്‍ അല്‍ ജുവൈനി, അബൂ ഹാമിദ് അല്‍ ഗസ്സാലി, അല്‍ ഫഖ്‌റുര്‍റാസ്സി, അശഹര്‍സതാനി, ഇബ്‌നു ഹസം അള്ളാഹിരി, അല്‍ ബെയ്‌റൂനി, അല്‍ യഅ്ക്വൂബി, അല്‍ മസ്ഊദി, അബൂല്‍ വലീദ് അല്‍ബാജി, അല്‍ ക്വുര്‍ത്വുബി, ഇബ്‌നു ഖല്‍ദൂന്‍, ഇബ്‌നു ക്വൗസെയ്ന്‍ അത്വയ്യിബ്, അഹ്മദ് ബ്‌നു ഇദ്‌രീസ്, അഹ്മദ് ബ്‌നു തെയ്മിയ്യ, ഇബ്‌നുല്‍ ക്വയ്യിം, അബ്ദുല്‍ ഹക്വ് അല്‍ ഇസ്‌ലാമി, അബ്ദുല്ലാഹിത്തര്‍ജുമാന്‍, നസ്വ്ര്‍ ബ്‌നു യഹ്‌യ, മുവഫ്ഫിക്വുദ്ദീന്‍ അല്‍ ബഗ്ദാദി, അബ്ദുല്‍ അസീസ് അദ്ദിംയരി, സഈദ് ബ്‌നു സാദഹൂ അല്‍ ജസീരി തുടങ്ങിയവരെല്ലാം ഇസ്‌ലാം വിമര്‍ശനങ്ങളെ പ്രതിരോധിച്ച പണ്ഡിതരായിരുന്നു. അവരുടെ പഠനങ്ങളിലൂടെയാണ് മതതാരതമ്യ പഠനം ഒരു വൈജ്ഞാനിക ശാഖയായി വളര്‍ന്നുവന്നത്. ആ കാലഘട്ടത്തില്‍ നൂറു കണക്കിന് മതതാരതമ്യ പഠനങ്ങള്‍ മുസ്‌ലിം പണ്ഡിതരിലൂടെ വിരചിതമായി. ആ ഗ്രന്ഥങ്ങളുടെ ബാഹുല്യം തന്നെ വിരല്‍ ചൂണ്ടുന്നത് അന്നത്തെ സാമൂഹിക ക്രമത്തില്‍ നിറഞ്ഞു നിന്നിരുന്ന മതചര്‍ച്ചകളിലേക്കും സംവാദങ്ങളിലേക്കുമാണ്. ഹിജ്‌റ 202ല്‍ അന്തരിച്ച അല്‍ ഹസനു ബ്‌നു മൂസാ അന്നൂബഖ്തിയാണ് ആദ്യമായി മതതാരതമ്യ പഠനത്തിന് ഗ്രന്ഥം രചിച്ചത്. അല്‍ ആറാഉ വല്‍ അദ്‌യാന്‍ എന്നതായിരുന്നു ആ ഗ്രന്ഥം. വിഖ്യാത ഇസ്‌ലാമിക പണ്ഡിതനായ ഇബ്‌നു ഹസം അള്ളാഹിരി രചിച്ച ഗ്രന്ഥമാണ് അല്‍ ഫസ്‌ലു ഫില്‍ മിലലി വല്‍ അഹ്‌വാഇ വന്നിഹല്‍. ആ താരതമ്യ പഠനത്തില്‍ വിരചിതമായ ഏറ്റവും ഗഹനമായ ഗ്രന്ഥമായിരുന്നു അത്. അതിനാല്‍ തന്നെ മതതാരതമ്യ പഠനത്തിന്റെ സ്ഥാപകന്‍ എന്നാണ് പടിഞ്ഞാറന്‍ പണ്ഡിതര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

3. അല്‍ മസ്ഊദി (ഹിജ്‌റ 346): അല്‍ മസാഇല്‍ വല്‍ ഇലല്‍ ഫില്‍ മദാഹിബി വര്‍മിലല്‍, സിര്‍റുല്‍ ഹയാത്ത് എന്നീ രണ്ട് കൃതികളാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന, 4. അല്‍ മസീഹി (ഹിജ്‌റ 420): ദര്‍കുല്‍ ബുഗ്‌യ ഫീ വസ്വ്ഫില്‍ അദ്‌യാന്‍, 5. അബുല്‍ ഹസന്‍ അല്‍ ആമിരി (ഹിജ്‌റ 381): കൃതി: മനാക്വിബുല്‍ ഇസ്‌ലാം, 6. അബൂ റയ്ഹാന്‍ അല്‍ സീറൂനി (ഹിജ്‌റ 425): കൃതി: തഹ്ക്വീക്വു മാലില്‍ ഹിന്ദി മിന്‍ മക്വ്ബൂലത്തിന്‍ ഫില്‍ അക്വ്‌ലി അവ് മര്‍ദല. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്‍ഡ്യയിലേക്ക് യാത്ര ചെയ്ത ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഇന്‍ഡ്യയിലെ വിവിധ മതദര്‍ശനങ്ങളെക്കുറിച്ചുള്ള പഠനങ്ങളടങ്ങിയിരിക്കുന്നു, 7. അബൂ മന്‍സ്വൂര്‍ അല്‍ ബഗ്ദാദി (ഹിജ്‌റ 429): കൃതി: അല്‍ മിലലു വന്നിഹല്‍, 8. അശ്ശഹര്‍സ്താനി (ഹിജ്‌റ 458): കൃതി: അല്‍ മിലലു വന്നിഹല്‍, 9. ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂ ഹാമിദ് അല്‍ഗസ്സാലി (ഹിജ്‌റ 505): കൃതി: അര്‍റദ്ദുല്‍ ജമീല്‍ ലി ഇലാഹിയ്യത്തി ഈസാ ബി സ്വരീഹില്‍ ഇന്‍ജീല്‍, 10. അബൂല്‍ ബക്വാഅ് സ്വാലിഹ് ബ്‌നുല്‍ ഹുസെയ്ന്‍ അല്‍ ജഅ്ഫരി (ഹിജ്‌റ 688): കൃതികള്‍: തഖ്ജീലുന്‍ മിന്‍ ഹര്‍ഫിത്തൗറാത്തി വല്‍ ഇന്‍ജീല്‍, അല്‍ബയാനുല്‍ വാദിഹ് അല്‍മശ്ഹൂദ് മിന്‍ ഫദാഇഹി ന്നസ്വാറാ വല്‍ യഹൂദ്, അര്‍റദ്ദു അലന്നസ്വാറാ. ക്രൈസ്തവ-ജൂത മതങ്ങളിലുണ്ടായ പൊളിച്ചെഴുത്തുകളെ വളരെയധികം ഈ മൂന്ന് ഗ്രന്ഥങ്ങളില്‍ ഇമാം ജഅ്ഫരി ചര്‍ച്ച ചെയ്യുന്നുണ്ട്, 11. അഹ്മദ് ബ്‌നു ഇദ്‌രീസ് അല്‍ ക്വറാഫി (ഹിജ്‌റ 684): കൃതി: അല്‍ അജ്‌വിബത്തുല്‍ ഫാഖിറ അനില്‍ അസ്ഇലത്തില്‍ ഫാജിറ, 12. അഹ്മദ് ബനു തെയ്മിയ്യ (ഹിജ്‌റ 628): ശൈഖുല്‍ ഇസ്‌ലാമിന്റെ മറ്റെല്ലാ ഗ്രന്ഥങ്ങളെയും പോലെ തന്നെ വിജ്ഞാന സാഗരമാണ് ഏഴു വോല്യങ്ങളായുള്ള അല്‍ ജവാബുസ്സ്വഹീഹ് ലിമന്‍ ബദ്ദല ദീനല്‍ മസീഹ്, 13. ഇമാം ഇബ്‌നു ക്വയ്യിം അല്‍ ജൗസിയ്യ (ഹിജ്‌റ 751), 14. ശൈഖ് അബ്ദുല്ല അത്തര്‍ജുമാന്‍ (ഹിജ്‌റ 823): കൃതി: തുഹ്ഫതുല്‍ അരീബ് ഫിര്‍റദ്ദി അലാ അഹ്‌ലിസ്വലീബ്.

മതതാരതമ്യ പഠനത്തിലൂന്നിയ അല്‍പം ചില ഗ്രന്ഥങ്ങളും അതിന്റെ രചയിതാക്കളെയുമാണ് മുകളില്‍ ചേര്‍ത്തത്. വേദങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഇസ്‌ലാം മതപ്രബോധനം അനിസ്‌ലാമികമാണെന്ന് വാദിക്കുന്ന അഭിനവ മുഫ്തിമാര്‍ക്ക് നേരെയുള്ള ചോദ്യചിഹ്നമാണ് നൂറുകണക്കിന് വരുന്ന പൗരാണിക ഗ്രന്ഥങ്ങളിലെ ഓരോ വരിയും. മതചര്‍ച്ചകളും സംവാദങ്ങളും ഒരു ബഹുസ്വര സമൂഹത്തില്‍ അശാന്തിയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ പാകുമെന്ന് കുറ്റപ്പെടുത്തുന്നവര്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെയും ഹുജ്ജുത്തല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലിയെയും മതവര്‍ഗീയവാദികളെന്ന് വിളിക്കാന്‍ തയ്യാറുണ്ടോ? യാദൃഛികമായല്ല ഈ ഗ്രന്ഥങ്ങള്‍ വിരചിതമായത്. മറിച്ച് അന്ന് സമൂഹത്തില്‍ നിറഞ്ഞുനിന്ന മതസംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഭാഗമായിട്ടാണ്. കേവലം വേദമതങ്ങളെ നിരൂപണം ചെയ്യുക എന്നതിലുപരി വിമര്‍ശനങ്ങളില്‍ മറുപടിയുമായിരുന്നു ഈ ഗ്രന്ഥത്തിന്റെ പിന്നാമ്പുറമെന്ന് ഇതിന്റെ തലക്കെട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ കാലം മുതല്‍ ഹിജ്‌റ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇത്തരം മതചര്‍ച്ചകളും സംവാദങ്ങളും പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്നു. അതിലൂടെ ലക്ഷക്കണക്കിനാളുകള്‍ ഇസ്‌ലാമിനെ അടുത്തറിയുകയും പുല്‍കുകയുമുണ്ടായി. എന്നാല്‍ ഹിജ്‌റ പത്താം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി പ്രധാനമായും മൂന്ന് കാരണങ്ങളുടെ പേരില്‍ അത്തരം മതചര്‍ച്ചകള്‍ അവസാനിക്കുകയുമുണ്ടായി. ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളെ ഇഴകീറി പരിശോധിച്ചാല്‍, ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ മതപ്രബോധകരുടെ വായകളെ മൂടിവെക്കുന്ന അതേ മൂന്ന് കറുത്ത കരങ്ങളാണ് ഹിജ്‌റ പത്താം നൂറ്റാണ്ടിലും അവതരിച്ചത് എന്നു മനസ്സിലാക്കാന്‍ സാധിക്കും.

1. ഇസ്‌ലാമിക ഭരണകര്‍ത്താക്കള്‍ ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം കഴിക്കുകയും അവരുടെ കൊട്ടാരങ്ങളില്‍ ജൂത-ക്രൈസ്തവര്‍ക്ക് മന്ത്രിസ്ഥാനം, വൈദ്യന്‍ തുടങ്ങി ഉന്നത പദവികള്‍ നല്‍കുകയുമുണ്ടായി. തങ്ങളുടെ സ്ഥാനങ്ങളും പദവികളും ഉപയോഗിച്ച് രാജാവിനെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിച്ചു. മതസഹിഷ്ണുതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും പേരുപറഞ്ഞ് മതപ്രബോധകരുടെ പ്രവര്‍ത്തനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇത്തരം പ്രവര്‍ത്തനമാണ് രാജ്യത്ത് വ്യത്യസ്ത മതങ്ങള്‍ക്കിടയില്‍ അശാന്തിയും അസാമാധാനവും വിതക്കുമെന്ന് അവര്‍ രാജാവിനെ ബോധിപ്പിച്ചു. അതിനെ തുടര്‍ന്ന് രാജ്യത്ത് മതചര്‍ച്ചകളും സംവാദങ്ങളും നിരോധിക്കപ്പെടുകയുണ്ടായി. ഇന്നത്തെ കാലത്ത് കപടമതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് മതചര്‍ച്ചകളും എഴുത്തുകളും ബഹുസ്വര സമൂഹത്തെ ശിഥിലമാക്കുമെന്ന് വിടുവായിത്തം പറയുന്നവരുടെ മുഖങ്ങള്‍ക്ക് പത്താം നൂറ്റാണ്ടില്‍ സാമ്യതകളുണ്ടായിരുന്നു.

2. മറ്റു മതക്കാരുടെ വേദങ്ങള്‍ വായിക്കുന്നതും മനസ്സിലാക്കുന്നതും തെറ്റാണെന്ന് പ്രചരിപ്പിക്കുന്ന സൂഫിധാര വളര്‍ന്നുവന്നു. അന്യമതസ്ഥര്‍ക്കിടയില്‍ മോക്ഷമാര്‍ഗമായ ഇസ്‌ലാം മതത്തെ പ്രബോധനം ചെയ്യുകയെന്ന ഉന്നത കര്‍മത്തെ നിരുത്സാഹപ്പെടുത്തിയ അവര്‍ കര്‍മ ശാസ്ത്രത്തിന്റെ ശാഖാപരമായ വിഷയങ്ങളില്‍ വര്‍ഷങ്ങളോളം തര്‍ക്കിച്ച് ജീവിതം കഴിച്ചുകൂട്ടി. ഇന്നത്തെ കാലത്ത് മതതാരതമ്യ പഠനത്തെയും, അത് ഉപയോഗിച്ചുകൊണ്ടുള്ള പ്രബോധനത്തെയും അനിസ്‌ലാമികമാണെന്ന് ഫത്‌വ പറയുന്ന വരുടെ മുന്‍തലമുറക്കാരായിരുന്നു അവര്‍.

3. കുരിശ് സേന ഇസ്‌ലാമിക രാജ്യങ്ങള്‍ കയ്യേറുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി. അന്നുവരെ നിലനിന്നിരുന്ന സാമൂഹികക്രമത്തെ അവര്‍ തകിടം മറിച്ചു. അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് മതപ്രബോധകരുടെ വായകളെ അവര്‍ തുന്നിക്കെട്ടി. ചിലരെ നാടുകടത്തി. മറ്റുചിലരെ കൊന്ന് കൊല വിളിച്ചു. ക്രിസ്തുമതത്തെയും നിയമത്തെയും ബലം പ്രയോഗിച്ചു നടപ്പിലാക്കി. ഇന്നത്തെ ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ വര്‍ഗീയതയുടെ മൂര്‍ത്തരൂപം പ്രാപിച്ച് മുടിയഴിച്ച് ഉറഞ്ഞുതുള്ളുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനു തുല്യമായിരുന്നു പത്താം നൂറ്റാണ്ടിലെ കുരിശ് സൈന്യത്തിന്റെ അധിനിവേശം. രണ്ട് അധികാരശക്തികളുടെയും ലക്ഷ്യവും മാര്‍ഗവും ഒന്നുതന്നെ!

ചുരുക്കത്തില്‍ മറ്റേത് വൈജ്ഞാനിക ശാഖയെന്ന പോലെ തന്നെ മതതാരതമ്യ പഠനത്തെയും വെള്ളവും വളവും നല്‍കി വളര്‍ത്തിയത് മുസ്‌ലിം പണ്ഡിതരായിരുന്നു. പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ് മതതാരതമ്യ പഠനത്തിന്റെ ആവിര്‍ഭാവമെന്നും, വിഖ്യാത ഡച്ച് ഫിലോസഫര്‍ ‘ബെറൂച്ച് സ്പിനോസ'(Baruch Spinoza)യാണ് ഈ വൈജ്ഞാനിക ശാഖയ്ക്ക് അടിത്തറ പാകിയതെന്നതും മറ്റെല്ലാ അവകാശവാദത്തെയും പോലുള്ള ഒരു പാശ്ചാത്യന്‍ നുണയാണ്. തുടര്‍ന്നുള്ള നാല് നൂറ്റാണ്ടുകളില്‍ ഒട്ടനവധി ഗ്രന്ഥങ്ങള്‍ പാശ്ചാത്യ ഓറിയന്റലിസ്റ്റുകളും മിഷനറിമാരും എഴുതിയിട്ടുണ്ട്. കോളനിവല്‍കൃത പശ്ചിമേഷ്യന്‍ ആഫ്രിക്കന്‍ നാടുകളിലേക്ക് ഇരച്ചുകയറിയ മിഷനറിമാരുടെ ധൈഷണിക-വൈജ്ഞാനിക പിന്‍ബലം അത്തരം സാഹിത്യങ്ങളായിരുന്നു. പതിനേഴാം നൂറ്റാണ്ടുമുതല്‍ 21-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ നിറഞ്ഞുനിന്ന ഇസ്‌ലാമിനെതിരെയുള്ള മിഷനറി-ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളെ ചെറുക്കാന്‍ ഒറ്റപ്പെട്ട ചില മുസ്‌ലിം ശബ്ദങ്ങളും തൂലികകളും മാത്രമാണുണ്ടായിരുന്നത്. കേരളത്തില്‍ മക്തി തങ്ങളും ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ റഹ്മത്തുള്ളാഹി കീറാനവിയെ പോലുള്ള മഹത്തുക്കളായ പണ്ഡിതരും. ക്രിസ്താബ്ദം പതിനഞ്ചാം നൂറ്റാണ്ടുവരെ നിറഞ്ഞുനിന്ന ഇസ്‌ലാമിക ഭരണത്തിന് അന്ത്യംകുറിച്ച് ക്രൈസ്തവ സമൂഹം ലോകം കീഴടക്കിയത് മുസ്‌ലിംകളുടെ തന്നെ വൈജ്ഞാനിക-ധൈഷണിക മുരടിപ്പ് കൊണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ മതതാരതമ്യത്തിലധിഷ്ഠിതമായ ഇസ്‌ലാം മത പ്രബോധനത്തിനെതിരെ മുഖം ചുളിക്കുന്ന ഇസ്‌ലാമിക പണ്ഡിതര്‍ മിഷനറി ഫാഷിസ്റ്റ്-ഭൗതികവാദി ജല്‍പനത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാണ് ചെയ്യുന്നത്.

ഇത്തരം പഠനങ്ങളെ നിരുത്സാഹപ്പെടുത്തുന്നവരുടെ വാദമുഖങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. മറ്റു വേദങ്ങളെ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ഹദീഥുകളെ വിശകലനം ചെയ്യുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന വസ്തുത ഇതാണ്. ‘ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ യാതൊരു ഗ്രാഹ്യവുമില്ലാത്ത സാധാരണക്കാരായ ആളുകളും, വിശ്വാസം ദൃഢമാകാത്തവരും ഇതര മതവേദങ്ങള്‍ വായിക്കലും പഠിക്കലും അപകടകരവും അനഭിലഷണീയവുമാണ് (മക്‌റൂഹ്). എന്നാല്‍ വിശ്വാസത്തില്‍ ദൃഢതയുള്ള ദീനി വിജ്ഞാനത്തില്‍ ഗ്രാഹ്യമുള്ള പ്രബോധകര്‍ക്കും പണ്ഡിതര്‍ക്കും അന്യമതസ്ഥര്‍ക്കിടയിലുള്ള പ്രബോധനത്തിനായി വായിക്കുകയും പഠിക്കുകയും ചെയ്യാം. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗവുമതാണ്.’ (ഫത്ഹുല്‍ ബാരി 13/526) എന്നാല്‍ സമൂഹത്തില്‍ നമ്മുടെ കൂടെ ജീവിക്കുന്ന അന്യമത സഹോദരര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി കൊടുക്കേണ്ടത് നമ്മുടെ സാമൂഹിക ബാധ്യതയാണ്. (ഫര്‍ദ് കിഫായ്). സമുദായത്തില്‍ ആരും ആ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരായി മാറുന്നതാണ്. അല്ലാഹു പറയുന്നു:’”നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.” (ക്വുര്‍ആന്‍ 3:104)

സാമ്പ്രദായിക രീതിയില്‍ ദീനിവിദ്യാഭ്യാസം ആര്‍ജിച്ചെടുത്ത വര്‍ത്തമാനകാല കേരളീയ പണ്ഡിത സമൂഹം അമുസ്‌ലിംകള്‍ക്കിടയിലെ ഇസ്‌ലാം മത പ്രബോധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ പ്രയാസപ്പെടുമ്പോള്‍ നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ, ഭൗതിക വിദ്യാഭ്യാസംനേടി വളര്‍ന്നുവന്ന ചില യുവാക്കള്‍ ഈ ദൗത്യം ഏറ്റെടുത്താല്‍ അത് പ്രശംസനീയം തന്നെയാണ്. നിര്‍ണിതമായ നിയമങ്ങളും ചട്ടക്കൂടുകളുമായി ഒരു കൂട്ടായ്മയായി അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ കൂട്ടര്‍ ആലുഇംറാനിലെ 104-ാം വചനത്തെ അന്വര്‍ത്ഥമാക്കുന്നവരാണ്. ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളിലൂടെ അവരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനുപകരം നിരുത്സാഹപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്‌ലാമിക ദഅ്‌വത്ത് എന്ന ഉത്തരവാദിത്തത്തെയല്ലേ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത ഇസ്‌ലാമിക വിജ്ഞാനീയത്തില്‍ ഗ്രാഹ്യമുണ്ടാവുക എന്നതിനര്‍ത്ഥം അറിവുണ്ടാവുക എന്നതാണ്. അല്ലാതെ കേവല അറബിക് കോളേജുകളുടെ പടി കാണുകയെന്നോ, ശരീഅ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയെന്നോ അല്ല. സാമ്പ്രദായിക മതപഠനരീതിയില്‍ വളര്‍ന്നുവരാതെ തന്നെ വിജ്ഞാനത്തിന്റെ നിറകുടങ്ങളായി മാറിയ ഒരപാട് പണ്ഡിതരെയും പ്രബോധകരെയും നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. അറബി ഭാഷയിലുള്ള പരിജ്ഞാനത്തെയും വിജ്ഞാനത്തിന്റെ നിബന്ധനയാക്കാന്‍ സാധ്യമല്ല. ശരീഅത്ത് വിഷയങ്ങളില്‍ ഫത്‌വ നല്‍കുന്നിടത്ത് അറബി അനിവാര്യമാണ് എന്നു പറയാം. എന്നാല്‍ ഏകനായ സ്രഷ്ടാവിനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് സ്വര്‍ഗ പ്രവേശനം നിഷിദ്ധമാക്കുന്ന ദുഷ്‌കര്‍മമാണെന്ന് പൂര്‍ണബോധമുള്ള ഒരു സാധാരണക്കാരന് ബഹുദൈവാരാധന നടത്തുന്ന ഒരാളോട് അതിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് തെര്യപ്പെടുത്താന്‍ അറബി ഭാഷ പരിജ്ഞാനം നിര്‍ബന്ധമാണെന്ന് പറയല്‍ ശുദ്ധ മണ്ടത്തരമല്ലേ? അറബി ഗ്രന്ഥങ്ങളെല്ലാം തന്നെ മറ്റു ഭാഷകളില്‍ സുലഭമായ ഇക്കാലത്ത് ഇത്തരമൊരു വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? അറബി ഭാഷ പരിജ്ഞാനമല്ല പ്രശ്‌നം. മറിച്ച് ക്വുര്‍ആനും ഹദീഥും മനസ്സിലാക്കുന്ന രീതിശാസ്ത്രത്തിനാണ് പ്രശ്‌നം. അറബി ഭാഷയില്‍ അഗാധപാണ്ഡിത്യമുണ്ടായിട്ടും ആദിതലമുറക്കാര്‍ പ്രമാണങ്ങളെ മനസ്സിലാക്കിയ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതിന്റെ പേരിലല്ലേ മുസ്‌ലിം സമുദായത്തില്‍ മുഅ്തസിലികളും റാഫിദികളുമടങ്ങുന്ന പുത്തന്‍വാദികള്‍ രൂപപ്പെട്ടത്. ഈ വിഷയത്തെ ചര്‍ച്ച ചെയ്തപ്പോള്‍ ഇസ്‌ലാമിക വിജ്ഞാനീയത്തില്‍ ഗ്രാഹ്യമുള്ളവര്‍ക്ക് റാസിഖ് എന്ന സാങ്കേതിക പദമാണ് സലഫുസ്വാലിഹീങ്ങളായ പണ്ഡിതര്‍ ഉപയോഗിച്ചത്. ആ പദത്തെ മനസ്സിലാക്കുന്ന വിഷയത്തില്‍ വിമര്‍ശകര്‍ക്ക് വലിയ അബദ്ധം സംഭവിച്ചിരിക്കുന്നു. ഇസ്‌ലാമിക വിഷയങ്ങളിലെല്ലാം അഗാധപാണ്ഡിത്യമുള്ള വിജ്ഞാന പടുക്കള്‍ മാത്രമാണ് അന്യമത ഗ്രന്ഥം വായിക്കാനും പ്രബോധനം നടത്താനും പാടുള്ളൂ എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെയുള്ള പണ്ഡിതര്‍ ഇന്നത്തെ കാലത്ത് അല്‍പം ചിലരെ ഉണ്ടാവുകയുള്ളൂ. കോടിക്കണക്കിന് വരുന്ന അമുസ്‌ലിംകള്‍ക്കിടയില്‍ ഈ അല്‍പം ചില പണ്ഡിത പ്രഭുക്കള്‍ മാത്രം പ്രബോധനം നടത്തിയാല്‍ മതിയെന്ന് പറയല്‍ ആത്മഹത്യാപരമല്ലേ? ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കാതെയുള്ള അക്ഷരവായനയുടെ അപകടമാണ് ഇത്തരം വാദത്തിലൂടെ പത്തിവിടര്‍ത്തുന്നത്. വിശ്വാസം ദൃഢമായവരും ദീനിന്റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ അറിഞ്ഞവരെന്നാകുമോ റാസിഖ് എന്ന പദത്തിലൂടെ മുന്‍കാല പണ്ഡിതര്‍ ഉദ്ദേശിച്ചത്. അല്ല എന്നു വാദിക്കുന്നവരോട് നൂറുകണക്കിന് പ്രമാണവചനങ്ങള്‍ മുന്നില്‍വെച്ച് ചോദിക്കാനുണ്ട്. എന്നാല്‍ ഉദാഹരണത്തിന് മൂന്ന് ചോദ്യങ്ങള്‍ മാത്രം.

1. ”അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?” (ക്വുര്‍ആന്‍ 41:33) ഈ വചനം പ്രകാരം ഇതിലെ മൂന്ന് വിശേഷണങ്ങള്‍ക്കും അഗാധപാണ്ഡിത്യമുള്ളവര്‍ മാത്രമാണോ ഉള്‍പ്പെടുന്നത്?(10)

2. ”ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധത്തോടുകൂടി അല്ലാഹുവിലേക്ക് ഞാനും എന്നെ പിന്‍പറ്റിയവരും ക്ഷണിക്കുന്നു. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ അവനോട് പങ്ക് ചേര്‍ക്കുന്ന കൂട്ടത്തിലല്ല(11) എന്ന ഈ ആയത്തില്‍ നബി(സ)യെ പിന്‍പറ്റിയവര്‍ പണ്ഡിത ശിരോമണികള്‍ മാത്രമാണോ?

3. ”കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.”(12) ഈ അധ്യായത്തിലെ നാല് വിശേഷണങ്ങള്‍ ഇല്ലാത്തവര്‍ തീരാനഷ്ടത്തില്‍. അപ്പോള്‍ റാസിഖ് (അഗാധ പണ്ഡിതന്‍) മാത്രമാണോ വിജയം കൈവരിക്കുക? കൂടാതെ ഇസ്‌ലാമിക ലോകത്തുള്ള വൈജ്ഞാനിക ശാഖക്കെല്ലാം കാലക്രമത്തില്‍ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ വിജ്ഞാന ശാഖകളിലും അഗ്രഗണ്യരായ പണ്ഡിതര്‍ വളര്‍ന്നു വരികയെന്നത് മുമ്പുണ്ടായിരുന്ന സവിശേഷതയായിരുന്നു. എന്നാല്‍ ഈ കാലത്ത് വിഷയാധിഷ്ഠിതമായി പ്രാഗല്‍ഭ്യം കൈവരിക്കുക എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നു. തഫ്‌സീറിലും ഫിഖ്ഹിലും ഹദീഥിലും തുടങ്ങി എല്ലാതരം ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും അഗ്രഗണ്യരായ ഇമാം അഹ്മദ് ബനു ഹമ്പലിനെയും ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെയും പോലെയുള്ള പണ്ഡിതര്‍ ഇന്ന് വളര്‍ന്നുവരുന്നതിനു പകരം നിര്‍ണിതമായ ഒരു വിജ്ഞാന മേഖലയില്‍ കഴിവ് തെളിയിക്കുന്ന പണ്ഡിതരുടെ കാലമാണിത്. ഇസ്‌ലാമിക ലോകം ഈ ഒരു വൈജ്ഞാനിക മാറ്റത്തെ ഉള്‍ക്കൊണ്ടിട്ടുമുണ്ട്. അതിനാല്‍ മുഫസ്സിറുകള്‍ (ക്വുര്‍ആന്‍ പണ്ഡിതര്‍), മുഹദിസുകള്‍ (ഹദീഥ് വിശാരദര്‍) ഫഖീഹ് (കര്‍മശാസ്ത്ര പണ്ഡിതന്‍) എന്നെല്ലാം പോലെതന്നെ മതതാരതമ്യ പഠനരംഗത്ത് അഗ്രഗണ്യരായ പണ്ഡിതര്‍ വളര്‍ന്നു വരേണ്ടതുണ്ട്.

കുറിപ്പുകള്‍
1. വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 44 ഫുസ്സിലത്ത്: 33.
2. സ്വഹീഹുല്‍ ബുഖാരി: 3498.
3. സ്വഹീഹുല്‍ ബുഖാരി: 4198.
4. തഫ്‌സീര്‍ റാസി: 7/165, മുഖ്തസിറു ഇബ്‌നു കസീര്‍ 288/1.
5. സ്വഹീഹുല്‍ ബുഖാരി: 3274.
6. സുനനു തിര്‍മിദി: 2715.
7. സ്വഹീഹുല്‍ മുസ്‌ലിം: 1699.
8. ഇബ്‌നു ജരീര്‍ അത്വബ്‌രി, സൂറത്ത് ആലുംറാന്‍: 23.
9. അല്‍ ബയ്ഹക്വി: സുനനുല്‍ കുബ്‌റ.
10. വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 44 ഫുസ്സിലത്ത്: 33.
11. വിശുദ്ധ ക്വുര്‍ആന്‍, അധ്യായം യൂസുഫ്: 108.
12. വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 103 അസ്ര്‍: 1-3.

Leave a Reply

Your email address will not be published. Required fields are marked *