ഭ്രൂണം ശിശുവാകുമ്പോള്‍…

വലമൊരു കടിച്ച മാസംപിംണ്ഡം പോലെ തോന്നിയിരുന്ന ഭ്രൂണം ജീവിയുടെ രൂപം പ്രാപിക്കാന്‍ തുടങ്ങുന്നത് ആറ് ആഴ്ചകള്‍ കഴിയുന്നതോടുകൂടിയാണ്. അസ്ഥി രൂപീകരണത്തോടെയാണ് അതിന്റെ തുടക്കം. അതോടൊപ്പം തന്നെ പേശികളും ത്വക്കുമെല്ലാം ഉണ്ടാകാന്‍ ആരംഭിക്കുന്നു. ബാഹ്യാവയവങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതും ഇക്കാലത്തു തന്നെയാണ്. നാഡീവ്യൂഹമായിത്തീരേണ്ട ന്യൂറില്‍ ട്യൂബിന്റെയും നോട്ടാ കോര്‍ഡിന്റെയും വശങ്ങളിലായി രൂപപ്പെടുന്ന പല്ലടയാളത്തെപ്പോലെ തോന്നുന്ന സോമൈറ്റുകള്‍ പൂര്‍ണമാകുന്നു. ആറാമത്തെ ആഴ്ച മുതല്‍ ഭ്രൂണം (embryo) ഗര്‍ഭസ്ഥ ശിശു(foetus)വായിത്തീരുന്ന എട്ടാമത്തെ ആഴ്ച വരെയുള്ള കാലയളവിലാണ് അസ്ഥികളും പേശികളും ചര്‍മവും ബാഹ്യാവയവങ്ങളുമെല്ലാം ഉണ്ടാകുന്നത്. ആറ് ആഴ്ച പൂര്‍ത്തിയാകുമ്പോള്‍ സോമൈറ്റുകളുടെ കേന്ദ്രഭാഗത്തുനിന്ന് പേശീകോശങ്ങളും പള്ളഭാഗത്തുനിന്ന് അസ്ഥികോശങ്ങളും അടിഭാഗത്തുനിന്ന് ത്വക്ക് കോശങ്ങളും ഉണ്ടാകാനാരംഭിക്കുന്നതോടെയാണ് ഈ മാറ്റത്തിന്റെ തുടക്കം. കേവലമൊരു ഇറച്ചിക്കഷ്ണം കൊച്ചു മനുഷ്യനാവുകയെന്ന മാറ്റം!

ഭ്രൂണാവസ്ഥയിലുള്ള പേശികളുടെ നിര്‍മാണമാണ് പേശീരൂപീകരണം അഥവാ മയോജനസീസ് (myogenesis) എന്ന് അറിയപ്പെടുന്നത്. മയോസൈറ്റുകള്‍ (myocytes) എന്നുവിളിക്കുന്ന പേശീകോശങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാണ് പേശീകലകളുണ്ടാകുന്നത്. പേശീകോശങ്ങളായിത്തീരേണ്ട പ്രത്യേക കോശങ്ങളാണ് മയോബ്ലാസ്റ്റുകള്‍ (myoblasts). ഒന്നിലധികം മയോബ്ലാസ്റ്റുകള്‍ കൂടിച്ചേര്‍ന്നാണ് മയോസൈറ്റുകള്‍ ഉണ്ടാകുന്നത്; അതിനാല്‍ അവയില്‍ ഒന്നിലധികം കോശകേന്ദ്രങ്ങള്‍ (nuclei) ഉണ്ടായിരിക്കും. ഹൃദയപേശികളായിത്തീരുന്നവ (cardiac myocytes), അസ്ഥിപേശികളായിത്തീരുന്നവ (skeletal myocytes), മൃദുപേശികളായിത്തീരുന്നവ (smooth myocytes) എന്നിങ്ങനെ മൂന്നുതരം മയോസൈറ്റുകളാണുള്ളത്. ഹൃദയ മയോസൈറ്റുകളും മൃദുല മയോസൈറ്റുകളും സ്വതന്ത്രമായി വളര്‍ന്ന് ഹൃദയപേശികളും വ്യത്യസ്ത ആന്തരാവയവങ്ങളിലെ പേശികളുമായിത്തീര്‍ന്ന് മനുഷ്യര്‍ക്ക് ഇഷ്ടാനുസരണം ചലിപ്പിക്കാനാവാത്തവിധം നിലനില്‍ക്കുമ്പോള്‍ അസ്ഥിമയോസൈറ്റുകള്‍ എല്ലുകളോടൊപ്പം രൂപീകരിക്കപ്പെട്ട് അവയെ പൊതിയുകയും ഐച്ഛികചലനത്തിന് സാധ്യമാകുന്ന തരത്തില്‍ വിന്യസിക്കുകയാണ് ചെയ്യുന്നത്. അസ്ഥികളുണ്ടായി അതിന്‍മേല്‍ പേശികള്‍ പൊതിയുന്നതോടെയാണ് മനുഷ്യനിലെ ചലനവ്യവസ്ഥ (locomotor system) രൂപപ്പെടുന്നത്.

അസ്ഥികളും തരുണാസ്ഥികളും പേശികളും സ്‌നായുക്കളും (tendons) സന്ധിബന്ധങ്ങളും (ligaments) സന്ധികളും (joints) ചേരുന്നതാണീ ചലനവ്യവസ്ഥ. അതുകൊണ്ടാണ് ഇതിനെ പേശീയ അസ്ഥി വ്യവസ്ഥ (mus-culoskeletal system) എന്നുവിളിക്കുന്നത്.
ചലന വ്യവസ്ഥയിലെ അസ്ഥികളും തരുണാസ്ഥികളും പേശികളും സ്‌നായുക്കളും സന്ധികളും സന്ധിബന്ധങ്ങളും രൂപപ്പെടുന്നത് ഒരേസമയം തന്നെ സമാന്തരമായിട്ടാണ്. അസ്ഥിരൂപീകരണ (ossification) പ്രക്രിയയോടൊപ്പം തന്നെയാണ് പേശീരൂപീകരണ (myogenesis) പ്രക്രിയയും നടക്കുന്നതെന്നര്‍ത്ഥം. എന്നാല്‍ അസ്ഥികളുണ്ടായതിനുശേഷം അവയിന്‍മേല്‍ അവയ്ക്കു നിദാനമായ അസ്ഥിപേശികള്‍ പൊതിയുന്നതോടെയാണ് ബാഹ്യാവയവങ്ങള്‍ ഉണ്ടാകുന്നത്. കൈകളും കാലുകളും നെഞ്ചുമെല്ലാം ഇങ്ങനെ രൂപപ്പെടുമ്പോള്‍ തന്നെ ഹൃദയപേശികളും മൃദുലപേശികളും ആന്തരാവയവങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു. ബാഹ്യശരീരമുണ്ടാകുന്നതിന് സമാന്തരമായി ആന്തര ശരീരാവയവങ്ങളുമുണ്ടായി വരുന്നു എന്നര്‍ത്ഥം.

ബാഹ്യേന്ദ്രിയങ്ങളില്‍ പ്രധാനപ്പെട്ട കണ്ണുണ്ടാകുന്നതിനാവശ്യമായ ഭ്രൂണമാറ്റങ്ങള്‍ പതിനേഴാം ദിവസം ബ്ലാസ്റ്റോഡേമിന്റെ (blast-oderm) മധ്യപാളിയിലുള്ള മെസോഡേം (mesoderm) കോശങ്ങളും പുറംപാളിയിലുള്ള എക്‌റ്റോഡേം (ectoderm) കോശങ്ങളും നേത്രസ്ഥാനമുണ്ടാകുന്നതോടെ തുടങ്ങുന്നുവെങ്കിലും നേത്രത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് ആറാമത്തെ ആഴ്ചക്കുശേഷം മാത്രമാണ്. നേത്രസ്ഥാന(eye fields)ങ്ങളില്‍ നിന്ന് നേത്രസഞ്ചികളും (optic vesicles) അവ പരിണമിച്ച് നേത്രചഷകങ്ങളു(optic cups)മുണ്ടാകുന്നത് അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ്. അപ്പോള്‍ മുതല്‍ റെറ്റിന(retina)യും ലെന്‍സു(lens)മെല്ലാം ഉണ്ടാകാന്‍ തുടങ്ങുന്നുണ്ട്. ഭ്രൂണവളര്‍ച്ചയുടെ മുപ്പത്തിരണ്ടാം ദിവസം തന്നെ ലെന്‍സിരിക്കുന്ന സ്ഥലം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയുകയും മൂന്നര ആഴ്ചകള്‍ കൂടി കഴിയുമ്പോഴേക്ക് ലെന്‍സ് ജനനസമയത്തെ കുഞ്ഞുകണ്ണിന്റെ ലെന്‍സിന്റെ വലുപ്പം പ്രാപിക്കുകയും ചെയ്യും. മുപ്പതു മുതല്‍ മുപ്പത്തിയഞ്ച് വരെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്‍പോളകളുടെ അടയാളം രൂപപ്പെടുമെങ്കിലും രണ്ട് ആഴ്ചകള്‍ കൂടി കഴിഞ്ഞാണ് അത് പൂര്‍ണവളര്‍ച്ചയെത്തുന്നത്. റെറ്റിനയുടെ പരിണാമം ഏറെ സങ്കീര്‍ണമാണ്. ലെന്‍സിനോടൊപ്പം തന്നെ അതിന്റെ വളര്‍ച്ചയുടെ പ്രാഥമികപടികള്‍ തുടങ്ങുമെങ്കിലും അതീവ സങ്കീര്‍ണമായ അതിന്റെ വികാസം തുടങ്ങുന്നത് 24-ാം ആഴ്ചയും അവസാനിക്കുന്നത് ജനിച്ചുകഴിഞ്ഞ് നാലാമത്തെ മാസവും മാത്രമാണ്. ഒരാള്‍ കാഴ്ചയുള്ളവനാണോ എന്നു നിശ്ചയിക്കുന്ന മാറ്റങ്ങള്‍ ഭ്രൂണത്തിലുണ്ടാകുന്നത് ആറ് ആഴ്ചകള്‍ക്കുശേഷമാണെന്ന് സാരം.

ഒരാഴ്ചക്ക് മുമ്പുതന്നെ കേള്‍വി അനുഭവിക്കാന്‍ തുടങ്ങുന്നുണ്ട്. ശബ്ദം സ്വീകരിക്കുവാനുള്ള ബാഹ്യകര്‍ണവും (external ear) ശബ്ദവീചികളെ നാഡീസ്പന്ദനങ്ങളാക്കിത്തീര്‍ത്ത് അനുഭവവേദ്യമാക്കുന്ന ആന്തര കര്‍ണവും (internal ear) ബാഹ്യകര്‍ണത്തില്‍ നിന്ന് ആന്തരകര്‍ണത്തിലേക്ക് ശബ്ദവീചികളെ എത്തിക്കുന്ന മധ്യകര്‍ണവും (middle ear) സമാന്തരമായി ഭ്രൂണത്തില്‍ വളര്‍ന്നുവരികയാണ് ചെയ്യുന്നത്. എക്ടോഡേമിന്റെ ഇരുവശത്തുമുള്ള പ്രതലം കട്ടിപിടിച്ച് ഓടിക് പ്ലാകോഡ് (otic placode) ഉണ്ടാകുന്ന 22-ാം ദിവസമാണ് കര്‍ണനിര്‍മാണത്തിന്റെ ഉദ്ഘാടനം കുറിക്കപ്പെടുന്നതെന്ന് പറയാം. പ്ലാകോഡ് കഴിഞ്ഞ് 27-ാം ദിവസമാകുമ്പോഴേക്ക് അവിടെ ഒരു കര്‍ണഗര്‍ത്തം (otic pic) രൂപപ്പെടുകയും നാല് ആഴ്ചകള്‍ കഴിഞ്ഞ് അത് കര്‍ണസഞ്ചിയായി(otic vesicle)ത്തീരുകയും ചെയ്യുന്നു. ഇതില്‍നിന്ന് ആന്തരകര്‍ണം വികസിച്ചുവരുന്നതോടൊപ്പം തന്നെ ബാഹ്യകര്‍ണവും മധ്യകര്‍ണവും വളര്‍ന്നു വരുന്നു. ബാഹ്യകര്‍ണങ്ങളുടെ മുകുളങ്ങള്‍ ആറ് ആഴ്ച കഴിഞ്ഞാല്‍ പ്രത്യക്ഷപ്പെടാനാരംഭിക്കുമെങ്കിലും അതു പ്രകടമാകുന്നത് ഒന്‍പതാമത്തെ ആഴ്ച മുതല്‍ക്കാണ്. പതിനാറാമത്തെ ആഴ്ചയാകുമ്പോഴേക്ക് ശ്രവണാവയവങ്ങള്‍ ഏകദേശം പൂര്‍ണമാവുകയും 24-ാമത്തെ ആഴ്ചയാകുമ്പോഴേക്ക് കൃത്യമായി കേള്‍ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഭ്രൂണത്തിന്റെ പത്തൊന്‍പതാമത്തെ ആഴ്ച തന്നെ 500Hz ആവൃത്തിയുള്ള ശബ്ദവീചികള്‍ ശിശു കേള്‍ക്കാന്‍ തുടങ്ങുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് മെല്ലെ വ്യത്യസ്ത ആവൃത്തികളിലുള്ള ശബ്ദവീചികള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. വളര്‍ച്ചയുടെ ആറ് ആഴ്ചകള്‍ക്കുശേഷമുള്ള ഘട്ടത്തിലാണ് കേള്‍വി അനുഭവിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഭ്രൂണത്തിലുണ്ടാകുന്നത്.

എട്ടാമത്തെ ആഴ്ച കഴിയുന്നതോടെ ഭ്രൂണം (embryo) എന്നു വിളിക്കുന്ന അവസ്ഥയില്‍ നിന്ന് മാറി ഗര്‍ഭസ്ഥശിശു (foetus) എന്നുവിളിക്കുന്ന അവസ്ഥയിലേക്ക് ഗര്‍ഭാശയത്തിലുള്ള ശിശു വളരുന്നു. അതുവരെ വ്യത്യസ്ത രീതിയില്‍ വളര്‍ന്നുവരുന്ന കേവലം കോശക്കൂട്ടങ്ങള്‍ മാത്രമായിരുന്നു ഭ്രൂണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ മനുഷ്യരൂപം പൂണ്ട് ഒന്നായിക്കഴിഞ്ഞു. ഗര്‍ഭാശയത്തിന് പുറത്ത് ജീവിക്കുവാനാവശ്യമായ അനുകൂലനങ്ങള്‍ വളര്‍ന്നു വരികയാണ് എട്ടാം മാസത്തിനുശേഷം ചെയ്യുക. അഥവാ അസ്ഥികളുണ്ടായിക്കഴിഞ്ഞാണ് അവയെ പേശികള്‍ പൊതിയുന്നതോടെ അതുവരെയുണ്ടായിരുന്ന അവസ്ഥിയില്‍ നിന്നുമാറി, വളര്‍ന്നുവരുന്ന ഒരു മാംസപിണ്ഡത്തിന്റെ അവസ്ഥവിട്ട് വ്യത്യസ്തമായ ഒരു സൃഷ്ടിയായിത്തീരുകയാണ് ചെയ്യുന്നത്. അസ്ഥികളില്‍ മാംസം പൊതിയുന്നതോടെയാണ് ഭ്രൂണാവസ്ഥയില്‍ നിന്നുമാറി ഗര്‍ഭസ്ഥശിശുവെന്ന് വിളിക്കുന്ന പരുവത്തിലെത്തുന്നത്. രണ്ട് ഇഞ്ചിനുതാഴെ വലിപ്പമുള്ള ഒരു കൊച്ചുമനുഷ്യനാണ് ഈ സമയത്ത് ഗര്‍ഭസ്ഥശിശു. അതിന്റെ പിന്നീടുളള വളര്‍ച്ച ഗര്‍ഭാശയത്തിന് പുറത്തുള്ള ലോകത്ത് ജീവിക്കുവാനാശ്യമായ അനുകൂലനങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയുള്ളതാണ്.

അസ്ഥിരൂപീകരണത്തിനുശേഷമാണ് പേശികള്‍ അതിന്മേല്‍ പൊതിയുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പേശികളും ചര്‍മങ്ങളും ബാഹ്യാവയവങ്ങളുമെല്ലാം രൂപീകരിക്കപ്പെടുന്നത് ആറു ആഴ്ചകള്‍ക്കുശേഷമാണെന്ന് വ്യക്തമാക്കുന്ന ഹദീഥുമുണ്ട്.

”പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.” (ക്വുര്‍ആന്‍ 23:14)

അബ്ദുല്ലാഹിബ്‌നുമസ്ഊദി(റ)ല്‍ നിന്ന്: നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ‘ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മവും മാംസവും അസ്ഥിയും രൂപപ്പെടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ƒ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദിക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് തന്റെ കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെട്ടതിനേക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.’ (സ്വഹീഹ് മുസ്‌ലിം)

ഇസ്‌ലാമിക പ്രമാണങ്ങളിലെ പരാമര്‍ശങ്ങളെല്ലാം ഭ്രൂണശാസ്ത്ര വസ്തുതകളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്ന വസ്തുത തന്നെയാണ് ഇവിടെയും വെളിപ്പെടുന്നത്.

1. അസ്ഥികളും പേശികളും ചര്‍മങ്ങളുമെല്ലാം രൂപീകരിക്കപ്പെടുന്നത് ഗര്‍ഭധാരണം കഴിഞ്ഞ് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്ന് ഇബ്‌നു മസ്ഊദില്‍ (റ) നിന്ന് സ്വഹീഹു മുസ്‌ലിമില്‍ നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നു. സോമൈറ്റ് നിര്‍മാണം പൂര്‍ണമായതിനുശേഷം അവയില്‍ നിന്നാണ്, ഭ്രൂണത്തിന് ആറ് ആഴ്ച  പ്രായമാകുമ്പോഴാണ് അസ്ഥികോശങ്ങളും പേശീകോശങ്ങളും ചര്‍മകോശങ്ങളും രൂപീകരിക്കപ്പെടുന്നതെന്ന് ആധുനിക ഭ്രൂണശാസ്ത്രവും വെളിപ്പെടുത്തുന്നു.

2. അസ്ഥികള്‍ ഉണ്ടായതിനുശേഷം പേശികള്‍ അവയെ പൊതിയുന്നുവെന്നാണ് സൂറത്തുല്‍ മുഅ്മിനൂനിലെ പതിനാലം വചനത്തില്‍ പറഞ്ഞിരിക്കുന്നത്; അസ്ഥികളില്‍ നിന്ന് പേശികളുണ്ടാവുന്നുവെന്നല്ല. അസ്ഥികളുടെയും പേശികളുടെയും രൂപീകരണം നടക്കുന്നത് സമാന്തരമായിട്ടാണെങ്കിലും അസ്ഥി നിര്‍മാണത്തിനുശേഷമാണ് പേശികള്‍ അവയില്‍ പൊതിയുന്നതെന്ന് ഭ്രൂണശാസ്ത്രപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

3. കേള്‍വിയും കാഴ്ചയും നല്‍കപ്പെടുന്നത് ഗര്‍ഭസ്ഥശിശുവിന് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ പ്രയമായതിനുശേഷമാണെന്നാണ് ഇബ്‌നു മസ്ഊദില്‍ (റ) നിന്നുള്ള ഹദീഥ് പറയുന്നത്. കേള്‍വിക്കും കാഴ്ചക്കുമാവശ്യമായ സംവിധാനങ്ങള്‍ ശിശുവില്‍ രൂപപ്പെടുന്നത് ആറ് ആഴ്ചകള്‍ക്കുശേഷമാണെന്ന് ഭ്രൂണശാസ്ത്രം പഠിപ്പിക്കുന്നു.

4. കേള്‍വിക്കു ശേഷമാണ് കാഴ്ചയെക്കുറിച്ച് സ്വഹീഹു മുസ്‌ലിമിലെ ഹദീഥില്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. പരിശുദ്ധ ക്വുര്‍ആനിലും കേള്‍വിയെയും കാഴ്ചയെയും കുറിച്ച് അല്ലാഹു നല്‍കിയ അനുഗ്രങ്ങളെന്ന നിലയില്‍ പരിചയപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം ഒന്നാമതായി പറഞ്ഞിരിക്കുന്നത് കേള്‍വിയെക്കുറിച്ചാണ്. ”കൂടിച്ചേര്‍ന്നുണ്ടായ ബീജത്തില്‍ നിന്നാണ് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്; അവനെ പരീക്ഷിക്കാനായി. അങ്ങനെ അവന് നാം കേള്‍വിയും കാഴ്ചയും നല്‍കിയിരിക്കുന്നു.”(76:2) എന്ന സൂറത്തുല്‍ ഇന്‍സാനിലെ പരാമര്‍ശം ഉദാഹരണം. ഗര്‍ഭാശയത്തില്‍ വച്ച് പറഞ്ഞാല്‍ പത്താമത്തെ ആഴ്ച മുതല്‍ ചില ശബ്ദവീചികള്‍ അനുഭവിക്കാന്‍ തുടങ്ങുന്ന ശിശുവിന് ഇരുപത്തിനാലാമത്തെ ആഴ്ച മുതല്‍ അമ്മ കേള്‍ക്കുന്നതെല്ലാം ഏകദേശം വ്യക്തമായിത്തന്നെ കേള്‍ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് ജനിച്ചുകഴിഞ്ഞ് നാലാം മാസത്തിലും സപ്തവര്‍ണങ്ങള്‍ കാണാനുള്ള ശേഷിയുണ്ടാകുന്നത് ആറാം മാസത്തിലുമാണ്. ക്വുര്‍ആനിലും ഹദീഥിലും പറഞ്ഞതുപോലെ അല്ലാഹു ആദ്യം കേള്‍വിയും പിന്നീട് കാഴ്ചയുമാണ് നല്‍കുന്നത് എന്നര്‍ത്ഥം.

5. എല്ലുകള്‍ക്കു മേലെ പേശികള്‍ പൊതിഞ്ഞശേഷം ‘മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു’വെന്നാണ് ക്വുര്‍ആനിലൂടെ അല്ലാഹു പറയുന്നത്. അസ്ഥികള്‍ക്കുമേല്‍ പേശികള്‍ ആവരണം ചെയ്യപ്പെടുന്നതോടെയാണ് ഭ്രൂണഘട്ടം അവസാനിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ഘട്ടത്തിലേക്ക് ശിശുവിന്റെ പരിണാമം നടക്കുന്നത്. അതുവരെ കേവലമൊരു മാംസപിണ്ഡമായിരുന്ന ഭ്രൂണം എട്ട് ആഴ്ചകള്‍ കഴിയുന്നതോടെ ഒരു കുഞ്ഞു മനുഷ്യനാണ്. ഇന്നലെകളില്‍ നിന്നും തികച്ചും വ്യതിരിക്തമായ ഒരു സവിശേഷ സൃഷ്ടി!
അത്ഭുതം! എത്ര കൃത്യമായാണ് ക്വുര്‍ആനും ഹദീഥുകളും ഭ്രൂണഘട്ടങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്!!

Leave a Reply

Your email address will not be published. Required fields are marked *