ഭീകരത: ഇരകളും പ്രായോജകരും

റൈശികള്‍ അന്ന് ഏറെ അസ്വസ്ഥരായിരുന്നു. ഹജ്ജിന്റെ മാസം സമാഗതമാവുകയാണ്. വിവിധ അറേബ്യന്‍ സംഘങ്ങള്‍ അടുത്തുതന്നെ തീര്‍ത്ഥാടനം ലക്ഷ്യമാക്കി മക്കയുടെ മണല്‍ നിരപ്പിലെത്തിച്ചേരും. മുഹമ്മദ് ഇസ്‌ലാമിന്റെ പരസ്യപ്രബോധനമാരംഭിച്ചിട്ട് ഏതാനും മാസങ്ങള്‍ പിന്നിട്ടിട്ടേയുള്ളൂ. ജനങ്ങളാണെങ്കില്‍ അദ്ദേഹത്തെ കാണാനും അവിടുത്തെ വാക്കുകള്‍ ശ്രവിക്കാനും ധൃതിപ്പെടുന്നു. ഈ സമയത്ത് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തുന്ന അറേബ്യന്‍ സംഘങ്ങള്‍ അദ്ദേഹത്തെപ്പറ്റി കേട്ടറിഞ്ഞാല്‍ അവരദ്ദേഹത്തെ സന്ധിക്കും. അതു സംഭവിച്ചാല്‍ അവര്‍ അദ്ദേഹത്തില്‍ ആകൃഷ്ടരാകുമെന്നു തീര്‍ച്ച. എങ്കില്‍ പിന്നെ ഇസ്‌ലാമിന്റെ വ്യാപനം ദ്രുതഗതിയിലാരിക്കും. ഖുറൈശികളെ കൊണ്ട് തടയിടാന്‍ സാധ്യമാകാത്തവിധം ഇസ്‌ലാം പ്രചരിക്കും, വ്യാപിക്കും. അതായിരുന്നു ഖുറൈശി സമൂഹത്തിന്റെ അസ്വസ്ഥതക്ക് കാരണം. പ്രശ്‌നപരിഹാരത്തിനായി അവര്‍ വലീദുബ്‌നു മുഗീറയുടെ അടുത്തെത്തി. മുഹമ്മദിന്റെ മേല്‍ സര്‍വാംഗീകൃതമായ ഒരു ദുഷ്‌പേര് കണ്ടെത്തി തീര്‍ത്ഥാടകര്‍ക്കും ഇതരജനങ്ങള്‍ക്കും മുമ്പാകെ അവതരിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

‘നമുക്കവനെ ജ്യോത്സ്യനെന്നു വിളിക്കാം.’ കൂട്ടത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
വലീദ് പറഞ്ഞു: ‘വേണ്ട, അവന്‍ ജ്യോത്സ്യനല്ല, ജ്യോത്സ്യന്‍മാരെ നമുക്ക് അറിയാമല്ലോ?’
‘എങ്കില്‍ നമുക്കവനെ ഭ്രാന്തനെന്നു മുദ്ര കുത്തിയാലോ?’ സദസ്യരില്‍ ചിലരുടെ അഭിപ്രായമതായിരുന്നു.
അവിടെയും വലീദ് ഇടപെട്ടു. ‘പറ്റില്ല, ഭ്രാന്തന്റെ രീതികളൊന്നുമല്ല അവന്റേത്.
‘എങ്കില്‍ പിന്നെ കവി എന്നു വിളിച്ചാലോ?’
വലീദ്: ‘അതും പറ്റില്ല. കവിതയുടെ വൃത്തവും പ്രാസവും രീതികളുമെല്ലാം നമുക്കറിയാം. അവന്റേത് കവിതയല്ല.
‘എന്നാല്‍ തീര്‍ച്ചയായും നമുക്കവനെ മാരണക്കാരനെന്ന് വിളിക്കാം.’ സദസില്‍ നിന്നുയര്‍ന്ന ഈ അഭിപ്രായത്തെയും വലീദ് എതിര്‍ത്തു. ‘അവന്‍ മാരണക്കാരനുമല്ല.’ അദ്ദേഹം പറഞ്ഞു.
‘എങ്കില്‍ താങ്കള്‍ തന്നെ പറയുക; നാം എന്താണ് പറയേണ്ടത്?’

എല്ലാ കണ്ണുകളും വലീദിനെ അക്ഷമയോടെ നോക്കിനിന്നു. അല്‍പം ആലോചിച്ചശേഷം വലീദ് പറഞ്ഞു: ‘അവന്റെ സംഭാഷണത്തിനു നല്ല മാധുര്യവും ആഴവും പശപ്പുമാണ്. നിങ്ങള്‍ അഭിപ്രായപ്പെട്ടതുപോലെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതു മിഥ്യയാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. കൂട്ടത്തില്‍ അനുയോജ്യമായ പ്രചാരണം മാരണക്കാരന്‍ എന്നു തന്നെയാണ്. കാരണം അവന്റെ വര്‍ത്തമാനങ്ങള്‍ മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമിടയിലും ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലും സഹോദരന്‍മാര്‍ക്കിടയിലും കുടുംബക്കാര്‍ക്കിടയിലും ഭിന്നിപ്പുണ്ടാക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ അവനില്‍ നിന്ന് അകന്നു കഴിയുക എന്നുപറയാം.’ വലീദ് പറഞ്ഞുനിര്‍ത്തി. എല്ലാവര്‍ക്കും അത് സ്വീകാര്യമായി തോന്നി. അവര്‍ പല വഴികളായി പിരിഞ്ഞു, പൊതുനിരത്തുകളില്‍ ചെന്നിരുന്നു. അരികില്‍കൂടി കടന്നുപോയവരോടെല്ലാം അവര്‍ നബിയെപ്പറ്റി പ്രസ്തുത ആരോപണം പറഞ്ഞ് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. (ഇബ്‌നു ഹിശാം)

ഇസ്‌ലാമിക പ്രബോധനം എന്നാരംഭിച്ചുവോ അന്നു തുടങ്ങി അതിനെതിരിലുള്ള കുപ്രചരണങ്ങളും. ഒരു വഴിയിലൂടെ ഇസ്‌ലാം പ്രബോധനം ചെയ്യപ്പെട്ടപ്പോള്‍ മറുവഴിയിലൂടെ ഇസ്‌ലാം വിരുദ്ധതയുടെ സന്ദേശവും പ്രചരണം ചെയ്യപ്പെട്ടു. നബികാലഘട്ടത്തില്‍ ആരംഭിച്ച ഇസ്‌ലാം തടയിടല്‍ പ്രചരണം ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാം വൈര്യപ്രചാരണങ്ങള്‍ക്കു പക്ഷേ കാലദേശ ഭേതങ്ങള്‍ ഉണ്ടായിരുന്നെന്നു മാത്രം. ഇസ്‌ലാമിക പ്രബോധനത്തിന്റെ മറുവഴിയിലൂടെ, ഓരോ കാലത്തിനുമനുസൃതമായി ജനശ്രദ്ധയാകര്‍ഷിക്കുവാനുതകുന്ന ഓരോ പുതിയ പുതിയ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ആരോപണങ്ങളെല്ലാം വൈവിധ്യമാര്‍ന്നതായിരുന്നെങ്കിലും അവയെല്ലാം ആത്യന്തികമായി ലക്ഷ്യം വെച്ചത് ഇസ്‌ലാമിനെ പറ്റിയുള്ള ഭയവും വെറുപ്പും ജനഹൃദയങ്ങളില്‍ കുടിയിരുത്തുവാനായിരുന്നു. കാരണം ഭയവും വെറുപ്പുമാണല്ലോ ഒന്നിനോട് കണിശമായ അകലം പാലിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന രണ്ട് വികാരങ്ങള്‍. മനുഷ്യനില്‍ സഹജമായി നിലനില്‍ക്കുന്ന ഈ രണ്ട് വികാരങ്ങളെ പരിഗണിച്ചുകൊണ്ടായിരുന്നു എക്കാലഘട്ടത്തിലെയും ഇസ്‌ലാം തടയിടല്‍ പ്രചാരണങ്ങളും വളര്‍ന്നുവന്നത്.

പുതുലോകവും പുത്തന്‍ പ്രചരണങ്ങളും
വര്‍ത്തമാന കാലഘട്ടത്തിലും ഇസ്‌ലാമിക പ്രബോധനത്തിനു സമാന്തരമായി ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങളും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയും ഉന്നം വെക്കപ്പെടുന്നത്, എങ്ങനെ ഇസ്‌ലാം പേടിയും വെറുപ്പും വളര്‍ത്താം എന്നതു തന്നെയാണ്. കാലഘട്ടാനുസൃതമായി ആ പ്രചരണങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത് ‘ഇസ്‌ലാം ഭീകരതയാണ്’ എന്ന ആരോപണത്തിലാണ്. യുക്തിരഹിതവും രോഗാധുരവുമായ ഭയവും വിദ്വേഷവും ഇസ്‌ലാമിനു നേരെ വളര്‍ത്തിയെടുക്കാന്‍ ആ പ്രചാരവേലകള്‍ക്ക് ഒരുവിധം ‘നല്ലനിലയില്‍’ തന്നെ സാധ്യമായിരിക്കുന്നു. ലോകത്തെ ഇസ്‌ലാം പേടിയിലും വെറുപ്പിലും കുറ്റിയടിച്ചിടാന്‍ ഒരു പരിധിവരെ ഇസ്‌ലാം വൈരികള്‍ക്ക് സാധിച്ചിരിക്കുന്നു.

മതത്തിന്റെ പേരിലുള്ള വിഘടനസ്വരങ്ങളും മനുഷ്യത്വഹീന നിലപാടുകളും ലോകത്ത് ഇന്ന് വ്യാപകമാണ്. യൂറോപ്പില്‍ ക്രിസ്തുമതാനുയായികളും, പശ്ചിമേഷ്യയില്‍ യഹൂദതീവ്രവാദികളും, ഇന്‍ഡ്യയില്‍ ഹൈന്ദവ ഫാഷിസ്റ്റുകളും, മ്യാന്‍മാറില്‍ ബുദ്ധഭീകരരും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യത്വഹീന പ്രവൃത്തികള്‍ മതസ്പിരിറ്റില്‍ നിന്നും ഉടലെടുത്തതു തന്നെയാണ്. അവിവേകപരവും മനുഷ്യത്വഹീനവും ആക്രമോത്സുകവുമായ മതാവേശം എല്ലാ മതാനുയായികളിലും കാണപ്പെടുന്നുണ്ട്. വര്‍ത്തമാനകാല രാഷ്ട്രീയരംഗം അത്തരം ഭ്രാന്തമായ മതവാദികള്‍ക്ക് വളരുവാനുള്ള വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണ്. ഫ്രാന്‍സിലേതുപോലെ, ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ലോകം പൊതുവെ തീവ്രവലതുപക്ഷത്തേക്ക് ചാഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക. മതത്തിന്റെ പേരിലുള്ള കാടന്‍ നിലപാടുകളില്‍ പക്ഷേ ഇസ്‌ലാമല്ലാതെ മറ്റൊരു മതവും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നും സംഭവിക്കുന്ന അവിവേകകരമായ നിലപാടുകള്‍ക്ക് ഇസ്‌ലാം പേരുദോഷം കേള്‍ക്കുമ്പോള്‍, മ്യാന്‍മാറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളെ സമാനതയില്ലാത്ത കൂട്ടക്കുരുതിക്ക് വിധേയമാക്കുന്ന ബുദ്ധഭീകരതയുടെ പേരില്‍ ബുദ്ധമതമോ, ഫലസ്ത്വീനിലെ പതിനായിരക്കണക്കിനു മനുഷ്യരുടെ മണ്ണും വിണ്ണും കൊള്ളയടിച്ച് അവരുടെ ജീവനും ജീവിതവും കവര്‍ന്നെടുക്കുന്ന യഹൂദഭീകരതയുടെ പേരില്‍ ജൂതമതമോ, പശുവിന്റെയും ചാണകത്തിന്റെയും പേരുപറഞ്ഞ് മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന ഹൈന്ദവമതഭ്രാന്തിന്റെ പേരില്‍ ഹിന്ദുമതമോ ഒരിക്കലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതു കാണുന്നില്ല. എന്നാല്‍ ഇസ്‌ലാമിന്റെ അവസ്ഥ അതല്ല, മുസ്‌ലിംകളിലെ ന്യൂനപക്ഷങ്ങളുടെ അവിവേകകരമായ നിലപാടുകള്‍ മതി അതെന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടാന്‍. ഭീകരത, ഇസ്‌ലാമിതര മതങ്ങളുടെ പേരില്‍ നടക്കുമ്പോള്‍ അതില്‍നിന്നും ആ മതങ്ങള്‍ ആരോപണമുക്തമാകുകയും കുറ്റം കേവലം മതഭ്രാന്തന്‍മാരില്‍ ആരോപിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ സ്ഥിതി വ്യത്യസ്തമാണ്. പാപഭാരം മുഴുവനും അതിന്റെ മേലായിരിക്കും. ഭീകരതയോട് സമം ചേര്‍ച്ച് വായിക്കപ്പെടുന്ന മതം ഇസ്‌ലാം മാത്രമായിരിക്കണമെന്ന ആരുടെയൊക്കെയോ നിര്‍ബന്ധബുദ്ധി അതിനു പിറകിലുണ്ടെന്നതു വ്യക്തം.

ഇസ്‌ലാമിക ചിഹ്നങ്ങളില്‍ ഭീകരത അടയാളപ്പെടുത്തപ്പെടുന്നു

ഒരാള്‍ ഭീകരവാദിയാകാനുള്ള പ്രത്യക്ഷ അടയാളമായി താടി മാനദണ്ഡമാക്കപ്പെടുന്ന അവസ്ഥ ഇന്നു വ്യാപകമാണ്. ഭീകരവാദികള്‍ക്കു പലര്‍ക്കും താടിയില്ലെങ്കിലും ഭീകരതയുടെ അടയാളമായി താടി മാറിയിട്ട് കാലമേറെയായി. എവിടെയെങ്കിലും ഒരു ഭീകരാക്രമണം നടന്നാല്‍ അന്വേഷണം തുടങ്ങേണ്ടത് നീണ്ട താടിയില്‍ നിന്നായിരിക്കണമെന്നത് നവലോകക്രമത്തിന്റെ ഭാഗമായിരിക്കുന്നു. ഒരു കാലഘട്ടത്തില്‍ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായിരുന്ന താടി, ഭീകരവാദിയുടെ പ്രത്യക്ഷ അടയാളത്തിലേക്ക് വഴിമാറിയത് ഇസ്‌ലാം താടിയെ അതിന്റെ ചിഹ്നമായി കാണുന്നു എന്ന ഒറ്റകാരണം കൊണ്ടാണ്. ഭീകരതയെ അടയാളപ്പെടുത്താന്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങളെ ഉപയോഗപ്പെടുത്തിയാല്‍, ഇസ്‌ലാം പേടിക്കും വെറുപ്പിനും നല്ല കമ്പോളമായിരിക്കുമെന്ന് ഇസ്‌ലാം വിരുദ്ധ തലച്ചോറുകള്‍ക്ക് നന്നായറിയാം. അതുകൊണ്ടു തന്നെയാണ് ഭീകരവാദത്തിന്റെ പ്രത്യക്ഷ അടയാളമായി താടി സ്ഥിരപ്രതിഷ്ഠ നേടിയതും. അതിന്റെ അനുരണങ്ങളാണ് ഇപ്പോള്‍ യൂറോപ്പില്‍ കണ്ടുകൊണ്ടിരിക്കുന്ന സിക്കുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍. നീണ്ട താടിയും തലപ്പാവുമുള്ള സിക്കുകാര്‍, മുസ്‌ലിം ഭീകരരാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് ആക്രമിക്കപ്പെടുന്ന അവസ്ഥ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായിരിക്കുകയാണെന്ന് പത്രമാധ്യമങ്ങളിലെ സ്ഥിരം റിപ്പോര്‍ട്ടുകളാണ്. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നത് വളരെ ലളിതമാണ്. താടിയെ ഭീകരതയുടെ അടയാളമാക്കി ഇസ്‌ലാമിനെ ഉന്നം വെച്ചതിന്റെ അനുരണങ്ങളാണവ. ജനഹൃദയങ്ങളില്‍ ഇസ്‌ലാം പേടിയും വെറുപ്പും വളര്‍ത്താന്‍ സ്വീകരിച്ച മനഃശാസ്ത്രപരമായ സമീപനത്തിന്റെ വിജയമാണത്.

ഭീകരതയെ അടയാളപ്പെടുത്തല്‍ കേവലം താടിയിലൊതുങ്ങുന്നില്ല. അഭ്രപാളികളില്‍ ഭീകരവാദി  തെളിയുമ്പോള്‍ പശ്ചാത്തലതാളമായി ഉയരുന്ന ബാങ്കൊലികളിലും, ആള്‍ക്കൂട്ടത്തില്‍ പൊട്ടി ചിതറുന്ന ചാവേറുകള്‍ക്ക് പര്‍ദ്ദയും ശിരോവസ്ത്രവും അണിയിക്കുന്നതിലെ നിര്‍ബന്ധബുദ്ധിയിലുമെല്ലാം മനഃശാസ്ത്രപരമായ ഒരു സമീപനം ഒളിഞ്ഞുകിടക്കുന്നുണ്ട്. ഭീകരതയെ അടിമുടി ഇസ്‌ലാം കൊണ്ടുപൊതിയുക. മനുഷ്യമനസ്സുകളെ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ പേടിപ്പെടുത്തുന്നതാവുക. ഇസ്‌ലാം പേടിയും വെറുപ്പും സജീവമായി നിലനിര്‍ത്തുന്നതിനുള്ള ബുദ്ധിവൈഭവങ്ങളാണവ. ശിരോവസ്ത്രം ധരിച്ചെത്തുന്ന മുസ്‌ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും തടയപ്പെടുകയും, ശിരോവസ്ത്രം നിരോധിക്കാനുള്ള നിയമനിര്‍മാണങ്ങള്‍ സജീവ ചര്‍ച്ചയാക്കപ്പെടുന്നതുമെല്ലാം ഈ മനഃശാസ്ത്രസമീപനത്തിന്റെ ഭാഗമാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ പോലും പരീക്ഷാഹാളുകളില്‍ ശിരോവസ്ത്രം ധരിച്ചെത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ തടയപ്പെടുന്നതിനു പിറകിലും, ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ എപ്പോഴും കുഴപ്പം പിടിച്ച ഒന്നായി നിലനില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധി തന്നെയാണ്. ഈ കഴിഞ്ഞ സി.ബി.എസ്.ഇയുടെ ‘നീറ്റ്’ പരീക്ഷയില്‍പോലും അതിന്റെ അനുരണനങ്ങള്‍ക്ക് കേരളം പോലും സാക്ഷ്യം വഹിച്ചതാണ്. പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം ഉരിഞ്ഞു പരിശോധന നടത്തിയത് വലിയ മനുഷ്യാവകാശ ലംഘനമായി കണ്ട വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും പക്ഷേ, മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ തട്ടമഴിപ്പിച്ചതില്‍ ഒരു മനുഷ്യാവകാശ ലംഘനവും കണ്ടില്ല. പരീക്ഷയെഴുതണമെങ്കില്‍ ശിരോവസ്ത്രം ഊരിയെറിഞ്ഞേപറ്റൂ എന്ന ചിലരുടെ വാശി-അതിനെതിരില്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും- വിജയിക്കുന്നതാണ് കണ്ടത്. അടിവസ്ത്രാക്ഷേപണത്തില്‍ ശിരോവസ്ത്രമുരിയല്‍ ഒന്നുമല്ലാതായിപ്പോയി. എന്തുകൊണ്ട് രണ്ടിലും മനുഷ്യാവകാശലംഘനം ദര്‍ശിക്കാന്‍, വനിതാസംഘടനകള്‍ക്കോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല? എന്നുമാത്രമല്ല ‘തട്ടമുരിയില്‍’ പ്രക്രിയ ഒരു പ്രധാന പ്രശ്‌നമായി ഞങ്ങള്‍ കാണുന്നില്ലെന്നു ഉത്തരവാദപ്പെട്ട ചില കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ ഒരു നിത്യശല്യമായി മനുഷ്യമനസ്സുകളില്‍ സ്ഥാപിക്കുവാന്‍ പണിയെടുക്കുന്നവരുടെ പരിശ്രമങ്ങള്‍ പാഴ്‌വേലയായി പോയിട്ടില്ലെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ അടിവരയിട്ടു ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഇസ്‌ലാമിനെ പ്രതിനായക നാഗരികതയില്‍ പ്രതിഷ്ഠിക്കുന്ന ‘പടിഞ്ഞാറ്’
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം പുതിയ ഒരു ശത്രുവിനെ അന്വേഷിച്ചുള്ള സാമ്രാജ്യത്വ വലതുപക്ഷ ബുദ്ധിജീവികളുടെ അന്വേഷണം ഇസ്‌ലാമിനു മുന്നിലാണ് ചെന്നെത്തിനിന്നത്. അമേരിക്കയുടെ ആദ്യവനിത യു.എന്‍ അംബാസിഡറും റീഗണ്‍ ഭരണകൂടത്തിലെ വിദേശനയ ഉപദേഷ്ടാവുമയിരുന്ന ജീന്‍ കിര്‍ക്ക്പാട്രിക് (Jeane Duane Kirkpatrick) എണ്‍പതുകളുടെ തുടക്കത്തില്‍ ഒരു സര്‍വകലാശാലയില്‍ വെച്ചുനടത്തിയ പ്രസംഗത്തില്‍ മുസ്‌ലിം എന്ന ‘പുതിയ’ ശത്രുവിനെ മീഡിയകള്‍ക്ക് നിര്‍ണയിച്ചുകൊടുത്തു. തുടര്‍ന്ന് അമേരിക്കന്‍ നയാവിഷ്‌കാര വിഭാഗത്തിന്റെ ഉപദേശകനും പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത പൗരസ്ത്യപഠന വിദഗ്ധനുമായ ബര്‍ണാഡ് ലെവിസ് (Bernard Lewis) നാഗരികതകള്‍ തമ്മിലുള്ള സംഘടനം മുഖ്യപ്രമേയമാക്കി വികസിപ്പിച്ചെടുത്തു. 1990 സെപ്റ്റംബറില്‍ അറ്റ്‌ലാന്റിക് മാസികയില്‍ ലെവിസ് എഴുതിയ ‘മുസ്‌ലിം രോഷത്തിന്റെ വേരുകള്‍’ (The Roots of Muslim Rage) എന്ന ലേഖനത്തില്‍ നാഗരികതകളുടെ സംഘടനത്തില്‍ ഒരുപക്ഷത്ത് ‘ജൂതായോക്രിസ്ത്യന്‍’ നാഗരകിതയും മറുപക്ഷത്ത് ഇസ്‌ലാമും പ്രതിഷ്ഠിക്കപ്പെട്ടു. ‘മുസ്‌ലിം രോഷത്തിന്റെ വേരുകള്‍’ എന്ന ലേഖനത്തില്‍ ലെവിസ് എഴുതി: ”പ്രശ്‌നങ്ങളുടെയും നയങ്ങളുടെയും അവ പിന്തുടരുന്ന ഭരണകൂടങ്ങളുടെയും തലത്തില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന ഒരു മനോഭാവത്തെയും പ്രസ്ഥാനത്തെയുമാണ് നാം നേരിടുന്നതെന്നു വ്യക്തമാണ്. ഇത് നാഗരികതകള്‍ തമ്മിലുള്ള സംഘടനത്തില്‍ കുറഞ്ഞ ഒന്നുമല്ല.”(2)

ലെവിസ് തുടരുന്നു: ”ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള സംഘടനം അവസാനിക്കുമെന്നും അതിന്റെ ആദ്യകാരണങ്ങള്‍ അപ്രത്യക്ഷമാകുമെന്നും കരുതുക വയ്യ. അങ്ങനെ കരുതിയാലത് വലിയ വങ്കത്തമാവും. അതുകൊണ്ട് അമേരിക്കയോ യൂറോപ്പോ ഏതെങ്കിലുമൊരു മുസ്‌ലിം രാജ്യത്തെ പ്രീണിപ്പിക്കുകയോ ഇസ്രായേലിനുള്ള പിന്തുണ കുറക്കുകയോ ചെയ്യരുത്. അത് മുസ്‌ലിംകളുടെ ‘ദുര്‍വാശി’ക്ക് ശക്തിപകരുകയും മൗലികവാദത്തിന് ഊക്കേകുകയും ചെയ്യും. മുസ്‌ലിം ലോകത്തെ നിതാന്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണ്ടിവരുമ്പോള്‍ ശക്തിയോടെ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമിനെതിരായ ഈ സമരം താരതമ്യേന ചെലവുകുറഞ്ഞതാണ്. കാരണം മുസ്‌ലിം ലോകത്തുള്ള പലരും ഈ യുദ്ധത്തിന്റെ ചെലവ് വഹിക്കും.”(3)

1996ല്‍ പുറത്തിറങ്ങിയ സാമുവല്‍ ഹണ്ടിങ്ടന്റെ (Samuel P. Huntington) നാഗരികതകളുടെ സംഘടനം (Clash of Civilizations) എന്ന പ്രബന്ധം എടുത്തിട്ടുള്ളത് ‘മുസ്‌ലിം രോഷത്തിന്റെ വേരുകള്‍’ എന്ന ലെവിസിന്റെ ലേഖനത്തിന്റെ അവസാന ഭാഗത്തുനിന്നാണ്. ഹാര്‍വാര്‍ഡിലെ രാഷ്ട്രീയമീമാംസ പ്രൊഫസറായ സാമുവല്‍ ഹണ്ടിങ്ടണിന് നാഗരികതകള്‍ തമ്മിലുള്ള സംഘടനത്തിന്റെ രണ്ടാമത്തെയും കൂടുതല്‍ പരുഷവുമായ പാഠഭേദത്തിനു പ്രചോദനമേകിയത് ബര്‍ണാഡ് ലെവിസ് എന്ന ജൂത ഓറിയന്റലിസ്റ്റായിരുന്നു. ‘ഇസ്‌ലാമികം’, ‘ജൂതായോക്രിസ്ത്യന്‍’ എന്നിങ്ങനെ ലെവിസ് തന്നെ വിവരിച്ച രണ്ടു നാഗരികതകള്‍ തമ്മിലുള്ള ബന്ധങ്ങളെ ചരിത്രപരമായ കാര്യങ്ങളില്‍ അദ്ദേഹം പരിമിതപ്പെടുത്തിയിരുന്നെങ്കില്‍ ഹണ്ടിങ്ടണിന്റെ പ്രതിപാദനം അതിലേറെ അതിമോഹം ആവാഹിക്കപ്പെട്ടതായിരുന്നു. ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ ലെവിസിന്റെ പ്രമേയത്തെ ഹണ്ടിങ്ടണ്‍ വ്യാപകമാക്കി.(4)

നാഗരികതകളുടെ സംഘടനം എന്ന ഒരു ലേഖനത്തില്‍ (Foreign Affairs-1993) ഹണ്ടിങ്ടണ്‍ പ്രഖ്യാപിച്ചു: ”ഈ ലോകത്തിലെ അടിസ്ഥാന സംഘടനത്തിന്റെ ഉറവിടം പ്രാഥമികമായി ആദര്‍ശപരമോ സാമ്പത്തികമോ ആയിരിക്കുകയില്ല എന്നതാണ് എന്റെ പ്രമേയം. മാനവരാശിയുടെ മഹാവിഭജനവും സംഘടനത്തിന്റെ പ്രബലമായ ഉറവിടവും സാംസ്‌കാരികവുമായിരിക്കും. ലോകകാര്യങ്ങളില്‍ ഏറ്റവും ശക്തരായ അഭിനേതാക്കള്‍ ദേശീയ രാഷ്ട്രങ്ങള്‍ ആയിരിക്കുകയും ചെയ്യും. എന്നാല്‍, ആഗോള രാഷ്ട്രീയത്തിന്റെ പ്രഥമപ്രധാന സംഘടനങ്ങള്‍ സംഭവിക്കുന്നത് വിവിധ നാഗരികതകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങളും ഗ്രൂപ്പുകളും തമ്മിലായിരിക്കും. നാഗരികതകളുടെ സംഘടനം ആഗോള രാഷ്ട്രീയത്തിലെ പ്രബല ഘടകമായിരിക്കും. നാഗരികതകള്‍ തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ (Fault Lines) ആയിരിക്കും ഭാവിയെ പോരാട്ടമുഖങ്ങള്‍.(5)

നാഗരികതയുടെ ഒരു വശത്ത് പടിഞ്ഞാറിനെയും മറുവശത്ത്, ശത്രുനാഗരികതയുടെ പരിവേഷത്തില്‍ ഇസ്‌ലാമിനെയും അവതരിപ്പിച്ചുകൊണ്ടുള്ള ഹണ്ടിങ്ടണിന്റെ വീക്ഷണത്തിന് പാശ്ചാത്യലോകത്ത് വന്‍സ്വീകരണമാണ് ലഭിച്ചത്. നയാവിഷ്‌കാര-ബൗദ്ധിക ഭരണസംവിധാനത്തിന്റെ ഈ കര്‍ക്കശ നിലപാട് പാശ്ചാത്യലോകത്ത് വിശാലമായ ഒരു ദര്‍ശനമായി സ്വീകരിക്കപ്പെട്ടു. ശീതസമരം കൂടതല്‍ ബൃഹത്തായ ഒരു ആഗോളസംഘടനത്തിന്റെ പരിമിത നാന്ദിയായിരുന്നുവെന്നും ഇതിനെ നേരിടാന്‍, സ്വന്തം സാംസ്‌കാരിക വിഭവങ്ങളുടെ സമ്പൂര്‍ണ രൂപത്തെയും ‘പാശ്ചാത്യ സമൂഹം’ സമാഹരിക്കേണ്ടിവരുമെന്നും പുതിയ ദര്‍ശനവക്താക്കള്‍ ഊന്നിപ്പറഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ആരംഭിച്ച ‘പാശ്ചാത്യ-ആഭ്യന്തര സമര’ങ്ങളുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായിരുന്ന ശീതസമരത്തിന്റെ അന്ത്യത്തോടെ, ആഗോള സംഘട്ടനങ്ങളുടെ മുഖാമുഖങ്ങള്‍ സാംസ്‌കാരിക പദാവലിയില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു എന്ന് വില്യം ലിന്‍ഡിനെ പോലുള്ള ബുദ്ധിജീവികള്‍ പറഞ്ഞുവെച്ചു.(6) ഇസ്‌ലാമിനെ സമര്‍ത്ഥമായും സമഗ്രമായും ഒരു പ്രതിനായക നാഗരികതയുടെ പരിവേഷത്തില്‍ അവതരിപ്പിക്കുന്നതില്‍ പാശ്ചാത്യ ബുദ്ധിജീവികള്‍ ഇന്ന് വലിയ അളവില്‍ വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം.

‘ഭീകരത’: ‘കിഴക്കി’ന്റെ മണ്ണിലെ ‘പടിഞ്ഞാറന്‍’ സൃഷ്ടി
വര്‍ത്തമാന കാലഘട്ടത്തില്‍ ഇസ്‌ലാം പേടിയും വെറുപ്പും ജനഹൃദയങ്ങളില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് പടര്‍ത്തുന്നതില്‍ ‘ഭീകരത’ സജീവമായ പ്രയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനത്തിനു സമാന്തരമായി സഞ്ചരിച്ചുകൊണ്ടിരുന്ന ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളെ ‘ഉന്തിനീക്കി’ക്കൊണ്ടിരിക്കുന്ന പണി ഇന്നു സമര്‍ത്ഥമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്, വലിയൊരളവോളം ‘ഭീകരത’ തന്നെയാണ്. പ്രാരംഭഘട്ടത്തിലെ ഇസ്‌ലാം വൈരികളില്‍ നിന്ന് ഇസ്‌ലാംവിരുദ്ധ പ്രചാരണത്തിന്റെ ‘റിലേ’ ‘ഭീകരത’ കൈപ്പറ്റിയിരിക്കുന്നു.

ഇസ്‌ലാമിനുമേലുള്ള ‘ഭീകരത’ ആരോപണം ആരംഭിച്ചിട്ട് കാലം അതികം പിന്നിട്ടിട്ടില്ല. ശീതസമര ഘട്ടം വരെ ഇസ്‌ലാമിനെതിരെ ആസൂത്രിതമായ ഒരു വ്യാപകാരോപണം ഭീകരതയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിരുന്നില്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട ‘രാഷ്ട്രീയ ഇസ്‌ലാം’ ആദര്‍ശപരമായ ഒരു പ്രവണതയെന്നതില്‍ നിന്ന് ഭീകരതയിലേക്ക് വഴിമാറുന്ന അവസ്ഥ, ശീതസമരഘട്ടം വരെ രൂപപ്പെട്ടിരുന്നില്ല. പില്‍ക്കാലത്ത് രൂപംകൊണ്ട ഭീകരതയുടെ ഗ്രൂപ്പുകളും വക്താക്കളും പ്രഥമഘട്ടത്തില്‍ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വേണ്ടപ്പെട്ടവരായി രംഗപ്രവേശം ചെയ്തവരാണ്. ശീതസമരത്തിന്റെ മൂര്‍ധന്യദശയില്‍ അഫ്ഗാനിസ്ഥാനില്‍, സോവിയറ്റ് യൂണിയനെതിരായ സംഘട്ടനത്തില്‍ സാമ്രാജ്യത്വത്തിന്റെ തോഴന്‍മാരായി ചരിത്രത്തിലേക്കു കടന്നു വന്നവരായിരുന്നു പില്‍ക്കാലത്ത് ഭീകരതയുടെ ആഗോള വ്യാപാരികളായി മാറിയത്. ഭീകരവാദികളെയും ഭീകരഗ്രൂപ്പുകളെയും പടച്ചമയം അണിയിച്ചു എഴുന്നള്ളിച്ചത് അമേരിക്ക അടക്കമുള്ള പാശ്ചാത്യന്‍ ശക്തികളായിരുന്നു. നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ മഹ്മൂദ് മംദാനി പറയുന്നു: ഡോണ്‍ ദിനപത്രത്തിലെഴുതിയ ഒരു ലേഖനത്തില്‍ പാക്കിസ്ഥാനി രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനുമായ ഇക്ബാല്‍ അഹ്മദ് 1985ല്‍ അദ്ദേഹം കണ്ട ഒരു അമേരിക്കന്‍ ടെലിവിഷന്‍ ചിത്രത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ പ്രസിഡന്റ് റീഗന്‍ വളരെ ഉത്സാഹത്തോടെ ഒരു കൂട്ടം അഫ്ഗാന്‍ മുജാഹിദീന്‍ നേതാക്കളെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തികൊടുക്കുകയായിരുന്നു. ”ഈ മാന്യന്‍മാര്‍ അമേരിക്കയുടെ സ്ഥാപിത പിതാക്കളുടെ സന്മാര്‍ഗസമന്മാരാണ്. സോവിയറ്റ് യൂണിയനെതിരായ സംഘടനത്തില്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ തീവ്രരൂപങ്ങളെ പടച്ചമയം അണിയിക്കുവാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു അത്.”

ശീതസമരത്തിന്റെ മൂര്‍ധന്യദശ പ്രദാനം ചെയ്തത് അഫ്ഗാനിസ്ഥാനിലായിരുന്നു. സോവിയറ്റ് യൂണിയന്റെ ‘മുന്നോട്ടുള്ള കുതിപ്പി’ല്‍ നിന്ന് അതിനെ ‘തിരിച്ചുരുട്ടാന്‍’ (Roll back) സാധ്യമായ എല്ലാ വിഭവങ്ങളും സമാഹരിക്കണമെന്ന വിദേശനയമായിരുന്നു കാര്‍ട്ടറില്‍ (Jimmi Carter) നിന്ന് റീഗനിലേക്ക് (Ronald Reagan) പ്രസിഡന്‍സി കൈമാറി വന്നപ്പോള്‍ സംജാതമായത്. അമേരിക്കക്ക് വിയറ്റ്‌നാമിലേറ്റ വന്‍തിരിച്ചടിക്ക് പകരമായി അഫ്ഗാന്‍ യുദ്ധത്തെ ഒരു ‘സോവിയറ്റ് വിയറ്റ്‌നാമ’ാക്കി മാറ്റുന്നതിന് കഴിയാവുന്നതെല്ലാം ചെയ്തുകൊണ്ട്, രക്താവര്‍ച്ചയിലൂടെ സോവിയറ്റ് യൂണിയനെ വിറപ്പിക്കുകയെന്നതായിരുന്നു റീഗന്റെ പദ്ധതി. ഗവണ്‍മെന്റുകളായാലും ഗ്രൂപ്പുകളായാലും മിതമായ തരത്തിലുള്ള രഹസ്യസഹായങ്ങളെ പിന്തുണക്കുകയും, അതേസമയം കൂടിയാലോചനകളിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുകയും ചെയ്യുക എന്ന ഇരുതല സമീപനമാണ്, മറ്റു പലയിടത്തുമെന്നപോലെ അഫ്ഗാനിസ്ഥാനിലും കാര്‍ട്ടര്‍ ഭരണകൂടം സ്വീകരിച്ചിരുന്നത്. ഇതിനു വിപരീതമായി കൂടിയാലോചനയിലൂടെയുള്ള പ്രശ്‌നപരിഹാരത്തന് റീഗണ്‍ ഭരണകൂടത്തിന് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാനില്‍ രക്തരൂക്ഷിതമായ ഒരു മറുപടിയില്‍ കുറഞ്ഞ ഒന്നും സോവിയറ്റ് യൂണിയനു സമ്മാനിക്കുവാന്‍ റിഗണ് താല്‍പര്യമില്ലായിരുന്നു. പ്രസ്തുത ലക്ഷ്യത്തെ മുന്‍നിറുത്തി വൈവിധ്യമാര്‍ന്ന ഉറവിടങ്ങളില്‍ നിന്ന് പരമാവധി പിന്തുണ സമാഹരിക്കുവാനുള്ള അമേരിക്കയുടെ ആസൂത്രണമാണ്, അഫ്ഗാന്‍ യുദ്ധത്തിനു പ്രാദേശിക വീക്ഷണത്തിലുപരി ഒരു ആഗോള പരിപ്രേഷ്യം നല്‍കപ്പെട്ടത്. ലോകത്താകമാനമുള്ള നൂറുകോടി മുസ്‌ലിംകളെ സോവിയറ്റ് യൂണിയനെതിരായി, അഫ്ഗാന്റെ മണ്ണില്‍, ഒരു വിശുദ്ധയുദ്ധത്തിന് ഏകോപിപ്പിക്കുക എന്നതായിരുന്നു സാമ്രാജ്യത്വ ശക്തികളുടെ താല്‍പര്യം. പാക്കിസ്ഥാനിലെ ഐ.എസ്.ഐ(Inter-Services Intelligence)യുമായി ചേര്‍ന്നുകൊണ്ട് അഫ്ഗാനിലെ ‘വിശുദ്ധ യുദ്ധ’ത്തിന്റെ രൂപരേഖ തയ്യാറാക്കിയത് സി.ഐ.എ (Central Intelligence Agency) ആയിരുന്നു. യുദ്ധത്തിന്റെ യഥാര്‍ത്ഥ നടത്തിപ്പിന് ആയുധങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗറില്ലായുദ്ധ വിദഗ്ധന്‍മാരെയും സി.ഐ.എ സംഘടിപ്പിക്കുകയും, അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള രഹസ്യാന്വേഷണ-മേല്‍നോട്ട വിവരങ്ങളോടൊപ്പം ഐ.എസ്.ഐക്ക് കൈമാറുകയും ചെയ്തു. അഫ്ഗാന്‍ യുദ്ധത്തെ ഒരു അന്തര്‍ദേശീയ ‘വിശുദ്ധയുദ്ധ’മായി രൂപാന്തരപ്പെടുത്തിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും മുസ്‌ലിം വാളണ്ടിയര്‍മാരെ അന്വേഷിക്കുവാന്‍ സി.ഐ.എയ്ക്ക് എളുപ്പം സാധിച്ചു.(7)

പാക്കിസ്ഥാന്‍, അള്‍ജീരിയ, ഇന്തോനേഷ്യ, ഈജിപ്ത്, സൗദി അറേബ്യ, സുഡാന്‍, ചെച്‌നിയ, കൊസാവോ തുടങ്ങിയ നാല്‍പത്തിമൂന്ന് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നും, യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ മുസ്‌ലിം ന്യൂനപക്ഷ ദേശങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിനു റിക്രൂട്ടുകളെ സി.ഐ.എയുടെ രക്ഷാധികാരിത്വത്തില്‍ അഫ്ഗാന്റെ മണ്ണിലെത്തിച്ചു. അഫ്ഗാനിലെ ‘വിശുദ്ധയുദ്ധ’ത്തിന് നേതൃത്വം നല്‍കാനായി സി.ഐ.എയുടെ ‘ക്ഷണ’പ്രകാരം അന്ന് രംഗപ്രവേശം നടത്തിയ വ്യക്തിയായിരുന്നു ഒസാമ ബിന്‍ ലാദന്‍. 1980ല്‍ സി.ഐ.എയുടെ താല്‍പര്യപ്രകാരം ഒസാമ ബിന്‍ ലാദന്‍ ആദ്യമായി പെഷവാര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ‘ജിഹാദീ’ നേതാക്കളെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷങ്ങളില്‍ പ്രസ്ഥാനത്തിനുള്ള അറബ് സംഭാവനകളുമായി ഇടക്കിടെ അദ്ദേഹം അവിടെയെത്തിയിരുന്നു. 1982ലാണ് പെഷവാറില്‍ സ്ഥിരതാമസമാക്കുവാന്‍ ഒസാമ തീരുമാനിക്കുന്നത്. 1986ല്‍ സി.ഐ.എ ധനസഹായമുള്ള വലിയ ഒരു പദ്ധതി നിര്‍മിക്കുന്നതിനുളള മുഖ്യകരാറുകാരനായി അദ്ദേഹം പ്രവര്‍ത്തിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള മലനിരകളിലൂടെ വളരെ ആഴത്തില്‍ ഖോസ്റ്റ് പട്ടണത്തിനടുത്തുള്ള തുരങ്കനിര്‍മാണമായിരുന്നു പദ്ധതി. വലിയ ഒരു വെടിമരുന്ന് ഡിപ്പോ, പരിശീലന കേന്ദ്രം, യോദ്ധാക്കള്‍ക്കുള്ള വലിയ ഒരു ആതുരശുശ്രൂഷാലയം എന്നിവ ഖോസ്റ്റ് കോംപ്ലക്‌സിന്റെ ഭാഗമായിരുന്നു.(8)

അഫ്ഗാന്‍ യുദ്ധത്തിന്റെ അവസാന നാളുകളിലാണ് സൗദി അറേബ്യയിലും ഈജിപ്തിലും ഒരു ‘വിശുദ്ധ യുദ്ധം’ സംഘടിപ്പിക്കുവാന്‍ ഉതകുന്ന ഒരു അഖില അറബി സൈന്യത്തെ ബിന്‍ലാദന്‍ വിഭാവനം ചെയ്യുന്നത്. ഭാവി പരിപാടികള്‍ തയ്യാറാക്കുന്നതിന് 1989 അവസാനത്തോടെ ഖോസ്റ്റ് പട്ടണത്തില്‍ ഒരു യോഗം ചേര്‍ന്നു. അതില്‍ പങ്കെടുത്ത പത്തുപേരില്‍ ഒരാള്‍, ജമാല്‍ അല്‍ ഫദ്ല്‍ എന്നു പേരായ ഒരു സുഡാന്‍കാരനായിരുന്നു. പൂര്‍വാഫ്രിക്കയിലെ അമേരിക്കന്‍ എംബസികള്‍ ബോംബിട്ടു തകര്‍ത്തതുമായി ബന്ധപ്പെട്ട കേസ് വിസ്താരവേളയില്‍ ഒരു ന്യുയോര്‍ക്ക് കോടതി മുമ്പാകെ അയാള്‍ മൊഴി നല്‍കിയത്, അഫ്ഗാനില്‍ അതിര്‍ത്തിക്കപ്പുറത്ത് ‘വിശുദ്ധയുദ്ധം’ നടത്തുവാന്‍ ഒരു പുതിയ സംഘടനക്ക് അന്നു രൂപം നല്‍കിയിരുന്നുവെന്നാണ്. ആ സംഘടനയാണ് ‘അല്‍ ഖായിദ’.(9)

സോവിയറ്റ് യൂണിയനോട് കഠിനമായ എതിര്‍പ്പുള്ള, പ്രത്യയശാസ്ത്ര വിഭാഗങ്ങള്‍ക്കും അനുരഞ്ജന പരിഹാരത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്കും പുറമെ ആഗോളതലത്തില്‍ തീവ്രഇസ്‌ലാമിസ്റ്റുകളെയും വിഘടനവാദികളെയും വിമതരെയും അട്ടിമറി ഗ്രൂപ്പുകളെയും എല്ലാം ചേര്‍ത്ത്, അഫ്ഗാന്റെ മണ്ണില്‍ അമേരിക്ക ഭീകരതയുടെ ഒരു കിരാതക്കൂട്ടത്തെ സൃഷ്ടിക്കുകയായിരുന്നു. അവര്‍ക്ക് ആയുധവും ആളും അര്‍ത്ഥവും നല്‍കി എന്നതു മാത്രമല്ല അമേരിക്ക ചെയ്ത ദ്രോഹം, മറിച്ച് ആക്രമണം എങ്ങനെ ഉത്ഭവിപ്പിക്കുകയും പരത്തുകയും ചെയ്യാമെന്ന ഭീകരതാനുകൂല വിവരങ്ങളുടെ സ്വകാര്യവല്‍ക്കരണം അഥവാ സ്വകാര്യഭീകരവാദികളുടെ രൂപവല്‍ക്കരണവും നടത്തി എന്നതും കൂടിയാണ്. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ മഹ്മൂദ് മംദാനി എഴുതുന്നു: ”നുഴഞ്ഞുകയറ്റ തന്ത്രങ്ങള്‍, ശത്രുപാളയത്തില്‍നിന്നു യുദ്ധത്തടവുകാരെയും ആയുധങ്ങളും സൂത്രത്തില്‍ കടത്തിക്കൊണ്ടു പോകല്‍ തുടങ്ങി അറുപതിലേറെ ‘മാരക’മായ വദഗ്ധ്യങ്ങള്‍ യു.എസ് ക്യാമ്പുകളില്‍ സി.ഐ.എ പരിശീലിപ്പിച്ചു എന്നുകൂടി കൂളി (Cooley) രേഖപ്പെടുത്തുകയുണ്ടായി. വളരെ പരിഷ്‌കൃതമായ ഫ്യൂസുകളും ടൈമറുകളും സ്‌ഫോടകവസ്തുക്കളും ശത്രുപടക്കോപ്പുകളെ തുളച്ചുകയറുന്ന സ്വയം നിയന്ത്രിത ആയുധങ്ങളും മൈനുകള്‍, ബോംബുകള്‍ എന്നിവ വിദൂര നിയന്ത്രണത്താല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണങ്ങള്‍ (വാളണ്ടിയര്‍മാരുടെ മാതൃരാജ്യങ്ങളിലും ദക്ഷിണ ലെബനോന്‍ പോലുള്ള ഇസ്രായേലി അധിനിവേശ സ്ഥലങ്ങളിലും പിന്നീട് ഇവ ഉപയോഗിക്കപ്പെട്ടു) എന്നിവയെല്ലാം യോദ്ധാക്കള്‍ക്ക് പരിശീലകര്‍ പകര്‍ന്നു കൊടുത്ത വൈദഗ്ധ്യങ്ങളില്‍പ്പെടുന്നുണ്ട്. കൂടാതെ, തദ്ദേശീയമായ അഫ്ഗാന്‍ വൈദഗ്ധ്യങ്ങളും -കഴുത്തറുക്കല്‍, മലമൂത്ര വിസര്‍ജ്ജനം ചെയ്യിപ്പിക്കല്‍ തുടങ്ങിയവ- സ്വന്തം പരിശീലന പരിപാടിയില്‍ സി.ഐ.എ ഉള്‍പ്പെടുത്തിയിരുന്നു.”

ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീവ്രവാദികളെയും രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളെയും വിഘടനവാദികളെയും വിമതന്‍മാരെയും അട്ടിമറി ഗ്രൂപ്പുകളെയും മതഭ്രാന്തന്‍മാരെയും അഫ്ഗാന്റെ മണ്ണിലേക്ക് കൊണ്ടുവന്ന് ‘ഭീകരത’യെ ഒരു ദുര്‍ഭൂതം കണക്കെ വളര്‍ത്തിയെടുത്തതിനു പിന്നില്‍ അമേരിക്കയെ പോലുള്ള പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികളുടെ സ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പര്യങ്ങളായിരുന്നു. നിര്‍മലമായ മതബോധത്തില്‍ നിന്നും വഴിതെറ്റി, സമൂഹത്തില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന പരുഷമായ മതാവേശത്തെ വിവിധ മണ്ണുകളില്‍ നിന്നും അരിച്ചെടുത്ത് മതഭീകരതയെ നിര്‍മിച്ചത് ഇസ്‌ലാമായിരുന്നില്ല മറിച്ച് പാശ്ചാത്യന്‍ സാമ്രാജ്യത്വവാദികളായിരുന്നു.

ലോകസമാധാനത്തിനു ഭീഷണിയായി ആഗോളതലത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഭീകരതയുടെ നിര്‍മിതി നടന്നത് ശീതസമര കാലഘട്ടത്തില്‍, അഫ്ഗാന്റെ മണല്‍പരപ്പില്‍, പാശ്ചാത്യന്റെ വെളുത്ത കരങ്ങള്‍ കൊണ്ടായിരുന്നു. ശീതസമരാനന്തരം അത് ലോകത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളിലേക്ക് ഓടിപ്പോവുകയായിരുന്നു. ലോകത്തിന്നോളം നടമാടിയ ഭീകരാക്രമണങ്ങളുടെ പട്ടിക നാം പരിശോധിച്ചാല്‍, ആ ‘ചെന്നായ’യെ സൃഷ്ടിച്ചതും വളര്‍ത്തിയതും കൂടുതുറന്നു വിട്ടതും അഫ്ഗാന്റെ മണ്ണില്‍ നിന്നാണെന്നതു വളരെ വ്യക്തമാണ്.

ന്യുയോര്‍ക്ക് മുതല്‍ ഫ്രാന്‍സ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ വരെയുള്ള സ്ഥലങ്ങളില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളുടെ പിറകില്‍ പ്രവര്‍ത്തിച്ചിരുന്നത് അഫ്ഗാന്‍ യുദ്ധത്തില്‍ നിന്നുവിരമിച്ച വീരനേതാക്കളായിരുന്നുവെന്ന് അഫ്ഗാന്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ‘നാലു വന്‍കര’കളിലായി അന്വേഷണം നടത്തിയ ലോസ് എയ്ഞ്ചല്‍സ് ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തുകയുണ്ടായി.(10) യു.എന്‍ ആസ്ഥാനമന്ദിരം, ലോവന്‍ മന്‍ഹാട്ടനിലെ എഫ്.ബി.ഐ ആസ്ഥാനം, മന്‍ഹാട്ടനെയും ന്യൂജര്‍സിയെയും ബന്ധിപ്പിക്കുന്ന ലിങ്കണ്‍ ആന്റ് ഹോളണ്ട് തുരങ്കം എന്നിവ ബോംബിടാന്‍ ഗൂഢാലോചന നടത്തിയതിനു പിടിയിലായ ക്ലമന്റ്‌സ് റോഡ്‌നി ഹാംപ്ടണ്‍ അഫ്ഗാനില്‍ യുദ്ധത്തില്‍ പങ്കെടുത്തശേഷം കൈകാലുകള്‍ക്ക് പരുക്ക് പറ്റി തിരിച്ചെത്തിയ വ്യക്തിയായിരുന്നു.(11) 1993ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബിങ് കേസിലെ പ്രതിയും ബ്രൂക്ക്‌ലിന്‍ ടാക്‌സി ഡ്രൈവറുമായ മുഹമ്മദ് അബൂഹാലിമും, ബോംബിങ്ങിന്റെ പിറകില്‍ ആസൂത്രകനായി പ്രവര്‍ത്തിച്ചെന്ന് ആരോപിതനായ കുവൈത്തില്‍ ജനിച്ച റംസി അഹമ്മദ് യൂസുഫും സോവിയറ്റുകള്‍ക്കെതിരെ അഫ്ഗാന്‍ യുദ്ധത്തില്‍ പോരാടിയവരായിരുന്നു.(12) 1995ല്‍ പാക്കിസ്ഥാന്‍ അധികാരികള്‍ അറസ്റ്റുചെയ്തു  യു.എസിനു കൈമാറിയ യൂസഫ് എന്ന യുവാവിനെതിരെ എഫ്.ബി.ഐ ചുമത്തിയ ഗുരുതരമായ കുറ്റങ്ങള്‍, ഡെല്‍ട്ടാ, നോര്‍ത്ത് വെസ്റ്റ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുടെ ഒരു ഡസനോളം ജംബോജെറ്റ് വിമാനങ്ങളെ പസഫിക് സമുദ്രത്തിന്റെ മുകളില്‍ ഒരേസമയം ബോംബിട്ടു നശിപ്പിക്കാനുള്ള പദ്ധതി, 1995 ജനുവരിയില്‍ ഫിലിപ്പൈന്‍സ് സന്ദര്‍ശനവേളയില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ വധിക്കാനുള്ള ശ്രമം എന്നിവയായിരുന്നു. കൂടാതെ, 1993ല്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിക്കാന്‍ ശ്രമിച്ചു എന്ന പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ ചാര്‍ജുമുണ്ടായിരുന്നു. ലോസ് എയ്ഞ്ചല്‍സ് ടൈംസിന്റെ അഭിപ്രായത്തില്‍ അഫ്ഗാന്‍ യുദ്ധത്തിന്റെ ഏറ്റവും അപ്രതീക്ഷിതവും മാരകവുമായ പാര്‍ശ്വോത്പന്നങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.(13) 1995ല്‍ ഫ്രാന്‍സില്‍ എട്ട് ആക്രമണങ്ങളുടെ ഒരു പരമ്പര നടന്നപ്പോള്‍ പാരിസിലെ നിയമപാലക ചുതമലയുള്ള ഒരു ഉദ്യോഗസ്ഥന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു: ”ഭീകരതയുമായി ബന്ധപ്പെട്ട് നാം അറസ്റ്റ് ചെയ്ത നേതാക്കളില്‍ ഏതാണ്ട് എല്ലാവരും അഫ്ഗാനിസ്ഥാനോ പാക്കിസ്ഥാനോ വഴി വന്നവരാണ്. തന്ത്രങ്ങളൊക്കെ പഠിച്ചത് അവിടെ വച്ചായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വശമാക്കിയതും അങ്ങനെ തന്നെ.”(14) സൗദി തലസ്ഥാനമായ റിയാദില്‍ 1996 നവംബര്‍ 13ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ട്രക്ക്, അഞ്ച് അമേരിക്കക്കാരുടെ മരണത്തിനിടയാക്കിക്കൊണ്ട്, ഒരു മൂന്നുനില കെട്ടിടത്തിനുമുന്നില്‍ പൊട്ടിത്തെറിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട നാല് സൗദി തീവ്രവാദികള്‍, ‘തങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ വച്ച് ബോംബ് സ്‌ഫോടനത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അവിടെ യുദ്ധമുന്നണിയില്‍ പങ്കുകൊണ്ടിട്ടുണ്ടെന്നും’ സമ്മതിച്ചിരുന്നു.(15)

സൗദി അറേബ്യയില്‍ ധഹറാന്‍ നഗരത്തിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ ഭീമാകാരമുള്ള ഒരു ട്രക്ക് ബോബ് 1996 ജൂണ്‍ 25ന് പൊട്ടിത്തെറിച്ചു. എട്ടുനില കെട്ടിടം തകര്‍ക്കുകയും പത്തൊന്‍പത് യു.എസ് വൈമാനികര്‍ കൊല്ലപ്പെടുകയും ഇരുന്നൂറ്റിഅമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ധഹറാന്‍ സംഭവത്തെക്കുറിച്ചന്വേഷിക്കുകയായിരുന്ന സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി മുമ്പാകെ തെളിവു കൊടുക്കുന്നതിനിടയില്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മേധാവിയായ ജെ.എച്ച് ബിന്‍ഫോര്‍ഡ് പയി (James Henry Binford Peay) പറഞ്ഞതിങ്ങനെയാണ്: ”സമീപകാലത്തായി ദേശാന്തര ഗ്രൂപ്പുകള്‍ (Transnational) ക്രമാതീതമായി വളരുന്നത് നാം കാണുന്നുണ്ട്. ഇവരില്‍ പലരും അഫ്ഗാനിസ്ഥാനില്‍ പൊരുതിയവരും ഇപ്പോള്‍ മറ്റു രാജ്യങ്ങളില്‍ അലഞ്ഞു നടക്കുന്നവരുമാണ്. അവിടങ്ങളില്‍ പരമ്പരാഗത ഗവണ്‍മെന്റുകളെ അസ്ഥിരപ്പെടുത്തി, പാശ്ചാത്യവിരുദ്ധ മൗലികവാദ ഭരണകൂടങ്ങളെ സ്ഥാപിക്കുകയും യു.എസ് പാശ്ചാത്യതാല്‍പര്യങ്ങളെ ആക്രമിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.”(16)

മഹ്ഫൂദ് ബെനൂയിന്‍ (Mahfoud Bennoune) എന്ന അള്‍ജീരിയന്‍ സാമൂഹ്യശാസ്ത്രജ്ഞന്‍ ലോസ് എയ്ഞ്ചല്‍സ് ടൈംസിന്റെ അള്‍ജിയേഴ്‌സിലെ വാര്‍ത്താ ലേഖകനോട് പറഞ്ഞതിങ്ങനെയാണ്: ‘ഒരു രാക്ഷസനെ സൃഷ്ടിക്കുന്നതില്‍ നിങ്ങളുടെ ഗവണ്‍മെന്റ് പങ്കെടുത്തു. ഈ നിങ്ങള്‍ക്കും ലോകത്തിനുമെതിരെ അതു തിരിഞ്ഞിരിക്കുന്നു. പതിനാറായിരം അറബികള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പരിശീലനം കൊടുത്ത്, അവരെ ഒരു സാക്ഷാല്‍ വധയന്ത്രമാക്കി മാറ്റിയിരിക്കുകയാണ്.”(17)

ഭീകരതയുടെ നിര്‍മിതിക്കു പിന്നില്‍ ഇസ്‌ലാമിനെ അടയാളപ്പെടുത്തിയവര്‍ ചരിത്രേത്താട് നീതി കാണിച്ചിട്ടില്ല. സാമ്രാജ്യത്വത്തിെന്റ ദുഷിച്ച രാഷ്ട്രീയ താല്‍പര്യങ്ങളെയാണ്, ഭീകരതയുടെ നിര്‍മിതി യഥാര്‍ത്ഥത്തില്‍ അടിവരയിരുന്നത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ വാസ്തവത്തില്‍, അന്നും ഇന്നും ഭീകരതയുടെ ഗുണഭോക്താക്കളാണ്. തങ്ങളുടെ സര്‍വസ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും ആഗോള മേധാവിത്വം നിലനിര്‍ത്താനും, ഇസ്‌ലാമിനെ ഒരു സ്ഥിരം ശത്രു പരിവേഷത്തില്‍ മുന്നില്‍ തന്നെ നിര്‍ത്താന്‍ ഭീകരതയെപ്പോലെ അവര്‍ക്ക് ഗുണം ചെയ്ത മറ്റൊന്നുമില്ല. രാഷ്ട്രീയപരമായും, പ്രത്യായശാസ്ത്രപരമായും, അസ്ഥിത്വപരമായും മുസ്‌ലിം ലോകത്ത് രൂപപ്പെട്ട പ്രതിലോമാന്തരീക്ഷത്തെ, ഏറ്റവും സമര്‍ത്ഥവും അപകടകരമായും ദുരുപയോഗപ്പെടുത്തിയതില്‍ നിന്നാണ് ഭീകരതയുടെ പിറവി. അതിന്റെ സ്രഷ്ടാക്കളെയും ഗുണഭോക്താക്കളെയും മറച്ചുപിടിച്ചുകൊണ്ടുള്ള ചരിത്രപഠനങ്ങള്‍- ഇസ്‌ലാമിനെ ‘അടിക്കു’വാനുള്ള നല്ല ഒരു വടിയാണെങ്കിലും- അടുത്ത തലമുറയ്ക്ക് ചരിത്രത്തില്‍ നിന്നും പഠിക്കുനാനുള്ള നല്ല ഒരു ഗുണപാഠത്തെയാണ് തമസ്‌കരിച്ചത്. പാശ്ചാത്യനും പൗരസ്ത്യനും ഒരുപോലെ നല്‍കപ്പെടേണ്ട ഒരു വലിയ ഗുണപാഠത്തെ ഇസ്‌ലാം വൈര്യപ്രചോദിതരായി മറച്ചുവെക്കുന്നവര്‍ തലമുറകളോടുതന്നെ അനീതി കാണിച്ചിരിക്കുന്നു.

പടിഞ്ഞാറിന്റെ ഇസ്‌ലാം വൈര്യത്തിന്റെ വേരുകള്‍
ഇസ്‌ലാം വിരോധത്തിന്റെ പാശ്ചാത്യവേരുകള്‍ ശീതസമരകാലഘട്ടത്തിനും അപ്പുറത്താണ് നിലകൊള്ളുന്നത്. കൃത്യമായി പറഞ്ഞാല്‍ കുരിശുയുദ്ധ കാലഘട്ടത്തിലാണ് മുസ്‌ലിം വിരോധത്തിന്റെ തീവ്രഭാവം ക്രൈസ്തവലോകം സ്വീകരിച്ചത്. കുരിശുയുദ്ധത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പഠനങ്ങളില്‍ ഒന്ന് ടോമസ് മസ്തനാക്ക് (Tomaz Mastnak) എന്ന സ്ലൊവേനിയന്‍ ചരിത്രകാരന്റേതാണ്. മുസ്‌ലിംകളോടുള്ള ക്രൈസ്തവവൈര്യത്തിന്റെ തീവ്രവും ആക്രമോത്സുകവുമായ ശത്രുത ആ ചരിത്രനിമിഷത്തിലാണ് ഏറ്റവും വെളിവായി കണ്ടതെന്നാണ് മസ്തനാക്ക് ചൂണ്ടിക്കാണിക്കുന്നത്. പുണ്യയുദ്ധത്തിനുവേണ്ടിയുള്ള വിഭവസമാഹരണത്തിലൂടെ ക്രൈസ്തവസമൂഹം സ്വയംബോധം കൈവരിച്ചപ്പോള്‍, ക്രിസ്ത്യന്‍ കൂട്ടായ്മയുടെ സ്പഷ്ടപ്രകടനത്തിന്റെ അതിനിര്‍ണായകമായ നിമിഷം ഒരു മുസ്‌ലിം ശത്രുവെ നിര്‍മിച്ചെടുക്കുക എന്നതായിര്‍ത്തീര്‍ന്നു. അതിനുമുമ്പുള്ള നൂറ്റാണ്ടുകളില്‍ ക്രൈസ്തവലോകത്തിന്റെ ഇസ്‌ലാം വൈര്യം അത്രമേല്‍ തീവ്രമായിരുന്നില്ല. ഏഴും എട്ടും നൂറ്റാണ്ടുകളിലെ അറബി വികാസകാലത്ത് മുസ്‌ലിംകള്‍ യൂറോപ്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയപ്പോള്‍, ലാറ്റില്‍ ക്രിസ്ത്യാനികളുടെ കണ്ണില്‍ അവര്‍ അവിശ്വാസികളോ വെറും അപരിഷ്‌കൃതരോ ആയിരുന്നു. ക്രിസ്ത്യാനികളുടെ നിരവധി ശത്രുക്കളുടെ കൂട്ടത്തില്‍ ഒരു പ്രത്യേക സ്ഥാനമൊന്നും മുസ്‌ലിംകള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല.

തുടക്കത്തില്‍ തീവ്രവാദി ക്രിസ്ത്യന്‍ ശത്രുത ലക്ഷ്യമിട്ടിരുന്നത് മുഴുവന്‍ ക്രിസ്തീയേതരരോടുമായിരുന്നു. മുസ്‌ലിംകളില്‍ അത് കേന്ദ്രീകൃതമായത് പിന്നീടാണ്. കുരിശുയുദ്ധത്തോടെയാണ് ഫലസ്തീന്‍ പഴയ നിയമത്തിലെ ‘വാഗ്ദത്ത ഭൂമി’യില്‍ നിന്നും ‘പരിശുദ്ധ ഭൂമി’യിലേക്ക് മാറുന്നത്. കുരിശുയുദ്ധത്തോടെ ക്രൈസ്തവലോകം ഒരു പൊതുശത്രുവെ നിര്‍വചിക്കുകയും ‘അവിശ്വാസി’കള്‍ക്കെതിരായ ശാശ്വത യുദ്ധാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു പിശാചിന്റെ ആള്‍രൂപമായാണ്, വെറും മറ്റൊരു ശത്രുവായല്ല കുരിശുയുദ്ധക്കാര്‍ മുസ്‌ലിംകളെ ദുര്‍ഭൂതവല്‍ക്കരിച്ചത്. മുസ്‌ലിംകളെ മതം മാറ്റുകയല്ല, ഉന്മൂലനം ചെയ്യുകയെന്നത് കുരിശുയുദ്ധത്തിന്റെ ലക്ഷ്യമായിത്തീര്‍ന്നത് ഇക്കാരണത്താലാണ്. ‘അവിശ്വാസി’കളായ മുസ്‌ലിംകള്‍ക്ക് മരണസ്വാതന്ത്ര്യം പോലും അനുവദിക്കപ്പെട്ടില്ല. അഥവാ മതംമാറ്റവും മരണവും തമ്മില്‍ തെരഞ്ഞെടുക്കുവാനുള്ള അവസരം പോലുമില്ലാത്തവിധം തീവ്രമായിരുന്നു ക്രൈസ്തവലോകത്തിന്റെ മുസ്‌ലിം വിരോധമുഖം. പരിവര്‍ത്തനത്തിന് അശക്യരായാണ് ക്രൈസ്തവസമൂഹം മുസ്‌ലിംകളെ കണ്ടത്. ”ഒരു അവിശ്വാസിയെ കൊല്ലുന്നത് മനുഷ്യഹത്യല്ല, ‘തിന്മഹത്യ’യാണ്, ദുഷ്ടതയുടെ നാശനം. ഒരു പരദൈവവിശ്വാസിയുടെ മരണം ക്രിസ്തീയ മഹിമയാണ്, അതില്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത് ക്രിസ്തുവാണ് എന്ന് പോപ്പുമാര്‍ കുരിശുയോദ്ധാക്കളെ ഉദ്‌ബോധിപ്പിക്കുംവിധം ഭീകരവും ഭ്രാന്തവുമായിരുന്നു കുരിശുയുദ്ധ കാലഘട്ടത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ മുസ്‌ലിം വൈര്യം.”(18)

‘പടിഞ്ഞാറി’ന്റെ മുസ്‌ലിം വിരോധത്തിന്റെ അടിത്തറ ഭ്രാന്തമാംവിധത്തില്‍ പടുത്തുയര്‍ത്തപ്പെട്ടത് കുരിശുയുദ്ധ കാലഘട്ടത്തിലാണ്. ക്രൈസ്തവലോകത്ത് രൂപപ്പെട്ട ഈ മുസ്‌ലിം വിരോധമാണ് പിന്നീട് മുസ്‌ലിം വൈര്യത്തെ ഒരാഗോള പ്രതിഭാസമാക്കി മാറ്റിയത്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ നിര്‍മിതിയോടെ മുസ്‌ലിം വിരോധത്തിന്റെ രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. കൊളോണിയല്‍ താല്‍പര്യങ്ങളുമായി ചേര്‍ന്നുനിന്നുകൊണ്ട് തങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ പടിഞ്ഞാറിന്റെ മുസ്‌ലിം വിരോധത്തെ യഹൂദബുദ്ധിജീവികള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. നാഗരികതകള്‍ തമ്മിലുള്ള സംഘടനത്തെ മുഖ്യപ്രമേയമാക്കി വികസിപ്പിച്ചെടുത്ത്, ശത്രുവിനെ തേടുകയെന്ന പടിഞ്ഞാറിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ അപകടകരമായ സ്വഭാവത്തിന് സൈദ്ധാന്തിക ‘ന്യായ’ങ്ങള്‍ രൂപപ്പെടുത്തിയത് ബര്‍ണാഡ് ലെവിസിനെപ്പോലുള്ള യഹൂദബുദ്ധിജീവികളായിരുന്നു. സാമുവല്‍ ഹണ്ടിങ്ടണിനെ പോലെയുള്ള പാശ്ചാത്യബുദ്ധിജീവികള്‍ക്ക് ‘നാഗരികതകളുടെ സംഘടന’ത്തിന്റെ കൂടുതല്‍ പരുഷമായ പാഠഭേദത്തിന് പ്രചോദനമേകിയതും ലെവിസ് ആയിരുന്നു. ‘ഇസ്‌ലാമികം’, ‘ജുതായോ ക്രിസ്ത്യന്‍ എന്നിങ്ങനെ ലെവിസ് തന്ന വിവരിച്ച രണ്ടു നാഗരികതകള്‍ തമ്മിലുള്ള ബന്ധങ്ങളെ ചരിത്രപരമായ കാര്യങ്ങളില്‍ അദ്ദേഹം പരിമിതപ്പെടുത്തിയിരുന്നെങ്കില്‍, ഹണ്ടിങ്ടണ്‍ ചെയ്തത് ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളത്തക്ക രീതിയില്‍ ലെവിസിന്റെ പ്രമേയത്തെ വ്യാപകമാക്കുകമായിരുന്നു.

മുസ്‌ലിം ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെട്ട് മധ്യപൗരസ്ത്യ കൊളോണിയല്‍ വിധേയത്വം നിലനിര്‍ത്തുക, പാശ്ചാത്യമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആയുധമുപയോഗിച്ച് തങ്ങളുടെ സ്വാധീനം ഉറപ്പുവരുത്തുക. സൈനിക ഇടപെടലുകളിലൂടെ മധ്യപൗരസ്ത്യദേശത്തെ വീണ്ടും ചെറുകഷണങ്ങളായി വിഭജിക്കുക. തുര്‍ക്കി മാതൃകയിലുള്ള തീവ്രസെക്യുലര്‍ ഭരണങ്ങള്‍ മധ്യപൗരസ്ത്യദേശങ്ങളില്‍ സ്ഥാപിതമാക്കുക തുടങ്ങി യൂറോപ്പിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ലെവിസ് നിര്‍വചിച്ചിട്ടുണ്ട്. ‘ഭീകരത’യെ സ്ഥായിയായ ഒരു പ്രശ്‌നമായി മധ്യപൗരസ്ത്യദേശങ്ങളില്‍ നിലനിര്‍ത്തി, ‘ഇടപെടലു’കള്‍ക്കുളള അവസരമായി ഉപയോഗപ്പെടുത്തുന്ന പടിഞ്ഞാറിന്റെ രാഷ്ട്രീയം നാം വായിച്ചെടുക്കേണ്ടത് ഇവിടെയാണ്. അതാണ് പറയുന്നത് ‘ഭീകരത’യുടെ സ്രഷ്ടാക്കള്‍ മാത്രമല്ല, പടിഞ്ഞാറ്; ഗുണഭോക്താക്കള്‍ കൂടിയാണെന്ന്.

‘ഭീകരത’: നേട്ടമുണ്ടാക്കിയത് ആര്?
‘ഭീകരത’ ചിലര്‍ക്ക് വലിയ ലാഭവും മറ്റുചിലര്‍ക്ക് ചെറുതല്ലാത്ത നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. ആര്‍ക്കാണ് ‘ഭീകരത’കൊണ്ട് ലാഭമുണ്ടായത്? ആര്‍ക്കാണതുകൊണ്ട് നഷ്ടം സംഭവിച്ചത്? എന്ന അന്വേഷണം, ഭീകരതയുടെ ഗുണഭോക്താക്കള്‍ ആരെന്ന് തിരിച്ചറിയാനുള്ള യഥാര്‍ത്ഥ ബോധത്തോടെയുള്ള അന്വേഷണത്തിന്റെ ഭാഗം തന്നെയാണ്. ‘ശത്രു’വിനെ തേടുകയെന്ന പടിഞ്ഞാറിന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ അപകടകരമായ സ്വഭാവത്തിന്റെ ‘ഇര’ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയനായി തീര്‍ന്നു. ആ കാലഘട്ടത്തിലെ യൂറോപ്യന്‍ വലതുപക്ഷ നേതക്കളുടെ സോവിയറ്റ് വിമര്‍ശനങ്ങളില്‍, കുരിശുപോരാളികളുടെ പകയും അവജ്ഞയും മനുഷ്യത്വവിരോധവും പ്രകടമായിരുന്നു, വിശിഷ്യ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളില്‍ അത് വളരെ വര്‍ദ്ധിച്ചതും പരസ്യവുമായ അളവില്‍ പ്രകടമായിരുന്നു. സോവിയറ്റ് യൂണിയന്‍ ‘ദൃഷ്ടതയുടെ സാമ്രാജ്യം’ എന്ന് മുദ്രകുത്തപ്പെട്ടത്, ലോകം അമേരിക്കന്‍ വെസ്റ്റേണുകളില്‍ കാണുന്നതുപോലെ നായകരും പ്രതിനായകരും മാത്രമുള്ളതാണെന്ന അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ ദൃഢവിശ്വാസത്തിന്റെ ഭാഗമായിരുന്നു. മേല്‍ക്കോയ്മയുടെ സ്ഥിരപ്രതിഷ്ഠക്കുവേണ്ടി അക്രമം കാണിക്കുവാനും കുതിരകയറുവാനും ധാര്‍മികതയുടെ ഒരു മറ വേണ്ടി വരുന്നതിനാലാണ്, ശത്രുവിനെ കണ്ടുപിടിക്കുവാനുള്ള ഒരുതരം വ്യഗ്രത പാശ്ചാത്യരുടെ സ്ഥായീഭാവമായി മാറിയത്. അരനൂറ്റാണ്ടുകാലം സോവിയറ്റ് യൂണിയനായിരുന്നു ഈ പാശ്ചാത്യന്‍ ദൗര്‍ബല്യത്തിന്റെ പ്രതീകം.(19)

കമ്യൂണിസ്റ്റ് സാമ്രാജ്യം അതിന്റെ സ്വന്തം ഭാരം താങ്ങാനാവാതെ തകര്‍ന്നുവീണപ്പോള്‍ തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ആരോപിക്കുവാന്‍ പുതിയ ഒരു ശത്രുവിനെ തേടുകയായിരുന്നു പടിഞ്ഞാറ്. ഏതുനിലയ്ക്ക് നോക്കിയാലും അതിനു അനുയോജ്യമായ ഒരു ‘ഇര’ ഇസ്‌ലാമായിരുന്നു. അതിന് മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒരുപാട് തലങ്ങളുണ്ടായിരുന്നു. ക്രൈസ്തവ ദര്‍ശനത്തിന്റെ അടിത്തറയെ യുക്തിഭദ്രമായി ചോദ്യം ചെയ്യുന്ന മറ്റൊരു ദര്‍ശനവും ഇസ്‌ലാമിനോളം വരില്ല എന്നതാണ് അതിന്റെ ഒരു കാരണം. ലോകവ്യവസ്ഥയുടെ ഒരു ബദല്‍രൂപമാകാനുള്ള ഇസ്‌ലാമിന്റെ ശക്തി പാശ്ചാത്യരോളം തിരിച്ചറിഞ്ഞ മറ്റാരുമില്ലെന്നത് മറ്റൊരുവശം. കരിശുയുദ്ധ കാലഘട്ടത്തില്‍ പാശ്ചാത്യരില്‍ രൂപപ്പെട്ടുവന്ന തീവ്രവമായ ഇസ്‌ലാം വെറുപ്പ് മറ്റൊരു ഘടകമായിരുന്നു. യൂറോപ്യന്‍ സംസ്‌കാരത്തിനെതിരെ പടുത്തുയര്‍ത്താന്‍ കരുത്തുറ്റ ഇസ്‌ലാമിക സംസ്‌കാരം പ്രധാനപ്പെട്ട വേറൊരു ഘടകമായി. അതിനുപുറമെ ലോകസാമ്പത്തിക ഘടനയെ നിയന്ത്രിക്കുവാനുള്ള ‘എണ്ണ’യുടെ ശേഷിയും, ഇസ്രായേല്‍ രാഷ്ട്രത്തിന്റെ അസ്ഥിത്വസംരക്ഷണവും വിശാലപ്പെടലും എല്ലാം തന്നെ ഇസ്‌ലാമിനെ പ്രതിനായകസ്ഥാനത്തു പ്രതിഷ്ഠിക്കുവാനുള്ള വികാരകാരണങ്ങളായിരുന്നു.

‘ദുഷ്ടതയുടെ സാമ്രാജ്യം’ ഇളക്കിമാറ്റി ‘ഭീകരത’ പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ സോവിയറ്റ് യൂണിയന്റെ സ്ഥാനത്ത് ഇസ്‌ലാം  ‘നാട്ടകുറി’യാക്കപ്പെടുകയായിരുന്നു. അതുമൂലം പടിഞ്ഞാറ് കൊയ്ത ലാഭവും, ഇസ്‌ലാമും മുസ്‌ലിം ലോകവും ഒടുക്കേണ്ടിവന്ന വിലയും വലുതായിരുന്നു. മധ്യപൗരസ്ത്യദേശങ്ങളില്‍ കൊളോണിയല്‍ വിധേയത്വം നിലനിര്‍ത്താന്‍- മുസ്‌ലിം ആഭ്യന്തര പ്രശ്‌നങ്ങള്‍- ‘ഭീകരത’ അമേരിക്കക്ക് സൗകര്യമൊരുക്കി. പാശ്ചാത്യമൂല്യങ്ങളുടെ സംരക്ഷണം ആയുധമുപയോഗിച്ച് ഉറപ്പുവരുത്താന്‍ ‘ഭീകരത’യെ അമേരിക്ക ഉപയോഗപ്പെടുത്തി. മധ്യപൗരസ്ത്യ രാഷ്ട്രങ്ങളെ ചെറുകഷണങ്ങളാക്കി മാറ്റാന്‍ സൈനിക ഇടപെടലുകളിലൂടെ അവര്‍ക്കു സാധ്യമായി. ഇസ്രായേലിനെ മേഖലയിലെ ചട്ടമ്പിയാക്കി പരിവര്‍ത്തിപ്പിച്ചു. ‘ഭീകരത’യുടെ നിരന്തരശല്യം, മധ്യപൗരസ്ത്യദേശങ്ങളില്‍ ചിലവില്ലാത്ത സൈനികവിന്യാസം സാധ്യമാക്കി. മധ്യപൗരസ്ത്യദേശങ്ങളില്‍ തങ്ങളുടെ മേല്‍ക്കോയ്മക്ക് ഭീഷണിയാകുമെന്നു കണ്ട ഭരണാധികാരികള്‍ക്കെതിരെ മുസ്‌ലിം രാഷ്ട്രങ്ങളുടെ ചെലവില്‍, അമേരിക്കക്ക് ചിലവില്ലാ യുദ്ധങ്ങള്‍ സംഘടിപ്പിക്കുവാനായി. മധ്യപൗരസ്ത്യ രാഷ്ട്രങ്ങളില്‍ തങ്ങളോട് അടങ്ങാത്ത വിധേയത്വം പുലര്‍ത്തുന്ന ഭരണാധികാരികളെ പ്രതിഷ്ഠിക്കുവാന്‍ സാധിച്ചു. ഒരേസമയം, സാംസ്‌കാരികാധിനിവേശങ്ങള്‍ക്കെതിരെയുള്ള മുസ്‌ലിം ചെറുത്തുനില്‍പ്പിനെ അടിച്ചൊതുക്കുവാനും, സാമ്പ്രദായിക മുസ്‌ലിം ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്തുവാനുള്ള പൊതുജന വികാരങ്ങള്‍ വ്യാപകമാക്കുവാനും ‘ഭീകരത’യെ ഒരായുധമായി ഉപയോഗിക്കവാനും അവര്‍ക്കായി. ‘എണ്ണ’ ചുരിങ്ങിയ ചിലവില്‍ യൂറോപ്പിലേക്കൊഴുകിയെത്തുകയും, ‘എണ്ണ’ വില നിശ്ചയിക്കുന്നതില്‍ യൂറോപ്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. ‘ഭീകരത’കൊണ്ട് എണ്ണിത്തീര്‍ക്കാനാവാത്ത ‘ലാഭം’ അമേരിക്കയും യൂറോപ്പും കൊയ്‌തെടുത്തു.

മറുഭാഗത്താകട്ടെ ‘ഭീകരത’യ്ക്ക് ഇസ്‌ലാമും മുസ്‌ലിം ലോകവും വമ്പിച്ച വിലകൊടുക്കേണ്ടി വന്നു. ഇസ്‌ലാമിന്റെ വ്യാപനത്തെയും ജനകീയതയെയും അത് സാരമായി ബാധിച്ചു. ‘ഭീകരത’ ആരോപണം ഇസ്‌ലാമിക വളര്‍ച്ചയെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്ന അതിവൈകാരിക നിരൂപണങ്ങള്‍ പലപ്പോഴും സമീപകാല ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ‘ഭീകരത’ ആരോപണത്തിന് ഇസ്‌ലാമിക വളര്‍ച്ചയെ സംമ്പൂര്‍ണമായും മുരടിപ്പിക്കുവാന്‍ സാധ്യമായിട്ടില്ല എന്നതു മാത്രമാണ് അത്തരം നിരൂപണങ്ങളിലുള്ള ഏക വസ്തുത. പക്ഷേ വളര്‍ച്ചയുടെ തോതിനെ വിലയിരുത്തുമ്പോള്‍ അത്തരം നിരൂപണങ്ങളില്‍ ഒരുതരം അടിസ്ഥാനരാഹിത്യം ദൃശ്യമാണ്. 9/11ന് ശേഷവും അമേരിക്കയിലും യൂറോപ്പിലും ഏറ്റവും വളര്‍ച്ചാനിരക്ക് പ്രകടിപ്പിച്ച മതം ഇസ്‌ലാമാണെന്നും, അത് ‘ഭീകരത’ ആരോപണം ഒരു നിലക്കും ഇസ്‌ലാമിക വളര്‍ച്ചയെ ബാധിച്ചിട്ടില്ലെന്ന നിരൂപണങ്ങള്‍ക്ക് തെളിവായി ഉയര്‍ത്തി കാണിക്കാറുണ്ട്. പക്ഷേ അവിടെയും നാം മനസ്സിലാക്കേണ്ടുന്ന മര്‍മപ്രധാനമായ സംഗതി, വര്‍ഷങ്ങള്‍ പിറകില്‍ നിന്നാണ് ആ വളര്‍ച്ച സംഭവിക്കുന്നത് എന്നതാണ്. അഥവാ ‘ഭീകരത’ ഓരോ ഇടങ്ങളിലെയും ഇസ്‌ലാമിക വളര്‍ച്ചയെ പിറകിലോട്ട് വലിക്കുകയും അതിന്റെ കുതിപ്പിനെ പരമാവധി പിറകില്‍ നിന്നാരംഭിക്കുവാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്നുണ്ട്. വളരെ സജീവമായ ഇസ്‌ലാമിക വ്യാപനം നടക്കുന്ന പ്രദേശങ്ങളില്‍ ഭീകരത കടന്നുവരുമ്പോള്‍ പിന്നീടുള്ള അതിന്റെ മുന്നോട്ടുള്ള കുതിപ്പ് ഏറെ പിറകോട്ടു പോയാണ് ആരംഭിക്കുന്നത്; ഒരു പക്ഷേ കുതിപ്പില്‍ അതിനെ ഒന്നാം നിരയില്‍ തന്നെ കാണുന്നുണ്ടെങ്കിലും.

‘ഭീകരത’ മുസ്‌ലിം സമൂഹത്തിനു സൃഷ്ടിച്ച മറ്റൊരു പ്രതിസന്ധി അസ്ഥിത്വസംബന്ധിയാണ്. ഒരു രാഷ്ട്രീയാസ്ഥിത്വമെന്ന നിലക്ക് അറബികള്‍ക്ക് നിലനില്‍പ്പില്ലാതായി. അറബ് ഐക്യം എന്ന ധാരണ മിഥ്യയാണെന്നു തെളിഞ്ഞു. അറബ് സമ്പത്ത് കൊളള ചെയ്യപ്പെട്ടു. അറബ് അതിര്‍ത്തികള്‍ ശുഷ്‌കിക്കപ്പെട്ടു. അറബ് ലോകത്തെ അന്തര്‍സംഘര്‍ഷങ്ങള്‍ക്കും വിമതാന്തരീക്ഷങ്ങള്‍ക്കും രക്തരൂക്ഷിത ഭാവം സ്ഥായിയായി. ‘എണ്ണ’ ഒരായുധമല്ലാതായി. ഓരോ മുസ്‌ലിമും താന്‍ സ്വയം ‘നല്ലതെ’ന്ന് തെളിയിക്കപ്പെടും വരെ ‘ചീത്ത’യായി തീര്‍ന്നു. സാമൂഹിക അസന്തുലിതാവസ്ഥ അവനുമുന്നില്‍ നിവര്‍ന്നു നിന്നു. അവന്റെ ആദര്‍ശ പ്രതിബദ്ധത സംശയിക്കപ്പെട്ടു. അവന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെട്ടു. സാമൂഹിക ജീവിതത്തില്‍ അവന് പലപ്പോഴും ഇടം നഷ്ടമായി. അവന്റെ ആചാര-വിചാരങ്ങളെ പ്രാകൃതവല

Leave a Reply

Your email address will not be published. Required fields are marked *