ബുദ്ധിജീവികള്‍ നുണ പറയുന്നു!

1990കള്‍ക്ക് ചില സവിശേഷതകളുണ്ട്. പാശ്ചാത്യലോകവും ഇസ്‌ലാമും തമ്മിലുള്ള കലുഷിത ബന്ധത്തിന്റെ നിര്‍ണായകമായ പുതിയ വഴിത്തിരിവുകള്‍ പരസ്യമായി പ്രഖ്യാപിക്കപ്പെട്ടത് തൊണ്ണൂറുകളിലായിരുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ ഇസ്‌ലാം എന്ന പുതിയ ശത്രുവിനെ പാശ്ചാത്യലോകം ഉന്നം വെച്ചിരുന്നുവെങ്കിലും അതിന്റെ പരസ്യപ്രഖ്യാപനം നടന്നത് തൊണ്ണൂറുകളിലായിരുന്നു. 1989-90 കാലഘട്ടത്തിലാണ് അഫ്ഘാനിലെ, പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഖോസ്റ്റ് പട്ടണത്തില്‍ വെച്ച് അല്‍ ക്വാഇദ എന്ന ആഗോള ഭീകരസംഘടനയ്ക്ക് രൂപം നല്‍കപ്പെട്ടത്. 1998 ഓഗസ്റ്റ് ഏഴിനാണ് അല്‍ ക്വാഇദയുടെ ആദ്യത്തെ അമേരിക്കന്‍ ആക്രമണം നടന്നത്. കിഴക്കേ ആഫ്രിക്കയിലെ നഗരങ്ങളായ ദാറുസ്സലാമിലും, നെയ്‌റോബിയിലുമുള്ള അമേരിക്കന്‍ എംബസികള്‍ക്കു നേരെയായിരുന്നു അത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അല്‍ ക്വാഇദ രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും അമേരിക്കക്കുനേരെ ഒരാക്രമണം അതു സംഘടിപ്പിച്ചത് 1998ലാണ്. അതിനുമുമ്പ് ഭീകരത ഒരാഗോള പ്രതിഭാസമായി അറിയപ്പെട്ടു തുടങ്ങിയിട്ടില്ലായിരുന്നു. അമേരിക്കന്‍ എംബസികള്‍ക്കുനേരെ നടന്ന അല്‍ക്വാഇദയുടെ ആക്രമണങ്ങള്‍ക്കുശേഷമാണ് ‘ഇസ്‌ലാമിക ഭീകരത’യെന്നു സാമ്രാജ്യത്വം പേരിട്ട പ്രതിഭാസം ആഗോള പ്രചാരം നേടുന്നത്(1).
തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ അഥവാ അല്‍ ക്വാഇദയുടെ ആദ്യത്തെ അമേരിക്കന്‍ ആക്രമണത്തിനുമുമ്പുതന്നെ, ‘ഇസ്‌ലാമിക ഭീകരത’യെന്ന പാശ്ചാത്യന്‍ ‘തിരക്കഥ’ എഴുതി തീര്‍ന്നിട്ടുണ്ടായിരുന്നു. 1990 സെപ്റ്റംബറില്‍ അറ്റ്‌ലാന്റിക് മാസികയില്‍ അച്ചടിച്ചുവന്ന ബര്‍ണാഡ് ലെവിസിന്റെ ‘മുസ്‌ലിം രോഷത്തിന്റെ വേരുകള്‍’ (The Roots of Muslim Rage) എന്ന ലേഖനം അതിന്റെ പ്രഥമ സൂചനകളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 1993ല്‍ ലെവിസിന്റെ പ്രമേയത്തെ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊളളത്തക്ക രീതിയില്‍ വ്യാപകമാക്കിക്കൊണ്ട് സാമുവല്‍ പി.ഹണ്ടിംഗ്ടന്റെ ‘നാഗരികതകളുടെ സംഘട്ടനം’ എന്ന ലേഖന പരമ്പര ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ അച്ചടിച്ചുവന്നു. 1996ല്‍ ആ പഠനങ്ങള്‍ ദി ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ് ആന്റ് ദി റീമേക്കിംഗ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍ എന്നപേരില്‍ സമാഹരിക്കപ്പെട്ടു. മുസ്‌ലിം ലോകത്ത് പാ
ശ്ചാത്യര്‍ നടത്താനിരുന്ന അതിക്രമങ്ങള്‍ക്ക് സൈദ്ധാന്തികമുഖം നല്‍കലായിരുന്നു പ്രസ്തുത പഠനങ്ങളുടെയെല്ലാം താല്‍പര്യം. തങ്ങളുടെ അതിക്രമങ്ങള്‍ക്ക് ഒരു സൈദ്ധാന്തികതലം ഒരുക്കുക എന്നത് പൂ
ര്‍വകാലം തൊട്ടേ പാശ്ചാത്യരുടെ ഒരു ശീലമായിരുന്നു. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ മഹമൂദ് മംദാനി അതെടുത്തു പറയുന്നുണ്ട്. ”അധമവംശങ്ങളെ ഭൂതലത്തില്‍നിന്ന് ഒഴിവാക്കുകവഴി സാമ്രാജ്യവാദം നാഗരികതയ്ക്ക് ഒരു സേവനമാണ് ചെയ്തിട്ടുള്ളത്’ എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയില്‍ വ്യാപകമായ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രകൃതിശാസ്ത്രങ്ങള്‍ മുതല്‍ ദര്‍ശനം, നരവംശപഠനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ആ ആശയം ഒരുപോ
ലെ പ്രകടമായിരുന്നു. ‘ജീവിക്കുന്നവരും മരിച്ചുകൊണ്ടിരിക്കുന്നവരുമായി ലോകരാജ്യങ്ങളെ ഏതാണ്ട് രണ്ടു വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്’ എന്നാണ് 1898 മെയ് നാലിനു ലണ്ടനിലെ ആല്‍ബര്‍ട്ട് ഹാളില്‍ നടത്തിയ തന്റെ പ്രസിദ്ധമായ പ്രസംഗത്തില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി പ്രഭു അവകാശപ്പെട്ടത്. അന്നു ഹിറ്റ്‌ലര്‍ക്ക് വെറും ഒമ്പത് വയസ്സേ ആയിരുന്നുള്ളൂ. എന്നാല്‍ അന്നത്തെ യൂറോപ്യന്‍ അന്തരീക്ഷം, പ്രകൃതിനിയമപ്രകാരമുള്ള കീഴ്‌വംശങ്ങളുടെ അനിവാര്യമായ നശീകരണത്തിനു വഴിതെളിക്കുന്ന ജീവശാസ്ത്രപ്രക്രിയ സാമ്രാജ്യത്വത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന  ഉറച്ച വിശ്വാസംകൊണ്ട് കുതിര്‍ന്നിരുന്നു”. (പേജ് 11, 12)
ഇസ്‌ലാമിനും മുസ്‌ലിം ലോകത്തിനു
മെതിരെ യൂറോപ്പ് നടത്താനുദ്ദേശിക്കുന്ന അതിക്രമങ്ങള്‍ക്ക് ഒരു സൈദ്ധാന്തികഭാവം പ്രധാനം ചെയ്യുക എന്നതായിരുന്നു ‘നാഗരികതകളുടെ സംഘട്ടനം’ വാസ്തവത്തില്‍ നിര്‍വഹിച്ചത്. ലെവിസും ഹണ്ടിംഗ്ടണും ഒരു ശത്രു നാഗരികതയുടെ പരിവേഷത്തിലാണ് ഇസ്‌ലാമിനെ അവതരിപ്പിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ആരംഭിച്ച പാശ്ചാത്യ ആഭ്യന്തര സമരങ്ങളുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണിയായിരുന്ന ശീതസമരത്തിനുശേഷം ആഗോളസംഘട്ടനങ്ങളുടെ മുഖാമുഖരേഖകള്‍ സാംസ്‌കാരിക പദാവലിയില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു എന്ന വീക്ഷണം പി
ല്‍കാലത്ത് സാമ്രാജ്യത്വം രൂപപ്പെടുത്താനു
ദ്ദേശിക്കുന്ന ലോകക്രമത്തിനുള്ള സൈദ്ധാന്തിക ന്യായീകരണങ്ങളായിരുന്നു. ഭീകരത ഒരു ആഗോളപ്രതിഭാസമായി അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത കാലഘട്ടത്തിലായിരുന്നു ഈ ‘സൈദ്ധാന്തിക മറ’ യൂറോപ്പ് നിര്‍മിച്ചുകൊണ്ടിരുന്നതെന്ന് നാം ഓര്‍ക്കണം.
ഇസ്‌ലാമിനെ പ്രതിനായക നാഗരികതയുടെ പരിവേഷത്തിലവതരിപ്പിക്കുന്ന ബൗദ്ധിക വ്യവഹാരം നടന്നുകൊണ്ടിരിക്കുന്ന അതേ ഘട്ടത്തിലാണ്, 1996ല്‍ അമേരിക്കയിലെ നാഷണല്‍ ഇന്റലിജന്റ്‌സ് കൗണ്‍സിലിന്റെ (N.I.C) പ്രഥമ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത്. 1979ല്‍ രൂപീകരിക്കപ്പെട്ട എന്‍.ഐ.സിയുടെ ധര്‍മം അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് അടുത്ത പതിനഞ്ചു വര്‍ഷത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പഠിപ്പിക്കുകയാണ്. 1996ല്‍ തയ്യറാക്കിയ ഒന്നാമത്തെ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടില്‍ 2010 വരെയുള്ള ലോകക്രമത്തെക്കുറിച്ചാണ് പ്രവചിക്കുന്നത്. ഭീകരത ആഗോള പ്രതിഭാസമായി അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത കാലത്താണ്, 2010 വരെയുള്ള ലോകക്രമത്തില്‍ ഏറ്റവും വലിയ പ്രശ്‌നമായി ‘ഇസ്‌ലാമിക ഭീകരത’യെയും മധ്യപൗരസ്ത്യദേശത്ത് അതിനു വളര്‍ച്ച ലഭിക്കാനിടയാക്കുന്ന സാഹചര്യങ്ങളെയും പറ്റിയുള്ള പ്രവചനങ്ങള്‍ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടില്‍ ഇടംപിടിക്കുന്നത്. പിന്നീട് ലോകം കാണുന്നത് 1996 മുതല്‍ സമര്‍പ്പിക്കപ്പെട്ട ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ട് പ്രവചനങ്ങള്‍ക്കനുസൃതമായി ലോകക്രമം രൂപപ്പെടുന്നതായിരുന്നു. അല്ല രൂപപ്പെടുത്തപ്പെടുന്നതായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍(2). ഓരോ തവണയും മാറിമാറിവന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കപ്പെട്ട പ്രസ്തുത പ്രവചന റിപ്പോര്‍ട്ടുകള്‍കൊത്ത് ഇസ്‌ലാം ലോകസമക്ഷം ഭീകരവല്‍ക്കരിക്കപ്പെടുകയും മധ്യപൗരസ്ത്യദേശം കലുഷിതഭാവം സ്വീകരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ശക്തമായ ഒരു സാമ്രാജ്യത്വ ‘തിരക്കഥ’യെയാണ് വാസ്തവത്തില്‍ ‘ഇസ്‌ലാമിക ഭീകരത’ എന്ന പ്രതിഭാസം അടയാളപ്പെടുത്തുന്നത്.
ഭീകരവല്‍ക്കരണത്തിന്റെ
പാശ്ചാത്യന്‍ രീതികള്‍
ഇസ്‌ലാംവികലീകരണത്തിന്റെയും മുസ്‌ലിം വേട്ടയുടെയും സൈദ്ധാന്തികവും രാഷ്ട്രീയവുമായ നിലമൊരുക്കിയതിനോടൊപ്പം തന്നെ യൂറോപ്യന്‍ ബുദ്ധിജീവികള്‍ ഭീകരവാദത്തിന്റെ ‘തെളിവു’കള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും നിര്‍ദ്ദരിച്ചെടുക്കുന്ന ഗവേഷണങ്ങളിലേര്‍പ്പെട്ടിരുന്നു. വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്, ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രചോദന കാരണമായി അതിനെ അവതരിപ്പിക്കുന്ന രീതിയായിരുന്നു ഒന്ന്. പ്രവാചക ജീവിതത്തില്‍ നിന്നും ചില പ്രത്യേക ചരിത്രനിമിഷങ്ങളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, അദ്ദേഹത്തെ പ്രാകൃതനും ക്രൂരനുമായി അവതരിപ്പിച്ചുകൊണ്ട് ഭീകരവാദത്തിന്റെ ‘തെളിവു’കള്‍ നബിജീവിതത്തില്‍ നിന്നും ഉദ്ധരിക്കുന്ന രീതിയാണ് രണ്ടാമത്തേത്. ഇസ്‌ലാമിനെ ഭീകരവല്‍ക്കരിച്ച് തമസ്‌കരിക്കുക എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത പാശ്ചാത്യന്‍ ചിന്തകന്‍മാരും എഴുത്തുകാരും ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരേര്‍പ്പാടാണിത്. ഇസ്‌ലാം വൈര്യം നെറ്റിയിലൊട്ടിച്ച ഇത്തരം ബുദ്ധിജീവികള്‍ ഇസ്‌ലാമിനെ ഭീകരവല്‍ക്കരിക്കുവാന്‍ ഉപയോഗിക്കുന്ന അതേ ‘തെളിവു’കള്‍ കടമെടുത്ത്, തങ്ങളുടെ പ്രവൃത്തികള്‍ക്കുള്ള സൈദ്ധാന്തിക ന്യായീകരണവുമായി ഭീകരവാദത്തിന്റെ വക്താക്കള്‍ തന്നെ രംഗത്തെത്തുന്നതാണ് മൂന്നാമത്തെ രീതി. ഇസ്‌ലാം വൈരികളുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന ഭീകരവാദികളുടെ സാക്ഷ്യപത്രം. ഈ അന്തര്‍നാടകം ആരംഭിച്ചിട്ട് ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഭീകരതയുടെ ഐ.എസ് കാലഘട്ടത്തിലാണ് അത് പൂര്‍വോപരി മുഴച്ചുനിന്നത്. ലോകത്തെ ഞെട്ടിക്കുന്ന ഭീകരതകള്‍ സംപ്രേക്ഷണം ചെയ്ത ശേഷം വിശുദ്ധ ക്വുര്‍ആനിനെയും നബിബജീവിതത്തെയും പ്രതിരോധമായുന്നയിക്കുന്ന ഭീകരവാദത്തിന്റെ വക്താക്കളുടെ ഈ ഏര്‍പ്പാട് ചിന്തയെ നിയന്ത്രിക്കാനുള്ള പാശ്ചാത്യന്‍ തന്ത്രത്തെയാണ് അനാവരണം ചെയ്യുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എസ് ലോകത്തെ കാണിച്ച അടിമചന്തകള്‍. തങ്ങള്‍ കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളിലെ അമുസ്‌ലിം പൗരന്‍മാരെ പി
ടിച്ചുകൊണ്ടുവന്ന് അടിമചന്തകളില്‍ വിപണനത്തിനു നിര്‍ത്തിയിട്ട് ഐ.എസ് പ്രഖ്യാപിച്ചു ‘ഞങ്ങള്‍ പ്രവാചക കാലഘട്ടം പുനര്‍നിര്‍മിക്കുകയാണ്’ എന്ന്. അടിമചന്തകളില്‍ വില്‍പനക്കുനിരത്തി നിര്‍ത്തിയ സ്ത്രീകളെ കാണിച്ച്, ഇടപാടുകാരെ കൈകൊട്ടി വിളിക്കുന്ന ‘അടിമ വ്യാപാരി’കള്‍ക്ക് നീണ്ട താടിയും നീളന്‍ കുപ്പായവും ഉയര്‍ന്നു നില്‍ക്കുന്ന തലപ്പാവുമണിയിക്കാന്‍ ഐ.എസ് മറന്നുപോയില്ല. ഇസ്‌ലാമിക സംസ്‌കാരത്തെ അമര്‍ച്ച ചെയ്തില്ലെങ്കില്‍ നാളെ നിങ്ങള്‍ക്കു വേണ്ടിയും ഒരടിമചന്ത നിര്‍മിക്കപ്പെടുമെന്ന് ലോകത്തെ ഐ.എസ് ബോധ്യപ്പെടുത്തിയതിലൂടെ സംരക്ഷിക്കപ്പെട്ടത് ആരുടെ താല്‍പര്യമായിരുന്നു എന്നത് വ്യക്തമാണ്. ആറാം നൂറ്റാണ്ടിലെ അറേബ്യക്ക് അടിമത്ത സമ്പ്രദായം പരിചയപ്പെടുത്തിയത് പ്രവാചകനല്ലെന്ന വസ്തുത ആര്‍ക്കാണറിയാത്തത്. അടിമത്ത വ്യവസ്ഥ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു സമൂഹത്തില്‍, ക്രമപ്രവൃദ്ധമായി അത് അവസാനിപ്പിക്കുവാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പഠിപ്പിക്കുകയായിരുന്നു പ്രവാചകന്‍ (സ) ചെയ്തത്. നബിജീവിതത്തെ പു
നര്‍നിര്‍മിക്കുകയല്ല; അപനിര്‍മിക്കുകയാണ് ഭീകരവാദികള്‍ എന്നും ചെയ്തുകൊണ്ടിരുന്നത്. ഇസ്‌ലാംവൈരികളുടെ കയ്യിലെ ഈ ‘ഏറുപടക്ക’ങ്ങള്‍ക്ക് അതല്ലാതെ മറ്റെന്താണ് നിര്‍വഹിക്കാനുള്ളത്.
വികലീകരണത്തിന്റെ അറിയപ്പെട്ട രീതിയാണ് കാര്യങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുക എന്നത്. പ്രത്യേക സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യപ്പെടുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും ഏതൊരു ദര്‍ശനത്തിലും കാണാവുന്നതാണ്. അവയെ ആ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായാണ് വായിക്കേണ്ടത്. സന്ദര്‍ഭങ്ങളെ പരിഗണിക്കാതെയുള്ള വായന ഒരുപക്ഷേ ആ ദര്‍ശനം മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയങ്ങള്‍ക്കു തന്നെ എതിരായി മാറും. ഇസ്‌ലാമിക പ്രമാണങ്ങളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും അതാണ്. വിശുദ്ധ ക്വുര്‍ആനും നബിജീവിതവും മുന്നോട്ടുവെക്കുന്ന അടിസ്ഥാന ആശയങ്ങള്‍ക്ക് കടകവിരുദ്ധമായ ചിത്രമാണ്, അവയെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുമ്പോള്‍ പ്രതിഫലിക്കപ്പെടുന്നത്. അവിടെ പ്രശ്‌നം വായനയുടേതാണ്; വായിക്കപ്പെടുന്നവയുടേതല്ല.
‘സത്യനിഷേധികളെ നിങ്ങള്‍ കണ്ടിടത്തുവെച്ച് കൊന്നുകളയുക, അവരെ ഗളഛേദം ചെയ്യുക, അവരെ മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക, അവരോടുള്ള മൈത്രീബന്ധങ്ങള്‍ വിഛേദിക്കുക, അവരോട് പരുഷമായി പെരുമാറുകയും അവരെ ഉപരോധിക്കുകയും ഭയപ്പെടുത്തുകയും ബന്ദികളാക്കുകയും ചെയ്യുക’ തുടങ്ങി വിശുദ്ധ ക്വുര്‍ആനില്‍ നിന്നും ഭീകരതയുടെ ‘തെളിവു’കള്‍ നിര്‍ദ്ദരിച്ചെടുത്തവര്‍ ക്വുര്‍ആന്‍ വചനങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തി വായിക്കുകയാണ് ചെയ്തത്. കാര്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത്, പുതിയ പാഠഭേദം ചമച്ച് വികലവല്‍ക്കരിക്കാന്‍ ‘പടിഞ്ഞാറന്‍’ ചിന്തകന്‍മാര്‍ക്കുള്ള മിടുക്ക് അറിയപ്പെട്ടതാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും ഭീകരതയുടെ ‘തെളിവു’കള്‍ നിര്‍ദ്ദരിച്ചെടുത്ത പാ
ശ്ചാത്യന്‍ ബുദ്ധിജീവികള്‍ ചെയ്തതും അതാണ്. അഥവാ തീര്‍ത്തും പ്രത്യേകമായ ഒരു സന്ദര്‍ഭത്തില്‍ അവതരിപ്പിക്കപ്പെട്ടതായിരുന്നു വിശുദ്ധ ക്വുര്‍ആനില്‍ നിന്നും പാശ്ചാത്യ ചിന്തകന്‍മാര്‍ ഉദ്ദരിക്കുന്ന ഭീകരതയുടെ ‘തെളിവു’കള്‍. അമുസ്‌ലിംകളോട് പൊതുവെ സ്വീകരിക്കാന്‍ ഇസ്‌ലാം ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങളല്ല അത്. ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തെ നശിപ്പിക്കാനും രാഷ്ട്രസുരക്ഷയെ അപായപ്പെടുത്താനും ഇറങ്ങിത്തിരിച്ച സത്യനിഷേധികളോടുള്ള നിലപാടുകള്‍ മാത്രമാണവ. അമുസ്‌ലിമാണ് എന്ന കാരണത്താല്‍ ഒരു മനുഷ്യനോടും അത്തരം സമീപനം സ്വീകരിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് അത് ആവശ്യപ്പെടുന്നത് ഏറെ മാനവികമായ സമീപനവും അങ്ങേയറ്റത്തെ സഹവര്‍ത്തിത്വവുമാണ്. വിശുദ്ധ ക്വുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പു
റത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാ
ലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (60:8) അമുസ്‌ലിംകളോട് പൊതുവെ സ്വീകരിക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്ന സമീപനമാണിത്. നിന്മയിലും നീതിയിലും അധിഷ്ഠിതമായ സഹവര്‍ത്തിത്വമാണ് അമുസ്‌ലിമിന് മുസ്‌ലിമില്‍ നിന്നും ലഭിക്കേണ്ടത് എന്നതാണ് വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശം. എന്നാല്‍ ആ സഹവര്‍ത്തിത്വത്തില്‍ മാറ്റം സംഭവിക്കുന്നത് അമുസ്‌ലിംകളുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. അഥവാ ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനത്തോട് അമുസ്‌ലിംകള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ ആ രാഷ്ട്രത്തിലെ പൗരന്‍മാര്‍ എന്ന നിലക്ക് മുസ്‌ലിംകളുടെ നിലപാ
ടുകളില്‍ മാറ്റം സംഭവിക്കും. അവിടെയാണ് മൈത്രീബന്ധങ്ങള്‍ അവസാനിക്കുന്നത്. ഉപരോധവും പ്രതിരോധവും പ്രത്യാക്രമണങ്ങളും ബന്ദനങ്ങളും പരുഷതയും എല്ലാം കടന്നുവരുന്നത്. അതു തീര്‍ത്തും സ്വാഭാവികമായ ഒരു നിലപാട് മാത്രമാണ്. സ്വന്തം രാജ്യത്തോട് യുദ്ധത്തിലേര്‍പ്പെട്ടവരോട് സ്വീകരിക്കേണ്ട പൗരധര്‍മം മാത്രം. മാനവിക വിരുദ്ധമായ ഒരു സമീപനമായി അതിനെ കാണാനാവില്ല.  എന്നാല്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ സ്വീകരിക്കപ്പെടേണ്ട ഈ സമീപനം യുദ്ധം ഇല്ലാതാകുന്നതോടെ അവസാനിക്കുന്നതുമാണ്. യുദ്ധസന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ആ സന്ദര്‍ഭങ്ങളില്‍ മാത്രം പരിമിതമായിരിക്കും. വിശുദ്ധ ക്വുര്‍ആന്‍ അതും വ്യക്തമാക്കുന്നുണ്ട്.
”ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ‘ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ…..” (47 : 4)
”എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് ശത്രുതയില്ല.” (2 :193)
”ഇനി അവര്‍ (പശ്ചാത്തപിച്ച്, എതിര്‍പ്പില്‍ നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (2 :192)
”(നബിയേ,) ശത്രുക്കള്‍ സമാധാന സന്ധിയിലേക്കു ചായുന്നുവെങ്കില്‍ താങ്കളും അതിനു സന്നദ്ധനാവുകയും അല്ലാഹുവില്‍ ഭരമേല്‍പി
ക്കുകയും ചെയ്യുക. നിശ്ചയം, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഇനി അവര്‍ താങ്കളെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അപ്പോള്‍ താങ്കള്‍ക്ക് അല്ലാഹു മതി….” (8 : 61, 62)
”…..എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.” (4:90)
ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഇസ്‌ലാമിക രാഷ്ട്രസംവിധാനം യുദ്ധത്തിലേര്‍പ്പെടേണ്ടത്. ആ സാഹചര്യങ്ങള്‍ ഇല്ലാതാകുന്നതോടെ യുദ്ധാനുമതിയും ഇല്ലാതാകുന്നു. അതോടെ യുദ്ധസന്ദര്‍ഭങ്ങളില്‍ പ്രത്യേകമായി സ്വീകരിക്കപ്പെടുന്ന നിലപാടുകള്‍ക്കും മാറ്റം സംഭവിക്കുന്നു. എന്തു മാനവികവിരുദ്ധതയാണ് ഈ നിലപാടുകളില്‍ ദര്‍ശിക്കാനാവുക? ഭീകരതക്ക് എന്തു പ്രചോദനമാണ് ഈ നിലപാടുകള്‍ സമ്മാനിക്കുന്നത്? യുദ്ധം സംജാതമാകുമ്പോള്‍ ശത്രുവിനെതിരെ ഏതൊരു രാഷ്ട്രത്തിലെയും പൗരന്‍മാര്‍ സ്വീകരിക്കേണ്ട സ്വാഭാവികമായ നിലപാടുകള്‍ മാത്രമാണിത്. ഇസ്‌ലാമിക പ്രമാണങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും ‘വെട്ടിനുറുക്കി’യെടുത്ത്, ഇസ്‌ലാംതമസ്‌കരണ പ്രയത്‌നത്തിലേര്‍പ്പെടുന്നവര്‍ എത്ര വലിയ അപരാധമാണ് ആ ദര്‍ശനത്തോട് ചെയ്തത്. പക്ഷേ പാശ്ചാത്യന്‍ ചിന്തകന്‍മാര്‍ ഒരു സാമ്പ്രദായിക രീതിയെന്നോണം ഇന്നും അതു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിനെ വികലവല്‍ക്കരിക്കുകയും മുസ്‌ലിം വേട്ടക്ക് ധാര്‍മികതയുടെ മറപിടിക്കുകയും ചെയ്യുക എന്നതിനപ്പുറം ഈ ബുദ്ധിജീവി പ്രയത്‌നങ്ങള്‍ക്ക് മറ്റെന്തൊരു ധര്‍മമാണുള്ളത്. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ‘വെട്ടിനുറുക്കല്‍’ പരിപാടിക്ക് മൂന്നുപതിറ്റാണ്ടുകളായി കാലദേശ വ്യത്യാസമില്ലാതെ മുസ്‌ലിം ലോകം മറുപടി പറയാന്‍ തുടങ്ങിയിട്ട്. എന്നിട്ടും പാശ്ചാത്യലോകത്ത് ‘ഇസ്‌ലാമിക ഭീകരത’യുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന പുതിയകാല പഠനങ്ങളില്‍ പോലും ഈ ‘വെട്ടിനുറുക്കല്‍’ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മതബോധനത്തിന് ഭീകരതയെയും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന കൃത്യമായ ബോധ്യമുള്ളവരാണ് പാശ്ചാത്യന്‍ ബുദ്ധിജീവികള്‍. കാരണം മതത്തിന്റെ മേല്‍വിലാസത്തില്‍ ഭീകരതയുടെ ഏറ്റവും വലിയ അധ്യായങ്ങള്‍ ചരിത്രത്തിലെഴുതി ചേര്‍ത്തത് ക്രൈസ്തവ യൂറോപ്പായിരുന്നുവല്ലോ. ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന സഭാതത്വമായ ‘യുദ്ധവിരുദ്ധവാദം’ (ജമരശളശാെ) പില്‍ക്കാലത്ത് റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി രൂപംകൊണ്ട ‘ന്യായയുദ്ധ സിദ്ധാന്ത’ത്തിന് (ഖൗേെ ംമൃ വേലീൃ്യ) വഴിമാറിയപ്പോള്‍ ക്രൈസ്തവ യൂറോപ്പ് മനുഷ്യരക്തം കൊണ്ട് ലോകത്തെ നനക്കുകയായിരുന്നല്ലോ? ക്രിസ്താബ്ദം 430ല്‍ അന്തരിച്ച ഹിപ്പോറേജിയസിലെ ബിഷപ്പായിരുന്ന വിശുദ്ധ അഗസ്തിന്‍ രൂപപ്പെടുത്തുകയും പിന്നീട് വിശുദ്ധ തോമസ് അക്വിനാസ് വികസിപ്പിച്ചെടുക്കുകയും ചെയ്ത ‘ന്യായയുദ്ധ സിദ്ധാന്തം’ ഭീകരതയുടെ ഒരു ക്രൈസ്തവ തേര്‍വാഴ്ചയാണ് ലോകത്തിനു സമ്മാനിച്ചത്. അതിന്റെ ഏറ്റവും മൂര്‍ധന്യദശ പ്രദാനം ചെയ്തത് കുരിശുയുദ്ധകാലഘട്ടങ്ങളിലായിരുന്നു. രണ്ട് സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ സഭയുടെ പേരില്‍ നടന്ന ഈ അതിക്രമങ്ങള്‍ക്ക് 2000 മാര്‍ച്ച് 12-ാം തീയതി ഞായറാഴ്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പക്ക് ദൈവത്തോടും മനുഷ്യരോടും മാപ്പുപറയേണ്ടി വന്നു(3). ജിഹാദ് : സഹനവും സമരവും എന്ന ഗ്രന്ഥത്തില്‍ എം.എം അക്ബര്‍ ആ ചരിത്രനിമിഷങ്ങള്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
”സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നരനായാട്ട് നടന്നത് കുരിശുയുദ്ധങ്ങളോട് അനുബന്ധിച്ചായിരുന്നു. ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സിയോസ് ഒന്നാ
മന്‍, അന്നത്തെ മാര്‍പ്പാപ്പയായിരുന്ന പോപ്പ് അര്‍ബന്‍ രണ്ടാമന് തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ നിന്ന് തുടങ്ങുന്നു  കുരിശുയുദ്ധങ്ങളുടെ ചരിത്രം.  1071 ആഗസ്റ്റ് 26ന് നടന്ന മാന്‍സികെര്‍ട്ട് യുദ്ധത്തില്‍ സില്‍ജൂക്ക് തുര്‍ക്കികള്‍ ബൈസന്റയിന്‍ സൈന്യത്തെ തുരത്തുകയും അനത്തോളിയ, അര്‍മേനിയ തുടങ്ങിയ പ്രദേശങ്ങള്‍ പി
ടിച്ചെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലുളളതായിരുന്നു പ്രസ്തുത കത്ത്.  1095 നവംബര്‍ 18 മുതല്‍ 28 വരെ ഫ്രാന്‍സിലെ ക്ലെര്‍മണ്ടില്‍ വച്ച് നടന്ന സഭാദ്ധ്യക്ഷന്‍മാരുടെ സമ്മേളനത്തില്‍ 27-ാം തീയതി  പോപ്പ് തന്നെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുസ്‌ലിംകള്‍ക്കെതിരെ നടത്തേണ്ട യുദ്ധത്തെക്കുറിച്ച് സംസാരിക്കുകയും സദസ്സിനെ ആവേശഭരിതരാക്കി പ്രചോദിപ്പിക്കുകയും ചെയ്തു.  ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങള്‍ ഭരിക്കുന്ന അറബികളും തുര്‍ക്കികളുമാകുന്ന മുസ്‌ലിംകള്‍ പ്രാകൃതരാണെന്നും അതുകൊണ്ടുതന്നെ അവരെ തുരത്തേണ്ടത് ലോകത്തെങ്ങുമുളള ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്നും ഇത് ക്രിസ്തുവിന്റെ കല്‍പ്പനയാണെന്നും പ്രാകൃതരായ മുസ്‌ലിംകള്‍ക്കെതിരെയുളള യുദ്ധത്തില്‍ മരണപ്പെടുന്നവര്‍ക്ക് ഉടനടി പാപമോചനം ലഭിക്കുമെന്നും പി
ശാചുക്കളെ (demons) ആരാധിക്കുന്നവരുടെ മേല്‍ സര്‍വശക്തനായ ദൈവത്തെ പൂജിക്കുന്നവരുടെ ആധിപത്യത്തിനുവേണ്ടിയുളള നമ്മുടെ യുദ്ധത്തില്‍ ദൈവസഹായമുണ്ടാകുമെന്നും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ യുദ്ധം ചെയ്തിരുന്നവരെല്ലാം അവ നിര്‍ത്തി കാടന്‍മാര്‍ക്കെതിരെ(barbarians)യുളള ഈ യുദ്ധത്തിനുവേണ്ടി ഐക്യപ്പെടണമെന്നും മാര്‍പ്പാപ്പ ആഹ്വാനം  ചെയ്തു.
മാര്‍പ്പാപ്പയുടെ പ്രസംഗത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 1096 ആഗസ്റ്റ് 15ന് ഫ്രാന്‍സില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമായി സന്യാസിയായ പത്രോസിന്റെ (Peter the hermit) നേതൃത്വത്തില്‍ 35000ത്തോളം വരുന്ന വലിയൊരു ക്രൈസ്തവ സംഘം കോണ്‍സ്റ്റന്റിനോപ്പിളിലേയ്ക്ക് മാര്‍ച്ച് ചെയ്തു. വഴിയില്‍ കണ്ടവരെയെല്ലാം കൊന്നൊടുക്കിയും സാധാരണക്കാരെ ക്രൂരമായി പീഡിപ്പിച്ചും കൊണ്ടാണ് കുരിശുപടയാളികള്‍ മുന്നോട്ടു നീങ്ങിയത്. മൈല്‍ഗ്രേഡില്‍ വച്ച് ഹംഗറിക്കാരുമായി അവര്‍ ഏറ്റുമുട്ടി; സ്‌പ്രെയറിലും മോംസിലും മെയിന്‍സിലുമുളള ജൂതന്മാരെ കൂട്ടക്കൊല നടത്തി. 1092ലെ മാലിക്ഷാ ഒന്നാമന്റെ മരണത്തിനുശേഷം ശിഥിലമായ സില്‍ജൂക്ക് തുര്‍ക്കി സാമ്രാജ്യത്തിന്റെ പതിതാവസ്ഥയെ മുതലെടുത്ത് കുരിശ് യോദ്ധാക്കള്‍ മുസ്‌ലിം നാടുകളിലേയ്ക്ക് ഇരച്ചു കയറുകയും അവിടങ്ങളില്‍ ക്രൂരതകൊണ്ട് സംഹാരതാണ്ഡവമാടുകയും ചെയ്തു. ക്രിസ്താബ്ദം 638ല്‍ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലം മുതല്‍ മുസ്‌ലിംകള്‍ ഭരിച്ചിരുന്ന ജറുസലെം അങ്ങനെ 1099 ജൂലൈ 15ന്, ഫാത്വിമിയ്യാക്കളുടെ കൈകളില്‍ നിന്ന് കുരിശുയോദ്ധാക്കള്‍ പിടിച്ചടക്കി.
ഒന്നാമത്തെ കുരിശുയുദ്ധത്തിനു മുതല്‍ കൂട്ടക്കൊലകളുടെയും ക്രൂരതകളുടെയും ചരിത്രമാണ് പറയാനുളളത്. പടയാളികളെ മാത്രമായിരുന്നില്ല കുരിശുയോദ്ധാക്കള്‍ കൊന്നൊടുക്കിയത്. പ്രത്യുത സാധാരണക്കാരെകൂടിയായിരുന്നു. കുരിശുയുദ്ധത്തിനു മുമ്പ് ജറുസലേം നഗരത്തിലെ ജനസംഖ്യ എഴുപതിനായിരമായിരുന്നെങ്കില്‍ യുദ്ധം കാരണത്താല്‍ അത് മുപ്പതിനായിരമായി ചുരുങ്ങിയെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. നഗരത്തിലെ പകുതിയിലധികം പേരെയും കുരിശുയോദ്ധാക്കള്‍ കൊന്നുവെന്നര്‍ത്ഥം.
മസ്ജിദുല്‍ അക്വ്‌സയുടെ ഉളളില്‍ അഭയം തേടിയവരെയൊ സ്ത്രീകളേയോ കുട്ടികളേയോ അവര്‍ വെറുതെ വിട്ടില്ല. കണ്ണില്‍ കണ്ട എല്ലാവരെയും അവര്‍ കൊന്നൊടുക്കി. സിനഗോഗുകള്‍ക്കകത്ത് ജൂതന്മാര്‍ ഒളിച്ചപ്പോള്‍ അവരെ അതിനുളളിലിട്ട് പൂട്ടി അവര്‍ സിനഗോഗുകള്‍ക്ക് തീ വച്ചു.  യുദ്ധത്തില്‍ ബന്ദികളായി പിടിച്ചവരെയെല്ലാം കുരിശുയോദ്ധാക്കള്‍ കൂട്ടക്കൊല ചെയ്തു.  തലകളുടെയും കൈകളുടെയും കാലുകളുടെയും കൂമ്പാരങ്ങളായിരുന്നു ജെറുസലേം നഗരത്തിലെന്നും അവയ്ക്കിടയിലൂടെ ഒരു പരവതാനിയില്‍ എന്നതുപോലെ നടന്നുല്ലസിക്കുകയായിരുന്നു കുരിശുയോദ്ധാക്കളെന്നും ”നമുക്ക് വേണ്ടി കര്‍ത്താവ് ഈ ദിവസം ഒരുക്കിത്തന്നിരിക്കുന്നത് ആഹ്ലാദിക്കുവാനും സന്തോഷം പങ്കിടുവാനുമാണ്” എന്ന് പ്രഖ്യാപിച്ച കുരിശുയോദ്ധാവായ അഗ്വിലേഴ്‌സ്‌കാരന്‍ റെയ്മണ്ട് രേഖപ്പെടുത്തുന്നുണ്ട്. കുരിശു യുദ്ധത്തെക്കുറിച്ച് എഴുതപ്പെട്ട ലത്തീന്‍ ദിനവൃത്താന്തമായ ജെസ്റ്റ ഫ്രാന്‍ കോറം (Gesta Fran corum ഫ്രാങ്കകളുടെ ചെയ്തികള്‍)യിലെ വരികള്‍ കാണുക. ‘നമ്മുടെയാളുകള്‍ സോളമന്റെ ദേവാലയത്തിനടുത്തു വച്ചുപോലും ആളുകളെ വെറുതെ വിട്ടില്ല. അവരെയെല്ലാം കൂട്ടക്കൊല ചെയ്തു. നെരിയാണിവരെ മുങ്ങുന്ന രക്തപ്പുഴയിലൂടെ നീന്തിയാണ് അവരിതെല്ലാം ചെയ്തത്. പ്രാകൃതന്മാരെ കീഴടക്കിയതിനുശേഷം നമ്മുടെ ആള്‍ക്കാര്‍ അവരിലെ സ്ത്രീകളെയും കുട്ടികളെയുമടക്കം എല്ലാവരേയും ബന്ദികളാക്കി.  ഓരോരുത്തരും ഇഷ്ടപ്രകാരം ബന്ദികളെ കൊല്ലുകയോ അടിമകളാക്കിത്തീര്‍ക്കുകയോ ചെയ്തു’.
സോളമന്റെ ദേവാലയത്തില്‍ വച്ച് നടന്ന കൂട്ടക്കൊലയെപ്പറ്റി ചര്‍ട്രസുകാരനായ ഫുള്‍ച്ചര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്.  ‘ഈ ദേവാലയത്തില്‍ വച്ച് മാത്രം പതിനായിരം പേര്‍ കൊല്ലപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കണ്ടിരുന്നെങ്കില്‍ കൊല്ലപ്പെട്ടവരുടെ ചേരയാല്‍ ഞങ്ങളുടെയെല്ലാം കണങ്കാലുകള്‍ ചുവന്നത് നിങ്ങള്‍ക്ക് കാണാമായിരുന്നു.  സ്ത്രീകളെയും കുട്ടികളെയുമടക്കം ഒരാളെയും ഞങ്ങള്‍ വെറുതെ വിട്ടില്ല.’
ദേവാലയത്തിലും സോളമന്റെ വരാന്തയിലും കൂടി അവരുടെ മുട്ടുവരെ നിറഞ്ഞ ചോരയിലൂടെ ചോരപുരണ്ട കടിഞ്ഞാണ്‍ പി
ടിച്ച് ജനം സവാരി നടത്തിയെന്ന കുരിശുയോദ്ധാവിന്റെ ദൃക്‌സാക്ഷ്യം സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നുണ്ട്.  സിനഗോഗുകള്‍ക്കകത്ത് അഭയം പ്രാപിച്ച ജൂതന്മാരെ അതിനുളളില്‍ പൂട്ടിയിട്ട് അതിന് തീകൊളുത്തിയശേഷം അഗ്നിസ്ഫിലിംഗങ്ങള്‍ ഉയര്‍ന്നു പൊങ്ങിയപ്പോള്‍ അതിനുചുറ്റും ആനന്ദനൃത്തമാടിക്കൊണ്ട് കുരിശുയോദ്ധാക്കള്‍ പാ
ടി. ‘ക്രിസ്തുവേ…. നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു. നീയാണ് ഞങ്ങളുടെ വെളിച്ചം. നീയാണ് ഞങ്ങളുടെ ദിശ. നീയാണ് ഞങ്ങളുടെ സ്‌നേഹം.” (പേജ് : 147 -151)
രണ്ട് സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ സഭ
യുടെ പേരില്‍ നടന്ന അതിക്രമങ്ങള്‍, മതത്തിന്റെ മേല്‍വിലാസത്തിലുള്ള ഭീകരതയുടെ കൈമാറ്റം എത്രമാത്രം മനുഷ്യത്വരഹിതമായിരിക്കുമെന്ന തിരിച്ചറിവ് യൂറോപ്യ
ന്‍ സമൂഹത്തിന് പകര്‍ന്നു നില്‍കിയിട്ടുണ്ട്. ആ തിരിച്ചറിവിനെ ഇസ്‌ലാമിന്റെ കാര്യത്തില്‍ ഉപയോഗപ്പെടുത്തുകയാണ് പാ
ശ്ചാത്യ ചിന്തകന്‍മാര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളെ ‘വെട്ടിനുറുക്കി’ അതില്‍നിന്നും ഭീകരതയുടെ ‘തെളിവു’കള്‍ നിര്‍ദ്ദരിച്ചെടുക്കുമ്പോള്‍ പാശ്ചാത്യസമൂഹം അതിന് കാതുകൊടുക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. അക്രമിയില്‍ കാണുന്ന ഒരുതരം പ്രത്യാക്രമണഭയം ആ സമൂഹത്തില്‍ വേരുറച്ചിരിക്കുകയാണ്. ആ ഭയത്തെ ഉദ്ദീപി
പ്പിക്കുവാന്‍ പാശ്ചാത്യന്‍ ബുദ്ധിജീവികളുടെ ‘വെട്ടിനുറുക്കല്‍’ പ്രക്രിയ കൊണ്ട് നല്ലപോലെ സാധ്യമാകുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് മൂന്നു പതിറ്റാണ്ടുകളായി, കാല-ദേശ വ്യത്യാസമില്ലാതെ മുസ്‌ലിം സമൂഹം ഭീകരതയുടെ ‘ഇസ്‌ലാമിക തെളിവു’കള്‍ക്ക് മറുപടി പറഞ്ഞിട്ടും പാശ്ചാത്യന്‍ ചിന്തകന്‍മാര്‍ ഇന്നും അതു നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഭീകരവല്‍ക്കരണത്തിന്റെ
‘നിഷ്പക്ഷ’ രീതി
ഇസ്‌ലാമിനെ ഭീകരവല്‍ക്കരിക്കുന്നതിന് പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ ചില ‘നിഷ്പക്ഷ’ രീതികള്‍ അവലംബിക്കാറുണ്ട്. ഇസ്‌ലാമിനെ സമ്പൂര്‍ണമായും ഭീകരതയുടെ പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുന്നതിനുപകരം, ഭീകരതയുടെ മൂലകാരണം ഇസ്‌ലാമില്‍ നിലനര്‍ത്തിക്കൊണ്ട് അതിലെ അവാന്തര വിഭാഗീയതയെ ഉപയോഗപ്പെടുത്തുകയാണ് അതില്‍ പ്രധാനപ്പെട്ടത്. ഭീകരതക്ക് കടന്നുവരാന്‍ ഇസ്‌ലാം ബാക്കിവെച്ച പഴുതുകളെ ഉപയോഗിച്ചുകൊണ്ട് രൂപപ്പെട്ടുവന്ന അതിലെ ചില അവാന്തര വിഭാഗങ്ങളാണ് ഭീകരതയുടെ യഥാര്‍ത്ഥ കാരണമെന്ന ഗവേഷണ പഠനങ്ങള്‍ പാശ്ചാത്യലോകത്ത് പ്രത്യക്ഷപ്പെടാനാരംഭിച്ചു. നേര്‍ക്കുനേരെയുള്ള സമ്പൂര്‍ണ ഭീകരവല്‍ക്കരണത്തില്‍നിന്നും അവാന്തര വിഭാഗീയതയെ ഉപയോഗിച്ചുകൊണ്ടുള്ള ഭീകരവല്‍ക്കരണത്തിന് ചില നേട്ടങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ നേട്ടം അത്തരം ഗവേഷണങ്ങള്‍ക്ക് ഒരുതരം നിഷ്പക്ഷ ഭാവം പ്രകടമാക്കാന്‍ സാധിക്കുമെന്നതായിരുന്നു. കൊണ്ടത് ഇസ്‌ലാമിനാണെങ്കിലും എറിഞ്ഞത് ഇസ്‌ലാമിനെയല്ലെന്നു വരുത്തിതീര്‍ക്കാന്‍ ആ രീതികൊണ്ട് സാധിക്കുമെന്നര്‍ത്ഥം. മാത്രമല്ല ഭീകരതയുടെ വേരുകള്‍ തേടിയുള്ള നിഷ്പക്ഷമായ അന്വേഷണങ്ങളെ സ്വാധീനിക്കാന്‍ ആ രീതികൊണ്ട് സാധിക്കുമെന്നതാണ് അതുകൊണ്ടുണ്ടായ മറ്റൊരു നേട്ടം. അതിന്റെ അനുരണനങ്ങള്‍ ഇന്നു സാര്‍വത്രികമാണ്. പാശ്ചാത്യ-പൗരസ്ത്യ വ്യത്യാസമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ഏതൊരു പഠനത്തിലും ആ ‘നിഷ്പക്ഷ’രീതിയുടെ സ്വാധീനം പ്രകടമായിരിക്കുന്നു. ഇസ്‌ലാമിലെ ഏതെങ്കിലും അവാന്തര വിഭാഗങ്ങളെ അടയാളപ്പെടുത്താതെ, ഭീകരതയുടെ വേരുകള്‍ ഇന്ന് ‘ഗവേഷണം’ ചെയ്യപ്പെടുന്നില്ല. ആ ‘നിഷ്പക്ഷ’രീതിയുടെ ഏറ്റവും വലിയ നേട്ടം, മുസ്‌ലിം ലോകത്തുപോലും അതിന് സ്വീകാര്യതയുണ്ടായെന്നതാണ്. ഒരു വിഭാഗത്തിനുമേല്‍ ഭീകരതയുടെ ‘ചാര്‍ജ് ഷീറ്റ്’ എഴുതപ്പെടുമ്പോള്‍ മറ്റുവിഭാഗങ്ങള്‍ കൈയ്യടിച്ചതിനെ സ്വാഗതം ചെയ്തു. ‘ചാര്‍ജ് ഷീറ്റു’കള്‍ തങ്ങള്‍ക്കുനേരെ വായിക്കപ്പെട്ടപ്പോഴാണ് കെണിയുടെ മുറുക്കം ഓരോ വിഭാഗങ്ങളും അറിഞ്ഞുതുടങ്ങിയത്.
പ്രാരംഭഘട്ടത്തില്‍ പാശ്ചാത്യന്‍ ബുദ്ധിജീവികളുടെ ഈ ‘നിഷ്പക്ഷ’ ഗവേഷണം കറങ്ങിത്തിരിഞ്ഞിരുന്നത് ശിയാഇസത്തിനു ചുറ്റുമായിരുന്നു. അന്നു ഭീകരതയുടെ മൂലകാരണമായി അടയാളപ്പെടുത്തപ്പെട്ടത് ശിഈ ചിന്താധാരയായിരുന്നു. ‘ഇറാന്‍ വിപ്ലവത്തിനുശേഷം ഇസ്‌ലാമും പടിഞ്ഞാറും തമ്മില്‍ ഒരു സാംസ്‌കാരിക യുദ്ധം ആരംഭിച്ചു’ എന്ന് ‘ദി ക്ലാഷ് ഓഫ് സിവിലൈസേഷനി’ല്‍ സാമുവല്‍ പി ഹണ്ടിംഗ്ടണ്‍ എഴുതുകയുണ്ടായി(4). അമേരിക്കന്‍ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമായ ഒരു വിദേശനയം സ്വീകരിക്കാന്‍ ദൃഢചിത്തമായ ഒരു ഭരണക്രമത്തെയാണ് ഇറാന്‍ വിപ്ലവം സൃഷ്ടിച്ചതെന്ന അമേരിക്കയുടെ ‘തിരിച്ചറിവ’ായിരുന്നു, ശിഈ ചിന്താധാരയെ ഭീകരതയുടെ മൂലകാരണമായി അവതരിപ്പിക്കാന്‍ പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങള്‍ ശ്രമിച്ചതിന്റെ യഥാര്‍ത്ഥ കാരണം. ശിഈ ചിന്താധാരയില്‍ മുഴച്ചുനിന്നിരുന്ന ‘മതരാഷ്ട്രവാദ’ചിന്തകള്‍ പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ടെഹ്‌റാനില്‍ യു.എസ് എംബസികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഇറാനെതിരെ തിരിയാനുള്ള രാഷ്ട്രീയ പിടിവള്ളിയായി അമേരിക്ക ഉപയോഗപ്പെടുത്തുകയും ചെയ്തു.
പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങള്‍ കേന്ദ്രീകരിച്ച മറ്റൊരു ചിന്താധാരയായിരുന്നു മൗദൂദി-ഖുത്തുബ് ഇസ്‌ലാമിസ്റ്റ് ചിന്താധാര. ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരം തേടിയുള്ള ഒട്ടുമിക്ക പഠനങ്ങളിലും ഗവേഷണങ്ങളിലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് ഈ ‘ഇസ്‌ലാമിസ്റ്റ്’ ചിന്താധാരയായിരുന്നു. ‘ഉസാമ ബിന്‍ ലാദന്റെയും സഹഭീകരവാദികളുടെയും ബൗദ്ധിക പിതാമഹന്‍’ എന്നാണ് റോബര്‍ട്ട് വര്‍ത്ത് സയ്യിദ് ഖുത്തുബിനെ വിശേഷിപ്പിച്ചത്(5). ‘ഒരു സാര്‍വലൗകിക ജിഹാദിന് ആദ്യമായി ആഹ്വാനം ചെയ്ത’ വ്യക്തിയായാണ് അബുല്‍ അഅ്‌ല മൗദൂദിയെ മഹമൂദ് മംദാനി അടയാളപ്പെടുത്തിയത്(6). ഇസ്‌ലാമിസ്റ്റ് ചിന്താധാരയില്‍ തെളിഞ്ഞു നിന്നിരുന്ന ‘മതരാഷ്ട്രവാദ’ചിന്തകളെ – പ്രത്യേകിച്ച് ‘ഹാക്വിമിയത്ത്’ വാദം – ഭീകരതയുടെ മൂലകാരണമായി അതിനെ അവതരിപ്പിക്കാനുള്ള ‘തുരുപ്പുചീട്ടായി’ പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ ഉപയോഗപ്പെടുത്തി. അല്‍ ക്വാഇദയുടെ പരമോന്നത നേതാക്കളായ ഉസാമ ബിന്‍ ലാദന്റെ ഗുരുപരമ്പരകളും, അയ്മന്‍ അല്‍ സവാഹിരിയുടെ ഈജിപ്ഷ്യന്‍ വേരുകളും ചെന്നെത്തിയത് ‘ഇസ്‌ലാമിസ്റ്റ്’ ചിന്താധാരയുടെ സൈദ്ധാന്തികന്‍മാരിലായതും പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങള്‍ക്ക് സ്വീകാര്യത നേടിക്കൊടുത്തു. ആഗോള ഭീകരതയുടെ മൂലകാരണമായി ‘ഇസ്‌ലാമിസ്റ്റ്’ ചിന്താധാര അടിവരയിടപ്പെട്ടു.
‘ഇസ്‌ലാമിക’ ഭീകരതയുടെ മൂലകാരണമായി പലഘട്ടങ്ങളിലും അവതരിപ്പിക്കപ്പെട്ട ചിന്താധാരയാണ് സൂഫിസം. അല്‍ ക്വാഇദയുടെയും താലിബാന്റെയും ‘ജിഹാദ്’ സങ്കല്‍പം നരൂപണവിധേയമാക്കപ്പെട്ട പല പഠനങ്ങളിലും സൂഫിസം അതില്‍ ചെലുത്തിയ സ്വാധീനം നിരീക്ഷണവിധേയമാക്കപ്പെട്ടിട്ടുണ്ട്. ന്യുയോര്‍ക്കിലെ ന്യു സ്‌ക്കൂള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫയ്‌സ്വല്‍ ദേവ്ജി അദ്ദേഹത്തിന്റെ ‘ലാന്‍ഡ് സ്‌കെയ്പ്
സ് ഓഫ് ദി ജിഹാദ്: : മിലിറ്റന്‍സി, മൊറാലിറ്റി, മോഡേണിറ്റി’ എന്ന ഗ്രന്ഥത്തില്‍ ഭീകരതയുടെ സൂഫി ‘സാന്നിധ്യം’ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
”സൗദി അടക്കമുള്ള മധ്യേഷന്‍ രാജ്യങ്ങളില്‍ നിന്ന് മറ്റ് ദേശങ്ങളിലേക്ക് ഇറക്കമുതി ചെയ്യപ്പെടുന്ന ഒന്നായി ഈ പുതിയ ആഗോളപ്രതിഭാസത്തെ നിര്‍വചിക്കുന്നതിന്റെ പ്രശ്‌നങ്ങളെയാണ് ഞാന്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത്. താലിബാന്റെ കാര്യത്തിലേക്കു വരാം. ദയൂബന്ദി വേരുകളുണ്ടെന്ന് വിശേഷിക്കപ്പെടുന്ന താലിബാന്റെ ഇസ്‌ലാം സഊദി ഇസ്‌ലാം ആണോ? താലിബാന്‍ നേതാവ് മുല്ല ഉമര്‍ കന്ദഹാറില്‍ പ്രവാചകന്‍ ഉപയോഗിച്ചതെന്നു പറയുന്ന ഒരു വസ്ത്രം ധരിച്ചു പ്രത്യക്ഷപ്പെട്ട് താന്‍ അമീറുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ നേതാവ്/ഖലീഫ) ആണെന്ന് പ്രഖ്യാപി
ച്ചതിനെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും അര്‍ത്ഥത്തില്‍ ഒരു വഹ്ഹാബി രീതിയാണോ? അല്ല. തീര്‍ച്ചയായും അത് ഒരു സ്വൂഫി-ശിആ പിന്തുടര്‍ച്ചയാണ്. പ്രവാചകന്‍ തന്റെ വസ്ത്രം തന്റെ കുടുംബാം
ഗങ്ങളെ അണിയിച്ചുവെന്നും അതിനാ
ല്‍ അവരുടെ സന്തതി പരമ്പരയ്ക്കാണ് ഖിലാഫത്തിനുള്ള അധികാരം എന്നുമുള്ള ശീആ സങ്കല്‍പം പ്രസിദ്ധമാണ്. മാത്രവുമല്ല, തനിക്ക് സ്വപ്‌നങ്ങള്‍ വഴി ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നും മുല്ലാ ഉമര്‍ അഭിപ്രായപ്പെട്ടു. ‘സലഫി’ ഇസ്‌ലാം ഇത്തരം യാതൊരു ധാരണയും പങ്കുവെക്കുന്നില്ലെന്ന കാര്യം സ്പഷ്ടമാണ്. താലിബാന്‍ പ്രാദേശിക സ്വൂഫി ഇസ്‌ലാമിനെ അതിന്റെ അറബ് അംഗങ്ങളിലൂടെ കയറ്റുമതി ചെയ്യുന്നുവെന്നായിരിക്കും, സഊദി ഇസ്‌ലാമിനെ ഇറക്കുമതി ചെയ്യുന്നുവെന്നാകില്ല ഇക്കാര്യത്തെക്കുറിച്ച് പറയേണ്ടി വരിക”.
”അഫ്ഗാനില്‍ പോരാട്ടത്തിനുവന്ന ഒരു ഇന്തോനേഷ്യന്‍ മുസ്‌ലിം, താലിബാന്‍ ‘സ്വൂഫി’ ആണെന്നും സ്വപ്‌നങ്ങളെയും ഭ്രമകല്‍പനകളെയും പിന്തുടരുന്നുവെന്നും തന്നോട് പറഞ്ഞത് ജെസീക്കാ സ്റ്റേണ്‍ തന്റെ ‘ടെവര്‍ ഇന്‍ ദി നെയിം ഓഫ് ഗോഡ്’ എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നത് ഇക്കാരണത്താല്‍ സ്മരണീയമാണ്”.
”അല്‍ ക്വാഇദ ജിഹാദിന് കൊളോണിയല്‍ കാലഘട്ടത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ മിസ്റ്റിക് സ്വൂഫി കലാപങ്ങളുമായുള്ള സാധര്‍മ്യം നിഷേധിക്കുക സാധ്യമല്ല തന്നെ. ആ കലാപങ്ങളില്‍ നിന്നാണ് പല നിലക്കും ഇപ്പോഴതത്തെ ജിഹാദ് സങ്കല്‍പം രൂപപ്പെട്ടിരിക്കുന്നതും. അല്‍ ക്വാഇദയ്ക്ക് ഒരു മതകൂട്ടായ്മ എന്ന നിലയില്‍ ഘടനാപരമായി തന്നെ സ്വൂഫി കൂട്ടായ്മകളുമായുള്ള സാദൃശ്യം, അത് അതിന്റെ വക്താക്കള്‍ തന്നെ നിഷേധിച്ചാല്‍ പോലും വളരെ വ്യക്തമാണ്”.
”ജിഹാദ് നിര്‍വഹിക്കേണ്ടത് രാഷ്ട്രത്തിന്റെ സൈന്യമാണ് എന്ന സങ്കല്‍പത്തില്‍ നിന്നുമാറി അത് വ്യക്തികളുടെ/ഗ്രൂപ്പുകളുടെ ഉത്തരവാദിത്തമാക്കുന്ന അല്‍ ക്വാഇദാ രീതിയും സ്വൂഫീ സൈനിക സംഘങ്ങളുടേതാണ്. സായുധ ജിഹാദ് ഇസ്‌ലാമിക രാഷ്ട്ര നേതൃത്വം ആവശ്യമായ ഘട്ടത്തില്‍ ചെയ്യേണ്ടതാണെന്നും വ്യക്തികള്‍ക്ക് അതിന് അധികാരമില്ലെന്നുമാണ് പരമ്പരാഗത ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ കര്‍ക്കശമായ നിലപാട്. ജിഹാദിനെ വൈയക്തികോത്തരവാദിത്തമാക്കി പ്രഖ്യാപിക്കുകയും വിവിധ നാടുകളിലെ അധികാരമില്ലാത്ത പ്രജകളായ സാധാരണ മുസ്‌ലിംകളെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന അല്‍ ക്വാഇദാ രീതി ഈ കര്‍മശാസ്ത്ര നിലപാടിന്റെ നിരാകരണമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ നിരാകരണത്തിന് പൂര്‍വമാതൃകകളുള്ളത് സ്വൂഫീ പാരമ്പര്യത്തിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രത്തിനും സൈന്യത്തിനും
പകരം സാധാരണക്കാര്‍ ആയുധം കയ്യിലെടുക്കുന്ന സമാന്തര ജിഹാദിന്റെ ഏറ്റവും ജനകീയമായ സന്ദര്‍ഭങ്ങളെല്ലാമുള്ളത് സ്വൂഫീ ചരിത്രത്തിലാണ്. ആ ‘ജിഹാദു’കള്‍ക്ക് നേതൃത്വം നല്‍കിയ വിശുദ്ധരുടെ ശവകുടീരങ്ങള്‍ സ്വൂഫീ മുസ്‌ലിംകളുടെ തീര്‍ത്ഥാടക കേന്ദ്രങ്ങളായി നിലകൊള്ളുന്നു”.
”അല്‍ ക്വാഇദയുടെ അണികള്‍ ഉസാമ
ബിന്‍ ലാദനെ ഒരു ‘ആത്മീയ നേതാവ് ആയാണ് പരിഗണിക്കുന്നത് എന്ന കാര്യം തന്നെ അതിന്റെ ഘടനാപരമായ സ്വൂഫീ സ്വഭാവത്തെ അനാവരണം ചെയ്യുന്നുണ്ട്.”(7)
ഭീകരതയുടെ മൂലകാരണം തേടിയുളള
പഠനങ്ങളില്‍ നിന്ന് സ്വൂഫിസവും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ലെന്ന് ഇതുപോലുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഉസാമ ബിന്‍ ലാദന്റെ സൗദി വേരുകളും ഐ.എസിന്റെ രംഗപ്രവേശനവും സലഫി ചന്താധാരയെ ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരമായി അവതരിപ്പിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് എന്ന സംഘടനയുടെ ഇസ്‌ലാം ആന്റ് ഡെമോക്രസി പ്രോജക്ടിന്റെ ഡയറക്ടറായ സ്റ്റീഫന്‍ ഷ്വാര്‍ട്‌സ് അവകാശപ്പെട്ടത്, ഭീകരതയുടെ വേരുകള്‍ നിലകൊള്ളുന്നത് വഹ്ഹാബി (സലഫി) എന്ന ഒരു പ്രത്യേക ഇസ്‌ലാമിക വിഭാഗത്തിലാണെന്നാണ്(8). ഭീകരതയുടെ ഐ.എസ് കാലഘട്ടത്തില്‍ പു
റത്തിറങ്ങിയ പല പഠനങ്ങളും ഭീകരതയുടെ മൂലകാരണം സലഫി ഇസ്‌ലാമില്‍ തിരയുന്നുണ്ട്. ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നിരോധിക്കപ്പെട്ട സാഹചര്യങ്ങളില്‍ നാടുകടത്തപ്പെട്ട ‘ഇസ്‌ലാമിസ്റ്റ്’ ചിന്തകന്‍മാര്‍, സഊദി അറേബ്യ അടക്കമുള്ള, സലഫി ചിന്താധാരക്ക് ഏറെ ജനസ്വാധീനമുള്ള രാഷ്ട്രങ്ങളില്‍ അഭയാര്‍ത്ഥികളായി എത്തപ്പെട്ടിരുന്നു. നല്ലനിലയില്‍ തന്നെ ആ രാഷ്ട്രങ്ങളില്‍ അവര്‍ സ്വീകരിക്കപ്പെട്ടു. അവരില്‍ പലരും അവിടത്തെ യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകന്‍മാരായി നിയോഗിക്കപ്പെടുകയും ചെയ്തു. ഈ ചരിത്രസന്ധി സലഫി ചിന്താധാരയില്‍ ‘ഇസ്‌ലാമിസ്റ്റ്’ ചിന്താധാരക്ക് സ്വാധീനമുറപ്പിക്കാനും അതുവഴി ‘മതരാഷ്ട്രവാദ’ചിന്തകള്‍ സലഫി ഇസ്‌ലാമില്‍ കടന്നുകൂടാനും കാരണമായെന്നാണ്, ഭീകരതയുടെ പ്രത്യയശാസ്ത്ര വേരുകള്‍ തേടിയുള്ള പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങള്‍ പലതും ഊന്നി പറയുന്നത്. സായുധ ജിഹാദ് നിര്‍വഹിക്കേണ്ടത് രാഷ്ട്രത്തിന്റെ സൈന്യമാണെന്ന ഇസ്‌ലാമിന്റെ കര്‍മശാസ്ത്രപരമായ കാര്‍ക്കശ്യത്തെ നിരാകരിച്ചുകൊണ്ട് അത് വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും കൂടി ബാധകമാക്കുന്ന ചിന്താഗതി ചില സലഫി സംഘങ്ങളില്‍ രൂപപ്പെട്ടത് അതില്‍ കടന്നുകൂടിയ ‘ഇസ്‌ലാമിസ്റ്റ്’ ചിന്താധാരയുടെ സ്വാധീനത്തെയാണ് അടയാളപ്പെടുത്തുന്നതെന്നാണ് പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങള്‍ മുന്നോട്ടുവെക്കുന്ന നിഗമനങ്ങള്‍. യമന്‍ പോ
ലുള്ള രാഷ്ട്രങ്ങളിലെ ചില സലഫി സംഘങ്ങള്‍ ‘ഇസ്‌ലാമിസ്റ്റ്’ ചിന്താധാരയുടെ ‘ഹാക്വിമിയ്യത്ത്’ വാദവും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് അത്തരം ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതായാലും മറ്റിതര ചിന്താധാരകളെ പോലെ സലഫി ചിന്താധാരക്കും ഭീകരതയുടെ ‘ചാര്‍ജ്ജ് ഷീറ്റ്’ നല്‍കപ്പെട്ടു കഴിഞ്ഞു.
ഭീകരതയുടെ പ്രത്യയശാസ്ത്ര വേരുകള്‍ തേടി ഒട്ടുമിക്ക ഇസ്‌ലാമിക ചിന്താധാരകളുടെ ‘പുറംപോക്കു’കളിലും പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങള്‍ കയറിയിറങ്ങിയിട്ടുണ്ട്. ഇസ്‌ലാമിലെ ഇന്നു നിലനില്‍ക്കുന്ന മുഖ്യധാര അവാന്തര വിഭാഗങ്ങള്‍ക്കെല്ലാമെതിരെ പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ ഭീകരതയുടെ ‘ചാര്‍ജ് ഷീറ്റ്’ എഴുതിയിട്ടുണ്ടെന്നര്‍ത്ഥം. ആഗോള ‘ഇസ്‌ലാമിക’ ഭീകരത ഒരു പ്രത്യയശാസ്ത്ര നിര്‍മിതിയാണോ? അതല്ല നിര്‍മിതിക്കുശേഷം പ്രത്യയശാസ്ത്ര പരിസരം തേടിയതാണോ? എന്ന ചിന്ത പ്രസക്തമാകുന്നത് ഇവിടെയാണ്. എത്ര വലിച്ചുനീട്ടി വിശദീകരിച്ചാലും ഭീകരതയുടെ പ്രതയശാസ്ത്ര പരിസരമായി അവതരിപ്പിക്കപ്പെട്ട ഇസ്‌ലാമിക ചിന്താധാരകള്‍, ആഗോള ഭീകരതക്ക് സൈദ്ധാന്തിക ന്യായീകരണത്തിന് ഒരിടം കൊടുത്തു എന്നതിനപ്പുറം അതിന്റെ നിര്‍മിതിക്കു കാരണമായി എന്നു പറയാനാവില്ല. ദേശരാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളില്‍ സംഘടിപ്പിക്കപ്പെടുന്ന കലാപങ്ങള്‍ക്കപ്പുറം ഭീകരതയുടെ ഒരു ആഗോള ആധാര ഘടന സൃഷ്ടിക്കാന്‍ മാത്രം അതിന് കരുത്തുണ്ടായിരുന്നില്ല. ആ കരുത്ത് അവയ്ക്ക് നല്‍കിയത് വാസ്തവത്തില്‍ അഫ്ഗാന്‍ ജിഹാദായിരുന്നു. മഹമൂദ് മംദാനി വിശദീകരിക്കുന്നു. ”അഫ്ഗാന്‍ യുദ്ധത്തിനു മുമ്പ് ചിതറിക്കിടന്നിരുന്ന ചില ചെറു വിഭാഗങ്ങളില്‍ ഒതുങ്ങിയിരുന്ന വലതുപക്ഷ ഇസ്‌ലാമിസം അല്ലെങ്കില്‍ പ്രത്യയശാസ്ത്രപരമായ ആ പ്രവണത 9/11നുശേഷം ഒരു ആഗോള കേന്ദ്രസ്ഥാനം കൈവരിക്കാനിടയായത് എങ്ങനെയാണ്? ഇതിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത് അഫ്ഗാന്‍ ജിഹാദിലാണ്. ഒരു സംഘടനയും ആവശ്യമായത്ര ആളുകളെയും സാങ്കേതികവിദ്യയും വ്യാപ്തിയും ആത്മവിശ്വാസവും സര്‍വോപരി ഒരു ലക്ഷ്യബോധവും അഫ്ഗാന്‍ ജിഹാദ് അതിനു പ്രദാനം ചെയ്തു. അഫ്ഗാന്‍ ജിഹാദിനു മുമ്പ് വലതുപക്ഷ ഇസ്‌ലാം രണ്ടു ക്യാമ്പുകളിലായി വിഭജിക്കപ്പെട്ടിരുന്നു. സഊദി അറേബ്യയിലെയും പാകിസ്ഥാനിലെയും പോലെ അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങളുമായി താദാത്മ്യം പ്രാപിച്ച ഒരു വിഭാഗവും പാലസ്തീനുകളെ വഞ്ചിച്ച അമേരിക്കന്‍ പാവകളായി കാണപ്പെട്ട ഇതേ ഭരണകൂടത്തിനെതിരായ രണ്ടാമത്തെ വിഭാഗവും. എന്നാല്‍ രാഷ്ട്രീയ സംഘടനകള്‍ രൂപീകരിക്കുകയും സാധാരണ ജനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്ത ഇസ്‌ലാമുകളില്‍ നിന്നു വ്യത്യസ്തമായി നഗരങ്ങളിലെ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ ഒഴിച്ചാല്‍ വലതുപക്ഷക്കാര്‍ക്കും പ്രത്യേക കര്‍മപരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല. ജനകീയ സംഘടനകളില്‍ നിന്നു ശക്തി നുകരാനുള്ള ഉള്‍പ്രേരണയോ മറ്റ് ഉറവിടങ്ങളില്‍ നിന്നു ശക്തി സംഭരിക്കാനുള്ള സാധ്യതയോ അധികാരകേന്ദ്രങ്ങള്‍ക്കുപുറത്തുള്ള വലതുപക്ഷ ഇസ്‌ലാമിസ്റ്റുകള്‍ക്ക്, അഫ്ഗാന്‍ ജിഹാദ് വരെ ഉണ്ടായിരുന്നില്ല. ചരിത്രപരമായ ഈ ഗതികേടില്‍നിന്നു വലതുപക്ഷ ഇസ്‌ലാമിനെ കരകയറ്റിയതു റീഗന്‍ ഭരണകൂടമായിരുന്നു. വിമോചനത്തിന്റെ ഒരു ഇസ്‌ലാമിക ആധാരഘടന സൃഷ്ടിക്കുമെന്നതായിരുന്നു അമേരിക്കന്‍ ജിഹാദ് അവകാശപ്പെട്ടത്. എന്നാല്‍ അവര്‍ വാര്‍ത്തെടുത്തത് ഒരു ‘ഭീകര ആധാര ഘടന’യായിരുന്നു. ഇസ്‌ലാമിക ശൃംഖലകളില്‍ നിന്നും സമൂഹങ്ങളില്‍ നിന്നും വിഭവങ്ങള്‍ സമാഹരിക്കുമ്പോള്‍ ഇസ്‌ലാമിക പ്രതീകങ്ങളെ അവര്‍ പ്രയോജനപ്പെടുത്തി.”(9)
ശീതസമരകാലഘട്ടത്തിലെ അമേരിക്ക
ന്‍ രാഷ്ട്രീയ താല്‍പര്യങ്ങളായിരുന്നു ‘ഇസ്‌ലാമിക’ ഭീകരതയുടെ ആഗോള ആധാരഘടനയെ ലോകത്തിനു പ്രദാനം ചെയ്തത്. അതിനെ കേവലം പ്രത്യയശാസ്ത്ര പ്രവണതയില്‍ ഒതുക്കി അവതരിപ്പിക്കുന്നത് ചരിത്രത്തെ വികലീകരിക്കാനുള്ള ശ്രമം മാത്രമാണ്. ഭീകരതയുടെ പ്രത്യയശാസ്ത്ര പരിസരങ്ങളായി അവതരിപ്പിക്കപ്പെട്ട ഇസ്‌ലാമിക ചിന്താധാരകളില്‍ ചിലത് പി
ല്‍കാലഘട്ടത്തില്‍ ഭീകരതയുടെ വക്താക്കള്‍ക്ക് സൈദ്ധാന്തിക ന്യായീകരണത്തിനുള്ള ഇടം നല്‍കിയെങ്കിലും ആഗോള ഭീകരതയുടെ നിര്‍മിതി അതിന്റെ സംഭാവനയായിരുന്നില്ല. മറിച്ച് അതിന്റെ ‘മണ്ണ്’ രൂപപ്പെടുത്തിയത് അഫ്ഗാന്‍ ജിഹാദായിരുന്നു. അഥവാ അഫ്ഗാനില്‍ സോവിയറ്റ് യൂണിയനെതിരെ സംഘടിപ്പിക്കപ്പെട്ട അമേരിക്കന്‍ ജിഹാദിന്റെ ഉല്‍പന്നമായിരുന്നു അത്. ഈ ചരിത്ര യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ട് ഇസ്‌ലാമിക പ്രമാണങ്ങളിലും ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങളിലും ഭീകരതയുടെ മൂലകാരണം തേടുന്ന പാശ്ചാത്യന്‍ ‘നിഷ്പക്ഷ’ ഗവേഷണങ്ങളെ കാത്തിരിക്കുന്നത് ചരിത്രത്തിന്റെ ‘ചവറ്റുകുട്ട’കളായിരിക്കും.
(അവസാനിച്ചിട്ടില്ല)
കുറിപ്പുകള്‍
1. സ്‌നേഹസംവാദം മാസിക, 2014 ഡിസംബര്‍.
2. സ്‌നേഹസംവാദം മാസിക, 2014 ഡിസംബര്‍.
3. എം.എം അക്ബര്‍, ജിഹാദ്: സഹനവും സമരവും, ദഅ്‌വ ബുക്‌സ്.
4. Clash of  Civilization, Page 216, ഉദ്ദരിച്ചത്: ഭീകരവാദവും ഇസ്‌ലാമും കജഒ
5. ന്യൂയോര്‍ക്ക് ടൈംസ് 2001 ഒക്‌ടോബര്‍ 13,
ഉദ്ദരിച്ചത്: സെപ്റ്റംബര്‍ 11, ഇസ്‌ലാമിന് പറയാനുള്ളത്, ദഅ്‌വ ബുക്‌സ്.
6. നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം, പേജ് 54, ഡി.സി ബുക്‌സ്
7. സ്‌നേഹസംവാദം മാസിക 2016 ഓഗസ്റ്റ്
8. നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം, പേജ് 27
9. നല്ല മുസ്‌ലിം ചീത്ത മുസ്‌ലിം, പേജ് 121

Leave a Reply

Your email address will not be published. Required fields are marked *