ബീഫ് വിരോധത്തിന്റെ ബീഭത്സ മുഖങ്ങള്‍

”ഒരിക്കല്‍ രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു” (ക്വുര്‍ആന്‍ 12:43)
വിശുദ്ധ ക്വുര്‍ആന്‍ അധ്യായം യൂസുഫില്‍ രാജാവ് കണ്ട സ്വപ്‌നത്തെ പറ്റിയാണ് മേല്‍പറഞ്ഞത്. അതിന്റെ വ്യാഖ്യാനമായി പ്രവാചകന്‍ യൂസുഫ് (അ) പറയുന്നത് ഇപ്രകാരമാണ്. തടിച്ചുകൊഴുത്ത പശുക്കള്‍ സുഭിക്ഷമായ വര്‍ഷങ്ങളും മെലിഞ്ഞ പശുക്കള്‍ ക്ഷാമത്തിന്റെ വര്‍ഷങ്ങളുമാണ്. ഏഴ് സുഭിക്ഷമായ വര്‍ഷങ്ങള്‍ക്കുശേഷം ഏഴ് ക്ഷാമത്തിന്റെ വര്‍ഷങ്ങള്‍ വരുമെന്നാണിതിന്റെ വ്യാഖ്യാനം. ഇരുണ്ട യുഗത്തിലൂടെ കടന്നുപോകുന്ന ഇന്‍ഡ്യയില്‍ ഇതിലേത് പശുവാണ് പ്രസക്തം? കശാപ്പ് നിരോധനം കേന്ദ്രം കൊണ്ടുവരികയും സുപ്രീം കോടതി അത് സ്റ്റേ ചെയ്തതും നമ്മള്‍ കണ്ടതാണ്. പശു രാഷ്ട്രീയത്തിന്റെ പേരില്‍ നടമാടുന്ന കോലാഹലങ്ങള്‍ക്ക് എന്താണ് കാരണം?
”എന്റെ സമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്.” (2:54)
”അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സമ്പര്‍ഭം (ശ്രദ്ധിക്കുക)” (2:67)
ക്വുര്‍ആനിലെ ഏറ്റവും വലിയ അധ്യായത്തിലാണ് മേല്‍പ്പറഞ്ഞ രണ്ട് വചനങ്ങളും. ‘അല്‍ ബഖറ’ അഥവാ ‘പശു’ എന്ന നാമമുള്ള ഈ അധ്യായത്തില്‍ രണ്ട് വ്യത്യസ്ത കാര്യങ്ങളാണ് മുകളില്‍ പരാമര്‍ശിച്ചത്. മൂസാ(അ)യുടെ ജനതയുമായി ബന്ധപ്പെട്ടതാണിവ. ഒന്ന്, ഏകദൈവവിശ്വാസം ലഭിച്ചിട്ടും കാളക്കുട്ടിയുടെ രൂപമുണ്ടാക്കിയാരാധിച്ചത്. രണ്ട്, ഘാതകനെ കണ്ടുപിടിക്കാന്‍ പശുവിനെ അറുക്കാന്‍ പറഞ്ഞത്.
ഒന്നാമത്തേത് ബഹുദൈവാരാധനയുടെ
പരിധിയില്‍ വരുന്നതും നിഷിദ്ധവുമാണ്.
ഭാരതത്തില്‍ മാത്രമല്ല, ഈജിപ്
ഷ്യന്‍ സംസ്‌കാരത്തിലും പശു/കാശ ആരാധിക്കപ്പെട്ടിരുന്നു. ഹാതര്‍ (Hathor), ആഫിസ് (Aphis) എന്നീ പശു/കാള മൂര്‍ത്തികള്‍ ഈജിപ്തില്‍ പൂജിക്കപ്പെട്ടിരുന്നു. രണ്ടാമത്തേത് ബലിയര്‍പ്പിക്കുന്ന പരിധിയി
ല്‍ വരുന്നതും അനുവദനീയവുമാണ്. ഭാരതത്തിലും മറ്റു സംസ്‌കാരങ്ങളിലും പശുവിനെ അറുത്തിരുന്നു.
കാലികള്‍ വാഹനമായി, ഭക്ഷണമായി, പാലിനായി, തോലിനായി ഉപയോഗിക്കാമെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.
”അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.” (36:72)
”കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു.” (16:66)
”കാലികളുടെ തോലുകളില്‍ നിന്നും
അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു.” (16:80)
മേല്‍പറഞ്ഞ അനുഗ്രഹങ്ങള്‍ പരാമര്‍
ശിച്ചെങ്കിലും ദൈവത്തിനല്ലാതെ അറുക്കപ്പെടു
ന്ന കന്നുകാലികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായം തന്നെ ക്വുര്‍ആനിലുണ്ട്. ആറാം അധ്യായമായ അന്‍ആം കാലികളുടെ, ആടുമാടുകളുടെ, ഒട്ടകങ്ങളുടെ അധ്യായം എന്നാണറിയപ്പെടുന്നത്. അനുവദനീയവും നിഷിദ്ധവും എന്താണെന്ന വ്യക്തമായ നേര്‍രേഖ സ്രഷ്ടാവ് തന്നിട്ടുണ്ട്. ഭക്ഷിക്കാന്‍ പോ
കുന്ന മൃഗത്തിനോട് തികഞ്ഞ ആദരവ് നല്‍കാന്‍ പ്രവാചകന്‍ (സ) അരുളിയിട്ടുണ്ട്. ഒരിക്കല്‍ അറുക്കാന്‍ പോകുന്ന മൃഗത്തെ മുന്‍പില്‍ നിര്‍ത്തിക്കൊണ്ട് ഒരാള്‍ കത്തി മൂര്‍ച്ച കൂട്ടാനാരംഭിച്ചപ്പോള്‍ റസൂല്‍ (സ) പറഞ്ഞു:
”നിനക്കീ മൃഗത്തെ പലതവണ കൊല്ല
ണോ? നിനക്ക് മുന്‍പുതന്നെ കത്തി മൂര്‍ച്ച കൂട്ടാമായിരുന്നില്ലേ?” (അല്‍ ഹാക്കിം)

ഹൈന്ദവദര്‍ശനം എന്തുപറയുന്നു?
ഇന്ന് മാടുകളെ അറുക്കുന്നത് മതവിരുദ്ധമാണെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ മുറവിളി കൂട്ടുമ്പോഴും ഹൈന്ദവദര്‍ശനം ഇതിനെക്കുറിച്ച് പറയുന്നത് നേരെ മറിച്ചാണ്.
കാഞ്ച ഐലയ്യയുടെ (Kancha Ilaiah) ശ്രദ്ധയാകര്‍ഷിച്ച ഗ്രന്ഥമായ എരുമ ദേശീയത (Buffalo Nationalism) ശക്തമായ സംഘ്പരിവാര്‍ വിമര്‍ശനമാണ്.(1) ഈ പു
സ്തകത്തിന്റെ ഏഴാം ഭാഗത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ചത്ത പശുവിന്റെ തോലുരിഞ്ഞതിന് അഞ്ച് ദളിതരെ ഹരിയാനയില്‍ കൊന്നതിനെക്കുറിച്ച് പറഞ്ഞാരംഭിക്കുന്ന ഈ ഭാഗത്തില്‍ എന്തുകൊണ്ടാണ് പശുവിന്റെ സംരക്ഷണം Directive Principles of State Policy എന്നതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് രോഷാകുലനാകുന്നുണ്ട്. പല വി.എച്ച്.പി നേതാക്കള്‍ക്കും അമേരിക്കയില്‍ ലെതറിന്റെയും മാംസത്തിന്റെയും കമ്പനികളുണ്ടെന്നദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. കാശിന്റെ കാര്യത്തില്‍ ഇക്കൂട്ടര്‍ക്കൊരു ആദര്‍ശവുമില്ലെന്ന് ഐലയ്യ പരിഹസിക്കുന്നു. പോ
ത്തിന് എന്തുകൊണ്ട് ബ്രാഹ്മണര്‍ പശുവിന്റെ സ്ഥാനം കൊടുക്കുന്നില്ല എന്നദ്ദേഹം ചോദിക്കുന്നുണ്ട്. കറുത്ത പോത്തിന് അതേ പുല്ല് തിന്നുന്ന പശുവിന്റെ സ്ഥാനമില്ല. ആര്യന്‍മാരുടെ ഭക്ഷണസ്രോതസ്സായതിനാല്‍ പശു അവരുടെ മൂര്‍ത്തിയായിരുന്നു. വെളുത്ത ആര്യന്‍മാര്‍ കറുത്ത ദ്രാവിഡന്‍മാരെ കീഴ്‌പ്പെടുത്തിയശേഷം എങ്ങനെയോ വെളു
ത്ത പശുവിന് പ്രാധാന്യം ലഭിച്ചു. അപ്പോള്‍ പശു രാഷ്ട്രീയം എന്നതിനെ ഉദ്ദീപി
പ്പിക്കുന്നത് ആര്യ ബ്രാഹ്മണ ആധിപത്യചിന്തയാണ് എന്നതില്‍ യാതൊരു സന്ദേഹവുമില്ല. പക്ഷേ ആര്യന്‍മാര്‍ തന്നെ പശുവിനെ ഭക്ഷിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐലയ്യയു
ടെ ‘ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല’ (Why I Am Not a Hindu) എന്ന പു
സ്തകം പോലെ തന്നെ ഈ ഗ്രന്ഥവും വിവാദമായി. ഡി.എന്‍ ഝാ (D. N. Jha) വിശുദ്ധപശു എന്ന മിഥ്യ (The Myth of the Holy Cow) എന്ന ഗ്രന്ഥത്തിലും പശുരാഷ്ട്രീയത്തെ എടുത്തുകുടയുന്നുണ്ട്. ഇന്‍ഡ്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റായിരുന്ന ഝാ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ്. ഈ പു
സ്തകത്തിന്റെ മുഖവുരയില്‍ പറയുന്ന കാര്യം ശ്രദ്ധേയമാണ്.(2) സംഘടിതതലത്തില്‍ പശുവിനെ ഹിന്ദുത്വവുമായി ബന്ധപ്പെടുത്തി ആദ്യമായി മുന്നേറിയത് 1870ല്‍ പഞ്ചാബിലെ നാമാധാരി വിഭാഗമാണ്. 1882ല്‍ ദയാനന്ദ സരസ്വതിയുടെ ഗോരക്ഷിണിസഭ അതിനെ ഒന്നുകൂടി വര്‍ഗീയവല്‍ക്കരിച്ചു. പിന്നീട് ധാരാളം ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ അതിന്റെ പേരില്‍ ആളിക്കത്തി. അതിന്നും പലരീതിയില്‍ തുടരുന്നു എന്നതാണ് പച്ചപ്പമാര്‍ത്ഥം. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ ബീഫ് എന്നത് ഹൈന്ദവര്‍ക്ക് നിഷിദ്ധമല്ല എന്ന് ഗ്രന്ഥകാരന്‍ തെളിവുകളിലൂടെ സമര്‍ത്ഥിക്കുന്നുണ്ട്.
ആര്യന്‍മാര്‍ 2000-1000 ബി.സിയുടെ പകുതിയിലാണ് ഇന്‍ഡ്യയിലേക്ക് വന്നത്.(3) അവരുടെ ദേശാന്തരഗമനത്തില്‍ കാലികള്‍ക്ക് ഒന്നാം സ്ഥാനവും കൃഷിക്ക് രണ്ടാം സ്ഥാനവുമായിരുന്നു. നേതാവിനെ ഗോപതിയെന്നാണ് വിശേഷിപ്പിക്കാറ്. പ്രാചീന ഇറാനിലെ പശുബലിയും ആര്യന്‍മാരുടെ സ്വാധീനം മൂലം ഇവിടെ സ്ഥിരപ്രതിഷ്ഠ നേടി. ഏറ്റവും ഇഷ്ടപ്പെട്ടതിനെ ദൈവത്തിന് സമര്‍പ്പിക്കുക എന്നതില്‍ നിന്നാണ് പശുബലി ഉണ്ടായത്. കുതിര, കാള, പശു, മുട്ടനാട് മുതലായവ യാഗങ്ങളില്‍ അറുത്തിരുന്നു. ഇന്ദ്രന്‍, അഗ്നി, സോമന്‍ എന്നിവര്‍ക്ക് മാംസബലിയര്‍പ്പിക്കല്‍ പതിവായിരുന്നു എന്നു കാണാം. ഋഗ്വേദം ഢകകക.12.8ല്‍ ഇന്ദ്രന്‍ ആയിരം കാളകളെ ഭക്ഷിച്ചതായി കാണാം. പശുവിനെ മിത്രനും വരുണനും ബലിയര്‍പ്പിച്ചിരുന്നു. രാജസൂയത്തിലെ പ്രധാന ഭാഗം ഗോസേവയായിരുന്നു. ഗോസേവയെന്നാല്‍ പശുബലി തന്നെ. കൃഷി വര്‍ധിപ്പിക്കാന്‍ കാളയെ കൊന്ന് രക്തം സര്‍പ്പങ്ങള്‍ക്ക് കുടിക്കാന്‍ ദര്‍ഭപ്പുല്ലില്‍ ഒഴുക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. അതിഥികള്‍ക്ക് വിളമ്പിയിരുന്ന പശുമാംസത്തെ ‘അതിഥിനിര്‍’ എന്ന് ഋഗ്വേദം ത.68.3ല്‍ പരാമര്‍ശിക്കുന്നുണ്ട്. പാ
ണിനി അതിഥിയെ ‘ഗോഗ്‌ന’ എന്നാണ് വിശേഷിപ്പിക്കുന്നത്! ദീര്‍ഘായുസ്സുള്ള വിവരമുള്ള മകന്‍ വേണമെങ്കില്‍ ചോറ്, നെയ്യ് എന്നിവയുടെ കൂടെ കാളയിറച്ചിയോ പോ
ത്തിറച്ചിയോ കഴിക്കണമെന്ന വിശ്വാസം അന്ന് നിലനിന്നിരുന്നു. മരിച്ചു കഴിഞ്ഞാല്‍ സഞ്ചരിക്കാനായി കാളയെ ലഭിക്കാന്‍ മരിച്ചയാളുടെ കൂടെ ഒരു കാളയെയും ദഹിപ്പിക്കണമെന്ന് അഥര്‍വവേദം ത11.2.48ല്‍ പരാമര്‍ശമുണ്ട്! പിതൃബലിക്കായി പശുക്കളെ അറുത്തിരുന്നു. ബ്രാഹ്മണര്‍ തന്നെയും പശുബലി നടത്തിയിരുന്നു. മിഥിലയിലെ അറിയപ്പെട്ട ഋഷിയായ യജ്ഞവല്‍ക്കന്‍ മാംസളമായ പശുവിന്റെയും കാളയുടെയും ഇറച്ചി താന്‍ കഴിക്കുമെന്ന് പ്രഖ്യാപി
ച്ചയാളാണ്. കന്നുകാലികളുടെ തൊലിയും തകൃതിയായി ഉപയോഗിച്ചിരുന്നു. വില്ലിന്റെ ഞാണുണ്ടാക്കാന്‍ പശുവിന്റെ തൊ
ലിയാണുപയോഗിച്ചിരുന്നത്. ഹാരപ്പന്‍ സംസ്‌കാരത്തില്‍ നിന്ന് ലഭിച്ച എല്ലിന്റെ അവശിഷ്ടങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മാട്ടിറച്ചി ഭക്ഷിച്ചിരുന്നു എന്നാണ്. പതുക്കെ പതുക്കെ കൃഷി അഭിവൃദ്ധിപ്പെടുകയും കന്നുകാലികളെ പാലുല്‍പന്നങ്ങള്‍ക്കും മറ്റും ആവശ്യം വരികയും ചെയ്തപ്പോള്‍ മാംസം ബലി കൊടുക്കുന്നതിനുപകരം അരിയും ബാര്‍ലിയും കൊടുക്കാന്‍ തുടങ്ങി. അഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ബുദ്ധ-ജൈന ദര്‍ശനങ്ങള്‍ക്ക് സ്വാധീനം ലഭിച്ചതോടെ മാംസബലി പതുക്കെ പതുക്കെ ഇന്‍ഡ്യില്‍ നി
ന്ന് അപ്രത്യക്ഷമായി.
ബുദ്ധമതത്തില്‍ മൃഗങ്ങളെ മനുഷ്യരെക്കാള്‍ അധമരായി കാണുന്നുണ്ടെങ്കിലും ബുദ്ധന്‍ മൃഗബലിയെ നിരുത്സാഹപ്പെടുത്തിയ ഒരാളാണ്.(4) അദ്ദേഹത്തിന്റം ഉപദേശപ്രകാരമാണ് പല രാജാക്കന്‍മാരും ബ്രഹ്മണന്‍മാരും മൃഗബലി അവസാനിപ്പിച്ചത്. എന്നാല്‍ മാംസഭക്ഷണത്തില്‍ നിന്നും പൂ
ര്‍ണമായി അവര്‍ പിന്‍മാറി എന്നിതിനര്‍ത്ഥമില്ല. ബുദ്ധന്‍ പന്നിമാംസം ഭക്ഷിച്ചതായി ചരിത്രത്തില്‍ പറയുന്നുണ്ട്. ജാതകകഥകളിലും മാംസഭക്ഷണത്തിന്റെ സൂചനകള്‍ കാണാം. അശോകചക്രവര്‍ത്തി പലതരം അറവുകളെ നിരോധിച്ചെങ്കിലും മയിലിറച്ചിയും മാനിറച്ചിയും ഭക്ഷിച്ചിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പോലും പശുവിന്റെ അറവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ബുദ്ധമതം മാഹായാനം, ഹീനയാനം എന്നീ വിഭാഗങ്ങളായി പിളര്‍ന്നപ്പോള്‍ ഒരു ചര്‍ച്ച മാംസഭക്ഷണത്തെ ചുറ്റിപ്പറ്റിയായിരുന്നു. സസ്യാഹാരികളായ ജൈനന്‍മാരുമായി പലപ്പോഴും ബുദ്ധമതക്കാര്‍ കൊമ്പുകോര്‍ത്തു.
മനുസ്മൃതി മാംസാഹാരത്തെ പി
ന്തുണക്കുന്നുണ്ട്.(5) മൃഗങ്ങളെ സൃഷ്ടിച്ചതുതന്നെ ബലിയര്‍പ്പിക്കാനാണ് എന്ന് മനു വാദിച്ചു. അതിഥി സല്‍ക്കാരത്തിന് അവ വിളമ്പുന്നതും മനു പ്രോത്സാഹിപ്പിച്ചു. പശുവിനെ പ്രത്യേകമായി മാറ്റിനിര്‍ത്തിയുമില്ല! യാജ്ഞവല്‍ക്കനും ബൃഹസ്പതിയും മാംസാഹാരത്തെ നിഷിദ്ധമാക്കിയില്ല. പുരാണങ്ങളായ വിഷ്ണുപുരാണം, മാല്‍ക്കേണ്‌ഡേ പുരാണം, ദേവീപുരാണം, ഗരുഢപുരാണം, സ്‌കന്ദപുരാണം, ഭവിഷ്യപുരാണം തുടങ്ങിയവയിലെല്ലാം മാട്ടിറച്ചിയെപ്പറ്റി പരാമര്‍ശമുണ്ട്. മഹാഭാരതത്തില്‍ പാണ്ഡവര്‍ മാനിറച്ചി കഴിച്ചതായി കാണാം. ബ്രാഹ്മണര്‍ക്ക് ദാനം നല്‍കേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മാംസഭക്ഷണവും നാരഭന്‍ പരാമര്‍ശിക്കുന്നുണ്ട്. രാമായണത്തില്‍ സീതയെ മാംസാഹാരപ്രി
യമുള്ളവളായിട്ടാണ് വിവരിക്കുന്നത്. സീത പ്രത്യേകിച്ച് മാനിറച്ചിയില്‍ ആകൃഷ്ടയാണ്. യമുനാ നദിക്ക് ആയിരം മാടുകളുടെ തല ബലി കൊടുക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുണ്ട് ശ്രീരാമന്റെ ഭാര്യയായ സീത.
ഭാരതീയ വൈദ്യശാസ്ത്രരംഗത്തും മാംസം തകൃതിയായി ഉപയോഗിച്ചിരുന്നു. ചരകന്‍, സുശ്രുതന്‍, വാഘ്ഭടന്‍ മുതലായവര്‍ മരുന്നിലുപയോഗിക്കാന്‍ മുന്നൂറില്‍ കുറയാത്ത മൃഗങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്! ചരകന്‍ പനി മാറാനായി ബീഫും മാതളനാരങ്ങയും അടങ്ങിയ ഒരുതരം കഞ്ഞിയപ്പെറ്റി തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. സുശ്രുതനും
വാഘ്ഭടനും ഇപ്രകാരം ബീഫിന്റെ രോഗത്തെ ശമിപ്പിക്കാനുള്ള കഴിവിനെ പ്രകീര്‍ത്തിച്ചവരാണ്. ചുരുക്കത്തില്‍ ആയുര്‍വേദം മാംസത്തിന് എതിരാണെന്ന് ഒരിക്കലും സ്ഥാപിക്കാന്‍ കഴിയില്ല.
പ്രശസ്ത പണ്ഡിതനായ വരാഹമിഹിരന്‍ ബൃഹത്‌സംഹിതയില്‍ മാംസങ്ങളുടെ കൂട്ടത്തില്‍ പശുവും കാളയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാളിദാസന്റെ പ്രശസ്തമായ സന്ദേശകാവ്യമായ മേഘദൂതനില്‍ യക്ഷന്‍ മേഘദൂതനോട് ധാരാളം പശുക്കളെ ബലിയര്‍പ്പിച്ച രന്തിദേവനെ ബഹുമാനിക്കണമെന്നാവശ്യപ്പെടുന്നുണ്ട്. സംസ്‌കൃതത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നാണ് മേഘദൂതന്‍.
അദ്വൈതാചാര്യനായ ആദിശങ്കരന്‍ ബ്രഹ്മസൂത്രത്തെപ്പറ്റി പറയുന്നിടത്ത് മൃഗബലിയെ തെറ്റായി കാണുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ബ്രാഹ്മണപുരോഹിതര്‍ക്ക് ധാരാളമായി
ഭൂമിയും കന്നുകാലികളും ദാനമായി ലഭിച്ചിരുന്നതിനാല്‍ അവരും കൃഷിയും
കന്നുകാലി വളര്‍ത്തലും ആരംഭിച്ചു.(6)
അവര്‍ തങ്ങളുടെ താല്‍പര്യപ്രകാരം അറവിനെ നിരുത്സാഹപ്പെടുത്തി. എന്നാലല്ലേ കന്നുകാലികളെ ദാനമായി ലഭിക്കുകയുള്ളൂ. മൃഗബലിക്ക് പകരം ബ്രാഹ്മണന് ദാനം ചെയ്യലാണുത്തമം എന്ന പ്രതീതി അവര്‍ സൃഷ്ടിച്ചു. കലിയുഗത്തിലെ വര്‍ജ്ജിക്കപ്പെട്ട ഒന്നായി പശുബലിയെ അവര്‍ ഉള്‍പ്പെടുത്തി. പശുവിനെ കൊല്ലല്‍ വലിയ അപരാധമായി മാറി. അമ്പലങ്ങളോട് ചേര്‍ന്ന് ഗോശാലകള്‍ വന്നു. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോശാല 1374ല്‍ പണിതതാണ്.
ഇന്‍ഡ്യ സന്ദര്‍ശിക്കുകയും താരീഖ് അല്‍ ഹിന്ദ് എന്ന ചരിത്രപുസ്തകം രചിക്കുകയും ചെയ്ത അല്‍ ബിറൂനി (973-1048) ബ്രാഹ്മണര്‍ മാംസാഹരത്തില്‍ നിന്ന് മാറി നിന്നെങ്കിലും പരമ്പരാഗതമായി അവര്‍ മാംസാഹാരികളായിരുന്നു എന്ന സത്യം മനസ്സിലാക്കി. ചുരുക്കത്തില്‍ ഇത് മുന്‍കാലങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ്. കാലക്രമേണ ബ്രാഹ്മണിസത്തിന്റെ വേരുകള്‍ ശക്തിപ്രാപിച്ചു. പല ഹിന്ദുവിഭാഗങ്ങളും പശുവിനെ അറുക്കുന്നതില്‍ നിന്നും മാറിനിന്നു. 1950ല്‍ പശുബലി നിര്‍ത്തലാക്കിയ ഒറീസ്സയിലെ (ഒഡീഷ) അനുഭവം ഇതിനേറ്റവും വലിയ ഉദാഹരണമാണ്. ഇത് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമാണ് എന്ന് ചേര്‍ത്തുവായിക്കണം.
പശുവിനെയോ കാളയെയോ അറുക്കുന്നതിനെതിരായി വേദങ്ങളോ, ബ്രാഹ്മണ്യങ്ങളോ, ഉപനിഷത്തുക്കളോ പറയുന്നില്ല.(7) മഹാപാതകങ്ങളില്‍ ബ്രാഹ്മണഹത്യ, മോഷണം, മദ്യപാ
നം, ഗുരുവിന്റെ ഭാര്യയെ ഭോഗിക്കല്‍ തുടങ്ങിയവയുണ്ടെങ്കിലും ഇതിലൊന്നും പശുവിനെ അറുക്കുന്നതിനെപ്പറ്റി പറയുന്നില്ല! അത് ചെറിയ തിന്മയായി പിന്നീട് നിയമവിദഗ്ധര്‍ കണക്കാക്കി. ബ്രാഹ്മണന് ഭക്ഷണം നല്‍കല്‍, തുടര്‍ച്ചയായി ഉപവസിക്കല്‍ മുതലായ ചെറിയ ശിക്ഷകളേ അതിന് വിധിച്ചിരുന്നുള്ളൂ.
പശു ചാണകം, ഗോമൂത്രം, പശുവിന്‍പാ
ല്‍, പശുവിന്‍ പാലില്‍നിന്ന് കടഞ്ഞ തൈര്, പശു നെയ്യ് എന്നിവയുടെ മിശ്രിതമായ പഞ്ചഗവ്യക്ക് വന്‍തോതില്‍ പ്രചാരം ലഭിച്ചത് പശുവിന്റെ പ്രാധാന്യം കൂട്ടി. പഞ്ചഗവ്യ ചികിത്സക്ക് മാത്രമല്ല, വിഗ്രങ്ങള്‍ക്ക് അഭിഷേകം ചെയ്യാനും ഉപയോഗിച്ചിരുന്നു. ക്രൈസ്തവമതം ശക്തിപ്പെട്ടത് നിമിത്തമാണ് അതിന്റെ സ്വാധീനത്തില്‍ ഹിന്ദുമതം മൃഗബലിയില്‍ നിന്നും വിഗ്രഹപൂജയിലേക്ക് കൂടുതല്‍ ചുവടുമാറിയത്. അതിനാല്‍ പശുബലി, തിന്മയായി. പഞ്ചഗവ്യത്തിന്റെ ഉപയോഗം കൂടിയതിനാല്‍ പശുവിനെ സംരക്ഷിക്കല്‍ അത്യന്താപേക്ഷിതമായി.
പശുവിന് ദിവ്യത്വം കല്‍പിക്കുമ്പോഴും രസകരമായ കാര്യം പശുവിന്റെ വായ അശുദ്ധമായിട്ടാണ് മനുവിനെ പോലുള്ളവര്‍ കണ്ടത് എന്ന സത്യമാണ്! പശു തലയിട്ട പാത്രം പത്ത് ദിവസം ചാരം തേച്ചു വൃത്തിയാക്കണം എന്നഭിപ്രായപ്പെട്ട അംഗിരസയെപ്പോലുള്ള ഋഷിമാരുണ്ട്. പശുക്കളുടെ മാതാവായ കാമധേനുവിനെ മഹാവിഷ്ണു ശപിക്കുകയും തത്ഫലമായി വായ അശുദ്ധമാകുകയും വാല്‍ പുണ്യമുള്ളതാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. അതിനാല്‍ തന്നെ പിശാച് ബാധയൊഴിപ്പിക്കാന്‍ ബ്രാഹ്മണരിലെ ചിലര്‍ ബാധയേറ്റയാളെ പശുവിന്റെ വാലുകൊണ്ട് ഉഴിയാറുണ്ടായിരുന്നു.
ഏറ്റവും പ്രചാരത്തിലുള്ള മൃഗബലി അശ്വമേധവും രാജസൂയവുമായിരുന്നു. തൈത്തിരീയ ബ്രാഹ്മണത്തില്‍ പശു അന്നമാണെന്ന് പറയുന്നുണ്ട്.(8) അതിഥികള്‍ക്ക് വിളമ്പിയിരുന്ന മധുപര്‍ക്കയില്‍ പശുമാംസം നിര്‍ബന്ധമാണെന്നു ശഠിച്ചവരുണ്ട്. ഉപനിഷത്തുകളിലാണ് ആദ്യമായി അഹിംസയെക്കുറിച്ച് ചര്‍ച്ച വന്നത്. ബുദ്ധമതവും ജൈനമതവും അഹിംസ പ്രചരിപ്പിച്ചെങ്കിലും അതിന്റെ സ്ഥാപകര്‍ മാംസാഹാരികളായിരുന്നു. ശ്രീബുദ്ധന്‍ പന്നിമാംസവും മഹാവീരന്‍ പക്ഷിമാംസവും ഭക്ഷിച്ചതായി കാണാം.
മഹാഭാരത്തില്‍ രന്തിദേവന്‍ ദിവസവും
രണ്ടായിരം പശുക്കളെ അറുത്ത് ബ്രാഹ്മണര്‍ക്ക് നല്‍കിയതായി പറയുന്നുണ്ട്. പാ
ണ്ഡവര്‍ വനവാസത്തില്‍ മാംസാഹാരം ഭക്ഷിച്ചതും മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട്. രാമായണത്തില്‍ സീത യമുനാനദി കടക്കുന്ന വേളയില്‍ രാമന്‍ ശപഥം നിറവേറ്റിയാല്‍ ആയിരം പശുക്കളെ അറുക്കാമെന്ന് ഉറച്ചു നില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ മഹാഭാരതവും രാമായണവും പശുബലിക്കോ പശു മാംസം ഭക്ഷിക്കുന്നതിനോ എതിരല്ല.
പിന്നീട് ബുദ്ധമതം സ്വീകരിച്ച, സവര്‍ണ സംസ്‌കാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത ഡോ. ബി.ആര്‍ അംബേദ്കര്‍ പശുരാഷ്ട്രീയം ശരിക്കെടുത്തു കുടഞ്ഞ പോരാളിയാണ്.
ഋഗ്വേദത്തില്‍ പശുവിനെ ‘അഗ്‌ന’ അഥവാ കൊല്ലപ്പെടാന്‍ അര്‍ഹതയില്ലാത്തത് എന്ന വിശേഷണം നല്‍കിയതിനാല്‍ പശുവിനെ കൊല്ലുന്നത് തെറ്റാണെന്ന വ്യാഖ്യാനത്തെ അംബേദ്കര്‍ ഖണ്ഡിക്കുന്നു.(10) അത് പാല്‍ തരുന്ന പശുവിനെപ്പറ്റിയാണ്. ഇത് ആര്യന്‍മാരെ സംബന്ധിച്ചേടത്തോളം പാ
ലിന്റെ മുഖ്യഉപഭോക്താക്കള്‍ എന്ന നിലക്ക് ഗൗരവതരമാണ്. പക്ഷേ ആര്യന്‍മാര്‍ ബീഫ് കഴിച്ചിരുന്നു എന്ന് ഋഗ്വേദത്തില്‍ തന്നെയുണ്ട്.
ഹിന്ദുക്കള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശൈവര്‍, വൈഷ്ണവര്‍ എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു.(11) ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാംസാഹാരികള്‍, സസ്യാഹാരികള്‍ എന്നിങ്ങനെയും. അതില്‍ മാംസാഹാരികള്‍ രണ്ടു തരമുണ്ട്. പശുമാംസം തിന്നുന്നവരും തിന്നാത്തവരും. ചുരുക്കത്തില്‍ മൂന്നുതരം ഹൈന്ദവരുണ്ട്. സസ്യാഹാരികളായ ബ്രാഹ്മണര്‍, മാംസാഹാരിയാണെങ്കിലും പശു മാം
സം കഴിക്കാത്ത അബ്രാഹ്മണര്‍, പശു മാസം ഉള്‍പ്പെടെ എല്ലാ മാംസങ്ങളും കഴിക്കുന്ന അസ്പൃശ്യര്‍. അശോക ചക്രവര്‍ത്തിയുടെയും മനുവിന്റെയും നിയമങ്ങള്‍ പശുവിനെ അറുക്കുന്നതിന് എതിരാണെന്ന് പലപ്പോഴും പറയാറുണ്ട്. പക്ഷേ നിജസ്ഥിതി അതല്ല. അശോകസ്തംഭത്തിലെ അഞ്ചാം നിയമം പറയുന്നത് ഉപയോഗത്തിലില്ലാത്തതോ ഭക്ഷ്യയോഗ്യമല്ലാത്തതോ ആയ നാല്‍ക്കാലികളെ അറുക്കരുതെന്നാണ്. ഇതില്‍ നിന്നുരുത്തിരിയുന്നത് പശുവിനെ ഉറപ്പായും അറുക്കാമെന്നാണ് എന്ന് പ്രൊഫ. വിന്‍സന്റ് സ്മിത്തിനെ പോലുള്ളവര്‍ അഭിപ്രാ
യപ്പെട്ടിട്ടുണ്ട്. പശു ഉപയോഗത്തിലുള്ളതും ഭക്ഷ്യയോഗ്യവുമാണല്ലോ? മനുസ്മൃതി അഞ്ചാം അധ്യായം പതിനെട്ടാം വചനം വളര്‍ത്തു മൃഗങ്ങളില്‍ ഒട്ടകം ഒഴിച്ച് ബാക്കിയുള്ളവയെ കഴിക്കാമെന്നാണ് പറയുന്നത്.
വെജിറ്റേറിയനിസം താഴെതട്ടിലേക്ക് വരാനുള്ള കാരണം ഡോ. അംബേദ്കര്‍ വിശദീകരിക്കുന്നത് ഉയര്‍ന്ന തട്ടിലുള്ളവരെ അന്ധമായി അനുകരിച്ചതിനാലാണ് എന്നതാണ്. ഈ സിദ്ധാന്തം അദ്ദേഹത്തിന് ലഭിക്കുന്നത് ഫ്രഞ്ച് എഴുത്തുകാരനായ ഗബ്രിയേല്‍ ടാര്‍ഡേ(ഏമയൃശലഹ ഠമൃറല)യില്‍ നിന്നാണ്. പല സംസ്‌കാരങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന വിഭാഗമായ ബ്രാഹ്മണരുടെ സംസ്‌കാരമാണ് ശരിയെന്ന ഒരു ബോധം താഴേക്കിടയിലുളളവര്‍ക്ക് വന്നുചേരുകയും പതുക്കെ പതുക്കെ പശുവിറച്ചി നിഷിദ്ധമാവുകയും ചെയ്തു.
പശുവിറച്ചി പൗരാണിക കാലത്ത് പാ
വപ്പെട്ടന്റെ സ്വപ്‌നമായിരുന്നു.(12) അമ്പലങ്ങളില്‍ അറുത്തിരുന്ന പശുമാംസം ബ്രാഹ്മണര്‍ക്കാണ് ലഭിച്ചിരുന്നത്. അത് പവിത്രമാംസമെന്ന നിലക്ക് അവര്‍ സുഭിക്ഷമായി ഭക്ഷിച്ചു. ‘യുപ’ എന്ന കുറ്റിയിലാണ് ബലിമൃഗത്തെ കെട്ടിയിട്ടിരുന്നത്. ഉദ്ദിഷ്ടകാര്യം സാധിക്കാന്‍ പല കരങ്ങള്‍ കൊണ്ടുള്ള യുപ കുത്തി നാട്ടുമായിരുന്നു. ദൈവങ്ങള്‍ക്കായി ബലിയര്‍പ്പിച്ച ഈ മൃഗത്തിന്റെ മാംസത്തിന്റെ വലിയൊരു പങ്ക് ബ്രാഹ്മണന് ലഭിച്ചു. മനുസ്മൃതി മൂന്നാം അധ്യായം മൂന്നാം വചനം പറയുന്നത് സാതകന് (ശുദ്ധി വരുത്തിയ ബ്രാഹ്മണന്‍) കര്‍ത്തവ്യങ്ങള്‍ നല്ലരീതിയില്‍ നിര്‍വഹിച്ചാല്‍ സമ്മാനമായി പശുവിനെ കൊടുക്കണമെന്നാണ്.
ചിലര്‍ പശുഹത്യ നിരോധിക്കുന്നതിന് അദ്വൈതത്തെ കൂട്ടുപിടിക്കാറുണ്ട്. എല്ലാത്തിലും ദൈവമുണ്ടെന്നാണീ കൂട്ടരുടെ വാദം. പക്ഷേ പശുവില്‍മാത്രം ദൈവമുണ്ടാകുന്നതെങ്ങനെ? മറ്റ് മൃഗങ്ങളോ? ചത്ത പശുപോലും നിരോധിക്കപ്പെട്ടിരുന്നു!
പ്രശസ്ത നരവംശശാസ്ത്രജ്ഞനായ മര്‍വിന്‍ ഹാരിസ് ഇന്‍ഡ്യയിലെ ‘വിശുദ്ധ പശു’ എന്ന സങ്കല്‍പത്തെ വിമര്‍ശിച്ചയാളാണ്.(14) 1960കളിലെ ഇന്‍ഡ്യയിലെ ക്ഷാമത്തില്‍ ഹൈന്ദവരായ പലരും ധാരാളം കന്നുകാലികള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നെങ്കിലും അവയെ ഭക്ഷിക്കാതെ ഭിക്ഷ തേടിയലഞ്ഞു. പട്ടിണിയുടെ വക്കില്‍പോലും മാട്ടിറച്ചി അവര്‍ തൊട്ടില്ല. 1966ല്‍ ഹിന്ദുത്വവാദികള്‍ All party cow protection campaign committee-യെ പിന്തുണച്ച് ഇന്‍ഡ്യന്‍ പാര്‍ലമെന്റിനു മുന്‍പി
ല്‍ തടിച്ചുകൂടി.
പക്ഷേ പശുസംരക്ഷണം ഇതുവഴി നടക്കുന്നുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്. പശുവിനെ കൊല്ലാന്‍ താല്‍പര്യമില്ലാത്ത പലരും മുസ്‌ലിംകള്‍ക്ക് അവയെ വില്‍ക്കുന്നു. അല്ലാതെ അകിട് വറ്റിയ പശുവിനെ സംരക്ഷിക്കുന്നവര്‍ വിരളമാണ്. ഉഴാനുപയോഗിക്കുന്നതുകൊണ്ട് കാളകള്‍ക്കാണ് പൊതുവെ കൂടുതല്‍ പരിചരണം ലഭിക്കുന്നത്. പ്രായമായാലും അവയെക്കൊണ്ട് പ്രയോജനമുണ്ട്. ചുരുക്കത്തില്‍ ഹിന്ദുത്വത്തിന്റെയാളുകള്‍ പശുവിന് അത്രമാത്രം പരിഗണന കൊടുക്കുന്നില്ലെന്ന് സാരം.

ഇന്‍ഡ്യന്‍ രാഷ്ട്രീയം
ബ്രിട്ടീഷുകാര്‍ പശു മാംസത്തിന്റെ ദിവ്യത്വത്തെ നിരാകരിച്ചെങ്കിലും ഹിന്ദുവികാരത്തെ ഭയന്ന് ഗോവധം നിരുത്സാഹപ്പെടുത്തി. 1857ല്‍ ശിപായി ലഹളയുടെ കാരണങ്ങളായി പറയപ്പെട്ട ഒന്ന് തോക്കിന്റെ തിരകളില്‍ പശുവിന്റെയും
പന്നിയുടെയും കൊഴുപ്പ് അതില്‍ പു
രട്ടിയിരുന്നു എന്നതായിരുന്നല്ലോ. തിരകള്‍ പല്ലുകൊണ്ട് കടിച്ചു പൊട്ടിച്ച് വേണമായിരുന്നു തുറന്നുപയോഗിക്കാന്‍. പശുക്കൊഴുപ്പ് ഹൈന്ദവരെ ഇളക്കിമറിച്ചു. ഇന്‍ഡ്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരമായിട്ടാണ് പല ചരിത്രകാരന്‍മാരും 1857ലെ ശിപാ
യി ലഹളയെ വിശേഷിപ്പിക്കുന്നത്. പ്രശസ്ത സ്വാതന്ത്ര്യസമരസേനാനികളായ തിലക്, ലജ്പത് റായി, മദന്‍മോഹന്‍ മാളവ്യ, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പൂ
ര്‍ണസ്വരാജിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ ഗോവധ നിരോധനമാണ് മുഖ്യഘടകമായി ഉയര്‍ത്തിയത്. ‘എന്നെ കൊല്ലൂ; പശുവിനെ വെറുതെ വിടൂ’ എന്നാണ് തിലക് പ്രസംഗിച്ചത്!
ഗാന്ധിജിയുടെ നിലപാട് ശ്രദ്ധേയമാണ്. രാമരാജ്യം സ്വപ്‌നം കണ്ട ഗാന്ധി പശു സംരക്ഷണവിഷയത്തില്‍ ബ്രാഹ്മണ നിലപാടിനോട് കൂറു പുലര്‍ത്തിയെങ്കിലും സൂക്ഷ്മമായി പഠിച്ചാല്‍ അദ്ദേഹത്തില്‍ ഇന്നത്തെ സംഘ്പരിവാറിന്റെ അംശം കാണാന്‍ കഴിയില്ല. സഹിഷ്ണുതയുടെ മുഖമുദ്രയായിരുന്ന ഗാന്ധി അവസാനം കൊല്ലപ്പെട്ടത് ഹിന്ദുത്വതീവ്രവാദിയുടെ കയ്യാലാണ്. ഗാന്ധിയെ സൂക്ഷ്മതലത്തില്‍ പഠിക്കുമ്പോഴാണ് പല തലങ്ങളും അനാവരണം ചെയ്യപ്പെടുന്നത്.
പശു സംരക്ഷണത്തിന്റെ പേരിലുള്ള ഗാന്ധിയുടെ ആഹ്വാനങ്ങള്‍ നോക്കുക.(15)
”ഹിന്ദുത്വത്തിന്റെ കേന്ദ്രസത്ത ഗോസംരക്ഷണമാണ്.” (യങ് ഇന്‍ഡ്യ, 08.06.21, പേജ് 182)
”പശുവിനെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകുന്നിടത്തോളം ഹിന്ദുമതം നിലനില്‍ക്കും.” (യങ് ഇന്‍ഡ്യ, 06.10.21, പേജ് 318)
”ഗോമാതാവ് നമ്മുടെ പെറ്റമ്മയേക്കാള്‍ പലനിലയ്ക്കും ശ്രേഷ്ഠമാണ്.” (ഹരിജന്‍, 15.09.1940, പേജ് 281)
”ഗോവധം പാപവും ഒഴിവാക്കപ്പെടേണ്ട
തുമാണ്.” (യങ് ഇന്‍ഡ്യ, 29.01.1925, പേജ് 38)
”ലോകം എതിരെ നിന്നാലും ഞാന്‍ പശുവിനെ ആരാധിക്കുക തന്നെ ചെയ്യും.” (യങ് ഇന്‍ഡ്യ, 01.01.1925, പേജ് 8)
ഹിന്ദുവെന്ന വികാരം ഗാന്ധിജിയില്‍ പ്രകടമാണെങ്കിലും അദ്ദേഹത്തിന്റെ മതേതരമുഖം കാണാതെ പോകരുത്. ചില പ്രസ്താവനകള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നു.
”ഒരു പശുവിനെ രക്ഷിക്കാനായി ഒരിക്കലും ഞാനൊരു മനുഷ്യനെ കൊല്ലില്ല.” (യങ് ഇന്‍ഡ്യ, 18.05.1921, പേജ് 156)
”ഹിന്ദുക്കള്‍ക്ക് ഗോവധം വിലക്കപ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. പശുവിനെ സേവിക്കുന്ന കാര്യത്തില്‍ പണ്ടുമുതലേ ഞാന്‍ പ്രതിജ്ഞാബദ്ധനുമാണ്. പക്ഷേ, എങ്ങനെ എന്റെ മതം മറ്റുള്ള ഇന്‍ഡ്യക്കാരുടെ മതമാകും?” (യങ് ഇന്‍ഡ്യ, 06.10.1921, പേജ് 36)
ഗാന്ധിയില്‍ ഹിന്ദുത്വം ആരോപിക്കുന്നത് ഒട്ടും ശരിയല്ല എന്നുവ്യക്തം.
ഗാന്ധിയനായിരുന്ന വിനോബഭാവെ ഗോവധ നിരോധനത്തിനെതിരില്‍ പടപൊരുതി. അദ്ദേഹം ഈ വിഷയത്തില്‍ ഇന്ദിരാഗാന്ധിയുമായി ഉടക്കി. ജയപ്രകാശ് നാരായണനും പശുവിനുവേണ്ടി വക്കാലത്ത് പിടിച്ചയാളാണ്. ഈ നിലപാ
ടുകള്‍ സംഘ്പരിവാറിനെ പരോക്ഷമായി സഹായിച്ചു. ഗോവധത്തിന്റെ വിഷയത്തില്‍ നെഹ്‌റു ആശയപരമായി അത് നിരോധിക്കുന്നത് ന്യൂനപക്ഷ വിരുദ്ധമാണെന്ന അഭിപ്രായക്കാരനായിരുന്നു. എന്നാല്‍ ഹിന്ദു വികാരം നെഹ്‌റു മാനിച്ചു. 1954ല്‍ കോണ്‍ഗ്രസ് എം.പി സേത്ത് ഗോവിന്ദദാസ് ഗോവധ നിരോധനബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ നെഹ്‌റു പുറത്തെടുത്ത വീര്യം രോമാഞ്ചമുണര്‍ത്തുന്നതാണ്. അദ്ദേഹത്തിന്റെ പ്രതിരോധം ഇന്നും കൊട്ടിഘോഷിക്കപ്പെടുന്നു.
”ഈ അസംബന്ധം അംഗീകരിക്കുന്നതിലും ഭേദം ഞാന്‍ രാജിവെക്കലാണ്.”
തുടര്‍ന്ന് ബില്‍ തള്ളിപ്പോയി. നെഹ്‌റുവിന്റെ മറ്റൊരു ശ്രദ്ധേയമായ നീക്കം ഗോവധ നിരോധനം മൗലികാവകാശത്തിലുള്‍പ്പെടുത്തണമെന്ന ഭൂരിപക്ഷത്തെ എതിര്‍ത്തുതോല്‍പ്പിക്കുന്നതില്‍ അംബേദ്കറെ പിന്തുണച്ചു എന്നതാണ്. കോണ്‍ഗ്രസിലെ സവര്‍ണവിഭാഗം പണ്ഡിറ്റ് താക്കൂര്‍ ദാസ് ഭാര്‍ഗവയുടെ നേതൃത്വത്തില്‍ അവസാനം വിട്ടുവീഴ്ചക്ക് തയ്യാറായി. കൃഷിക്കും മൃഗസംരക്ഷണത്തിനും
സഹായകരമായ കന്നുകാലികളെ കൊല്ലുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയതോടെ വിവാദം കെട്ടടങ്ങി. അങ്ങനെ 1949ല്‍ പൊതുജനസമിതിയോടുകൂടി പ്രമേയം നിലവില്‍ വന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 48 എന്നത് താക്കൂറിന്റെ കൂടി സമ്മതത്തോടെയാണ് പാസാക്കിയത്. കൃഷിയും മൃഗപരിപാലനവും ശാസ്ത്രീയമായ രീതിയില്‍ പുനഃസംഘടിപ്പിക്കാനും ആസൂത്രണം ചെയ്യാനും
ഗോവധനിരോധനത്തിനു സാധിക്കും എന്ന് പ്രസ്താവിക്കുന്ന ആര്‍ട്ടിക്കിള്‍ 48, നാലു വിഭാഗങ്ങളെയാണുള്‍പ്പെടുത്തിയിട്ടുള്ളത്.
1. Cow – പശു
2. Calve – കിടാവ്
3. Milk cattle – പാല്‍ തരുന്ന കന്നുകാലി
4. Draught cattle -ജോലി ചെയ്യുന്ന കന്നുകാലി
ഇതിന്റെയടിസ്ഥാനത്തില്‍ ഇന്ന് നടമാടുന്ന നരഹത്യകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ആര്‍ട്ടിക്കിള്‍ 48ന്റെ ദുരുപയോഗമാണിത്. ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബീഫ് നിരോധനമുണ്ട്. പലയിടത്തും പശുവിനെ കൊല്ലല്‍ നിരോധിച്ചിട്ടുണ്ട്. കേരളം, പശ്ചിമബംഗാള്‍, അരുണാചല്‍ പ്രദേശ്, മിസോറാം, മേഘാലയ, നാഗലാന്റ്, ത്രിപുര, സിക്കിം എന്നിവിടങ്ങളൊഴിച്ച് പശുവിനെ അറുക്കാന്‍ പടില്ല. പലയിടത്തും കോണ്‍ഗ്രസ് ഭരിച്ച സമയത്താണ് നിരോധനം വന്നത്. അന്നുമിന്നും കോണ്‍ഗ്രസില്‍ പശു ഒരു ഘടകമാണ്.

സംഘ്പരിവാര്‍ രാഷ്ട്രീയം
സ്വാമി ദയാനന്ദസരസ്വതിയും സ്വാമി ശ്രദ്ധാനന്ദയും പശു രാഷ്ട്രീയത്തിന് ഹൈന്ദവരൂപം പകുത്ത് നല്‍കി. ഹിന്ദു-മുസ്‌ലിം ലഹളകള്‍ ധാരാളം പൊ
ട്ടിപ്പുറപ്പെട്ടു. 1966ല്‍ ഹിന്ദുസന്യാസിമാര്‍ പാ
ര്‍ലമെന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. നെഹ്‌റുവിന്റെ മകളായ ഇന്ദിരാഗാന്ധി അച്ഛന്റെ പാതയില്‍ ഉറച്ചുനിന്നു. പിന്നീട് സംഘ്പരിവാര്‍ രാഷ്ട്രീയം ദേശീയ തലത്തില്‍ ശക്തിപ്രാപിച്ചപ്പോള്‍ പശു നിര്‍ണായക ഘടകമായി; പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍. കോണ്‍ഗ്രസിലെ പലരും ബി.ജെ.പിയിലേക്ക് ചേക്കേറി. പതുക്കെ പതുക്കെ ബി.ജെ.പി പലസംസ്ഥാനങ്ങളിലും ഭാരതത്തിലും തന്നെ അധികാരത്തില്‍ വന്നു. ‘ഗോപാലന്‍ ഹാവേ ഗോപുജന്‍ നാവേ'(മറാത്തി) അഥവാ ”പശുവിനെ പരിപാലിക്കൂ പക്ഷേ ആരാധിക്കരുത്” എന്നാണ് സംഘ്പരിവാര്‍ ആചാര്യനായ വി.ഡി സവര്‍ക്കര്‍ മൊഴിഞ്ഞിട്ടുള്ളത്. സംഘ്പരിവാറിന്റെയാളുകള്‍ പലപ്പോഴും സ്ഥാപി
ക്കാറുള്ള ഫ്‌ളക്‌സുകളില്‍ പ്രത്യക്ഷപ്പെടുന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ”ബീഫ് തിന്നാത്തയാള്‍ നല്ല ഹിന്ദുവല്ല” എന്നാണ്! ബാബ്‌രി മസ്ജിദും ഗോദ്രയും പോരാഞ്ഞ് പശുരാഷ്ട്രീയവും മോഡിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്റെ ഭാഗമായിരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പിങ്ക് വിപ്ലവം (Pink Revolution) അഥവാ പശുമാംസം കൂടുതല്‍ കയറ്റുമതി ചെയ്യുന്നു എന്നാണ് മോഡി ആരോപി
ച്ചത്. എന്നാല്‍ ഇന്‍ഡ്യയില്‍ തമാശയുടെ ‘ബി’ കലവറ തുറക്കുന്ന കാര്യങ്ങളാണ് നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്.
പിങ്ക് വിപ്ലവത്തെ വിമര്‍ശിച്ച് അധികാരത്തില്‍ വന്ന ബി.ജെ.പി
യുടെ നയങ്ങള്‍ പിങ്ക് വിപ്ലവത്തെ ഉദ്ദീപി
പ്പിക്കുന്നതായിരുന്നു.(16) മോഡിയുടെ ഭരണത്തിന്റെ ആദ്യ പത്തുമാസം കൊണ്ട് മാട്ടിറച്ചി കയറ്റുമതി 15.4 ശതമാനം വര്‍ദ്ധിച്ചു. അറവുശാലകളുടെ സബ്‌സിഡി തുടരുകയും പുതുതായിട്ടുള്ളതിന് കേന്ദ്രസര്‍ക്കാര്‍ 15 കോടി രൂപ മാറ്റിവെക്കുകയും ചെയ്തു. ബിഫ് കയറ്റുമതിക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വളര്‍ച്ചയുണ്ടായി. ബ്രസീലിനെ പിന്തള്ളി ഇന്‍ഡ്യ മാട്ടിറച്ചി കയറ്റുമതിയില്‍ ഒന്നാം സ്ഥാനം നേടി! ഇന്‍ഡ്യയില്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് കമ്പനിയാണ്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ യഥാക്രമം അറേബ്യന്‍ എക്‌സ്‌പോ
ര്‍ട്ട്‌സ്, എം.കെ.ആര്‍ ഫ്രോസണ്‍ ഫുഡ് എക്‌സ്‌പോര്‍ട്ട്‌സ്, പി.എം.എല്‍ ഇന്‍ഡസ്ട്രീസ് എന്നിവക്കാണ്. ഈ നാലു കമ്പനികളുടെ ഉടമസ്ഥരും മുസ്‌ലിംകളോ ക്രൈസ്തവരോ അല്ല! ശ്രദ്ധേയമായ കാര്യം 2013ലെ മുസാഫര്‍നഗര്‍ വര്‍ഗീയ കലാപത്തിന്റെ മുന്നണിപോരാളികളായ ബി.ജെ.പി എം.എല്‍.എ സംഗീത് സോം ‘അല്‍ദുവ ഫുഡ് പ്രോസസിംഗ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണെന്നതാണ്. കമ്പനിക്ക് ‘അല്‍ദുവ’ എന്ന പേരിടാനുള്ള കാരമം അദ്ദേഹത്തിനോട് ചോദിക്കാതെ തന്നെ നമുക്കറിയാം. മുസ്‌ലിംകള്‍ ‘ഹലാല്‍’ എന്ന് കരുതി വാങ്ങുന്നതിന് കൂടുതല്‍ മുന്നോട്ടു വരുമെന്നത് തന്നെ.
മാട്ടിറച്ചി കച്ചവടം മാറ്റിനിര്‍ത്താം. പശുസംരക്ഷണത്തിന്റെ യഥാര്‍ത്ഥമുഖമെന്താണ്? പ്രായോഗികമായി എത്ര പശുക്കള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. തങ്ങള്‍ ഗോ
ശാലകളില്‍ പ്രായമുള്ള പശുക്കളെയും കാളകളെയും സംരക്ഷിക്കുന്നുണ്ടെന്നാണ് സംഘ്പരിവാര്‍ വാദം.(17) മുപ്പത് കോടി വരുന്ന പശുക്കളെ സംരക്ഷിക്കാന്‍ രാജ്യത്തെ ഗോശാലകള്‍ക്കാവും എന്നുപറയുന്നത് അതിശയോക്തിയാണ്. മാത്രമല്ല; ഇന്‍ഡ്യ പോലുള്ളൊരു മൂന്നാം ലോകരാഷ്ട്രത്തിന് അതെത്രത്തോളം താങ്ങാന്‍ കഴിയും? മനുഷ്യര്‍ക്ക് തന്നെ ഭൂരിപക്ഷത്തിനും
വീടില്ലാത്ത ഈ രാജ്യത്ത് ഇത്തരമൊരു സംരഭത്തിനെന്ത് പ്രസക്തി? ഗോശാലയില്‍ പ്രവേശനം ലഭിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാടുകള്‍ ജനങ്ങള്‍ക്ക് പലപ്പോഴും ഉപദ്രവമാണ്. പശു ഭക്തിക്കുവേണ്ടി ഗോശാലകള്‍ പണിയുന്നത് പ്രായോഗികവുമല്ല.
ധവളവിപ്ലവത്തിന്റെ ഉപജ്ഞാതാവും അമുലിന്റെ സ്ഥാപകനുമായ ഡോ. വര്‍ഗീസ് കുര്യന്‍ കറവ വറ്റിയ വയസ്സന്‍ പശുക്കളെ കൊന്ന് മാംസാഹാരമാക്കി മാറ്റണമെന്ന അഭിപ്രാ
യക്കാരനായിരുന്നു. അതിനെ നിലനിര്‍ത്താന്‍ വന്‍ചെലവ് വേണ്ടിവരുമെന്നദ്ദേഹം മുന്‍കൂട്ടി കണ്ടു.
ഗോള്‍വര്‍ക്കറുമായിട്ടുണ്ടായ ഒരു രസികന്‍ അനുഭവം കുര്യന്‍ വിശദീകരിക്കുന്നുണ്ട് തന്റെ ആത്മകഥയില്‍.(18) 1967ല്‍ പശു സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ കുര്യനും
ഗോള്‍വര്‍ക്കറും ഉണ്ടായിരുന്നു. ഉപകാരമില്ലാത്ത പശുക്കളെ കൊന്നു കളയണമെന്ന് കുര്യന്‍ പറഞ്ഞപ്പോള്‍ ഗോള്‍വര്‍ക്കര്‍ അതിനെയെതിര്‍ത്തു. ഗോള്‍വര്‍ക്കറുടെ വിശദീകരണം ശ്രദ്ധേയമാണ്. പശു ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നമാണ്. അതിലൂടെ ഐക്യഭാരതം എന്ന സങ്കല്‍പം പൂവണിയും. സര്‍ക്കാരിനെതിരില്‍ തിരിഞ്ഞ് രാഷ്ട്രീയം കളിക്കുക എന്നതുതന്നെയായിരുന്നു സംഘ്പരിവാറുകാരനായ ഗോള്‍വള്‍ക്കറുടെ ഉദ്ദേശം.
പശുവിനെ കൊന്നാല്‍ തന്നെ പശുമാംസം ശരീരത്തിനു നല്ലതല്ലെന്ന ഒരു വാദം പലപ്പോഴും സംഘ്പരിവാറുകാര്‍ നിരത്താറുണ്ട്. മാട്ടിറച്ചി ആരോഗ്യത്തിന് ഹാനി
കരം എന്ന് ഇക്കൂട്ടര്‍ ഉദ്‌ഘോഷിക്കുമ്പോഴും ആയുര്‍വേദാചാര്യന്‍മാരായ ചരകന്‍, സുശ്രുതന്‍, വാഘ്ഭടന്‍ തുടങ്ങിയവര്‍ ബീഫ് ചികിത്സയില്‍ ഉപയോഗിച്ചിരുന്നു എന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ശാസ്ത്രീയമായി ബീഫിനെ ‘റെഡ് മീറ്റ്’ (Red Meet) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് മിതമായി ഭക്ഷിച്ചാല്‍ നല്ലതാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (NHS) പറയുംപ്രകാരം എഴുപത് ഗ്രാം വരെ ഒരു ദിവസം ഒരു സാധാരണക്കാരന് ബീഫ് കഴിക്കാം. ബീഫില്‍ പ്രോട്ടീന്‍, ഇരുമ്പ്, നാകം, പൊ
ട്ടാഷ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സെലനിയം, വിവിധയിനം വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഒരു കര്‍ഷകനെ സംബന്ധിച്ച് കറവ പറ്റിയ പശുവിനെ അറുത്ത് മാംസാഹാരമാക്കുന്നത് തന്നെയാണ് ലാഭം. ബീഫിന് വിലക്കൂടുതലാണെന്ന് മുറവിളി കൂട്ടുന്നവര്‍ ഈ വശം ചിന്തിക്കാറില്ല. കര്‍ഷകന് വിലകുറഞ്ഞ മാംസാഹാരമാണ് ബീഫ്.

സമകാലിക സംഭവങ്ങള്‍
എന്തൊക്കെ ന്യായം നിരത്തിലായും ബീഫിന്റെ പേരില്‍ ഭാരതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അപലപനീയമാണ്. 2014ല്‍ മോ
ഡി അധികാരത്തില്‍ കയറിയതിനുശേഷം ഭാരതത്തില്‍ നടന്ന കൂട്ടക്കൊലകള്‍ കാണൂ.
1. സെപ്തംബര്‍ 2015: ദാദ്രി
അമ്പത്തിയഞ്ച് വയസ്സുള്ള അഖ്‌ലാഖ് എന്നയാളെ പശുമാംസം കൈവശം വെച്ചു എന്നതിന്റെ പേരില്‍ ജനക്കൂട്ടം അടിച്ചുകൊല്ലുന്നു. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘പാഞ്ചജന്യം’ ‘അത്തരത്തില്‍ കൊല്ലാമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്’ എന്നുപറഞ്ഞ് കൊലയെ ന്യായീകരിച്ചു.
2. ഒക്‌ടോബര്‍ 2015: കേരള ഹൗസ്
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പി എന്നുപറഞ്ഞ് പോലീസ് പരിശോധന നടത്തി.
3. ജൂണ്‍ 2016: ഹരിയാന
ബീഫ് കടത്തിയെന്നാരോപിച്ച് രണ്ടുപേരെ ചാണകം തീറ്റിക്കുകയും ദേശീയഗാനം പാ
ടിക്കുകയും ചെയ്തു.
4.ജൂലൈ 2016: ഉന (ഗുജറാത്ത്)
പശുവിനെ കൊന്നെന്നാരോപിച്ച് നാലു ദളിതരെ നഗ്നരാക്കി ഒരു വണ്ടിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മോഡിയുടെ സ്വന്തം ഗുജറാത്തിലാണിത് സംഭവിച്ചത്.
5. ഏപ്രില്‍ 2017: അല്‍വാര്‍
അമ്പത്തിയഞ്ച് വയസ്സുള്ള പെഹ്‌ലു ഖാനെ പശുവിനെ കടത്തിയെന്നാരോപിച്ച് ബി.ജെ.പിക്കാര്‍ തല്ലിക്കൊന്നു.
(www.hindustantimes.com, July 11, 2017)
ഏതായാലും ഈ സംഭവങ്ങളില്‍ കാര്യമായ പ്രതികരണമൊന്നും കേന്ദ്രതലത്തിലു
ണ്ടായില്ല. 2016 ആഗസ്റ്റില്‍ മോ
ഡി ഗോരക്ഷകരെ ചെറുതായി ശാസിച്ചതൊഴിച്ചാല്‍ യു.എ.പി.എ ചുമത്തല്‍ പോലുള്ളതൊന്നും നടന്നില്ല. പശു മാംസം തിന്നുന്നവരെ കാത്തിരിക്കുന്നത് ദാദ്രിയിലെ അഖ്‌ലാഖിന്റെ ഗതിയാണെന്ന് തുറന്നടിച്ച വി.എച്ച്.പി നേതാവായ സാധ്വി പ്രാചിയെ ആരും ശാസിച്ചില്ല എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.
കേരളത്തിലെ അറിയപ്പെടുന്ന ചരിത്രകാരനായ ഡോ. എം.ജി.എസ് നാരായണന്‍ ട്രൂ കോപ്പിയില്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.(19)
‘ഗോമാംസ നിരോധം എന്ന തീവ്രവാദം’ എന്നാണ് ഇതിന്റെ ശീര്‍ഷകം തന്നെ!
അദ്ദേഹം പറയുന്നത് നോക്കൂ.
”മറ്റൊരുവിധത്തില്‍ ജാതിപക്ഷാപാ
തങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള പ്രവണതയാണ് ഗോമാംസവിരോധ
ത്തിലൂടെ പുറത്തുവരുന്നത്.” ഡോ. എം.ജി.എസിനെ പോലൊരാള്‍ ഇതിനെതിരില്‍ രംഗത്തുവന്നത് ശ്ലാഘനീയമാണ്. 41 സാഹിത്യകാരന്‍മാര്‍ കേന്ദ്ര പുരസ്‌കാരങ്ങള്‍/സ്ഥാനങ്ങള്‍ ഫാഷിസത്തിനെതിരിലുള്ള പോരാട്ടത്തിന്റെ ഭാഗമായി തിരികെ നല്‍കി. ഇത് കേവലം മുസ്‌ലിം വിഷയമല്ല. പക്ഷേ ഒരുകാര്യം പറയാതെ പറ്റില്ല. ദളിതര്‍ക്ക് പുറമെ മുസ്‌ലിംകളാണിതിലെ ഇരകളിലധികവും. ഡോ. കമലാ സുരയ്യ (മാധവിക്കുട്ടി) വര്‍ഷങ്ങള്‍ക്ക് മുന്‍പ്
എഴുതിയ ‘വിശുദ്ധ പശു’ എന്ന കഥ
നോക്കൂ. കുപ്പത്തൊട്ടിയില്‍ നിന്ന്
പഴത്തൊലിയെടുത്ത് കഴിക്കുന്ന കുട്ടിയുടെ കയ്യില്‍നിന്ന് ഒരു പശു അത് തട്ടിത്തെറുപ്പിക്കുകയും കുട്ടി അതിനെ തള്ളിമാറ്റുകയും ചെയ്യുന്നു. വിശുദ്ധപശുവിനെ ഉപദ്രവിച്ചു എന്നാരോപി
ച്ച് ഒരു കൂട്ടം സന്യാസിമാര്‍ അവനെ ചോദ്യം ചെയ്യുന്നു. കുട്ടി മതമേതെന്നു പറയുന്നില്ല. പക്ഷേ അവന്‍ മുസല്‍മാനായതുകൊണ്ടാണ് പശുവിനെ ഉപദ്രവിച്ചത് എന്ന നിഗമനത്തിലെത്തി അവര്‍ അവനെ കൊന്ന് കുപ്പത്തൊട്ടിയിലാക്കുന്നു! പശു രാഷ്ട്രീയത്തിലെ ഇര പലപ്പോഴും മുസ്‌ലിമായിരിക്കും എന്നീ ചെറുകഥ സുന്ദരമായി പഠിപ്പിക്കുന്നു. പ്രവചനാ
ത്മക സ്വഭാവമുള്ള കഥയാണിത്.
അവസാനമായി ഒരു കാര്യം കൂടി. മുസ്‌ലിംകളിലെ ചിലര്‍ സംഘ്പരിവാറുമായി സഹകരിച്ച് രാഷ്ട്രീയ മുസ്‌ലിം മഞ്ച് പോലുള്ളവയില്‍ പ്രവര്‍ത്തിക്കുന്നു. നോമ്പുതുറയ്ക്ക് ഇറച്ചി ഒഴിവാക്കുന്നു, ബീഫ് നി
രോധനത്തെ പിന്തുണക്കുന്നു എന്നിങ്ങനെ പോകുന്നു സംഘ്പരിവാര്‍ വിധേയത്വം. അവരോര്‍ക്കേണ്ടത് ജര്‍മന്‍ പാതിരിയായ നി
കോളറുടെ അതിപ്രശസ്തമായ കവിതയാണ്. നാസിസത്തിനെതിരില്‍ നിശബ്ദത പാലിച്ച ജര്‍മന്‍ ബുദ്ധിജീവികളെ ചോദ്യം ചെയ്യുന്ന അവരെന്നെ തേടി വന്നു’ എന്ന കവി
തയുടെ അവസാനം ഇന്നും ക്ലാസിക്കാണ്.
”അവര്‍ പിന്നീട് എന്നെ തേടി വന്നു. എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായില്ല.”

കുറിപ്പുകള്‍
1. Buffalo Nationalism, Kancha Ilaiah, Samya, 2004, Page 137
2. The Myth Of The Holy Cow, D. N. Jha, Navayana, 2009, Page 17
3. Ibid, Page 27
4. Ibid, Page 61
5. Ibid, Page 90
6. Ibid, Page 113
7. Ibid, Page 127
8. Ibid, Page 138
9. Dr. Babasaheb Ambedkar, Writings & Speeches, Vol. 7 (www.mea.gov.in/books-writings-of-ambedkar.htm)
10. Ibid, Page 328
11. Ibid, Page 329
12. Ibid, Page 334
13. Ibid, Page 350
14. India’s sacred cow, Marvin Harris, Page 200 (spraakdata.gu.se/taraka/SacredCow.pdf)
15. www.mkgandhi.org
16. ബീഫും ബിലീഫും, രവിചന്ദ്രന്‍.സി, ഡി.സി ബുക്‌സ്, മെയ് 2017, പേജ് 35
17. Ibid, Page 143
18. I Too Had A Dream, Dr. Verghese Kurien, Lotus Collection, Roli Books; 2005
19. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 ജൂലൈ 09.

Leave a Reply

Your email address will not be published. Required fields are marked *