ഫ്‌ളാഷ് മോബാനന്തര പെണ്‍വിമോചന ചര്‍ച്ചകളിലെ തട്ടിപ്പുകള്‍

തട്ടം ഒരു വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ് വീണ്ടും. എയ്ഡ്‌സ് ബോധവല്‍കരണത്തിന്റെ ഭാഗമായി മലപ്പുറം നഗരമധ്യത്തില്‍ തട്ടമിട്ട കുറച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്‌ളാഷ് മോബ് ആണ് ചര്‍ച്ചകളുടെയൊക്കെ ആധാരം. ഖേദകരമെന്ന് പറയട്ടെ, മുസ്‌ലിംകളില്‍ ചിലര്‍ അസഭ്യമായ ഭാഷയില്‍ അതിനെ വിമര്‍ശിച്ചു. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അടക്കം അപഹസിച്ചു. അവരെ അഭിസാരികകള്‍ എന്ന് വിളിച്ച്, നരകത്തിലെ വിറകുകൊള്ളികള്‍ എന്ന് മുദ്രണം ചെയ്ത് ആക്രോശിച്ചു. ഈ അസഹിഷ്ണുത മറ്റുള്ളവര്‍ക്കിടയില്‍ മുസ്‌ലിം സമുദായത്തിനാകമാനം ദുഷ്‌കീര്‍ത്തി നേടിക്കൊടുത്തിരിക്കുകയാണ്.
ഒരു മുസ്‌ലിം എന്ന നിലയില്‍ എനിക്കിതൊന്നും അംഗീകരിക്കാനാവില്ല, കാരണം ഇസ്‌ലാം വിലക്കിയിട്ടുള്ള പ്രവര്‍ത്തനമാണ് ഇതൊക്കെ. അതിനാല്‍ ഇത്തരത്തിലുള്ള ആഭാസ പ്രവര്‍ത്തനങ്ങളോട് ഞാന്‍ വിയോജിക്കുന്നു എന്ന അഭിപ്രായത്തിലും പ്രതികരണത്തിലും നിര്‍ത്തേണ്ട വിഷയമായിരുന്നു ഇത്. മുസ്‌ലിം ആകട്ടെ അമുസ്‌ലിം ആകട്ടെ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളേട് അതൃപ്തിയും വിയോജിപ്പും ഉണ്ടെങ്കില്‍ വളരെ മാന്യമായി അത് പ്രകടിപ്പിക്കുകയും ഗുണദോഷിക്കുകയും ചെയ്യുക എന്നതാണ് ധര്‍മം. ഇസ്‌ലാം കല്‍പ്പിക്കുന്നതും അതു തന്നെയാണ്. ക്വുര്‍ആന്‍ പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവു നല്ലത് ഏതോ അത് കൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരും”(1) ഈ വിദ്വേഷ പ്രകടനത്തിനെതിരെ മുസ്‌ലിം നേതാക്കളടക്കം രംഗത്തുവന്നത് അസഹിഷ്ണുതയോട് ഇസ്‌ലാം യോജിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചയില്‍ വന്ന വിഷയം മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ്. പര്‍ദയും തട്ടവും ധരിക്കുന്ന അല്ലെങ്കില്‍ സമാനമായ ഇസ്‌ലാമിക  വസ്ത്രധാരണം നടത്തുന്ന മുസ്‌ലിം സ്ത്രീകള്‍ അടിമത്തത്തിന്റെ ചങ്ങലകെട്ടുകളില്‍ അകപ്പെട്ടവരാണെന്നും  പര്‍ദയില്‍ നിന്നും തട്ടത്തില്‍ നിന്നുമുള്ള മോചനമാണ് മുസ്‌ലിം സ്ത്രീയുടെ വിമോചനമെന്നുമുള്ള പഴയ മുദ്രാവാക്യം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.
ഇവിടെ രണ്ടു തലത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. തട്ടമിട്ടതുകൊണ്ട് അല്ലെങ്കില്‍ ഇസ്‌ലാമിക വസ്ത്രധാരണം കൊണ്ട് മുസ്‌ലിം സ്ത്രീ അപരിഷ്‌കൃതയും അധഃപതിച്ചവളുമായി മാറുകയും പുരോഗതി എന്തെന്നറിയാതെ അടുക്കളയുടെ  നാലു മൂലകളില്‍ ജീവിതം തള്ളി നീക്കേണ്ടി വരികയും ചെയ്തു. എന്ന  ആരോപണം ശരിയാണോ? രണ്ട്, തട്ടം  ഇടുക എന്നത് മുസ്‌ലിം  സ്ത്രീ മാത്രം ചെയ്യുന്ന അല്ലെങ്കില്‍ മുസ്‌ലിം സമുദായം നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്ന ഒരു അപരിഷ്‌കൃത അടിമത്ത വ്യവസ്ഥിതി ആണോ?
തട്ടമിട്ടതു കൊണ്ടോ മുസ്‌ലിമായതിനാലോ സ്ത്രീ ചരിത്രത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു എന്ന വാദം ശുദ്ധ നുണയാണ്. പ്രവാചകന്റെ (സ) കാലത്ത് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തങ്ങളുടേതായ ഇടം നേടിയ മഹിളാരത്‌നങ്ങളെ കാണാമായിരുന്നു. പരിതാപകരമായ അവസ്ഥയില്‍നിന്നും അവരെ ശാക്തീകരിക്കാനും മികച്ച അടിത്തറയില്‍ നല്ല ജീവിതം കെട്ടിപ്പെടുക്കാനും ഇസ്‌ലാം അവരെ സഹായിച്ചു. ഏറ്റവും പ്രധാനപ്പെട്ട അവകാശ പ്രഖ്യാപനങ്ങള്‍ നടത്തിയതും ഇസ്‌ലാമാണ്. ക്വുര്‍ആനിലെ സ്ത്രീകള്‍ എന്ന അധ്യായത്തില്‍ അല്ലാഹു പറയുന്നു: ”മനുഷ്യരേ നിങ്ങളെ ഒരേ ആത്മാവില്‍ നിന്നും സൃഷ്ടിക്കുകയും, അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.”(2)
ക്വുര്‍ആനിലെ ഈ അവകാശ വിളംബരം സ്ത്രീയുടെ വിഷയത്തില്‍ ഇത്ര ശക്തമായി അവതരിപ്പിച്ച മാനുഷിക മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഗ്രന്ഥം ഈ ലോകത്ത് കഴിഞ്ഞു പോയിട്ടുമില്ല ഇനി വരാനുമില്ല.(3)

വാണിജ്യവ്യവഹാരരംഗത്തെ സ്ത്രീ സാന്നിധ്യത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രവാചക പത്‌നി ഖദീജ (റ). മക്കയിലെ തന്നെ സുശക്തയായ വ്യാപാരിയായിരുന്നു അവര്‍. അവരുടെ കച്ചവടവ്യൂഹം വളരെ വലുതായിരുന്നു. നബി (സ) വിവാഹം കഴിച്ച ശേഷം അത് അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. പ്രവാചകത്വത്തിന്റെ പ്രഥമഘട്ടങ്ങളില്‍  നബി(സ)ക്ക് ആശ്വാസവും സാന്ത്വനവും സംരക്ഷണവും ലഭിച്ചത് ആ മഹതിയില്‍ നിന്നായിരുന്നു. അവരുടെ വിയോഗത്തിനുശേഷം അവലംബം നഷ്ടപ്പെട്ട ഒരു ദുഃഖിതനായാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. ഒരു ആടിനെ അറുക്കുമ്പോള്‍പോലും ഖദീജ(റ)യുടെ സുഹൃത്തുക്കള്‍ക്ക് അതിന്റെ ഒരു വിഹിതം സമ്മാനമായി  എത്തിക്കാന്‍ മറക്കാതിരുന്നത് ആ മഹതിയോടുള്ള നബി(സ)യുടെ അങ്ങേയറ്റത്തെ സ്‌നേഹത്തെ സൂചിപ്പിക്കുന്നു. അത്രമാത്രം ശക്തയായ, യോഗ്യയായ സ്ത്രീയായിരുന്നു പ്രവാചക പത്‌നി ഖദീജ (റ).
സമൂഹത്തിന്റെ മുഖ്യധാരയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം നല്‍കിയത് ഇസ്‌ലാമാണ്. ജനങ്ങള്‍ക്ക് ഉപദേശം നല്‍കവേ ഒരിക്കല്‍ ഉമര്‍ (റ) പറഞ്ഞു, ”ആരെങ്കിലും വിവാഹം കഴിക്കുകയും നാന്നൂറ് ദര്‍ഹത്തില്‍ കൂടുതല്‍ മഹര്‍ നല്‍കുകയും ചെയ്താല്‍ ഞാന്‍ അവന് ശിക്ഷ നല്‍കുകയും അധിക തുക ബയ്തുല്‍മാലിലേയ്ക്ക് കണ്ടുകെട്ടുകയും ചെയ്യും. ഇതുകേട്ട ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് ചോദിച്ചു ”അമീറുല്‍ മുഅ്മിനീന്‍ നിങ്ങള്‍ നാനൂറ് ദിര്‍ഹത്തില്‍ കൂടുതല്‍  മഹര്‍ നല്‍കുന്നതിനെ നിരോധിക്കുകയാണെങ്കില്‍ ക്വുര്‍ആന്‍ പറഞ്ഞതിന് എതിരാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.” എന്നിട്ടവര്‍ ക്വുര്‍ആനിലെ നാലാം അധ്യായത്തിലെ ഇരുപതാമത്തെ വചനം പാരായണം ചെയ്തു, ”നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് യാതൊന്നുതന്നെ  നിങ്ങള്‍ തിരിച്ചുവാങ്ങരുത്.” ഇതുകേട്ട ഉമര്‍ (റ) തല്‍ക്ഷണം ഉത്തരവ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു.(4) ഇതുപോലെ ഒരു ഖലീഫയുടെ മുന്നില്‍ എഴുന്നേറ്റുനിന്ന് സംസാരിക്കാന്‍ മുസ്‌ലിം സ്ത്രീക്ക് അവകാശം നല്കിയ മതമാണ് ഇസ്‌ലാം. അവളുടെ വസ്ത്രമോ വിശ്വാസമോ അവളെ ഈ ചോദ്യം ആരായുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ഉസ്മാന്റെ (റ) കാലത്ത് ഉത്ഭവിച്ച കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പ്രവാചക പത്‌നി ആയിശ (റ) ഇറങ്ങി പുറപ്പെട്ടു എന്നത് ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നു. യുദ്ധസമയത്ത് ഒട്ടകപ്പുറത്ത് അവര്‍ ഉണ്ടായിരുന്നു എന്നതിനാലാണ് പ്രസ്തുത സംഘര്‍ഷത്തിന് ‘ജമല്‍യുദ്ധം’ എന്ന പേര് തന്നെ വന്നത്. ഏഴു യുദ്ധങ്ങളില്‍ മുസ്‌ലിംകള്‍ക്കൊപ്പം പങ്കെടുക്കുകയും പല സന്നിഗ്ധഘട്ടങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്ത ഉമ്മു അത്വിയ്യ (റ) എന്ന വനിതയും ചരിത്രത്താളുകളില്‍ ഇടം പിടിച്ചവരാണ്. സമൂഹത്തില്‍ നടമാടുന്ന അനീതിക്കെതിരെ പോരാടാന്‍ ഇസ്‌ലാമിക  വസ്ത്രധാരണവും വിശ്വാസ മൂല്യങ്ങളും തടസമായിരുന്നില്ല എന്നതാണ് ചരിത്രം.
മുസ്‌ലിം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു വനിതകള്‍.  പ്രവാചകാധ്യാപനങ്ങളുടെ പകുതിയിലധികവും  ലോകത്തെ പഠിപ്പിച്ചത് ആയിശ (റ) ആയിരുന്നു. മദീന കേന്ദ്രീകൃതമായി വളര്‍ന്നുവന്ന ഇസ്‌ലാമിക വിദ്യാഭ്യാസ ശാഖയുടെ  നേതൃസ്ഥാനത്ത് അബൂ ഹുറൈറ(റ)ക്കും ഇബ്‌നു അബ്ബാസി(റ)നും ഒപ്പം അവരും ഉണ്ടായിരുന്നു. നല്ല ഓര്‍മശക്തിയുള്ള ആയിശ (റ) ഏതാണ്ട് മൂവായിരത്തോളം ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നു. പരിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുടെ ആഴത്തിലുള്ള അര്‍ത്ഥവും അവര്‍ക്ക് ഹൃദ്യസ്ഥമായിരുന്നു. ക്വുര്‍ആനും ഹദീഥും തമ്മില്‍ ബന്ധിപ്പിക്കുന്ന വിഷയത്തില്‍ ആയിശ(റ)യുടെ വീക്ഷണങ്ങളാണ് ഇമാം അബൂ ഹനീഫ, ഇമാം ബുഖാരി അടക്കമുള്ള പൗരാണികരും മറ്റ് ആധുനികരുമായ പണ്ഡിതന്‍മാര്‍ സ്വീകരിച്ചു വരുന്നത്. പ്രവാചകപത്‌നിമാരില്‍ ഉമ്മു സലമ (റ), മൈമുന (റ) എന്നിവരും വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്നവരായിരുന്നു എന്നത് ശ്രദ്ധേയമാണ്.
തട്ടമിട്ടുകൊണ്ടാണെങ്കിലും എന്ത് വൃത്തികേടുകളും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കണം എന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്. അതിനുള്ള ശ്രമമെന്നോണം ‘ഡൂപ്ലിക്കേറ്റ്’ തട്ടമിട്ട ‘സുന്ദരിമാരെ’ രംഗത്തിറക്കി കളിച്ചവരും മലയാളമണ്ണില്‍ ഉണ്ടായി എന്നത് അത്യന്തം സങ്കടകരം തന്നെ. തട്ടത്തില്‍ നിന്നുള്ള മോചനമാണോ തട്ടമിട്ടുള്ള പുരോഗതിയാണോ എന്താണ്  ഉദ്ദേശിച്ചത് എന്ന് ആ പാവം ‘ബുദ്ധിജീവികള്‍ക്ക്’ പോലും അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. വിമോചനം തട്ടത്തിലൂടെയും ഉണ്ടാകും എന്ന് ഒരു പ്രതിഷേധക്കാരി പറയുന്നത് അവരുടെ മുതലാളിമാര്‍ അംഗീകരിക്കുമോ അവോ.! ഒരു മതവിശ്വാസി അല്ലെങ്കില്‍ ഒരു സംഘടനാ അംഗം തന്റെ സംഘടനയുടെ നിയമാവലികള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണ്. അല്ലാത്തപക്ഷം ആ വ്യവസ്ഥയില്‍ നിന്ന് പുറത്ത് പോവുകയും വിമര്‍ശിക്കുകയും ചെയ്യാം. ഇതേ നിലപാട് മുസ്‌ലിംകള്‍ എന്ന് അവകാശപ്പെടുന്ന ‘നവലിബറലു’കള്‍ക്കും ബാധകമാണ്. ഇസ്‌ലാമിന്റെ ഉള്ളില്‍ നിന്ന് ക്വുര്‍ആനും തിരുസുന്നത്തും തിരുത്തിയെഴുതാനും ഭൗതികവാദികളുടെ ഇഷ്ടത്തിന് വ്യഖ്യാനം നല്‍കുകയും ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന് നിസംശയം പറയാം.
1857ല്‍ പൊട്ടിപുറപ്പെട്ട ഒന്നാം ഇന്‍ഡ്യന്‍ സ്വാതന്ത്ര സമരം നയിച്ചവരില്‍ ശ്രദ്ധേയായ ഒരു വ്യക്തിയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍ അവദ് പ്രവശ്യയിലെ നവാബ് ആയിരുന്ന ആയിരുന്ന വാജിദ് അലി ഷായുടെ പത്‌നിയായ അവര്‍ ഭര്‍ത്താവിന്റെ വിയോഗാനന്തരം ഭരണം ഏറ്റെടുക്കുകയും തന്റെ സൈന്യവുമായി രംഗത്തിറങ്ങുകയും ചെയ്തു. റാണി ലക്ഷ്മിഭായി എന്ന ഝാന്‍സിയിലെ റാണിയോടൊപ്പം പോരാട്ട  വീര്യത്തില്‍ ഇന്‍ഡ്യന്‍ ജനത ചേര്‍ത്തുപറഞ്ഞ മുസ്‌ലിം സ്ത്രീയായിരുന്നു ഹസ്രത്ത് മഹല്‍. മൗലനാ അബുല്‍ കലാം  ആസാദിന്റെ സുലൈഖ ബീഗം തന്റെ ഭര്‍ത്താവ് തടവിലകപ്പെട്ട അവസരത്തില്‍ ഗാന്ധിജിക്കെഴുതിയ കത്ത് ഏറെ പ്രശസ്തമാണ്. പ്രിയതമന്റെ അഭാവത്തില്‍ ബംഗാള്‍ ഖിലാഫത്ത്  പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുക്കുകയാണ് എന്ന് അറിയിച്ചു. മുസ്‌ലിം വസ്ത്രധാരണം സ്വീകരിച്ച അവര്‍ മുഖം അടക്കം മറച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റ് പ്രമുഖ നേതാക്കളുമായി ചര്‍ച്ചകളില്‍ പങ്കെടുകയും അതുല്യസംഭാവനകള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു എന്നത് വ്യക്തമായ ചരിത്രവസ്തുതയാണ്. ഇപ്രകാരം ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ സമരത്തിന് ധാരാളം മുസ്‌ലിം സ്ത്രീകള്‍ അവരുടെ ഇഷ്ട വസ്ത്രധാരണത്തോടെ ശ്രദ്ധേയമായ പങ്കുവഹിച്ചു എന്നത് മുസ്‌ലിം സ്ത്രീ അപരിഷ്‌കൃതയും നാടിന് ഗുണമില്ലാത്തവളുമാണെന്ന് അവഹേളിക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്.
ലോക ചരിത്രത്തില്‍ സ്ത്രീകള്‍ മുഖ്യധാരയിലേയ്ക്ക് കടന്നു വന്നത് വളരെ പതുക്കെയായിരുന്നു. ഈ പുരോഗതിക്കൊപ്പം സഞ്ചരിക്കാന്‍ തട്ടമിട്ട മുസ്‌ലിം സ്ത്രീക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് സമകാലിക മാധ്യമങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.  ദലീല മൊഗാഹദ് എന്ന അമേരിക്കന്‍ മുസ്‌ലിം  2009ല്‍ ആദ്യമായി വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്ന മുസ്‌ലിം വനിതയായി. അന്നത്തെ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മുസ്‌ലിം ഉപദേഷ്ടാവായി ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. ഇസ്‌ലാമിക വസ്ത്രധാരണം കാത്തു സൂക്ഷിക്കുകയും ഇസ്‌ലാമിക മൂല്യങ്ങളെ ഉള്‍ക്കൊളളുകയും ചെയ്യുന്ന അവര്‍ ംവീ ുെീസല െളീൃ കഹെമാ  എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി.  ഇസ്‌ലാമിക വിശ്വാസത്തിന്റെ പ്രാധാന്യം അമേരിക്കപോലുളള നാടുകളില്‍ സൃഷ്ടിച്ച പ്രതിഫലനം ഈ പുസ്തകത്തില്‍ വസ്തുതാപരമായി അവലോകനം ചെയ്യുന്നു.
2011ലെ സാഹിത്യത്തിനുളള നോബേല്‍ കരസ്ഥമാക്കിയ തവക്കുല്‍ കര്‍മാന്‍ ഇസ്‌ലാമിക വസ്ത്രധാരണം കാത്തുസൂക്ഷിക്കുന്ന മഹതിയാണ്. ഉരുക്കുവനിത എന്നും വിപ്ലവത്തിന്റെ മാതാവ് എന്നും വിളിപ്പേരുളള അവര്‍ക്ക് തന്റെ വസ്ത്രധാരണം പ്രശസ്തിയുടെ ചവിട്ടുപടികള്‍ ഓരോന്നായി നടന്നുകയറാന്‍ തടസ്സമായിരുന്നില്ല.
കേരളചരിത്രത്തില്‍ അറബി മലയാളം എന്ന ഭാഷ അറിയാമായിരുന്ന ഒരു വലിയ സ്ത്രീ സമൂഹം ഉണ്ടായിരുന്നു. അക്ഷരമറിയാത്ത മാപ്പിളപ്പെണ്ണ് പഠിപ്പിച്ചിരുന്നത് അറബി മലയാളം എന്ന സവിശേഷ ലിപിയിലാണ്. അതവര്‍ക്ക് വായിക്കാനും എഴുതാനും അറിയാമായിരുന്നു. അറബിമലയാളം അച്ചടി നിലവില്‍ വന്നതോടെ നോവലുകള്‍ അടക്കമുള്ള സാഹിത്യരചനയിലേയ്ക്ക് മുസ്‌ലിം സ്ത്രീകള്‍ അടക്കം കടന്നു വന്നിരുന്നു. 1929ല്‍ കെ.സി കോയക്കുട്ടി മൗലവി  പ്രസിദ്ധീകരിച്ച ഡിസാഉല്‍ ഇസ്‌ലാം എന്ന അറബി മലയാള മാസിക സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നത് മുസ്‌ലിം വിമര്‍ശകര്‍ക്ക്  ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ എന്നത് സംശയമാണ്. ഇത്തരത്തില്‍ ധാരാളം സ്ത്രീകളുടേ പേര് വിവരങ്ങളും ലഘുചരിത്രവും ഡോ. ഷംഷാദ് ഹുസൈന്‍ ‘ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍’ എന്ന ഗവേഷണ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
കേരളത്തില്‍ ജാതിയുടെയും വര്‍ണത്തിന്റെയും പേരില്‍ മനുഷ്യനെ അകറ്റി നിര്‍ത്തിയപ്പോള്‍ അവിടെ ഇസ്‌ലാം ഇത്തരത്തിലുള്ള വ്യവസ്ഥിതികളെ ചോദ്യം ചെയ്തു. ഹിന്ദു സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നിഷിദ്ധമായിരുന്നു എന്നതിന് ചരിത്രം സാക്ഷിയാണ്. അതിന്റെയത്ര അധഃപതനം മുസ്‌ലിം സ്ത്രീകള്‍ ക്കുണ്ടായിട്ടില്ല. മറ്റൊരു തലത്തില്‍ കേരളത്തില്‍ സ്ത്രീകളുടെ നവോത്ഥാനം നടക്കുന്ന അതേ ഒഴുക്കില്‍ മുസ്‌ലിം സ്ത്രീയും മുഖ്യധാരയില്‍  എത്തിയിരുന്നു എന്നതാണ്.
തല മറക്കുക, മുഖം മറക്കുക എന്നതൊക്കെ മുസ്‌ലിം സമുദായം സ്ത്രീകളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്ന പ്രവൃത്തിയാണ്, അതിനാല്‍ അത് നിര്‍ത്തലാക്കേണ്ട അനാചാരമാണ് എന്ന് ചിലര്‍ പൊതുസമൂഹത്തെ പറഞ്ഞുപഠിപ്പിക്കുന്നു. ആഗോളതലത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിനുമുമ്പ് തുടങ്ങുകയും പിന്നീട് ശക്തിയാര്‍ജ്ജിക്കുകയും ചെയ്ത വാദമാണ് മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതിനാല്‍ അടിമത്തത്തിലാണ് എന്നത്. ഇറാനിലെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ എന്ന ഭീകരസംഘടനയുടെയും സ്ത്രീവിരുദ്ധ നയങ്ങളെ എടുത്ത് ഉയര്‍ത്തിക്കാണിച്ചിട്ടാണ് അടുത്തകാലം വരെ മാധ്യമങ്ങള്‍ ഈ വാദം പ്രചരിപ്പിച്ചത്. എന്നാല്‍ ഇന്ന് അമുസ്‌ലിം സ്ത്രീകള്‍ അടക്കം ധാരാളം പേര്‍ മുഖം മറക്കുവാനും തട്ടമിടുവാനും സ്വമേധയാ തയ്യാറായി വരുന്നുണ്ട് എന്നത് ചില പഠനങ്ങളില്‍ കാണാന്‍ കഴിയും. മാതാവും ജാമാതാവും ഹിജാബിനെതിരായി സമരം ചെയ്തിരുന്ന വീടുകളിലെ പിന്‍തലമുറക്കാരായ പെണ്‍മക്കള്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു പ്രസ്ഥാനമെന്ന തലത്തിലേക്ക് മുഖം മറക്കുന്ന സ്ത്രീകള്‍ സംഘടിച്ചു എന്നതും പലപ്പോഴും നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ വസ്തുതയാണ്.
അറബ് രാജ്യങ്ങളിലെ മാത്രമല്ല പാശ്ചാത്യന്‍ രാജ്യങ്ങളിലെ മുസ്‌ലിം സ്ത്രീകളും അപവാദ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ശബ്ദമുയര്‍ത്തി മുന്നില്‍ വന്നു. നിയമപോരാട്ടങ്ങള്‍ നടന്നു. ധാരാളം അനുകൂലവിധികള്‍ വന്നു. മുസ്‌ലിം സ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതാസംഘടനകള്‍ രംഗത്തുവന്നു. അങ്ങനെ ഹിജാബ് ഉപേക്ഷിച്ച ആയിരക്കണക്കിന് സ്ത്രീകള്‍ ഹിജാബിലേക്ക് മടങ്ങിവന്നു. വിശ്വാസം മാത്രമല്ല രാഷ്ട്രീയവും പ്രതിഷേധങ്ങളും, സമൂഹത്തില്‍ ബഹുമാനവും സുരക്ഷിതത്വവും ലഭിക്കാനും മറ്റ് നിരവധി ആവശ്യങ്ങള്‍ക്ക് ലോകത്ത് സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നു എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്.
മതങ്ങളെ മാത്രം പരിശോധിച്ചാല്‍ ജൂത-ക്രൈസ്തവ മതത്തില്‍ തലമറക്കല്‍ മഹത്തായ പുണ്യപ്രവൃത്തിയായാണ് പഠിപ്പിക്കുന്നത്. പാശ്ചാത്യന്‍ രാജ്യങ്ങളിലടക്കം ആരാധനാലയങ്ങലില്‍ തലമറക്കല്‍ നിര്‍ബന്ധമാണ്. ഉത്തരകൊറിയ പോലെയുള്ള രാജ്യങ്ങളിലെ ക്രൈസ്തവവിശ്വാസികള്‍ മുസ്‌ലിം സ്ത്രീകളെ പോലെ സദാ മുഖം മറക്കുന്നവരാണ്. അല്‍ബേനിയയിലെ ക്രൈസ്തവ സ്ത്രീകള്‍ വെളുത്ത ശിരോവസ്ത്രം ധരിക്കുന്നവരാണെന്നു മാത്രമല്ല കണ്ണുമാത്രം കാണുന്ന തരത്തിലുള്ളതാണ് അവര്‍ പ്രോത്സാഹിപ്പിക്കുന്നതും.(6) പ്രോട്ടസ്റ്റന്റ് വിഭാഗത്തിന്റെ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ ഭര്‍തൃമതികളായ സ്ത്രീകളോട് ശിരോവസ്ത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.(7)
പഴയനിയമത്തില്‍ ഇസ്‌റായീല്യരായ സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നവരായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. 1200-586 ബി.സി കാലഘട്ടത്തിലെ സ്ത്രീകള്‍ ശിരോവസ്ത്രം മാറ്റുന്നത് അപമാനത്തിന്റെ അടയാളമായാണ് കണ്ടിരുന്നത്.(8) റെബേക്ക ഇസ്ഹാഖിനെ കണ്ടുമുട്ടുമ്പോള്‍ തലമറക്കുന്നതായും പഴയനിയമം പറയുന്നു.
പുതിയ നിയമത്തില്‍ മുടുപടമിടാതെ പ്രാര്‍ത്ഥിക്കുന്ന സ്ത്രീ അവളെ സ്വയം അപമാനിച്ചിരിക്കുന്നു എന്നും അങ്ങനെ മൂടുപടം ധരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ തലമുടി മുഴുവന്‍ ക്ഷൗരം ചെയ്യുന്നതാണ് ഭേദം എന്ന് അത്തരത്തിലുള്ള സ്ത്രീകളെ നിശിതഭാഷയില്‍ എതിര്‍ക്കുന്നു.(9) ശിരോവസ്ത്രം എന്നത് ജൂത-ക്രൈസ്തവ ആരാധനാലയങ്ങളിലും വിവാഹ ചടങ്ങുകളിലും നിര്‍ബന്ധമായ ഒന്നാണ്. ശിരോവസ്ത്രം ദൈവികതയുടെയും പവിത്രതയുടെയും മാന്യതയുടെയും വസ്ത്രമാണെന്ന് ഇസ്‌ലാം പറയുമ്പോള്‍ അത് പ്രാകൃതമാണെന്ന് പറയുന്നവര്‍ മേല്‍പറഞ്ഞ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് അറിയേണ്ടിയിരിക്കുന്നു.
ഉത്തരേന്ത്യയിലെ സ്ത്രീകള്‍ ഗുണ്‍ഗട്ട് സമ്പ്രദായം അനുസരിച്ച് ശിരോവസ്ത്രം ധരിക്കുന്നവരാണ്. പൊതുഇടങ്ങളില്‍, മുതിര്‍ന്നവരുടെ മുന്നില്‍, ആരാധനാസമയത്ത് ഒക്കെ സാരിലൈപ്പ് കൊണ്ടോ ദുപ്പട്ട കൊണ്ടോ തലമറക്കുകയും മുഖം മൂടുകയും ചെയ്യുന്നുണ്ട്. വാല്‍മീകീ രാമായണത്തില്‍ രാമന്‍ സീതയുമായി കാനനവാസത്തിന് പോകുന്നതിനുമുന്‍പ്
സ്വദേശത്തെ ആളുകള്‍ക്ക് കാണാനായി അല്‍പനേരം സീത തന്റെ മുഖപടം ഉയര്‍ത്തികാണിക്കുന്നായി പരാമര്‍ശിക്കുന്നുണ്ട്. രാവണ നിഗ്രഹം അറിഞ്ഞ് അദ്ദേഹത്തിന്റെ പത്‌നിമാരും ദാസികളും അലമുറിയിട്ടുകൊണ്ട് കൊട്ടാരത്തില്‍നിന്നും പുറത്തേക്കോടുമ്പോള്‍ രാവണന്റെ പ്രഥമപത്‌നി മണ്‌ഡോദരി തലമറക്കാതെ ഇറങ്ങിവന്ന് മറ്റുള്ളവര്‍ക്ക് കാഴ്ചയൊരുക്കുന്ന കൊട്ടാരം സ്ത്രീകളെ ശാസിക്കുന്നുണ്ട്.(10)
ബുദ്ധമഹായാന സാഹിത്യമായ ലളിത വിസ്താരസൂത്രയില്‍ ശിരോവസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന വരികള്‍ ധാരാളമുണ്ട്.(11) ഇത്തരത്തില്‍ അമിഷ്യകള്‍ക്കിടയില്‍, സാബിഅ് മതക്കാര്‍, അഗ്നിയാരാധകരായ മതവിഭാഗങ്ങള്‍, താവോ മതക്കാര്‍ എന്നിങ്ങനെ നിരവധി ദര്‍ശനങ്ങള്‍ ശിരോവസ്ത്രത്തിന്റെ പവിത്രതയും മാന്യതയും അനുയായികളെ പഠിപ്പിക്കുന്നു.
ഭാരതത്തിന്റെ പ്രഥമപൗരയായിരുന്ന പ്രതിഭാ പാട്ടീല്‍, സോണിയാ ഗാന്ധി എന്നിവര്‍ സാരിത്തലപ്പുകൊണ്ട് സദാ തലമറക്കുകയും അതൊരു മാന്യതയുടെയും മര്യാദയുടെയും രീതിയാണ് എന്ന് മാതൃക കാണിച്ചുതരികയും ചെയ്യുന്നു.
ഇസ്‌ലാം നിരോധിച്ച സന്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് മതങ്ങളിലെ സന്യാസിനിമാര്‍ ശിരസ് അടക്കം ശരീരം മുഴുവനും മറക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്കൊക്കെ ലഭിക്കുന്നത് ആത്മീയ പരിവേഷവും മുസ്‌ലിം സ്ത്രീയുടെ വിഷയത്തില്‍ പരമപുച്ഛവും. ഇതെങ്ങനെയാണ് ന്യായമാവുക?
മാറുമറക്കുവാനുള്ള അവകാശപ്പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച ചരിത്രമാണ് മലയാളി സ്ത്രീകളുടേത്. പുരുഷന്‍ മുഖവും മുന്‍കൈയ്യും മാത്രം പുറത്തുകാണിക്കുന്ന ഒരു കറുത്ത കോട്ട് ധരിച്ച് പൊതുഇടങ്ങളില്‍ വന്നാല്‍ അത് മഹത്തായ സംസ്‌കാരം. അവിടെ ചൂടിന്റെ പ്രശ്‌നമില്ല, വിയര്‍പ്പില്ല, സ്വാതന്ത്ര്യപ്രശ്‌നമില്ല, പ്രാകൃതതയില്ല. മറിച്ച് ഒരു സ്ത്രീയാണ് ഇത്തരത്തില്‍ വരുന്നതെങ്കില്‍ അത് അടിമത്തത്തിന്റെ കരാളഹസ്തങ്ങളില്‍ പിടഞ്ഞുമരിക്കുന്ന പാവം സ്ത്രീ, പ്രാകൃതയായവള്‍, ഒരായിരം സഹതാപത്തിന്റെ മുതലക്കണ്ണീരും കൂടി ഇരിക്കട്ടെ. പെണ്ണ് തുണിയുരിഞ്ഞാല്‍ പുരോഗമനവും ആണ് തുണിയുരിഞ്ഞാല്‍ വൃത്തികേടും. ഇതിന്റെ മനഃശാസ്ത്രം ആരാണൊന്ന് വിവരിച്ചു തരിക.
എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെട്ട് സ്ത്രീശരീരം മറച്ചാല്‍ അസ്വതന്ത്രമാണെന്ന് അവരെ പറഞ്ഞ് പഠിപ്പിച്ച് ആടാനും പാടാനും തെരുവിലേക്ക് കൊണ്ടുവരുന്നവര്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ മാംസത്തെ രുചിക്കാനുള്ള തന്ത്രപരമായ വഴിയൊരുക്കലാണ്. പെണ്ണിടങ്ങളില്‍ കയറിച്ചെന്ന് അവരെ ആസ്വദിക്കാന്‍ കഴിയാതെ പോകുമ്പോഴുണ്ടാകുന്ന ലൈംഗികദാരിദ്ര്യം തീര്‍ക്കാന്‍ തങ്ങളും സ്വകാര്യ ഇടങ്ങളിലേക്ക് വിമോചനമെന്ന പേരില്‍ പെണ്ണിനെ കൊണ്ടുവരാനുള്ള കൗശലം. ഇതൊക്കെയാണ് പുരോഗതി എന്ന് അധികകാലും പറഞ്ഞുനടക്കാന്‍ കാലം അവരെ അനുവദിക്കില്ല എന്നത് പ്രകടമായി തുടങ്ങിയിരിക്കുന്നു.
സെക്യുലര്‍ എന്നവകാശപ്പെടുന്ന ചില വിദ്യാര്‍ത്ഥി സംഘടനകള്‍ മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നം സമുദായം തലമറക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നണ് എന്ന് കരുതുന്നുണ്ട്. അവള്‍ക്ക് തല മറച്ചുകൊണ്ട് പരീക്ഷ എഴുതുവാനും പൊതുവേദികളില്‍ അഭിമാനത്തോടെ കയറി നില്‍ക്കുവാനും അവകാശം നേടിക്കൊടുക്കുക എന്നതാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമെന്ന വസ്തുത അവള്‍ തിരിച്ചറിയുമോ? ഈ അവകാശ പോരാട്ടങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എന്ത് വീക്ഷണമാണ് ഈ സെക്യുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ളത് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. നാനാത്വത്തെയും വൈവിധ്യത്തെയും ഇഷ്ടപ്പെടുന്നു എന്ന് ഉദ്‌ഘോഷിക്കുന്ന ഇവര്‍ക്ക് അടുത്തിരിക്കുന്ന അഞ്ച് പെണ്‍തലകളില്‍ ഒന്നില്‍ തട്ടം തിളങ്ങുന്നത് വൈവിധ്യമായി തോന്നാത്തത് ഖേദകരമാണ്. മുസ്‌ലിം സ്ത്രീയുടെ സാമൂഹിക ഇടപാടുകളിലെ വലിയൊരു വിഷയമാണ് തട്ടം എന്നത്. അതിനെ, ആ അവകാശത്തെ സംരക്ഷിക്കാനും
ഈ വൈവിധ്യത്തെ നിലനിര്‍ത്താനുമാണ് നമ്മുടെ നാടും ഭരണകര്‍ത്താക്കളും ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള പുതിയ പല പരിശ്രമങ്ങളും നടക്കുന്നുണ്ട് എന്നത് വരുംതലമുറയുടെ നല്ല ഭാവിക്ക് ഉപകാരപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
മ്മ

കുറിപ്പുകള്‍
1. ക്വുര്‍ആന്‍ 41:34
2. ക്വുര്‍ആന്‍ 4:1
3. Muslim women’s dress code according to quran and the sunnah and islamic ethics (Jamal Badawi – 1980).
4. തഫ്‌സീര്‍ ഇബ്‌നു കഥീര്‍, സൂറത്തുല്‍ മാഇദ: 20,  (അഹ്മദ്, തിര്‍മിദി).
5. Challenging Media Representations of the Veil: Contemporary Muslim Women’s Reveiling Movement, Katherine Bullock.
6. The Albanians: An Ethnic History from Prehistoric Times to the Present (Edwin E. Jacques).
7. Lathor on women: A source book (Cambridge University Press).
8. ബൈബിള്‍: യശയ്യാവ്  -49:12, സംഖ്യാപുസ്തകം 5:18.
9. ബൈബിള്‍: പുതിയനിയമം, കൊറിന്ത്യന്‍സ് (ഒന്നാം ലേഖനം) – 11:3-16.
10. Women and the law, Anjali Kamat.
11. Gautama Buddha : In Life and Legend, Betty Kelen, 1967.

Leave a Reply

Your email address will not be published. Required fields are marked *