ഫൈസലിന്റെ ചോര: പകരം ചോദിക്കേണ്ടതാര് ?

കലാപങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാമെന്നും ധ്രുവീകരണത്തിലൂടെ വെറുപ്പുല്‍പാദിപ്പിക്കാമെന്നും വെറുപ്പുല്‍പ്പാദനത്തിലൂടെ തങ്ങളിച്ഛിക്കുന്ന തരത്തിലുള്ള സാമൂഹ്യസൃഷ്ടിയും രാഷ്ട്രനിര്‍മിതിയുമാകാമെന്നും ആള്‍ക്കൂട്ടമനസ്സിനെ ശരിയ്ക്കും പഠിച്ച ഇറ്റലിയിലെയും ജര്‍മനിയിലെയും ഫാഷിസ്റ്റ് ബുദ്ധിജീവികള്‍ മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അധികാരത്തിന്റെ സ്വാദ് ആസ്വദിക്കാനാരംഭിച്ചതു  മുതല്‍ തങ്ങളാഗ്രഹിക്കുന്ന രീതിയിലുള്ള രാഷ്ട്രനിര്‍മിതിയ്ക്ക് ആവശ്യമായ ഉദ്യോഗസ്ഥസൃഷ്ടിയിലും അന്തരീക്ഷസൃഷ്ടിയിലുമായിരുന്നു അക്രമാസക്ത ദേശീയതയുടെ ഇന്‍ഡ്യന്‍ പതിപ്പ്. മണ്ണ് പാ
കപ്പെടുത്തലും വിത്തെറിയലുമെല്ലാം കഴിഞ്ഞിട്ടുണ്ട്. മുളച്ചുകൊണ്ടിരിക്കുന്ന വര്‍ണാശ്രമവിളകളെ ആസ്വദിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണവര്‍. ഉത്തര്‍പ്രദേശിനെപ്പോലെയുള്ള ചിലയിടങ്ങളില്‍ വിളകള്‍ പൂര്‍ണമായും പാകമായിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ പാകമായിക്കൊണ്ടിരിക്കുന്നു. ഫാഷിസ്റ്റുവിത്തുകള്‍ക്ക് വേരിറക്കാന്‍ പറ്റാത്തവിധം അവരുടെ ആശയങ്ങള്‍ക്ക് ഊഷരമാണ് ചിലയിടങ്ങളിലെ ഭൂമി. ദക്ഷിണേന്ത്യ പൊതുവെ അങ്ങനെയാണ്. അതില്‍ സവിശേഷമാണ് കേരളം. കേരളത്തിലൂടെയാണ്  ഇന്‍ഡ്യയിലേക്ക് ഇസ്‌ലാം വന്നത് എന്നതിനാല്‍ ഇവിടെ ചരിത്രപരമായി തന്നെ നിലനിന്നുവന്ന സൗഹൃദത്തെയും സ്‌നേഹത്തെയും തകര്‍ക്കുവാന്‍ എളുപ്പമല്ല എന്നതുകൊണ്ടാണിത്. സാമൂതിരിയുടെ രാജ്യം നിലനിര്‍ത്താന്‍ യുദ്ധം ചെയ്യേണ്ടത് മുസ്‌ലിംകളുടെ ബാധ്യതയാണെന്ന് പഠിപ്പിച്ച പണ്ഡിതന്മാര്‍ ജീവിച്ച നാട്ടിലേക്ക് മുസ്‌ലിംവിരോധം വളര്‍ത്തി ഫാഷിസത്തിനു പറ്റിയ മണ്ണുണ്ടാക്കുക കുറച്ച് പ്രയാസകരമായ പണിയാണ്. തലമുറകളായി കേരളത്തില്‍ നിലനിന്ന ബഹുസ്വരതയുടെ നൂലിഴകള്‍ പൊട്ടിക്കുക അത്ര എളുപ്പമല്ല. സംഘശാഖകള്‍ രൂപീകരിക്കപ്പെട്ട് ഒന്‍പതു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കുവാന്‍ അക്രമാസക്തദേശീയതയുടെ  ആളുകള്‍ക്ക് കഴിയാതെ പോയത്  അതുകൊണ്ടാണ്.
ബഹുസ്വരതയുടെ കേരളീയ മാതൃക തകര്‍ക്കുകയും ഫാഷിസത്തിന് വളരാന്‍ പറ്റുന്ന മണ്ണൊരുക്കുകയും ചെയ്യാന്‍ എന്തുചെയ്യണമെന്ന ഗൗരവതരമായ ചിന്തകളും പഠനങ്ങളും ഷോവനി
സ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ നടക്കാനാരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ബാബരി മസ്ജിദിന്റെ പതനത്തിനു മുന്‍പ് ഞാനെഴുതിയ ‘ഫാഷിസം വളരുന്ന വഴി’യില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആസൂത്രണങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. പ്രസ്തുത ആസൂത്രണങ്ങളുടെ ‘ഗുണഫല’ങ്ങളാണ്  കേരളീയ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അതെഴുതി കാല്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ഇന്ന് പുസ്തകം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ഔദ്യോഗിക ചരിത്രപാഠങ്ങളിലൂടെയും സമാന്തര വിദ്യാഭ്യാസപദ്ധതികളിലൂടെയും ജ്ഞാനയജ്ഞങ്ങളിലൂടെയും ശ്വസനഗുരുക്കളിലൂടെയും വിദ്യാസമ്പന്നരെയും ഉദ്യോഗസ്ഥമേധാവികളെയും തങ്ങളുടേതാക്കുകയെന്ന സംഘപദ്ധതി വിജയിച്ചുവെന്ന വസ്തുതയാണ് പീ
സ് സ്‌കൂളുകള്‍ക്കെതിരെയുള്ള നടപടികളിലും പറവൂരില്‍ പ്രബോധകര്‍ വേട്ടയാടപ്പെട്ട സംഭവത്തിലും തെളിഞ്ഞു കാണുന്നതെങ്കില്‍ അതിന്റെ പ്രഘോഷണമാണ് മുന്‍ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തലുകളിലൂടെ നിര്‍വഹിക്കപ്പെട്ടത്.
വര്‍ണാശ്രമവ്യവസ്ഥയുടെ അധികാരാരോഹണത്തിനു ഇനിയാവശ്യം മലയാളീ സാധാരണക്കാരന്റെ വര്‍ഗീയധ്രുവീകരണമാണ്. യുക്തിവാദികളുടെ സഹായത്തോടെയുള്ള സംഘ ഓണ്‍ലൈന്‍ പോരാളികളുടെയും പ്രത്യേകമായ  ശമ്പളം  പറ്റുന്ന മീഡിയാ വിദഗ്ദരുടെയും ശ്രമഫലമായി ഇസ്‌ലാം ഭീതിയുടെ ഒരു കേരളീയ പരിസരമൊരുക്കുന്നതില്‍ ഇപ്പോള്‍ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകളുടെ തോളില്‍ കയ്യിട്ടു നടന്നിരുന്ന സാധാരണക്കാരുടെ മനസ്സുകള്‍ക്കകം പോലും ഇസ്‌ലാം വെറുപ്പിനാല്‍ മലീമസമാക്കാന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇനി വേണ്ടത് ഒരു കലാപമാണ്. കേരളത്തെ മുഴുവന്‍ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ പോന്ന ഒരു കലാപം. അതുണ്ടാക്കുന്നതെങ്ങിനെയെന്ന ചിന്തയിലാണിന്ന് ഭ്രാന്തന്‍ദേശീയതയുടെ ബുദ്ധിജീവികള്‍. കൊടിഞ്ഞി ഫൈസലും റിയാസ് മുസ്‌ലിയാരുമെല്ലാം അതിനു വേണ്ടിയുള്ള ഇരകളായിരുന്നു. ഉത്തരേന്ത്യന്‍ തലച്ചോറുപയോഗിച്ച് കേരളത്തെ കലാപഭൂമിയാക്കാനായി തയ്യാറാക്കിയ പദ്ധതികളുടെ ഇരകള്‍!
മതനിരപേക്ഷസമൂഹവും മുസ്‌ലിം സമുദായ നേതൃത്വവും പണ്ഡിതന്മാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ കേരളത്തെ കലാപഭൂമിയാക്കാനായി തയ്യാറാക്കിയ  ഉത്തരേന്ത്യന്‍ പദ്ധതികള്‍ വിജയിച്ചില്ല. ഫൈസലിനെയും റിയാസ് മൗലവിയെയും കൊന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെ അതിന്റെ പേരില്‍ കലാപമുണ്ടാകാതെ സൂക്ഷിക്കുവാന്‍ മുസ്‌ലിം സമുദായം ശ്രദ്ധിച്ചത് ക്വുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും അവര്‍  പഠിച്ച ഇസ്‌ലാം മതത്തില്‍ അത്തരം കലാപങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ലാത്തതുകൊണ്ടാണ്; സ്വയംശുദ്ധീകരണത്തിന്റെ ത്യാഗപരിശ്രമത്തില്‍ നിന്ന് തുടങ്ങി ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള സായുധസമരം വരെയുള്ള ജിഹാദിന്റെ വിശാലരാജിയിലെവിടെയും പ്രതികാരത്തിന് വേണ്ടിയുള്ള പൗരന്റെ ആയുധമെടുക്കലിന് സ്ഥാനമില്ലാത്തതുകൊണ്ടാണ്; നീതിക്കുവേണ്ടി നിലനില്‍ക്കണമെന്ന വിശുദ്ധ ക്വുര്‍ആനിന്റെ വ്യക്തമായ കല്‍പന എങ്ങനെ നടപ്പാക്കണമെന്ന് പ്രായോഗികമായി പഠിപ്പിച്ച് ലോകത്തിനു മാതൃകയായ മുഹമ്മദ് നബിയുടെ ദീന്‍, നീതി നടപ്പാക്കാനെന്ന പേരിലുള്ള  പൗരന്മാരുടെ ആയുധമെടുക്കലിനെ ഫിത്‌നയും ഫസാദുമായാണ് കാണുന്നത് എന്നതുകൊണ്ടാണ്.
ഇസ്‌ലാം സ്വീകരിച്ചുവെന്ന ഒരേയൊരു കാരണത്താല്‍ ക്രൂരമായി കൊല്ലപ്പെട്ട ഫൈസലിന്റെ ഘാതകരെന്ന് പോലീസ് കണ്ടെത്തിയ മുഴുവന്‍ കൊലയാളികളെയും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുമെങ്കില്‍ പരസ്യമായി കൊല്ലണമെന്ന് തന്നെയാണ് മുസ്‌ലിംകളെല്ലാം ആഗ്രഹിക്കുന്നത്. കൊലയാളികളെ പരസ്യമായി കൊല്ലുകയെന്ന ഇസ്‌ലാമിക നിയമം നടപ്പിലാക്കുക വഴി മാത്രാമേ നാട്ടില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കൂവെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. പക്ഷെ, പ്രസ്തുത നിയമം നടപ്പാക്കേണ്ടത് പൗരന്‍മാരല്ല; നിയമപാലകരാണ്. ശരിയെന്നു  മനസ്സിലാക്കിയ ആദര്‍ശം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താലുള്ള കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുകയും കലാപങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്യാനാ
യി ബോധപൂര്‍വം ആസൂത്രണം ചെയ്യപ്പെട്ടതാണ് ആ കൊലപാതകമെന്നും  ഇന്ത്യയിലെ നിയമകൂടത്തിനു തോന്നുകയും കൊലയാളികള്‍ക്ക്  ഇന്ത്യന്‍ഭരണഘടന അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കാന്‍ വിധിയുണ്ടാവുകയും അതു പരസ്യമായി നടപ്പാക്കാന്‍ നിയമപാലകര്‍ തയ്യാറാവുകയും ചെയ്താല്‍ അതില്‍ സന്തോഷിക്കുന്നവരായിരിക്കും മുസ്‌ലിംകളെല്ലാം. നാടിനെ സ്‌നേഹിക്കുന്നവരെല്ലാം അതില്‍ സന്തോഷിക്കുമെന്നാണ് മുസ്‌ലിംകള്‍ കരുതുന്നത്. കൊലപാ
തകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരിക്കുകയോ അങ്ങനെ ചെയ്യാതിരിക്കാന്‍ നിയമപാ
ലകവര്‍ഗം ബോധപൂര്‍വം കരുക്കള്‍ നീക്കുകയോ ചെയ്ത് കുറ്റവാളികളെ വെറുതെ വിടാനാണ് കോടതി തീരുമാനിക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്കെല്ലാം ദുഃഖമുണ്ടാകും; സംശയമൊന്നുമില്ല. പക്ഷെ അതു തീര്‍ക്കാന്‍ അവര്‍ ആയുധമെടുക്കുകയല്ല, പ്രത്യുത സര്‍വശക്തനുമുന്നില്‍  കരഞ്ഞു പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുക. നീതി നടപ്പാക്കാന്‍ ആത്യന്തികമായി കഴിയുക അല്ലാഹുവിനാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഈ ഭൂമിയില്‍ വെച്ച് അത് ലഭിക്കാത്തവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ വെച്ച് അവന്‍ അത് നല്‍കുമെന്നാണ് മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടതുമായുള്ള ചര്‍ച്ചയില്‍ ഇസ്‌ലാം കടന്നു വരുന്ന പശ്ചാത്തലത്തിലാണ് ഇത്രയും പറഞ്ഞത്. കൊലപാതക രാഷ്ട്രീയം കേരളത്തിന് പുതുമയുള്ളതല്ല. വടക്കന്‍ കേരളത്തില്‍ അത് സാധാരണയാണ്. കൊന്നവരുടെ ന്യായീകരണങ്ങളും കൊല്ലപ്പെട്ടവരുടെ പ്രതിവാദങ്ങളും മലയാളിക്ക് പരിചയമുള്ളതാണ്. ഫൈസലിനെ കൊന്നവര്‍ക്ക് അവരുടെ രാഷ്ര്ട്രീയ ന്യായീകരണമുണ്ട്; ബിപിനെ കൊന്നവര്‍ക്കും അവരുടെ രാഷ്ട്രീയ ന്യായീകരണമുണ്ടാകാം. തങ്ങളുടെ പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രസ്തുത ന്യായീകരണങ്ങള്‍ നിമിത്തമാവുകയും  ചെയ്യാം. രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ അതിലെ ശരിതെറ്റുകള്‍ വിശകലനം ചെയ്യട്ടെ. ആര്‍ക്കാണിതില്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്ന് കാലം തെളിയിക്കുകയും ചെയ്യട്ടെ. പക്ഷെ, കൊലപാതക രാഷ്ട്രീയക്കാര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും രക്ഷകരാണെന്ന് ആണയിടുകയും ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ് തങ്ങളുടെ ആത്മഹത്യാ പ്രത്യയശാസ്ത്രം നിര്‍ധരിച്ചെടുത്തതെന്ന്  സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയും  ചെയ്യുമ്പോള്‍  മുസ്‌ലിംകള്‍ക്കെല്ലാം അതില്‍ ഇടപെടേണ്ടതായി  വരുന്നു. അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരില്‍  പച്ചക്കള്ളം പ്രചരിപ്പിക്കപ്പെടുമ്പോള്‍ മിണ്ടാതിരിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക്  കഴിയുന്നതെങ്ങനെ…!!??
ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഏറെ ഉപയോഗിക്കപ്പെടുന്ന പദമാണ് ജിഹാദ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണിത്. വിവിധ ദേശങ്ങളില്‍ നടക്കുന്ന വിമോചന പോരാട്ടങ്ങളെക്കുറിച്ച പരാമര്‍ശങ്ങളിലും മാനവികതക്കു തന്നെ ഭീഷണിയായിത്തീരുന്ന ഭീകരവാദത്തെപ്പറ്റിയുള്ള അപഗ്രഥനങ്ങളിലും ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും പ്രതിചേര്‍ത്തുകൊണ്ടുള്ള പഠനങ്ങളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പദമാണത്. ജിഹാദെന്ന ശബ്ദം കേള്‍ക്കുമ്പോഴേക്ക് ഒഴുകുന്ന രക്തവും കരയുന്ന വ്രണിതരും തകരുന്ന കെട്ടിടങ്ങളും നിരയായി കിടക്കുന്ന ശവശരീരങ്ങളും സ്‌ഫോടനത്തില്‍ നിന്നുയരുന്ന  അഗ്‌നിസ്ഫുലിംഗങ്ങളും തോക്കും വാളും കഠാരയും മുഖംമൂടിയണിഞ്ഞ ആയുധധാരികളുമാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് കടന്നു വരുന്നത്. ഭീകരതയുടെ പര്യായമായിപ്പോലും ജിഹാദിനെ അവതരിപ്പിക്കുന്ന മാധ്യമങ്ങളുണ്ട്. വിവിധ രാജ്യങ്ങളില്‍ ഇന്ന്  നടക്കുന്ന കലാപങ്ങളും പൊട്ടിത്തെറികളും യുദ്ധങ്ങളുമെല്ലാം ജിഹാദാണെന്നാണ് അവരുടെ വീക്ഷണം. ജിഹാദിനെക്കുറിച്ച്  പ്രതിലോമകരമായ ഈ  ചിത്രം വളര്‍ത്തിക്കൊണ്ട് വരുന്നതിനു വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ  മത്സരിച്ചുകൊണ്ടിരിക്കുകയാണ് മാധ്യമങ്ങള്‍. മലയാള മാധ്യമങ്ങളും ഇതിനപവാദമല്ല. അവര്‍ക്ക് പുതിയൊരു തെളിവുകൂടി കൊടുക്കുകയാണ് ബിപിന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന മുസ്‌ലിം പേരുള്ളവരുടെ കുറിപ്പുകള്‍. വളരെ വിശുദ്ധമായി അല്ലാഹു കല്‍പ്പിച്ച ജിഹാദിനെ പ്രതികാരദാഹത്തിന്റെ പ്രകടനമായി അവതരിപ്പിക്കുവാന്‍ അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് അല്‍പമെങ്കിലും ജ്ഞാനമുള്ളവര്‍ക്കൊന്നും കഴിയുകയില്ല. ‘തീവ്രമായ പരിശ്രമ’മെന്നാണ് ജിഹാദ് എന്ന അറബി പദത്തിന്റെ വിവക്ഷ. നന്മക്കു വേണ്ടിയുള്ള പോരാട്ടം തിന്മയെ വിപാടനം ചെയ്യുന്നതിനായി സ്വന്തം ജീവന്‍ നല്‍കിക്കൊണ്ട് നടത്തുന്ന തീവ്രയജ്ഞമായതിനാല്‍ അത് ജിഹാദാണ്. ജിഹാദ് എന്നാല്‍  പോരാട്ടമല്ല; എന്നാല്‍  പോരാട്ടം ജിഹാദായിത്തീരും.  പോരാട്ടം ജിഹാദായിത്തീരുന്ന സന്ദര്‍ഭത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ അത് എന്തിന്, എങ്ങനെയാണ് നടത്തേണ്ടതെന്നു കൂടി കൃത്യമായി പഠിപ്പിക്കുന്നുണ്ട്. വിശ്വാസ, ആരാധനാ പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടക്കുന്ന പോരാട്ടങ്ങളുടെ ലക്ഷ്യവും മാര്‍ഗവും ദൈവിക മാര്‍ഗദര്‍ശന പ്രകാരമുള്ളതായിത്തീരുമ്പോള്‍ മാത്രമാണ് അത് ജിഹാദായിത്തീരുക. നിയതമായ മാര്‍ഗവും കൃത്യമായ ലക്ഷ്യവുമുള്ള പോരാട്ടമാണത്. അല്ലാതെ കലാപമോ കുഴപ്പങ്ങളോ പ്രതികാരത്തിന് വേണ്ടി നടത്തുന്ന കൊലപാതകങ്ങളോ അല്ല.
വിശുദ്ധ ക്വുര്‍ആനിന്റെയും ഹദീഥുകളുടെയും വെളിച്ചത്തില്‍, ജിഹാദിനെക്കുറിച്ച് വര്‍ഗീകരിച്ചു വിശദീകരിച്ച പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ മരണപ്പെട്ട ഇമാം ഇബ്‌നു
ല്‍ ഖയ്യിം അല്‍ ജൗസിയ്യഃ. തന്റെ ‘സാദുല്‍ മആദ്’ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തില്‍ ജിഹാദിനെക്കുറിച്ച് അദ്ദേഹം വിശദമായി ഉപന്യസിക്കുന്നുണ്ട്. സ്വന്തത്തോടുള്ളത് (ജിഹാദുന്നഫ്‌സ്), ചെകുത്താനോടുള്ളത് (ജിഹാദുശ്ശൈത്വാന്‍), സത്യനിഷേധികളോടും കപടവിശ്വാസികളോടുമുള്ളത് (ജിഹാദുല്‍ കുഫ്ഫാറു വല്‍ മുനാഫിഖീന്‍), അനീതിയുടെയും തിന്മകളുടെയും അനാചാരങ്ങളുടെയും ആളുകള്‍ക്കെതിരെയുള്ളത് (ജിഹാദു അര്‍ബാബുദ്ദ്വുല്‍മി വല്‍ ബിദ്ഇ വല്‍ മുന്‍കറാത്ത്) എന്നിങ്ങനെ നാലായി ജിഹാദിനെ വര്‍ഗീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വന്തത്തോടുള്ള ജിഹാദില്‍ നിന്നാണ്  ഒരാള്‍ തന്റെ ഇസ്‌ലാമിക ജീവിതം ആരംഭിക്കുന്നത്. സ്വന്തം താല്‍പര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും തൃഷ്ണയുടെയും തടവറയില്‍ നിന്ന്  സ്വയം മോചിതനായി ദൈവിക നിയമങ്ങള്‍ക്ക് വിധേയനാവലാണ് സ്വന്തത്തോടുള്ള ജിഹാദ്. ശരിയായ വിശ്വാസത്തെ നശിപ്പിക്കാനായി പിശാച് മനസ്സില്‍ ചെലുത്തുന്ന സംശയങ്ങളെ ദൂരീകരിക്കുകയും അതിനെതിരെ സജ്ജമാവുകയും ചെയ്യുന്നതും തെറ്റായ താല്‍പര്യങ്ങളും അനനുവദനീയമായ തൃഷ്ണകളും വളര്‍ത്തി പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയുള്ള പിശാചിന്റെ പരിശ്രമങ്ങളെ ചെറുക്കുകയും അവഗണിക്കുകയും ചെയ്യുന്നതുമാണ് ജിഹാദുശ്ശൈത്വാനിന്റെ രൂപങ്ങള്‍. ഹൃദയം കൊണ്ടും നാവുകൊണ്ടും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും നാലു രൂപത്തിലാണ് ഒരാള്‍ ജിഹാദുല്‍ കുഫ്ഫാര്‍ വല്‍ മുനാഫിഖീന്‍ നിര്‍വഹിക്കുന്നത്. അനീതിയുടെയും അനാചാരങ്ങളുടെയും തിന്മകളുടെയും വക്താക്കള്‍ക്കെതിരെ നടത്തുന്ന ജിഹാദിന് മൂന്ന് രൂപങ്ങളാണുള്ളത്. കൈകൊണ്ടുള്ളത്, നാവുകൊണ്ടുള്ളത്, മനസ്സുകൊണ്ടുള്ളത് എന്നിവയാണവ.
മുഹമ്മദ് നബി (സ) ആയുധമെടുക്കാനാരംഭിച്ചത് മദീനയിലെത്തി ഇസ്‌ലാമിക രാഷ്ട്രത്തിന്റെ നായകത്വമേറ്റെടുത്തതിന് ശേഷമായിരുന്നുവെന്ന വസ്തുത ഇസ്‌ലാമിന്റെ ശത്രുക്കളും മിത്രങ്ങളുമെല്ലാം സമ്മതിക്കുന്നതാണ്. എന്നാല്‍ ജിഹാദാരംഭിച്ചത് മദീനയില്‍ വെച്ചല്ല; പീഡനങ്ങളുടെ മക്കാകാലത്ത് തന്നെയാണ്. ജിഹാദിനെക്കുറിച്ച ക്വുര്‍ആന്‍ നിര്‍ദേശങ്ങള്‍ അവതരിക്കുവാനാരംഭിച്ചത് മക്കയില്‍ വെച്ചാണ്. പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കുതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങളില്‍ ജിഹാദിന് പ്രേരിപ്പിക്കുന്ന വചനങ്ങള്‍ കാണാം. മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ അന്‍കബൂത്തിലെ അവസാനത്തെ വചനത്തില്‍, ‘നമ്മുടെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്.’  എന്നാണു അല്ലാഹു  പറയുന്നത്. മക്കയില്‍വെച്ച് ചെയ്യേണ്ട ജിഹാദ് എന്താണ്? മക്കയില്‍ വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ ഫുര്‍ക്വാനിലെ അന്‍പത്തി രണ്ടാമത്തെ സൂക്തം ഇതിനു മറുപടി പറയുന്നുണ്ട്. സത്യനിഷേധികളോട് ക്വുര്‍ആന്‍ ഉപയോഗിച്ച് ജിഹാദ് ചെയ്യാനാണ് പ്രസ്തുത സൂക്തത്തില്‍ നബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആശയസമരമാകുന്ന പ്രസ്തുത ജിഹാദാണ് ഏറ്റവും വലിയ ജിഹാദെന്നും ഈ ക്വുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു. ഈ ജിഹാദാണ്  മുസ്‌ലിംകള്‍ എപ്പോഴും നടത്തേണ്ട പോരാട്ടം. ക്വുര്‍ആനിന്റെയും നബിചര്യയുടെയും ആശയങ്ങളുപയോഗിച്ച് തിന്മകള്‍ക്കെതിരെ നടത്തുന്ന ആദര്‍ശപോരാട്ടമാണിത്; ആയുധങ്ങളുപയോഗിച്ചുള്ള സമരമല്ല.
ഒരു ജീവിതദര്‍ശനമെന്ന നിലക്ക് ഇസ്‌ലാം അതിന്റെ അനുയായികളെ ആയുധമണിയാനനുവദിച്ചിട്ടില്ലെന്നല്ല ഇപ്പറഞ്ഞതിന്നര്‍ത്ഥം. ആയുധമെടുക്കേണ്ട സന്ദര്‍ഭത്തില്‍ അതിനു മടിച്ച് നില്‍ക്കരുത് എന്നു തന്നെയാണ് ഇസ്‌ലാം മുസ്‌ലിംകളോട് പറഞ്ഞിരിക്കുന്നത്. സായുധസമരം വലിയ പുണ്യകര്‍മമായി പഠിപ്പിച്ച ആദര്‍ശം തന്നെയാണ് ഇസ്‌ലാം. പക്ഷെ അത് ചെയ്യേണ്ടത് ചെയ്യേണ്ട രൂപത്തില്‍ ചെയ്യേണ്ടവരായിരിക്കണമെന്നു കൂടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആദര്‍ശത്തിന് വേണ്ടിയുള്ളതാണ് ഇസ്‌ലമിലെ യുദ്ധം. എതിരാളികളെയെല്ലാം ഉന്മൂലനം ചെയ്യുകയോ ലോകത്തിന്റെ മേല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയാധിനിവേശം സ്ഥാപിക്കുകയോ ചെയ്യുന്നതിന് വേണ്ടിയുള്ളതല്ല അത്. ദൈവത്തമായ ജീവിതവ്യവസ്ഥയനുസരിച്ച് ജീവിക്കുവാനും
അതു മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടാക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. മുസ്‌ലിംകളായി ജീവിക്കാന്‍ അനുവദിക്കാതെ ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക്  തങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി പോരാടുവാന്‍ അനുവദിച്ചുകൊണ്ടുള്ളതാണ് യുദ്ധത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ആദ്യമായി അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനങ്ങള്‍.   വീടും സമ്പത്തുകളും ഉപേക്ഷിച്ചുകൊണ്ട് ആദര്‍ശമനുസരിച്ച് ജീവിക്കുവാന്‍ വേണ്ടി മാത്രമായി പലായനം ചെയ്തവര്‍ക്ക് അവര്‍ പലായനം ചെയ്‌തെത്തി ജീവിക്കുന്ന നാട്ടില്‍ സൈ്വര്യമായിരിക്കുവാന്‍ അവസരം നല്‍കാതിരിക്കുന്നവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടെന്നും അതിനായി ആയുധമെടുത്തവരെ അല്ലാഹു സഹായിക്കുമെന്നും അറിയിച്ചുകൊണ്ടുള്ള സൂറത്തുല്‍ ഹജ്ജിലെ 39, 40 വചനങ്ങളാണവ.
ആക്രമണത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് മുസ്‌ലിംകള്‍ യുദ്ധം ചെയ്യേണ്ടതെന്നു  വ്യക്തമാക്കുന്ന ഈ സൂക്തങ്ങള്‍ അത്തരം പ്രതിരോധങ്ങളുണ്ടായിട്ടില്ലെങ്കില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല മറ്റു മതവിശ്വാസികള്‍ക്കും സൈ്വര്യമായി ആരാധനകള്‍ നിര്‍വഹിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാവുകയെന്ന്  വ്യക്തമാക്കുന്നു.  സന്യാസി മഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും മസ്ജിദുകളുമെല്ലാം തകര്‍ക്കപ്പെടുകയും വിശ്വാസികള്‍ക്കൊന്നും  സ്വസ്ഥമായി ആരാധനകള്‍ നിര്‍വഹിക്കാനാവാത്ത അവസ്ഥ ഉണ്ടാവുകയുമായിരിക്കും മതപീഡകന്‍മാരെ സ്വതന്ത്രമായി അഴിഞ്ഞാടുവാന്‍ അനുവദിച്ചാലുണ്ടാവുന്ന ഫലങ്ങള്‍. മതത്തിന്റെ പേരിലുള്ള പീഡനം ഇല്ലാതെയാക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന പോരാട്ടം മറ്റു മതവിശ്വാസികള്‍ക്കും സമാധാനപൂര്‍ണമായി ആരാധനകള്‍ നിര്‍വഹിക്കുവാനുള്ള സാഹചര്യമൊരുക്കുകയാണ് സ്വാഭാവികമായും ചെയ്യുകയെന്നര്‍ത്ഥം.
ഇസ്‌ലാമിക പ്രബോധനരംഗത്തെ തടസ്സങ്ങള്‍ നീക്കുകയാണ് സായുധജിഹാദിന്റെ പ്രഥമലക്ഷ്യം. ഫൈസലിന്റെ ഘാതകനെ കൊന്നവര്‍ മുസ്‌ലിംപേരുള്ളവരാണെങ്കില്‍, അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത് പ്രബോധനപ്രവര്‍ത്തനങ്ങളെയും പ്രബോധകരെയും പ്രതിക്കൂട്ടിലാക്കുകയും ആ രംഗത്ത് പ്രയാസങ്ങളുണ്ടാക്കുകയുമാണ്. ഇസ്‌ലാംഭീതി വളര്‍ത്തുവാന്‍ ശത്രുക്കള്‍ക്ക് ഒരു പുതിയ മരുന്ന് കൂടി നല്‍കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയെല്ലാമാണ് അത് കത്തിപ്പടരാന്‍ പോകുന്നത് എന്ന് കേരളീയര്‍ കണ്ടറിയാനിരിക്കുന്നതേയുള്ളൂ. പ്രബോധനരംഗത്തെ ഭീതിയോടെ നോക്കിക്കാണുന്ന അവസ്ഥ സൃഷ്ടിക്കുക മാത്രമാണ് ഈ പകപോക്കലുകൊണ്ടുണ്ടായിരിക്കുന്നത്. പ്രബോധിത സമൂഹത്തില്‍ ഇസ്‌ലാംവെറുപ്പും ഇസ്‌ലാംഭീതിയും സൃഷ്ടിക്കുന്നതിനു മാത്രം നിമിത്തമാകുന്ന ചെയ്തികള്‍ ആരില്‍ നിന്നുണ്ടായാലും അത് ജിഹാദിന്റെ ആത്മാവിനു വിരുദ്ധമാണ് എന്ന് പറയേണ്ടി വരും. ആരുടെയെങ്കിലും ആഹ്വാനത്തില്‍ ആകൃഷ്ടരായി നടത്തുന്ന ആത്മഹത്യാപരമായ സായുധപ്രവര്‍ത്തനത്തെ ജിഹാദായല്ല, ഫിത്‌നയായാണ് പണ്ഡിതന്മാര്‍ എണ്ണിയിരിക്കുന്നത്. പൗരന്‍മാര്‍ക്കുമേല്‍ അധികാരമുള്ള ഭരണാധികാരിക്ക് കീഴില്‍ വ്യക്തമായ ലക്ഷ്യത്തോടെ നടത്തുന്ന സായുധസമരമാണ് ജിഹാദ് എന്നോര്‍ക്കുക.
സായുധസമരങ്ങള്‍ രണ്ടുരൂപത്തിലാണുള്ളത്. ഒന്ന് പ്രതിരോധമാണ്. ശത്രുക്കളില്‍ നിന്ന് ഇസ്‌ലാമിക സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന യുദ്ധമാണത്. നാടിനെ നശിപ്പിക്കാനും ഇസ്‌ലാമികാദര്‍ശത്തെ വേരോടെ പി
ഴുതെറിയാനും വേണ്ടി ഇസ്‌ലാമിക രാഷ്ട്രത്തെ ആക്രമിക്കാനായി വരുന്നവരെ പ്രതിരോധിച്ച് നാടിനെ സംരക്ഷിക്കലാണിത്. പ്രവാചകജീവിതത്തിലെ ബദറും ഉഹ്ദും ഖന്ദഖുമെല്ലാം ഇത്തരം പ്രതിരോധയുദ്ധങ്ങളായിരുന്നു. കര്‍മശാസ്ത്രജ്ഞന്മാര്‍ ‘ജിഹാദുദഫ്അ’ എന്ന് വിളിച്ചത് ഇത്തരം യുദ്ധങ്ങളെയാണ്. സഖ്യകക്ഷികളെയുമായിവന്ന് മദീനയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അഹ്‌സാബ് യുദ്ധം പരാജയപ്പെട്ട് ശത്രുക്കള്‍ പിന്തിരിഞ്ഞു പോയപ്പോള്‍ പുതിയ യുദ്ധതന്ത്രം പ്രവാചകന്‍ പ്രഖ്യാപിച്ചു: ‘ഇനി മുതല്‍ നാം അവരോട് യുദ്ധം ചെയ്യും; അവര്‍ നമ്മോട് യുദ്ധം ചെയ്യുകയില്ല’ (ബുഖാരി). രാഷ്ട്രതന്ത്രജ്ഞനായ നേതാവിന്റെ മഹാപ്രഖ്യാപനം! ശത്രുക്കള്‍ മദീനാ രാജ്യത്തേക്ക് കടന്നുവന്ന് അവിടെയുള്ളവരെ കൊന്നൊടുക്കുകയും രാജ്യസമ്പത്ത് കൊള്ളയടിക്കുകയും നാടിനെ തകര്‍ക്കുകയും ചെയ്യുന്നതിന് സമ്മതിക്കാതെ അവരുടെ കേന്ദ്രങ്ങളില്‍ പോയി ആക്രമിക്കുകയും മദീനയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇതിനുശേഷമുള്ള പ്രവാചക യുദ്ധങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. പ്രത്യാക്രമണത്തിലൂടെ സ്വന്തം നാടിനെ പ്രതിരോധിക്കുകയെന്ന തന്ത്രം. പ്രത്യാക്രമണ സ്വഭാവമുള്ള ഇത്തരം യുദ്ധങ്ങളെയാണ് കര്‍മശാസ്ത്രജ്ഞന്മാര്‍ ‘ജിഹാദുത്വലബ്’ എന്ന് വിളിച്ചിരിക്കുന്നത്. രണ്ടും രാഷ്ട്രനേതൃത്വത്തിന്റെ കീഴില്‍ സൈനികര്‍ നടത്തുന്ന യുദ്ധം തന്നെയാണ്; കലാപമോ കുഴപ്പം സൃഷ്ടിക്കലോ അല്ല.
യുദ്ധത്തിലല്ലാതെ മുസ്‌ലിംകള്‍ക്ക് ആയുധമെടുക്കുവാന്‍ അനുവാദമുള്ളത് സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി നേര്‍ക്കുനേരെ നടത്തുന്ന പോരാട്ടത്തില്‍ മാത്രമാണ്.  ‘സ്വന്തത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്; സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിനു വേണ്ടി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്; സ്വന്തം സ്വത്ത് സംരക്ഷിക്കുന്നതിനായി കൊല്ലപ്പെടുന്നവന്‍ രക്തസാക്ഷിയാണ്’ എന്ന് പ്രവാചകന്‍ പറഞ്ഞതായി അബൂദാവൂദും തിര്‍മിദിയും നസാഇയും സ്വീകാര്യയോഗ്യമായ പരമ്പരയോടെ നിവേദനം ചെയ്തിട്ടുണ്ട്. നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ചുള്ളതാണീ പ്രവാചകവചനം; അല്ലാതെ പ്രതികാരത്തിനുള്ള തെളിവല്ല. സ്വന്തത്തെയോ കുടുംബത്തെയോ ആക്രമിക്കാന്‍ വരികയോ സ്വത്ത് കവരാന്‍ ശ്രമിക്കുകയോ ചെയ്യുന്ന അക്രമിയെ സായുധമായിത്തന്നെ പ്രതിരോധിക്കാമെന്നും പ്രസ്തുത പ്രതിരോധത്തിന് ആരുടെയും സമ്മതമാവശ്യമില്ലെന്നും പ്രസ്തുത പ്രതിരോധത്തിനിടയില്‍ കൊല്ലപ്പെട്ടവന് രക്തസാക്ഷിയുടെ സ്ഥാനമാണുള്ളതെന്നുമാണ് പ്രവാചകന്‍ ഇവിടെ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള പ്രതിരോധത്തെ ജിഹാദായല്ല പണ്ഡിതന്മാര്‍ എണ്ണിയിരിക്കുന്നത്; കേവല പ്രതിരോധമായാണ്. ‘ദഫ്ഉ സ്വാഇല്‍’ എന്നാണു ഇതിനെ വിളിക്കുക.
തന്നെയോ  കുടുംബത്തെയോ ആക്രമിക്കുകയോ  സ്വത്ത് കവരുകയോ ചെയ്തവനെ പിടികൂടി ഇസ്‌ലാമിക ശിക്ഷകള്‍ നടപ്പാക്കാന്‍ മുസ്‌ലിമിന് അധികാരം നല്‍കുന്നതല്ല പ്രതിരോധിക്കാന്‍ അനുവദിക്കുന്ന പ്രവാചകവചനം; പ്രത്യുത നേര്‍ക്കുനേരെയുള്ള പ്രതിരോധത്തിന് മാത്രം അനുവദിക്കുന്നതാണ്. പ്രതികാരനടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണു ഇസ്‌ലാമിക പാഠം. വ്യക്തികളെയോ ആള്‍ക്കൂട്ടങ്ങളെയോ പ്രതികാരനടപടികള്‍ക്ക് അനുവദിച്ചാല്‍ വ്യാപകമായ കുഴപ്പമാണുണ്ടാവുക. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും അനുവദിച്ചിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രത്തിലാണെങ്കില്‍ ഇങ്ങനെ നിയമം കയ്യിലെടുക്കുന്നവരെ കുറ്റവാളികളായി കണക്കാക്കുകയും ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യും.  ഖലീഫ ഉമറിന്റെ മകന്‍ ഉബൈദുല്ലക്ക് ഇസ്‌ലാമിക രാഷ്ട്രം വിധിച്ച ശിക്ഷതന്നെ ഉദാഹരണം. അബൂലുഅ്‌ലുഅ് എന്ന് അറിയപ്പെട്ടിരുന്ന പേര്‍ഷ്യന്‍ അടിമയായ ഫൈറൂസാണ് ഇരുതലമൂര്‍ച്ഛയുള്ള കത്തികൊണ്ട് ഉമറിനെ(റ) കുത്തിക്കൊന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയ്ക്ക് പന്ത്രണ്ട് മുസ്‌ലിംകള്‍ക്ക് അയാള്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരില്‍ ഒന്‍പതു പേര്‍ ഈ പരിക്കിനാ
ല്‍ പിന്നീട് മരണപ്പെട്ടു. അബൂലുഅ്‌ലുഅ് സ്വയം തന്നെ കുത്തിച്ചാവുകയും ചെയ്തു. തന്റെ പിതാവ് കൊല്ലപ്പെട്ട വിവരമറിഞ്ഞ ഉബൈദുല്ലാഹ്(റ) ക്ഷുഭിതനാവുകയും തന്റെ പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച് പുറത്തിറങ്ങുകയും ചെയ്തു. അബൂലുഅ്‌ലുഅയുടെ വീട്ടിലെത്തി അയാളുടെ ഭാര്യയേയും മകളെയും അദ്ദേഹം കൊന്നു. വധഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സംശയിച്ച ക്രൈസ്തവനായിരുന്ന ജാഫ്‌നയെയും പാര്‍സിയായിരുന്ന ഹുര്‍മുസാനെയും ഉബൈദുല്ലാഹ് (റ) വധിച്ചു. ഉഥ്മാന്‍ (റ)വിന് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അധികാരമേറ്റശേഷം ആദ്യമായി തീരുമാനിക്കേണ്ടി വന്ന കേസായിരുന്നു ഇത്. വിധി തീരുമാനിക്കുവാനായി അലി(റ), അംറ്ബ്‌നുല്‍ ആസ് (റ) എന്നിവരടങ്ങുന്ന പ്രമുഖ സ്വഹാബിമാരുടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിയമം കയ്യിലെടുത്ത ഉബൈദുല്ല(റ)യെ ദാക്ഷിണ്യമൊന്നുമില്ലാതെ വധശിക്ഷക്ക് വിധേയമാക്കണമെന്നായിരുന്നു അലി(റ)യുടെ അഭിപ്രായം. ഇന്നലെ  ഉമറിനെ നഷ്ടപ്പെട്ട കുടുംബത്തിന് ഇന്ന് തന്നെ മകനായ ഉബൈദുള്ളയെക്കൂടി നഷ്ടപ്പെടുന്നത് സഹിക്കാനാവുകയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന് പഴുതുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കണമെന്നുമായിരുന്നു അംറ്ബ്‌നുല്‍ ആസ് (റ) അടക്കമുള്ള മറ്റുള്ളവരുടെ അഭിപ്രാ
യം. ഉഥ്മാന്ന്‍ വിഷയം പഠിച്ചു. നിയമം കയ്യിലെടുത്ത ഉബൈദുല്ല കുറ്റവാളി തന്നെയാണ് എന്നും അദ്ദേഹം വധശിക്ഷ അര്‍ഹിക്കുന്നുവെന്നും എന്നാല്‍ മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് വേണമെങ്കില്‍ നഷ്ടപരിഹാരം വാങ്ങി അദ്ദേഹത്തിനു വധശിക്ഷയില്‍ നിന്ന്  ഇളവ് നല്കാമെന്നുമായിരുന്നു ഖലീഫ ഉഥ്മാനിന്റെ വിധി. മരണപ്പെട്ടവര്‍ക്ക് അനന്തരാവകാശികളൊന്നുമില്ലാത്തതിനാല്‍ രാഷ്ട്രത്തിനാണ് നഷ്ടപരിഹാരം സ്വീകരിക്കാനുള്ള അവകാശം. നാലു പേര്‍ വധിക്കപ്പെട്ടതിനാല്‍ ഓരോരുത്തര്‍ക്കും ആയിരം ദീനാര്‍ (4.25 കിലോഗ്രാം സ്വര്‍ണം) വീതം, ആകെ നാലായിരം ദീനാര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു വിധി. പത്തു വര്‍ഷക്കാലം ഇസ്‌ലാമിക രാഷ്രത്തിന്റെ അധിപനായിരുന്ന ഉമറിന്റെ മകന്റെ പക്കല്‍ നഷ്ടപരിഹാരമായി നല്‍കാന്‍  ഈ തുകയുണ്ടായിരുന്നില്ല. തന്റെ സ്വന്തം സ്വത്തില്‍ നിന്ന് ഈ തുക പൊതുഖജനാവിലേക്ക് അടച്ചാണ് ഉഥ്മാന്‍, ഉബൈദുള്ളയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. സ്വന്തം പി
താവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രം അദ്ദേഹത്തിന്റെ മകനെ അനുവദിക്കുന്നില്ലെങ്കില്‍, നിയമം കയ്യിലെടുക്കാന്‍ ഇസ്‌ലാം ആരെയും ഒരവസരത്തിലും അനുവദിക്കുന്നില്ലെന്നാണ് അതിന്റെ അര്‍ഥം. ഇസ്‌ലാമിക രാഷ്ട്രത്തിലില്ലാത്ത ഒരു അവകാശം മുസ്‌ലിമിന് ഇസ്‌ലാമികേതരമായ ഒരു രാജ്യത്തുണ്ടാവുകയില്ലെന്നുറപ്പാണല്ലോ.
അല്ലാഹുവിനു സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ നീതിക്കുവേണ്ടി നിലനില്‍ക്കണമെന്ന് സത്വവിശ്വാസികളെ വിളിച്ച് ആഹ്വാനം ചെയ്യുന്ന ക്വുര്‍ആന്‍ വചനം (4:135) പ്രസ്തുത നീതി സ്വന്തത്തിനോ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍ പോലും അതിനുവേണ്ടി കണിശമായിത്തന്നെ നിലകൊള്ളണമെന്ന് നിര്‍ദേശിച്ച ശേഷം ‘നീതിപാലിക്കാതെ നിങ്ങള്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്; നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നപക്ഷം, നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു, തീര്‍ച്ച’യെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പ്രതിക്രിയ നടപ്പാക്കുകയെന്ന നീതി നിര്‍വഹിക്കുവാന്‍ അല്ലാഹു ഉത്തരവാദപ്പെടുത്തിയിരിക്കുന്നത് ഭരണാധികാരികളെയാണ്. അക്കാര്യത്തില്‍ ഭരണാധികാരിയുടെ നിര്‍ദേശം പാ
ലിക്കുക മാത്രമാണ് പൗരന്‍മാരുടെ ഉത്തരവാദിത്തം. ജീവിക്കുന്ന സ്വന്തം നാട്ടില്‍ നീതി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ അവിടെ ആയുധമെടുക്കാമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങളൊന്നുമില്ല. ആയുധമെടുത്ത് നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്, അതിന് എന്തെന്തു ന്യായീകരണങ്ങളുണ്ടെങ്കിലും, പ്രസ്തുത നീതിനിര്‍വഹണത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവരുടെ ന്യായീകരണങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നത് ആത്മഹത്യാപ്രത്യയശാസ്ത്രത്തിന്റെ യുക്തിബോധമല്ലാതെ മറ്റൊന്നുമല്ലെന്ന്  ന്യായീകരണവിദഗ്ധരെ കാലം പഠിപ്പിക്കും; പ്രഭാകരനും ബിന്‍ ലാദനും തോറ്റിടത്ത് ജയിക്കാന്‍ പാര്‍ട്ടികളുടെ പേരോ അക്ഷരങ്ങളുടെ എണ്ണമോ നിരന്തരം മാറ്റിക്കൊണ്ടിരുന്നാല്‍ മതിയെന്ന വങ്കത്തത്തിന് ബലികൊടുക്കേണ്ടി വരിക സമുദായോദ്ദാരണത്തിനുപയോഗിക്കപ്പെടേണ്ട യുവത്വത്തിന്റെ ഊര്‍ജ്ജവും ജീവനുമാണല്ലോ എന്നാലോചിക്കുമ്പോഴാണ് സങ്കടം തോന്നുന്നത്.
ഇസ്‌ലാം സ്വീകരിക്കുക വഴി നമ്മുടെ ആദര്‍ശസഹോദരനായിത്തീര്‍ന്ന ഫൈസലിനെ കൊന്നവരെ നമ്മുടെ നിയമകൂടം മാതൃകാപരമായി ശിക്ഷിക്കുമെന്നു തന്നെയാണ് മുസ്‌ലിംകള്‍ കരുതുന്നത്. അല്ലാതിരുന്നാല്‍ നിയമവാഴ്ചയോടുള്ള വിശ്വാസമാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് നഷ്ടപ്പെടുക. ബഹുസ്വരതയെന്ന നമ്മുടെ സംസ്‌കാരവും മതനിരപേക്ഷതയെന്ന നമ്മുടെ സവിശേഷതയും തകര്‍ത്ത്  ഏകശിലാത്മകമായ അക്രമാസക്ത ദേശീയതയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായാണ് നാട്ടിലെ ജുഡീഷ്യറിയും ചലിക്കാന്‍ തുടങ്ങുന്നതെങ്കില്‍ അത് മുഴക്കുന്നത് ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ മരണമണിയായിരിക്കും. നാട് തകരുമ്പോള്‍ തകരുക എല്ലാവരുമായിരിക്കും. ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഭൗതികവാദിയെന്നോ വ്യത്യാസമില്ലാതെ മനുഷ്യത്വത്തിന്റെ കണികയെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരെല്ലാം അക്രമാസക്ത ദേശീയത സൃഷ്ടിക്കുന്ന ചുടലപ്പറമ്പില്‍ കത്തിനശിക്കും. അവസാനം ചുടലയുണ്ടാക്കിയവര്‍ തന്നെ അതില്‍ വെന്തു നശിക്കും. ഇറ്റലിയും ജര്‍മനിയും നമുക്ക് നല്‍കുന്ന പാഠമാണത്. സഹസ്രാബ്ദങ്ങളുടെ ചരിത്രവും സംസ്‌കാരവുമുള്ള നമ്മുടെ നാട് നാമാവശേഷമാവുകയാണ് അക്രമാസക്തദേശീയതയുടെ ഫലം. അതാണ് നാടിനെ സ്‌നേഹിക്കുന്നവരെയെല്ലാം നൊമ്പരപ്പെടുത്തുന്നത്. നമ്മുടെയെല്ലാം പൂര്‍വപിതാക്കള്‍ നട്ടുനനച്ചുണ്ടാക്കിയ നമ്മുടെ നാടാണല്ലോ ഭ്രാന്തന്‍ ദേശീയതയുടെ ചുടലയില്‍ വെന്തു നശിക്കുന്നത് എന്ന നൊമ്പരം !!!!

Leave a Reply

Your email address will not be published. Required fields are marked *