ഫൈസലിന്റെ ഘാതകരെ എന്തുകൊണ്ട് കൊന്നുകൂടാ?

കൊടിഞ്ഞിയില്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഫൈസലിന്റെ ഘാതകരിലൊരാള്‍ വധിക്കപ്പെട്ടതിനെ വിമര്‍ശിക്കുക വഴി നിങ്ങളെന്താണുദ്ദേശിക്കുന്നത്? ഇന്‍ഡ്യയില്‍ സംഘ്പരിവാറിനെതിരെ യാതൊന്നും ചെയ്യാതെ മുസ്‌ലിംകള്‍ വംശഹത്യക്ക് വിനീതവിധേയരായി നിന്നുകൊടുക്കണമെന്നാണോ? ഫാഷിസത്തിനെതിരെ പ്രതിരോധമുയര്‍ത്താതെ അരാഷ്ട്രീയമായ നിസ്സംഗതയിലൊളിക്കുകയാണോ ഇസ്‌ലാമിന്റെ താല്‍പര്യം?

-അല്ല. മുസ്‌ലിംകളുടെ അസ്തിത്വവും ഇസ്‌ലാമിക ജീവിതവും ഇസ്‌ലാമിക പ്രബോധനവും ഈ നാട്ടില്‍ സംരക്ഷിക്കപ്പെടാനും അവക്കുനേരെയുള്ള ഭീഷണികളെ തകര്‍ക്കുവാനും ഇന്‍ഡ്യയിലെ മുസ്‌ലിം പണ്ഡിതന്‍മാരും നേതാക്കളും എല്ലാ കാലത്തും ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ഇന്‍ഡ്യ ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമായിത്തീരുമെന്നുറപ്പുവരുത്തുവാന്‍ അബുല്‍ കലാം ആസാദും ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനും അലി സഹോദരന്‍മാരും സാക്കിര്‍ ഹുസയ്‌നും മുതല്‍ കട്ടിലശ്ശേരിയും മുഹമ്മദ് അബ്ദുര്‍റഹ്മാനും ഇ.മൊയ്തു മൗലവിയും സീതി സാഹിബും കെ.എം മൗലവിയും വരെയുള്ളവര്‍ ദേശീയ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായത് അതുകൊണ്ടാണ്. ജനാധിപത്യ മതനിരപേക്ഷ ക്രമത്തില്‍ ഭരണഘടനാ തത്ത്വങ്ങളിലെന്നതുപോ
ലെ അതിന്റെ പ്രയോഗവല്‍ക്കരണത്തിലും മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ മുഹമ്മദ് ഇസ്മാഈലും സീതി സാഹിബും പോക്കര്‍ സാഹിബും കെ.എം മൗലവിയും ബാഫക്വി തങ്ങളും പൂക്കോയ തങ്ങളുമെല്ലാം ഭരണഘടനാ നിര്‍മാണസഭ മുതല്‍ പാ
ര്‍ലമെന്റും നിയമസഭയും വരെയുള്ള ഇടങ്ങളില്‍ സാമുദായിക രാഷ്ട്രീയപ്പോരാട്ടം നടത്തിയതും അതിനാവശ്യമായ സമുദായ രാഷ്ട്രീയ സംഘാടനം നടത്തിയതും അതുകൊണ്ടുതന്നെ. ഇന്‍ഡ്യന്‍ മുസ്‌ലിംകളെ രാജ്യത്തിന്റെ ഉദ്യോഗ കുഞ്ചിക സ്ഥാനങ്ങളില്‍ നിന്നകറ്റി ബ്യൂറോക്രസിയെ മുസ്‌ലിം വിരുദ്ധമാക്കിത്തീര്‍ക്കുവാനുള്ള സവര്‍ണ ഷോവിനിസ്റ്റുകളുടെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിലേക്കും അതുവഴി സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും സിവില്‍ സര്‍വീസ് കേഡറിലും ന്യാ
യാധിപക്കസേരകളിലും ഉള്ള മുസ്‌ലിം പ്രാ
തിനിധ്യത്തിലേക്കും സമുദായത്തെ നയിക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ അത്യധ്വാനം ചെയ്തിട്ടുണ്ട്. ഫാഷിസത്തിന്റെ കക്ഷിരാഷ്ട്രീയ പ്രവേശം ഉണ്ടായ കാലം മുതല്‍ക്കുതന്നെ മതേതര സഖ്യങ്ങളോട് ചേര്‍ന്നുനിന്ന് ഹിന്ദുവര്‍ഗീയതയുടെ അധികാരാരോഹണം ചെറുക്കുവാനുള്ള ഉദ്‌ബോധനങ്ങള്‍ ശക്തമായി നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യയിലെ ഹിന്ദുക്കളെ മൈത്രിയുടെ പാ
രമ്പര്യത്തില്‍ നിന്നടര്‍ത്തി വിദ്വേഷത്തിന്റെ വിഷപ്പുക ശ്വസിപ്പിക്കാനുള്ള വിവിധ സംഘ് പദ്ധതികളുടെ അപകടത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ധരിപ്പിക്കുവാനും ഹിന്ദു-മുസ്‌ലിം സൗഹൃദം ഊട്ടിയുറപ്പിച്ച് അതിനെ ചെറുക്കാനും ഉള്ള ബോധവല്‍ക്കരണങ്ങളില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ മുന്നില്‍ നിന്നിട്ടുണ്ട്. ഇസ്‌ലാമിനെക്കുറിച്ചും ക്വുര്‍ആനിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ പടര്‍ത്തിയാണ് ഫാഷിസം ഹിന്ദുമനസ്സുകളെ നേടിയെടുക്കുന്നതെന്നു മനസ്സിലാക്കി ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍ കേള്‍ക്കാനും
ഇസ്‌ലാമിനെ സത്യസന്ധമായി അറിയാനുമുള്ള അവസരങ്ങള്‍ പൊതുസമൂഹത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇസ്‌ലാമിക പ്രബോധകര്‍ ശ്രമിച്ചിട്ടുണ്ട്. വംശഹത്യാ ശ്രമങ്ങള്‍ തന്നെയായിരുന്ന വര്‍ഗീയ കലാപങ്ങളുണ്ടായപ്പോള്‍ ഇരകളെ പുനരധിവസിപ്പിക്കാനും കലാപകാരികള്‍ക്തെതിരില്‍ നിയമപോരാട്ടം നടത്താനും സമുദായത്തില്‍ നിന്ന് പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇവയൊന്നും തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല; പറയാനും പാടില്ല. ഫാഷിസം അതിന്റെ ദ്രംഷ്ടകള്‍ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും അധികാരത്തിന്റെ ബലത്തില്‍ പൂര്‍ണമായി പുറത്തേക്കെടുക്കുകയും ഗോമാംസക്കൊലക്ക് തെരുവിലിറങ്ങുന്ന ഗുണ്ടാ സംഘങ്ങള്‍ക്ക് പല്ലും നഖവും വളരുകയും ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ആസൂത്രണങ്ങള്‍ ലക്ഷ്യത്തോടടുക്കുകയും പ്രബോധകര്‍ വേട്ടയാടപ്പെടുകയും മീഡിയ ഇസ്‌ലാം ഭീതിയുടെ മൊത്തവിതരണം ഏറ്റെടുക്കുകയും പോലീസും ജുഡീഷ്യറിയുമെല്ലാം ഫാഷിസ്റ്റ് സ്വാധീനങ്ങള്‍ പ്രകടമാക്കുകയും വര്‍ഗീയ ധ്രുവീകരണം ശക്തമാവുകയും റിയാസ് മൗലവി മുതല്‍ ഫൈസല്‍ വരെയുള്ളവരുടെ ചോര കൊണ്ട് കേരളം പോ
ലും ചുവക്കുകയും ഹാദിയ മനുഷ്യത്വമുള്ളവരുടെയെല്ലാം നീറലാവുകയും ചെയ്യുമ്പോള്‍ നടേ പറഞ്ഞ ദൗത്യങ്ങളെയെല്ലാം കൂടുതല്‍ ശക്തമാക്കുകയാണ് മുസ്‌ലിം സമുദായം ചെയ്യേണ്ടത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കേണ്ട ഒരു ദശാസന്ധിയിലൂടെയണ് ഇന്‍ഡ്യ കടന്നുപോകുന്നത്. അരാഷ്ട്രീയതയുടെ കരിമ്പുതപ്പുകള്‍ക്കകത്ത് ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിസംഗമാകുന്നത് ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്, ആത്മഹത്യാപരവുമാണ്. എന്നാല്‍ ബിബിനെ കൊല്ലുന്നതാണ് പ്രസ്തുത പോരാട്ടത്തിന്റെ താല്‍പര്യമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവരോട് വിയോജിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. അതിനെ എതിര്‍ക്കുന്നതും അപലപിക്കുന്നതും ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പുകളെ ഷണ്ഡീകരിക്കലാണെന്ന് വിചാരിക്കുന്നവര്‍ സഹതാപം പോ
ലും അര്‍ഹിക്കുന്നില്ല. ഒരു കത്തിയോ വാളോ എടുത്ത് കഥ കഴിക്കാവുന്നത്ര ദുര്‍ബലമാണ് ഫാഷിസം എന്നു കരുതുന്നവരെയോര്‍ത്ത് ഫാഷിസ്റ്റുകള്‍ ആര്‍ത്തുചിരിക്കുന്നുണ്ടാകും! ഭൂരിപക്ഷ വര്‍ഗീയത മുടിയഴിച്ചു തുള്ളുകയും സെറ്റയ്റ്റിന്റെ ഏജന്‍സികള്‍ അതേ ഭൂരിപക്ഷ വര്‍ഗീയതയുടെ മുന്‍വിധികളിലേക്ക് ആവാഹിക്കപ്പെടാന്‍ പാകപ്പെടുകയും ചെയ്യുന്നുവെന്ന് പ്രസംഗിക്കുന്നവര്‍ തന്നെ ഒരു ചെറുന്യൂനപക്ഷത്തിന്റെ കലാപങ്ങളാണ് പ്രതിരോധം എന്ന് പ്രസ്താവിക്കുന്നതിലെ വൈരുധ്യം അമ്പരിപ്പിക്കുന്നതത്രെ.

അപ്പോള്‍, ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പിന്റെ ഭാഗമായി ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ട ഒരു നിരപരാധിയുടെ രക്തത്തിന് പകരം ചോദിച്ചുകൂടെന്നാണോ പറയുന്നത്? ആ സഹോദരന്റെ ഘാതകരെ പൂമാലയിട്ടു സ്വീകരിക്കുകയും ഭക്ഷണമുണ്ടാക്കി സല്‍ക്കരിക്കുകയുമാണോ മുസ്‌ലിംകള്‍ ചെയ്യേണ്ടത്?

-ഫൈസലിന്റെ ഘാതകര്‍ പ്രതിക്രിയ അര്‍ഹിക്കുന്നില്ലെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ല. ആ നിരപരാധിയുടെ ചോരക്ക് കണക്ക് ചോദിക്കപ്പെടണം എന്നുതന്നെയാണ് നീതിയില്‍ താല്‍പര്യമുള്ള മുസ്‌ലിംകളും അമുസ്‌ലിംകളുമെല്ലാം ആഗ്രഹിക്കുന്നത്. പക്ഷേ അത് ചെയ്യേണ്ടത് ഭരണകൂടമാണ്. ഫൈസലിന്റെ കുടുംബത്തിന് സമാശ്വാസമായും ഇന്‍ഡ്യന്‍ ഭരണഘടന നല്‍കുന്ന മതപരിവര്‍ത്തനാവകാശത്തിനുമേലും വ്യക്തികളുടെ ജീവനുമേലും കൈവെക്കാനുദ്ദേശിക്കുന്നവര്‍ക്ക് എന്നെന്നേക്കുമുള്ള പാഠമായും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കോടതി വിധിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യണം. അതിനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും നിയമപോരാട്ടവും ശക്തമായി നടക്കേണ്ടതാണ്; സര്‍ക്കാരിനെയും പോലീസിനെയും ആ വഴിക്ക് കൊണ്ടുവരാനുള്ള ജനാധിപത്യ സമരങ്ങളും ആവശ്യമാണ്. നിയമവഴ്ച പുലരാന്‍ വേണ്ടിയുള്ള ആ മുന്നേറ്റത്തെ ഇന്‍ഡ്യയുടെ ആത്മാവുള്‍ക്കൊണ്ട ആര്‍ക്കും എതിര്‍ക്കാനാവില്ല; മുസ്‌ലിംകളുടെ ക്ഷേമം ആശിക്കുന്നവര്‍ക്ക് വിശേഷിച്ചും ആവില്ല. ഫൈസലിന്റെ ഘാതകര്‍ പ്രതിക്രിയ അര്‍ഹിക്കുന്നില്ലെന്നു വിചാരിക്കുന്നവരാണ് ബിബിന്‍ വധത്തെ അപലപിക്കുന്നത് എന്ന പ്രചാരണം കളവുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. ഭരണകൂടം ചെയ്യേണ്ടതാണ്/ഭരണകൂടത്തെക്കൊണ്ട് ചെയ്യിക്കേണ്ടതാണ് പ്രതിക്രിയ എന്ന വസ്തുതയെ നിരാകരിച്ച് നിയമം കയ്യിലെടുത്തുകൊണ്ടുള്ള പ്രതികാരക്കൊലക്ക് മുതിരുന്നതിനെയാണ് ഇവിടെ വിമര്‍ശിക്കുന്നത്.

ഭരണകൂടം നീതി നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുവാന്‍ ന്യായമുള്ള ഒരു രാഷ്ട്രീയ കാലാവസ്ഥയല്ല ഇന്‍ഡ്യയില്‍ ഇപ്പോഴുള്ളത്. അപ്പോള്‍ നിയമം കയ്യിലെടുക്കുക മാത്രമല്ലേ പരിഹാരം? അതിനെ തീവ്രവാദമായി ചിത്രീകരിച്ചുകൊണ്ട് പ്രസംഗിക്കുന്നതും എഴുതുന്നതും ഇസ്‌ലാംവിരുദ്ധ പൊതുബോധത്തില്‍ ഉപ്പുചേര്‍ക്കലല്ലേ?
-ഭരണഘടന പ്രകാരം നീതി ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ജനാധിപത്യസംവിധാനമാണ് ഇന്‍ഡ്യയില്‍ ഭരണകൂടം. ഭരണകൂടം അതിന്റെ ഭരണഘടനാപരമായ താല്‍പര്യങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ തിരുത്തല്‍ ശക്തികളാകാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കും മീഡിയക്കും കോടതികള്‍ക്കുമെല്ലാം കഴിയും. ഇന്‍ഡ്യയില്‍ മുസ്‌ലിംകള്‍ക്ക് പലപ്പോഴും അങ്ങനെ നീതി കിട്ടിയിട്ടുണ്ട്. എന്നാല്‍ നീതി കിട്ടാത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ പഠിക്കുകയും പരിഹാരങ്ങള്‍ക്ക് അടിസ്ഥാനതലത്തില്‍ തന്നെ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. അതിനുപകരം നീതി ആയുധമെടുത്ത് സ്വയം നടപ്പിലാക്കുന്ന സമാന്തര സര്‍ക്കാരുകളാകാന്‍ വ്യക്തികളോ ഗ്രൂപ്പുകളോ ശ്രമിച്ചാല്‍ അതിന്റെ പേര് തീവ്രവാദം എന്നുതന്നെയാണ്. ഇന്‍ഡ്യയില്‍ മാത്രമല്ല, ഏതുരാജ്യത്തും വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നപരിഹാരങ്ങള്‍ക്ക് ശ്രമിക്കുന്നത് നിയതവും നിയമപരവും വ്യവസ്ഥിതിനിഷേധപരമായ മാര്‍ഗങ്ങള്‍ തീവ്രവാദവുമാണ്. ഇസ്‌ലാമിന്റെയും ഈ രംഗത്തെ വീക്ഷണം അതുതന്നെയാണ്. വ്യവസ്ഥിതിക്കകത്തുനിന്ന് നീതി നേടിയെടുക്കാന്‍ ഏതറ്റം വരെയും പോവുകയും അത് പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുകയും നീതികേടിന്റെ വിധികള്‍ക്കെതിരില്‍ ജനാധിപത്യപരമായ വിമര്‍ശനമുന്നയിക്കുകയുമാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. അതിനുപകരം നീതിനിഷേധങ്ങളുണ്ടാകുന്നവരെല്ലാം വൈയക്തികമായ സായുധ’പരിഹാര’ങ്ങള്‍ക്കൊരുങ്ങിയാല്‍ നിയമവാഴ്ച തകരുകയും അരാജകത്വം പടരുകയും നാട് ചോരക്കളമാവുകയും ചെയ്യും. പരിഹരിക്കാനുദ്ദേശിച്ച പ്രശ്‌നത്തെക്കാള്‍ വലിയ പ്രശ്‌നങ്ങളായിരിക്കും പിന്നെയുണ്ടാവുക. തീവ്രവാദം കശ്മീരിനെ എങ്ങോട്ടാണ് നയിച്ചത് എന്ന പരിശോധന മാത്രം മതി മുസ്‌ലിം രാഷ്ട്രീയസംഘങ്ങള്‍ക്ക് അതിന്റെ വരുംവരായ്കകള്‍ മനസ്സിലാക്കാന്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും ഫാഷിസ്റ്റ് ഭാഷ്യത്തിന്റെ കൂടെ നിന്നുകൊണ്ടുള്ള ഫ്രെയിമിംഗുകളായി വ്യാഖ്യാനിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നേ പറയാനാകൂ. ഇനി രാഷ്ട്രീയമായി ഇത്തരം ഇടപെടലുകള്‍ എത്ര തന്നെ ബുദ്ധിപരമാണെന്ന് സമര്‍ത്ഥിക്കുവാനായാലും മുസ്‌ലിമിന് അത് സ്വീകാര്യമാവുകയില്ല; കാരണം ഭരണകൂടം പ്രതിക്രിയകള്‍ വിധിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവ സ്വന്തമായി നടപ്പിലാക്കുവാന്‍ ഇസ്‌ലാം ഇരകളെ അനുവദിക്കുന്നില്ല എന്നതുതന്നെ. ഇസ്‌ലാമില്‍ നീതി പൗരാവകാശമാണ്. നീതി വിധിക്കല്‍ ഭരണകൂട ബാധ്യതയുമാണ്. എന്നാല്‍ രണ്ടാമത്തേത് നടക്കാതെ വന്നാല്‍ ക്ഷമയവലംബിക്കുവാനാണ് പൗ
രന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത്; മരണാനന്തര ജീവിതത്തില്‍ പരിഹാരം പ്രതീക്ഷിച്ചുകൊണ്ട്. അല്ലാഹുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നമ്മുടെ പരിമിത ബുദ്ധിക്കു വഴങ്ങുന്നില്ലെങ്കിലും അവക്കു കീഴൊതുങ്ങുന്നതിന്റെ പേരാണ് ഇസ്‌ലാം.

കൊന്നവനെ കൊല്ലുക എന്നത് ഇസ്‌ലാമിന്റെ കല്‍പനയല്ലേ? സമഗ്രവും സമ്പൂര്‍ണവുമായ ഒരു ജീവിതദര്‍ശനമല്ലേ ഇസ്‌ലാം? അതിനെ പൂര്‍ണമായി പിന്തുടരല്‍ മുസ്‌ലിംകളുടെ ബാധ്യതയല്ലേ? നമസ്‌കാരവും നോമ്പും പോലെയുള്ള ചില അനുഷ്ഠാനങ്ങളിലേക്ക് ഇസ്‌ലാമിനെ ചുരുക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം തന്നത്?

-അല്ലാഹുവിന്റെ മതത്തെ ചുരുക്കാനോ നീട്ടാനോ ആര്‍ക്കും അനുവാദമില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കടുത്ത അക്രമമാകുന്നു. ഇസ്‌ലാമില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു മാത്രമല്ല, ആരൊക്കെയാണ് ഓരോ കാര്യവും ചെയ്യേണ്ടത് എന്നും വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സകാത്ത് നല്‍കണമെന്നു മാത്രമല്ല ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്; പ്രത്യുത ആ ബാധ്യത സമ്പന്നര്‍ക്കു മാത്രമാണെന്നു കൂടിയാണ്. ഇസ്‌ലാം സകാത്ത് നല്‍കാന്‍ കല്‍പിച്ചിട്ടും നീയെന്താണ് അത് ചെയ്യാത്തതെന്ന് ഒരു ദരിദ്രനോട് ചോദിക്കുന്നവന് ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഘടനയെക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നാണര്‍ത്ഥം. കൊലപാ
തകിക്ക് വധശിക്ഷ നല്‍കാന്‍ ഇസ്‌ലാം കല്‍പിച്ചിട്ടുള്ളത് ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിയോടാണ്. ബോധപൂര്‍വം കൊല നടത്തി എന്ന് ബോധ്യമാവുകയും വധിക്കപ്പെട്ടവന്റെ കുടുംബം മാപ്പുനല്‍കാന്‍ സന്നദ്ധമാകാതിരിക്കുകയും ചെയ്താല്‍ ഘാതകനെ വധശിക്ഷക്ക് വിധിക്കണമെന്നാണ് ഇസ്‌ലാമിന്റെ രാഷ്ട്രനിയമം. ഇത് ഇസ്‌ലാമിക ഭരണാധികാരിയോട് മാത്രമുള്ള കല്‍പനയാണ്. ഇസ്‌ലാമികേതര രാജ്യങ്ങളില്‍ അധികാരസ്ഥാനങ്ങളിലുള്ള മുസ്‌ലിംകള്‍ അതാതു രാജ്യത്തെ നിയമങ്ങളാണ് വിധികള്‍ക്കാധാരമാക്കേണ്ടത്; യൂസുഫ് നബി(അ)യുടെയും നജ്ജാശിയുടെയും ചരിത്രം അതാണ് പഠിപ്പിക്കുന്നത്. സിവിലിയന്‍മാര്‍, ഇസ്‌ലാമികേതര രാഷ്ട്രത്തിലാണെങ്കിലും ഇസ്‌ലാമിക രാഷ്ട്രത്തിലാണെങ്കിലും, നിയമം കയ്യിലെടുത്ത് ഒരു കൊലപാതകിയെയും തെരഞ്ഞുപി
ടിച്ച് വധിക്കാന്‍ പാടില്ല. യാസര്‍ കുടുംബത്തിന്റെ ഘാതകരോട് മക്കയില്‍ നബി (സ) പ്രതികാരം ചെയ്തിട്ടില്ല. പിതാവിന്റെ ഘാതകരോട് പ്രതികാരം ചെയ്ത ഉമറിന്റെ (റ) പുത്രന്‍ ഉബൈദുല്ല (റ) ഇസ്‌ലാമിക രാഷ്ട്രത്തില്‍ കുറ്റവാളിയായി വിസ്തരിക്കപ്പെട്ടു. ചുരുക്കത്തില്‍, കൊന്നവനെ കൊല്ലുക എന്ന ഇസ്‌ലാമിക നിയമം നാം ചര്‍ച്ച ചെയ്യുന്നതരം പ്രതികാരക്കൊലകളെക്കുറിച്ചല്ല സംസാരിക്കുന്നത്. അങ്ങനെയല്ലെന്ന് ബിബിന്‍ വധത്തെ ന്യായീകരിക്കുന്ന സുഹൃത്തുക്കള്‍ക്കുപോ
ലും അറിയാം എന്നതല്ലേ വാസ്തവം? കൊന്നവനെ കൊല്ലാന്‍ പറഞ്ഞതുപോ
ലെത്തന്നെ കട്ടവന്റെ കൈ മുറിക്കാനും അവിവാഹിതനായ വ്യഭിചാരിയെ അടിക്കാനും
വിവാഹിതനായ വ്യഭിചാരിയെ എറിഞ്ഞുകൊല്ലാനുമെല്ലാം ഇസ്‌ലാം കല്‍പിച്ചിട്ടുണ്ട്. അവയൊന്നും പ്രതികാരക്കൊലയെ സിദ്ധാന്തവല്‍ക്കരിക്കുന്നവര്‍ നടപ്പിലാക്കാത്തെത ന്തുകൊണ്ടാണ്? അവ ഇസ്‌ലാമിക ഭരണാധികാരിയാണ് ചെയ്യേണ്ടത് എന്നതുകൊണ്ടല്ലേ? ആ കൂട്ടത്തില്‍പെട്ടതു തന്നെയാണ് കൊന്നവനെ കൊല്ലാനുള്ള കല്‍പനയുമെന്ന് ഇസ്‌ലാമിനെക്കുറിച്ച് പ്രാഥമിക ധാരണയെങ്കിലുമുള്ള ആര്‍ക്കുമറിയാം.

നിങ്ങള്‍ പറയുന്നതുപോലെ അനന്തമായ ക്ഷമയാണോ ഇസ്‌ലാം? മര്‍ദ്ദനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കുംവേണ്ടി പോരാടാനും അടിക്ക് തിരിച്ചടി നല്‍കാനും ഇസ്‌ലാം കല്‍പിച്ചിട്ടില്ലേ? യുദ്ധത്തില്‍ നിന്ന് പിന്തിരിയുന്നതും മരണത്തോട് വെറുപ്പ് തോന്നുന്നതും വിശ്വാസം ദുര്‍ബലമാകുന്നതിന്റെ ലക്ഷണങ്ങളല്ലേ? ജിഹാദില്‍ നിന്ന് മുസ്‌ലിംകളെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള ശിക്ഷ നിങ്ങള്‍ പരലോകത്ത് അനുഭവിക്കേണ്ടി വരില്ലേ?

-ഇസ്‌ലാം അനന്തമായ ക്ഷമയാണെന്ന് ആരും പറഞ്ഞിട്ടില്ല. ഇസ്‌ലാം ക്ഷമിക്കേണ്ടിടത്ത് ക്ഷമിക്കാനും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും പഠിപ്പിച്ച ആദര്‍ശമാണ്. സായുധ ജിഹാദിനുള്ള കല്‍പന ഇസ്‌ലാമിലുണ്ട്. പക്ഷേ അത് നിയമം കയ്യിലെടുത്തുള്ള പ്രതികാരക്കയ്യേറ്റങ്ങളല്ല, മറിച്ച് യുദ്ധമാണ്. ഇസ്‌ലാമിക രാഷ്ട്രം അതിന്റെ സൈന്യത്തെ ഉപയോഗിച്ച് പ്രജകളുടെ സംരക്ഷണമോ രാജ്യത്തിന്റെ ഭദ്രതയോ മറ്റേതെങ്കിലും രാജ്യത്തെ പീഢിതമുസ്‌ലിംകളുടെ സൈനിക വിമോചനമോ ഒക്കെ ലക്ഷ്യമാക്കി രാജ്യത്തിന്റെ ശത്രുക്കളോട് നടത്തുന്ന യുദ്ധമാണ് സായുധ ജിഹാദ്. സായുധ ജിഹാദിന് കല്‍പിക്കുന്ന/പ്രേരിപ്പിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെയും നബിപ്രസ്താവനകളുടെയുമെല്ലാം ഉള്ളടക്കം ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തില്‍ നടക്കേണ്ട യുദ്ധമാണ്. ഏതെങ്കിലുമൊരു രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകള്‍ തങ്ങള്‍ നേരിടുന്ന നീതിനിഷേധങ്ങള്‍ക്കറുതി വരുത്താനായി ഒറ്റക്കോ ഗ്രൂപ്പുകളായോ സമുദായം ഒന്നാകെ ഒന്നുചേര്‍ന്നോ ആ രാജ്യത്തെ നിയമവ്യവസ്ഥയോടോ മറ്റു പൗരന്‍മാരോടോ ഏറ്റുമുട്ടുന്നതല്ല സായുധ ജിഹാദിന്റെ രീതി. അങ്ങനെയാണെന്ന് പറയുന്നവരാണ് ഇസ്‌ലാമിലെ ജിഹാദിനെ വളച്ചൊടിക്കുന്നത്. നബി(സ)യും അനുചരന്‍മാരും നാനാവിധ മര്‍ദ്ദനങ്ങളും ഏറ്റിട്ടും മക്കയില്‍ ഒരു സായുധ ഏറ്റുമട്ടലിന് മുതിര്‍ന്നിട്ടില്ല. മദീനയില്‍ ഇസ്‌ലാമിക രാജ്യമുണ്ടായതിനുശേഷം രാഷ്ട്രനേതൃത്വത്തിനു കീഴിലാണ് സായുധ ജിഹാദുകള്‍ എല്ലാം ഉണ്ടായത്. പ്രസ്തുത യുദ്ധങ്ങളെ പ്രതികാരക്കൊലകള്‍ക്ക് ന്യാ
യമാക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തിന്റെ പച്ചയായ ദുര്‍വ്യാഖ്യാനമാണ്.

ഇസ്‌ലാം പൂര്‍ത്തിയാക്കപ്പെട്ട് പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷവും ‘മക്കയില്‍ യുദ്ധമില്ലായിരുന്നു’ എന്നുപറഞ്ഞ് ജിഹാദിനുള്ള ശ്രമങ്ങളെ നിര്‍വീര്യമാക്കുന്നതിന്റെ യുക്തിയെന്താണ്? മക്കയിലും മദീനയിലുമായിട്ടാണല്ലോ ഇസ്‌ലാം പൂ
ര്‍ത്തിയായത്. മക്കാ ജീവിതകാലത്ത് പല നിയമങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നില്ല. പള്ളി നിര്‍മാണം, സകാത്ത്, ജുമുഅ എന്നു തുടങ്ങി മദ്യം നിരോധിക്കപ്പെട്ടതുവരെ മദീനയിലാണ്. അവയൊന്നും ഇന്നത്തെ ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്ന വാദമുണ്ടോ? മക്കയിലെ നിയമങ്ങള്‍ മാത്രമേ ഞങ്ങള്‍ പിന്തുടരൂ, മദീനയില്‍ അവതരിപ്പിക്കപ്പെട്ടവ ഞങ്ങള്‍ തിരസ്‌കരിക്കും എന്നുപറയാന്‍ ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്കവകാശമുണ്ടോ?

-അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശമില്ല. ക്രമപ്രവൃദ്ധമായാണ് ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടത്. ഒരു നിയമം അവതരിപ്പിക്കപ്പെട്ടു കഴിയുന്നതോടുകൂടി അത് എല്ലാ കാലത്തേക്കും ബാധകമായിത്തീരും. മക്കയില്‍ മുഖ്യമായും വിശ്വാസകാര്യങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. നിയമങ്ങളുടെ സിംഹഭാഗവും പ്രവാചകന്റെ മദീനാജീവിതകാലത്താണ് നിലവില്‍ വന്നത്. അവ തനിക്കു ബാധകമല്ലെന്നു പറയാന്‍ അവ നിയമമായിത്തീര്‍ന്നതിനുശേഷം ഒരു മുസ്‌ലിമിനും പാടില്ല. സായുധ ജിഹാദ് അനുശാസിക്കപ്പെട്ടത് മദീനയില്‍ വെച്ചാണ് എന്നതുകൊണ്ടോ മക്കയില്‍ അതില്ലായിരുന്നു എന്നതുകൊണ്ടോ അല്ല ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്ക് സായുധ ജിഹാദ് ഇല്ല എന്നു പറയുന്നത്; മറിച്ച് സായുധ ജിഹാദ് നിയമമാക്കപ്പെട്ടത് ഇസ്‌ലാമിക രാഷ്ട്രത്തിനാണ് എന്നതുകൊണ്ടാണ്. ഇസ്‌ലാമിക രാഷ്ട്രം അതിനുശേഷം ലോകത്തെവിടെ നിലവില്‍ വന്നാലും അവയ്‌ക്കൊക്കെ ആ അനുശാസനം ബാധകമാണ്. ഇന്നും ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികള്‍ സായുധ ജിഹാദ് നിര്‍ബന്ധമാകുമ്പോള്‍ ജിഹാദിന്റെ നിബന്ധനകളൊത്ത യുദ്ധം തങ്ങളുടെ സൈനികരെവെച്ച് നയിക്കാന്‍ ബാധ്യസ്ഥരാണ്. മദീനയില്‍ വ്യക്തികള്‍ക്കാണ് സായുധ ജിഹാദ് നിയമമാക്കപ്പെട്ടിരുന്നതെങ്കില്‍ എല്ലാ മുസ്‌ലിം വ്യക്തികള്‍ക്കും അത് ഇന്നും നിയമം ആകുമായിരുന്നു. ജിഹാദ് എവിടെവെച്ച് കല്‍പിക്കപ്പെട്ടു എന്നതല്ല, ആരു ചെയ്യണം എന്ന് കല്‍പി
ക്കപ്പെട്ടു എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന വിഷയം എന്നര്‍ത്ഥം. ചോദ്യത്തില്‍ ഉന്നയിച്ച മറ്റു നിയമങ്ങളുടെയൊന്നും കാര്യം ഇതുപോലെയല്ല. അവയ്ക്ക് വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ വിഭിന്ന തലങ്ങളുണ്ട്. മദ്യവര്‍ജ്ജനം എല്ലാ മുസ്‌ലിംകള്‍ക്കും ബാധകമായ കല്‍പനയാണ്. അതുകൊണ്ടുതന്നെ ഇന്‍ഡ്യയിലടക്കം എല്ലാ മുസ്‌ലിംകളും മദ്യപാനത്തില്‍നിന്ന് സമ്പൂര്‍ണമായി മാറിനില്‍ക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഒരു രാജ്യത്ത് മദ്യം നിയമം മൂലം നിരോധിക്കേണ്ടത് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മാത്രം ഉത്തരവാദിത്തമാണ്. പള്ളികള്‍ നിര്‍മിക്കലും ജുമുഅ നമസ്‌കാരത്തിനുവേണ്ടി ഒരുമിച്ചുകൂടലും മുസ്‌ലിംകളുടെ സാമൂഹിക കര്‍ത്തവ്യമാണ്. എന്നാല്‍ അവ നിയമം മൂലം നടപ്പിലാക്കല്‍ ഇസ്‌ലാമിക ഭരണാധികാരിയുടെ മാത്രം ഉത്തരവാദിത്തമാണ്. സകാത്ത് എല്ലാ മുസ്‌ലിം സമ്പന്നരുടെയും വ്യക്തിപരമായ ബാധ്യതയാണ്; എന്നാല്‍ നിര്‍ബന്ധപൂര്‍വം അത് പിരിച്ചെടുക്കാനുള്ള കല്‍പന ഇസ്‌ലാമിക രാജ്യത്തിനുമാത്രം ബാധകമാണ്. ഇവിടെയെല്ലാം വൈയക്തികമായ നിയമങ്ങള്‍ പിന്തുടരാന്‍ മുസ്‌ലിം വ്യക്തികളും സാമൂഹികമായവ പിന്തുടരാന്‍ മുസ്‌ലിം സമൂഹങ്ങളും രാഷ്ട്രീയമായവ പി
ന്തുടരാന്‍ മുസ്‌ലിം രാജ്യങ്ങളും ബാധ്യസ്ഥമാണ്. സായുധ ജിഹാദിന്റെ കാര്യത്തില്‍, രാഷ്ട്രീയമായ കൈകാര്യകര്‍തൃത്വമില്ലാതെ നിലനില്‍പു തന്നെയില്ലാത്ത നിയമമായാണ് അത് പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.

അപ്പോള്‍ ഇസ്‌ലാമിക രാജ്യത്തിലല്ലാ ത്ത മുസ്‌ലിംകള്‍ എന്തു മര്‍ദ്ദനങ്ങളുണ്ടായാലും അവ നിശബ്ദം ഏറ്റുവാങ്ങണമെന്നാണോ? ചവിട്ടാനും കുത്താനും കൊല്ലാനും മാനഭംഗപ്പെടുത്താനും വര്‍ഗീയവാദികള്‍ വരുമ്പോള്‍ ജിഹാദ് നടത്തേണ്ടത് രാഷ്ട്രമാണെന്നു പറഞ്ഞ് അവര്‍ക്ക് തല നീട്ടിക്കൊടുക്കണമെന്നാണോ?

-ഒരു രാഷ്ട്രസംവിധാനം നേരിട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന രീതിയാണ് സായുധ ജിഹാദില്‍, അഥവാ ക്വിതാലില്‍ (യുദ്ധം) ഉള്ളത്. അത് ഇസ്‌ലാമിക രാഷ്ട്രസംവിധാനമില്ലാതെ സാധ്യമോ സാധുവോ ആവുകയില്ല. ഇസ്‌ലാമില്‍ മാത്രമല്ല, മിക്കവാറുമെല്ലാ നൈതികതകളിലും യുദ്ധം രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടാണ്. എല്ലാ പീഡനങ്ങള്‍ക്കുമുള്ള പരിഹാരമായി ഇസ്‌ലാമില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത് സായുധ ജിഹാദാണ് എന്ന തെറ്റിദ്ധാരണയാണ് ഇത്തരം ചോദ്യങ്ങള്‍ക്കടിസ്ഥാനം. ജിഹാദില്ലെങ്കില്‍ പിന്നെ ഒന്നുമില്ല എന്ന് വിചാരിക്കുന്ന മാനസികാവസ്ഥക്കാണ് കുഴപ്പം. ഒരു നാട്ടില്‍ മുസ്‌ലിംകള്‍ക്കുനേരെ അതിക്രമങ്ങളും മര്‍ദ്ദനങ്ങളുമുണ്ടായാല്‍ ആ നാടിന്റെ സാമൂഹികസംവിധാനം അനുവദിക്കുന്ന തരത്തിലുള്ള എല്ലാ പ്രതിരോധങ്ങള്‍ക്കും മുസ്‌ലിം നേതൃത്വം മുന്‍കയ്യെടുക്കണം. ഗോത്രാവകാശങ്ങള്‍ അടിത്തറയായിരുന്ന മക്കയിലെ രാഷ്ട്രീയക്രമത്തില്‍ അതിന്റെ എല്ലാ സാധ്യതകളും പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകളുടെ ആശ്വാസത്തിനുവേണ്ടി പ്രവാചകനും മക്കയില്‍ പ്രാമാണ്യമുണ്ടായിരുന്ന അനുചരന്‍മാരും ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവരൊരിക്കലും മക്കയില്‍ കലാപമുണ്ടാക്കിയിട്ടില്ല. ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇന്‍ഡ്യയിലെ രാഷ്ട്രീയ വ്യവസ്ഥിതിയിലുള്ള എല്ലാ പരിഹാരങ്ങളും നിയതമായ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ ശക്തമായി നടക്കേണ്ടതാണ്. ‘നിശബ്ദം ഏറ്റുവാങ്ങുകയല്ല’, ശബ്ദമുള്ളവരായി മാറുക തന്നെയാണ് ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ ചെയ്യേണ്ടത്. ആ ശബ്ദം കലാപത്തിന്റേതാകരുത് മറിച്ച് രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും ആകണമെന്നു മാത്രമേയുള്ളൂ. കേരള മുസ്‌ലിംകളുടെ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ള സാമൂഹിക സുരക്ഷിതത്വം കടപ്പെട്ടിരിക്കുന്നത് അത്തരം ശബ്ദങ്ങളോടാണ്, അല്ലാതെ ആരുടെയെങ്കിലും വാളിന്റെ സീല്‍ക്കാരങ്ങളോടല്ല. ആക്രമിക്കാന്‍ വരുന്നവരുടെ മുന്നില്‍ കഴുത്തുനീട്ടി കിടന്നുകൊടുക്കണമെന്ന് ഇസ്‌ലാം എവിടെയും പഠിപ്പിച്ചിട്ടില്ല. നാം ആക്രമിക്കപ്പെടുകയോ നമ്മുടെ കണ്‍മുന്നില്‍വെച്ച് മറ്റുള്ളവര്‍ ആക്രമിക്കപ്പെടുകയോ ചെയ്താല്‍ അക്രമത്തെ തടുക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിക്കണമെന്ന് ആര്‍ക്കാണറിയാത്തത്? കയ്യേറ്റം ചെയ്യാനോ കവര്‍ച്ച നടത്താനോ കൊല്ലാനോ ദവനഭേദനം നടത്താനോ ബലാത്‌സംഗം ചെയ്യാനോ ഒക്കെ വരുന്നവര്‍ക്കുമുന്നില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയല്ല, കയ്യും കയ്യില്‍ കിട്ടാവുന്നതുമെല്ലാം ഉപയോഗിച്ച് അക്രമികളെ തുരത്തുകയും അവരില്‍നിന്ന് രക്ഷനേടുകയും തന്നെയാണ് എല്ലാവരും ചെയ്യേണ്ടത്. ഇത് സായുധ ജിഹാദ് ആയ ക്വിതാല്‍ (യുദ്ധം) അല്ല; മറിച്ച് തികച്ചും മനുഷ്യസഹജമായ പ്രതിരോധമാണ്. പ്രകൃതിമതമായ ഇസ്‌ലാം അത് വിലക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഇതിന് അക്രമിക്കാന്‍ വരുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളോ മുസ്‌ലിം ഉന്മൂലനം ആഗ്രഹിക്കുന്നവരോ ഒന്നും ആകണമെന്നില്ല, ഏതു ക്രിമിനലായാലും മതി; അയാള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവനാണെങ്കിലും പ്രതിരോധം അതേ ഊക്കില്‍ നടക്കും. ഇന്‍ഡ്യന്‍ ഭരണഘടന ഇത് അനുവദിക്കുന്നുണ്ട്. ഇന്‍ഡ്യന്‍ പീനല്‍കോഡ് പ്രകാരം ഇതൊരു കുറ്റമല്ല. ഇതിനെ കുറ്റമായി കാണാന്‍ ഒരു മൂല്യക്രമത്തിനും കഴിയില്ല. എന്നാല്‍ ഇത് അക്രമം നടക്കുന്ന സ്ഥലത്തുവെച്ചുള്ള തത്സമയ പ്രതിരോധമാണ്. അക്രമികളെ പിന്നീട് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പ്രതികാരമല്ല. ജീവന്‍ രക്ഷിക്കാന്‍ നടത്തുന്ന സാഹസം ആണത്; അല്ലാതെ പകയടക്കാനുള്ള ആസൂത്രണമല്ല. ആത്മരക്ഷാര്‍ത്ഥമുള്ള ചെറുത്തുനില്‍പി
ല്‍ അക്രമികള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലും അതിന് ഇസ്‌ലാമിലും ഇന്‍ഡ്യന്‍ നിയമത്തിലും ന്യായീകരണമുണ്ട്. എന്നാല്‍ അക്രമിയെ നിലക്കുനിര്‍ത്താനുദ്ദേശിച്ചുള്ളത് മാത്രമാകണം പ്രത്യാക്രമണം; അതില്‍ അതിരുകവിയരുത്. ബനൂഇസ്രാഈല്യനെ മര്‍ദ്ദിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്‍ പക്ഷക്കാരനെ മര്‍ദ്ദിതനെ രക്ഷപെടുത്താന്‍വേണ്ടി പ്രഹരിച്ച മൂസാ നബി(അ)യുടെ ഉദാഹരണം ഈ ഗണത്തില്‍ വരുന്നതാണ്. എന്നാല്‍ ആ പ്രഹരം അയാളുടെ മരണത്തിന് നിമിത്തമായപ്പോള്‍ മൂസാ നബി (അ) പശ്ചാത്താപവിവശനായി (ക്വുര്‍ആന്‍ 28:15).

ശിക്ഷാവിധികളും സായുധ ജിഹാദും ഇസ്‌ലാമിക ഭരണാധികാരികളുടെ നിര്‍ദ്ദേശാനുസരണം മാത്രം നടക്കേണ്ടതും ഒരു രാജ്യത്തും പൗരന്‍മാര്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ലാത്തതും ആണെങ്കില്‍ മക്കയില്‍വെച്ച് സഅദ്ബ്‌നു അബീ വക്വാസ് (റ) മുസ്‌ലിംകളുടെ ഒരു ശത്രുവിനെ വധിച്ച സംഭവം എങ്ങനെയാണുണ്ടായത്?

-ഇബ്‌നു ഇസ്ഹാക്വിന്റെ സീറതു റസൂലില്ലയില്‍ ആണ് സഅദ്ബ്‌നു അബീ വക്വാസി(റ)ന്റെ സംഭവം ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ ചരിത്രപരത നിദാനശാസ്ത്ര വിദഗ്ധര്‍ നിര്‍ണയിക്കേണ്ടതാണ്. എന്നാല്‍ പരാമൃഷ്ട നിവേദനം ആധികാരികമാണെന്നു വന്നാല്‍ തന്നെയും ചോദ്യത്തില്‍ പറയുന്ന തരത്തിലുള്ള യാതൊന്നും അതിലില്ല. സഅദ്ബ്‌നു അബീ വക്വാസ് ഏതെങ്കിലും കൊലപാതകിക്കുള്ള ഇസ്‌ലാമിക ശിക്ഷയായി മക്കയില്‍വെച്ച് അയാളെ കൊന്നുവെന്നോ ആരോടെങ്കിലും യുദ്ധം നടത്തിയെന്നോ അല്ല ഇബ്‌നു ഇസ്ഹാക്വ് പറയുന്നത്; പ്രതിക്രിയയുടെയോ യുദ്ധത്തിന്റെയോ നിയമങ്ങള്‍ അന്ന് അവതരിപ്പിക്കപ്പെട്ടിട്ടു പോലുമില്ലല്ലോ! സഅദ് (റ) മക്കയില്‍ കലാപത്തിനു മുതിര്‍ന്നതായോ നിയമം കയ്യിലെടുത്തതായോ ഇബ്‌നു ഇസ്ഹാക്വിന്റെ സംഭവവിവരണത്തില്‍ ഇല്ല. ശത്രുക്കളുടെ ആക്രമണങ്ങള്‍ ഭയന്ന് പ്രവാചകാനുചരന്‍മാര്‍ പ്രാര്‍ത്ഥനകള്‍ക്കുവേണ്ടി നഗരകേന്ദ്രത്തില്‍ നിന്നുമാറി മക്കയിലെ ഒഴിഞ്ഞ താഴ്‌വരകളെ പ്രാപി
ക്കാറുണ്ടായിരുന്നുവെന്നും അങ്ങനെ ഒരു താഴ്‌വാരത്തില്‍ സഅദ്ബ്‌നു അബീ വക്വാസും (റ) മറ്റു ചില പ്രവാചകാനുചരന്‍മാരും പ്രാര്‍ത്ഥനാനിരതരായിരിക്കെ മക്കയില്‍ നിന്ന് ഒരു അക്രമിസംഘം അവരെ കയ്യേറാന്‍ ശ്രമിച്ചുവെന്നും അതുണ്ടാക്കിയ സംഘര്‍ഷത്തില്‍ ശത്രുക്കളെ തുരത്താന്‍ അവിടെയുണ്ടായിരുന്ന ഒരൊട്ടകത്തിന്റെ താടിയെല്ലുകൊണ്ട് സഅദ് (റ) ഒരു അക്രമിയെ പ്രഹരിച്ചുവെന്നും അത് അയാളുടെ രക്തം ചിന്തിയെന്നുമാണ് സീറത്തു റസൂലില്ലയില്‍ പറയപ്പെട്ടിരിക്കുന്നത്. ഇത് ശരിയാണെങ്കില്‍, നേരത്തെ നാം ചര്‍ച്ച ചെയ്ത തത്സമയ പ്രതിരോധത്തിന്റെ ഒരനുഭവം മാത്രമാണത്. അക്രമിക്കാന്‍ വരുന്ന ഒരു കൂട്ടമാളുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പോള്‍ കയ്യിലുള്ളതെല്ലാമുപയോഗിച്ച് ശ്രമിക്കുന്നത് മാനവികതയുടെ ഏത് അളവുകോലുവെച്ചും അംഗീകരിക്കപ്പെടുന്നതാണ്. അതിനെക്കുറിച്ചല്ല നാം സംസാരിക്കുന്നത്; പ്രത്യുത കലാപത്തെക്കുറിച്ചാണ്. സഅദും (റ) കൂടെയുണ്ടായിരുന്നവരും കയ്യേറ്റത്തിനിരയായതും രക്ഷപ്പെടാന്‍വേണ്ടി ശത്രുവിനെ പ്രഹരിച്ചതും അറിഞ്ഞപ്പോള്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് നഗരത്തില്‍നിന്ന് ദൂരെപ്പോകാതെ കഅബക്കടുത്തെവിടെയെങ്കിലും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് കുടിയിരുന്നാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കി ദാറുല്‍ അര്‍ക്വം അതിനുവേണ്ടി നബി (സ) തെരഞ്ഞെടുത്തതെന്ന് സീറതുല്‍ ഹലബിയ്യയില്‍ കാണാം. നിര്‍ബന്ധിതാവസ്ഥയില്‍ ആത്മരക്ഷാര്‍ത്ഥം നടക്കുന്ന അനുവദനീയമായ തത്സമയ പ്രതിരോധങ്ങളെപ്പോലും ആഗ്രഹിക്കുകയല്ല, മറിച്ച് പരമാവധി അവക്കുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുവാനാണ് നബി (സ) ശ്രമിച്ചത് എന്നാണ് ഇതിനര്‍ത്ഥം.

വ്യക്തികള്‍ നിയമം നടപ്പിലാക്കിക്കൂടാ എന്നാണെങ്കില്‍ കഅബ്ബ്‌നു അശ്‌റഫിനെ മുഹമ്മദ്ബ്‌നു മസ്‌ലമ (റ) അദ്ദേഹത്തിന്റെ കോട്ടയില്‍ പോ
യി വധിച്ചത് എങ്ങനെയാണ് ശരിയാവുക?

-നിയമം നടപ്പിലാക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവര്‍ നിയമം നടപ്പിലാക്കുക തന്നെ വേണം. പൊലീസുകാരും സൈനികരും ന്യായാധിപന്‍മാരും ആരാച്ചാര്‍മാരും വിവിധ തസ്തികകളില്‍ ഉള്ള ഉദ്യോഗസ്ഥരുമെല്ലാം മേല്‍തട്ടില്‍ നിന്നുള്ള നിയതമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിയമം നടപ്പിലാക്കുക തന്നെയാണല്ലോ ആധുനിക സമൂഹങ്ങളിലും സംഭവിക്കുന്നത്. ഒരു രാജ്യത്തിന്റെ നിയമം ഒരു പ്രത്യേക സമയത്ത് നടപ്പിലാക്കാനുള്ള അധികാരം രാജ്യത്തിന് വിശ്വാസമുള്ള വ്യക്തികളെ ഏല്‍പിക്കുക തന്നെയാണ് സ്വാഭാവികമായും ഉണ്ടാവുക. ആ അധികാരം രാജ്യം നിര്‍ദ്ദേശിക്കുന്ന വരുതിക്കുള്ളില്‍ നിശ്ചിത സമയത്തേക്ക് മാത്രമുള്ളതാണ്. മദീനയിലെ പൗരനായിരുന്ന കഅ്ബ്ബ്‌നു അശ്‌റഫ്, മക്കക്കാരെ മദീനക്കെതിരായ യുദ്ധത്തിന് പ്രേരിപ്പിക്കുകയും മദീനയില്‍ അരാജകത്വത്തിന് ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന രാജ്യദ്രോഹിയായിരുന്നു. അയാളെ വധിക്കുവാന്‍ രാജ്യം തീരുമാനിക്കുകയാണ് ചെയ്തത് (ബുഖാരി). ഏതുരാജ്യത്തും സംഭവിക്കുന്നതുപോലെ തന്നെ. നബി (സ) കഅബിനെ വധിക്കാനുള്ള ഉദ്ദേശ്യം അറിയിച്ചപ്പോള്‍ മുഹമ്മദ്ബ്‌നു മസ്‌ലമ പ്രസ്തുത ദൗത്യം ഏറ്റെടുക്കുകയും സമര്‍ത്ഥമായി അത് നടപ്പിലാക്കുകയുമാണ് ചെയ്തത്. ഇതില്‍ നിയമം കയ്യാളാന്‍ അധികാരമില്ലാത്തവര്‍ ഭരണകൂടാനുവാദമില്ലാതെ പ്രതികാരക്കൊലകള്‍ നടത്തുന്നതിനുള്ള യാതൊരു മാതൃകയുമില്ല. മുഹമ്മദ്ബ്‌നു മസ്‌ലമ (റ) നിര്‍വഹിച്ചത് നിയമവാഴ്ചയുടെ താല്‍പര്യമാണ്; പ്രതികാരക്കൊലക്കാര്‍ ചെയ്യുന്നതാകട്ടെ, നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടുള്ള കലാപങ്ങള്‍ക്ക് മുതിരലും.

ഹുദയ്ബിയാ സന്ധിയെത്തുടര്‍ന്ന് അബൂ ബസ്വീര്‍ (റ) നടത്തിയ ഇടപെടലുകള്‍ ഇല്ലേ? രാജ്യത്ത് കലാപമുണ്ടാക്കുന്നത് മതവിരുദ്ധമാണെന്നു പറയുന്നവര്‍ എന്തുകൊണ്ടാണത് കാണാതെ പോകുന്നത്?

-ഇസ്‌ലാം സ്വീകരിക്കുന്ന മക്കക്കാര്‍ മദീനയിലേക്കു വന്നാല്‍ അവരെ സ്വീകരിക്കരുത് എന്നായിരുന്നു ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്ന മക്കയും പ്രവാചക നേതൃത്വത്തിലുള്ള മദീനയും ഹുദയ്ബിയയില്‍ വെച്ച് ഒപ്പുവെച്ച സന്ധിയിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഇതുപ്രകാരം മക്കയില്‍ കടുത്ത പീഡനങ്ങളനുഭവിക്കുകയാണെന്നറിഞ്ഞിട്ടും അവിടെനിന്നുള്ള മുസ്‌ലിംകളെ സന്ധികാലത്ത് മദീനയിലേക്ക് സ്വീകരിക്കാതിരിക്കുകയാണ് മുഹമ്മദ് നബി (സ) ചെയ്തത്. കരാറില്‍ ശത്രുക്കളുടെ പ്രതിനിധിയായി ഒപ്പുവെച്ച സുഹയ്‌ലുബനു അംറിന്റെ പുത്രന്‍ അബൂ ജന്‍ദല്‍ (റ) കരാറിന്റെ മഷിയുണങ്ങുന്നതിനുമുമ്പ് ഹുദയ്ബിയയില്‍ വെച്ചുതന്നെ കാലില്‍ ചങ്ങലകളുമായി വന്നിട്ടും നബി(സ)ക്ക് അദ്ദേഹത്തെ സ്വീകരിക്കാനായില്ല. സമാധാനക്കരാര്‍ നിലനില്‍ക്കുന്നതിനാല്‍ എത്ര കിരാതമായ കാരാഗൃഹപീഢനങ്ങള്‍ക്കിരയാക്കിയാലും മദീനയില്‍നിന്ന് തങ്ങള്‍ക്കുനേരെ സൈന്യം വരികയോ മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം ചെയ്യുകയോ ഇല്ലെന്ന് മക്കന്‍ പ്രമാണിമാര്‍ക്കറിയാവുന്നതിന്റെ സകല കാഠിന്യവും അവിടുത്തെ മുസ്‌ലിംകള്‍ അനുഭവിച്ചിരുന്നു. എന്നിട്ടും അവര്‍ മക്കയില്‍ കലാപത്തിനു മുതിര്‍ന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അവരിലൊരാളായിരുന്ന അബൂ ബസ്വീര്‍ (റ) മര്‍ദ്ദനം സഹിക്കവയ്യാതെ മദീനയിലേക്ക് രണ്ടും കല്‍പിച്ച് ഓടി രക്ഷപെട്ടപ്പോള്‍ അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ രണ്ടുപേരെ സായുധരായി പറഞ്ഞയക്കുകയാണ് മക്കയിലെ നേതാക്കള്‍ ചെയ്തത്. നബി (സ) അദ്ദേഹത്തെ അവരോടൊപ്പം മടക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഭവങ്ങള്‍ നബി(സ)യുടെ അറിവില്ലാതെ അബൂ ബസ്വീര്‍ (റ) തന്റെ മനഃസാക്ഷിക്കനുസരിച്ച് ചെയ്തവയാണെന്ന് ബുഖാരിയുടെയും അബൂ ദാവൂദിന്റെയും നിവേദനങ്ങളില്‍ നിന്ന് വ്യക്തമാണ്. മദീനയില്‍നിന്ന് മക്കയിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍വെച്ച് തന്നെ തിരികെ പിടിച്ചുകൊണ്ടുപോകുന്ന സായുധ മര്‍ദക കിങ്കരന്‍മാരിലൊരാളെ അദ്ദേഹം അവരുടെ തന്നെ ആയുധമെടുത്ത് വധിച്ചു. മറ്റേയാള്‍ മദീനയിലേക്ക് തിരികെപ്പോയി നബി(സ)യോട് സംഭവം പറയാനാരംഭിച്ചപ്പോഴേക്കും അബൂ ബസ്വീറൂം (റ) അവിടെയെത്തിയിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ അബൂ ബസ്വീറിനെ (റ) ആക്ഷേപിക്കുകയാണ് നബി (സ) ചെയ്തത്. നബി(സ)യുടെ സംസാരം കേട്ടപ്പോള്‍ തന്നെ വീണ്ടും മക്കയിലേക്ക് തിരിച്ചയക്കുകയാണ് നബി (സ) ചെയ്യുകയെന്ന് മനസ്സിലാക്കിയ അബൂ ബസ്വീര്‍ (റ), മക്ക-ശാം കച്ചവടയാത്രാറൂട്ടിലുള്ള ഒഴിഞ്ഞ കടല്‍തീരത്തേക്ക് ഓടിപ്പോയി അവിടെ ജീവിതമാരംഭിക്കുകയാണ് ചെയ്യുന്നത്. മക്കയില്‍ ജീവിതം അസാധ്യമാവുകയും മദീനയിലേക്ക് കടക്കുക കരാര്‍വിരുദ്ധമാവുകയും ചെയ്തപ്പോള്‍ മക്കയും മദീനയുമല്ലാത്ത ഒരൊഴിഞ്ഞ സ്ഥലത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം നടത്തിയ പലായനമായിരുന്നു അത്. മര്‍ദ്ദനങ്ങളുടെ പാരമ്യത്തില്‍ ഒരാള്‍ നാടുവിടുന്നതില്‍ മതവിരുദ്ധമായി യാതൊന്നുമില്ല. ജീവന്‍ രക്ഷിക്കാനുള്ള അത്തരമൊരു ഒളിച്ചോട്ടം സാധ്യമാക്കാനായി അബൂ ബസ്വീര്‍ (റ) നടത്തിയ വധത്തെ നബി (സ) ആക്ഷേപിക്കുകയാണ് ചെയ്തത് എന്നതില്‍ നിന്നുതന്നെ ഇസ്‌ലാമികമായി അതിലെ നിലപാടെന്താണെന്ന് വ്യക്തമാണ്. അബൂ ബസ്വീര്‍ (റ) കണ്ടെത്തിയ പുതിയ സുരക്ഷിത താവളത്തെക്കുറിച്ചറിഞ്ഞ മക്കയില്‍ നിന്നുള്ള അബൂ ജന്‍ദല്‍ (റ) അടക്കമുള്ള ഒരുപറ്റം മുസ്‌ലിംകള്‍ പിന്നീടവിടെയെത്തുകയും അവര്‍ സംഘം ചേര്‍ന്ന് അവിടെ ഒരു നാടുപോലെ തമ്പടിക്കുകയും ചെയ്തു. അതുവഴി മക്കയില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ കടന്നുപോയപ്പോള്‍ ഈ സംഘം അവരെ ആക്രമിക്കുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. മക്കയില്‍ കലാപമുണ്ടാക്കാതെ മക്കക്കു പുറത്തുകടക്കുകയും ദൂരെ ആളൊഴിഞ്ഞ പ്രദേശത്ത് തമ്പടിക്കുകയും വിശേഷിച്ച് നിയമങ്ങളൊന്നുമില്ലാത്ത ഒരു പ്രദേശത്തിന്റെ അനുകൂലനങ്ങളെ അറേബ്യന്‍ നീതിശാസ്ത്രമനുസരിച്ച് മക്കയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉപയോഗിക്കുകയുമാണ് അവര്‍ ചെയ്തത് എന്ന കാര്യം വ്യക്തമാണ്; ഒടുവില്‍ മക്കക്കാര്‍ അവരെ മദീനയിലേക്കു സ്വീകരിക്കണമെന്ന് നബി(സ)യോട് ആവശ്യപ്പെടുകയാണ് ചെയ്തത്. മദീന എന്ന രാഷ്ട്രത്തിന്റെ അധികാരപരിധിയിലേക്ക് വരുന്നതോടുകൂടി അത്തരം ആക്രമണങ്ങള്‍ ഇല്ലാതാകുമെന്ന് മക്കക്കാര്‍ക്കറിയാമായിരുന്നുവെന്നും രാജ്യമോ നിയമവാഴ്ചയോ ഇല്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങളില്‍ അബൂ ബസ്വീറും (റ) സംഘവും ചെയ്തത് അറേബ്യന്‍ വഴക്കമനുസരിച്ച് സ്വീകാര്യമായിരുന്നുവെന്നും ഇതുസംബന്ധമായ ചരിത്രവിവരണങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്. എന്നിട്ടുപോലും സംഘാംഗങ്ങള്‍ മദീനയിലെത്തിയപ്പോള്‍ മക്കന്‍ സാര്‍ത്ഥവാഹക സംഘങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുവകകള്‍ യുദ്ധാര്‍ജ്ജിതസ്വത്തായി ഉപയോഗിക്കാനനുവദിക്കാതെ മക്കക്കാര്‍ക്ക് തിരിച്ചു നല്‍കാന്‍ കല്‍പിക്കുകയാണ് നബി (സ) ചെയ്തതെന്ന് സീറതുല്‍ ഹലബിയ്യയില്‍ ഉണ്ട്. നിയമവാഴ്ചയുള്ള രാജ്യത്ത് കലാപമുണ്ടാക്കാനാഗ്രഹിക്കുന്നവര്‍ക്ക് അറേബ്യന്‍ സാമൂഹ്യക്രമത്തില്‍ നീതീകരണമുണ്ടായിട്ടും നബി (സ) അംഗീകരിക്കാതിരുന്ന, മക്കന്‍ അതിര്‍ത്തിക്കുപുറത്ത് ഒരു ഭരണാധികാരവും നിലനില്‍ക്കാത്ത പ്രദേശത്തിന്റെ സൗകര്യമുപയോഗിച്ച് ഒരു സമ്മര്‍ദ്ദതന്ത്രമെന്ന നിലക്ക് ചില സ്വഹാബിമാര്‍ വ്യക്തിഗതമായി പരീക്ഷിച്ച, ഈ പ്രതിരോധത്തില്‍ പാഠങ്ങളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *