പുതിയ കാലം പുതിയ നവോത്ഥാനം

ഭീകരവിരുദ്ധ വേട്ടയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അഥവാ എന്‍.ഐ.എയും ഭീകരവാദികളുടെ സിറിയയിലേക്കയക്കാനുള്ള ബലിമൃഗമാവുകയാണ് മതപരിവര്‍ത്തനവും വിവാഹവും വഴി ഹാദിയ എന്ന് സ്ഥാപിക്കാനായി പിതാവ് അശോകന്റെ വക്കീലും സമര്‍പ്പിച്ച രേഖകളിലേക്കാണ് മുസ്‌ലിമായിത്തീര്‍ന്നത് വഴി  ക്രൂരമായ  മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക്  വിധേയമായ  പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുടെ മൗലികാവകാശങ്ങള്‍  അനുവദിച്ചു നല്‍കുന്നതിന് മുമ്പ് സുപ്രീം കോടതി നോക്കേണ്ടതെന്ന കേരള സര്‍ക്കാര്‍ അഭിഭാഷകന്റെ ശാഠ്യം നിറഞ്ഞ അഭിപ്രായം കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ഫാഷിസം ശ്രമിച്ചുകൊണ്ടിരുന്ന രീതിയിലേയ്ക്ക് മലയാളീ പൊതുബോധത്തെ കൊണ്ടുവരാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് സുതരാം വ്യക്തമാക്കുന്നുണ്ട്. ഹാദിയയുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കേണ്ടവനായ കേരളസര്‍ക്കാര്‍ അഭിഭാഷകന്റെ അഭിപ്രായം കേട്ട് അത്ഭുതത്തോടുകൂടി സുപ്രീം കോടതി ചോദിച്ച ‘താങ്കള്‍ ആരുടെ അഭിഭാഷകനാണ്’ എന്ന ചോദ്യം ഇസ്‌ലാം വെറുപ്പിന്റെ പൊതുബോധ നിര്‍മിതിയില്‍ നിസ്സാരമല്ലാത്ത സംഭാവനകളര്‍പ്പിച്ച മതനിരപേക്ഷ-സാംസ്‌കാരിക ബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും കൂടി നെഞ്ചകത്തെ ചൂണ്ടിക്കൊണ്ടുള്ളതാണ്. വര്‍ണാശ്രമ രാഷ്ട്രനിര്‍മിതിക്കു മുമ്പിലെ പ്രധാന തടസ്സവും നാടിന്റെ ഒന്നാമത്തെ ശത്രുവുമെന്ന്  ആചാര്യസര്‍സംഘചാലക് സര്‍ട്ടിഫൈ ചെയ്ത മുസ്‌ലിംകളെ ഉന്മൂലനം ചെയ്തു കൊണ്ടല്ല പ്രത്യുത ബുദ്ധിപരവും സാംസ്‌കാരികവുമായി വന്ധ്യംകരിച്ചുകൊണ്ടാണ് തങ്ങളുടെ  ലക്ഷ്യപ്രാപ്തിക്കു ശ്രമിക്കുകയെന്ന് ഫാഷിസത്തെ പഠിച്ചിട്ടുള്ള ആര്‍ക്കാണ് അറിഞ്ഞുകൂടാത്തതത്!? പ്രസ്തുത വന്ധ്യംകരണത്തിന്റെ പ്രഥമ പടിയാണ് അവരെ അപരന്മാരായിത്തീര്‍ക്കുകയെന്നത്. ഇല്ലാത്ത ലൗജിഹാദ് വിവാദവും ഹാദിയയുടെ അമ്മയുടെ നിലവിളിയും വഴി അവളുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെല്ലാം മലയാളീപൊതുബോധത്തിനു മുമ്പില്‍ ക്രിമിനലുകളായി മാറിക്കഴിഞ്ഞു. മീഡിയകള്‍ ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്ന അമ്മയുടെ നിലവിളിയില്‍ നൊന്ത് ഹാദിയയെ ഉപദേശിക്കണമെന്ന് ഇസ്‌ലാമിസത്തിലൂടെ രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ച മന്ത്രിക്കുപോലും തോന്നിപ്പോയിയെങ്കില്‍ ബാക്കിയുള്ളവരുടെ സ്ഥിതി എത്രത്തോളം പരിതാപകരമായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഹാദിയ ഷെഫിനോടൊപ്പം ജീവിച്ചാലും ഇല്ലെങ്കിലും ഈ കേസു വഴി ഫാഷിസം നേടേണ്ടതെല്ലാം നേടിക്കഴിഞ്ഞുവെന്ന വസ്തുതയാണ് ഗിരിജിഹ്വയിലൂടെയുള്ള കേരളീയ പൊതുബോധനത്തിന്റെ നിര്‍ഗളനം  വ്യക്തമാക്കുന്നത്.
സാമുദായിക ധ്രുവീകരണത്തിന്റെ സമാനമായ സാഹചര്യത്തിലാണ് കേരളത്തില്‍  മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ലഹളകളുണ്ടാക്കുവാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ  ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യപ്രാപ്തിയിലേയ്ക്ക് 1921ലെ മലബാര്‍ കലാപത്തിനു ശേഷമുള്ള സമൂഹം പോയിക്കൊണ്ടിരിക്കുമ്പോഴാണ് മുസ്‌ലിം സമുദായത്തിന് ദിശാബോധവും ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന് പ്രായോഗിക പാഠങ്ങളും നല്‍കിക്കൊണ്ട് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലുമെല്ലാമുള്ള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങള്‍ നന്മകള്‍ കൊയ്തത്. മലബാര്‍ കലാപം മുസ്‌ലിംകളെക്കുറിച്ച സാമ്രാജ്യത്വം ആഗ്രഹിച്ച രീതിയിലുള്ള പൊതുബോധനിര്‍മിതിക്ക് എങ്ങനെ നിമിത്തമായിയെന്ന് മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ‘ഖിലാഫത്ത് സ്മരണകളും’ കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപവും’ ദിവാന്‍ ബഹദൂര്‍  സി.ഗോപാ
ലന്‍  നായരുടെ ‘ദി മോപ്‌ള  റിബല്യന്‍ 1921’ഉം ആനിബസന്റിന്റെ ‘ദി ഫ്യൂച്ചര്‍  ഓഫ് ഇന്‍ഡ്യന്‍ പൊളിറ്റിക്‌സും’ വരികള്‍ക്കിടയിലൂടെ വായിക്കുന്നവര്‍ക്ക് കൃത്യമായി മനസ്സിലാകും. അക്കാലത്ത് നിര്‍മിക്കപ്പെട്ട സാംസ്‌കാരിക സൃഷ്ടികളിലെല്ലാം അരയില്‍ കത്തി തിരുകിയ വിവരം കെട്ട സഹിഷ്ണുതയില്ലാത്ത മാപ്പിളയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഇംഗ്ലീഷ് പാടില്ലാത്ത, നല്ല മലയാളത്തെ ശത്രുവായിക്കാണുന്ന, ഭോഗസുഖത്തിനുള്ള യന്ത്രങ്ങള്‍ മാത്രമായി പെണ്ണിനെ കാണുന്ന, കാഫിറുകളുടെ നേരെ പുച്ഛത്തോടെ മുറുക്കി തുപ്പുന്ന മാപ്പിള. സാമ്രാജ്യത്വം സൃഷ്ടിച്ച ഈ മാപ്പിള വാര്‍പ്പ്മാതൃകയുടെ ബാധയില്‍ നിന്ന് ഇപ്പോഴും നമ്മുടെ സാംസ്‌കാരിക രംഗം മോചിതമായിട്ടില്ല. ഈ വാര്‍പ്പ് മാതൃകയെ തിരുത്താന്‍ അകത്തുനിന്നും പുറത്തുനിന്നുമുളള തരംഗങ്ങളുടെ പ്രവാഹമുണ്ടാകണമെന്ന് മനസ്സിലാക്കിയവരായിരുന്നു കേരള മുസ്‌ലിംകള്‍ക്ക് സവിശേഷമായ വ്യക്തിത്വം സംഭാവനചെയ്ത നവോത്ഥാനത്തിന്റെ  സൂത്രധാരകന്മാര്‍. ഇബ്‌നു അബ്ദില്‍ വഹ്ഹാബില്‍ നിന്നോ റഷീദ് രിദയില്‍ നിന്നോ മഖ്ദൂമീങ്ങളില്‍ നിന്നോ മമ്പുറം സയ്യിദന്‍മാരില്‍ നിന്നോ ആരില്‍ നിന്നാണ് ഈ നവോത്ഥാനത്തിന്റെ മുളപൊട്ടിയതെന്ന്  അവകാശത്തര്‍ക്കത്തിലേര്‍പ്പെടുന്നവരെല്ലാം അറിയണം, പുതിയകാലത്തെ  അത്തരമൊരു  നവോത്ഥാനം അനിവാര്യമാകുന്ന സാമൂഹ്യ സാഹചര്യത്തിലൂടെയാണ് നാം നടന്നു പോകുന്നത്. ഉപ്പുപ്പാന്റെ ആനയുടെ അവകാശത്തര്‍ക്കങ്ങള്‍ക്കിടയില്‍  സ്വന്തമായ ഒരു കുഴിയാനയെപ്പോലും  വളര്‍ത്താനാവാത്ത കിതപ്പല്ല നവോത്ഥാന സംരംഭങ്ങളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്; പു
തിയ കാലത്തിന്റെ വെളിച്ചമാകാനുള്ള കുതിപ്പാണ്.
ആന്തരികവും ബാഹ്യവുമായ തരംഗങ്ങളുടെ ശക്തമായ പ്രവാഹം വഴിയാണ് സാമൂഹികമായ നവോത്ഥാനം സാധിക്കുക. അല്ലാഹുവില്‍ നിന്ന് കൈവിടുക വഴി അധഃപതിച്ചുകൊണ്ടിരുന്നവരെ അല്ലാഹുവിന് മാത്രമുള്ള ആരാധനയിലേക്ക് കൈപിടിച്ചു നടത്തിയവര്‍ സമുദായത്തിന്റെ ആന്തരിക തരംഗങ്ങള്‍ക്കാണ് ഊര്‍ജ്ജം പകര്‍ന്നത്. നാട്ടിലുള്ളവരോടൊപ്പം നടന്നും അവര്‍ക്കുവേണ്ടി ജീവിച്ചും അവരുമായി അധികാരം പങ്കുവെച്ചും അവഗണിക്കപ്പെടുന്നുവെങ്കില്‍ അവകാശം പിടിച്ചുവാങ്ങിയും  സമുദായത്തിന്റെ മേല്‍വിലാസം നിര്‍ണയിച്ചവര്‍  ഊര്‍ജ്ജം പകര്‍ന്നത് ബാഹ്യതരംഗങ്ങള്‍ക്കും. രണ്ടുതരം തരംഗങ്ങളും ആഞ്ഞടിച്ചപ്പോഴാണ് മലയാളീ മുസ്‌ലിംകള്‍ ഉണര്‍ന്നത്; ഉയര്‍ന്നത്; ഉയിര്‍ത്തെഴുന്നേറ്റ് ജനാധിപത്യ ക്രമത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രനിര്‍മാണപങ്കാളിത്തത്തിനും  ലോകത്തിന് മാതൃകയായത്. ഇത് ചരിത്രം. പ്രസംഗിക്കാനും ആവേശം കൊള്ളാനും മാത്രമുള്ളതല്ല ചരിത്രം. പഠിക്കാനും പകര്‍ത്താനും പുതിയ കാലത്തിന്റെ ദിശ നിര്‍ണയിക്കുവാനുമാണെന്ന് മനസ്സിലാവാത്ത നവോത്ഥാന പടയോട്ടങ്ങളെല്ലാം  കേവലം നേരംപോക്കുകളായി തീരുമെന്നമെന്നതാണ് ചരിത്രം.
സാമ്രാജ്യത്വത്തിന്റെ അന്താരാഷ്ട്ര മാതൃകയിലുള്ള ഇസ്‌ലാം ഭീതിയും ഇസ്‌ലാം വെറുപ്പും നമ്മുടെ അയല്‍പക്കത്തേക്കെല്ലാം പ്രസരിപ്പിക്കുന്നതില്‍ ഫാഷിസം നന്നായി  വിജയിച്ചു കഴിഞ്ഞ മലയാളീ സമൂഹത്തിലാണ് പുതിയ നവോത്ഥാനത്തിന് കിളിര്‍ക്കാനുള്ളത്. എന്നാണിതിനൊ
രറുതിയെന്ന് ധീരരായ മുസ്‌ലിംകളെന്ന് ആണയിടുന്നവര്‍ പോലും നിരാശയോടെ ചോദിക്കുന്ന ഭൂമികയുടെ കാപാലികത അതിഭീകരമാണ്. ഹിന്ദു പെണ്‍കുട്ടികളെയെല്ലാം മതംമാറ്റി സിറിയയിലേക്കയച്ച് പൊട്ടിത്തെറിപ്പിക്കാന്‍  അച്ചാരം വാങ്ങിയവരാണ് അടുത്തുള്ള വീടുകളിലെല്ലാം താമസിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരെന്ന ബോധം താരതമ്യേന മതേതര മനസ്സുള്ളവരെന്ന് കരുതപ്പെടുന്ന മലയാളികളിലേക്ക് കൂടി സന്നിവേശിപ്പിക്കുന്നതില്‍ വെറുപ്പിന്റെ കച്ചവടക്കാര്‍ വിജയിച്ചിരിക്കുന്നു. ഭീകരതയുടെ അന്താരാഷ്ട്ര മോഡലുകള്‍ക്കെല്ലാം കേരളത്തിലും പതിപ്പുകളായിക്കഴിഞ്ഞു. സാകിര്‍ നായിക്കും ഐ.എസും ഹിന്ദുകിണറ്റില്‍ വിഷം കലക്കുന്ന ഭീകരവാദിയുമെല്ലാം കേരളത്തിലുമുണ്ട്! പിന്നെയെങ്ങനെ ഇവരോടൊപ്പം  ജീവിക്കുമെന്ന് ശരാശരി ഹിന്ദു ചോദിച്ചുപോകുന്ന തരത്തിലുള്ള സമര്‍ത്ഥമായ മാധ്യമവേലിയേറ്റങ്ങള്‍. ഇവയ്ക്കിടയിലാണ് പുതിയ കാലത്ത് നവോത്ഥാനത്തിന്റെ ബീജങ്ങള്‍ക്ക് കിളിര്‍ക്കാനുള്ളത്. മലബാര്‍ കലാപാനന്തരകാലത്തെ നവോത്ഥാനത്തിന് നേരിടേണ്ടി വന്നതിനേക്കാള്‍ ഭീഷണവും അത്യപകടകരവുമായ  സാഹചര്യങ്ങളിലൂടെ നടക്കാന്‍  ധൈര്യവും  ആത്മവിശ്വാസമുള്ളവര്‍ക്ക് മാത്രമേ പ്രസ്തുത ബീജങ്ങള്‍ക്ക് വായുവും വെള്ളവും വളവും നല്‍കാനാവൂ. തങ്ങളല്ല ഭീകരരെന്ന്  ആണയിട്ടംഗീകരിപ്പിക്കാനായുള്ള ചെപ്പടി വിദ്യകളില്‍  അഭിരമിക്കുന്നവര്‍ക്ക്  പ്രസ്തുത ധൈര്യമുണ്ടായിക്കൊള്ളണമെന്നില്ല.  അതിന് ഈമാനികമായ കരുത്തും അല്ലാഹുവല്ലാത്തതിനെയെല്ലാം ആവശ്യമെങ്കില്‍ കൈയ്യൊഴിക്കുവാനുള്ള സന്നദ്ധതയുമുണ്ടാകണം. അത്തരക്കാരാണ് പുതിയ കാലത്തിന് വെളിച്ചമാവുക. നവോത്ഥാനത്തിന്റെ അവകാശത്തര്‍ക്കങ്ങള്‍ക്കു വേണ്ടിയല്ല, പുതിയ കാലത്തിന്റെ നവോത്ഥാനത്തിന് കൊടി പിടിക്കാന്‍ വേണ്ടിയായിരിക്കും അവരുടെ ജിഹാദും ഹിജ്‌റയുമെല്ലാം.
അല്ലാഹു കൂടെയുണ്ടെന്ന ബോധം വളര്‍ത്തി സമുദായത്തിന്റെ ആത്മവിശ്വാസം കെടാതെ സൂക്ഷിക്കുകയാണ് നവോത്ഥാനപ്രവര്‍ത്തകര്‍ക്ക് ചെയ്യാനുള്ള ഒന്നാമത്തെ കര്‍ത്തവ്യം. പ്രതിസന്ധികളുടെ സൂര്യതാപത്തില്‍ ഉരുകിയൊലിക്കാത്ത തരത്തിലുള്ള വിശ്വാസദാര്‍ഢ്യം സൃഷ്ടിക്കുവാന്‍  കഴിയണമെങ്കില്‍ അല്ലാഹുവുമായുള്ള ബന്ധം ദൃഡീകരിക്കപ്പെടണം. അല്ലാഹുവല്ലാത്തവരെയെല്ലാം  ഹൃദയത്തില്‍ നിന്ന് കുടിയിറക്കി അവിടെ സര്‍വാധിനാഥനിലുള്ള വിശ്വാസം പ്രതിഷ്ഠിക്കുവാന്‍ കഴിയുമ്പോഴാണ് ഈ ദൃഡീകരണം നടക്കുക. രാത്രിയില്‍ ആരാധനാ നിമഗ്നരും പകലില്‍ പോരാളികളുമായുള്ളവരുടെ പിന്‍മുറക്കാര്‍ക്ക് മാത്രമേ സുമദായത്തിന്റെ മുന്നില്‍ നടക്കാനാവൂ. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന പാഠത്തിന്റെ ഉപപാഠമാണ് അവനിലാണ് കാര്യങ്ങളെല്ലാം ഭരമേല്‍പ്പിക്കേണ്ടതെന്ന പാഠം. തൗഹീദില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ പോരാടുന്നതോടൊപ്പം  തന്നെ തവക്കുലിന് പ്രാപ്തമാക്കുന്ന സൃഷ്ടി-സ്രഷ്ടാവ് ബന്ധം വളര്‍ത്തിയെടുക്കാനാവണം. പരീക്ഷണങ്ങളുടെ പെരുമഴയില്‍ ഒലിച്ചുപോകാത്ത ഈമാനികാവേശമുണ്ടാക്കുവാന്‍ വേദികളില്‍ നിന്ന്  വേദികളിലേക്കോടുന്ന പ്രസംഗകരുടെ സേവനം മാത്രം മതിയാകുകയില്ല. ഈമാനിക ജീവിതത്തിലൂടെ സമൂഹത്തിന് വേണ്ടപ്പെട്ടവരായിതീരുന്നവരെ സൃഷ്ടിച്ചുകൊണ്ടേ ഇത്തരമൊരു നവോത്ഥാനം സാധിക്കുകയുള്ളൂ.
പുതിയകാല നവോത്ഥാനത്തിന്റെ  ബീജങ്ങള്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളില്‍ നിന്നാണ് മുളപൊട്ടുകയെന്ന നിരീക്ഷണം പ്രസക്തമാണ്. മൗസ്സും കീബോഡുമുപയോഗിച്ച് മതരംഗത്ത് വരുന്നവരെ നിരാശപ്പെടുത്തുന്ന വിമര്‍ശനക്കോളാമ്പികളാകുന്നതിനു പകരം ആത്മാര്‍ത്ഥ മനസ്സുകളുടെ ഉടമകളായ അത്തരക്കാര്‍ക്കുള്ള വൈജ്ഞാനിക വിരുന്നുമായി പണ്ഡിത സമൂഹം സന്നിഹിതമാകുമ്പോള്‍ സൈബറിടങ്ങളില്‍ നിന്ന് വിപ്ലവങ്ങള്‍ പ്രതീക്ഷിക്കുവാനാകും. കോര്‍പ്പറേറ്റ് മീഡിയകളുടെ കാലം കഴിയുകയും സാമൂഹിക മാധ്യമങ്ങളുടെ കാലം തുടങ്ങുകയും ചെയ്തതിനെ സൃഷ്ടിപരമായി ഉപയോഗിക്കുവാന്‍ എത്രത്തോളം കഴിയുന്നുവെന്നതിനെ ആശ്രയിച്ചാണ് ഭാവിയിലെ മാധ്യമാക്രമണത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ഇസ്‌ലാമിക ഭൂമിക തീരുമാനിക്കപ്പെടുക. സൈബറിടങ്ങളിലെ സമരത്തിന്റെ ദിശാനിര്‍ണയവും ബോധനശാസ്ത്രനിര്‍മിതിയുമായിരിക്കും പുതിയകാല നവോത്ഥാനത്തിന് നിര്‍വഹിക്കേണ്ടി വരുന്ന പ്രധാന കടമകളിലൊന്ന്.
മുസ്‌ലിമിനെ അപരവല്‍ക്കരിക്കുന്ന പൊതുബോധ നിര്‍മിതിക്കെതിരെയുളള നവോത്ഥാനത്തിന്റെ ബാഹ്യമായ തരംഗങ്ങളുണ്ടാവേണ്ടത് നല്ല മുസ്‌ലിംകള്‍ സമൂഹത്തിലേക്ക്ഇ റങ്ങിച്ചെന്നുകൊണ്ടാണ്. ക്വുര്‍ആനുംസുന്നത്തും വരച്ചു കാണിക്കുന്ന ഇസ്‌ലാമിനെ പുല്‍കിയവരെല്ലാം ചീത്ത മുസ്‌ലിംകളാണെന്ന സാമ്രാജ്യത്വവും ഫാസിസവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പൊതുബോധത്തെ തകര്‍ക്കണമെങ്കില്‍ നിഷ്‌ക്കളങ്കവും ആത്മാര്‍ത്ഥവുമായ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ആവശ്യമാണ്.  ക്യാമറകളിലൊതുങ്ങുന്ന സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ക്ലോസ് അപ്
നേതാക്കന്മാരെ സൃഷ്ടിക്കാനല്ലാതെ പുതിയ കാലത്തെ നവോത്ഥാനത്തിന് മുന്നില്‍ നടക്കുന്നവരെ പടക്കാന്‍ കഴിയുകയില്ല. സാമൂഹിക പ്രവര്‍ത്തനമെന്നാല്‍ സഹജീവികള്‍ക്ക് നന്മ നല്‍കുന്നതിനുവേണ്ടിയുളള നിഷ്‌ക്കളങ്കമായ ഇടപെടലുകളാണ്.  ഇസ്‌ലാമിക വ്യക്തിത്വമുളളവര്‍ അത്തരം ഇടപെടലുകള്‍ നടത്തുമ്പോള്‍ അതിലൂടെ ലഭിക്കുന്ന ആശ്വാസത്തിന്റെ തെളിച്ചം തിരിച്ചറിയാന്‍ മറ്റുളളവര്‍ക്ക് കഴിയും.  നല്ല മുസ്‌ലിം-ചീത്ത മുസ്‌ലിം ദ്വന്ദത്തിന്റെ സാമ്രാജ്യത്വ-ഫാഷിസ്റ്റ് വാര്‍പ്പുമാതൃകകള്‍ തകര്‍ക്കുവാന്‍ അങ്ങനെയാണ് കഴിയുക. സമ്പത്തു മുതല്‍ അംഗീകാരം വരെ സമൂഹ ത്തില്‍ നിന്ന് ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്, പ്രസ്തുത ആഗ്രഹം ലവലേശമെങ്കിലും ഹൃദയത്തിലുളളവര്‍ക്ക്, ഇങ്ങനെയുളള വ്യക്തികളാകുവാനോ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുവാനോ കഴിയില്ല.  സമൂഹത്തിന്റെ തെറ്റുകള്‍ മാന്തിയെടുത്ത്  പോസ്റ്റ് മോര്‍ട്ടം നടത്തി ദുര്‍ഗന്ധമുണ്ടാക്കുന്നവര്‍ക്കല്ല നന്മകള്‍ കണ്ടെടുത്ത് ശാക്തീകരിക്കുന്നവര്‍ക്കാണ് പുതിയകാല നവോത്ഥാനത്തിന്റെ മുന്നില്‍ നടക്കാനാവുകയെന്ന് പറയുന്നത് അതുകൊണ്ടാണ്.
ഇംഗ്ലീഷ് നരകത്തിലെ ഭാഷയും നല്ല മലയാളം മുസ്‌ലിമിന് കൊള്ളരുതാത്തതും പെണ്ണെഴുത്ത് നിഷിദ്ധവുമായിരുന്ന ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയാത്ത തരത്തില്‍ വിദ്യാഭ്യാസരംഗത്ത് മുന്നേറുവാന്‍ സമുദായത്തിന് സാധിച്ചത് ഇച്ഛാശക്തിയുള്ള നേതൃത്വവും ജനാധിപത്യത്തിലെ ഭാഗധേയവും കൊണ്ടാണ്. എഴുത്ത് ഹറാമായിരുന്ന ഭൂതകാലത്തുനിന്ന് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഹിജാബിട്ട പെണ്‍കൊടിമാരിലേക്കുള്ള ദൂരം താണ്ടുവാന്‍ ത്യാഗങ്ങള്‍ സഹിച്ച മഹാരഥന്‍മാരെ നമുക്ക് ഓര്‍ക്കാതിരിക്കാം; എന്നാല്‍ വൈജ്ഞാനിക മുന്നേറ്റത്തിന് അവര്‍ തെളിച്ച പാതയില്‍നിന്ന് വീര്‍ക്കുകയല്ലാതെ, അല്‍പം പോലും മുന്നോട്ടുനടക്കാന്‍ കഴിയാതെ ആവുകയാണെങ്കില്‍ അതിനു പറയുക നവോത്ഥാനമെന്നല്ല. സ്ഥാപനങ്ങളുടെ എണ്ണ വര്‍ധനവിലും അതുമൂലുണ്ടാകുന്ന ആദായവര്‍ധനവിലും ചെലുത്തുന്ന ശ്രദ്ധയുടെ ചെറിയൊരു ശതമാനമെങ്കിലും ഗുണവര്‍ധനവില്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ പുതിയകാല നവോത്ഥാനത്തിലേക്കുള്ള ചവിട്ടുപടിയായി അത് മാറുമായിരുന്നു. അറിവ് ആദായവര്‍ധനവിന് എന്ന മുതലാളിത്തപാഠത്തില്‍നിന്നും സേവനത്തിനും സമൂഹത്തിന്റെ മുന്നില്‍ നടക്കുവാനുമാണ് വിജ്ഞാനമെന്ന ഇസ്‌ലാമിക പാഠത്തിലേക്ക് സമുദായത്തെ നയിക്കാനാവുന്ന സംരംഭങ്ങള്‍ക്കേ പുതിയകാല നവോത്ഥാനത്തിന്റെ അലീഗറുകളാകാന്‍ കഴിയൂ. മുന്‍ഷിയാവുകയെന്ന സ്വപ്‌നത്തിനപ്പുറത്തേക്കു പോകാന്‍ കഴിയാത്ത പ്രഭാഷകരെ മാത്രം സൃഷ്ടിക്കുന്ന പരമ്പരാഗത ഇസ്‌ലാമിക പാഠശാലകള്‍ക്ക് സമൂഹത്തോടൊപ്പം നടന്ന് അവരെ സംസ്‌കരിക്കുന്ന നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയുന്നതെങ്ങനെ?! ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രഭയാല്‍ ജീവിതവിശുദ്ധി പ്രാപിക്കുകയും അതുപയോഗിച്ച് പിന്നിലുള്ളവരുടെ മനസ്സില്‍ സ്ഥാനം നേടുകയും മുന്നിലുള്ളവരുടെയും മുന്നിലെത്തി അവരെയടക്കം നയിക്കാന്‍ പിന്നിലുള്ളവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരെ സൃഷ്ടിക്കാനാകുന്ന ഇസ്‌ലാമിക പാഠശാലകളില്‍ നിന്നാണ് പുതിയകാല നവോത്ഥാനത്തിന്റെ ബീജങ്ങള്‍ വരേണ്ടത്. പ്രസ്തുത ബീജങ്ങളായിരിക്കും സമൂഹത്തോടൊപ്പം നിന്ന് സമുദായത്തെ നയിക്കാനാവുന്ന വടവൃക്ഷങ്ങളായിത്തീരുക.
പരിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളും നബിജീവിതത്തിലെ സംഭവങ്ങളും തോന്ന്യാസമായി വ്യാഖാനിച്ച് ഇസ്‌ലാം അപകടകരവും മുസ്‌ലിം അപകടകാരി യുമാണെന്ന ബോധം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന പുതിയ കാലത്ത് ഈ തമസ്‌കരണങ്ങള്‍ക്കെതിരെ സമരം ചെയ്തുകൊണ്ടല്ലാതെയുളള നവോത്ഥാനങ്ങളൊന്നും കാര്യമായ ആന്ദോളനങ്ങളൊന്നുമുണ്ടാക്കുകയില്ല. അത് മനസ്സിലാക്കുന്നതുകൊണ്ടുതന്നെയായിരിക്കണം, ഇസ്‌ലാമിക പ്രബോധനത്തിനുളള സാധ്യതകളെല്ലാം അടച്ചുകൊണ്ടാണ് സാമ്രാജ്യത്വവും ഫാഷിസവും അവയുടെ ഒന്നാമത്തെ കാലടി വെക്കുന്നത്.  പ്രബോധന പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളും പ്രബോധകര്‍ രാജ്യദ്രോഹികളുമാണെന്ന പൊതുബോധ നിര്‍മിതി നടക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്ന പ്രബോധനരംഗത്തുനിന്ന് തിരിഞ്ഞു നടക്കുകയും ഇസ്‌ലാമിന്റെ ചിഹ്നങ്ങളോടും ശരീഅത്തിന്റെ കാലികതയോടും കലഹിച്ച് മതനിരപേക്ഷതയുടെ വക്താവായി ചമയുകയും ചെയ്യുന്നവര്‍ക്ക് നവോത്ഥാനത്തിനുവേണ്ടി ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.  ഞാന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും മുസ്‌ലിമാണെന്ന് പറയാന്‍ ആര്‍ജ്ജവം കാണിച്ചവരുടെ രാഷ്ട്രബോധത്തെ ചോദ്യം ചെയ്യുവാനോ സംശയിക്കുവാനോ കൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഇതര മതസ്ഥരൊന്നും മുതിരാതിരുന്നത് അവര്‍ ആര്‍ജ്ജവമുളള മുസ്‌ലിംകളായതുകൊണ്ടായിരുന്നു.  ഇസ്‌ലാമും സത്യമാണെന്ന് പ്രസംഗിക്കുകയും അമുസ്‌ലിംകളെ കണ്ടാല്‍ ഇസ്‌ലാമിനെക്കുറിച്ച് മിണ്ടുക പോലുമില്ലെന്ന് പ്രതിജ്ഞ നടത്തുകയും ചെയ്യുന്നവര്‍ക്കുളളതല്ല നവോത്ഥാനത്തിന്റെ ഭൂമിക. ഇസ്‌ലാം മാത്രമാണ് സത്യമെന്ന് ഉറക്കെ പറയുകയും എന്നാല്‍ മറ്റുളള വിശ്വാസികള്‍ക്കും അവരുടേത് മാത്രമാണ് സത്യമെന്ന്  വിശ്വസിക്കാനുളള സ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്ന് കരുതുകയും ചെയ്യുന്നവര്‍ക്കുളളതാണത്. ഇസ്‌ലാം ആണ് സത്യമെന്ന് പറയുമ്പോള്‍ മറ്റു മതങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്നല്ല ഇസ്‌ലാമിക പ്രബോധകര്‍ അര്‍ത്ഥമാക്കുന്നത്. ഒരുവിധം എല്ലാ മതങ്ങളും ദൈവികമതത്തിന്റെ പരിണാമഭേദങ്ങളാണെന്നും സ്വാര്‍ത്ഥികളായ പുരോഹിതന്‍മാരുടെ കരവിരുതുകളാണ് അവയെ വികലമാക്കിയതെന്നും പറയുമ്പോള്‍ അവയെല്ലാം ആരംഭത്തില്‍ വിശുദ്ധമായിരുന്നുവെന്ന് അംഗീകരിക്കുകയാണവര്‍. ഇസ്‌ലാമിക പ്രബോധത്തിന്റെ രീതികളും രൂപങ്ങളും രൂപകങ്ങളുമെല്ലാം കാലത്തിനും സമൂഹത്തിനുമനുസരിച്ച് വ്യത്യാസപ്പെടാം. എന്നാല്‍ ഇസ്‌ലാം മാത്രമാണ് സത്യമെന്ന് സ്ഥാപിച്ചുകൊണ്ടുളള രീതിശാസ്ത്രം പ്രവാചകന്മാരില്‍ നിന്ന് അനന്തരമെടുത്തവര്‍ക്ക് ലോകത്തുളള മുഴുവന്‍ ചെകുത്താന്‍മാരും ഒന്നിച്ച് അട്ടഹസിച്ചാലും അത് വേണ്ടെന്ന് വെക്കാനാവില്ല. നവോത്ഥാന സംരംഭങ്ങളുടെ വിജയം സ്ഥിതി ചെയ്യുന്നത് ഇസ്‌ലാം മാത്രമാണ് സത്യമെന്ന സ്വയം ബോധത്തില്‍ നിന്ന് ഉയിര്‍കൊളളുന്ന അല്ലാഹുവിനുവേണ്ടി മാത്രമുളള സല്‍പ്രവര്‍ത്തനങ്ങളിലാണ്. അതിനാണ് നവോത്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. അതിനേ പുതിയകാല നവോത്ഥാനവും സൃഷ്ടിക്കാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *