പുണ്യവാള പ്രാര്‍ത്ഥന, രോഗശാന്തി ശുഷ്രൂഷ; ബൈബിളിന് പറയാനുള്ളത്

ദൈവം തന്റെ ദാസന്മാരായ പ്രവാചകന്മാരെ ഇട വിടാതെ ഇസ്രായേല്യരിലേക്കായി അയച്ചിരുന്നു. ആ പ്രവാചകന്മാര്‍ ദൈവത്തില്‍നിന്നുള്ളതാണോ എന്ന് മനസ്സിലാക്കുവാനുള്ള അടയാളങ്ങളില്‍ ഒന്നായിരുന്നു ദൈവത്തിന്റെ അനുമതിയോടെ അവര്‍ ചെയ്ത അത്ഭുതങ്ങള്‍. ഈ അത്ഭുതങ്ങള്‍ക്കെല്ലാം ആ പ്രവാചകന്മാരുടെ ജനത സാക്ഷികളായിരുന്നു. അതിലൂടെ അവരില്‍ വിശ്വസിച്ചവരുടെ ജീവിതത്തില്‍ ധാരാളം അനുഭവങ്ങള്‍ നിഴലിച്ചിരുന്നു. കാരണം, ദൈവത്തിന്റെ അനുമതിയോ ടെയാണ് ദൂതന്മാര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.

ആദ്യമായി വേദഗ്രന്ഥം നല്‍കപ്പെട്ടത് (എഴുതിയത്) മേശാപ്രവാചകനാണ് എന്നതാണ്, ജൂത ക്രൈസ്തവ വിശ്വാസം. മോശ ചെയ്ത അത്ഭുതങ്ങള്‍ ആ ഗ്രന്ഥത്തില്‍(തോറയില്‍)രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ചെയ്ത അത്ഭുതങ്ങളില്‍ ഒന്നായിരുന്നു വടി നിലത്തിട്ടപ്പോള്‍ അത് സര്‍പ്പമായി മാറി മാന്ത്രികവിദ്യാക്കാരുടെ കയര്‍മൂലമുണ്ടായ സര്‍പ്പങ്ങളെ വിഴുങ്ങിയ സംഭവം. അതിന് ക്രൂരനായ ഫറോവയും അയാളുടെ മാന്ത്രികവിദ്യക്കാരും അവിടെ കൂടിയവരും സാക്ഷികളായിരുന്നു. ഈ അത്ഭുതം ദര്‍ശിച്ച മാന്ത്രികവിദ്യാക്കാര്‍പോലും മോശയുടെ ദൈവത്തില്‍ വിശ്വസിച്ചുവെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത്. അത് വിശ്വാസികള്‍ക്ക് ഒരു വലിയ അനുഭവമായിരുന്നു. അതുപോലെ വടികൊണ്ട് കടല്‍ പിളര്‍ത്തി ആ ജലമലകള്‍ക്കിടയില്‍ ഉണങ്ങിയ മണല്‍പ്പരപ്പിലൂടെ ഫറോവയുടേയും അയാളുടെ കിങ്കരന്മാരുടേയും കൊടിയ ഉപദ്രവത്തില്‍നിന്നും ഇസ്രായേല്യരെ രക്ഷപ്പെടുത്തിയ സംഭവം; അതും മഹാ അത്ഭുതമായിരുന്നു. അതിന് അദ്ദേഹത്തില്‍ വിശ്വസിച്ച ഇസ്രായേല്യര്‍ സാക്ഷികളുമായിരുന്നു. അന്ന് അവര്‍ക്ക് നൂറ്‌നൂറ് അനുഭവങ്ങള്‍ പറയാനുണ്ടായിരുന്നു. നേര്‍ക്ക് നേരെ കണ്ട ആ അത്ഭുതങ്ങള്‍ ദൈവികമായിരുന്നുവെന്ന കാര്യത്തില്‍ അവര്‍ക്ക് അല്പംപോലും സംശയമുണ്ടായിരുന്നില്ല. മോശാ പ്രവാചകന് ശേഷം അദ്ദേഹത്തിലൂടെ ഉണ്ടായ അത്ഭുതങ്ങളും നിലച്ചു.

പഴയനിയമ പ്രവാചകന്മാരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ബൈബിളില്‍ കാണാം. അവരില്‍ ചിലര്‍ മരിച്ചവരെ ജീവിപ്പിച്ചു, കുഷ്ഠരോഗികളെ സുഖപ്പെടുത്തി, കുരുടന് കാഴ്ചനല്കി തുടങ്ങിയ അത്ഭുതങ്ങള്‍ക്ക് അവരുടെ ജനതയും സാക്ഷികളായിരുന്നു.

ഇസ്രായേല്യരിലേക്ക് അവസാനമായി അയക്കപ്പെട്ട പ്രവാചകനായിരുന്നു യേശുക്രിസ്തു. അദ്ദേഹവും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി സുവിശേഷങ്ങളില്‍ കാണാം. മുന്‍പ്രവാചകന്മാര്‍ ചെയ്തത് പോലെ മരിച്ചവരെ ജീവിപ്പിച്ചു, കുഷ്ഠരോഗികളെ സുഖപ്പെടുത്തി, കുരുടന് കാഴ്ച നല്കി തുടങ്ങിയ അത്ഭുതങ്ങള്‍ക്കും അദ്ദേഹത്തിന്റെ ജനതയും സാക്ഷികളായിരുന്നു. ഈ അത്ഭുതങ്ങളെല്ലാം ചെയ്തത് ദൈവത്തിന്റെ അനുമതിയോടെയാണ്, പ്രാര്‍ത്ഥനയിലൂടെയാണ്.

യേശുപറയുന്നു: “പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല”(മര്‍ക്കോസ് 9:29). ഭൂതങ്ങളെ പുറത്താക്കുന്ന കാര്യത്തില്‍ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞ കാര്യമാണിത്. കാരണം, ശിഷ്യന്മാര്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മരിച്ച ലാസറിനെ ജീവിപ്പിക്കും മുമ്പ് യേശു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് കാണുക: “യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദിപറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം”- (യോഹന്നാന്‍ 11:41). യേശുപോലും ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. അതിന് അദ്ദേഹത്തിന്റെ ശിഷ്യന്മാരും മറ്റ് വിശ്വാസികളും സാക്ഷികളായിരുന്നു. യേശുവിന്റെ തിരോധാനത്തോടെ അദ്ദേഹത്തില്‍നിന്നുമുണ്ടായ അത്ഭുതങ്ങളും നിലച്ചു.

ലോക പ്രവാചകന്മാരില്‍ അന്തിമനായ മുഹമ്മദ് നബി (സ) മാലോകര്‍ക്ക് അനുഗ്രഹമായിക്കൊണ്ടാണ് നിയോഗിക്കപ്പെട്ടത്. ആ പ്രവാചകനും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാചക വചനങ്ങളില്‍ (സ്വഹീഹായ ഹദീഥുകളില്‍) അവ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ)ക്ക് അവതരിച്ച വിശുദ്ധ ക്വുര്‍ആന്‍ ആകട്ടെ, അത്ഭുതങ്ങളുടെ അത്ഭുതമായി ഇന്നും ലോകത്ത് നിലനില്‍ക്കുന്നു. അത് എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും.

ക്രൈസ്തവ സഭകളും
രോഗശാന്തിശുശ്രൂഷയും
പൗലോസിന്റെ ദൈവശാസ്ത്രം മതമായി അല്ലെങ്കില്‍ മാര്‍ഗ്ഗമായി സ്വീകരിച്ച ക്രൈസ്തവസഭകള്‍ സഭാഭേദമന്യേ യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മത്സരമാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തോട് വിനയത്തോടെ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ക്രൈസ്തവ സഭാവിഭാഗങ്ങളിലെ മേലാളന്മാര്‍ സൃഷ്ടിയായ യേശുവിനെ വിളിച്ച് അതിഭാഷണം വഴി തൊണ്ട പൊട്ടുമാറ് പ്രാര്‍ത്ഥിച്ച് അതിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെടുന്നു. യേശുവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയെന്നത് അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. കാരണം, പിശാചിനോടുപോലും യേശുപറഞ്ഞത് “നിന്റെ ദൈവമായ കര്‍ ത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10) എന്നാണ്. അദ്ദേഹം പറയുന്നു:

“പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണംവഴി തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്”(മത്തായി 6:7).

അതിഭാഷണം ചെയ്തുകൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍ വിജാതീയരാണെന്നാണ് യേശു പറയുന്നത്. ആ വിജാതീയരെ നായ്ക്കളോടാണ് അദ്ദേഹം ഉപമിച്ചിട്ടുള്ളത്. കാരണം, യേശു ഇസ്രായേല്യരിലേക്ക് മാത്രമായി അയക്കപ്പെട്ട ഒരു പ്രവാചകനായിരുന്നു.(1) അതുകൊണ്ട് യേശുവിനോട് പ്രാര്‍ത്ഥിക്കുന്നവരും അദ്ദേഹത്തന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെടുന്നവരും നാളെ പരലോകത്തുവെച്ച് യേശുവാല്‍ ആട്ടി ഓടിക്കപ്പെടും എന്നാണ് ബൈബിള്‍ പറയുന്നത്.

ഏകദേശം 42,499 ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഭൂമുഖത്തുണ്ട്.(2) ഓരോ സഭാവിഭാഗവും തങ്ങളാണ് യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസികള്‍; തങ്ങളുടേതാണ് യഥാര്‍ത്ഥ (ദൈവിക) സഭ എന്ന് പോരടിച്ചുകൊണ്ട് അവകാശപ്പെടുന്നു. കത്തോലിക്കാസഭാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ധ്യാനകേന്ദ്രങ്ങളിലും മറ്റും നടക്കുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷയെ സംബന്ധിച്ച് പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ പറയുന്നത് അത് വചന വിരുദ്ധവും സാത്താനികവുമാണെന്നാണ്. കത്തോലിക്കര്‍ തിരിച്ചും പറയുന്നു. അവര്‍ക്കിടയില്‍ത്തന്നെ അഭിപ്രായഭിന്നതയാണ്. പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ക്കിടയിലെ അത്ഭുത രോഗശാന്തിശുശ്രൂഷയെ സംബന്ധിച്ചുള്ള മത്സരവും ശത്രുതയും അതില്‍നിന്നും വ്യത്യസ്തമല്ല. അവരെല്ലാവരും അവകാശപ്പെടുന്നത് തങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായികൊണ്ടാണ് അത്ഭുതങ്ങളും രോഗ ശാന്തിശുശ്രൂഷയും ചെയ്യുന്നതെന്നാണ്. എങ്കില്‍ ഓരോ സഭയ് ക്കും വ്യത്യസ്തവും വിരുദ്ധവുമായ പരിശുദ്ധാത്മാക്കളോ? അപ്പോള്‍ ഏത് പരിശുദ്ധാത്മാവാണ് യഥാര്‍ത്ഥമായത്? ഏത് പരിശുദ്ധാത്മാവാണ് വ്യാജന്‍? ചിന്തിക്കേണ്ട വിഷയമാണത്.

ഈ അത്ഭുതരോഗശാന്തി ശുശ്രൂഷ ചെയ്യുവാന്‍ നിങ്ങള്‍ക്ക് ആരാണ് അനുമതി നല്കിയതെന്ന് ചോദിച്ചാല്‍ ബൈബിളില്‍നിന്നും തെളിവ് ഉദ്ധരിച്ചുകൊണ്ട് അത് യേശു നല്കി എന്നായിരിക്കും അവരുടെ മ റുപടി. അവരുടെ തെളിവ് കാണുക:

“അവന്‍(യേശു) അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശി ക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കയ്യിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും” (മര്‍ക്കോസ് 16: 15-18).

ഈ വചനങ്ങളുടെ അടിസ്ഥാനത്തിലാണ് മിഷനറിമാരും മറ്റ് സുവിശേഷകരും ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുന്നത്. ഈ വചനങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും രോഗശാന്തിശുശ്രൂഷയും മറ്റും നടത്തുന്നത്. ഈ വച നങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ കീഴിലുള്ള വിശ്വാസികള്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. എങ്കില്‍, ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ മിഷനറിമാര്‍ക്കും സുവിശേഷകര്‍ക്കും മറ്റ് വിശ്വാസികള്‍ക്കും പരസ്യമായി ‘സൈനയ്ഡ്’കഴിച്ചുകൊണ്ട് തങ്ങളുടെ വിശ്വാസം തെളിയിക്കുവാന്‍ കഴിയുമോ? കാരണം, ‘വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല’ എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ഏതായാലും അവര്‍ ആത്മഹത്യയ്ക്ക് മുതിരുകയില്ല. കാരണം, അവര്‍ കണ്‍കെട്ട് മറുപടിയിലൂടെ, ദൈവത്തെ പരീക്ഷിക്കരുത് എന്നായിരിക്കും പറയുക. എന്നാല്‍ ദൈവത്തെയല്ല പരീക്ഷിക്കുന്നത്; ബൈബിള്‍ പ്രകാരം വിശ്വാസികളായ ക്രൈസ്തവരെയാണ് പരീക്ഷിക്കുന്നത്. ജീവനില്‍ കൊതിയുള്ള ഒരു ക്രൈസ്തവവിശ്വാസിയും അതിന് തയ്യാറാവുകയില്ല എന്നത് ഉറപ്പാണ്.

മര്‍ക്കോസ് 16:15-18 വചനങ്ങളുടെ അടിസ്ഥാനത്തിലാണല്ലൊ ലോകമെങ്ങുംപോയി മിഷനറിമാര്‍ സുവിശേഷം പ്രസംഗിക്കുന്നതും അത്ഭുതങ്ങളും രോഗശാന്തിശുശ്രൂഷയും മറ്റും നടത്തുന്നത്. എന്നാല്‍ അവ വ്യാജവചനങ്ങളാണ്. ബൈബിളില്‍ പില്കാലത്ത് കടത്തിക്കൂട്ടിയ കള്ള എഴുത്ത്‌കോല്‍ പ്രയോഗമാണ്. ആ വചനങ്ങള്‍ മാത്രമല്ല, മര്‍ക്കോസ് സുവിശേഷത്തിലെ 16-ാം അധ്യായം 8 മുതല്‍ 20 വരെയുള്ള വചനങ്ങള്‍ കള്ളഎഴുത്തുകോല്‍ പ്രയോഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സഭാഭേദമന്യേ സര്‍വ്വ ക്രൈസ്തവ പണ്ഡിതന്മാരും അംഗീകരിക്കുന്നു. പുരാതന കൈയെഴുത്ത് പ്രതികളായ വത്തിക്കാനസ്, സീനാറ്റിക്കസ് തുടങ്ങിയ കോഡക്‌സുകളില്‍ ഈ വചനങ്ങള്‍ ഇല്ലായെന്നതാണ് കാരണം. അതുകൊണ്ട് പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മലയാള ബൈബിളായ സത്യവേദപുസ്തകത്തില്‍ ഈ വചനങ്ങള്‍ ബ്രാക്കറ്റിലാണ് കൊടുത്തിട്ടുള്ളത്. അവരുടെ ഇംഗ്ലീഷ് ബൈബിളുകളില്‍ അടിക്കുറിപ്പായി ‘The most reliable early manuscripts and other ancient witnesses do not have Mark 16:9-20’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കരുടെ പി.ഒ.സി ബൈബിളില്‍ അടിക്കുറിപ്പായി ‘ചില കൈയെഴുത്തു പ്രതികളില്‍ 16-ാം അധ്യായത്തില്‍ 9 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ കാണുന്നില്ല’ എന്ന് കൊടുത്തിട്ടുമുണ്ട്. ഈ വ്യാജ വചനങ്ങളുടെ മറപിടിച്ചുകൊണ്ടാണ് അത്ഭുതങ്ങളും രോഗശാന്തിശുശ്രൂഷയും മറ്റും നടത്തുകയും അതിലൂടെ അനുഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുകയും ചെയ്യുന്നത്.

മനുഷ്യദൈവങ്ങള്‍ വിഹരിക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ആണ്‍ദൈവങ്ങള്‍ക്കും പെണ്‍ദൈവങ്ങള്‍ക്കും അവരവരുടേതാ യ ഭക്തജനങ്ങളുണ്ട്. അവര്‍ ആ മനുഷ്യദൈവങ്ങളുടെ മുമ്പില്‍ കൈകൂപ്പി കണ്ണുനീര്‍വാര്‍ത്ത് ഭയഭക്തിയോടെ ആവലാതികളും വേവലാതികളും സമര്‍പ്പിച്ച് ആശ്വാസത്തോടെ മടങ്ങിപ്പോകുന്നു. അവര്‍ക്ക് ആശ്വാസം കിട്ടിയതായി തോന്നുന്നു. രോഗം മാറിയതായി വിശ്വസിക്കുന്നു. പ്രശ്‌നങ്ങള്‍ തീര്‍ന്നതായി അനുഭവപ്പെടുന്നു. മനുഷ്യദൈവങ്ങള്‍ ചെയ്യുന്ന ഈ അത്ഭുതങ്ങളില്‍ ആകൃഷ്ടരായ ഭക്തര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും അധികൃതര്‍ പ്രസിദ്ധീകരണങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ചാനലുകളും പ്രസിദ്ധീകരണങ്ങളും അതിന് ഇന്നും സാക്ഷിയാണ്. വിദേശീയര്‍, പ്രത്യേകിച്ച് അമേരിക്കയിലേയും യൂറോപ്യന്‍ നാടുകളിലേയും ആളുകള്‍ ക്രിസ്തുവിനെ ഉപേക്ഷിച്ച് അമ്മദൈവങ്ങളിലും ആണ്‍ദൈവങ്ങളിലും ശര ണം തേടുന്ന രംഗങ്ങള്‍ അവരുടെ ചാനലുകളില്‍ നിരന്തരം കാണാവുന്നതാണ്.

അത്ഭുതങ്ങളും രോഗശാന്തിശുശ്രൂഷയും നടത്തുന്ന ക്രൈസ്തവ സഭാവിഭാഗങ്ങള്‍ മേല്‍ സൂചിപ്പിച്ച ആള്‍ദൈവങ്ങളെ ഏത് വീക്ഷണ കോണിലൂടെയാണ് കാണുന്നത്? അതേ വീക്ഷണകോണിലൂടെത്തന്നെയാണ് ക്രൈസ്തവ സഭാവിഭഗങ്ങളേയും കാണേണ്ടത്. എന്തുകൊ ണ്ട്? കാരണം, ക്രൈസ്തവ വേദഗ്രന്ഥം അതിന് സാക്ഷ്യം വഹിക്കുന്നു.

യേശുവിനോടും ആള്‍ദൈവങ്ങളോടും മറ്റും പ്രാര്‍ത്ഥിക്കുമ്പോള്‍ അത് ഫലിക്കുകയും ആശ്വാസവും അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യാറുണ്ടല്ലോ, അത് എന്തുകൊണ്ടാണ് എന്ന് സാധാരണയായി പലരും ചോദിക്കാറുണ്ട്. യേശുവിനോടും ആള്‍ ദൈവങ്ങളോടും മാത്രമല്ല, പുണ്യവാന്മാര്‍ എന്ന നിലക്ക് മരിച്ചവരോടും ശവകുടീരങ്ങളോടും, കല്ലിനോടും, മുള്ളിനോടും പാമ്പിനോടുമെല്ലാം പ്രാര്‍ത്ഥിക്കുന്നവരും അവരുടെ ജീവിതത്തില്‍ അത്ഭുതങ്ങളും അനുഭവങ്ങളും ഉണ്ടാകുന്നതായി അവകാശപ്പെടാറുണ്ട്. അതിനുള്ള മറുപടി ബൈബിള്‍ വിശദമായി പ്രതിപാദിക്കുന്നത് കാണുക: യേശു പറയട്ടെ:

“കള്ളക്രിസ്തുമാരും വ്യജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പേലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ടെന്ന് പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്” (മത്തായി 24:24-26).

സുവിശേഷകന്മാരും പുരോഹിതന്മാരും അത്ഭുതങ്ങളും രോഗശാന്തി ശുശ്രൂഷയും നടത്തുന്നസമയത്ത് ശ്രദ്ധിച്ചാല്‍, സ്ഥലകാല സന്ദര്‍ഭമനുസരിച്ച്, ‘യേശു ഇപ്പോള്‍ വരും; ഈ മുറിയില്‍ വരും, ഈ ഗ്രൗണ്ടില്‍ വരും ഈ രാത്രിയില്‍ ഇവിടെ വരും നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ കാണാം’ എന്നിങ്ങനെ അത്യുച്ചത്തില്‍ വിറച്ചുകൊണ്ട് കൂടെക്കൂടെ പറയുന്നത് കാണാം. സംഭവിക്കാത്ത രോഗസൗഖ്യം സംഭവിച്ചതായി സാക്ഷ്യം പറയാന്‍ ആളുകളെ മുന്‍കൂട്ടി ഏര്‍പ്പാടാക്കുന്നതും, ചിലരെക്കുറിച്ച് പ്രവചനം നടത്താന്‍ മുന്‍കൂട്ടി ആളെവിട്ട് വിവരങ്ങള്‍ ശേഖരിച്ചുവയ് ക്കുന്നതും പതിവുരീതിയാണെന്ന് ഇവരുടെ കണ്‍വന്‍ഷനുകളിലും ധ്യാന കേന്ദ്രങ്ങളിലും പോയിട്ടുള്ള ചിലര്‍ പറയുന്നു.

ഇത്തരം ആത്മീയ കേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങള്‍ പോകുന്നത് പരലോകമോക്ഷം പ്രാപിക്കുന്നതിന് വേണ്ടിയല്ല; മറിച്ച് രോഗസൗഖ്യം, ആഗ്രഹസഫലീകരണം, സമ്പത്തികനേട്ടം തുടങ്ങിയ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയാണ് എന്നത് വളരെ ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ ഭൗതികനേട്ടം അല്ലെങ്കില്‍ സാമ്പത്തികനേട്ടം കൊയ്യുന്നത് അത്ഭുതരോഗശാന്തിശുശ്രൂഷക്കാരും ആള്‍ദൈവങ്ങളുമാണെന്ന കാര്യം അവരുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്ന പാവം ഭക്തജനങ്ങള്‍ അറിയുന്നില്ല എന്നതാണ് വസ്തുത.

ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്
യേശുവിന്റെ പേരില്‍ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നവരെ കള്ളക്രിസ്തുമാരെന്നും വ്യജപ്രവാചകന്മാരെന്നും യേശു മുന്‍കൂട്ടി പറഞ്ഞുവല്ലൊ. അത് കൂടുതല്‍ വിശദീകരിച്ചുകൊണ്ട് ആവര്‍ത്തനപുസ്തകം 13-ാം അധ്യായം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള വചനങ്ങളില്‍ യഹോവയായ ദൈവം പറയുന്നു:
1. “ഞാന്‍ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്.
2. നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്‌ന വിശകലനക്കാരനോവന്ന് ഒരു അടയാളമോ അത്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞ വിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിന്‍ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്.
3.എന്തുകൊണ്ടന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ, തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.
4. നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവന്റെ കല്പനകള്‍ പാലിക്കുകയും വാ ക്കുകള്‍ കേള്‍ക്കുകയും അവനെ സേവിക്കുകയും അവനോടു ചേര്‍ന്നുനില്ക്കുകയും ചെയ്യണം.
5. അവന്‍ പ്രവാചകനോ സ്വപ്‌നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്റ്റില്‍നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യഹോവയെ എതിര്‍ക്കാനും അവന്‍ കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ച ത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളയണം.
6. നിന്റെ സഹോദരനോ മകനോ മകളോ നീ സ്‌നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും നിന്റെ പിതാക്കന്മാര്‍ക്കും അ ജ്ഞാതരായ അന്യദേവന്മാരെ നമുക്ക് സേവിക്കാം എന്നു പറഞ്ഞു ര ഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നുവരാം.
7. ആ ദേവന്മാര്‍ നിനക്കുചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാരായിരിക്കാം.
8. എന്നാല്‍, നീ അവനു സമ്മതം നല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോട് കരുണ കാട്ടരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വെക്കുകയോ ചെയ്യരുത്.
9. അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മഴുവന്റെയും, അവനെ നീ കല്ലെറിഞ്ഞു കൊല്ലണം.”

മേല്‍ സൂചിപ്പിച്ച ഒന്നാം വചനത്തില്‍ പറയുന്നത്, ദൈവം കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യരുത് എന്നാണ്. അതുകൊണ്ട് ഓരോ വചനവും ശ്രദ്ധിച്ച് വായിക്കുക:
രണ്ടാം വചനത്തില്‍ പറയുന്ന ‘അജ്ഞാതരായ അന്യദേവന്മാര്‍’ ആരാണ്? സ്രഷ്ടാവും സംരക്ഷകനുമായ ഏകസത്യദൈവം ഒഴിച്ച് മ റ്റ് ഏത് ആരാധ്യനും അജ്ഞാതരായ അന്യദേവന്മാരാണ്. ക്രി. നാലാം നൂറ്റാണ്ടുവരെ യേശു, ദൈവം അല്ലെങ്കില്‍ ദേവന്‍ എന്ന നിലക്ക് അജ്ഞാതനായിരുന്നു. കാരണം, അന്നത്തെ സഭാപിതാക്കന്മാര്‍ ഉള്‍പ്പെടെ എല്ലാവരും അേദ്ദഹത്തെ ദൈവത്തിന്റെ ഒരു സൃഷ്ടിയായിട്ടാണ് കണ്ടിരുന്നത്. നാലാം നൂറ്റാണ്ടോടുകൂടിയാണ് അഥവാ ക്രി. 325 ലെ നിഖ്യാ സുന്നഹദോസില്‍വെച്ചാണ് ബഹുദൈവവിശ്വാസിയായ കോണ്‍സ്റ്റാ ന്റയിന്‍ ചക്രവര്‍ത്തി യേശുവിനെ ദൈവപദവിയിലേക്ക് ഉയര്‍ത്തുന്നത്. അതിന് ശേഷമാണ് ക്രൈസ്തവര്‍ യേശുവിനെ ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തുവന്നത്. യേശു സൃഷ്ടിയാണന്ന് അവരുടെ വേദഗ്രന്ഥം തന്നെ അസന്നിഗ്ദ്ധമായി പറയുകയും ചെയ്യുന്നു. കൂടാതെ ക്രൈസ്തവരില്‍ ചില വിഭാഗങ്ങള്‍ ഇന്നും നാലാംനൂറ്റാണ്ടിനുമുമ്പുള്ള സഭാപിതാക്കന്മാര്‍ വിശ്വസിച്ചതുപോലെ യേശുവിനെ സൃഷ്ടിയായി കാണുന്നു എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് യേശുവും ആള്‍ ദൈവങ്ങളും മറ്റ് ആരാധ്യന്മാരെല്ലാം അജ്ഞാതരായ അന്യദേവന്മാരാണ്.

മേല്‍ സൂചിപ്പച്ച 13:1-9 ലെ മൂന്നാം വാക്യം വളരെ ശ്രദ്ധേയമാണ്. യേശുവിനേയും മനുഷ്യദൈവങ്ങളെയും മറ്റ് ദേവീദേവന്മാരേയും ആരാധിക്കുമ്പോള്‍ അവര്‍ ഉദ്ദേശിച്ചകര്യങ്ങള്‍ സംഭവിക്കുകയും അനുഭവിക്കുകയും ചെയ്താല്‍പേലും അത് വിശ്വസിക്കരുത്. കാരണം, ‘നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്’. എന്നാല്‍ ക്രൈസ്തവര്‍ യേശുവിനെ ദൈവമായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ ദൈവത്തിന്റെ പരീക്ഷയില്‍ പരാജയപ്പെടുകയും ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ സ്‌നേഹിക്കുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ആറ് മുതല്‍ ഒമ്പത് വരെയുള്ള വചനങ്ങളില്‍ വളരെ കാര്‍ക്കശ്യത്തോടും കോപത്തോടും കൂടെയാണ് ബഹുദൈവ വിശ്വാസികളോട് (അന്യദേവന്മാരെ ആരാധിക്കുന്നവരോടും അതിലേക്ക് ക്ഷണിക്കുന്നവരോടും) യഹോവയായ ദൈവം സംസാരിക്കുന്നത്. അഥവാ ‘അജ്ഞാതരായ അന്യദേവന്മാരെ നമുക്ക് സേവിക്കാം എന്നു പറഞ്ഞ് വശീകരിക്കാന്‍ ശ്രമിക്കുന്നവനോട് സമ്മതം നല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോട് കരുണകാട്ടരുത് അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വെക്കുകയോ ചെയ്യരുത്. അവനെ കൊല്ലുകതന്നെവേണം. അവനെ വധിക്കാന്‍ നിന്റെ (ആരോടാണോ പറയുന്നത് അവന്റെ) കരമാണ് ആദ്യം ഉയരേണ്ടത്. പിന്നീട്, ജനം മഴുവന്റെയും, അവനെ നീ കല്ലെറിഞ്ഞ് കൊല്ലണം’ എന്നാണ് യഹോവയായ ദൈവം പറയുന്നത്. മേല്‍ സൂചിപ്പിച്ച ബൈബിള്‍ വാക്യങ്ങള്‍ പ്രാവര്‍ത്തികമാ ക്കാന്‍ ലോകം തീരുമാനിച്ചു എന്ന് സങ്കല്‍പ്പിക്കുക. എങ്കില്‍ ഭൂമുഖത്തെ ജനസംഖ്യയുടെ അവസ്ഥ ചിന്തിക്കാനേയുള്ളു.

ഈ ലോകത്തുവെച്ച് തന്നെ ദൈവം മനുഷ്യരുടെ കുറ്റങ്ങള്‍ക്ക് യഥാസമയം ശിക്ഷ നല്‍കിയിരുന്നുവെങ്കില്‍? ആലോചിച്ചുനോക്കുക! എന്നാല്‍ ദൈവം എത്രയോ ക്ഷമാശീലനും കാരുണ്യവാനുമാണ്. പക്ഷെ, നാളെ പരലോകത്ത് അത്തരക്കാരോട് അവന്‍ യാതൊരു കരുണയും കാണിക്കുകയില്ല. കത്തിയാളുന്ന നിത്യനരകം അവര്‍ക്ക്‌വേണ്ടി ദൈവം ഒരുക്കിവെച്ചിരിക്കുകയാണ്. അത് എത്രയോ ചീത്ത സങ്കേതമാണ്.

വ്യാജപുണ്യവാളന്മാരും പുണ്യവതികളും
മുതല്‍ മുടക്കില്ലാതെ നടത്തിവരുന്ന ലോകത്തിലെ ഏറ്റവും വലിയ കച്ചവടമാണ് ആത്മീയചൂഷണക്കച്ചവടം. ചോദിക്കാനും പറയാനും ആളില്ലാത്ത ഈ ഇടപാടുകൊണ്ട് ഇടവും വലവും നോക്കാതെ എത്രയും വാരിക്കൂട്ടാം. അതിന്റെ സംരക്ഷകര്‍ പൗരോഹിത്യത്തിന്റെ കറു ത്ത കരങ്ങളില്‍ അമര്‍ന്ന പണം മുടക്കുന്ന ഭക്തജനങ്ങളാണെന്നത് അതിന്റെ ഒരു പ്രത്യേകതയാണ്. പൗരോഹിത്യം ആത്മീയച്ചരക്കായി കൊണ്ടുനടക്കുന്ന ഏത് മതവും അതില്‍ നിന്നും വിമുക്തമല്ല. അവര്‍ ഇല്ലാത്ത പുണ്യവാന്മാരേയും പുണ്യവതികളേയും പടച്ചുണ്ടാക്കിയും മരിച്ചുപേയ മഹാത്മാക്കള്‍ക്കും ഇല്ലാത്ത മഹാത്മ്യം കല്പ്പിച്ചും അവരു ടെ പേരില്‍ അത്ഭുതങ്ങളും അനുഭവങ്ങളും നെയ്തുണ്ടാക്കി മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഭക്തജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു. പിശാച് അത് അവര്‍ക്ക് നല്ലതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.

ഈ പുണ്യവതിപുണ്യവാളന്മാരുടെ ശക്തിവിശേഷങ്ങള്‍ വ്യത്യസ്തമാണെന്നാണ് സങ്കല്‍പ്പം. അതിനാല്‍ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറികിട്ടാന്‍ വ്യത്യസ്ത പുണ്യവാളന്മാരോടും പുണ്യവതികളോടും അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് ചെയ്യുന്നത്.

കത്തോലിക്കാസഭാവിഭാഗങ്ങള്‍ പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും പേരില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും മറ്റ് രൂപങ്ങളുമുണ്ടാക്കി അവയെ വണങ്ങിയും ആരാധിച്ചും അവയോടു പ്രാര്‍ത്ഥിച്ചും അത്ഭുതങ്ങളും അനുഭവങ്ങളും രോഗശാന്തിയും ഉണ്ടാകുന്നതായി പ്രചരിപ്പിക്കാറുണ്ട്. കേരളത്തില്‍ ലക്ഷക്കണക്കിന് ഭക്തരുള്ള ഒരു പുണ്യവാളനാണ് ഗീവര്‍ഗീസ് സഹദായ എന്നറിയപ്പെടുന്ന വി. ഗീവര്‍ഗീസ്. എടത്വ, അരുവിത്തുറ, പുതുപ്പള്ളി, ഇടപ്പള്ളി തുടങ്ങിയ അനേകം ചര്‍ച്ചുകള്‍ ഗീവര്‍ഗീസിന്റെ പേരില്‍ കേരളത്തിലു ണ്ട്. പാമ്പുംവായില്‍ നേര്‍ച്ചഇടുക, കോഴിയും അപ്പവും നേര്‍ച്ച സമര്‍പ്പിക്കുക ഇവ കേരളീയ ക്രൈസ്തവരുടെ ഒരു പ്രത്യേകതയാണ്. ഗീവര്‍ഗീസിന്റെ പേരിലുള്ള ചര്‍ച്ചുകളിലും വഴിയോരങ്ങളിലും ആ പുണ്യവാളനുമായി ബന്ധപ്പെട്ട വിഗ്രഹമോ ചിത്രമോ കാണാം. അത് പരിശോധിച്ചാല്‍ കാണാവുന്നത്; ഒരു ദേവാലയം, ദേവാലയത്തിന്റെ നടുമുറ്റത്ത് ഒരു കന്യക; ഒരു കുതിര, കുതിരയുടെ പുറത്ത് ഒരു പടയാളി, ആ പടയാളി ഗീവര്‍ഗീസാണെന്നാണ് സങ്കല്‍പ്പം. കുതിരയുടെ താഴെ നിലത്ത് ഒരു വിചിത്രജീവി (ഡ്രാഗന്‍) അഥവാ ഒരു വ്യാളി. ആ വ്യാളിക്ക് വലിയ ചിറകുകളും കൂര്‍ത്ത നഖങ്ങളോടുകൂടിയ നാല് കാലുകളും, അഗ്രംകൂര്‍ത്ത നീളമുള്ള വാലും മുതുകത്ത് മുള്ളുകളോടു കൂടിയ ശല്ക്കങ്ങളും ഉണ്ട്. പടയാളി വ്യാളിയുടെ വായില്‍ കുന്തം കൊണ്ട് കുത്തുന്നു, വ്യാളിയുടെ വായില്‍നിന്നും രക്തം ഒഴുകുന്നു. അങ്ങനെ വ്യാളിയുടെ കഥകഴിക്കുന്നു. ഇതാണ് ആ രൂപത്തില്‍ നിന്നും മനസ്സിലാകുന്നത്. ഇതിന്റെ പിന്നില്‍ ഒരു അപസര്‍പ്പക കഥയുണ്ട്. കഥയുടെ ചുരുക്കം ഇപ്രകാരമാണ്:

ലിബിയായിലെ സെലിന്‍പട്ടണത്തിലെ തടാകത്തിന് സമീപമുള്ള ഒരു ഗുഹയില്‍ ഒരു വ്യാളി താമസിച്ചിരുന്നു. ആ പ്രദേശത്തെ ആടുമാടുകളെ ഭക്ഷിക്കുകയായിരുന്നു പതിവ്. ആടുമാടുകള്‍ തീര്‍ന്ന സാഹചര്യത്തില്‍ മനുഷ്യരെപിടിച്ച് തിന്നാന്‍ തുടങ്ങി. കന്യകകളെയായിരുന്നു വ്യാളിക്ക് കൂടുതല്‍ ഇഷ്ടം. കന്യകകളുമായി ഇണചേര്‍ന്നശേഷം പിച്ചി ച്ചീന്തി ഭക്ഷിച്ച് സംതൃപ്തിയടയുമായിരുന്നു. ശല്യം സഹിക്കവയ്യാതായപ്പോള്‍ നാട്ടുരാജാവും പ്രജകളും കൂടിയാലോചിച്ച് ഒരു തീരുമാനത്തിലെത്തി. നറുക്കിട്ടുകൊണ്ട് ആഴ്ചയില്‍ ഓരോരുത്തര്‍ വ്യാളിക്ക് ഭക്ഷണമായി തീരുക. പലരും മരണം ഏറ്റുവാങ്ങി. ആ ആഴ്ചയില്‍ നറുക്ക് വീണത് രാജാവിന്റെ സുന്ദരിയും കന്യകയുമായ പുത്രിക്കായിരുന്നു. പുത്രിയെ രാജവസ്ത്രവും കിരീടവുമെല്ലാം അണിയിച്ച് വ്യാളിയുടെ അടുത്തേക്ക് യാത്രയാക്കി. ആ സമയത്ത് ആ വഴിവന്ന പടയാളിയായ ഗീവര്‍ഗീസ് വ്യാളിയുമായി ഏറ്റുുമുട്ടുകയും വ്യാളിയെ വകവരുത്തുകയുംചെയ്തു. ഇതാണ് കഥയുടെ ചുരുക്കം.(3)

ലോകത്തില്‍ എവിടെയെങ്കിലും ഇതുപോലൊരുജീവി ഉണ്ടായിരുന്ന കാര്യം ജന്തു ശാസ്ത്രജ്ഞന്മാര്‍ക്ക് അജ്ഞാതമായിരിക്കും. കാരണം, കന്യകകളെ കൂടുതല്‍ ഇഷ്ടപ്പെടുക, അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക….. ഈ അപസര്‍പ്പക കഥയിലെ കഥാനായകനായ ഗീവര്‍ഗീസിനെയാണ് ക്രൈസ്തവര്‍ പുണ്യവാളനായി ചിത്രീകരിക്കുന്നത്!

പൗരോഹിത്യം ഈ പുണ്യവാളന് ചില സിദ്ധികള്‍ കല്പ്പിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ചാരിത്ര്യശുദ്ധിയില്‍ അടിയുറച്ച് ജീവിക്കുവാന്‍ വിശുദ്ധന്റെ സംരക്ഷണം യുവതീ യുവാക്കള്‍ക്ക് ലഭിക്കുന്നു എന്നത്. കൂടാതെ വിഷസര്‍പ്പത്തിന്റെയും വിഷജന്തുക്കളുടെയും ഉപദ്രവങ്ങളില്‍നിന്ന് കാത്ത് പരിപാലിക്കുക, വളര്‍ത്തുമൃഗങ്ങള്‍, പക്ഷിപ്പറവകള്‍ ഇവയെല്ലാംവസന്തയില്‍നിന്നും വിഷഭയത്തില്‍ നിന്നും കാത്ത് പരിപാലിക്കുക, പൈശാചിക ഉപദ്രവങ്ങളില്‍നിന്നും കാത്തുകൊള്ളുക എന്നതും സിദ്ധികളില്‍പ്പെട്ടതാണ്. എന്നാല്‍ ഈ പുണ്യവാളന്‍ ഗ്രീക്കുകാര്‍ക്ക് പട്ടാളക്കാരുടെ മധ്യസ്ഥനും, പാശ്ചാത്യര്‍ക്ക് മാടമ്പികളുടെ മധ്യസ്ഥനും, കുതിര സവാരിക്കാരുടെ മധ്യസ്ഥനുമാണ്. വിഷഭയത്തില്‍നിന്നും രക്ഷപ്രാപിക്കുവാന്‍ ഗീവര്‍ഗീസ് സഹദായോടുള്ള കത്തോലിക്കാ ക്രൈസ്ത വരുടെ പ്രാര്‍ത്ഥന കാണുക:

‘അനേകകാലമായി വിഷഭയത്തില്‍നിന്നു ഞങ്ങളെ കാത്തുപരിപാലിക്കുന്ന വി. ഗീവര്‍ഗീസ് സഹദായാ, ഞങ്ങള്‍ക്കുവേണ്ട മദ്ധ്യസ്ഥം വഹിക്കണമേ. ഞങ്ങള്‍ ഒരോരുത്തരേയും വിഷജന്തുക്കളുടെയും ഉപദ്രവങ്ങളില്‍നിന്ന് കാത്ത് പരിപാലിക്കണമേ. ഇഴജന്തുക്കളേയും വിഷജന്തുക്കളേയും ഞങ്ങളുടെ സമീപത്ത് നിന്നും അങ്ങയുടെ ശക്തിയാല്‍ വിജനപദേശത്തേയ്ക്ക് അകറ്റേണമേ. ഒരു മനുഷ്യജീവനും വിഷസര്‍പ്പത്തിന്റെ ദംശനത്താല്‍ നശിച്ചുപോകാതിരിക്കുന്നതിന് അങ്ങ് ഞങ്ങളുടെ തുണയായിരിക്കേണമേ. ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍, പക്ഷിപ്പറ വകള്‍ ഇവയെയെല്ലാം വിഷഭയത്തില്‍ നിന്നും കാത്ത് പരിപാലിക്കണമേ. പ്രത്യേകമായി പൈശാചിക ഉപദ്രവങ്ങളില്‍നിന്നും ഞങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനുള്ള അനുഗ്രഹം അങ്ങയുടെ മധ്യസ്ഥംവഴി ഞങ്ങള്‍ക്ക് ലഭിക്കുന്നതിന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു’.(4)

ഈ പ്രാര്‍ത്ഥനയിലൂടെ തങ്ങള്‍ക്ക് ഫലം ലഭിക്കുന്നു, അതിലൂടെ അത്ഭുതങ്ങളും അനുഭവങ്ങളുമുണ്ടാകുന്നു എന്നാണ് ഗീവര്‍ഗീസ് ഭക്തരുടെ വിശ്വാസം. അവിടെയാണ് പൗരോഹിത്യത്തിന്റെ വിജയം!

യഥാര്‍ത്ഥത്തില്‍ ഗീവര്‍ഗീസ് ഒരു വ്യാജപുണ്യവാളനാണ്. 1963 ല്‍ അന്നത്തെ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍വെച്ച് വിശുദ്ധരുടെ പട്ടികയില്‍നിന്നും ഗീവര്‍ഗീസിനെ പുറത്താക്കി. കൗണ്‍സിലിന്റെ അന്വേഷണത്തില്‍ അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നിട്ടേയില്ലാ എന്നതാണ് കാരണം. ഈ പുണ്യവാളനെ മാത്രമല്ല, വി.ഫി ലോമിന എന്ന പുണ്യവതി ഉള്‍പ്പെടെ ഇരുപത്തിയാറിലധികം പുണ്യവാ ളന്മാരും പുണ്യവതികളും വ്യജന്മാരാണന്ന് പ്രഖ്യാപിച്ചു. ഗീവര്‍ഗീസിനോടൊപ്പം വി. ഫിലോമിനയേയും വ്യജന്മാരുടെ ലിസ്റ്റിലേക്ക് തള്ളിയ തിന്റെ ഫലമായി മൈസൂര്‍ പാലസിനടുത്തുള്ള സെന്റ് ഫിലോമിനാസ് ചര്‍ച്ച,് സെന്റ് ജോസഫ് ചര്‍ച്ചായിമാറി. വ്യാജനാണെന്നറിഞ്ഞിട്ടും ഗീവ ര്‍ഗീസിന്റെ പേരിലുള്ള ചര്‍ച്ചുകള്‍, പ്രത്യേകിച്ച് കേരളത്തിലെ സഭാധി കാരികള്‍ നിലനിര്‍ത്തി കൊണ്ടുപേകുന്നു. അതിന്റെ കാരണം, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്ര പ്രസിദ്ധീകരണമായ ഓശാന പറയട്ടെ!

‘1963 ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വിശുദ്ധരുടെ പട്ടികയില്‍നിന്നും ഗീവര്‍ഗീസിനെ പുറത്താക്കുന്നു. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും പാമ്പിന്റെ മധ്യസ്ഥനാണ്. ഇടപ്പള്ളിയില്‍ മാത്രം ഒരു ദിവസം ശരാശരി രണ്ട് ലക്ഷം രൂപ വരവുണ്ട്. ഇല്ലാത്ത വിശുദ്ധന്റെ പേരില്‍ ഇത്രമാത്രം വാരിക്കൂട്ടുമ്പോള്‍ ഇടപ്പള്ളിയിലെ തൊഴിലാളികള്‍ക്ക് മറ്റുള്ള ആശുപത്രിക്കാര്‍ നല്കുന്ന വേതനംപോലും നല്കുന്നില്ലെന്ന് ഓശാനയില്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി’.(5) ഓശാനയില്‍ ഒരു സന്യാസി എഴുതിയ ലേഖനത്തില്‍നിന്നുള്ള ഒരു ഭാഗമാണിത്.

ധനമോഹമാണ് കാരണം. ബൈബിള്‍ പറയുന്നു: ”ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം” (1 തിമോ 6:10). വ്യാജവിശുദ്ധന്മാരെപോലും വിറ്റ് പണമുണ്ടാക്കുന്ന പൗരോഹിത്യത്തിന്റെ വി കൃത മുഖമാണ് ഇവിടെ കാണുന്നത്. അതും അവരിലെ വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ട്.

പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളും ഇതില്‍ നിന്നും വിമുക്തരല്ല. അവര്‍ പുണ്യവാളന്മാരേയും പുണ്യവതികളേയും അവരിലൂടെയുള്ള അത്ഭുതങ്ങളേയും അനുഭവങ്ങളേയും നിഷേധിക്കുന്നുവെങ്കിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലൂടെയും രോഗശാന്തി ശുശ്രൂഷകളിലൂടെയും ശബ്ദാരവങ്ങളോടെയും മറുഭാഷയും മറ്റും ഉപയോഗിച്ചും യേശുവിന്റെ പേരില്‍ രോഗശാന്തിയും വരദാനങ്ങളും വാഗ്ദാനം ചെയ്ത് വമ്പിച്ച പ്രചാരണത്തോടെ വിശ്വാസികളെ ആകര്‍ഷിപ്പിക്കുന്നു. വ്യവസ്ഥാപിത സഭകളെന്ന പേരില്‍ അറിയപ്പെടുന്ന കത്തോലിക്കാ സഭാവിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് ഈ ഗ്രൂപ്പുകളിലേക്ക് ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്.

വ്യവസ്ഥാപിതസഭകള്‍ കാലങ്ങളോളം അവരുടെ ആരാധനാക്രമവും അതിന്റെ പ്രാര്‍ത്ഥനാശൈലിയും ഭക്താനുഷ്ഠാനങ്ങളുമാണ് പിന്തുടര്‍ന്ന് വന്നത്. സ്വയംപ്രേരിത പ്രാര്‍ത്ഥനകളും ശബ്ദാരവങ്ങളോടെ മറുഭാഷയും മറ്റുമുപയോഗിച്ചുള്ള പ്രാര്‍ത്ഥനാരീതിയും സഭയുടെ ആരാധനാക്രമത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ ഇതില്‍നിന്നും തികച്ചും വിഭിന്നമായ രീതിയില്‍ ശബ്ദാരവങ്ങളോടെയും മറുഭാഷയും മറ്റും ഉപയോഗിച്ചും രോഗശാന്തിയും വരദാനങ്ങളും വാഗ്ദാനം ചെയ്ത് വമ്പിച്ച പ്രചാരണത്തോടെയുള്ള പെന്തകോസ്തു ബൈബിള്‍ കണ്‍വന്‍ഷനുകളിലേക്ക് വ്യവസ്ഥാപിത സഭകളില്‍ നിന്നുള്ളവര്‍ ആകൃഷ്ടരാ കുന്നതിന് തടയിടാന്‍ ഈ സഭകള്‍ കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ പോലുള്ള നവീകരണ പ്രസ്ഥാനങ്ങളും ധ്യാന കേന്ദ്രങ്ങളും മറ്റും ആരംഭിച്ചു. അങ്ങനെ ബൈബിള്‍ കണ്‍വെന്‍ഷനുകളിലും ധ്യാന കേന്ദ്രങ്ങളിലും പെന്തകോസ്തു ശൈലിയിലുള്ള പ്രാര്‍ത്ഥനാശൈലി അവര്‍ സ്വീകരിച്ചു.

എന്നാല്‍ പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങള്‍ തമ്മില്‍ മത്സരിച്ചുകൊണ്ട് ബൈബിള്‍ കണ്‍വെന്‍ഷനുകളും രോഗശാന്തി ശുശ്രൂഷയും വഴി വ്യക്തിപരമായി വന്‍ അനുയായിവൃന്ദത്തെ നേടിയെടുത്തു. ചില സുവിശേഷകരും മിഷനറിമാരും കഴിഞ്ഞ ദശാബ്ദത്തിലെ വമ്പന്മാരായിരുന്നു. ഭക്തി പ്രസ്ഥാനത്തിലൂടെ ഇവര്‍ കോടികളുടെ ആസ്തിയുള്ള സാമ്രാ ജ്യം വ്യക്തിപരമായി കെട്ടിപ്പടുത്തു. എന്നാല്‍ ചിലര്‍ ഇവരേയും കടത്തി വെട്ടിക്കൊണ്ട് റെക്കോഡ് വേഗത്തില്‍ ആരാധകരുടെ കാര്യത്തിലും, സാമ്പത്തിക ശേഷിയുടെ കാര്യത്തിലും ഇന്ത്യയിലെ സുവിശേഷ പ്രഘോഷകരില്‍ മുമ്പിലെത്തിയിരിക്കുകയാണ്. കോട്ടയത്തെ ഹെവന്‍ലി ഫീസ്റ്റ് (സ്വര്‍ഗ്ഗീയവിരുന്ന്) എന്ന പ്രാര്‍ത്ഥനാഗ്രൂപ്പ് അവയില്‍ ഒരു ഉ ദാഹരണമാണ്. ഇടക്കാലത്ത് കേരളത്തിലെ ക്രൈസ്തവരില്‍ പ്രൊട്ടസ്റ്റന്റ് രീതിയിലുളള പ്രാര്‍ത്ഥനാശൈലിയോടുണ്ടായ ആഭിമുഖ്യവും ട്രന്റുമാണ് ഇവരുടെ പുതിയ കൃഷിക്ക് വിളനിലമായത്. ഇക്കൂട്ടര്‍ ചെയ്യുന്ന അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍ക്ക് പിന്നില്‍ ഒരു മനശാസ്ത്രമുണ്ട്.

വിശ്വാസത്തിന്റെ തീഷ്ണതയില്‍ സംഘം ചേര്‍ന്നിരിക്കുന്ന ജനക്കൂട്ടത്തെ വാഗ്‌ധോരണിയിലൂടെയും ശബ്ദഘോഷങ്ങളിലൂടെയും മാനസികമായി ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുവരുമ്പോള്‍, ‘സജഷന്‍ ഇഫക്റ്റ്’ മൂലം ചിലരുടെ പ്രത്യേകതരം രോഗങ്ങള്‍ക്ക് സൗഖ്യം ഉണ്ടായതായുള്ള മിഥ്യാധാരണ വരുന്നതും, ഇത്തരം ഒരു ഘട്ടത്തില്‍ ബോധപൂര്‍വ്വം രോഗസൗഖ്യം ഉണ്ടായതായി കൂവി പറയുന്നവരെ പിന്തുടര്‍ന്ന് മറ്റു ചിലര്‍ക്ക് രോഗ സൗഖ്യം ‘അനുഭവപ്പെടുന്ന’തുമെല്ലാം സാധ്യമായ കാര്യങ്ങളാണ് എന്ന് വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുള്ളതാണ്.

എന്നാല്‍ ഇതിനെ തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായുള്ള അത്ഭുത സൗഖ്യമായി കുറേയധികം ആളുകളെ വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ചതാണ് പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടേയും കത്തോലിക്കാ സഭാ വിഭാഗങ്ങളുടേയും രോഗശാന്തി ശുശ്രൂഷക്കാര്‍ക്ക് വേഗത്തില്‍ അനുയായിവൃന്ദത്തെ രൂപപ്പെടുത്താന്‍ സാധിച്ചത്. എന്നാല്‍ അത്ഭുതങ്ങളും രോഗശാന്തിശുശ്രൂഷകളും നടത്തുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ‘സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍’ ഉള്ളതെന്നത് ഏറ്റവും വലിയ അത്ഭുതവും അനുഭവവുമാണ്.

രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ സഭകള്‍ തമ്മില്‍ മത്സരമാണന്ന് പറഞ്ഞുവല്ലൊ, ഒരു വിഭാഗം മറുവിഭാഗത്തെ തടയിടാന്‍ ശ്രമിക്കുമ്പോള്‍ മറുവിഭാഗം തിരിച്ചും തടയിടാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് രോഗ ശാന്തിശുശ്രൂഷ എന്ന പേരില്‍ ഒരുതരം മാസ്മരശക്തിയിലൂടെ ഇവര്‍ എന്തൊക്കെയോ ചെയ്യുമ്പോള്‍ ‘ഉണ്ടാകുന്ന’ അത്ഭുതങ്ങളും അനുഭവങ്ങളും ദൈവീകമോ അതോ പൈശാചികമോ? ക്രൈസ്തവ വിശ്വാസികള്‍ അത് മനസ്സിലാക്കേണ്ടത് ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിന്നു കൊണ്ടാണ്.

ബൈബിള്‍ പറയുന്നു: ‘നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുെട ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്’. ദൈവേതര ശക്തികളില്‍നിന്നുണ്ടാകുന്ന അത്ഭുതങ്ങളും അനുഭവങ്ങളും പൈശാചികമാണെന്നും ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണന്നും ഈ വചനം ഉണര്‍ത്തുന്നു.

യേശു പറയുന്നു: ‘കള്ളക്രിസ്തുമാരും വ്യജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴി തെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കു കയുംചെയ്യും’. അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുന്ന രോഗശാന്തി ശുശ്രൂഷക്കാര്‍ക്കെതിരെ യേശുവും മുന്നറിയിപ്പ് നല്‍കുന്നു.

ക്രൈസ്തവ സഭാവിഭാഗങ്ങളല്ലാതെ ലോകത്തില്‍ മറ്റൊരു മതവിഭാഗവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ പ്രവചിക്കുകയോ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കുകയോ പിശാചുക്കളെ പുറത്താക്കുകയോ അതിലൂടെ അനുഭവങ്ങള്‍ വിളമ്പുകയോ ചെയ്യുന്നില്ല. അത് മിഷനറിമാരും അംഗീകരിക്കുന്നു. അപ്രകാരം പ്രവര്‍ത്തിക്കുന്നവരെ യും അവകാശപ്പെടുന്നവരെയും വിശ്വസിക്കുന്നവരെയും പരലോത്ത് വെച്ച് നിന്ദ്യരാക്കികൊണ്ട് ആട്ടിയോടിക്കുമെന്നാണ് യേശു പറയുന്നത്. അത് കാണുക:

“കര്‍ത്താവേ, കര്‍ത്താവേ, എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലെ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍” (മത്തായി 7:21-23).

അതുകൊണ്ട് ക്രൈസ്തവസഹോദരങ്ങളേ, നാളെ പരലോകത്തു വെച്ച് യേശുവാല്‍ ആട്ടിയോടിക്കപ്പെടുന്ന ജനവിഭാഗത്തില്‍ നിങ്ങള്‍ അകപ്പെടരുതേയെന്ന് സഹോദരബുദ്ധിയാല്‍ ഉണര്‍ത്തുകയാണ്. മിഷനറിമാരും മറ്റ് സുവിശേഷകരും മത്തായി 7:21-23 വചനങ്ങള്‍ നന്നായി ഗ്രഹിച്ചിരുന്നുവെങ്കില്‍.

കുറിപ്പ്:
1. മത്തായി 15:24-26
3. World Christian Encycloppedia Your Total Christian Denominations Count for today is 42499. ഇത് 2010 ലെ കണക്കാണ്. 2025 ആകുമ്പോഴേക്കും 50,000 കവിയും എന്നാണ് പുതിയ കണക്ക്.
3. ജോസഫ് അറേക്കാട്ടില്‍ എഴുതിയ വി. ഗീവര്‍ഗീസ്, ചരിത്രം, പോരാട്ടം എന്ന പുസ്തകം നോക്കുക.
4. വി. ഗീവര്‍ഗീസ്, ചരിത്രം, പോരാട്ടം. ജോസഫ് അറേക്കാട്ടില്‍. പുറം 31.
5. ഓശാന, ജൂണ്‍ 2012, പുറം 15.

Leave a Reply

Your email address will not be published. Required fields are marked *