പലിശയുടെ കെടുതികള്‍

ഇസ്‌ലാം പലിശയിലധിഷ്ഠിതമായ സാമ്പത്തികക്രമത്തെ വലിയ തിന്മയായിട്ടാണ് പഠിപ്പിക്കുന്നത്.
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍.” (അല്‍ ബക്വറ:78)
”പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും സാക്ഷി നില്‍ക്കുന്നവനെയും അല്ലാഹുവിന്റെ റസൂല്‍ ശപിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു; അവരെല്ലാവരും സമന്‍മാരാണ്.” (മുസ്‌ലിം)
”പലിശക്ക് 13 കവാടങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും നിസാരമായത് സ്വന്തം മാതാവുമായി ലൈംഗികമായി ബന്ധപ്പെടുന്നതിനു തുല്യമാണ്.” (ഹാക്വിം)
ഇത്രയും ശക്തമായ ഭാഷയില്‍ പലിശ ഇടപാടിനെ ഇസ്‌ലാം നിരോധിക്കാന്‍ എന്താണ് കാരണം. അതും ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
ഇസ്‌ലാം പ്രകൃതിയിലെ സര്‍വവസ്തുക്കള്‍ക്കും അവകാശങ്ങളും നീതിയും വകവെച്ചു നല്‍കുന്ന ഒരു ദര്‍ശനമാണ്. ഒരുതരത്തിലും അനീതിയും അക്രമവും ഒരാള്‍ക്കും മറ്റൊരാളോട് കാണിക്കാന്‍ പറ്റാത്ത നിലപാടുകളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. അതിനാല്‍ തന്നെ മനുഷ്യര്‍ തമ്മിലുള്ള ജീവിത ഇടപാടുകള്‍ സമാധാനവും സന്തോഷവും നിറഞ്ഞതാകാന്‍ ഉതകുന്ന നിയമനിര്‍ദ്ദേശങ്ങളുമാണ് ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ മുഴുവന്‍.
ഒരാള്‍ക്ക് തന്റെ കഴിവും ബുദ്ധിയും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി എത്രവേണമെങ്കിലും സമ്പാദിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ അത് ചൂഷണത്തിലൂടെയും അക്രമത്തിലൂടെയും മറ്റുള്ളവരുടെ സമ്പത്തിനെ അപഹരിച്ചെടുക്കുന്ന രീതിയിലുമാകാന്‍ പാടില്ല എന്നതാണ് നിയമം.
പലിശ ചൂഷണമാണ്. അത് മനുഷ്യരിലെ കാരുണ്യത്തെയും പരസ്പര ഐക്യത്തെയും തകര്‍ക്കുകയും വിദ്വേഷവും വെറുപ്പും വളര്‍ത്തുകയും ചെയ്യുന്നു.
തന്റെ സമ്പത്തിന്റെ വളര്‍ച്ച മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഈ ഇടപാടില്‍ ഒരിക്കലും സ്‌നേഹവും ദയവും ഉണ്ടാവുകയില്ല. ആര് എത്രതന്നെ വിഷമിച്ചാലും എന്റെ ധനവും ലാഭവും തിരിച്ചുകിട്ടണമെന്ന ആര്‍ത്തി മാത്രമാണ് പലിശ ഇടപാടില്‍ വളരുന്നത്.
സാമ്പത്തിക വളര്‍ച്ചക്കുകാരണമാകുന്ന മറ്റു പലമാര്‍ഗങ്ങളെയും ഇസ്‌ലാം അനുവദിക്കുന്നു. ധനത്തിന്റെ വളര്‍ച്ചയുടെ രണ്ട് മാര്‍ഗങ്ങളായ കച്ചവടത്തെയും പലിശയെയും ക്വുര്‍ആന്‍ ഒരുമിച്ചാണ് പറഞ്ഞത്.
കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത് (2:225)
ഒന്ന് അനുവദിക്കുകയും മറ്റൊന്ന് വിലക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ രണ്ടും ധനസമ്പാദനത്തിനുള്ള രണ്ടു വഴികള്‍ മാത്രമാണ്. എന്നാല്‍ ഇവ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കച്ചവടത്തിന് അധ്വാനവും പരിചയസമ്പത്തുമെല്ലാം ആവശ്യമാണ്. പലിശ ഇടപാടില്‍ ഇവയൊന്നും ആവശ്യമായി വരുന്നില്ല. മാത്രവുമല്ല കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിക്കാം. പലിശ ഇടപാടില്‍ ഒരിക്കലും നഷ്ടം സംഭവിക്കുന്നില്ല. സാമ്പത്തിക ഇടപാ
ടുകള്‍ ഏതെല്ലാം രീതിയിലേക്ക് ഉപയോഗിക്കുമ്പോഴാണ് അതില്‍ പലിശ കലരുന്നത് എന്നത് പലപ്പോഴും സംശയകരമായി വരുന്ന ഒന്നാണ്.
അറബി ഭാഷയില്‍ ‘രിബ’ എന്നതാണ് പലിശക്ക് ഉപയോഗിക്കുന്ന പദം. ‘രിബ’ എന്ന വാക്കിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം വളര്‍ച്ച, വര്‍ദ്ധനവ് എന്നൊക്കെയാണ്. പ്രവാചകനും (സ) പലിശക്ക് നിര്‍വചനം പഠിപ്പിച്ചുതന്നത് ഈ അര്‍ത്ഥത്തില്‍ തന്നെയാണ്. ‘ലാഭം നേടിത്തരുന്ന എല്ലാ കടങ്ങളും പലിശയില്‍പെടുന്നു.’
(ബൈഹക്വി)
കടത്തിന് കാലാവധി നല്‍കി തിരിച്ചുകൊടുക്കുമ്പോള്‍ വര്‍ധനയായി നല്‍കുന്നത് ഒരു രൂപയാണെങ്കില്‍ പോലും ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അത് പലിശയാണ്.
അതുപോലെതന്നെ ഒരേ ഇനത്തില്‍പെട്ട രണ്ടു വസ്തുക്കള്‍ തമ്മില്‍ വില്‍പന നടത്തുമ്പോള്‍ ഈടാക്കപ്പെടുന്ന ആദായം പലിശ ഇനത്തിലാണ് ഇസ്‌ലാം പഠിപ്പിച്ചത്.
പ്രവാചകജീവിതത്തിലെ ചില സംഭവങ്ങളില്‍നിന്ന് ഇത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
അബൂ സഈദില്‍ ഖുദ്‌രിയില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു.
”സ്വര്‍ണം സ്വര്‍ണത്തിനും വെള്ളി വെള്ളിക്കും ഗോതമ്പ് ഗോതമ്പിനും യവം യവത്തിനും കാരക്ക കാരക്കയ്ക്കും ഉപ്പ് ഉപ്പിനും
തുല്യത്തിന് തുല്യമായും കൈയ്ക്ക് കയ്യായും ആയിരിക്കണം (വില്‍ക്കുന്നത്). ആരെങ്കിലും അധികം നല്‍കുകയോ അധികം ആവശ്യപ്പെടുകയോ ചെയ്താല്‍ അത് പലിശയായി തീര്‍ന്നു. കൊടുക്കുന്നവനും വാങ്ങുന്നവനും ഇതില്‍ സമമാണ്.”
മറ്റൊരിക്കല്‍ ബിലാല്‍ (റ) പ്രവാചകന്റെ (സ) അടുക്കലേക്ക് കുറച്ച് ഉയര്‍ന്നതരം കാരക്കയുമായി വന്നു. പ്രവാചകന്‍ (സ) ചോദിച്ചു, ഇത് എവിടുന്ന് കിട്ടി? അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പക്കല്‍ കുറച്ച് താണതരം കാരക്കയുണ്ടായിരുന്നു. അഥില്‍ നിന്ന് രണ്ട് ‘സ്വഅ്’ന് ഒരു ‘സ്വഅ്’ വീതം വാങ്ങിയതാണ്. അതുകേട്ട പ്രവാചകന്‍ (സ) തിരിച്ചുപറഞ്ഞു, ആവൂ! തനിപലിശ; തനി പലിശ!
ഒരേ ഇനത്തില്‍പെട്ട വസ്തുക്കളുടെ ഇടപാടിന്റെ രീതിയാണ് ഇസ്‌ലാം ഇവിടെ വ്യക്തമായി പഠിപ്പിച്ചു തരുന്നത്. അവയില്‍ കൊടുക്കുന്നതും വാങ്ങുന്നതും തുല്യമായിരിക്കണം.
നാണയമാണ് ഇന്ന് നാം ഇടപാടിനായി ഉപയോഗിക്കുന്ന പ്രധാനവസ്തു. അതിനാല്‍ തന്നെയും നാണയ ഇടപാടില്‍ കാലാവധി നിശ്ചയിച്ചോ മറ്റെന്തെങ്കിലും ഉപാധികളുടെ പേരിലോ അധികരിച്ച് വാങ്ങുന്നതും നല്‍കുന്നതും ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പലിശയില്‍പെടുന്നു.
ലോകസമ്പത് വ്യവസ്ഥ ഇന്ന് പലിശയുടെ ചങ്ങലകെട്ടുകളിലാണ് ദിനേനയെന്നോണം പുതിയ പേരിലും രീതിയിലും വ്യക്തിജീവിതം മുതല്‍ രാഷ്ട്രങ്ങളുടെ നിലനില്‍പിലേക്കുവരെ പലിശ ഇടിച്ചുകയറിക്കൊണ്ടിരിക്കുകയാണ്.
ജീവിതത്തിന്റെ വ്യത്യസ്ത പ്രയാസഘട്ടങ്ങളില്‍ ലോണായും മറ്റും പണം പലിശയ്ക്ക് വാങ്ങി ജീവിത അധ്വാനത്തിന്റെ സിംഹഭാഗവും അതിലേക്ക് തിരിച്ചടച്ച് കടക്കെണിയില്‍ നിന്നു കരകയറാനാവാതെ അത്മഹത്യകളില്‍ അഭയം തേടുന്ന വാര്‍ത്തകള്‍ നമ്മുടെ സാഹചര്യങ്ങളില്‍ പതിവാണ്.
വിദ്യാഭ്യാസലോണ്‍, ബിസിനസ് ലോണ്‍, കാര്‍ഷികലോണ്‍, ഗാര്‍ഹികലോണ്‍ ഇങ്ങനെ വ്യത്യസ്തപേരുകളില്‍ കടം കൊടുക്കാന്‍ ബാങ്കുകളും മറ്റും തയ്യാറാണ്. എന്നാല്‍ തിരിച്ചടക്കേണ്ട സമയത്ത് ബിസിനസ് ലാഭത്തിലാണോ നഷ്ടത്തിലാണോ എന്ന ചോദ്യം പ്രസക്തമല്ല. കൃഷിക്ക് എന്തുസംഭവിച്ചു എന്നത് ആര്‍ക്കും അറിയേണ്ടതില്ല. അതിനാലാണ് ആത്മഹത്യകള്‍ നിത്യകാഴ്ചകളാകുന്നത്.
വ്യക്തികള്‍ കെണിയില്‍ വീഴുന്നതുപോലെ രാജ്യങ്ങളും സ്ഥാപനങ്ങളുമെല്ലാം ഇന്ന് പലിശക്കെണിയിലാണ്. രാജ്യങ്ങളില്‍ സംഭവിക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ സമയങ്ങളില്‍ വേള്‍ഡ് ബാങ്കും മറ്റു സംവിധാനങ്ങളും സഹായത്തിന്റെ കപടമുഖങ്ങളുമായി പ്രത്യക്ഷപ്പെടും. പെട്ടന്നുള്ള പ്രതിസന്ധിയെ തരണം ചെയ്യാന്‍ ആയിരക്കണക്കിന് കോടികളാണ് കടമായി രാജ്യങ്ങള്‍ സ്വീകരിക്കുന്നത്.
പിന്നീട് വര്‍ഷംതോറും രാജ്യത്തിന്റെ ഉല്‍പാദന വരുമാനത്തില്‍ നിന്ന് കോടികള്‍ പലിശയിനത്തില്‍ അടക്കേണ്ടി വരുന്നു. ഇതുകൊണ്ടാണ് വികസ്വര രാജ്യങ്ങള്‍ക്ക് പെട്ടന്നൊന്നും കരകയറാന്‍ സാധിക്കാത്ത അവസ്ഥ വരുന്നത്.
ഒരു രാജ്യം ഉല്‍പാദിപ്പിക്കുന്ന ലാഭം അവിടെ തന്നെ ഇറക്കി ഉല്‍പാദനങ്ങളില്‍ വര്‍ദ്ധനവ് വരുത്തുമ്പോഴാണ് രാജ്യത്തിന് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷ ലഭിക്കുന്നത്. എന്നാല്‍ കോടികള്‍ പലിശയിനത്തില്‍ അടക്കേണ്ടി വരുന്ന രാഷ്ട്രങ്ങള്‍ക്ക് പിന്നീട് രാജ്യത്തിനകത്ത് ഉല്‍പാദനത്തിനുള്ള സമ്പത്ത് അധികമായൊന്നും ലഭിക്കുകയില്ല. അവ എന്നും വികസ്വര രാഷ്ട്രങ്ങളായി തന്നെ നിലകൊള്ളും.
ലോകത്ത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം?
എന്താണ് ഇത്തരമൊരു അപകടത്തില്‍നിന്ന് രക്ഷയെന്ന് ആലോചിക്കുന്നവര്‍ക്കുമുമ്പില്‍ പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത് ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയാണ്. ഈ സമ്പദ്‌വ്യവസ്ഥ പ്രധാനമായും മുന്നോട്ടുവെക്കുന്ന രണ്ട് ആശയങ്ങള്‍ -ഒന്ന്, പലിശ നിര്‍മാര്‍ജ്ജനവും, മറ്റൊന്ന് സക്കാത്തിന്റെ വ്യാപനവുമാണ്.
പ്രയാസത്തിന്റെ കയ്പ്പുനീര് കുടിക്കുന്നവര്‍ക്ക് ഇസ്‌ലാം സക്കാത്ത് എന്ന അതിസുന്ദരമായ വ്യവസ്ഥയിലൂടെ കൈത്താങ്ങാകുന്നു. ഇവിടെ ഒരിക്കലും കപടതയുടെ മുഖമില്ല.
സക്കാത്തിന്റെ പരിധിയില്‍ വരാത്തവര്‍ക്ക് മുമ്പില്‍ ഇസ്‌ലാം വെക്കുന്ന നിയമമാണ് വായ്പയും സ്വദഖയും
”ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (അല്‍ ബക്വറ:280)
ഇസ്‌ലാമിന്റെ സാമ്പത്തിക ഇടപാട് ചൂഷണത്തില്‍നിന്നും അക്രമത്തില്‍നിന്നും വിമുക്തമാണ് എന്നാണ് ഈ ആയത്ത് പഠിപ്പിക്കുന്നത്. കടം വീട്ടാന്‍ സമയത്തിന് കഴിയാത്തവന് അവധി നീട്ടിക്കൊടുക്കണം. അല്ലെങ്കില്‍ ഒഴിവാക്കി കൊടുക്കണം. അങ്ങനെയെങ്കില്‍ അതാണ് ഉത്തമം എന്നാണ് ഇസ്‌ലാമിക നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *