നാസ്തികവാദത്തിന്റെ തകര്‍ച്ച

”ദൈവം ഉണ്ട് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു” (എം.ടി വാസുദേവന്‍ നായര്‍, മാതൃഭൂമി വാരാന്തപ്പതിപ്പ്, 2017 ഓഗസ്റ്റ് 6)
മനുഷ്യമനസ്സിന്റെ സഹജവും സ്വാഭാവികവുമായ ആവശ്യമാണ് അലൗകികമായ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നത്. പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ക്കും ആശയങ്ങള്‍ക്കും കീഴ്‌പ്പെടാതിരിക്കുന്ന കാലത്തോളം മനസ്സ് വിശ്വാസത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. വിവിധ മതവിശ്വാസ ചുറ്റുപാടുകളില്‍ ജനിച്ചുവളര്‍ന്ന മനുഷ്യര്‍ വളര്‍ന്നുവരുന്ന സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും അവര്‍ക്കുള്ളില്‍ അടിഞ്ഞുകൂടുന്ന പ്രവണതയാണ് വിശ്വാസം എന്ന നിലക്കുള്ള പഠനങ്ങളും വിശകലനങ്ങളും ഇന്ന് നിലനില്‍ക്കുന്നുണ്ട്. സാമൂഹ്യമനസ്സിന്റെ സ്വാധീനത്തിന് വ്യക്തിമനസ്സ് വഴിപ്പെടുക എന്ന അര്‍ത്ഥത്തിലാണ് ഇത്തരം നിരീക്ഷണങ്ങളെ കാണേണ്ടത്. സ്വാഭാവികമായും വ്യക്തി ജീവിക്കുന്ന സമൂഹത്തിന്റെ വിശ്വാസരീതികളുടെ സ്വഭാവം ആ വ്യക്തിയുടെ വിശ്വാസങ്ങള്‍ക്കും ഉണ്ടാകുന്നത് ഇത്തരമൊരു സ്വാധീനത്തിന്റെ ഫലമായിട്ടാണ് എന്നു പൊതുവില്‍ വിലയിരുത്തപ്പെടുന്നുണ്ട്. സാമൂഹ്യജീവിതമാണ് മതങ്ങളെയും വിശ്വാസങ്ങളെയും ഉല്‍പാ
ദിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നത് എന്ന മതവിദഗ്ധരുടെ വാദഗതികള്‍ക്ക് ബലം നല്‍കുകയാണ് വ്യക്തിയില്‍ സമൂഹമനസ്സിന്റെ സ്വാധീനം എന്ന ആശയം. വിശ്വാസത്തെക്കുറിച്ചുള്ള ഭൗതിക വിശകലനമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ.
മനുഷ്യന്റെ വളര്‍ച്ചയുടെയും നിലനില്‍പിന്റെയുമൊക്കെ സ്വാഭാവിക പശ്ചാത്തല ഘടകം സമൂഹമായിരിക്കയാല്‍ വ്യക്തിമനുഷ്യനെ അവന്റെ സാമൂഹ്യപശ്ചാത്തലങ്ങളില്‍ നിന്ന് വേറിട്ടു മനസ്സിലാക്കുക പ്രയാസമാണ്. ഒറ്റപ്പെട്ട നിലയില്‍ കാട്ടില്‍ ജീവിക്കുന്ന അവസ്ഥ ഒരു മനുഷ്യനു വന്നാല്‍ അവന്റെ ഭാഷയും ചിന്താശേഷിയും ആശയവിനിമയത്തിന്റെ ചോദനകളും ഉള്‍പ്പെടെ എല്ലാം നശിച്ചുപോ
കുമെന്നാണ് പൊതുവായി മനസ്സിലാക്കപ്പെടുന്നത്. ഒരു നവജാത ശിശുവിനെ കാട്ടിലോ, മനുഷ്യസമ്പര്‍ക്കമില്ലാത്ത ഇടങ്ങളിലോ വളര്‍ത്തിയെടുത്താലുണ്ടാകുന്ന അവസ്ഥ മേല്‍പറഞ്ഞതായിരിക്കും എന്ന ധാരണ ശക്തമാണ്. എന്നാല്‍ ശാസ്ത്രപഠനലോകത്ത് അത്തരത്തില്‍ ഒരന്വേഷണമോ പഠനമോ ഇന്നുവരെ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. കരടി വളര്‍ത്തിയ കുട്ടിയെയും കുരങ്ങു വളര്‍ത്തിയ മനുഷ്യനെയും കുറിച്ചൊക്കെ നിലനില്‍ക്കുന്ന കഥകള്‍ കേവലം ഭാവനാത്മകതകള്‍ മാത്രമാണ്. മനുഷ്യക്കുഞ്ഞിനെ പരീക്ഷണ വസ്തുവാക്കുന്ന ഒരു പരീക്ഷണത്തിന് ശാസ്ത്രലോകത്തിന്റെ നൈതിക-മാനുഷിക ബോധം ഇതുവരെയും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മനുഷ്യസമ്പര്‍ക്കങ്ങളില്‍ നിന്നകന്നു വളര്‍ന്നുവരുന്ന കുട്ടികളുടെ ബുദ്ധിപരവും ചിന്താപരവുമായ ശേഷികളും സ്വഭാവങ്ങളും ഇത്തരത്തിലായിരിക്കും എന്നതു സംബന്ധിച്ച് പരീക്ഷണ-നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ വിവരങ്ങളൊന്നും നമുക്ക് ഇതുവരെ ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. മനുഷ്യജീവിയെ അതിന്റെ സാമൂഹിക പരിസരങ്ങളില്‍ നിന്ന് വേര്‍പെടുത്തി വളര്‍ത്തുന്ന ഒരു പരീക്ഷണം മനുഷ്യത്വത്തിന് നിരക്കുന്നതല്ല.
എന്നാല്‍ ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയും വിവിധ ശാസ്ത്രശാഖകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വികാസവും മനുഷ്യനെയും ഏതവസ്ഥകളിലെയും അവന്റെ പെരുമാറ്റ രീതികളെയും കുറിച്ച് അറിവു നല്‍കുന്നവയാണ്. ഒരു നവജാത ശിശുവിനെ കാട്ടില്‍ വളര്‍ത്തിയാല്‍ അതിനെന്തു സംഭവിക്കുന്നു എന്ന് സംശയരഹിതമായി വിശദീകരിക്കുവാന്‍ ആ മനുഷ്യക്കുഞ്ഞിനെ കൊടുംകാട്ടില്‍ ഉപേക്ഷിക്കേണ്ട ആവശ്യം ഇന്നില്ല. മനു
ഷ്യന്റെ സമ്പര്‍ക്ക പശ്ചാത്തലം ഇല്ലാതെ വളരുന്ന മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാകുന്നതെന്തെല്ലാം, അവരില്‍ അവശേഷിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നവ എന്തെല്ലാം എന്നൊെക്ക ഇന്ന് കണ്ടെത്തുവാന്‍ ശാസ്ത്രപഠനരീതികള്‍ സഹായകമാണ്. ഇത്തരത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സമൂഹമാണ് വിശ്വാസത്തിന്റെ അടിസ്ഥാനബീജം മനു
ഷ്യമനസ്സില്‍ ഇടുന്നതെന്ന വാദത്തെ നിരാകരിക്കുന്നു എന്നതാണ് നമുക്കിവിടെ പ്രസക്തമായ വിഷയം. മനുഷ്യസമ്പര്‍ക്കമില്ലായ്മയിലൂടെയും സാമൂഹ്യപശ്ചാത്തലത്തിന്റെ അഭാവത്തിലൂടെയും മനുഷ്യനു നഷ്ടമാകുന്ന ഘടകങ്ങള്‍ വളരെ കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. മാനസികമായ, ബുദ്ധിപരമായ പല ഘടകങ്ങളും അങ്ങനെ നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലുണ്ട്. ഭാഷ, പെരുമാറ്റ
രീതികളിലെ മനുഷ്യചട്ടക്കൂട്, പുറം ലോകത്തെക്കുറിച്ചുള്ള അറിവില്‍ നിന്നും വികസിക്കുന്ന പ്രജ്ഞയും വിവേകവും, ജീവിതത്തെ നിര്‍ണയിക്കുന്ന ലക്ഷ്യബോധം, എന്നിവയൊന്നും അത്തരമൊരു മനുഷ്യജീവിയില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ അവനില്‍ മനുഷ്യന്റേതായ ചിന്തയും മനസ്സും ബുദ്ധിയും ഉണര്‍ന്നു തന്നെയിരിക്കും. അവയെ മനുഷ്യനില്‍ നിന്ന് മായ്ച്ചുകളയാന്‍ മനുഷ്യസമ്പര്‍ക്ക വിഛേദനം കൊണ്ട് കഴിയുകയില്ല എന്ന വാസ്തവത്തിന് പഠന-ഗവേഷണങ്ങള്‍ അടിവര ചാര്‍ത്തുന്നു.
അറിവുകള്‍, അവബോധങ്ങള്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള സവിശേഷമായ ജ്ഞാനം എന്നിവയൊക്കെ രൂപപ്പെടുത്തുന്നതില്‍ സാമൂഹ്യസമ്പര്‍ക്കങ്ങളും മനുഷ്യസഹവാസവും ആവശ്യമാണ് എന്നംഗീകരിക്കുന്ന ആധുനിക മനഃശാസ്ത്രം പക്ഷേ മനുഷ്യനില്‍ ജന്മനാ രൂപംകൊണ്ട് വികസിക്കുന്ന മനസ്സിന്റെ കാര്യത്തില്‍ ഈ ഘടകങ്ങളുടെ സാന്നിധ്യം ആവശ്യമില്ലെന്ന പക്ഷത്താണ്. നവജാത ശിശു വളര്‍ന്നുവരുന്നതോടൊപ്പം തന്നെ അവനിലെ മനസ്സും വികസിച്ചുകൊണ്ടിരിക്കും. മനസ്സിന്റെ പ്രകാശന ഉപാധികളിലൊന്നായ ഭാഷയും സംസാരവും ഇല്ലാത്ത മനുഷ്യനിലും അവന്റെ മനസ്സ് സജീവമായിരിക്കും. ഏതാണ്ട് ഒരു കണ്ണാടി പോലെയാണ് മനുഷ്യമനസ്സും അവന്റെ ചുറ്റപാടും തമ്മിലുള്ള ബന്ധം. അതില്‍ പതിയുന്നവയെ അത് മനുഷ്യസാധ്യമായ വിധത്തില്‍ പ്രകാശിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. സഹജമായി തന്നെ മനുഷ്യമനസ്സില്‍ രൂപം കൊള്ളുന്ന ആദിമചോദനകളില്‍ ഒന്നാണ് സത്യത്തില്‍ ദൈവവിശ്വാസമെന്നത്. മനുഷ്യന്റെ പ്രകൃതിയും സൃഷ്ടിഘടനയും അത്തരത്തിലാണ്. അതീതവും പരമപ്രധാനവുമായ ഒരു അലൗകിക ശക്തിയുണ്ട് എന്ന വിശ്വാസത്തിലെത്തുന്നതിന് ഒരു ശാസ്ത്രത്തിന്റെയും പിന്‍ബലം മനുഷ്യമനസ്സിന് ആവശ്യമില്ല. പക്ഷേ ആ വിശ്വാസത്തെ സംസ്‌കരിക്കുകയും വിപുലപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് അറിവുകളും സമ്പര്‍ക്കങ്ങളും ആവശ്യമായി വരുന്നു. സമൂഹവും, വ്യക്തി ജനിച്ചു വളര്‍ന്നു ജീവിക്കുന്ന ചുറ്റുപാ
ടികളിലും, നിര്‍വഹിക്കുന്നത് അത്തരം സംസ്‌കരണ-വിപുലീകരണ-വികസന ദൗത്യങ്ങള്‍ മാത്രമാണ്. സമൂഹത്തിന്റെ സ്വാധീനോല്‍പന്നമാണ് വിശ്വാസമെന്ന മിഥ്യ ഈ വസ്തുതകളുടെ വെളിച്ചത്തിലാണ് തകരുന്നത്. മനുഷ്യ സന്വര്‍ക്കമില്ലാതെ ജീവിക്കുന്ന ഒരു കുഞ്ഞിന്റെ ഉള്ളില്‍പോലും ദൈവവിശ്വാസത്തിന്റെ സഹജമായ സാന്നിധ്യമുണ്ടായിരിക്കും. മൃഗങ്ങളില്‍പോലും അവയുടെ ജീവിതക്രമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു മനസ്സിന്റെ സാന്നിധ്യമുണ്ട് എന്നതു നിഷേധിക്കാനാവില്ല. അതുകൊണ്ടാണ് മൃഗങ്ങള്‍ അവയുടെ പെരുമാറ്റങ്ങളെ നിയന്ത്രിച്ചു വരുന്നത്.
ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ ദൈവാസ്തിത്വം നിഷേധിക്കുവാന്‍ ശ്രമിക്കുന്ന നാസ്തികവാദികള്‍ക്ക് പരാജയം നേരിടേണ്ടി വന്നത് മനുഷ്യമനസ്സും ആസ്തികബോധവും തമ്മിലുള്ള ബന്ധം തികച്ചും സഹജമായതുകൊണ്ടാണ്. കഴിഞ്ഞ നാലു നൂറ്റാണ്ടിനിടയില്‍ ലോകത്തിന് മികച്ച ആശയങ്ങള്‍ സംഭാവന ചെയ്ത ശാസ്ത്രപ്രതിഭകളുടെ മൊത്തം സംഖ്യയില്‍ നാസ്തിക ചിന്താഗതി പുലര്‍ത്തിയവര്‍ വളരെ തുച്ഛമായിരുന്നു എന്നുകാണാം. നാസ്തിക ചിന്തയില്‍ നിന്നുതുടങ്ങിയ പല ശാസ്ത്ര പ്രതിഭകളും അവരുടെ ചിന്തയുടെ അവസാനത്തില്‍ ചെന്നെത്തിയത് ആസ്തിക ചിന്തയില്‍ തന്നെയാണ്. ശാസ്ത്രത്തിന്റെ നേട്ടങ്ങളും ആസ്തിക ബോധവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ബാലിശമാണ് എന്ന നിലപാടിലാണ് ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്ര പ്രതിഭകളില്‍ ബഹുഭൂരിപക്ഷവും ആത്യന്തികമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. മനുഷ്യന്റെ ബുദ്ധിയുടെയും അന്വേഷണ തൃഷ്ണകളുടെയും നേട്ടങ്ങളുടെ ആകെത്തുകയാണ് ശാസ്ത്രം. അതുകൊണ്ടു തന്നെ ശാസ്ത്രത്തിന്റെ സ്വഭാവം പരിണാമാത്മകമാണ്. പുതുതായി ഉരിത്തിരിയുന്ന അനുമാന-നിഗമന-ആദേശ തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രത്തിന്റെ മൗലിക അടിത്തറകള്‍ക്കു തന്നെയും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. ഓരോ നൂറ്റാണ്ടുകളിലെ പു
തിയ പുതിയ കണ്ടെത്തലുകളെക്കുറിച്ച് ആത്യന്തികമായ വിധി പ്രസ്താവങ്ങള്‍ നടത്തുന്നതില്‍ നിന്ന് ധിഷണാശാലികളായ പ്രതിഭകള്‍ പിന്തിരിഞ്ഞുനിന്നതും അതുകൊണ്ടാണ്. ഇന്നത്തെ ശാസ്ത്രസത്യം നാളെ ഒരു പഴങ്കഥയായി മാറിയേക്കാം എന്നതാണ് അനുഭവം. ഈ അനുഭവം ഏറ്റവും കൂടുതലുള്ള ഭൗതികശാസ്ത്രത്തെയാണ് നാസ്തികര്‍ അവരുടെ ദൈവവിരുദ്ധാശയങ്ങളുടെ അടിത്തറയാക്കുന്നത് എന്നത് കൗതുകകരമാണ്. മനുഷ്യബുദ്ധിക്കതീതമായ സത്യങ്ങളിലുള്ള വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കെട്ടുന്നത് ബാലിശവുമാണ്.
മനുഷ്യാതീതവും പ്രപഞ്ചാതീതവും ഭൗതികാതീതവുമായി ഒന്നുമില്ല എന്നതാണ് ഭൗതികവാദത്തിന്റെയും നാസ്തികവാദത്തിന്റെയും അടിത്തറ. എന്നാല്‍ മനുഷ്യനെയും പ്രപഞ്ചത്തെയും ചൂഴ്ന്നുനില്‍ക്കുന്ന ഒട്ടനവധി സമസ്യകളെ വിശദീകരിക്കുന്നതില്‍ ശാസ്ത്രവും ഭൗതികവാദവും പരാജയപ്പെടുന്നു. ”കൃത്യമായി പ്രാപ്യമല്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്” എന്ന ഒരാശയം എക്കാലവും ശാസ്ത്രത്തിന്റെ എല്ലാ പുരോഗതികള്‍ക്കും ഉപരിയായി ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു വരുന്നതിനിടയില്‍ തന്നെയാണ് മേല്‍പറഞ്ഞ ”ഭൗതികാതീതവും മനുഷ്യാതീതവും പ്രപഞ്ചാതീതവുമായി ഒന്നുമില്ല” എന്ന ചിന്താഗതിയെയും നാസ്തികര്‍ കൊണ്ടു നടക്കുന്നത്. ഇതില്‍നിന്നും ഉരിത്തിരിയുന്നത് ശാസ്ത്രത്തിന്റെ പേരുപയോഗിച്ച് സ്വന്തം വ്യക്തിപരമായ നിഗമനങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് ശാസ്ത്രാധിഷ്ഠിത നാസ്തികവാദക്കാര്‍ ചെയ്യുന്നത് എന്നാണ്. രാസപരീക്ഷണങ്ങളുടെയോ ഊര്‍ജ്ജതന്ത്രത്തിന്റെയോ ജൈവപഠനങ്ങളുടെയോ പിന്‍ബലമില്ലാതെ തന്നെ മനുഷ്യരാശിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ദൈവാസ്തിത്വ ചിന്ത. എന്നാല്‍ അതിനെ നിഷേധിക്കുവാനാണ് നാസ്തികര്‍ ശാസ്ത്രത്തെ അവലംബിക്കുന്നത്. വിശ്വാസത്തെയും ആസ്തികതയെയും സ്ഥാപിക്കുവാന്‍ ശാസ്ത്രത്തെ അവലംബിക്കേണ്ട ആവശ്യം ആസ്തികവാദികള്‍ നേരിടാതിരിക്കുമ്പോള്‍ നാസ്തികവാദികള്‍ക്ക് സ്വന്തം വാദം സ്ഥാപി
ക്കുവാന്‍ ശാസ്ത്രത്തെ പ്രമാണമാക്കേണ്ടി വരുന്നത് നാസ്തികതയുടെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നത്. വളരെ ലളിതവും സഹജവുമായ ഒരു ഘടകമാണ് വിശ്വാസമെങ്കില്‍ അതിനെതിരായ അവിശ്വാസം അങ്ങനെ ചില സങ്കീര്‍ണമാനങ്ങള്‍ തേടുന്നതു കാണാം.
ആധുനിക നൂറ്റാണ്ടില്‍ വിശ്വാസവും ദൈവനിഷേധവും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളില്‍ ഇരുഭാഗത്തും ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന പ്രവണത സജീവമായിരിക്കുന്നു. യൂറോപ്പിലും പാ
ശ്ചാത്യസമൂഹങ്ങളിലും ക്രൈസ്തവ മതപ്രവാചകരാണ് മതനിഷേധത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ ലക്ഷ്യമാക്കി ശാസ്ത്രത്തെ ‘മതവല്‍ക്കരിക്കാന്‍’ ശ്രമിച്ചത്. ദൈവവിശ്വാസത്തിന്റെ അടിത്തറയിളക്കുന്നതാണ് ശാസ്ത്രത്തിന്റെ മുന്നേറ്റം എന്ന തെറ്റിദ്ധാരണയാണവരെ നയിച്ചതെന്നു കാണാം. എന്നാല്‍ സംശുദ്ധ ശാസ്ത്രത്തിന്റെ ദിശയാവട്ടെ വിശ്വാസവും ദൈവാസ്തിത്വ ചിന്തയുമായി സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നതായിരുന്നില്ല ഒരു കാലത്തും. ദൈവത്തെ നിഷേധിക്കുകയോ സ്ഥാപിക്കുകയോ ചെയ്യേണ്ട ഒരാവശ്യവും ശാസ്ത്രത്തിനില്ല. ശാസ്ത്രം നേടിയെടുത്ത നേട്ടങ്ങളില്‍ ഒന്നുപോ
ലും ആസ്തികബോധവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നില്ല. എന്നാല്‍ ശാസ്ത്രനേട്ടങ്ങളെ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ തികച്ചും സ്വകാര്യമായ വിശ്വാസ നിലപാടുകളും ആസ്തികതക്കെതിരായ ബോധപൂര്‍വമായ നിഷേധാത്മകതകളും ശാസ്ത്രത്തിന്റെ നേട്ടങ്ങളുടെ വ്യാഖ്യാന-വിശദീകരണങ്ങളില്‍ കലര്‍ത്തപ്പെടുകയും അങ്ങനെ ”ശാസ്ത്രപുരോഗതി ദൈവത്തിനും ദൈവവിശ്വാസത്തിനും എതിരാണ്” എന്ന തെറ്റായ ധാരണ രൂപീകരിക്കപ്പെടുകയുമാണ് സംഭവിച്ചത്. മറുവശത്ത് ആസ്തികവാദത്തിന് ശാസ്ത്രീയത വരുത്തുവാന്‍ ശ്രമിച്ച കേവലവാദികളായ ക്രൈസ്തവ മതപ്രബോധകര്‍ ‘വിശ്വാസത്തിന്റെ ഭൗതികശാസ്ത്രം’ കണ്ടെത്തുവാനുള്ള വൃഥാശ്രമങ്ങളിലും വ്യാപൃതരാവുകയുണ്ടായി.
നാസ്തികര്‍ സ്വയം കരുതുകയും തെറ്റായി മുന്‍വിധി പുലര്‍ത്തുകയും ചെയ്യുന്ന ഒരു കാര്യമാണ് വര്‍ത്തമാനകാല മനുഷ്യരാശിയില്‍ ദൈവവിശ്വാസമില്ലാത്തവരുടെ സംഖ്യ, ഉള്ളവരേക്കാള്‍ കൂടുതലാണ് എന്നത്. ഇതിനവര്‍ ചൂണ്ടിക്കാട്ടുന്ന ന്യായീകരണങ്ങള്‍ പലതാണ്. പാശ്ചാത്യ-യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ക്രൈസ്തവസഭകളുടെ തകര്‍ച്ചയും, സമ്പന്ന രാഷ്ട്രങ്ങളിലെ ജനജീവിതത്തില്‍നിന്ന് വിശ്വാസത്തിന്റേതായ ജീവിതശീലങ്ങള്‍ അപ്രത്യക്ഷമായതും, ശാസ്ത്രീയമായി ജീവിതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രത്യേകിച്ച്, യുവ-പു
തുതലമുറയുടെ വര്‍ദ്ധനവും നവമാധ്യമങ്ങളും വിവരസാങ്കേതികതയും തുറന്നുനല്‍കിയ വിജ്ഞാന-ആശയ വിനിമയ സാധ്യതകളുമൊക്കെ നവനാസ്തികര്‍ ദൈവവിശ്വാസത്തിന്റെ അപചയത്തിനും തകര്‍ച്ചക്കും തെളിവുകളായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിശബ്ദമായ ഒരു വിശ്വാസവിപ്ലവമാണ് ആധുനികാനന്തര ഘട്ടത്തില്‍ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുന്‍നൂറ്റാണ്ടുകളിലേതില്‍ നിന്ന് വ്യത്യസ്തമായി വിശ്വാസത്തെ ഏറ്റുപറയുകയും അതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് പകരം വ്യക്തിപരമായ ഒരു ആത്യന്തിക സമാശ്വാസമായി അതിനെ വിനിയോഗിക്കുകയാണ് വര്‍ത്തമാനകാല മനുഷ്യരാശിയില്‍ ഏറെപ്പേരും ചെയ്തുകൊണ്ടിരിക്കുന്നത്. ആധുനികജീവിതം തുറന്നുനല്‍കുന്ന ആസ്വാദനങ്ങളുടെയും ആഢംബര ജീവിതസാധ്യതകളുടെയും നിരന്തര വ്യാപരണങ്ങള്‍ക്കിടയിലും ചിന്താശേഷിയും മനനശീലവുമുള്ള എല്ലാ മനുഷ്യരും വിശ്വാസം എന്ന അലൗകിക സമാശ്വാസത്തെ ആശ്രയിക്കുന്നുണ്ട്. ഇംഗ്ലണ്ടിലും യൂറോപ്പിലും ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് ആശയവിനിമയം നടത്തുമ്പോള്‍ നമുക്ക് വളരെ പെട്ടെന്നു തന്നെ ആ മനുഷ്യസഞ്ചയത്തിനുള്ളില്‍ ഗാഢമായി പതിഞ്ഞുകിടക്കുന്ന ആസ്തികബോധം തിരിച്ചറിയുവാന്‍ കഴിയും. വിവരസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ പുതുതലമുറ പോലും ഉള്ളില്‍ വിശ്വാസത്തിന്റെതായ ഒരു തരിവെട്ടം കെടാതെ സൂക്ഷിക്കുന്നവരാണ്.
ആധുനിക മനുഷ്യന്റെ ഏറ്റവും അപകടകരമായ ഒരു അസ്തിത്വ പ്രതിസന്ധി ജീവിതം അവനെ വല്ലാതെ വരിഞ്ഞുമുറുക്കുന്നു എന്നതാണ്. അലൗകികവും അഭൗമ സൗന്ദര്യങ്ങള്‍ നിറഞ്ഞതുമായ അനുഭവങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും എത്തിച്ചേരാനാവാതെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും അവന്റെ ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറുകളെയും അപഹരിച്ചെടുക്കുന്നു. കാലവും ജീവിതവും ഒഴുകിപ്പോകുന്ന ദിശയില്‍ അവനും സഞ്ചരിക്കുന്നു. ഇതിനിടയില്‍ വിശ്വാസത്തെയും അസ്തിത്വത്തെയും ജീവിതത്തിന്റെ ആത്യന്തിക പൊരുളുകളെയും മനുഷ്യജീവിയുടെ ആവിര്‍ഭാവ ലക്ഷ്യങ്ങളെയുംകുറിച്ച് ചിന്തിക്കുവാന്‍ സമയം കുറയുന്നു. ഇതിന്റെ വിമ്മിഷ്ടങ്ങളും അസ്വസ്ഥതകളും അവന്റെ ജീവിതത്തിലേക്ക് നിരാശകളായും സന്ദേഹങ്ങളായും ശൂന്യതാബോധമായും തിരയടിച്ചെത്തുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിയില്‍ ലോകവ്യാപകമായി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിനിയോഗം വര്‍ദ്ധിക്കാന്‍ കാരണമായത് ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന ആന്തരിക പ്രതിസന്ധികളാണ്. മൂക്കറ്റം മദ്യപിച്ചശേഷം ദൈവത്തെ വിളിച്ചു കരയുന്ന മനുഷ്യരെ നമുക്ക് ഇന്‍ഡ്യന്‍ നഗരങ്ങളില്‍ കാണാം. ഇത്ര വിശ്വാസിയാണെങ്കില്‍ ഇയാളെന്തിനു മദ്യപിക്കുന്നു എന്ന് സാധാരണഗതിയില്‍ നമുക്ക് തോന്നും. എന്നാല്‍ അത്തരം ഉന്മത്തരായ വിശ്വാസികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം അവര്‍ക്കുള്ളിലുള്ള ആസ്തികബോധത്തിന്റെ ദാര്‍ഢ്യത്തെ ജീവിതവുമായി ബന്ധിപ്പിച്ച് വികസിപ്പിക്കുവാനും വിനിയോഗിക്കുവാനും അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കില്‍ അവന് മദ്യത്തിന്റെ ലഹരിയെ ആശ്രയിക്കേണ്ടി വരുമായിരുന്നില്ല. വിശ്വാസവും ആസ്തികബോധവും മനുഷ്യജീവിതത്തിനു നല്‍കുന്ന പ്രയോജനങ്ങളെ ജീവിതാനുഭവങ്ങളുടെ തന്നെ വെളിച്ചത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാള്‍ക്കു മാത്രമേ മിഥ്യയായ ആനന്ദങ്ങളെ കയ്യൊഴിഞ്ഞ് ശരിയായ ആനന്ദമായി വിശ്വാസത്തെ വിനിയോഗിക്കാനാവൂ.
ഈ നൂറ്റാണ്ടിലെ എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം സത്യത്തില്‍ ആസ്തികവാദികള്‍ തന്നെയാണ്. ലിയോ ടോള്‍സ്റ്റോയ് ഒരു നൂറ്റാണ്ടു മുമ്പുതന്നെ ആസ്തികതയും മനുഷ്യന്റെ ആവിഷ്‌കാരശേഷിയും തമ്മിലുള്ള ശാശ്വതമായ ബന്ധത്തെക്കുറിച്ച് മനുഷ്യരാശിയെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ”ശരിയായ ലക്ഷ്യത്തോടെ നിര്‍വഹിക്കപ്പെടുന്ന ഏതുതരം ആവിഷ്‌ക്കാരവും ആസ്തികമായ ഉള്ളടക്കങ്ങള്‍ ഉള്ളവയായിരിക്കും” എന്ന് ലിയോ ടോള്‍സ്റ്റോയ് പറയുന്നുണ്ട്. വാസ്തവാധിഷ്ഠിതമായ പ്രപഞ്ചജീവിതത്തിനു പകരമാകാന്‍ ഭാവനാധിഷ്ഠിതമായ സര്‍ഗഉല്‍പന്നങ്ങള്‍ക്ക് ഒരു കാലത്തും സാധിക്കുകയില്ല. വാസ്തവാധിഷ്ഠിതമായ പ്രപഞ്ചജീവിതമാകട്ടെ ഏതൊരു സര്‍ഗപ്രതിഭയെയും ആസ്തികബോധത്തിലേക്ക് നിരന്തരം പിന്‍വിളിച്ചുകൊണ്ടിരിക്കുന്ന അനുഭവ നൈരന്തര്യങ്ങളുടേതാണ്. വ്യക്തികള്‍ക്ക് ചിരപരിചിതങ്ങളായ വിശ്വാസങ്ങളുടെ പ്രാകൃതമെന്നും അവികസിതമെന്നും തോന്നാവുന്ന ഘടകങ്ങളുടെ പശ്ചാത്തലത്തിലായിരിക്കാം ചില പ്രതിഭകള്‍ അവര്‍ക്കുള്ളിലെ ആസ്തിക ദാര്‍ഢ്യത്തിന് പ്രകടനാവസരം ഒരുക്കുന്നത്. എന്നാല്‍തന്നെയും ‘നാസ്തികത’ എന്ന അസ്വാഭാവികതക്ക് അത്തരം പ്രകടനങ്ങള്‍ എതിരാകുന്നുണ്ട്. മലയാളത്തിലെ ഇന്നും ജീവിച്ചിരിക്കുന്ന സാഹിത്യപ്രതിഭകളില്‍ ഒന്നാം സ്ഥാനം കല്‍പിക്കപ്പെടുന്ന എം.ടി വാസുദേവന്‍ നായര്‍ക്ക് എണ്‍പത്തിനാല് വയസ്സ് പൂര്‍ത്തിയാകുന്ന വേളയിലാണ് മാതൃഭൂമി ലേഖകനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ”ദൈവമുണ്ട് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു” എന്ന് തന്റെ ആസ്തിക മനോഭാവത്തെ സംശയരഹിതമായി തുറന്നുപറയുന്നത്. ഒരു വലിയ വെളിപ്പെടുത്തലായി അതു മാറുന്നത് ‘സര്‍ഗപ്രതിഭകള്‍ക്കുള്ളില്‍ വിശ്വാസം എക്കാലവും സജീവമായി നിലനില്‍ക്കുന്നു’വെന്ന ടോള്‍സ്റ്റോയിയുടെ ഒരു നൂറ്റാണ്ടു മുമ്പത്തെ പ്രസ്താവനയുടെ വെളിച്ചത്തിലാണ്.
മ്മ
ഗ്രന്ഥാവലി

1. Betty Shine -‘Mind Magic’-Bantam, New York -1991
2. Paul Davies -‘God and the New Physics’ -Simon & Schuster, New York -1990
3. Deepak Chopra and Leonard Mlodinow -‘Is God an Illusion?’ -Rider, London -2012
4. James Jeans -‘Philosophical aspect of modern science’ -George Allan and win -1932
5. Michael Talbot -‘Mysticism and the New Physics’ -Bantam, New York -1981
6. Valerie Hunt -‘Infinite Mind’ -Malibu Publishing Company -1996
7. Leo Tolstoy -‘What is Art’ -Herit -1980

Leave a Reply

Your email address will not be published. Required fields are marked *