ദൈവാസ്തിത്വം: ശാസ്ത്രം പറയുന്നത്

നിരീശ്വരവാദം പല രൂപത്തിലും ഭാവത്തിലും സമൂഹത്തില്‍ വന്ന് പോയിട്ടുണ്ട്. ദൈവത്തിനോ, സ്രഷ്ടാവിനോ പ്രപഞ്ചാതീതമായ മറ്റൊന്നിനോ അസ്തിത്വമനുവദിച്ച് കൊടുക്കില്ല എന്ന സംഘടനാപിടിവാശിക്ക് ഇന്നിവര്‍ തന്നെ അവകാശപ്പെടുന്ന പേര് യുക്തിവാദമെന്നാണ്. അറിവില്ലാത്തൊരു വിഷയത്തില്‍ അന്വേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുക എന്നതാണ് യുക്തിയുടെയും ശാസ്ത്രത്തിന്റെയും രീതിയെന്നിരിക്കെ ഇല്ലാ എന്ന റെഡിമെയ്ഡ് മുന്‍ധാരണയുടെ പുറത്ത് ദൈവത്തിന് നേരെയുള്ള സകലവിധ അന്വേഷണ നിരീക്ഷണ ചിന്തകള്‍ക്കും താഴിടുന്ന നിരീശ്വര അന്ധവിശ്വാസികള്‍ സ്വയം യുക്തിവാദികളെന്ന് പൊങ്ങച്ചം പറയുന്നത് യുക്തിയോട് തന്നെ ചെയ്യുന്ന ആഭാസകരമായ ക്രൂരതയല്ലാതെയെന്താണ്?
‘നമുക്കറിയില്ല അതുകൊണ്ട് അങ്ങനെയൊന്ന് ഇല്ല’ എന്ന് വാദിക്കുന്ന നിരീശ്വര യുക്തി തന്നെ ശാസ്ത്ര വിരുദ്ധതയുടെതും പ്രാചീനതയുടെതുമാണ്. അറിവില്ലാത്ത വിഷയങ്ങളിലെ അന്വേഷണങ്ങള്‍ തന്നെയാണ് മനുഷ്യനെയിന്ന് ശാസ്ത്രപുരോഗതിയുടെ ഉത്തുംഗതയില്‍ നിര്‍ത്തിയിരിക്കുന്നത്. നമുക്കൊരു വിഷയത്തില്‍ അറിവില്ലായെന്നതുകൊണ്ട് അങ്ങനെയൊന്ന് തന്നെയില്ല എന്ന് വാദിക്കുന്ന നിരീശ്വരയുക്തിവാദികളായിരുന്നു മുന്‍കാലശാസ്ത്രജ്ഞരെങ്കില്‍ ഇന്നീ കാണുന്ന ശാസ്ത്ര പുരോഗതിയിലേക്കൊന്നും മനുഷ്യര്‍ക്കെത്താന്‍ കഴിയില്ലായിരുന്നു. ഗവേഷണ നിരീക്ഷണങ്ങളിലൂടെ മുന്‍ധാരണകള്‍ തിരുത്തുകയോ പരിഷ്‌കരിക്കുകയോ ചെയുന്ന സമീപനമാണ് ശാസ്ത്രത്തിന്റെ methodology തന്നെ. അത് നിരന്തരമായ അന്വേഷണങ്ങളാണ്. അവിടെ ദൈവനിഷേധ കടുംപിടുത്തങ്ങള്‍ക്കുള്ള സ്ഥാനം ശാസ്ത്രത്തിന്റെ ചവറ്റുകൊട്ടയില്‍ മാത്രമായി ചുരുങ്ങുന്നു. പ്രപഞ്ചാതീതവും ഭൗതികേതരവുമായ ഒരസ്തിത്വത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ ദാര്‍ശനികമായെങ്കിലും അങ്ങനെയൊരു സാധ്യതയെ ഗ്രഹിക്കാനുള്ള മനോവികാസവും നിലവാരവും വേണം. എന്നാല്‍ ഭൗതികവാദം വ്യക്തിപരമായ അജ്ഞതയെ മാത്രമാണ് തുണക്ക് പിടിക്കുന്നത്. മനുഷ്യനെ സംബന്ധിച്ച് അവന്റെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നത് ഭൗമകേന്ദ്രീകൃതമായാണ്. ഭൂമിയില്‍ ജനിച്ച് ജീവിക്കുന്ന അവന്റെ ചിന്താമണ്ഡലം അവനെ ചുറ്റിയുള്ള പ്രകൃതിക്ക് സമാന്തരമായാണ് ഉരുത്തിരിയുന്നത്. പദാര്‍ത്ഥപരമായി അതിനപ്പുറമൊന്നുമില്ലെന്ന അന്ധമായ നിഷേധവാദം കൊണ്ട് ആ മസ്തിഷ്‌കത്തെ കബളിപ്പിക്കാനും എളുപ്പമായിരിക്കും. എന്നാല്‍ പൊട്ടക്കിണര്‍ മാത്രം ലോകമായിക്കരുതി ജീവിതം തീര്‍ക്കുന്ന തവളക്ക് സമാനമായ യുക്തി മാത്രമാണത്. മനുഷ്യമസ്തിഷ്‌കത്തിന്റെ ഘടനാപരമായ ന്യൂനതയെ വൃത്തികെട്ട രൂപത്തില്‍ ആശ്രയിക്കുകയും ന്യായീകരിക്കുകയുമാണ് ഇത്തരമൊരു യുക്തിവാദമെന്ന് ചുരുക്കം. മനുഷ്യമസ്തിഷ്‌കത്തിന്റെ ഈ രൂപത്തിലുള്ള ദുര്‍ബലാവസ്ഥകളെ മനസ്സിലാക്കാന്‍ ശാസ്ത്രനിലവാരത്തില്‍ തന്നെ ഇന്നൊരുപാട് ഉദാഹരണങ്ങള്‍ ലഭ്യമാണ്.
നാം ജീവിക്കുന്നത് മൂന്ന് സ്‌പേസ് ഡയമെന്‍ഷനുകളോടൊപ്പം സമയത്തിന്റേതായ ഒരു ഡയമെന്‍ഷനും കൂടിച്ചേര്‍ന്ന ചതുര്‍മാന ലോകത്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്‌പേസിന്റെതായ ഒരു ഡയമെന്‍ഷനില്‍ മാത്രമാണ് നില്‍ക്കുന്നതെന്ന് ഉദാഹരണമായി ഒന്ന് ചിന്തിച്ച് നോക്കുക. അവിടെയുണ്ടാവുക വശങ്ങളിലേക്കുള്ള ഒരു വര മാത്രമായിരിക്കും. അപ്പോള്‍ മുന്നോട്ടോ പിറകോട്ടോ മുകളിലേക്കോ താഴേക്കോ നോക്കിയാലോ? അങ്ങനെയുള്ള അവസ്ഥകളേ അവിടെയുണ്ടാവില്ല! എന്നുമാത്രമല്ല നമുക്ക് അങ്ങനൊരു അവസ്ഥയെ മനസ്സില്‍ കാണാനും
പറ്റില്ല! എന്നുമാത്രമല്ല അങ്ങനൊരു വണ്‍ ഡയമെന്‍ഷണല്‍ ലോകത്ത് ജീവിക്കുന്നവര്‍ക്ക് നമ്മുടെ ചതുര്‍മാന ലോകത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇനി ഈ ചതുര്‍മാനതലം മാത്രമാണോ നമ്മുടെ പ്രപഞ്ചം എന്നു ചോദിച്ചാല്‍ അതുമല്ല. അഞ്ചാമത്തെ ഡയമെന്‍ഷനെക്കുറിച്ച് പറയുന്ന കലുസാ ക്ലെയിന്‍ തിയറി മുതല്‍ 11 ഡയമെന്‍ഷനുകളെ predict  ചെയ്യുന്ന tsring theory വരെ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ നമ്മുടെ മസ്തിഷ്‌കത്തിന് കഴിയാത്തത് അവയൊന്നും ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്‌ക പരിധിയിലേക്ക് വരാത്തതാണ് എന്നത് കൊണ്ടാണ്. ഇനി ആപേക്ഷികതാ സിദ്ധാന്തമനുസരിച്ച് ഉയര്‍ന്ന വേഗതയിലും, ഉയര്‍ന്ന ഗുരുത്വ പ്രതലത്തിലുമെല്ലാം സമയം പതുക്കെയാവുമെന്നും നാം നില്‍ക്കുന്ന പ്രതലത്തിനും സ്ഥിതിക്കുമെല്ലാം ആപേക്ഷികമായാണ് സമയം പ്രവര്‍ത്തിക്കുന്നത് എന്നും ഗ്രഹിക്കാന്‍ ശ്രമിച്ചാലോ? അപ്പോഴും മസ്തിഷ്‌കപരമായ ഈ വൈചിത്ര്യം നമുക്ക് അനുഭവിക്കാന്‍ കഴിയും. കാരണം നമ്മുടെ നിത്യജീവിതപരിധിയില്‍ വരാത്ത ഇവയെല്ലാം നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറമാണ്.
ഇതിങ്ങനെയൊക്കെയാണെങ്കില്‍ തീര്‍ച്ചയായും സ്ഥലകാല നൈരന്തര്യങ്ങള്‍ക്ക് തുടക്കമാവുന്ന മഹാവിസ്‌ഫോടനത്തിനു ഹേതുവായ, ഈ പ്രപഞ്ചത്തിനെയും സ്ഥലകാല മാനങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവ് പദാര്‍ത്ഥപരമായ നമ്മുടെ സകലവിധ മുന്‍ധാരണകള്‍ക്കും അതീതനായിരിക്കുമല്ലോ? അങ്ങനെയുള്ളപ്പോള്‍ ശാസ്ത്രം ദൈവത്തേക്കണ്ടെത്തിയില്ലെന്നും അതുകൊണ്ട് ദൈവമില്ലെന്നും വാദിക്കുന്നത് എത്ര ബാലിശമാണ്. ഭൗതികലോകത്തെ പഠിക്കാന്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന tool ആണ് ശാസ്ത്രം തന്നെ. അങ്ങനെയുള്ള ശാസ്ത്രം എന്തുകൊണ്ട് ദൈവത്തെ പരാമര്‍ശിക്കുന്നില്ല എന്ന ചോദ്യം ട്രെയിന്‍ എന്തുകൊണ്ട് പറക്കുന്നില്ല എന്ന് ചോദിക്കുന്നതിന് സമാനമാണ്. ട്രെയിന്‍ പാ
ളത്തിലൂടെ സഞ്ചരിക്കാനായി തയ്യാറാക്കപ്പെട്ടതാണ് എന്നപോലെ ശാസ്ത്രം ഭൗതിക ലോകത്തെ പഠിക്കാനുള്ള മനുഷ്യന്റെ സംവിധാനമാണ്. അതുകൊണ്ട് ദൈവത്തെ ഖണ്ഡിക്കാന്‍ ഇറങ്ങുന്നവര്‍ക്കുള്ളത് ദൈവത്തിലുള്ള അജ്ഞതമാത്രമല്ല ശാസ്ത്രമെന്താണെന്നതിലുള്ള അടിസ്ഥാനപരമായ വിവരമില്ലായ്മ കൂടിയാണ്. (‘The purpose of science is to investigate the unexplained, not to explain the uninvestigated.’ -Dr. Stephen Rorke)
സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കാനാകണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം. അതിനുള്ള മാനസിക നിലവാരമില്ലെന്നാണല്ലോ ഇവര്‍തന്നെ ഇത്തരം വാദങ്ങളിലൂടെ തെളിയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദൈവാസ്തിത്വത്തെ ബോധ്യപ്പെടാനാണ് ശ്രമമെങ്കില്‍ നിഷ്പക്ഷ ബുദ്ധിയാല്‍ സൃഷ്ടിപ്രപഞ്ചത്തെ സമീപിക്കുന്ന ആര്‍ക്കും അത് വ്യക്തമാണ്. ശാസ്ത്ര നിരീക്ഷണങ്ങളുടെ രീതിശാസ്ത്ര പ്രകാരം നേരില്‍ക്കണ്ട് മനസ്സിലാക്കിയാല്‍ മാത്രമേ ഒന്നംഗീകരിക്കപ്പെടുകയുള്ളു എന്ന തീവ്ര ഭൗതിക നില അര്‍ത്ഥശൂന്യമാണ്. നമുക്ക് കാണാനും, ഉള്‍കൊള്ളാനും കഴിയുന്നതിലും എത്രയോ ചെറുതും, വലുതും, സങ്കീര്‍ണവുമായ പ്രതിഭാസങ്ങളാണ് ഈ പ്രപഞ്ചത്തില്‍ ഭൂരിഭാഗവും. ശാസ്ത്രീയമായി നാം അവയെ മനസ്സിലാക്കുന്നത് Indirective evidence കളുടെ സഹായത്തോടെയാണ്. ശാസ്ത്രത്തിന്റെ ഈ രീതിശാസ്ത്രം വെച്ച് പ്രപഞ്ചത്തെ ഗ്രഹിക്കാന്‍ ശ്രമിച്ചാല്‍ സ്ഥലകാല മാനങ്ങളെല്ലാം പൂജ്യമാവുന്ന ഒരവസ്ഥയില്‍ നിന്നുള്ള പ്രപഞ്ചോല്‍പത്തിക്ക് പ്രപഞ്ചവിഭിന്നമായ, ആദിഹേതുവായ ഒരസ്തിത്വം അനിവാര്യമാണ്. അടിസ്ഥാന ബലങ്ങള്‍ മുതല്‍ മൗലിക കണങ്ങള്‍ വരെയുള്ളവയുടെ മൂല്യങ്ങളിലെ ഗണിതശാസ്ത്ര കൃത്യതയും മനസ്സിലാക്കിത്തരുന്നത് ദൈവാസ്തിത്വത്തെ തന്നെയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നും തന്നെത്താനുണ്ടാവുന്നതായി ആരും അംഗീകരിക്കുന്നില്ലല്ലോ? ന്യുട്ടന്റെ ഒന്നാം ചലന നിയമമനുസരിച്ച് ബാഹ്യബലമില്ലാതെ ഒരു ചലനം പോലും സാധ്യമല്ലെന്നാണ്. അപ്പോള്‍ തീര്‍ച്ചയായും സ്ഥലകാല മാനങ്ങള്‍ പൂജ്യമായ ഭൗതികമായി നാമിന്നറിയുന്ന സകലത്തിന്റെയും അസാന്നിധ്യാവസ്ഥയില്‍ നിന്നും  ഇത്രയും ആസൂത്രിതമായ ഒരു പ്രപഞ്ചത്തിന്റെ പൊടുന്നനെയുള്ള ഉല്‍പത്തിക്ക് ഹേതുവായി ഒരസ്തിത്വം നിലനിക്കേണ്ടത് യുക്തിപരമായ അനിവാര്യതയാണ്. പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ മനസ്സിലാക്കിത്തരുന്നതും അതുതന്നെ.
ബ്രിട്ടീഷ് കോസ്‌മോളജിസ്റ്റും അസ്‌ട്രോഫിസിസ്റ്റുമായ മാര്‍ട്ടിന്‍ റീസ് പ്രപഞ്ചം പദാര്‍ത്ഥപരമായി കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിവിധ ഭൗതികവസ്തുതകളെ ഉദ്ധരിച്ച് സമര്‍ത്ഥിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒരു പ്രത്യേക അനുപാതത്തില്‍ സ്ഥിരമായി ഹൈഡ്രജന്‍ ഹീലിയം ആയിക്കൊണ്ടിരുന്നാലേ പ്രപഞ്ചം നിലനില്‍ക്കൂ. കൃത്യമായി പറഞ്ഞാല്‍ ഹൈഡ്രജന്റെ പിണ്ടത്തിന്റെ 0.07 ശതമാനം ഭാഗം ഊര്‍ജ്ജമായി മാറിക്കൊണ്ടിരിക്കണം. ആ തോത് അല്‍പം കുറഞ്ഞ് 0.06 ശതമാനമായിരുന്നെങ്കില്‍ പ്രപഞ്ചത്തിന്റെ ഈ രൂപാന്തരീകരണം സംഭവിക്കില്ലായിരുന്നു. അങ്ങനെ വന്നാല്‍ പ്രപഞ്ചത്തില്‍ ഹൈഡ്രജന്‍ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ലായിരുന്നു. ഇത്തിരി കൂടി 0.08 ശതമാനമായിരുന്നെങ്കില്‍ രൂപാന്തരീകരണം അതിവേഗത്തിലായി ഹൈഡ്രജന്‍ എന്നേ തീര്‍ന്നിട്ടുണ്ടാവും. രണ്ടായാലും പ്രപഞ്ചത്തിന് ഈ പദാര്‍ത്ഥപരമായ കൃത്യത കൈവരില്ലായിരുന്നു. ഇനി ഗുരുത്വബലത്തിന് ഇത്തിരി ശക്തി കൂടുതലോ കുറവോ ആയിരുന്നെങ്കില്‍, മഹാവികാസം ഇത്തിരി പതുക്കെയോ കുറേക്കൂടി വേഗത്തിലോ ആയിരുന്നെങ്കില്‍ എന്നെയും, നിങ്ങളെയും, നമ്മള്‍ നില്‍ക്കുന്ന ഈ ഭുമിയുമൊന്നും നിര്‍മിക്കാന്‍ വേണ്ട സ്ഥിരതയുള്ള മൂലകങ്ങള്‍ രൂപപ്പെടില്ലായിരുന്നു. ഗുരുത്വബലം അല്‍പം കൂടുതലായിരുന്നെങ്കില്‍ താങ്ങില്ലാതെ കെട്ടിയ കൂടാരം പോലെ പ്രപഞ്ചമാകെ തകര്‍ന്നടിഞ്ഞ് പോകുമായിരുന്നു. കുറവായിരുന്നെങ്കില്‍ ഒന്നും ഒന്നിനോടും ചേരാതെ ചിതറിക്കിടന്നു പ്രപഞ്ചം വിരസമായൊരു മഹാശൂന്യസ്ഥലം ആകുമായിരുന്നു. പ്രപഞ്ചവികാസത്തിന്റെ  അളവില്‍ പോലും ദൈവികമായ ഈ ആസൂത്രണം വ്യക്തമാണ്. ഒരു നിശ്ചിത  അവസ്ഥയില്‍നിന്നുള്ള വികാസമാണ്  പ്രപഞ്ചോല്‍പത്തി.  ഈ വികാസം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നതും തന്നെ. എന്നാല്‍ ഈ കോസ്‌മോളജിക്കല്‍ കോണ്‍സ്റ്റന്റിന്റെ അളവിലുള്ള കൃത്യത കൊണ്ടാണ് ഈ പ്രപഞ്ചം ഇങ്ങനെ താരാപഥങ്ങളും ഗ്രഹങ്ങളും കൊണ്ട് സജീവമായിരിക്കുന്നത്. ഈ പ്രപഞ്ചവികാസ കാരണമായ dark energyയുടെ അളവ് നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിലും എത്രയോ നിസ്സാരമായ അളവിലാണ് എന്നതുകൊണ്ടാണ് സ്ഥിരതയുള്ള ഇങ്ങനെയൊരു ഭൗതിക പ്രപഞ്ചത്തില്‍ നമുക്ക് നിലനില്‍ക്കാന്‍ കഴിയുന്നതും. അത്രയും ചെറിയ അളവില്‍ ആയതുകൊണ്ട് തന്നെ ഒരു billion പ്രകാശവര്‍ഷങ്ങള്‍ക്കിടയിലുള്ള ദൂരത്തില്‍ നമുക്ക് dark energyയുടെ സ്വാധീനം അനുഭവപ്പെടില്ല. പ്രപഞ്ചമൊന്നാകെയുള്ള വികാസത്തിന് കാരണമാവുകയും എന്നാല്‍ പദാര്‍ത്ഥലോകത്തെ ബാധിക്കാതിരിക്കുകയും ചെയ്യുന്ന വളരെ minute ആയ അവസ്ഥയില്‍ ഉള്ള dark energyയുടെ ആസൂത്രണമാണ് ഇന്നു നാം കാണുന്ന പ്രപഞ്ചം. എന്തുകൊണ്ട് dark energy എന്നതല്ല! എന്തുകൊണ്ട് അവയിത്ര സൂക്ഷ്മമായ ചെറിയ അളവില്‍ എന്നതാണ്. Standford University professor Leonard susskind പറയുന്നത്, ‘ഇത്രസൂക്ഷ്മവും തുച്ഛവുമായ അളവിലല്ലായിരുന്നു ഡാര്‍ക് എനര്‍ജിയുടെ മൂല്യം എങ്കില്‍ ഒരിക്കലും ഇങ്ങനെ ഒരു പ്രപഞ്ചവും സാധ്യമാവില്ലായിരുന്നു’ എന്നാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന കണങ്ങള്‍ മുതല്‍ മൗലിക ബലങ്ങള്‍ വരെയുള്ളവ ഗണിതശാസ്ത്രപരമായ കൃത്യതയുള്ള മൂല്യങ്ങളാല്‍ ആസൂത്രിതമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് തന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പ്രപഞ്ചത്തെ പഠിക്കുമ്പോഴും വ്യക്തമാകുന്നത്. സൃഷ്ടി പ്രപഞ്ചത്തില്‍ നിന്ന് തന്നെ അതിന്റെ ഉല്‍പത്തിക്കും ആസൂത്രണത്തിനും എല്ലാം ഹേതുവായ സ്രഷ്ടാവിന്റെ അസ്തിത്വം വ്യക്തമാണെന്ന് ചുരുക്കം.
അങ്ങനെയൊരു സ്രഷ്ടാവിനെ നിഷേധിക്കണമെങ്കില്‍ പ്രപഞ്ചം യാദൃച്ഛികമായി തന്നത്താന്‍ ഉണ്ടാവുകയും സ്വയം തന്നെ ഇത്രയും ആസൂത്രിതമായി ക്രമീകരിക്കുകയും ചെയ്യുകയായിരുന്നു എന്ന് പറയേണ്ടിവരും. നിങ്ങള്‍ നിങ്ങളെത്തന്നെ പ്രസവിക്കുകയായിരുന്നു എന്നുപറയുന്നതുപോലെ ഒരു വാദമാകുമത്. അതുകൊണ്ട് യുക്തിപരമായി ചിന്തിക്കുന്നവര്‍ക്ക് ഒരു സ്രഷ്ടാവിന്റെ അസ്തിത്വം  അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ദൈവാസ്തിത്വം പ്രകൃതിയില്‍ നിന്നുതന്നെ പകല്‍പോലെ വ്യക്തമാണെന്നിരിക്കേ ഇന്നും അതിനുള്ള സാധ്യതപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ അന്ധമായ നിഷേധ പ്രവണതയില്‍ കഴിയുന്നവരെ അന്ധവിശ്വാസികള്‍ എന്നല്ലാതെ വേറെ എന്താണ് വിളിക്കുക?

 

Leave a Reply

Your email address will not be published. Required fields are marked *