ഥനാഉല്ലാഹ് മക്തി തങ്ങള്‍: മൂന്നു പതിറ്റാണ്ട് തളരാതെ നിന്ന പ്രബോധന സാഹിത്യം

കൊളോണിയല്‍ കേരളത്തില്‍ മിഷനറി പ്രചാരവേലകളെ സന്ദര്‍ഭമാക്കി സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങള്‍ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം ക്രിസ്തുമത വിശകലനപരമായ ഉളളടക്കങ്ങളോടുകൂടി തന്റെ സാഹിത്യജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച അതിശ്രദ്ധേയമായ പുസ്തകങ്ങളാണ് കഠോരകുഠാരവും പാര്‍ക്കലീത്താ പോര്‍ക്കളവും നബിനാണയവും. ഇവയ്ക്കു പുറമെ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങളും ലഘുലേഖകളും ലേഖനങ്ങളും മലയാള ഭാഷയില്‍ ഇസ്‌ലാമിക ആശയപ്രതിരോധവും പ്രചാരണവും സ്‌നിഗ്ധമാക്കി ആദ്യകൃതിയായ കഠോരകുഠാരം പുറത്തുവന്ന 1864നും
മരണപ്പെട്ട 1912നും ഇടയ്ക്ക് അദ്ദേഹത്തിന്റെതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ഹൈന്ദവ-ക്രൈസ്തവ-ഇസ്‌ലാമിക ദര്‍ശനങ്ങളുടെ അടിസ്ഥാനാശയങ്ങളെ സംക്ഷിപ്തമായി താരതമ്യം ചെയ്ത് ഇസ്‌ലാമിന്റെ സത്യതസ്ഥാപിക്കുകയും വായനക്കാരനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സത്യദര്‍ശിനി (കൊച്ചി: 1901)(1), ക്രിസ്തുമത വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന തൃശൂര്‍ നഗരത്തില്‍ ഇസ്‌ലാമിനെ സമര്‍ത്ഥിച്ചുകൊണ്ട് നടത്തിയ പതിനേഴു ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പരക്കൊടുവില്‍ മിഷനറിമാരില്‍ നിന്ന് എഴുതിലഭിച്ച ചോദ്യങ്ങള്‍ക്കയച്ച വിശദമായ മറുപടികള്‍ പുസ്തകമാക്കിയ തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ് (1888)(2), ക്രിസ്തുമതം സ്വീകരിച്ച് യേശുദാസന്‍ എന്ന പേരില്‍ ക്രിസ്തുമത പ്രബോധനം ആരംഭിച്ച കേശവന്‍ എന്ന ഒരു ഈഴവ നാട്ടുമുഖ്യന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ച തണ്ടാന്‍ കണ്ഠമാല എന്ന പുസ്തകവും തണ്ടാന്റെ കൊണ്ടാട്ടച്ചെണ്ട എന്ന അനുബന്ധ ലേഖനവും (1903)(3), മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും താരതമ്യം ചെയ്ത് യേശു മഹാനും നബി നിന്ദ്യനുമാണെന്ന് വരുത്താന്‍ ശ്രമിച്ച ഒരു മിഷനറി സൊസൈറ്റി ലഘുലേഖക്കുള്ള മറുപടിയായി എഴുതിയ മക്തി സംവാദവിജയം! മുക്തി വിളംബരം!(4), പുതുക്കുടിയില്‍ ഫിലിപ്പ് എന്ന സര്‍ക്കാര്‍ ഗുമസ്തന്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി തന്റെ ഓഫീസില്‍ വരുന്ന മുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്കു മറുപടി പറഞ്ഞ് മക്തി തങ്ങളുടെ ശിഷ്യന്‍ ചേക്കുമൊല്ല നടത്തിയ പ്രഭാഷണങ്ങള്‍ മക്തി തങ്ങളും മിഷനറിമാരും തമ്മില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഒരു സംവാദം നടക്കുന്നതില്‍ ചെന്നവസാനിച്ചതിന്റെ വിശകലനമായ ജയാനന്ദഘോഷം (1905)(5), ജയാനന്ദഘോഷത്തിന് ആലപ്പുഴയിലുണ്ടായിരുന്ന ഒരു യൂറോപ്യന്‍ പാതിരി എഴുതിയ മറുപടിക്കുള്ള ഖണ്ഡനമായ സുവിശേഷനാശം (1906)(6), മക്തി തങ്ങളെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും വസ്തുനിഷ്ഠമായ യാതൊരു പ്രതിവാദങ്ങളുമുന്നയിക്കാതെ കേവലമായി പരിഹസിച്ച ഒരു മിഷനറിക്കുള്ള  മറുപടി അച്ചടിച്ച അഹങ്കാരഘോഷം(7), മുഹമ്മദ് നബി(സ)യുടെ ജീവചരിത്രത്തെ വക്രീകരിച്ചുകൊണ്ട് പാദുവയില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു മിഷനറി ലേഖനത്തെ നിശിതവിമര്‍ശനത്തിനു വിധേയമാക്കുന്ന പാദുവാദം പാതകപാ
തകം(8), ബൈബിള്‍ മദ്യപാനത്തെ സിദ്ധാന്തവല്‍ക്കരിക്കുന്നുവെന്നും പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്ത ധാര്‍മികതയെ അട്ടിമറിക്കാനുദ്ദേശിച്ച എഴുത്തുകാരുടെ കൃതികളെയാണ് ക്രിസ്ത്യാനികള്‍ വേദമായി കൊണ്ടുനടക്കുന്നത് എന്നാണിതിനര്‍ത്ഥമെന്നും സമര്‍ത്ഥിച്ചുകൊണ്ടുള്ള മദ്യപാനം മിശിഹാമതാഭിമാനം(9), 1906 സെപ്റ്റംബര്‍ മാസത്തില്‍ കൊച്ചി യൂണിയന്‍ പ്രസ്സില്‍ അച്ചടിച്ച ജ്ഞാനോദയം എന്ന മിഷനറി ലഘുലേഖയെ വിശകലനം ചെയ്യുന്ന നീതിയാലോചന(10), ക്രിസ്തുമതത്തിന്റെ അടിസ്ഥാനാശയങ്ങളൊന്നും ക്രിസ്തു പഠിപ്പിച്ചവയല്ല മറിച്ച് ഹിന്ദുമതം ഉള്‍പ്പെടെയുള്ള പ്രാചീന ബഹുദൈവാരാധക ദര്‍ശനങ്ങളില്‍ നിന്ന് കടം കൊണ്ടവയാണെന്ന് യൂറോപ്യന്‍ പഠനങ്ങള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്ന മതമതിപ്പ്(11), 1902 സെപ്റ്റംബറില്‍ തങ്ങളുടെ വാദഗതികളെ വിമര്‍ശിച്ചുകൊണ്ട് തൃശൂര്‍ നഗരത്തില്‍ നടന്ന മിഷനറി പ്രഭാഷണങ്ങളോടുള്ള പ്രതികരണമായി ക്രിസ്തുമതത്തിന്റെ ചരിത്രം ക്രൂരവും രക്തപങ്കിലവുമാണെന്നും ആധുനിക യൂറോപ്യന്‍ നവോത്ഥാനത്തിന്റെ അടിത്തറ മധ്യകാല മുസ്‌ലിം ധിഷണാശാലികളുടെ വൈജ്ഞാനികമായ സംഭാവനകളാണെന്നും വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ സമ്മാനക്കുറിപ്പ്(12), സഭ അധിക്ഷേപിക്കുന്ന യൂദാസാണ് ക്രിസ്തുമത വിശ്വാസപ്രകാരം കുരിശുമരണത്തിനും അതുവഴി പാപമോചനത്തിനും അവസരമുണ്ടാക്കിയത് എന്നും, സഭയുടെ സ്ഥാപകനായി വാഴ്ത്തപ്പെടുന്ന പത്രോസ് യേശുവിനാല്‍ പിശാചായി അധിക്ഷേപി
ക്കപ്പെട്ടവനാണ് എന്നുമുള്ള വസ്തുതകളിലെ വൈരുദ്ധ്യത്തെ സരസമായി അവതരിപ്പിക്കുന്ന യൂദാസോ, പിലാത്തോസോ; സ്വര്‍ഗത്തിലേക്ക് വഴികാട്ടി ആര്‍?(13), മലയാളം ബൈബിളില്‍ മക്തി തങ്ങളുടെ ജീവിതകാലത്തു നടന്ന രണ്ട് മാറ്റിത്തിരുത്തലുകളെ ഉയര്‍ത്തിക്കാണിക്കുകയും അവക്ക് മിഷനറിമാര്‍ നല്‍കാന്‍ ശ്രമിച്ച വിശദീകരണങ്ങളുടെ അപര്യാപ്തതയില്‍ ഊന്നുകയും ചെയ്യുന്ന മക്തി തങ്ങള്‍ ആഘോഷം മശീഹാമതമൂലനാശം(14), മശീഹാമതമൂലനാശത്തെ ഖണ്ഡിച്ചുകൊണ്ട് 1904 ഏപ്രില്‍ എട്ടിന് പുറത്തുവന്ന മിഷനറി ലേഖനത്തിനു മറുപടിയായി എഴുതിയ തങ്ങള്‍ ആഘോഷം മഹാഘോഷം(15), ബൈബിള്‍ പഴയനിയമത്തിലെ പഞ്ചഗ്രന്ഥികള്‍ മോശയുടേതോ അവശേഷിക്കുന്ന പുസ്തകങ്ങള്‍ അവ ചേര്‍ക്കപ്പെടുന്ന പ്രവാചകന്‍മാരുടേതോ അല്ലെന്ന് എട്ട് അധ്യായങ്ങളിലായി സമര്‍ത്ഥിക്കുന്ന ക്രിസ്തീയമൂഢപ്രൗഢീദര്‍പ്പണം(16), ക്രിസ്തീയമൂഢപ്രൗഢീദര്‍പ്പണത്തിന്റെ ഉപലേഖനമായി എഴുതിയ, മുഹമ്മദ് നബി(സ)യെക്കുറിച്ച് ബൈബിളിലുള്ള പ്രവചനങ്ങളെ സംബന്ധിച്ച സന്ദേഹങ്ങളെ അഭിമുഖീകരിക്കുന്ന ക്രിസ്തീയ മനഃപൂര്‍വ മോഷണം മുഹമ്മദ് നബി അവകാശപോഷണം(17), ത്രിത്വം, ആദിപാപം, കുരിശുമരണം എന്നീ അടിസ്ഥാന ക്രിസ്തുമതാശയങ്ങളോടുള്ള മുസ്‌ലിം വിയോജിപ്പിന്റെ മര്‍മം ലളിതമായ സംഭാഷണശൈലി വഴി അവതരിപ്പിക്കുന്ന ഒരു വിവാദം(18), ബൈബിളില്‍ പ്രവചിക്കപ്പെട്ട അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)യാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടുതന്നെ എഴുതിയ പാറാനിലെ പരിശുദ്ധന്‍ അഥവാ വാഗ്ദത്ത നബി(19) എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്.
സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങളുടെ പരാമൃഷ്ട കൃതികളുടെയെല്ലാം മുഖ്യമായ ഉള്ളടക്കം ക്രൈസ്തവ, ഇസ്‌ലാം ദര്‍ശനങ്ങളുടെ താരതമ്യപഠനമാണ്. മിഷനറി പ്രവര്‍ത്തനങ്ങളുടെ വേലിയേറ്റം കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഒരു കാലഘട്ടത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനു മുതിരുന്ന ഒരാളുടെ മുന്‍ഗണന ക്രിസ്തുമതവിശകലനമാവുക തീര്‍ത്തും സ്വാഭാവികമാണ്. എന്നാല്‍ പൊ
തുസമൂഹത്തെ മുന്‍നിര്‍ത്തിയുള്ള ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമാക്കിക്കൊണ്ടുതന്നെ, ക്രിസ്തുമത കേന്ദ്രിതമല്ലാത്ത ചില പുസ്തകങ്ങളും മക്തി തങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരീശ്വരവാദത്തിന്റെ തത്ത്വശാസ്ത്രപരമായ വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന ദൈവം(20) എന്ന പുസ്തകം ഈ ഗണത്തില്‍ ശ്രദ്ധേയമാണ്. യുക്തിവാദിയായ വി.കുഞ്ഞിക്കണ്ണന്‍ കോഴിക്കോട്ടുനിന്ന് പൂവാടന്‍ രാമന്‍ വക്കീല്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രശസ്തമായ കേരള സഞ്ചാരി പത്രത്തിന്റെ 1911 നവംബര്‍ 8, 29 ലക്കങ്ങളില്‍ ദൈവനിഷേധം സമര്‍ത്ഥിക്കാനുദ്ദേശിച്ചെഴുതിയ ദാര്‍ശനിക ലേഖനങ്ങള്‍ക്ക് മക്തി തങ്ങള്‍ അയച്ചുകൊടുത്ത മറുപടി, ഏറെ വൈകിയാണെങ്കിലും കേരള സഞ്ചാരി പ്രസിദ്ധീകരിക്കുകയുണ്ടായി. 1912 ഫെബ്രുവരി മാസത്തിലാണ് പത്രം തങ്ങളുടെ ഭൗതികവാദ ഖണ്ഡനത്തിന് ഇടം കൊടുത്തത്. ‘പാശ്ചാത്യരുടെ നാട്ടില്‍ വളര്‍ന്നുവന്ന നിരീശ്വരത്വം, യുക്തിവാദം, നിര്‍മതവാദം മുതലായവകളിലേക്ക് പലരും കാലിടറി വീഴുന്ന കാലം’ ആയതിനാല്‍ ‘ദൈവവിശ്വാസികള്‍ക്ക് ദൈവസത്തയെക്കുറിച്ച് ബോധം വളര്‍ത്താന്‍’ കേരള സഞ്ചാരി ലേഖനം ഉപകാരപ്പെടുമെന്ന് കരുതുന്നതിനാല്‍ അത് ദൈവം എന്ന തലക്കെട്ടില്‍ പുസ്തകരൂപത്തില്‍ പുനരാവിഷ്‌ക്കരിക്കുകയാണെന്ന് മക്തി തങ്ങള്‍ ആമുഖത്തില്‍ പറയുന്നുണ്ട്(21). മലയാളത്തിലെ ഏറ്റവും ആദ്യത്തെ യുക്തിവാദ വിമര്‍ശനങ്ങളിലൊന്നായിരിക്കും തീര്‍ച്ചയായും മക്തി തങ്ങളുടെ ദൈവം. ഇസ്‌ലാമികപക്ഷത്തു നിന്നുകൊണ്ടുള്ള ആദ്യകൃതി അതാണെന്ന കാര്യത്തില്‍ എന്തായാലും സംശയത്തിനവകാശമില്ല. മലയാളത്തിലെ മുഖ്യധാരാ ആനുകാലികങ്ങള്‍ ശ്രദ്ധിക്കുകയും അവയില്‍ പ്രബോധകര്‍ അഭിസംബോധന ചെയ്യേണ്ട മതവിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അവയില്‍ തന്നെ ശക്തമായ മറുപടികള്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മക്തി തങ്ങളെയാണ് ദൈവം എന്ന പുസ്തകം നമുക്ക് കാണിച്ചുതരുന്നത്. പൊ
ന്നാനിപ്പള്ളി മലയാളവ്യവഹാരങ്ങള്‍ക്കുനേരെ മുഴുവന്‍ കതകടച്ചുനിന്ന ഒരു കാലത്ത് കേരള സഞ്ചാരി പോലുള്ള ഒരു പത്രവുമായി മക്തി തങ്ങള്‍ നടത്തിയ കൊടുക്കല്‍ വാങ്ങലുകള്‍ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനം അതിന്റെ ബീജാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ ധിഷണാപരമായ മറുപടികള്‍ ഇവിടുത്തെ മുസ്‌ലിം പണ്ഡിതന്‍മാരില്‍ നിന്നുണ്ടായി എന്ന വസ്തുത കൂടി ദൈവം വെളിപ്പെടുത്തുന്നുണ്ട്. ഉയര്‍ന്ന തത്ത്വശാസ്ത്ര നിലവാരമുള്ളതാണ് തങ്ങള്‍ ദൈവത്തില്‍ ഉന്നയിക്കുന്ന പോയിന്റുകള്‍. കുഞ്ഞിക്കണ്ണന്‍ മതവിശ്വാസത്തെ ആക്രമിക്കുന്നത് ശ്രീ ശങ്കരാചാര്യരുടെ അദ്വൈതവേദാന്തത്തെ ദൈവവ്യാഖ്യാനമായി കണ്ടുകൊണ്ടാണെന്നും ശങ്കരദര്‍ശനം ഇസ്‌ലാമിന് അന്യമായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാദഗതികളൊന്നും ഇസ്‌ലാമിക ദൈവവിശ്വാസത്തിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യാന്‍ ഉപയുക്തമല്ലെന്നും തങ്ങള്‍ കൃതിയില്‍ ഊന്നിപ്പറയുന്നുണ്ട്. ‘ശ്രീ ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനപരമായ ഈ വാദങ്ങളൊന്നും ശരിയല്ല. സ്രഷ്ടാവും സൃഷ്ടികളും സത്തയിലും ഗുണങ്ങളിലും വേര്‍പെട്ടാണ് സ്ഥിതി ചെയ്യുന്നത്…. ദൈവം സമുദ്രവും സൃഷ്ടിവസ്തുക്കള്‍ ആ സമുദ്രത്തിലെ തിരയും നുരയുമാകുന്ന ജലാശയങ്ങളുമല്ല തന്നെ… മിസ്റ്റര്‍ കുഞ്ഞിക്കണ്ണന്‍ അവര്‍കളുടെ നിരീശ്വരവാദത്തിനവലംബമായ അദ്വൈതവാദ മണല്‍കോട്ട തകര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു’ എന്ന് പുസ്തകത്തിന്റെ അവസാനം വായിക്കാം(22). മക്തി തങ്ങള്‍ ഹിന്ദു ദൈവശാസ്ത്ര സരണികളെയും അവയില്‍നിന്ന് ഇസ്‌ലാം പുലര്‍ത്തുന്ന വ്യതിരിക്തതയെയും സൂക്ഷ്മമായി ഗ്രഹിച്ചിരുന്നുവെന്നാണ് അദ്വൈതദര്‍ശനത്തിലേക്ക് ദൈവത്തിലുള്ള സൂചനകള്‍ തെളിയിക്കുന്നത്. ക്രൈസ്തവതയെപ്പോലെത്തന്നെ ആര്യഭാരതീയ ചിന്തകളും അദ്ദേഹത്തിന്റെ പഠനവിഷയമായിരുന്നുവെന്നാണ് ഇതിനര്‍ത്ഥം. ദൈവത്തിനുപുറമെ നേരത്തെ പരാമര്‍ശിച്ച സത്യദര്‍ശനിയും മതമതിപ്പും ഇതേ വസ്തുതക്ക് തന്നെ അടിവരയിടുന്നുണ്ട്.
കൃതികള്‍ സ്വതന്ത്രമായി പ്രസിദ്ധീകരിക്കുകയും നിലനിന്നിരുന്ന പൊതുആനുകാലികങ്ങളില്‍ എഴുതുകയും ചെയ്തിരുന്നതിനുപുറമെ, ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം സ്വന്തമായി ആനുകാലികങ്ങള്‍ ആരംഭിക്കുക കൂടി ചെയ്ത കര്‍മോത്സുകനായിരുന്നു മക്തി തങ്ങള്‍. മിഷനറി സംഘങ്ങള്‍ ക്രിസ്തുമത പ്രചരണാര്‍ത്ഥം പ്രസിദ്ധീകരിച്ചിരുന്ന അസംഖ്യം ആനുകാലികങ്ങളുടെ ബാഹുല്യം തെളിഞ്ഞുനിന്നിരുന്ന കൊളോണിയല്‍ ഇന്‍ഡ്യയില്‍ അദ്ദേഹം അതിപരിമിതമായ തന്റെ വിഭവശേഷിയുപയോഗിച്ചുകൊണ്ട് സാധ്യമാകുംവിധം മുസ്‌ലിം ആനുകാലികങ്ങളുടെ പിറവിക്കുവേണ്ടി ശ്രമിച്ചു. കോളനികളില്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കി നടത്തിയിരുന്ന ആനുകാലികങ്ങള്‍ക്കുപുറമെ, ബ്രിട്ടനിലെ ക്രിസ്ത്യാനികള്‍ക്ക് കോളനികളില്‍ നടക്കുന്ന മിഷനറി മുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ഇംഗ്ലണ്ടിനുള്ളില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിവിധ മിഷനറി സൊസൈറ്റികള്‍ പ്രസിദ്ധീകരിച്ചിരുന്ന ചെറുതും വലുതുമായ ആനുകാലികങ്ങളുടെ എണ്ണം രണ്ടു ലക്ഷമായാണ് 1860ല്‍ ലിവര്‍പൂ
ളില്‍വെച്ചു നടന്ന മിഷന്‍ സമ്മേളനം കണക്കാക്കിയത് എന്ന വസ്തുത(23), എത്ര വലിയ സന്നാഹങ്ങളാണ് ഈ രംഗത്ത് സുവിശേഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡ്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ തന്നെ മിഷനറി ആനുകാലികങ്ങളുടെ രംഗപ്രവേശനം കാണാന്‍ കഴിയുന്നുണ്ട്. കൊല്‍ക്കത്തയ്ക്കടുത്ത സെറാംപൂരില്‍നിന്ന് 1818 ഏപ്രി
ല്‍ മാസം ബാപ്റ്റിസ്റ്റുകള്‍ ബംഗാളിയില്‍ ആരംഭിച്ച ദിഗ്ദര്‍ശന്‍ ആണ് ഇന്‍ഡ്യയിലെ ആദ്യത്തെ ഭാഷാപത്രം. അതേവര്‍ഷം ബംഗാളില്‍ നിന്നുതന്നെ മിഷനറിമാര്‍ എൃശലിറ െീ
ള കിറശമ എന്ന പേരില്‍ ഇംഗ്ലീഷില്‍ മാസികയും സമാചാര ദര്‍പ്പണ്‍ എന്ന പേരില്‍ ബംഗാളിയില്‍ വാരികയും ആരംഭിച്ചു(24). കേരളത്തിലാകട്ടെ, ആദ്യത്തെ നാലു ആനുകാലികങ്ങളും പത്തൊന്‍പതാം നൂറ്റാണ്ടില്‍ മിഷനറിമാര്‍ മതപ്രചാരണ ലക്ഷ്യങ്ങളോടുകൂടിത്തന്നെ ആരംഭിച്ചതാണ്. തലശ്ശേരിക്കടുത്ത നെട്ടൂരിലെ കല്ലച്ചില്‍ നിന്ന് 1847 ജൂണ്‍ മുതല്‍ 1850 ഡിസംബര്‍ വരെ ഗുണ്ടര്‍ട്ടിന്റെ മാര്‍ഗദര്‍ശനത്തില്‍ പുറത്തുവന്ന രാജ്യസമാചാരം മാസിക, അതേ പ്രസ്സില്‍ നിന്ന് ഗുണ്ടര്‍ട്ടിന്റെ ശിഷ്യന്‍ ഫാദര്‍ മുള്ളര്‍ പത്രാധിപരായി  1847 ഒക്‌ടോബര്‍ മുതല്‍ 1851 ഓഗസ്റ്റ് വരെ അച്ചടിക്കപ്പെട്ട പശ്ചിമോദയം മാസിക, കോട്ടയത്ത് ബെഞ്ചമിന്‍ ബെയ്‌ലി സ്ഥാപി
ച്ച പ്രശസ്തമായ സി.എം.എസ് പ്രസ്സില്‍ നിന്ന് 1848 നവംബര്‍ മാസം ആരംഭിക്കുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്ത ജ്ഞാനനിക്ഷേപം മാസിക, സി.എം.എസ് കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന റിച്ചാര്‍ഡ് കോളിന്‍സ് മുന്‍കയ്യെടുത്ത് 1864-67 കാലയളവില്‍ നടത്തിയ വിദ്യാസംഗ്രഹം ത്രൈമാസിക(25) എന്നിവയാണ് കാലാനുക്രമത്തില്‍ കേരളത്തില്‍ പ്രസിദ്ധീകരണമാരംഭിച്ച ആദ്യനാല് ആനുകാലികങ്ങള്‍. കേരളത്തില്‍ പത്രമാസികകളുടേതായ ഒരു സംസ്‌കാരമുണ്ടായി വരുന്നതുതന്നെ മിഷനറി ആനുകാലികങ്ങളിലൂടെയാണെന്ന് പറയുമ്പോള്‍ അവയുടെ പ്രഭവകാലത്ത് ജീവിച്ച ഒരു പത്തൊന്‍പതാം നൂറ്റാണ്ടുകാരന്‍ എന്ന നിലക്ക് മക്തി തങ്ങളുടെ ഈ ദിശയിലുള്ള ആലോചനകളുടെ പശ്ചാത്തലം മനസ്സിലാക്കുക എളുപ്പമാണ്.
കൊളോണിയലിസം വഴി സംഭവിച്ച പാ
ശ്ചാത്യന്‍ പ്രബുദ്ധതയുമായും സാങ്കേതിക വിദ്യയുമായുള്ള മുസ്‌ലിം ലോകത്തിന്റെ ഇടപഴകലുകള്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ആനുകാലികങ്ങളുടെ പി
റവിക്ക് മുസ്‌ലിം ലോകത്ത് സന്ദര്‍ഭമൊരുക്കിയ ഒരു ആഗോള, ദേശീയ കാലസന്ധി കൂടിയാണ് മക്തി തങ്ങളുടെ ഇത്തരം സംഭാവനകളെ സാധ്യമാക്കിയതെന്നു പറയാം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും മുസ്‌ലിം ഐക്യത്തിന്റെയും ഇസ്‌ലാമിക നവജാഗരണത്തിന്റെയും സന്ദേശങ്ങളുമായി പാരീസില്‍നിന്ന് ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദയും ചേര്‍ന്ന് 1884ല്‍ പ്രസിദ്ധീകരണമാരംഭിച്ച അല്‍ ഉര്‍വതുല്‍ വുഥ്ക്വാ വിപുലമായ അനുരണനങ്ങള്‍ ഉണ്ടാക്കിയിരുന്നു(26). പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ ആരംഭിച്ച എഴുന്നൂറോളം ഉര്‍ദു പത്രങ്ങളുണ്ടെന്ന കണക്ക്, ഉത്തരേന്ത്യ എത്ര വലിയ ‘ആനുകാലിക സജീവത’യിലേക്കാണ് ഇക്കാലയളവില്‍ കണ്ണുതുറന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. മക്തി തങ്ങള്‍ പല പ്രശസ്തമായ ഉര്‍ദു ആനുകാലികങ്ങളെയും വിശദമായി പി
ന്തുടര്‍ന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ നിന്ന് സ്പഷ്ടമാണ്. തങ്ങള്‍ തന്റെ പ്രവര്‍ത്തനമണ്ഡലമായി തെരഞ്ഞെടുത്ത കൊച്ചി 1860കളോടെ കേരളത്തിന്റെ ‘പത്രതലസ്ഥാന’മായി മാറുകയും ചെയ്തിരുന്നു. ണലേെലൃി ടമേൃ, പശ്ചിമതാരകം തുടങ്ങിയ വൃത്താന്ത പത്രങ്ങളുടെ ഉദയവും അവയ്ക്ക് മുന്‍കയ്യെടുത്ത ദേവജ് ഭീംജി എന്ന ഗുജറാത്തി വ്യവസായി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയ ഭീമന്‍ പ്രസ്സ് സ്ഥാപിച്ചതും അത് കേന്ദ്രീകരിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള നിരവധി പ്രസിദ്ധീകരണങ്ങള്‍ വെളിച്ചം കാണാനാരംഭിച്ചതും തലശ്ശേരിയെയും കോട്ടയത്തെയും പിന്തള്ളി കേരളീയ പത്രപ്രവര്‍ത്തനത്തിന്റെ അച്ചുതണ്ടാക്കി കൊച്ചിയെ മാറ്റിയിരുന്നു(28). കൊച്ചിയിലെ ഉദ്ബുദ്ധരായ ചില മുസ്‌ലിം പൗരപ്രമുഖര്‍ ഈ സാഹചര്യത്തില്‍ സ്വന്തമായ ആനുകാലികങ്ങള്‍ തുടങ്ങുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കൊച്ചിയില്‍ തങ്ങളുടെ വലിയൊരാശ്രയമായിരുന്ന ക്വാദിര്‍ശാ ഹാജി ബാപ്പു സാഹിബ് 1878ല്‍ കേരള ദീപകം എന്നൊരു പത്രം പ്രസിദ്ധീകരിച്ചിരുന്നതായി രേഖകളുണ്ട്(29).
കൊച്ചിയിലെ കല്‍വത്തി സ്വദേശിയും പണ്ഡിതനും ആയിരുന്ന, ‘കാക്കാ’ എന്ന അപരാഭിധാനത്തില്‍ അറിയപ്പെട്ടിരുന്ന, പത്രപ്രവര്‍ത്തനത്തില്‍ പൂര്‍വപരിചയമുള്ള ബാപ്പു സാഹിബിനെ കൂടെ നിര്‍ത്തിയാണ് മക്തി തങ്ങള്‍ തന്റെ പത്രപ്രവര്‍ത്തനോദ്യമങ്ങളാരംഭിക്കുന്നത്. അദ്ദേഹം പത്രാധിപരും തങ്ങള്‍ സഹപത്രാധിപരുമായി 1888ല്‍ ആരംഭിച്ച സത്യപ്രകാശം വാരിക ഒന്‍പതു മാസക്കാലം നിലനിന്നു(30). ഇതിനുശേഷമാണ് മക്തി തങ്ങള്‍ തന്റെ ഏറ്റവും പ്രശസ്തമായ പരോപകാരി മാസികയാരംഭിക്കുന്നത്. തങ്ങളുടെ കഠോരകുഠാരത്തിന് കേരളോപകാരി എന്ന ക്രൈസ്തവപത്രത്തില്‍ റവറന്റ് പ്രോണ്‍മെയര്‍ തുടര്‍ലേഖനരൂപത്തില്‍ ഖണ്ഡനം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ അതിനും സമാനമായ മിഷനറി പത്ര ആക്രമണങ്ങള്‍ക്കും ചടുലവും ശക്തവുമായ തല്‍സമയ മറുപടികള്‍ നല്‍കുന്നതിനുവേണ്ടി തങ്ങള്‍ പരോപകാരി ആരംഭിക്കുകയായിരുന്നു(31). മിഷനറി ആനുകാലികങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിക്കൊണ്ടായിരുന്നു പരോപകാരിയുടെ പടയോട്ടം. മിഷനറിമാര്‍ക്ക് തന്റെ പത്രത്തിലേക്ക് ചോദ്യങ്ങളും വിമര്‍ശനങ്ങളും അയക്കാമെന്നും മറുപടിസഹിതം പരോപകാരി അവ പ്രസിദ്ധീകരിക്കുമെന്നും മക്തി തങ്ങള്‍ പരസ്യം ചെയ്തുവെങ്കിലും മിഷനറിമാര്‍ പ്രതികരിക്കാന്‍ സന്നദ്ധമായില്ല. ഇതുസംബന്ധമായി തങ്ങള്‍ എഴുതിയത് ഇപ്രകാരമാണ്. ”കൊച്ചിയില്‍വെച്ച് നാം നടത്തിവന്നിരുന്ന മുഹമ്മദീയ പരോപകാരി എന്ന പത്രത്തില്‍ ചോദ്യോത്തര സംഭാഷണത്തിനായി പത്രത്തിന്റെ ഒരുഭാഗം ഒഴിച്ചുവെക്കാം. ക്രിസ്തീയരില്‍ നിന്നുണ്ടാകുന്ന ചോദ്യോത്തരങ്ങളെ കൂലി കൂടാതെ പതിക്കാം. ക്രിസ്തുമതത്തില്‍ പ്രീ
തിയുള്ള പ്രാപ്തയോഗ്യന്‍ ഈ അവസരത്തില്‍ ഒരുങ്ങി തന്റെ മതത്തില്‍ സ്ഥാപി
ക്കുന്നതില്‍ ശ്രമിച്ചുകൊള്ളേണമെന്നും മറ്റും കാണിച്ചു ക്രിസ്തീയരില്‍ വിദ്വാന്‍മാരെ ക്ഷണിക്കുന്നതായ പത്രം ഒന്നര സംവത്സരം ഒന്നായി പ്രസിദ്ധപ്പെടുത്തി. അതില്‍ പി
ന്നെ രാജ്യങ്ങള്‍ തോറും സഞ്ചരിച്ച് ന്യായമായ സഭയും മധ്യസ്ഥരെയും നിയമിച്ചു. സത്യാസത്യ സംഭാഷണം ചെയ്യുന്നതിലേക്ക് സജ്ജന സമ്പ്രദായം എന്ന നോട്ടീസുമൂലം ക്ഷണിച്ചും വന്നു. ധീരനായ ഒരു വിദ്വാനും ഇറങ്ങിക്കണ്ടില്ല”(32).
മക്തി തങ്ങളുടെ പ്രബോധനയാത്ര ഉടനീളം ആയിരുന്നതുപോലെ സാമ്പത്തികമായ ഒരു സാഹസമായിരുന്നു പരോപകാരിയും. മിഷനറിമാര്‍ക്ക് മറുപടി പറയുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍പോലും കഴിയാത്തവിധം ജീര്‍ണമായിത്തീര്‍ന്നിരുന്ന അന്നത്തെ മുസ്‌ലിം സാംസ്‌കാരികാവസ്ഥയില്‍ പരോപകാരി പോലുള്ള ഒരു പത്രത്തിന് സമുദായത്തില്‍ നിന്ന് സാമ്പത്തിക പി
ന്തുണ ലഭിക്കുക ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു. പത്രം ആരംഭിച്ചത് തന്റെ ചില ഹിന്ദു സുഹൃത്തുക്കളുടെ സഹായം കൊണ്ടാണെന്ന് തങ്ങള്‍ പിന്നീട് എഴുതിയിട്ടുണ്ട്. ”ധനം കൊണ്ടും ജ്ഞാനം കൊണ്ടും സഹായിക്കുന്നവര്‍ ഇല്ലാതെ നാം ഏകനായിത്തീര്‍ന്നു. ആദ്യ പത്രമായ പരോപകാരി മാസിക നടത്തുന്നതിലേക്കുണ്ടായ സഹായം ഹിന്ദു സ്‌നേഹിതരില്‍ നിന്നാകുന്നു”(33). ഗാഢസൗഹൃദത്തിന്റെ ഊഷ്മളത പകര്‍ന്നിരുന്ന നിരവധി ഹിന്ദു സുഹൃത്തുക്കള്‍ തങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഇതുപോ
ലുള്ള പരാമര്‍ശങ്ങള്‍ വേറെയും ഒരുപാടുണ്ട് അദ്ദേഹത്തിന്റെ കൃതികളില്‍. അവരുടെ സംഭാവനകള്‍ കൊണ്ടാരംഭിച്ച പത്രം പിന്നീട് ഒറ്റക്ക് മുന്നോട്ടുപോകേണ്ടി വന്ന് ഋണബാധിതനായിത്തീരുകയാണ് തങ്ങള്‍ ചെയ്തത്. അദ്ദേഹം എഴുതി: ”ആത്മീയ ദുഃഖങ്ങളും ദേഹോപദ്രവങ്ങളും ഏകനായി സഹിച്ച് മുപ്പതുകൊല്ലം വരെ നടന്നും നടത്തിയും വന്നതില്‍ ആത്മീയ ജയംകൊണ്ട് സന്തുഷ്ടനായതല്ലാതെ ദൈഹികസുഖം സ്വപ്‌നത്തില്‍പോലും അനുഭവിച്ചിട്ടില്ല. പരോപകാരി മാസികമൂലം സ്വന്തം ഭവനം കടപ്പെട്ടതില്‍ പിന്നെ ഇന്നുവരെ പൂച്ച തന്റെ കുഞ്ഞുങ്ങളെ കൊണ്ടലയുന്നതുപോലെ സംസാരം കൊണ്ടലഞ്ഞു. ദിനം നവീന ആഹാരം നവീനത എന്ന കണക്കെ അന്നന്നത്തെ ചെലവ് അന്വേഷിച്ചു വരുന്നു. ക്രിസ്തു പറഞ്ഞതുപോലെ തലവെക്കാന്‍ സ്ഥലമില്ലാതെ കഴിക്കുന്നു. വാടകയ്ക്ക് വീടോ സ്ഥലമോ കൊടുക്കാന്‍ പോലും ഇസ്‌ലാം ജനം ഭയപ്പെടുന്നു”(34). പത്രം ഒരു വ്യവസായമാണെന്ന് കരുതുന്നവര്‍ക്ക് മക്തി തങ്ങളെ മനസ്സിലാകണമെന്നില്ല. താന്‍ ജീവിച്ച ചുറ്റുപാടുകളില്‍ മിഷനറിമാരോടുള്ള വൈജ്ഞാനികപ്പോരാട്ടത്തിന് ഒരാനുകാലികം നിലനില്‍ക്കല്‍ ഇസ്‌ലാമിക പ്രബോധനപരമായ തന്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി സ്വയം അഗതിയായിത്തീരുകയായിരുന്നു സയ്യിദ് ഥനാഉല്ലാഹ് മക്തി തങ്ങള്‍. വീടുവിറ്റ് അന്നന്നത്തെ ആഹാരം എവിടെ നിന്നെന്നുപോലുമറിയാതെ പ്രസംഗവും എഴുത്തുമായി നിത്യസഞ്ചാരിയായി തങ്ങള്‍ മാറിയത് പരോപകാരി പ്രസിദ്ധീകരിച്ചതിന്റെ അനന്തരഫലമായിട്ടായിരുന്നു! ഇസ്‌ലാമിനും അതിന്റെ പ്രതിരോധത്തിനും പ്രചാരത്തിനും
വേണ്ടി ഇപ്രകാരം സ്വയം ത്യജിച്ചാണ് മഹത്വത്തിന്റെ പടവുകള്‍ ഏകാകിയായ ആ പ്രബോധകന്‍ കയറിപ്പോയത്. കൊച്ചിയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന പരോപകാരി പിന്നീട് കോഴിക്കോട്ടേക്കു മാറ്റിയെന്നും രണ്ടു സ്ഥലങ്ങളിലും കൂടിയായി മൂന്നു വര്‍ഷം ആണ് മാസിക നിലനിന്നതെന്നും ആണ് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുള്ളത്(35).
പരോപകാരിയുടെ ‘രക്തസാക്ഷിത്വം’ പത്രപ്രവര്‍ത്തനം വഴിയുള്ള ആദര്‍ശ പ്രതിരോധത്തിനുള്ള മക്തി തങ്ങളുടെ ആവേശത്തെ കെടുത്തിയില്ല. ഒരിക്കല്‍കൂടി അത്തരം ഒരാനുകാലികം ആരംഭിക്കാന്‍ സമുദായം കൂടെ നില്‍ക്കുമോ എന്ന് കഴിയുംവിധമെല്ലാം അദ്ദേഹം പരീക്ഷിച്ചുനോക്കിയിരുന്നു. തിരൂരില്‍നിന്ന് വി.സെയ്താലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരിച്ചിരുന്ന സ്വലാഹുല്‍ ഇഖ്‌വാന്‍ അറബിമലയാള പത്രത്തില്‍ നിത്യജീവന്‍ എന്ന പേരില്‍ ഒരു പുതിയ മാസിക തുടങ്ങുവാനുള്ള തന്റെ പദ്ധതിയവതരിപ്പിച്ചുകൊണ്ട് മുസ്‌ലിം വായനക്കാരെ മുന്നില്‍കണ്ട് തങ്ങള്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഇങ്ങനെ വായിക്കാം. ”യാ ഇഖ്‌വാനീ! (എന്റെ സഹോദരന്‍ന്‍മാരേ!) നസറാക്കളുടെ (ക്രിസ്ത്യാനികളുടെ) കയ്യേറ്റവും വാക്കേറ്റവും ദിവസേന വര്‍ദ്ധിച്ചും മുഅ്മിനീങ്ങള്‍ക്ക് (വിശ്വാസികള്‍ക്ക്) വ്യസനം കവര്‍ന്നും വരുന്നു. നസറാക്കളില്‍ നിന്നുണ്ടാകുന്ന ആക്ഷേപങ്ങള്‍ക്ക് സമാധാനം കാണാതെ ഇസ്‌ലാം ബുദ്ധിമുട്ടുന്നുണ്ട്….. എത്രകാലം ഞാന്‍ ഹയാത്തായിരിക്കുമെന്ന് (ജീവനോടെയിരിക്കുമെന്ന്) തീര്‍ച്ചയുമില്ല. അതുകൊണ്ട് (അവയ്ക്കുള്ള മറുപടികള്‍) താഴെ പറയുന്ന ഹീലത്ത് (പദ്ധതി) കൊണ്ട് ഇസ്‌ലാം മുതല്‍ കുഫ്ഫാര്‍ (അമുസ്‌ലിംകള്‍) വരെയുള്ള ജനത്തില്‍ എത്തിച്ചുകൊടുക്കാന്‍ വിചാരിക്കുന്നു -ഞാന്‍ മുമ്പ് നടത്തിയിരുന്ന പരോപകാരി പോ
ലെ എട്ടു പുറങ്ങളില്‍ ഒരു പസ്തകം മാസത്തില്‍ ഒന്നായി നടത്താനും അതില്‍ ഒരു ഭാഗം എന്റെ പുസ്തകങ്ങളില്‍ ഓരോന്നായി ചേര്‍ക്കാനും രണ്ടു ഭാഗങ്ങളില്‍ ബുദ്ധി ഉപദേശങ്ങളും ഓരോ രോഗങ്ങള്‍ക്ക് കൈക്കൊണ്ട ഔഷധങ്ങള്‍ വിവരിപ്പാനും ഉദ്ദേശിക്കുന്നു. അതിന്റെ വില ആണ്ടില്‍ ഒരുറുപ്പിക മുന്‍കൂറും ഒന്നേകാലുറുപ്പിക പിന്‍കൂറും ആകുന്നു. ഈ ദുല്‍ഹജ്ജ് മുപ്പതാം തീയതിക്കകം നൂറു വായനക്കാര്‍ തികഞ്ഞാല്‍ മുഹര്‍റം ഒന്നാം തീയതിക്ക് പത്രം പുറപ്പെടീക്കാം, ഇന്‍ശാ അല്ലാഹ്. ഒരുമാസത്തെ പണം മുന്‍കൂര്‍ അയച്ചുതന്നാലും മതി”(36). എന്നാല്‍ മാസിക നിലനില്‍ക്കാനാവശ്യമായ മിനിമം നൂറ് പണമടക്കുന്ന വരിക്കാരെ  മുസ്‌ലിം സമുദായത്തില്‍ നിന്നു ലഭിച്ചില്ലെന്നും അതിനാല്‍ നിത്യജീവന്‍ എന്ന ആശയം താനുപേക്ഷിക്കുകയാണെന്നും സ്വഹീഹുല്‍ ഇഖ്‌വാന്‍ പത്രാധിപര്‍ക്ക് മക്തി തങ്ങള്‍ പിന്നീടൊരിക്കലെഴുതി(37). അതെ, മൂന്നു പതിറ്റാണ്ടുകാലം ആ പേന ചലിച്ചത് പ്രാതികൂല്യങ്ങളുടെ കാഠിന്യം മാത്രമുള്ള പ്രതലങ്ങളിലൂടെയാണ്. തികഞ്ഞ ദാരിദ്ര്യവും സ്വസമുദായത്തിന്റെ നിസ്സഹകരണവും മിഷനറിമാര്‍ ഭരണസ്വാധീനമുപയോഗിച്ച് സൃഷ്ടിക്കുവാന്‍ ശ്രമിച്ച പ്രതിബന്ധങ്ങളും വേട്ടയാടിയിട്ടും മക്തി തങ്ങള്‍ തളരാതെത്തന്നെ നിന്നു; അല്ലാഹുവിനു വേണ്ടി, ചരിത്രത്തിനുവേണ്ടി!

കുറിപ്പുകള്‍
1. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം (എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (കോഴിക്കോട്: വചനം ബുക്‌സ്, 2006), പുറങ്ങള്‍ 176-80.
2. Ibid, പുറങ്ങള്‍ 182-220.
3. Ibid, പുറങ്ങള്‍ 272-320.
4. Ibid പുറങ്ങള്‍ 322-36.
5. Ibid, പുറങ്ങള്‍ 338-46.
6. Ibid, പുറങ്ങള്‍ 348-60.
7. Ibid, പുറങ്ങള്‍ 362-74.
8. Ibid, പുറങ്ങള്‍ 376-86.
9. Ibid, പുറങ്ങള്‍ 388-94.
10. Ibid, പുറങ്ങള്‍ 396-418.
11. Ibid, പുറങ്ങള്‍ 420-8.
12. Ibid, പുറങ്ങള്‍ 430-6.
13. Ibid, പുറങ്ങള്‍ 518-24.
14. Ibid, പുറങ്ങള്‍ 526-46.
15. Ibid, പുറങ്ങള്‍ 548-56.
16. Ibid, പുറങ്ങള്‍ 568-610.
17. Ibid, പുറങ്ങള്‍ 612-32.
18. Ibid, പുറങ്ങള്‍ 668-76.
19. Ibid, പുറങ്ങള്‍ 728-58.
20. Ibid, പുറങ്ങള്‍ 678-86.
21. മക്തി തങ്ങള്‍, ദൈവം, കി. കെ. കെ മുഹമ്മദ് അബ്ദുല്‍ കരീം (എഡി.), മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (കോഴിക്കോട്: വചനം ബുക്‌സ്, 2006), പുറം 678.
22. കയശറ, പുറം 686.
23. Felicity Jensz and Hanna Acke, ‘The Form and Function of Nineteenth-Century Missionary Periodicals: Introduction’, Church History, 2013 June, p-368.
24. പുതുപ്പള്ളി രാഘവന്‍, കേരള പത്രപ്രവര്‍ത്തന ചരിത്രം (തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 2008), പുറം 23.
25. Ibid, പുറങ്ങള്‍ 23-46.
26. For details, see Ibrahim Kalin, Sayyid Jamal al-Din Muhammad b. Safdar al-Afghani’ (1838-1897). www.cis-ca.org.
27. Barbara D. Metcalf , Islamic Revival In British India: Deoband. 1860-1900 (New Delhi: Oxford University Press, 2011), p. 206.
28. See history of the press in Kerala, www.prd.kerala.gov.in.
29. ടി.എം ചുമ്മാര്‍, ഭാഷാഗദ്യസാഹിത്യ ചരിത്രം (കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍, 1979).
30. കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, മഖ്ദി തങ്ങളുടെ ജീവചരിത്രം (കോഴിക്കോട്: യുവത ബുക്ക് ഹൗസ്, 1997), പുറങ്ങള്‍ 14-5.
31. മക്തി തങ്ങള്‍, തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ്. കി കരീം (എഡി.), op.cit, പുറം 182.
32. മക്തി തങ്ങള്‍, ക്രിസ്തീയ മൂഢപ്രൗ
ഢി ദര്‍പ്പണം. In Ibid, പുറം 573.
33. മക്തി തങ്ങള്‍, മക്തി മനക്ലേശം, In Ibid, പുറം 718.
34. Ibid, പുറം 719.
35. കരീം, മഖ്ദി തങ്ങളുടെ ജീവചരിത്രം, പുറം 16.
36. Ibid, പുറങ്ങള്‍ 16-7.
37. Ibid, പുറങ്ങള്‍ 17-8.

Leave a Reply

Your email address will not be published. Required fields are marked *