കുറ്റവും ശിക്ഷയും ഇസ്‌ലാമിക വീക്ഷണത്തില്‍

മറ്റു ജീവികളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന സവിശേഷതയാണ് സ്വാതന്ത്ര്യം എന്നുള്ളത്. ഓരോ ജീവികളും അവയുടെ ജനിതകകോഡുകളില്‍ രേഖപ്പെടുത്തിയ നിയമങ്ങള്‍ക്കനുസൃതമായി ജീവിക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കുവാനും സ്വതന്ത്രമായി കാര്യങ്ങള്‍ തീരുമാനിക്കുവാനും നടപ്പിലാക്കുവാനും സാധിക്കുന്നു എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതകളില്‍പെട്ടതാണ്. ഈ സ്വാതന്ത്ര്യം മനുഷ്യനുമേല്‍ വലിയ ബാധ്യതകള്‍ ചുമത്തുന്നുണ്ട്. ആകാശഭൂമികള്‍ക്കോ മറ്റു ജീവജാലങ്ങള്‍ക്കോ ഏറ്റെടുക്കാന്‍ കഴിയാത്ത ബാധ്യത. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നതു കാണുക: ”തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.” (33:72)
ആത്യന്തികമായ നന്മതിന്മകളെ വ്യവച്ഛേദിക്കുന്നിടത്ത് മനുഷ്യരുടെ തെരഞ്ഞെടുക്കുവാനുള്ള ഈ സ്വാതന്ത്ര്യം അപര്യാപ്തമാണെന്നാണ് ചരിത്രം തെളിയിച്ചത്. നന്മതിന്മകളെ വേര്‍തിരിക്കുവാന്‍ ഓരോ വ്യക്തികള്‍ തീരുമാനിക്കുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ് നന്മതിന്മകളെ വേര്‍തിരിക്കുന്നതിനേക്കാള്‍ അവിടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഒരേകാര്യം ചിലര്‍ക്ക് നന്മയാകുമ്പോള്‍ മറ്റുചിലര്‍ക്ക് തിന്മയായി അനുഭവപ്പെടുന്നു. ഈ വ്യത്യാസം ഇല്ലാതാക്കുവാന്‍ പരിപൂ
ര്‍ണമായും ദൈവികനിയമങ്ങള്‍ക്ക് കീഴൊതുങ്ങുകയാണ് നാം ചെയ്യേണ്ടത്.
നന്മതിന്മകളുടെ വേര്‍തിരിവുകള്‍ ആവശ്യമായി വരുന്നത് മനുഷ്യരുടെ ലോകത്താണ്. അല്ലാഹു കല്‍പിച്ചതുമാത്രം പ്രാ
വര്‍ത്തികമാക്കുന്നതിനായി കഴിവ് ലഭിച്ചവരാണ് മലക്കുകള്‍. ”അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.” (66:6) അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ കല്‍പനകള്‍ക്കെതിരായി ഒന്നും വരുന്നില്ല.
മൃഗങ്ങളാവട്ടെ, അവയുടെ ലോകത്ത് നന്മതിന്മകളില്ല. കാടുകളില്‍ പള്ളിക്കൂടങ്ങളോ പോലീസ് സ്റ്റേഷനുകളോ കോടതികളോ ആവശ്യമായി വരാത്തത് അവ ചെയ്യുന്നതെന്തോ അതാണ് അവയുടെ നിയമം എന്നതിനാലാണ്. അതുകൊണ്ടാണ് മൃഗങ്ങളില്‍ നല്ല സിംഹവും ചീത്ത സിംഹവുമില്ലാത്തത്. പരസ്പരം കൊല്ലുന്നതും ഇണ ചേരുന്നതുമെല്ലാം അധര്‍മമായി മാറാത്തത്.
മനുഷ്യജീവിതം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. നന്മ ചെയ്യാനും തിന്മ ചെയ്യാനും അവന് സാധിക്കുമെങ്കിലും തിന്മ ചെയ്യാനുള്ള പ്രവണത മനുഷ്യരില്‍ കൂടുതലാണ് എന്നുതന്നെ പറയാന്‍ സാധിക്കും. ”ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (ക്വുര്‍ആന്‍ 12:53)
അതുകൊണ്ട് തന്നെ മനുഷ്യപ്രകൃതിക്ക് അനുഗുണമായ രീതിയില്‍ നന്മതിന്മകളെ വേര്‍തിരിക്കുന്ന തെറ്റുപറ്റാത്ത മാര്‍ഗദര്‍ശനം നമുക്കനിവാര്യമാണ്. അത് നിണര്‍വഹിക്കുന്നതിനുവേണ്ടിയാണ് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്. ”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരംസത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.” (ക്വുര്‍ആന്‍ 2:213)
അല്ലാഹു പ്രവാചകന്‍മാരിലൂടെ ലോകത്ത് നന്മയായി അവതരിപ്പിച്ച കാര്യങ്ങളെയാണ് നാം നന്മയായി പരിഗണിക്കേണ്ടത്. അവര്‍ തിന്മകളായി വിശദീകരിച്ച കാര്യങ്ങളെ തിന്മകളായും. തദടിസ്ഥാനത്തിലുള്ള ഒരു സാമൂഹിക ജീവിതപദ്ധതിയാണ് മാനവകുലത്തിനു മുന്നില്‍ ഇസ്‌ലാം വരച്ചുകാണിക്കുന്നത്.

പാപകര്‍മങ്ങള്‍
ഇസ്‌ലാമിക പരിപ്രേഷ്യത്തില്‍
പാപകര്‍മങ്ങള്‍ ഇസ്‌ലാമികവീക്ഷണത്തില്‍ പൊതുവെ രണ്ട് രൂപത്തിലാണുള്ളത്. ഒന്ന് സ്വന്തത്തെമാത്രം ബാധിക്കുന്നതും രണ്ടാമത്തേത് മറ്റുള്ളവര്‍ കൂടി പങ്കാളികളാകുന്നതും. ആരാധനാ കര്‍മങ്ങളില്‍ വീഴ്ച വരുത്തുക, വിശ്വാസകാര്യങ്ങളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുക, കളവ് പറയുക, മദ്യപിക്കുക തുടങ്ങിയവയെല്ലാം സ്വന്തത്തെ മാത്രം ബാധിക്കുന്ന പാപങ്ങളാണ്. അത്തരം പാപങ്ങള്‍ സംഭവിക്കുമ്പോള്‍ അയാള്‍ പശ്ചാത്തപിക്കുകയും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയുമാണ് ചെയ്യേണ്ടത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:
”പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (39:53)
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം.” (66:8)
”പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്.” (4:17,18)
മറ്റുള്ളവരെക്കൂടി ബാധിക്കുന്നതാണ് രണ്ടാമത്തേത്. മോഷണം, കൊലപാതകങ്ങള്‍, വ്യത്യസ്തതരത്തിലുള്ള ചൂഷണങ്ങള്‍ എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം പാപകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട വ്യക്തികളെക്കൂടി അത് ബോധ്യപ്പെടുത്തേണ്ടതാണ്. ഏത് വിധത്തിലുമുള്ള കുറ്റകൃത്യങ്ങളാണെങ്കിലും കുറ്റവാളികളെ ശാരീരികമായും മാനസികമായും തിന്മകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനാവശ്യമായ നടപടിക്രമങ്ങളാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്.

ശിക്ഷാനിയമങ്ങളിലെ മാനവികത
പാപകര്‍മങ്ങള്‍ക്ക് അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നതോടൊപ്പം തന്നെ കൊലപാതകം, മോഷണം, വ്യഭിചാരം, മദ്യപാ
നം പോലുള്ളവയാണെങ്കില്‍ അതിനുള്ള ശിക്ഷാനിയമങ്ങളും ഇസ്‌ലാം വിശദീകരിക്കുന്നുണ്ട്. അത്തരം പാപങ്ങളാണെങ്കില്‍ പശ്ചാത്തപിക്കുകയും ശിക്ഷകള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോഴാണ് പാപമുക്തി ലഭിക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങളിലാണ് ഈ ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കേണ്ടത്.
ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളെ വളരെ ക്രൂരവും പ്രാകൃതവും മാനവികവിരുദ്ധവുമായി അവതരിപ്പിക്കുവാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ശിക്ഷാനിയമങ്ങളെക്കുറിച്ച് വിമര്‍ശകരില്‍ നിന്നുമാത്രം പഠിക്കുവാന്‍ അവസരം ലഭിക്കുകയോ ഇസ്‌ലാമിക വിമര്‍ശനം തൊഴിലായി സ്വീകരിക്കുകയോ ചെയ്തവരാണ് അതിന്റെ നേതൃത്വത്തില്‍ വരാറുള്ളത്. ഇസ്‌ലാമിന്റെ സ്രോതസ്സുകളില്‍ നിന്ന് ഇത്തരം വിഷയങ്ങള്‍ പഠന വിധേയമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ത്തും മാനവികമായിട്ടാണ് ഓരോരുത്തര്‍ക്കും അനുഭവപ്പെടുക.
ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമുമ്പ് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനുള്ള പരിസരമൊരുക്കുകയാണ് ഇസ്‌ലാം ചെയ്തത്. ‘വ്യഭിചാരം’ അതിനൊരു ഉദാഹരണമാണ്. വ്യഭിചാരത്തിനുള്ള ശിക്ഷ നിര്‍ദേശിക്കുന്നതിനു മുന്‍പുതന്നെ വ്യഭിചാരം സമൂഹത്തില്‍ ഇല്ലാതാക്കുവാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു പരിശുദ്ധ ഇസ്‌ലാം ചെയ്തത്.
അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചുള്ളത് ഇണകളായിട്ടാണ്. ഇണകളുടെ പാരസ്പര്യം മൂലമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പു തന്നെയുള്ളത്. ഓരോ വസ്തുക്കളില്‍ നിന്നും ഇണകളെ സൃഷ്ടിച്ച അല്ലാഹു പരമപരിശുദ്ധനാണെന്നാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. ”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!” (ക്വുര്‍ആന്‍ 36:36)
സ്ത്രീകളെയും പുരുഷന്‍മാരെയും പരസ്പരം ഇണകളായിട്ടാണ് സൃഷ്ടിച്ചതെങ്കില്‍ അവര്‍ക്ക് ഒരുമിച്ചു ചേരാനുള്ള അവസരത്തെ വിവാഹം എന്ന കരാറില്‍ ബന്ധിപ്പിക്കുകയാണ് ആദ്യം ഇസ്‌ലാം ചെയ്തത്. വിവാഹത്തിലൂടെ മാത്രമാണ് ലൈംഗികമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതെന്നും, വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ വ്യഭിചാരമാണെന്നും ഇസ്‌ലാം പഠിപ്പിച്ചു. ലൈംഗികമായ താല്‍പര്യങ്ങളുടെ സാക്ഷാത്കാരത്തിനായി വിവാഹകര്‍മം നിര്‍വഹിക്കുവാന്‍ താത്കാലികമായ തടസ്സങ്ങളുളളവരോട് അവരുടെ വികാരനിയന്ത്രണത്തിനായി നോമ്പനുഷ്ഠിക്കുവാനാണ് പ്രവാചകന്‍ (സ) കല്‍പിച്ചിട്ടുള്ളത്. ”അല്ലയോ യുവസമൂഹമേ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പ്രാപ്തിയെത്തിയാല്‍ അവര്‍ വിവാഹം കഴിക്കുക. അത് അവരുടെ ദൃഷ്ടികളെ താഴ്ത്തുകയും ലൈംഗികാവയവങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയും ചെയ്യുന്നു. അതിന് സാധിക്കാത്തവര്‍ നോമ്പനുഷ്ഠിക്കട്ടെ. അത് അവര്‍ക്ക് പരിരക്ഷയാകുന്നു.” (മുസ്‌ലിം)
പുരുഷന് ലൈംഗികമായ വികാരങ്ങളുണ്ടാകുന്നത് പ്രധാനമായും അവന്റെ കാഴ്ചയിലൂടെയാണ്. സ്ത്രീകളുടെ ശരീരപ്രദര്‍ശനങ്ങളും ശാരീരിക ചേഷ്ടകളുമെല്ലാം പുരുഷനില്‍ ലൈംഗികമായ വികാരമുണര്‍ത്തുമെന്നതിനാല്‍ തന്നെ മാന്യമായി വസ്ത്രം ധരിക്കാനും കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാതിരിക്കുവാനും ഇസ്‌ലാം സ്ത്രീയോട് ആവശ്യപ്പെടുന്നു. അതാകട്ടെ അവള്‍ക്കുള്ള സംരക്ഷണമാണു താനും.
സ്ത്രീകളോട് മാന്യമായ വസ്ത്രവും പെരുമാറ്റവും നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാം പുരുഷന്‍മാര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യഭിചാരത്തെക്കുറിച്ച് പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നതിപ്രകാരമാണ്. ”നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോ
കരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (ക്വുര്‍ആന്‍ 17:32) ഇവിടെ വ്യഭിചാരത്തെ സമീപി
ച്ചുപോകരുത് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞത്. എങ്ങനെയാണ് വ്യഭിചാരത്തെ സമീപിക്കുന്നത്? വ്യഭിചാരത്തിലേക്ക് എത്തിക്കുന്ന ഏതു പ്രവര്‍ത്തനങ്ങളാണെങ്കിലും അതെല്ലാം നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അതുകൊണ്ടാണ് പ്രവാചകന്‍ (സ) കണ്ണുകൊണ്ടും കാതുകൊണ്ടും കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും വ്യഭിചാരമുണ്ടെന്നും കണ്ണുകൊണ്ടുള്ള വ്യഭിചാരം നോക്കലാണെന്നും കാതുകൊണ്ടുള്ള വ്യഭിചാരം കേള്‍ക്കലാണെന്നും കൈകള്‍ കൊണ്ടുള്ള വ്യഭിചാരം പി
ടിക്കലാണെന്നും കാലുകൊണ്ടുള്ള വ്യഭിചാരം അതിലേക്കു നടന്നടുക്കലാണെന്നും (മുസ്‌ലിം) വിശദീകരിച്ചത്. അതായത് ഇസ്‌ലാം വ്യഭിചാരത്തിനുള്ള ശിക്ഷ വിശദീകരിക്കുന്നതോടൊപ്പം സമൂഹത്തില്‍ വ്യഭിചാരം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ മുഴുവനും ഇല്ലാതാക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നര്‍ഥം.

ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍
എന്തിനുവേണ്ടിയുള്ളതാണ്?
വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന ഒരു വലിയ വിപത്താണ് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണതകള്‍ എന്നതുകൊണ്ട് തന്നെ അതിനെ ഇല്ലായ്മ ചെയ്യല്‍ അനിവാര്യമാണ്. ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുകവഴി താഴെ പറയുന്ന കാര്യങ്ങളാണ് ലക്ഷ്യമാക്കുന്നത്.

1. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുക
ഇസ്‌ലാമിലെ ശിക്ഷാനടപടികള്‍ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുവാനാണ് ശ്രമിക്കുന്നത്. സാമൂഹികമായ തിന്മകള്‍ പലപ്പോഴും ഒരു രാജ്യത്തിന്റെ തന്നെ സംസ്‌കാരത്തിനും പുരോഗതിക്കും തടസ്സം നില്‍ക്കാറുണ്ട്. അത്തരം കുറ്റകൃത്യങ്ങള്‍ക്ക് മാതൃകാപരമായ ശിക്ഷകള്‍ നല്‍കുന്നതിലൂടെ അതിനെ ഒരു പരിധിവരെ തടയിടുവാന്‍ കഴിയും.
കൊലപാതകത്തിനുള്ള ശിക്ഷ അതിനൊരു ഉദാഹരണമാണ്. ഒരാളെ കൊലപ്പെടുത്തിയാല്‍ ആരാണോ കൊലപ്പെടുത്തിയത് അയാളെ ഭരണകൂടം കൊലപ്പെടുത്തുക എന്നതാണ് ഇസ്‌ലാമിലെ നിയമം.
”സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്). ഇനി അവന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.” (ക്വുര്‍ആന്‍ 2:178)
ഈ വചനത്തില്‍ പ്രതിക്രിയയെ സംബന്ധിച്ച് വിശദീകരിച്ചതോടൊപ്പം തന്നെ അടുത്ത വചനത്തിലൂടെ പ്രതിക്രിയ നടത്തുന്നതിലൂടെയാണ് ജീവിതത്തിന്റെ നിലനില്‍പുതന്നെയുള്ളത് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നത്. ”ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍).” (ക്വുര്‍ആന്‍ 2:179)
കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനിയമങ്ങള്‍ പരസ്യമായി നിര്‍വഹിക്കാനാണ് പ്രവാചകന്‍ (സ) നിര്‍ദേശിക്കുന്നത്. ശിക്ഷാനടപടികള്‍ പരസ്യമായി നിര്‍വഹിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റുചെയ്യാനുള്ള പ്രവണത കുറഞ്ഞുവരികയും ക്രമേണ അത്തരം കുറ്റകൃത്യങ്ങള്‍ വളരെ വിരളമായി മാറുകയും ചെയ്യും. ഇസ്‌ലാമിക ശിക്ഷാനിയമങ്ങള്‍ നടപ്പിലാക്കുന്ന രാജ്യങ്ങളെ പഠനവിധേയമാക്കിയാല്‍ അത് ബോധ്യപ്പെടുന്നതാണ്.

2. കുറ്റവാളികളില്‍ മനസ്താപമുണ്ടാക്കിയെടുക്കുക
ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പശ്ചാത്തപിക്കുവാന്‍ അവസരം നല്‍കുകയും അങ്ങനെ പശ്ചാത്തപിക്കുന്നവര്‍ക്കായി അല്ലാഹു പാപമോചനം നല്‍കുന്നതുമാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. കൊലപാതകം ചെയ്തവര്‍ക്കുപോലും കൊലചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് നല്‍കുകയാണെങ്കില്‍ അവരെ ഭൗതികശിക്ഷയില്‍ നിന്നും ഒഴിവാക്കുവാന്‍ വരെ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. അഥവാ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഭൗതികശിക്ഷ ലഭിച്ചാല്‍ പോലും പാരത്രിക രക്ഷ ലഭിക്കണമെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങേണ്ടതുണ്ട്. അങ്ങനെ പശ്ചാത്തപിച്ച് മടങ്ങുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്.
”അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിന്റെ മുമ്പായി പശ്ചാത്തപിച്ച് മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.” (ക്വുര്‍ആന്‍ 5:33,34)
വ്യഭിചാരത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്നതിനോടനുബന്ധിച്ച് പരിശുദ്ധ ക്വുര്‍ആന്‍ പറയുന്നതിപ്രകാരമാണ്. ”നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.” (ക്വുര്‍ആന്‍ 4:16)
3. കുറ്റവാളികളെ സംസ്‌കരിക്കുക
കുറ്റവാളികളെ വന്‍ ക്രിമിനലുകളാക്കി മാറ്റുന്ന ശിക്ഷാരീതികള്‍ നിലനില്‍ക്കുന്ന ആധുനിക ലോകത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പി
ടിക്കപ്പെട്ടവരെ സംസ്‌കരിക്കുന്നതിനായി പ്രത്യേകം പരിശീലനങ്ങള്‍ കാരാഗൃഹ സംവിധാനങ്ങള്‍ പ്രസ്തുത ലക്ഷ്യത്തിലെത്തുന്നതില്‍ തൊണ്ണൂറ് ശതമാനവും പരാജയമാണെന്നാണ് ജയില്‍ വാസം ശീലമാക്കിയ ക്രിമിനലുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ശാരീരികവും മാനസികവുമായ സംസ്‌കരണമാണ് ഇസ്‌ലാം ശിക്ഷാ നിയമങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.
കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള ശിക്ഷയാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ഒന്ന് ഭൗതികലോകത്തെയും രണ്ടാമത്തെത് മരണാനന്തര ജീവിതത്തിലേതും. ഭൗതികമായ ശിക്ഷ കുറ്റം ചെയ്തവര്‍ മുഴുവനും അനുഭവിക്കേണ്ടിവരുമ്പോള്‍ മാനസികമായ പരിവര്‍ത്തനങ്ങള്‍ക്ക് വിേധയരാകുവാന്‍ കഴിയാത്തവര്‍ക്കാണ് മരണാനന്തര ജീവിതത്തിലെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്. ഒരു വ്യക്തിയില്‍ തെളിയിക്കപ്പെട്ട കുറ്റകൃത്യത്തിന് ഭൗതിക കോടതി അയാളെ ശിക്ഷിച്ചാലും അയാളില്‍ മാനസിക പരിവര്‍ത്തനങ്ങളുണ്ടാകിയട്ടില്ലെങ്കില്‍ മരണാനന്തരജീവിതത്തില്‍ അയാള്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നതാണ് ഇസ്‌ലാമിന്റെ ഭാഷ്യം.
ഈയൊരു ഭൂകയില്‍ നിന്നു കൊണ്ടാണ് ഇസ്‌ലാം കുറ്റവാളികളെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭരണകൂടം അവരുടെ പാപങ്ങളെ കണ്ടെത്തിയിട്ടില്ലെങ്കില്‍ പോലും സ്വന്തം പാപങ്ങള്‍ ഏറ്റു പറഞ്ഞുകൊണ്ട് ശിക്ഷ സ്വീകരിക്കുവാന്‍ മാത്രം അവരുടെ മനസ്സുകള്‍ പാകമായത്. വ്യഭിചരിച്ചതിന് ശേഷം കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് പ്രവാചകന്‍ (സ്വ)യുടെ മുമ്പില്‍ വന്നു ശിക്ഷ നടപ്പിലാക്കുന്നതിനായി വീണ്ടും വീണ്ടും അഭ്യര്‍ഥിച്ച ഗാമിദിയ്യ ഗോത്രക്കാരിയായ സ്ത്രീയുടെ ചരിത്രം നമ്മെ ഓര്‍പ്പിക്കുന്നതും അതുതന്നെയാണ്.
ശിക്ഷാ വിധികളിലെ നീതിയും
ന്യായവും
ഓരേ സമയം കുറ്റകൃത്യങ്ങക്കെതിരെ അക്ഷര വിപ്ലവങ്ങള്‍ നടത്തുകയും അതോടൊപ്പം തന്നെ കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ് ഇന്ന് നമുക്കുള്ളത്. നാം കൊലപാ
തകം വലിയ തിന്മയായി കാണുന്നു. മദ്യപാ
നത്തിനെതിരെ സംസാരിക്കുന്നു. സ്ത്രീ സംരക്ഷണത്തിനായി പേജുകള്‍ നിരത്തുന്നു. മോഷണം പാതകമായി കണക്കാക്കുന്നു. അവയവങ്ങളെ വ്രണപ്പെടുത്തുന്നത് മനുഷ്യത്വലംഘനമായി വിലയിരുത്തുന്നു. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാത്ത വിധം ശിക്ഷകള്‍ വിധിക്കുമ്പോള്‍ അത് പ്രാകൃതമാണെന്ന് പറഞ്ഞ് തള്ളുകയും ചെയ്യുന്നു.
വേട്ടക്കാരന്റെ പക്ഷം ചേര്‍ന്ന് ഇരകളോട് സഹതപിക്കുന്നവരാണ് ഇന്ന് നമുക്കിടയിലുള്ളത്. മാതൃകാപരമായ ശിക്ഷകള്‍ നല്‍കേണ്ട കുറ്റ കൃത്യങ്ങള്‍ക്കെല്ലാം ജാതിയും മതവും നിറവും സ്ഥാനവുമെല്ലാം പരിഗണിച്ച് ശിക്ഷ വിധിക്കുന്നത് സംസ്‌കൃതരായ ഒരു സമൂഹത്തെ ബാധിക്കുന്നത് തെല്ലൊന്നുമല്ല. അവിടെ വിവേചനങ്ങള്‍ക്കതീതമായി വിധിപറയുക എന്നത് ജനാധിപത്യത്തിന്റെ അസ്ഥിവാരമാണ്.
നീതിപൂര്‍ണമായ വിധികള്‍ എല്ലാ കാര്യങ്ങളിലുമുണ്ടാക്കണമെന്ന് വാശിപിടിക്കുന്ന മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആനിന്റെ വ്യത്യസ്ത വചനങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും നീതി പാലിക്കുവാന്‍ വിശ്വാസികളോട് ആജ്ഞാപിക്കുന്നുണ്ട്. ഏതെങ്കിലും സമൂഹത്തോടുള്ള വിദ്വേഷം അവരോട് അനീതി കാണിക്കുവാന്‍ കാരണമാകരുതെന്ന് പരിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നു. ‘സത്യ വിശ്വാസികളെ, നിങ്ങള്‍ അല്ലഹുവിന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം അവരോട് നീതിപാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ടയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷമയായി അറിയുന്നവനാകുന്നു. (ഖുര്‍ആന്‍ 5:8)
മഖ്‌സൂം ഗോത്രക്കാരിയായ ഒരു സ്ത്രീ മോഷ്ടിക്കുകയും അത് തെളിയിക്കപ്പെട്ടപ്പോള്‍ ശിക്ഷ വിധിക്കുകയും ചെയ്ത സംഭവം ശ്രദ്ധയമാണ്. അവര്‍ വലിയ ഗോത്രക്കാരിയായിരുന്നത് കൊണ്ട് തന്നെ ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കുവാനുള്ള ശുപാര്‍ശയുമായി ചിലര്‍ നബി(സ്വ)യുടെ അരികില്‍ വന്നത് നമുക്കിപ്രകാരം വായിക്കാം. ‘ആയിശ (റ) നിന്ന് നിവേദനം.” മഖ്‌സൂം ഗോത്രത്തില്‍ പെട്ട് ഒരു സ്ത്രീ ഒരിക്കല്‍ മോഷണം നടത്തി, അളുകള്‍ പറഞ്ഞു: ഇക്കാര്യം നബി(സ്വ)യെ അറിയിക്കാന്‍ ആരുണ്ട്? എന്നാല്‍ ആരും അതിന് ധൈര്യം കാണിച്ചില്ല. ഉസാമത്തിബ്‌നു സൈദ് ആ കാര്യം തിരുമേനിയോട് പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. തങ്ങളില്‍പെട്ട ഒരു പ്രമാണി മോഷണം നടത്തിയാല്‍ ഇസ്‌റാഈലര്‍ വെറുതെ വിടുമായിരുന്നു, എന്നാല്‍ ഒരു ദുര്‍ബലന്‍ മോഷ്ടിച്ചാല്‍ അവര്‍ അവരുടെ കൈവെട്ടുകയും ചെയ്യും. (എന്റെ മകള്‍) ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്ന ചെയ്യും”. (ബുഖാരി)
ആധുനിക സമുഹത്തില്‍ കുറ്റകൃത്യങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നു. ന്യായപൂര്‍വം വിധിക്കേണ്ട വിധികള്‍ വര്‍ഗീയ വല്‍കരിക്കപ്പെടുന്നു. കുറ്റവാളികള്‍ വീണ്ടും കുറ്റവാളികളായി മാറുന്നു. പണവും പ്രശസ്തിയും ശിക്ഷകളില്‍ ഇളവ് നല്കുന്നു. ഇത്തരം സ്ഥിതികള്‍ മാറിവരുകയും കുറ്റകൃത്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യണമെങ്കില്‍ ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ പ്രാ
വര്‍ത്തികമാക്കലാണ് പോംവഴി.

Leave a Reply

Your email address will not be published. Required fields are marked *