ഐ.എസിന്റെ വേരുകള്‍

ഐ.എസ് ഇന്ന് ആഗോള ‘ഭീകരത’യുടെ അപരനാമമായി മാറിയിരിക്കുന്നു. പശ്ചിമേഷ്യന്‍ ദേശങ്ങള്‍ തൊട്ട് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വരെ ‘ഭീകരത’യുടെ വ്യാപനം, അക്ഷരാര്‍ത്ഥത്തില്‍ ഐ.എസിനു സാധ്യമായിരിക്കുന്നു. ഇറാക്വ്, സിറിയ, ലബനോന്‍, ഈജിപ്ത്, സൗദി അറേബ്യ, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് തുടങ്ങി ദശക്കണക്കിനു രാഷ്ട്രങ്ങളില്‍ ഐ.എസ് ചോരച്ചാലുകള്‍ ചീന്തിയിരിക്കുന്നു. മനുഷ്യസമൂഹത്തിന്റെ സ്വസ്ഥതയും സമാധാനവും അത് കവര്‍ന്നെടുത്തിരിക്കുന്നു. എപ്പോള്‍, എവിടെ എന്നൊരെത്തും പിടിയും നല്‍കാതെ മനുഷ്യജീവനുവേണ്ടി പാര്‍ത്തിരിക്കുകയാണത്. സാമൂഹിക ജീവിതത്തിനു മുകളില്‍ അരക്ഷിതബോധത്തിന്റെ കാര്‍മേഘമായി അതു പരന്നുകൊണ്ടിരിക്കുന്നു. ഒരു പ്രത്യയശാസ്ത്ര പരിസരങ്ങള്‍ക്കും ന്യായീകരിക്കാന്‍ സാധ്യമല്ലാത്തവിധം പരുഷഭാവം അത് സ്വയം വരിച്ചിരിക്കുന്നു. മണ്ണിനെ ചുവപ്പിച്ചും വിണ്ണിനെ കറുപ്പിച്ചും മനസ്സിനെ മടുപ്പിച്ചും അതിന്റെ രക്തരൂക്ഷിത പടയോട്ടം ലോകവ്യാപകമായിരിക്കുന്നു. ജുഗുപ്‌സാവഹമായ അതിന്റെ വ്യാപനം തടയിടാന്‍ ലോകശക്തികള്‍ക്കുപോലും സാധ്യമാകുന്നില്ല എന്ന തിരിച്ചറിവ്, മനുഷ്യത്വമുള്ളവരെയെല്ലാം വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു. ഹൃദയമുള്ളവരുടെയെല്ലാം നെഞ്ചിലെ നീറലായി ഐ.എസ് മാറിയിരിക്കുന്നു. ഐ.എസ് പൊടുന്നനെ പൊട്ടിവിടര്‍ന്ന ഒരു ‘പ്രതിഭാസ’മല്ല. അതിന്റെ വേരും വ്യാപ്തിയും തിരിച്ചറിയുന്ന ഒരാള്‍ക്ക്, അതിന്റെ നിര്‍മിതിയെ പിറകിലുള്ള ‘സിദ്ധവൈഭവ’ത്തെ നിസ്സാരമായി കാണാനാകില്ല. അതിനിഗൂഢവും ദുര്‍ജ്ഞേയവുമായ അതിന്റെ നിര്‍മിതയും വ്യാപനവും തീര്‍ച്ചയായും അതിനു പിറകിലുള്ള സ്വാര്‍ത്ഥവും ജുഗുപ്‌സാവഹവുമായ ചില ലക്ഷ്യസാക്ഷാത്കാരങ്ങളെ അടിവരയിടുന്നുണ്ട്. കോട്ടവും നേട്ടവും കൈപ്പറ്റി, ഇരകളും പ്രയോജകരും അതിന്റെ ചുറ്റുമുണ്ട്. ‘പ്രവേശി’ക്കുവാനോ ‘പരതാ’നോ പാടില്ലാത്തവിധം, ഒരുതരം നിഗൂഢപ്രഭാന്തരീക്ഷം അതിനു ചുറ്റും നിലനിര്‍ത്താന്‍ ബുദ്ധിപൂര്‍വമായ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നതു സ്പഷ്ടം. അതുകൊണ്ടാണ് ഐ.എസ് ഒരു ‘ദുര്‍ഗ്രാഹ്യ പ്രതിഭാസ’മായി നിലനില്‍ക്കുന്നത്. ഐ.എസിനു ചുറ്റുമുള്ള ഇരുട്ടിന്റെ ‘ഇരുമ്പുമറ’യെ എത്രകണ്ട് ഭേദിക്കുവാന്‍ സാധ്യമാകുന്നുവോ അത്രയും അതിന്റെ ഇരകളെയും പ്രയോജകരെയും വെളിച്ചത്തുകൊണ്ടുവരാനാകും. മനുഷ്യരാശിയുടെ സ്വസ്ഥജീവിതവും സമാധാനാന്തരീക്ഷവും കാത്തുസൂക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഏതൊരാളും ഐ.എസിനെ ചൂഴ്ന്നു നില്‍ക്കുന്ന നിഗതപ്രഭാന്തരീക്ഷത്തെയും ദുര്‍ഗ്രാഹ്യതയെയും വകഞ്ഞുമാറ്റി അതിനു പിറകിലുള്ള ‘ഒളിയജണ്ട’കളെയും രാഷ്ട്രീയ താല്‍പര്യങ്ങളെയും പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നു; വിശേഷിച്ചും ലോകമുസ്‌ലിം സമൂഹം. കാരണം, തന്റെ പ്രഥമ പശ്ചിമേഷ്യന്‍ സന്ദര്‍ശനവേളയില്‍, സൗദി അറേബ്യയില്‍ വച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതുപോലെ -അതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുടെ കണികയുണ്ട് എന്നതു കാര്യമാക്കേണ്ടതില്ല- ഐ.എസിന്റെ ഏറ്റവും വലിയ ‘ഇര’ മുസ്‌ലിം സമൂഹമാണെന്ന തിരിച്ചറിവ് നഷ്ടമാകരുത്. ഇസ്‌ലാമിനും പ്രവാചകനും മുസ്‌ലിം സമൂഹത്തിനും അതേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ‘ആഘാതം’ മുസ്‌ലിം സമൂഹം തിരിച്ചറിഞ്ഞേ പറ്റൂ. ഐ.എസ് പ്രതിരോധത്തെ വര്‍ത്തമാനകാലം നല്‍കിയ ഒരു ദൗത്യമായി മുസ്‌ലിം സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

ഒരു കാര്യം സ്പഷ്ടമാണ്, ‘അല്‍-ക്വായിദ’ക്കു ശേഷം ആഗോള ഭീകരതയുടെ ചാലകശക്തിയായിമാറിയ ഐ.എസിന്റെ ‘വേരറ്റ’വും ചെന്നെത്തി നില്‍ക്കുന്നത് അഫ്ഗാന്റെ മണ്ണില്‍ തന്നെയാണ്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ശീതസമരത്തിന്റെ മൂര്‍ധന്യദശയില്‍, അഫ്ഗാന്റെ മണ്ണില്‍ സോവിയറ്റ് യൂണിയനെതിരെ അമേരിക്ക സംഘടിപ്പിച്ച ആഗോള ‘ജിഹാദി’ന്റെ അഥവാ അമേരിക്കന്‍ ‘ജിഹാദി’ന്റെ ഒരു ഉപോല്‍പന്നമാണ് വാസ്തവത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്).

2006 ജൂണ്‍ എട്ടിന് ഇറാക്വിലെ ഉത്തര ബാഗ്ദാദില്‍ വച്ചുനടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അബൂ മുസ്അബ് അസ്സര്‍ക്വാവി എന്ന ജോര്‍ദ്ദാന്‍ ‘ജിഹാദിസ്റ്റി’ലൂടെയാണ് ഐ.എസിന്റെ ചരിത്രം വായിച്ചെടുക്കേണ്ടത്. ജോര്‍ദാനിലെ അമ്മാനില്‍നിന്നും 21 കിലോമീറ്റര്‍ അകലെയുള്ള ‘സര്‍ക്വ’ എന്ന സ്ഥലത്ത് ജനിച്ചതിനാല്‍ ‘സര്‍ക്വാവി’ എന്ന് പേരിനോട് ചേര്‍ത്ത് അറിയപ്പെട്ടു. യഥാര്‍ത്ഥ പേര് അഹമ്മദ് ഫദീല്‍ അന്നസാല്‍ അല്‍ ഖലായിലഃ എന്നാണ്. 1980കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയനെതിരെ, അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച ‘വിശുദ്ധയുദ്ധ’ത്തില്‍, മുജാഹിദീന്‍ ഗ്രൂപ്പുകളുടെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു സര്‍ക്വാവി. 1989-92 കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്നും ജോര്‍ദാനിലേക്കു മടങ്ങിയ അദ്ദേഹം ജോര്‍ദാനിയന്‍ ഭീകരഗ്രൂപ്പായി ‘ജുന്‍ദ് അശ്ശാ’മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 1992ല്‍ ജോര്‍ദാനില്‍വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട സര്‍ക്വാവി ഏഴുവര്‍ഷകാലം ജയില്‍വാസമനുഭവിച്ചു. ജയില്‍ മോചിതനായ ശേഷം, 1999ല്‍ ‘ജമാഅത്തു തൗഹീദ് വല്‍ ജിഹാദ്’ എന്ന പുതിയ ഒരു ഭീകരഗ്രൂപ്പിന് അദ്ദേഹം രൂപം കൊടുക്കുകയുണ്ടായി. എന്നാല്‍ 2000ന്റെ തുടക്കത്തില്‍ നടന്ന ചില വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോര്‍ദ്ദാനില്‍ നിന്നും നാടുവിടേണ്ടി വന്ന സര്‍ക്വാവി പാക്കിസ്ഥാനിലെത്തി. പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ ‘വിസ’ ദുര്‍ബലപ്പെടുത്തിയപ്പോള്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഒളിച്ചുകടന്നു. അവിടെവെച്ച് ഉസാമ ബിന്‍ ലാദനുമായി സന്ധിച്ച അദ്ദേഹം ‘വിശുദ്ധയുദ്ധ’ത്തിനായി വലിയ ഒരു തുക ബിന്‍ലാദനില്‍നിന്നും കൈപ്പറ്റുകയുണ്ടായി. 2001ല്‍ അല്‍ ക്വാഇദയുടെ നേതൃത്വത്തില്‍ ‘വേള്‍ഡ് ട്രേഡ് സെന്റര്‍’ ആക്രമിക്കപ്പെട്ടപ്പോള്‍ (9/11) സര്‍ക്വാവി ഇറാക്വിലായിരുന്നു. 2001 ഒക്‌ടോബറില്‍ താലിബാനെയും അല്‍ സഹായിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചെത്തിയ സര്‍ക്വാവി, യുദ്ധത്തില്‍ സാരമായ പരുക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് ചികിത്സാര്‍ത്ഥം ഇറാക്വിലേക്കു തന്നെ മടങ്ങി.

2003ല്‍ നടന്ന അമേരിക്കയുടെ ഇറാക്വ് അധിനിവേശത്തിനെതിരെ പൊരുതുവാനായി ബിന്‍ലാദന്‍ സര്‍ക്വാവിയെ ഇറാക്വിലെ അല്‍ ക്വാഇദ ഡിവിഷന്റെ തലവനായി നിശ്ചയിച്ചു. തുടര്‍ന്ന് ‘ജമാഅത്തു തൗഹീദ് വല്‍ ജിഹാദ്’ എന്ന തന്റെ ഭീകരഗ്രൂപ്പിന് ‘അല്‍ ക്വാഇദ ഇന്‍ ഇറാക്വ്’ (AQI) എന്നു സര്‍ക്വാവി നാമമാറ്റം ചെയ്തു. 2004ല്‍ നിലവില്‍ വന്ന ‘അല്‍ ക്വാഇദ ഇന്‍ ഇറാക്വി’ന്റെ നേതൃനിരയില്‍ മരണപ്പെടുന്നതുവരെ (2006 ജൂണ്‍ എട്ട്) സര്‍ക്വാവി ഉണ്ടായിരുന്നു. 2006ല്‍ മരണപ്പെടുന്നതിനുമുന്‍പ് സര്‍ക്വാവിയുടെ ശ്രമഫലമായി, ഇറാക്വിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെ പടപൊരുതിയിരുന്ന ആറ് സുന്നീ സായുധ ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ‘മുജാഹിദീന്‍ ശൂറാ കൗണ്‍സില്‍’ (MSC) എന്ന ഒരു കൂട്ടായ്മ രൂപീകരിക്കപ്പെട്ടു. ‘അല്‍ ക്വാഇദ ഇന്‍ ഇറാക്വി’നു പുറമെ 2006ല്‍ രൂപീകരിക്കപ്പെട്ട ‘മജ്‌ലിസു ശൂറാ അല്‍ മുജാഹിദീന്‍ ഫില്‍ ഇറാക്വ്’ അഥവാ ‘മുജാഹിദീന്‍ ശൂറാ കൗണ്‍സിലി'(MSC)ന്റെ നേതൃത്വം കൂടി സര്‍ക്വാവിയില്‍ അവരോധിതമായി. 2006 ജൂണ്‍ എട്ടിന് ഉത്തര ബാഗ്ദാദില്‍ വെച്ചുനടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ സര്‍ക്വാവി മരണപ്പെട്ടതോടെ അല്‍ ക്വാഇദ ഇന്‍ ഇറാക്വി'(AQI)ന്റെയും മുജാഹിദീന്‍ ശൂറാ കൗണ്‍സിലി'(MSC)ന്റെയും നേതൃത്വത്തിലേക്ക് അബൂ അയ്യൂബ് അല്‍ മിസ്‌രി എന്ന ഈജിപ്ഷ്യന്‍ ‘ജിഹാദിസ്റ്റ്’ അവരോധിതനായി. ഈജിപ്ത് ജീവിതകാലഘട്ടത്തില്‍ ‘മുസ്‌ലിം ബ്രദര്‍ഹുഡ്ഡു’മായും അയ്മന്‍ അല്‍ സവാഹിരിയുടെ -ഇപ്പോഴത്തെ അല്‍ ക്വാഇദ നേതാവ്- ‘ജിഹാദീ’പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുകയും ചെയ്തിരുന്ന അബൂ അയ്യൂബ് അല്‍ മിസ്‌രിക്ക്, 1999 കാലഘട്ടത്തില്‍, അഫ്ഗാനിസ്ഥാനില്‍വെച്ച് അല്‍ ക്വാഇദയുടെ ഒരു ക്യാംപില്‍ നിന്ന് പരിശീലനവും ലഭിച്ചിട്ടുണ്ടായിരുന്നു. 2006ല്‍ ഇറാക്വിലെ ആറു സുന്നി സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്നു രൂപപ്പെട്ട ‘മുജാഹിദീന്‍ ശൂറാ കൗണ്‍സിലി’നെ ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വ്’ (ISI) എന്ന ഒറ്റ സംഘടനയാക്കി മാറ്റിയത് അബൂ അയ്യൂബ് അല്‍ മിസ്‌രിയാണ്. അബൂ ഉമ്മര്‍ അല്‍ ബാഗ്ദാദിയെ തന്റെ പിന്‍ഗാമിയായി അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. 2010 ഏപ്രിലില്‍ അമേരിക്കന്‍-ഇറാക്വ് സംയുക്ത സൈനികനീക്കത്തില്‍ അബൂ അയ്യൂബ് അല്‍ മിസ്‌രിയും അബൂ ഉമ്മര്‍ അല്‍ ബാഗ്ദാദിയും കൊലപ്പെട്ടു. 2010 മെയ് 16ന് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വി'(ISI)ന്റെ പുതിയ നേതാവായി അബൂബക്വര്‍ അല്‍ ബാഗ്ദാദി രംഗപ്രവേശനം ചെയ്യുന്നത് ആ അവസരത്തിലാണ്. 1971ല്‍ ഇറാക്വിലെ സമ്മാറ(Sammara)യില്‍ ജനിച്ച അബൂബക്വര്‍ അല്‍ ബാഗ്ദാദിയുടെ യഥാര്‍ത്ഥ പേര് ഇബ്രാഹിം അവാദ് ഇബ്രാഹിം അലി മുഹമ്മദ് ബദ്‌രീ അസ്സാമറാഈ എന്നാണ്. ബാഗ്ദാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ളതായി മനസ്സിലാക്കപ്പെടുന്ന ‘ബാഗ്ദാദി’, ദക്ഷിണ ഇറാക്വിലെ അമേരിക്കന്‍ ജയിലായ ‘കാംപ് ബൂക്കാ'(Camp Bucca)യില്‍ ഒരു തവണ അകപ്പെട്ടിട്ടുണ്ട്. അവിടെ വെച്ചാണ് ഭീകരഗ്രൂപ്പ് നേതാക്കളുമായി ശക്തമായ ബന്ധം സ്ഥാപിച്ചത്. 2010ല്‍ ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വി'(ISI)ന്റെ നേതൃത്വത്തിലേക്കു കടന്നുവരുന്നതിനു മുന്‍പുതന്നെ, ഇറാക്വിലെ ചില ‘സുന്നിഭീകര’ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ബാഗ്ദാദി’, 2004ല്‍ സര്‍ക്വാവി സ്ഥാപിച്ച ‘അല്‍ ക്വാഇദ ഇന്‍ ഇറാക്വി’ലും 2006ല്‍ സ്ഥാപിക്കപ്പെട്ട ‘മുജാഹിദീന്‍ ശൂറാ കൗണ്‍സിലി’ലും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 2006ല്‍ ‘മുജാഹിദീന്‍ ശൂറാ കൗണ്‍സില്‍’ അംഗങ്ങള്‍ ലയിച്ച് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വ്’ (ISI) രൂപീകരിക്കപ്പെട്ടപ്പോള്‍ അബൂ അയ്യൂബ് അല്‍ മിസ്‌രിക്കും, അബൂ ഉമ്മര്‍ അല്‍ ബാഗ്ദാദിക്കും കീഴില്‍ ഐ.എസ്.ഐയുടെ നേതൃത്വനിരയില്‍ അബൂബക്വര്‍ അല്‍ ബാഗ്ദാദി ഉണ്ടായിരുന്നു.

2011 മാര്‍ച്ചില്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ‘ബാഗ്ദാദി’ ഒരു സംഘത്തെ ഇറാക്വില്‍ നിന്നും സിറിയയിലേക്ക് അയച്ചു. സിറിയയില്‍ ബശ്ശാര്‍ അല്‍ അസദ് ഗവണ്‍മെന്റിനെതിരെ സായുധസരമത്തിലേര്‍പ്പെട്ടിരുന്ന വിതമസൈന്യം ഈ ഇറാക്വ് സംഘവുമായി ലയിച്ച്, അബൂ മുഹമ്മദ് അല്‍ ജൂലാനിയുടെ നേതൃത്വത്തില്‍ ‘അന്നുസ്‌റ ഫ്രണ്ട്’ എന്ന പേരില്‍ പോരാട്ടമുഖത്ത് സജീവമായി. യൂറോപ്യന്‍ യൂണിയനും അമേരിക്കയും പരസ്യമായി സിറിയയിലെ വിമതസൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചത് ‘അന്നുസ്‌റ ഫ്രണ്ടി’ന്റെ പോരാട്ടത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു. 2011 ഡിസംബറില്‍ അമേരിക്കന്‍ സൈന്യം ഇറാക്വില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയതോടെ, അബൂബക്വര്‍ അല്‍ ബാഗ്ദാദിയുടെ കീഴില്‍ ഐ.എസ്.ഐ ഇറാക്വിലെ ശിയാസ്വാധീനമുള്ള ഗവണ്‍മെന്റിനെതിരെ പോരാട്ടമാരംഭിച്ചു. നൂരി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുള്ള ശിയാ ഗവണ്‍മെന്റിന്റെ കടുത്ത സുന്നിവിരുദ്ധ നിലപാടുകള്‍, ഇറാക്വില്‍ ഐ.എസ്.ഐക്ക് സുന്നി പ്രദേശങ്ങളില്‍ വന്‍സ്വാധീനം നേടിക്കൊടുത്തു. കൂടാതെ അമേരിക്കന്‍ അധിനിവേശത്തോടെ പിരിച്ചുവിടപ്പെട്ട പഴയ ‘സദ്ദാം’ സൈന്യത്തിലെ സുന്നി സൈനിക നേതാക്കന്‍മാരും സൈനികരും ഐ.എസ്.ഐക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘ഹവീജഃ കൂട്ടക്കൊല’ എന്നപേരില്‍ അറിയപ്പെട്ട സുന്നീപ്രക്ഷോഭത്തെ സൈനികമായി നേരിട്ട നൂരി അല്‍ മാലിക്വിയുടെ ഗവണ്‍മെന്റ്, പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ സുന്നി പാര്‍ലമെന്റ് അംഗങ്ങളുടെ വീടുകള്‍ റെയ്ഡ് ചെയ്തു. ഇതെല്ലാം ഐ.എസ്.ഐക്ക് ഇറാക്വിലെ സുന്നികള്‍ക്കിടയില്‍ വന്‍സ്വാധീനം ഉണ്ടാക്കിയെടുത്തു.

2013 ഏപ്രിലില്‍ ‘ബാഗ്ദാദി’ ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വി'(ISI)നെയും ‘അന്നുസ്‌റ ഫ്രണ്ടി’നെയും ലയിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വ് ആന്റ് സിറിയ (ISIS) എന്ന ഒറ്റ സംഘടനയായി പ്രഖ്യാപിച്ചു. (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വ് ആന്റ് ലെവന്റ് (ISIL) എന്നും ഐ.എസ്.ഐ.എസ് അറിയപ്പെടാറുണ്ട്). എന്നാല്‍ ‘അന്നുസ്‌റ ഫ്രണ്ട്’ തലവന്‍ അബൂമുഹമ്മദ് അല്‍ ജൂലാനി ലയനത്തെ എതിര്‍ക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ‘അന്നുസ്‌റ ഫ്രണ്ടി’ല്‍ നിന്നും ഒരു സംഘം അല്‍ ക്വാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് 2014ല്‍ ജൂലാനിയുടെ നേതൃത്വത്തിലുള്ള ‘അന്നുസ്‌റ ഫ്രണ്ടും’ ഐ.എസ്.ഐ.എസുമായി മാസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ നടന്നു. അതോടെ ഐ.എസ്.ഐ.എസുമായുള്ള ബന്ധം അല്‍ ക്വാഇദ ‘ഉപേക്ഷിച്ചു’.

2014 ജനുവരിയില്‍ സിറിയയിലെ ‘റഖ’ ഐ.എസ്.ഐ.എസ് പിടിച്ചടക്കി. അതേവര്‍ഷം തന്നെ ജൂണ്‍ ഒന്‍പതിന് ഇറാക്വിലെ മൂസ്വില്‍ വിമാനതാവളവും ടി.വി സ്റ്റേഷനുകളും ഗവര്‍ണര്‍ ഓഫീസും ഐ.എസ്.ഐ.എസ് പിടിച്ചടക്കുകയും ആയിരത്തിലധികം തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. 2014 ജൂണ്‍ പത്തിന് മൂസ്വില്‍ പൂര്‍ണമായും ഐ.എസ്.ഐ.എസ് നിയന്ത്രണത്തിലായി. ജൂണ്‍ 11ന് ഇറാക്വിലെ ‘തിക്‌രീത്തും’, ജൂണ്‍ 12ന് സിറിയയുടെ അതിര്‍ത്തിയിലുള്ള ‘അല്‍ ക്വയ്മും’ ഐ.എസ്.ഐ.എസ് പിടിച്ചെടുത്തു. 2014 ജൂണ്‍ 29ന് ഐ.എസ്.ഐ.എസിന്റെ മുഖ്യവക്താവായ ‘മുഹമ്മദുല്‍ അദ്‌നാനി’ ഐ.എസ്.ഐ.എസിലൂടെ ഇസ്‌ലാമിക ‘ഖിലാഫത്ത്’ പുനഃസ്ഥാപിക്കുന്നതായി ലോകത്തെ അറിയിച്ചു. തുടര്‍ന്ന് എല്ലാ അതിര്‍ത്തിരേഖകളും മായ്ച്ചും അപ്രസക്തമാക്കിയും ‘ഖിലാഫത്ത്’ പ്രഖ്യാപിക്കപ്പെട്ടു. ലോകമുസ്‌ലിംകളുടെ ‘ഖലീഫ’യായി അബുബക്വര്‍ അല്‍ ബാഗ്ദാദി സ്വയം പ്രഖ്യാപിച്ചു. ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്വ് ആന്റ് സിറിയ’ (ISIS) അതോടെ ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ (IS) ആയി രൂപാന്തരം പ്രാപിച്ചു. സിറിയയിലും ഇറാക്വിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലുമായി പല പ്രദേശങ്ങളും അവര്‍ പിടിച്ചടക്കുകയും തങ്ങളുടേതായ ‘സമാന്തരഭരണം’ പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും തങ്ങള്‍ പിടിച്ചെടുക്കാന്‍ പോകുന്ന രാഷ്ട്രങ്ങളോടൊപ്പം, ഇന്‍ഡ്യയെയും പാക്കിസ്ഥാനെയും ചേര്‍ത്തുവെച്ച് ലോകത്തിനൊരു പുതിയ ‘ഭൂപടം’ തയ്യാറാക്കിയ ഐ.എസ് പക്ഷേ, 2016 ഒക്‌ടോബര്‍ പിന്നിട്ടപ്പോള്‍ ഏറെ പിറകോട്ട് തിരിച്ചുരുളുന്ന കാഴ്ചയാണ് കാണുന്നത്. 2016ല്‍ ഐ.എസിനെതിരെ ആരംഭിച്ച സംയുക്ത സൈനികമുന്നേറ്റത്തില്‍ ഇറാക്വി സേനയെ പിന്തുണക്കാന്‍ അമേരിക്കയും കുര്‍ദ് സേനയും ഫ്രാന്‍സും കാനഡയും തുര്‍ക്കിയുമെല്ലാം രംഗത്ത് സജീവമാണ്. ശക്തമായ തിരിച്ചടികള്‍ ഏറ്റുവാങ്ങുന്നതിനിടയിലും ചില തിരിച്ചുപിടിക്കലുകളുമായി, പശ്ചിമേഷ്യയേയും ലോകത്തെയും അശാന്തിയുടെ നീറ്റുകനലില്‍ നിര്‍ത്തിയിരിക്കുകയാണ് ഐ.എസ്.

ഐ.എസ്സില്‍ ദൃശ്യമാകുന്ന ഏറ്റവും വലിയ അപകടം ‘ഭീകരത’യെ അന്തര്‍ദേശീയ തലത്തിലേക്ക് സമര്‍ത്ഥമായി വ്യാപിപ്പിക്കാനുള്ള അതിന്റെ സംഘാടനവൈഭവമാണ്. ‘ഭീകരത’യുടെ പ്രചാലനം -ദേശാതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നും- നിയന്ത്രിക്കുന്ന ഒരു ‘സ്വിച്ച് ബോര്‍ഡ്’ ആയി മാറാന്‍ ഐ.എസ്സിനു സാധ്യമായിരിക്കുന്നു. ആക്രമണം ഉത്ഭവിപ്പിക്കുന്നതിലും പരത്തുന്നതിലും അസാമാന്യ വൈദഗ്ധ്യവും ആസൂത്രണമികവും അത് പുലര്‍ത്തുന്നുണ്ട്. കേവലം ഒരു ദശാബ്ദം കൊണ്ടു നേടിയെടുക്കാന്‍ സാധ്യമാകുന്ന ഒന്നല്ല ഐ.എസ്സിലൂടെ സംജാതമായ ഭീകരതയുടെ ‘ആഗോളവല്‍ക്കരണം’. നിരന്തരവും ദീര്‍ഘവുമായ പരിശീലനം നല്‍കി, തുടര്‍ച്ചയായി നിലനിര്‍ത്തുകയും ചെയ്യപ്പെട്ട ഒരു സൈനികശേഷി ഐ.എസില്‍ പ്രകടമാണ്. പക്ഷേ ഐ.എസ്സിന്റെ ഉത്ഭവവും വളര്‍ച്ചയും കേവലം ഒരു ദശാബ്ദത്തിനപ്പുറം കാര്യമായി പിന്നിട്ടിട്ടില്ല താനും. പിന്നെ എവിടെ നിന്നാണ് അത് ‘ഭീകരത’യുടെ ആഗോള തട്ടകം പണിതത്?

‘ഭീകരത’യുടെ ഈ ആഗോള പ്രചാലനശേഷി ഐ.എസ്സിനു മുന്‍പുതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്നതാണ് വാസ്തവം. ഐ.എസ്സ് അത് സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയെന്നു മാത്രം. ഇന്നലെകളില്‍ -1980കള്‍ക്ക് മുമ്പ്- ദേശരാഷ്ട്രാതിര്‍ത്ഥികള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്ന ഒരു ‘കരിമുഖില്‍’ എന്നതില്‍ നിന്നും ‘ഭീകരത’ ആഗോളവ്യാപനശേഷി കരസ്ഥമാക്കിയത്, 1989ല്‍ അഫ്ഗാനിസ്ഥാനിലെ ‘ഘോസ്റ്റ് പട്ടണ’ത്തില്‍വെച്ച് രൂപീകരിക്കപ്പെട്ട ‘അല്‍ ക്വാഇദ’ എന്ന അന്താരാഷ്ട്ര ഭീകരസംഘടനയുടെ പിറവിയോടെയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ അതിര്‍ത്തികള്‍ക്കപ്പുറത്ത് ‘വിശുദ്ധയുദ്ധം’ നടത്തുവാന്‍ ഒരു അഖില-അറബി സൈന്യത്തെ വിഭാവനം ചെയ്ത ഉസാമ ബിന്‍ ലാദന്റെ തലച്ചോറുകളില്‍ നിന്നാണ് ‘അല്‍ ക്വാഇദ’ ജന്മം കൊള്ളുന്നത്. അതുവരെ പ്രാദേശിക തലത്തില്‍, ദേശരാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നിരുന്ന ‘ഭീകരത’ക്ക്, അന്തര്‍ദേശീയ വ്യാപ്തിയും സ്റ്റേറ്റ് നിയന്ത്രണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും മതയുദ്ധഭാഷയുടെ പരിവേഷവ്യമുള്ള ഒരു ആധാരഘടനയും സംഭാവന നല്‍കിയകത് ‘അല്‍ ക്വാഇദ’യായിരുന്നു. 1980കളുടെ തുടക്കത്തില്‍ തന്നെ സി.ഐ.എയുടെ ക്ഷണപ്രകാരം ബിന്‍ലാദന്‍ അഫ്ഗാന്‍ ‘ജിഹാദി’ന് നേതൃത്വം കൊടുക്കുവാനായി പെഷവാറിലെത്തിയിരുന്നു. അവിടെ അദ്ദേഹം കണ്ടത് രക്തസാക്ഷിത്വത്തിനുള്ള ‘ദാഹം’ ശമിക്കാത്ത ഒരു വലിയ ആള്‍ക്കൂട്ടത്തെയാണ്. ബിന്‍ലാദന്‍ പെഷവാറില്‍ എത്തുന്നതിനു മുമ്പുതന്നെ സി.ഐ.എയും പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്റ്‌സും (ISI) ചേര്‍ന്ന് അഫ്ഗാന്‍ ജിഹാദിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നു. യുദ്ധത്തിന്റെ യഥാര്‍ത്ഥ നടത്തിപ്പ്, ആയുധങ്ങള്‍ എത്തിക്കുക, വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഗറില്ലയുദ്ധ വിദഗ്ധന്‍മാരെ സംഘടിപ്പിക്കുക, യുദ്ധത്തിനാവശ്യമായ രഹസ്യവിവരങ്ങള്‍ കൈമാറുക, അഫ്ഗാന്‍ യോദ്ധാക്കളുടെ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുക. അവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, ലോകത്തിന്റെ നാനാഭാഗത്തുനിന്നും റിക്രൂട്ടുകളെ എത്തിക്കുക, യോദ്ധാക്കള്‍ക്ക് പരമാവധി പ്രഹരശക്തി കൈമാറുക, ആധുനിക യുദ്ധതന്ത്രങ്ങളും ഗറില്ല യുദ്ധമുറകളും സ്‌ഫോടനവൈദഗ്ധ്യവും യോദ്ധാക്കള്‍ക്ക് പകര്‍ന്നു നല്‍കുക, യുദ്ധത്തിനാവശ്യമായ ധനസമാഹരണം നിയമപരവും അല്ലാത്തതുമായ മാര്‍ഗത്തിലൂടെ സംഘടിപ്പിക്കുക, ഇതിനെല്ലാം പുറമെ പ്രത്യയശാസ്ത്രപരമായി ‘വിശുദ്ധയുദ്ധ’ത്തിന്റെ സ്ഫുലിംഗം ഉണ്ടാക്കുന്നതിനായി രൂക്ഷമായ കമ്മ്യൂണിസ്റ്റ് വിരോധമുള്ള ‘ഇസ്‌ലാമിസ്റ്റ്’ റിക്രൂട്ടുകളെ എത്തിക്കുക തുടങ്ങി നാനാവിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഒരാഗോള ‘വിശുദ്ധയുദ്ധ’ത്തിന്റെ രണഭൂമി ഐ.എസ്.ഐയും സി.ഐ.എയും ചേര്‍ന്നു രൂപപ്പെടുത്തിയിടത്തേക്കാണ് ബിന്‍ലാദന്റെ കടന്നുവരവ്. ‘വിശുദ്ധയുദ്ധ’ത്തെ അഫ്ഗാന്‍ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുവാനുളള അനുകൂലാന്തരീക്ഷം ബിന്‍ലാദന്‍ തിരിച്ചറിയുന്നത് അഫ്ഗാനിലെ ‘അമേരിക്കന്‍ ജിഹാദി’ന്റെ കാലഘട്ടത്തിലാണ്. അതുവരെ അത്തരമൊരു അതിമോഹം ഭീകരതയുടെ വക്താക്കള്‍ക്കുണ്ടായിരുന്നില്ല. അഫ്ഗാന്‍ യുദ്ധത്തിനുമുമ്പ് ദേശരാഷ്ട്രാതിര്‍ത്തികള്‍ക്കുള്ളില്‍ ചിതറിക്കിടന്നിരുന്ന ചില ചെറുവിഭാഗങ്ങളില്‍ ഒതുങ്ങി നിന്നിരുന്ന ‘ഭീകരത’ ഒരു ആഗോള കേന്ദ്രസ്ഥാനം കൈവരിക്കുന്നത്, സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനിസ്ഥാനില്‍ സംഘടിപ്പിക്കപ്പെട്ട ‘അമേരിക്കന്‍ ജിഹാദി’ലൂടെയാണ്. ഒരു സംഘടനാസ്വഭാവവും ആവശ്യമായത്ര ആളുകളും സാങ്കേതികവിദ്യയും വ്യാപ്തിയും ആത്മവിശ്വാസവും സര്‍വോപരി ഒരു ലക്ഷ്യബോധവും അഫ്ഗാന്‍ ‘ജിഹാദ്’ ‘ഭീകരത’ക്കു പ്രധാനം ചെയ്തു. പശ്ചിമേഷ്യന്‍ ദേശരാഷ്ട്രങ്ങളില്‍, ദേശാതിര്‍ത്തികള്‍ക്കുള്ളില്‍ ഒറ്റപ്പെട്ട ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുക എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രത്യേക കര്‍മപരിപാടികള്‍ ഒന്നുമില്ലാതിരുന്ന ‘ഭീകരത’ക്ക് അധികാരകേന്ദ്രങ്ങള്‍ക്കപ്പുറത്ത്, ജനകീയ സംഘടനകളില്‍ നിന്ന് ശക്തി നുകരാനുള്ള ഉള്‍പ്രേരണയും മറ്റ് ഉറവിടങ്ങളില്‍ നിന്ന് ശക്തി സംഭരിക്കാനുള്ള സാധ്യതയും തുറന്നുകൊടുത്തത് അഫ്ഗാനിലെ ‘അമേരിക്കന്‍ ജിഹാദ്’ ആയിരുന്നു. അന്തര്‍ദേശീയ വ്യാപ്തിയും സ്റ്റേറ്റ് നിയന്ത്രണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും മതയുദ്ധ ഭാഷയുടെ പരിവേഷവുമുള്ള ഒരു ഭീകര ആധാരഘടന അല്‍ ക്വാഇദക്ക് സംഭാവന ചെയ്തത് യഥാര്‍ത്ഥത്തില്‍ അമേരിക്കയും സഖ്യശക്തികളുമായിരുന്നു. അല്‍ ക്വാഇദയിലൂടെ രൂപപ്പെട്ട ഭീകരതയുടെ ഈ പ്രചാലനശേഷി ഉപയോഗപ്പെടുത്തുകയാണ് വാസ്തവത്തില്‍ ഐ.എസ്സ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

പ്രാദേശികമായ കാരണങ്ങളാല്‍ തുടക്കമിട്ട അഫ്ഗാന്‍ യുദ്ധത്തെ ഒരു അന്തര്‍ദേശീയ ‘ജിഹാദാ’യി രൂപപ്പെടുത്തിയതിനുപിന്നില്‍ അമേരിക്കക്ക് വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത്, അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധയുദ്ധം വെറും ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചാല്‍ അതു നടത്തുന്നതിനാവശ്യമായ മനുഷ്യവിഭവത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നു മാത്രമായി കണ്ടെത്തേണ്ടി വരുമായിരുന്നു. യുദ്ധത്തെ ഒരു അന്തര്‍ദേശീയ ‘ജിഹാദാ’യി രൂപാന്തരപ്പെടുത്തിയപ്പോള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും മനുഷ്യവിഭവം സമാഹരിക്കാന്‍ അമേരിക്കക്കു സാധിച്ചു.

രണ്ടാമത്തേത്, മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സോവിയറ്റ് യൂണിയന്റെ ഭാഗങ്ങളായ സോവിയറ്റ് ഏഷ്യയിലേക്ക് യുദ്ധം വ്യാപിപ്പിക്കുക എന്ന പദ്ധതിയും അമേരിക്കക്ക് ഉണ്ടായിരുന്നു. പ്രത്യേകിച്ച് സോവിയറ്റ് റിപ്പബ്ലിക്കുകളായ താജിക്കിസ്ഥാനിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കും യുദ്ധത്തെ വ്യാപിപ്പിക്കുന്നതില്‍ അമേരിക്കക്ക് പ്രത്യേക രാഷ്ട്രീയ താല്‍പര്യമുണ്ടായിരുന്നു. അഫ്ഗാന്‍ യുദ്ധത്തെ ഒരു അന്തര്‍ദേശീയ ജിഹാദായി രൂപാന്തരപ്പെടുത്തിയാല്‍ പ്രസ്തുത താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് അമേരിക്ക കരുതി. പക്ഷേ ഇതിനെതിരെ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് സോവിയറ്റ് യൂണിയന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഈ ഉദ്യമം മാറ്റിവെക്കുകയായിരുന്നു.

മൂന്നാമത്തേത്, മൂന്നാം ലോകത്തിലെ അമേരിക്കന്‍ പിന്തുണയുള്ള ഏകാധിപതികളുടെ പരാജയമായിരുന്നു. സോവിയറ്റ് യൂണിയന്റെ മുന്നോട്ടുള്ള കുതിപ്പായി ഇതിനെ കണ്ട അമേരിക്ക അതിനെ ‘തിരിച്ചുരുട്ടാന്‍’ സാധ്യമായ എല്ലാ വിഭവങ്ങളും സമാഹരിക്കപ്പെടേണ്ടത് ഒരു ദേശീയ രാഷ്ട്രീയ ലക്ഷ്യമായി മനസ്സിലാക്കി. സോവിയറ്റ് യൂണിയനും സോവിയറ്റ് ഉപകരണങ്ങള്‍ എന്ന് അമേരിക്ക കരുതിയ മൂന്നാം ലോക തീവ്രദേശീയതക്കുമെതിരെ ഒരു നിരുപാധിക സഖ്യകക്ഷിയായി ‘ഭീകരത’യുടെ പൂര്‍വ്വ രൂപങ്ങളെ അമേരിക്ക സ്വാഗതം ചെയ്തതിലെ ‘രാഷ്ട്രീയം’ സ്ഥിതികൊണ്ടതവിടെയായിരുന്നു. ഏതുവിധേനയും ‘ശീതസമരം’ ജയിക്കുക എന്ന അമേരിക്കയുടെ രാഷ്ട്രീയ താല്‍പര്യമാണ്, മറ്റേതൊരു സ്ഥലത്തെക്കാളും ശീതസമരത്തിന്റെ മൂര്‍ധന്യദശ പ്രധാനം ചെയ്തത് അഫ്ഗാനിസ്ഥാനായി മാറിയതിന്റെ കാരണം.

നാലാമത്തേത്, ഒരു ദശകത്തിലേറെ നീണ്ടുനിന്ന ഇന്തോചൈനയിലെ അമേരിക്കന്‍ യുദ്ധാനുഭവങ്ങള്‍ നല്‍കിയ പാഠമാണ്. അതില്‍ ഒന്ന് വിയറ്റ്‌നാം യുദ്ധം നല്‍കിയ പരാജയവും മറ്റൊന്ന് ലാവോസില്‍ നേടിയ താരതമ്യേന വിജയപ്രദമായ ആള്‍പ്പേരില്ലാ (Proxy) യുദ്ധവുമാണ്. 1964ല്‍ വിയറ്റ്‌നാം യുദ്ധം ആരംഭിക്കുന്നത്, ടൊങ്കിന്‍ ഉള്‍ക്കടലില്‍ രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകളെ വിയറ്റ്‌നാം ആക്രമിച്ചു എന്ന ആരോപണത്തിന്‍മേലാണ്. സംഭവം ഒരു ദേശീയ അപമാനമാണെന്നും അതിനാല്‍ പ്രതികരണം ആവശ്യമാണെന്നുമുള്ള ജനകീയ, രാഷ്ട്രീയ വികാരം സമര്‍ത്ഥമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ക്കു കഴിഞ്ഞു. പിന്നീട്, യുദ്ധക്കപ്പലുകളെ ആക്രമിച്ചു എന്നതു കെട്ടുകഥ മാത്രമാണെന്ന് തെളിഞ്ഞെങ്കിലും വിയറ്റ്‌നാം യുദ്ധം ഒരു യാഥാര്‍ത്ഥ്യമായി. ധാരാളം പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാല്‍, വിയറ്റ്‌നാമില്‍ കൂടുതല്‍ പരമ്പരാഗതമായ വിധത്തില്‍ യുദ്ധം ചെയ്യാനാണ് അമേരിക്ക തീരുമാനിച്ചത്. പ്രാദേശിക കമ്മ്യൂണിസ്റ്റ് ഗൊറില്ലകളെ നേരിടാന്‍ ലക്ഷക്കണക്കിനു സൈനികരെ അണിനിരത്തി ഒരു കാലാള്‍യുദ്ധത്തിനാണ് അമേരിക്ക തയ്യാറായത്. വൈവിധ്യമാര്‍ന്ന ഓരോ ഓപ്പറേഷന്‍ തന്ത്രങ്ങളും അവിടെ പരാജയമാണ് അമേരിക്കക്ക് സമ്മാനിച്ചത്. ഓരോ പരാജയവും കൂടുതല്‍ സാഹസം കാണിക്കുവാനും അതു കൂടുതല്‍ വലിയ പരാജയങ്ങള്‍ സമ്മാനിക്കപ്പെടാനും കാരണമായി. നേര്‍ക്കുനേരെ ഒരു യുദ്ധം നയിക്കുന്നതിന്റെ നഷ്ടം ‘വിയറ്റ്‌നാം’ അമേരിക്കയെ പഠിപ്പിക്കുകയായിരുന്നു.

എന്നാല്‍ ലാവോസിലെത്തിയപ്പോള്‍ നേര്‍ക്കുനേരെ ഒരു പരസ്യയുദ്ധം നയിക്കുന്നതിന്, 1962ല്‍ മോസ്‌കോയുമായി ഒപ്പിട്ട ഉടമ്പടി അമേരിക്കക്ക് തടസ്സം നിന്നു. ആ രാജ്യത്ത് വിദേശപ്പടയെ ഇറക്കുന്നത് പ്രസ്തുത ഉടമ്പടി നിരോധിച്ചിരുന്നു. തന്‍നിമിത്തം വിയറ്റ്‌നാമിലേതുപോലെ ഒരു പരസ്യയുദ്ധം നടത്തുവാന്‍ അമേരിക്കക്ക് സാധിച്ചില്ല. അവിടെ അമേരിക്ക ചെയ്തത്, പ്രാദേശികമായ ഒരു കൂലിപ്പട്ടാളത്തെ കെട്ടിപ്പടുക്കുകയും അതിശക്തമായ വായുസേനാ പിന്‍ബലം അതിനു നല്‍കുകയുമായിരുന്നു. വടക്കന്‍ ലാവോസിലെ മലമ്പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരെ മുപ്പതിനായിരം ‘ഹുമോങ്’ (Humong) കൂലിപ്പട്ടാളക്കാരെ സി.ഐ.എ നേതൃത്വം രഹസ്യമായി കെട്ടിപ്പടുത്തു.

വിയറ്റ്‌നാമിലെ പരസ്യയുദ്ധത്തെക്കാള്‍ ലാവോസിലെ രഹസ്യയുദ്ധം ഒരുപാട് ഗുണങ്ങള്‍ അമേരിക്കക്കു നല്‍കി. ആഭ്യന്തര രംഗത്ത് വിയറ്റ്‌നാം യുദ്ധത്തിനെതിരായ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ലാവോസ് മാതൃകയിലുള്ള ആള്‍പ്പേരില്ലായുദ്ധം സാര്‍വത്രികമാക്കുന്നതിലെ രാഷ്ട്രീയ ഗുണങ്ങള്‍ അമേരിക്ക ശരിക്കും തിരിച്ചറിഞ്ഞത്. വിയറ്റ്‌നാമിലെ പരസ്യയുദ്ധത്തില്‍ നിന്നും വ്യതസ്തമായി, കോണ്‍ഗ്രസിന്റെ മേല്‍നോട്ടം, പൊതുജന പരിശോധന, പരമ്പരാഗതമായ നയതന്ത്രം എന്നിവയില്‍ നിന്ന് ലാവോസിലെ രഹസ്യയുദ്ധം മറക്കപ്പെട്ടിരുന്നു. ഇന്തോചൈനയിലെ ഈ രണ്ട് യുദ്ധങ്ങള്‍ നല്‍കിയ പാഠമാണ്, അഫ്ഗാന്‍ യുദ്ധമെത്തിയപ്പോഴേക്കും ‘ഏഷ്യന്‍ യുവാക്കള്‍ തന്നെ ഏഷ്യന്‍ പോരാട്ടം നടത്തട്ടെ’ എന്ന കാഴ്ചപ്പാടിലേക്ക് അമേരിക്കയെ കൊണ്ടെത്തിച്ചത്. അതുകൊണ്ടാണ് അഫ്ഗാന്‍ യുദ്ധത്തില്‍ നേര്‍ക്കുനേരെ പങ്കെടുക്കാതെ യുദ്ധത്തിന്റെ സംഘാടകരായി അമേരിക്ക മാറിയതും; മുസ്‌ലിം ലോകം ബലിയാടായതും.

ഭീകരതയുടെ ആഗോളസംഘാടനത്തിനു പിന്നില്‍ അമേരിക്കയുടെ സ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പര്യങ്ങളാണ് അനാവരണം ചെയ്യപ്പെട്ടു കിടക്കുന്നത്. അല്‍ ക്വാഇദയായാലും ഐ.എസ്സ് ആയാലും സാമ്രാജ്യത്വത്തിന്റെ സ്വന്തം സൃഷ്ടികള്‍ മാത്രമാണവ. സാമ്രാജ്യത്വത്തിന്റെ സ്വാര്‍ത്ഥവും അഭിശപ്തവുമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പടച്ചുവിടപ്പെട്ട ‘ഭീകരത’യെ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കുന്നതിന്റെ പിറകിലും ഒളിഞ്ഞിരിപ്പുണ്ട് അതിനേക്കാള്‍ നിഷ്ഠൂരമായ ‘രാഷ്ട്രീയം’. അതു തിരിച്ചറിയാന്‍ മുസ്‌ലിം ലോകത്തിനു കഴിഞ്ഞില്ലെങ്കില്‍ അതായിരിക്കും ഈ നൂറ്റാണ്ടില്‍ അവര്‍ക്കേറ്റു വാങ്ങാനുള്ള ഏറ്റവും വലിയ നഷ്ടം.

(അവസാനിച്ചിട്ടില്ല)

Leave a Reply

Your email address will not be published. Required fields are marked *