ഏകസിവില്‍ കോഡ് നീതിന്യായ വ്യവസ്ഥകളില്‍

രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിനിമയങ്ങളെയെല്ലാം ജാതി-മത-വര്‍ഗ-ദേശ-ഭാഷ ഭേദമില്ലാതെ ഒരേ ശ്രേണിയില്‍ കോര്‍ത്തിണക്കാന്‍ തീവ്രവലതുപക്ഷ ഭരണകൂടം നിതാന്തപരിശ്രമത്തിലാണ്. ഹിന്ദുത്വസംഘടനകളുടെ മാതാവായ ആര്‍.എസ്.എസിനാല്‍ പ്രത്യേകം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് അധികാരത്തിലേറിയ നിലവിലെ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഏറെ പ്രധാനപ്പെട്ടതും ബി.ജെ.പിയുടെ പ്രകടനപത്രികയിലെ മുഖ്യഇനവും കൂടിയായിരുന്ന ഏകസിവില്‍ കോഡ് എന്തുവിലകൊടുത്തും നടപ്പില്‍ വരുത്തുകയെന്നത് മേല്‍പ്രസ്താവിച്ച പ്രകാരം സംഘപരിവാര്‍ സംഘടനകളുടെ അഭിമാനപ്രശ്‌നം കൂടിയാണ്. എന്നാല്‍ വെറും 31 ശതമാനം വോട്ടര്‍മാരുടെ പിന്തുണയോടുകൂടി അധികാരത്തിലേറിയ ഭരണപക്ഷ പാര്‍ട്ടിക്ക് സിവില്‍ നിയമങ്ങള്‍ തങ്ങള്‍ ഉദ്ദേശിച്ചവിധം നടപ്പിലാക്കുക സാധ്യമായില്ലെങ്കിലും, നിരന്തരമുള്ള പ്രസ്താവനകളിലൂടെ ന്യൂനപക്ഷ സമൂഹത്തെ പ്രതിരോധത്തിലാക്കാനും അത്തരം പ്രതിരോധ നടപടികളെ പ്രകോപിപ്പിച്ച് നേട്ടം കൊയ്യുന്നതിലുമായിരിക്കും കൂടുതല്‍  ശ്രദ്ധ. വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിശ്വാസി മനസ്സുകളെ ചൂഷണം ചെയ്ത് മതത്തിന്റെ പേരില്‍ മനുഷ്യനെ മനുഷ്യനില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ദൂരമാണ് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആയുസ്സ് നിര്‍ണയിക്കുന്നത്. അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡ്യയിലെ ഫാഷിസത്തോടു പൊരുതാന്‍ മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രാപിക്കാന്‍ രാജ്യത്തെ ഓരോ പൗരനും തന്റേതായ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് തയ്യാറാകേണ്ടതുണ്ട്. രാജ്യത്തെ ഓരോ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഫാഷിസം വിലക്കെടുത്തുകൊണ്ടിരിക്കുമ്പോഴും ഓരോ ഇന്‍ഡ്യക്കാരനും പ്രതീക്ഷ കൈവിടാതെ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ഒന്നാണ് ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ. ഏതെല്ലാം തരത്തിലുള്ള അനീതികള്‍ നേരിട്ടാലും രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് തന്റെ അവകാശങ്ങള്‍ തഴയപ്പെടില്ലെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് ഇന്നും ഇന്‍ഡ്യയിലെ ഓരോ പൗരനും ജീവിക്കുന്നത്.
ന്യൂനപക്ഷ സമൂഹങ്ങളുടെ മതപരമായ അവകാശങ്ങളെ ഹനിക്കുന്ന ഏകീകൃത വ്യക്തിനിയമ സംവിധാനത്തെക്കുറിച്ച് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നീതിപീഠങ്ങള്‍ പലപ്പോഴും ഇടപെട്ടു സംസാരിച്ചിട്ടുണ്ട്. അവയില്‍ പലതും വമ്പിച്ച സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വിധിപ്രസ്താവനകളിലൊന്നായിരുന്നു 1985 ഏപ്രില്‍ ഒന്നിലെ ഷാബാനു ബീഗം കേസിലെ(1) വിധി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള അഡ്വ. അഹ്മദ് ഖാനും ഷാബാനു ബീഗവും വിവാഹിതരാകുന്നത് 1932ലാണ്. പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം അഹ്മദ് ഖാന്‍ മറ്റൊരു വിവാഹം കൂടി കഴിച്ചു. മൂന്നു പതിറ്റാണ്ടുകാലം ഈ കുടുംബങ്ങള്‍ ഒരുമിച്ച് ഒരേവീട്ടില്‍ താമസിച്ചു. ഇതിനോടകം ഇവര്‍ക്ക് അഞ്ച് കുട്ടികളുമുണ്ടായി. 1975ല്‍ അഹ്മദ് ഖാന്‍ തന്റെ ആദ്യ ഭാര്യയായ ഷാബാനു ബീഗത്തോട് തന്റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടതു മുതലാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്(2). 1978ല്‍ ഷാബാനു ബീഗം ഇന്‍ഡോര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടില്‍ തനിക്ക് പ്രതിമാസം അഞ്ഞൂറ് രൂപ ജീവിതചെലവുകള്‍ക്കായി ലഭിക്കണമെന്ന് പരാതി ബോധിപ്പിച്ചുകൊണ്ട് കേസ് ഫയല്‍ ചെയ്തു. ഇതിനെത്തുടര്‍ന്ന് 1978 നവംബര്‍ ആറിന് ഷാബാനുവിനെ ഇസ്‌ലാമിക നിയമപ്രകാരം തിരിച്ചെടുക്കുവാന്‍ കഴിയാത്ത വിധത്തില്‍ വിവാഹമോചിതയാക്കി(3). കഴിഞ്ഞ രണ്ടു വര്‍ഷത്തോളം താന്‍ പ്രതിമാസം ഇരുന്നൂറ് രൂപവെച്ച് നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ അവള്‍ തന്റെ ഭാര്യയല്ലാത്തതിനാല്‍ ഇനി ജീവിതചെലവുകള്‍ക്കായി എന്തെങ്കിലും നല്‍കുക അസാധ്യമാണെന്നും മൊഴി നല്‍കി. പുറമെ 3000 രൂപ ഷാബാനു ബീഗത്തിന്റെ ഇദ്ദ കാലഘട്ടത്തിലെ (ഇസ്‌ലാമിക നിയമപ്രകാരം വിവാഹമോചിത ആചരിക്കേണ്ട മൂന്ന് ശുദ്ധികാലം) ചെലവുകള്‍ക്കായി  കോടതിയില്‍ അടക്കുകയും ചെയ്തു(4). തുടര്‍ന്ന് 1979 ഓഗസ്റ്റ് മാസത്തില്‍ കീഴ്‌ക്കോടതി ഷാബാനു ബീഗത്തിന് പ്രതിമാസം 25 രൂപ CRPC 125 പ്രകാരം (Code of Criminal Procedure Act, 1973) ജീവനാശം നല്‍കണമെന്ന് വിധി പ്രസ്താവിച്ചു.(5). എന്നാല്‍ തുക കൂട്ടി ലഭിക്കാന്‍ വേണ്ടി ഷാബാനു ബീഗം ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശ് ഹൈക്കോടതി ഈ തുക 179.20 രൂപയായി വര്‍ദ്ധിപ്പിച്ച് വിധി നല്‍കുകയും ചെയ്തു(5). ഈ വിധിക്കെതിരിലാണ് അഹ്മദ് ഖാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ്  justice murtaza fazal ali, A.Varadarajan എന്നിവരടങ്ങുന്ന ബെഞ്ച് കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ഈ കേസില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാനിടയുള്ള ചില വസ്തുതകളടങ്ങിയിട്ടുള്ളതിനാല്‍ ഈ ഹര്‍ജി മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റിക്കൊണ്ട് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. ഇത് Shariat (മുസ്‌ലിം വ്യക്തിനിയമം) Application Act, 1937 പ്രകാരം ഇസ്‌ലാമിക വിവാഹമോചനത്തിന്റെ മൗലികമായ ധാരണകള്‍ക്കു പോലും എതിരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്(7). അങ്ങനെ Y.V Chandrachud അടങ്ങുന്ന അഞ്ചംഗ ബെഞ്ചിലേക്ക് കേസിന്റെ വാദം മാറ്റി.  Rangnath Misra, D.A Desai, O.Chinnappa Reddy, E.S Venkataramiah തുടങ്ങിയവരായിരുന്നു മറ്റ് നാലുപേര്‍. പ്രസ്തുത ബെഞ്ചാണ് ഈ കേസില്‍ അന്തിമവിധി നടത്തിയത്. വിധി ഷാബാനു ബീഗത്തിന് അനുകൂലമായി മധ്യപ്രദേശ് ഹൈക്കോടതിയെ ശരിവെച്ചു കൊണ്ടുള്ളതായിരുന്നു. കേസ് കൈകാര്യം ചെയ്തിടത്ത് രണ്ടംഗ ബെഞ്ചിലെ അംഗങ്ങള്‍ കാണിച്ച വിവേകപൂര്‍വമുള്ള പരിഗണനയോ, സാവകാശമോ പോലും വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ച് കാണിച്ചില്ലെന്നുള്ളത് രാജ്യത്ത് കടുത്ത രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികള്‍ ഉണ്ടാകാന്‍ കാരണമായി.
Code of Criminal Procedure Act, 1973ലെ Section 125 പ്രകാരമുള്ള ഇന്‍ഡ്യന്‍ നിയമമനുസരിച്ച് ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ അവരുടെ നിത്യജീവിതചെലവുകള്‍ കണ്ടെത്താന്‍ പ്രയാസമനുഭവിക്കുന്നരാണെങ്കില്‍ അവര്‍ക്ക് ചെലവിനു കൊടുക്കാന്‍ അഥവാ ജീവനാംശം കൊടുക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. പ്രസ്തുത വകുപ്പിന്റെ രണ്ടാം ഭാഗത്തില്‍ ഭാര്യയെ നിര്‍വചിച്ചിട്ടുള്ളത് ഇപ്രകാരമാണ്. “wife includes a woman who has been divorced by, or has obtained a divorce from her husband and her net remined”(8) . എന്നുവെച്ചാല്‍ ഭര്‍ത്താവിനാല്‍ വിവാഹമോചിതയക്കപ്പെട്ടതോ, അല്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയതോ ആയ സ്ത്രീ, മറ്റൊരു കല്യാണത്തിനു മുതിരുന്നത് വരെ ഈ നിയമത്തിന്റെ പരിധിയില്‍ വരും. മാത്രവുമല്ല ഈ നിയമത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇങ്ങനെയും പറയുന്നുണ്ട്,  “Provided further that if such person offers to maintain his wife on condition of her living with him, and she refuses to live with him, such Magistrate may consider any grounds of refusal stated by her, and may make an order under this section notwithstanding such offer, if he is satisfied that there is just ground for so doing”(9). ഇനി ഭര്‍ത്താവായ പുരുഷന്‍ ചില ഉപാധികളോടുകൂടി അവള്‍ക്ക് ചെലവിനു കൊടുത്ത് കൂടെ നിര്‍ത്തണമെന്നു വാഗ്ദാനം ചെയ്തുകൊണ്ടിരുന്നാല്‍ പോലും ഭാര്യ അതിനെ നിരാകരിക്കുന്നതാകയാല്‍ കോടതിയുടെ മുന്‍തൂക്കം അവള്‍ക്കായിരിക്കുമെന്നു ചുരുക്കം. അതേഭാഗത്തുതന്നെ മറ്റൊരു വിശദീകരണം ഇങ്ങനെ വായിക്കാം. “If a husband has contracted marriage with another woman or keeps a mistress, it shall be considered to be just ground for his wife’s refused to live with him”(10). ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞുപോകുന്നതിനുള്ള ന്യായമായ അവകാശമായി ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെയോ, അല്ലെങ്കില്‍ വിവാഹത്തിലൂടെയല്ലാതെ ഏതെങ്കിലും സ്ത്രീയെ കൂടെ താമസിപ്പിക്കുന്നതോ ആയ പ്രവൃത്തികള്‍ കണക്കാക്കുന്നതാണെന്ന് സാരം. ഈ നിയമപ്രകാരം മാസാന്തരമുള്ള ജീവനാംശത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാല്‍ ഒരു മാസത്തെ ജീവനാംശ തുകക്ക് ഒരു മാസത്തെ ജയില്‍വാസം എന്ന കണക്കില്‍ പുരുഷന്‍ ശിക്ഷാര്‍ഹനായിരിക്കും. ഇവിടെയാണ് ചില വ്യക്തിനിയമങ്ങളുമായി ക്രിമിനല്‍ നിയമങ്ങള്‍ ഏറ്റുമുട്ടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് വ്യക്തിനിയമത്തെ ഭേദിച്ച് മുന്നോട്ടു പോകേണ്ടതുണ്ടോ, അതല്ല മൗലികാവകാശങ്ങളുടെ ഗണത്തില്‍പെടുന്ന മതപരമായ നിയമങ്ങളെ മുറിവേല്‍പിക്കാതെ കേസിനെ കൈകാര്യം ചെയ്യുകയാണോ വേണ്ടത് എന്ന മര്‍മ്മപ്രധാനമായ ചോദ്യങ്ങള്‍ ഉയരുന്നത്. ചില ക്രിമിനല്‍ നിയമങ്ങള്‍ക്ക് മുന്നില്‍ വ്യക്തിനിയമങ്ങള്‍ വിശിഷ്യാ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ തടസ്സമായി നിലകൊള്ളുന്ന സാഹചര്യം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം കോടതിയുടെ വിവേകപൂര്‍വമുള്ള നീക്കങ്ങള്‍ കൊണ്ടുതന്നെയായിരിക്കണം അവ വിവാദങ്ങളിലേക്കു വലിച്ചിഴക്കു ന്നതില്‍ നിന്ന് തടഞ്ഞുനിറുത്തിയിരുന്നു. അത്തരത്തില്‍ പ്രധാനപ്പെട്ട ഒറു കേസാണ് 1951ല്‍ ബോംബെ ഹൈക്കോടതിയിലെ Narasu Appa Mali കേസ്(11). ഒന്നാം വിവാഹത്തില്‍ ഒരാണ്‍കുഞ്ഞ് പിറക്കാത്ത തിനാല്‍, രണ്ടാമത് വിവാഹം കഴിച്ച ഹിന്ദു യുവാവിനെതിരെയുള്ളതാണ് ഈ കേസ്. ഒരാണ്‍ കുഞ്ഞ് എന്നത് അഥവാ പുത്രന്‍ മറ്റു മതങ്ങളേക്കാള്‍ ഹിന്ദു മതത്തില്‍ പ്രാധാന്യ മര്‍ഹിക്കുന്നതാണെന്നും പിതാവിന്റെ കാലശേഷം ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി ബലിതര്‍പ്പണം ചെയ്യാന്‍ ഒരു പുത്രന്‍ അനിവാര്യമായതിനാലാണ് താന്‍ രണ്ടാം വിവാഹത്തിന് മുതിര്‍ന്നതെന്നു പ്രതി ചൂണ്ടിക്കാട്ടി(12). എന്നാല്‍ Hindu Bigamous Marriages Act 1946 പ്രകാരം ഒരു ‘ഹിന്ദു’ (ഈ നിയമത്തിന്റെ ഹിന്ദു എന്ന നിര്‍വചനത്തില്‍ സിഖ്, ജൈന, ബുദ്ധ, ആര്യ, ബ്രഹ്മസമാജ അനുയായികള്‍, ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ്) ഒരു ഭാര്യ ജീവിച്ചിരിക്കെ രണ്ടാമത് വിവാഹം കഴിക്കുന്നത് Indian Penal Code 494 പ്രകാരം ഏഴു വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്(13). ഈ കേസിന്റെ വിധിപ്രസ്താവനയില്‍ കോടതി നടത്തുന്ന നിരീക്ഷണം അതിസൂക്ഷ്മവും മൗലികാവകാശങ്ങളെ തീര്‍ത്തും സംരക്ഷിക്കുന്നതുമായിരുന്നു. രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പിലില്ലാത്തിനാല്‍ തന്നെ ഹിന്ദുവിന് അവന്റെ വ്യക്തിനിയമമനുസരിച്ചും, മുസല്‍മാന് അവന്റെ വ്യക്തിനിയമമനുസരിച്ചും വിധിക്കാനേ നിവൃത്തിയുള്ളൂ. ഹിന്ദു സമൂഹത്തിനിടയില്‍ ബഹുഭാര്യത്വം നിയമംമൂലം നിരോധിക്കപ്പെട്ടതിനാല്‍ അത് മതമൗലികാവകാശത്തിന്റെ പരിധിയില്‍ കാണുക സാധ്യമല്ല. എന്നാല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചടുത്തോളം അവന് ഒരു ഭാര്യ നിലനില്‍ക്കെ, മറ്റു മൂന്നു വിവാഹംകൂടി കഴിക്കുന്നതിന് നിയമം എതിരല്ലാത്തതും, അത് ഭരണഘടനാ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മൗസികാവകാശങ്ങളില്‍പ്പെട്ടതുമാണ്(14). തുടര്‍ന്ന് പ്രതിയോട് ഒരു പുത്രനെ വേണമെന്നു നിര്‍ബന്ധമാണെങ്കില്‍, നിയമത്തിന്റെ അതിരുകള്‍ ലംഘിക്കാതെ നിയമപ്രകാം ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാവുന്നതുമാണ്(15). പിന്നീട് കോടതി ഇങ്ങനെ കൂടി പറയുന്നു, മുസ്‌ലിംകള്‍ IPC 494ല്‍നിന്ന് മുക്തരാണ്(16). ഇവിടെ വ്യക്തിനിയമം ക്രിമിനല്‍ നിയമത്തെ മറികടക്കുന്ന കോടതി നിരീക്ഷണത്തെയാണ് നാം കാണുന്നത്. എന്നാല്‍ ഇതില്‍നിന്നും തീര്‍ത്തും വ്യതിരിക്തമായിരുന്നു ഷാബാനു ബീഗം കേസിലെ സുപ്രീം കോടതി ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. അതിലൂന്നി പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ജീവനാംശം കൊടുക്കാനുള്ള വകുപ്പായ CRPC 125 മുസ്‌ലിം വ്യക്തിനിയമവുമായി ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ അവിടെ പ്രാധാന്യം നല്‍കേണ്ടത് Code of Criminal Procedure 125നാണ്(17). മറ്റൊന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് CRPC 125 പ്രകാരം വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് പുനര്‍വിവാഹം വരെയോ, മരണം വരെയോ വേര്‍പെട്ടപ്പെടുത്ത ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അവകാശമുണ്ട്, അതുകൊണ്ടുതന്നെ ഈ കേസില്‍ മേല്‍പറഞ്ഞതുപോലെ ക്രിമിനല്‍ നിയമവും വ്യക്തിനിയമവും ഏറ്റുമുട്ടുന്നില്ല. എന്നിട്ട് കോടതി ഈ രാജ്യത്തെ സര്‍ക്കാരിനെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44, ഏകസിവില്‍ കോഡ് നടപ്പാക്കാത്തതിനാല്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു(18). പ്രസ്തുത വിധിന്യായത്തില്‍ തങ്ങളുടെ ഇഷ്ടപ്രകാരം ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് അര്‍ത്ഥം നല്‍കിക്കൊണ്ട് ക്രിമിനല്‍-വ്യക്തിനിയമങ്ങള്‍ ഏറ്റുമുട്ടുന്നില്ലെന്ന് അവകാശപ്പെട്ട കോടതി പിന്നെന്തിനാണ് അതേ വിധിപ്രസ്താവനയില്‍ അതിരൂക്ഷമായ ഭാഷയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുന്നത്?
ഇതേ വിധി പ്രസ്താവനയില്‍ രാജ്യസഭയിലെ മുസ്‌ലിം വ്യക്തിനിയമ ചര്‍ച്ചയുമായി ബന്ധപ്പെട്ട അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീറാം നിവാസ് മിര്‍ധയുടെ സംഭാഷണം അതേപടി ചേര്‍ത്തിട്ടുണ്ട്. അതില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ ചുരുക്കം ഇതാണ്. മുസ്‌ലിം വ്യക്തിനിയമത്തില്‍ കൈകടത്താന്‍ ഏതായാലും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ക്രിമിനല്‍ നിയമങ്ങളുമായി ഒത്തുപോകത്തക്ക രൂപത്തില്‍ മുസ്‌ലിം നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെങ്കില്‍ അത് ആ വിഭാഗത്തിന്റെ ഇടയില്‍ നിന്നുതന്നെ ഉയര്‍ന്നു വരേണ്ടതാണ്.
ഷാബാനു കേസിലെ സുപ്രീം കോടതി വിധി മതവിശ്വാസികള്‍ക്കിടയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പരിശുദ്ധ ക്വുര്‍ആന്‍ എന്ന വേദഗ്രന്ഥത്തെയും, പ്രവാചകചര്യയെയും അതില്‍നിന്ന് നിര്‍വചിച്ചെടുത്ത മുസ്‌ലിം വ്യക്തിനിയമത്തെയും (ശരീഅത്ത്) രാജ്യത്തിന്റെ മുസ്‌ലിം പണ്ഡിതന്‍മാരുടെ വാക്കുകള്‍ക്കതീതമായി തങ്ങളുടേതായ ഭൂമികയില്‍ നിന്നു വ്യാഖ്യാനിച്ച് ഒരു കേസില്‍ ശരീഅത്തിനു വിരുദ്ധമായി ഒരു വിധി പ്രസ്താവിക്കുക വഴി, രാജ്യത്തെ നീതിന്യായ പീഠങ്ങള്‍ക്ക് വേദഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനുള്ള വാതായനങ്ങള്‍ ഇത് തുറന്നിട്ടു. നാളിതുവരെ വ്യക്തിനിയമ-മൗലികാവകാശങ്ങളെ മറികടക്കാത്ത രൂപത്തില്‍ ക്രിമിനല്‍ നിയമങ്ങളെ സൂക്ഷ്മതയോടുകൂടി കൈകാര്യം ചെയ്തിരുന്ന ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയുടെ പാരമ്പര്യത്തിനു തടയിട്ടുകൊണ്ട് ക്രിമിനല്‍ നിയമം വ്യക്തിനിയമത്തെ മറികടക്കുകയും, മൗലികാവകാശത്തെ ഹനിക്കുകയും ചെയ്തു. ഭരണഘടനയെ വ്യാഖ്യാനിച്ച് രാജ്യത്തെ പൗരന്‍മാര്‍ക്ക് നിയമസംരക്ഷണം നല്‍കേണ്ട പരമോന്നത നീതിപീഠം, ക്വുര്‍ആന്‍ വ്യാഖ്യാനിച്ച് മുസ്‌ലിം പണ്ഡിതന്‍മാരുടെ ജോലി ചീഫ് ജസ്റ്റിസ് കസേരക്കും ചേരുമെന്ന് പരോക്ഷമായി പ്രഖ്യാപിച്ചതിനു തുല്യമായി കേസിന്റെ വിധി പ്രസ്താവന വിവാഹമോചനവുമായി ബന്ധപ്പെട്ട് പരിശുദ്ധ ക്വുര്‍ആനിലെ രണ്ടാം അധ്യായം അല്‍ ബഖറയിലെ 241-ാം വചനമാണ് ഇപ്രകാരംയ ദുര്‍വ്യാഖ്യാനിക്കപ്പെട്ടത്. ”വിവാഹമോചിതരായ സ്ത്രീകള്‍ക്ക് നിയമപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ.”(19) ഇസ്‌ലാമിക പണ്ഡിതനും ക്വുര്‍ആന്‍ പരിഭാഷകനുമായ അബ്ദുല്ല യൂസഫലി തന്റെ പരിഭാഷയില്‍ പ്രസ്തുത വചനം നല്‍കിയിട്ടുള്ളത് ഇപ്രകാരമാണ്.
“For divorced women maintenance (should be provided) on a reasonable (scale). This is a duty; on the righteous.”(20)
മേല്‍വചനത്തിലുപയോഗിച്ച ‘Maintenance’ എന്ന വാക്ക് ദീര്‍ഘനാളത്തേക്കുള്ള ജീവനാംശമാണെന്നും, അതുകൊണ്ട് പുനര്‍വിവാഹം വരെയോ അല്ലെങ്കില്‍ മരണം വരെയോ ജീവനാംശം കൊടുക്കുവാന്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരം മുസ്‌ലിംകള്‍ ബാധ്യസ്ഥരാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാലയളവ് വരെയും ലോകത്തെ പ്രഗല്‍ഭരായ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളാരും തന്നെ ഇത്തരത്തിലൊരു അര്‍ത്ഥം പ്രസ്തുത മൂലപദമായ ‘മതാഅ്’ന് (വിഭവം) കല്‍പിച്ചു നല്‍കിയിട്ടില്ല. മാത്രവുമല്ല, ഇംഗ്ലീഷ് ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ തന്നെ പലരും പ്രധാനമായും രണ്ട് വാക്കുകളിലൂടെയാണ് ഇതിന് ഭാഷാന്തരം നല്‍കിയിട്ടുള്ളത്. അവ ‘Maintenance’, ‘Provision’ എന്നിങ്ങനെയാണ്. Maulana wahiduddin khan, Muhammad Marmaduke Pickthall, Sarwar, Shakir, Sher Ali തുടങ്ങിയവര്‍ ‘Provision’ എന്ന് ഭാഷാന്തരം ചെയ്തപ്പോള്‍ Yusufali, Muhsin Khan എന്നിവരാണ് ‘Maintenance’ എന്ന് പരിഭാഷ നല്‍കിയത്. നിയമപുസ്തകങ്ങളിലെ പദങ്ങളുടെ അതേസാങ്കേതിക നിര്‍വചനം ക്വുര്‍ആനിക പദങ്ങള്‍ക്കു കല്‍പിച്ചു നില്‍ക്കുന്നത് എന്തുമാത്രം യുക്തിരാഹിത്യമാണ്. നാളെ നിയമസംഹിതകളിലെ പൗരാവലികളെ ക്വുര്‍ആനിക പണ്ഡിതന്‍മാര്‍ ചേര്‍ന്ന് വ്യാഖ്യാനിച്ച് വിശ്വാസി സമൂഹത്തോട് മതവിധികള്‍ നല്‍കിത്തുടങ്ങിയാല്‍ എന്തായിരിക്കും നമ്മുടെ സാമൂഹികാന്തരീക്ഷത്തിന്റെ അവസ്ഥ? അതിനുതീര്‍ത്തും സമാനമാണ് ജഡ്ജിമാരുടെ ക്വുര്‍ആനിക വ്യാഖ്യാനം സമൂഹത്തില്‍ സൃഷ്ടിച്ച ആഘാതം. ഇസ്‌ലാമിക നിയമപ്രകാരം വിവാഹമോചിതയായ സ്ത്രീക്ക് മൂന്ന് ശുദ്ധികാലം ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ കഴിഞ്ഞുകൂടുവാനുള്ള സകലസൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതും എന്നിട്ടും അവര്‍ യോജിക്കാതെ പിരിയുകയാണെങ്കില്‍ മാന്യതയോടുകൂടി എന്തെങ്കിലും വിഭവം നല്‍കി സന്തോഷത്തോടുകൂടി പറഞ്ഞയക്കണം. ക്വുര്‍ആനിലെ രണ്ടാം അധ്യായം അല്‍ ബഖറയിലെ 236-ാം നമ്പര്‍ വചനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ”എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധ്യതയത്രെ”(21). ‘മതാഅ്’, ‘മുത്അത്’ അഥവാ ജീവിതവിഭവം എന്നതിനെ പണ്ഡിതന്‍മാര്‍ പലരൂപത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. രണ്ട് ജലാലുകളുടെ തഫ്‌സീര്‍ (ക്വുര്‍ആന്‍ വ്യാഖ്യാനം) എന്നറിയപ്പെടുന്ന തഫ്‌സീര്‍ അല്‍ ജലാലൈന്‍, സുന്നി മുസ്‌ലിം ലോകത്ത് പരക്കെ വായിക്കപ്പെടുന്നതും, ലോകമുസ്‌ലിംകള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടതുമായ ക്വുര്‍ആനിക വ്യാഖ്യാന ഗ്രന്ഥമാണ്. ജലാലുദ്ദീന്‍ അല്‍ മഹല്ലി എന്ന ഗുരുനാഥന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ ജലാലുദ്ദീന്‍ സുയൂഥിയുടെയും ഗ്രന്ഥമായ തഫ്‌സീറുല്‍ ജലാലൈനില്‍ ‘മതാഅ്’നെക്കുറിച്ച് പറയുന്നത് വിവാഹമോചിതയായി അവളുടെ വീട്ടിലേക്ക് തിരിച്ചയക്കപ്പെടുന്ന സ്ത്രീക്ക്, സന്തോഷമുളവാക്കുന്ന, അവളില്‍ ആനന്ദം ജനിപ്പിക്കാന്‍ പര്യാപ്തമായ എന്തിങ്കിലുമൊന്ന് തന്റെ വരുമാനപരിധിയില്‍ നിന്നു നല്‍കണമെന്നാണ്(22). പ്രവാചകാനുചരനായ ഇബ്‌നു അബ്ബാസി(റ)ന്റെ ക്വുര്‍ആന്‍ വ്യാഖ്യാനമായി അറിയപ്പെടുന്ന തന്‍വീര്‍ അല്‍മില്‍ ബാസില്‍ പ്രസ്തുതവിഭവത്തിന് ഉദാഹരണമായി വസ്ത്രം, മുഖമക്കന, പുതപ്പ് എന്നിങ്ങനെ പരാമര്‍ശിക്കുന്നതായി കാണാം(23). മറ്റൊരു പ്രഗല്‍ഭ ക്വുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കഥീര്‍ തന്റെ തഫ്‌സീറിബ്‌നു കഥീറില്‍ പറയുന്നത് ഉചിതമായ പാരിതോഷികം നല്‍കി പറഞ്ഞയക്കണമെന്നാണ്(24). ക്വുര്‍ആനിലോ നബിചര്യയിലോ സ്പഷ്ടമായി ‘മതാഅ്’ ഇന്നതാണ്, അതിന്റെ തോത് ഇത്രയാണ് എന്നു പറഞ്ഞിട്ടില്ലാത്തതിനാല്‍ അതിന്റെ കാലയളവിനെക്കുറിച്ച് ഒരു പണ്ഡിതന്‍മാരും, വിവാഹമോചിതയായ സ്ത്രീ പുനര്‍വിവാഹം കഴിക്കുന്നതുവരെയെന്നോ, മരണം വരെയെന്നോ പറയുന്നത് വിശ്വാസത്തെ ഹനിക്കുന്നതിന് തുല്യമാണ്. മലയാളത്തിലെ അറിയപ്പെടുന്ന ക്വുര്‍ആന്‍ വിശദീകരണ ഗ്രന്ഥമായ അമാനി തഫ്‌സീറില്‍, മേല്‍പറഞ്ഞ വചനങ്ങളുദ്ധരിച്ചുകൊണ്ട് പറയുന്നു, ”കഴിവും, മാനമര്യാദയും, കാലദേശവ്യത്യാസങ്ങളുമനുസരിച്ച് ആ സ്ത്രീകള്‍ക്ക് ഒരു മനസ്സമാധാനവും സന്തോഷവും ലഭിക്കുന്നവിധം വല്ല വിഭവവും നല്‍കുക എന്നതാണ് ‘മുത്അത്’ കൊണ്ട് വിവക്ഷ എന്ന് സാമാന്യമായി പറയാം.”(24) ഒരു വിശ്വാസി സമൂഹം ഒന്നടങ്കം ദൈവപ്രോക്തമെന്നു വിശ്വസിച്ച് പ്രചരിക്കുന്ന നിയമത്തിനെതിരായി കാര്യമായ പര്യാലോചനകള്‍ ഇല്ലാതെ രാജ്യത്തെ നീതിന്യായ പീഠങ്ങള്‍ വിധികള്‍ പറയുമ്പോള്‍ മുറിവേല്‍ക്കുന്നത് വിശ്വാസികളുടെ ഹൃദയത്തിലാണെങ്കിലും അത് ഇന്‍ഡ്യന്‍ ഭരണഘടനയെ മുറിവേല്‍പിച്ചതിനു തുല്യമാണെന്നു പറയാതെ വയ്യ.
ഇനി ചില വാദത്തിനുവേണ്ടി നിയമത്തെ അംഗീകരിക്കാമെന്നു വെച്ചാലും അതിലടങ്ങിയിരിക്കുന്ന യുക്തിക്ക് ചില അക്ഷരത്തെറ്റുകള്‍ സംഭവിച്ചതായി കാണുന്നു.
1. വിവാഹമോചിതയാക്കപ്പെട്ട സ്ത്രീയെന്നാല്‍ പിന്നെ അവള്‍ ഒരു ഭാര്യയല്ല, അവള്‍ക്കൊരു ഭര്‍ത്താവില്ല. മുന്‍പ് തന്റെ ഭാര്യയായിരുന്നു എന്നതിനാല്‍ പുരുഷനും പുനര്‍വിവാഹം വരെ അല്ലെങ്കില്‍ മരണം വരെ അവള്‍ക്ക് ജീവനാംശം നല്‍കണമെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? അങ്ങനെയാണെങ്കില്‍ അവള്‍ക്ക് ചിലവിനു കൊടുക്കാന്‍ എന്തുകൊണ്ടും ബാധ്യത അവളുടെ പിതാവിനും സഹോദരനുമല്ലേ? വിവാഹത്തിന് മുമ്പും, വിവാഹസമയത്തും, വിവാഹമോചിതയാക്കപ്പെട്ടാലും പിതാവും, സഹോദരനും അവളുമായി ബന്ധം വേര്‍പെടുന്നില്ല. ബന്ധം വേര്‍പെട്ട ഒരു വ്യക്തിയുടെ പക്കല്‍നിന്ന് ചിലവിനവകാശം വാങ്ങുന്നതിനേക്കാള്‍ ഉത്തമമല്ലേ ഊഷ്മളമായ ബന്ധം നിലനില്‍ക്കുന്ന പിതാവിനാലും സഹോദരനാലും ജീവനാംശം ലഭിക്കുകയെന്നത്?
2. ഇസ്‌ലാമിക നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തപ്പെട്ടാല്‍ പിന്നെ ആ സ്ത്രീ അവനെ സംബന്ധിച്ച് അന്യസ്ത്രീയാണ്. അവള്‍ മാത്രമല്ല അവന്റെ അടുത്ത രക്തബന്ധത്തിലുള്ള ചുരുക്കം സ്ത്രീകളൊഴിച്ചു നിര്‍ത്തിയാല്‍ പിന്നെ സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളും പുരുഷനു മുമ്പില്‍ അന്യസ്ത്രീകളാണ്. എന്നുവെച്ചാല്‍ സമൂഹത്തിലെ ഏതൊരു സ്ത്രീയും പോലെ ഒരു ‘സഹോദരി’ മാത്രമാണ് തന്നില്‍നിന്നും വിവാഹമോചിതയാക്കപ്പെട്ട സ്ത്രീയെന്നര്‍ത്ഥം. അവള്‍ക്ക് ജീവിതചെലവിലേക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ അവളെ സംരക്ഷിക്കേണ്ട ബാധ്യത അവളുമായി ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കാണ്. അങ്ങനെയാരുമില്ലെങ്കില്‍ അത് സമൂഹത്തിന്റെ അല്ലെങ്കില്‍ രാഷ്ട്രത്തിെന്റ ബാധ്യതയാണ്. പുരുഷനെ സംബന്ധിച്ചടുത്തോളം സമൂഹത്തില്‍ ജീവിതചെലവിന് വകയില്ലാതെ കഴിയുന്ന എല്ലാവരും ഒരുപോലെയാണ്. അതിനാണ് വിശ്വാസപ്രകാരം സമ്പത്തിന്റെ നിശ്ചിതശതമാനം പ്രതിവര്‍ഷം പാവപ്പെട്ടവര്‍ക്കായി അവന്‍ മാറ്റിവെക്കുന്നത്.
3. ഇസ്‌ലാമിലെ സ്ത്രീയ സംബന്ധിച്ചടുത്തോളം അവള്‍ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും സംരക്ഷിക്കപ്പെടേണ്ടവളും അവളുടെ കുലീനതക്ക് കളങ്കമേല്‍ക്കാത്ത രൂപത്തില്‍ പുരുഷനാല്‍ ഒരേസമയം സുരക്ഷയനുഭവിക്കുന്നവളും, സ്വാതന്ത്ര്യമനുഭവിക്കുന്നവളുമായിരിക്കണം. അങ്ങനെ കഴിയേണ്ട സ്ത്രീ ഒരു അന്യപുരുഷന്റെ മാസാന്ത ചിലവിനുവേണ്ടി കാത്തുനില്‍ക്കുകയെന്നത് അവളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പിക്കുന്നതിനു തുല്യമാണ്.
ഷാബാനു ബീഗം കേസിലെ വിധിപ്രസ്താവനയിലെ മറ്റൊരു പ്രധാനപരാമര്‍ശമാണ് ഇസ്‌ലാം സ്ത്രീയെ അടിച്ചമര്‍ത്തുകയാണെന്ന ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡന്റെ നിരീക്ഷണം.
“It is alleged that the fatal point in Islam is the ‘degradation of woman. To the Prophet is ascribed the statement, hopefully wrongly, that ‘Woman was made from a crooked rib, and if you try to bend it straight, it will break; therefore treat your wife kindly.”(26)
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ ഉപവിഷ്ടനായിരിക്കെ ബഹുമാന്യ വ്യക്തിത്വത്തിന്റെ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ആഴം ഈ പരാമര്‍ശത്തില്‍ നിന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശത്തിലെ വാചകഘടന തന്നെ തെറ്റാണ് “Women are made from a crooked rib” യഥാര്‍ത്ഥ ഹദീഥ് താഴെ പറയും പ്രകാരമാണ്.
“Allah ‘s Apostle said, ‘Treat women nicely, for a women is created from a rib, and the most curved portion of the rib is its upper portion, so, if you should try to straighten it, it will break, but if you leave it as it is, it will remain crooked. So treat women kindness.”(27)
സ്ത്രീയോട് അങ്ങേയറ്റം ദയയോടു കൂടിയാണ് പെരുമാറേണ്ടതെന്നു പുരുഷന്‍മാരെ പഠിപ്പിക്കുന്ന പ്രവാചകവചനമാണിത്. അവള്‍ വാരിയെല്ലില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ്, വാരിയെല്ലിന്റെ മുകളുമാകട്ടെ ചെറിയ വളവുള്ളതായിരിക്കും, ആ വളവ് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പൊട്ടിപ്പോകും, അങ്ങനെ തന്നെ വിട്ടാലോ കൂടുതല്‍ വളഞ്ഞേക്കാം അതിനാല്‍ നിങ്ങള്‍ അവളോട് ദയയോടുകൂടി, കരുണാര്‍ദ്രമായി മാനുഷിക പരിഗണനകളോടുകൂടി പെരുമാറുകയെന്ന് സാരം. ഇത് പിതാക്കന്‍മാരോടും, സഹോദരന്‍മാരോടും, ഭര്‍ത്താക്കന്‍മാരോടുമുള്ള പ്രവാചകന്റെ കല്‍പനയായിട്ടാണ് മഹാനായ പണ്ഡിതന്‍ ശൈഖ് ഇബ്‌നു ബാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം പറയുന്നു, ഭര്‍ത്താവും പിതാവും സഹോദരനും അവളോട് മൃദുവായിരിക്കണം, നീതി പുലര്‍ത്തണം, അവള്‍ക്ക് അവളുടേതായ അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും അവളെ നന്മയിലേക്ക് വഴി നടത്തുകയും ചെയ്യണമെന്നാണ് പ്രസ്തുത വചനത്തിന്റെ താല്‍പര്യം(28).
Narasu Appa Mali കേസില്‍ വിധി പറഞ്ഞ ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന M.C Chaglaയുടെ വിധി പ്രസ്താവനയിലെ നിരീക്ഷണങ്ങള്‍ രാജ്യത്തെ മുഴുവന്‍ നീതിന്യായപീഠങ്ങളിലും ഏറെ ബഹുമാനിക്കപ്പെടുന്നതും പിന്തുടര്‍ന്നു പോന്നിരുന്നതുമായ ഒന്നായിരുന്നു. അദ്ദേഹം ഒരു പ്രഗല്‍ഭനായ ജഡ്ജി മാത്രമായിരുന്നില്ല, രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തെ ഇന്‍ഡ്യയുടെ വിദ്യാഭ്യാസ മന്ത്രിയും, പില്‍ക്കാലത്ത് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ബഹുമുഖ വ്യക്തിത്വത്തിനുടമയായ പ്രതിഭ കൂടിയാണ്. ഷാബാനു ബീഗം കേസിന്റെ പരിഗണനയില്‍ പക്ഷേ M.C  Chaglaയുടെ നിരീക്ഷണങ്ങള്‍ കടന്നുവന്നില്ല. മാത്രവുമല്ല സുപ്രീം കോടതിയിലെ രണ്ടംഗ ഡിവിഷന്‍ ബഞ്ച് വിഷയത്തില്‍ അതീവസൂക്ഷ്മത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നു ഓര്‍മിപ്പിച്ചുകൊണ്ട് മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള ബഞ്ചിലേക്ക് കേസ് മാറ്റയിതിന്റെ ‘സൂക്ഷ്മത’ കൊണ്ടുള്ള ഗുണവും കേസിനുണ്ടായില്ല എന്നാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാകുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യം ചെയ്തുകൊണ്ടും ശരീഅത്തിന്റെ പരിഷ്‌ക്കരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതുമായ മറ്റൊരു വിധിപ്രസ്താവനയായിരുന്നു 2006 ഒക്‌ടോബര്‍ ഒന്നാം തീയതിയിലെ ഷമീം ആര കേസിലെ(29) സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍. R.C  Lahoti, P. Venkatarama Reddi തുടങ്ങിയ ഡിവിഷന്‍ ബഞ്ച് മുസ്‌ലിം വ്യക്തി നിയമത്തിലെ വിവാഹമോചനത്തെ പറ്റി നടത്തിയ ചില രൂക്ഷമായ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഷമീം ആര-അബ്രാര്‍ അഹ്മദ് ദമ്പതികളുടെ വിവാഹമോചനവും ജീവനാംശവും എല്ലാമായി ബന്ധപ്പെട്ട കേസില്‍ ത്വലാഖിന്റെ സാധ്യത അന്വേഷിക്കുന്ന കോടതി ചോദിക്കുന്നത് ”എക്കാലഘട്ടത്തിലും മുസ്‌ലിം സ്ത്രീകള്‍ ഈ ദുരന്തം പേറേണ്ടിവരുമോയെന്നും അവരുടെ വ്യക്തിനിയമങ്ങള്‍ ഇത്രമേല്‍ ക്രൂരമായി ഈ നിര്‍ഭാഗ്യവതികളായ ഭാര്യമാരുടെ മേല്‍ അടിച്ചേല്‍പിക്കണമെന്നാണോ എന്നും അവരുടെ ഈ നരകയാതനക്ക് ഒരയവ് വരുത്താന്‍ പാകത്തില്‍ അതൊന്ന് പരിഷ്‌ക്കരിച്ചുകൂടേ(30) എന്നുമാണ് 2002ല്‍ തന്നെ ഡിസംബര്‍ 27ന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് പുറത്തുവന്ന ത്വലാഖുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോടതി ഉന്നയിക്കുന്ന സംശയങ്ങളും, ഇസ്‌ലാമിക വ്യക്തിനിയമങ്ങളുടെ ‘പ്രാകൃതാവസ്ഥ’ പരിഷ്‌കരിക്കേണ്ടതിലേക്ക് വരികള്‍ ചേര്‍ത്തുവെക്കുന്നു. മുത്വലാഖ് (ഒരു ദാമ്പത്യജീവിതത്തില്‍ അനുവദിച്ചിട്ടുള്ള മൂന്ന് ത്വലാഖുകള്‍ ഒരുമിച്ച് ഒരേസമയം തന്നെ ഉപയോഗപ്പെടുത്തുന്ന രീതി) നിരര്‍ത്ഥകവും ഭരണഘടനാ വിരുദ്ധവുമാണെന്നും വിധിച്ചുകൊണ്ടുള്ള വിധിപ്രസ്താവനത്തില്‍ കോടതി ശാഠ്യം പിടിക്കുന്നത് ഏതൊരു ത്വലാഖിനും തക്കതായ കാരണം ബോധിപ്പിക്കണമെന്നും ഇരുകൂട്ടരുടെയുമിടയില്‍ നിന്നും രഞ്ചിപ്പിനായി ശ്രമം നടത്തി പരാജയപ്പെട്ടാലല്ലാതെ ത്വലാഖിന് സാധ്യതയുണ്ടാകുന്നത ല്ലെന്നുമാണ്.(31). ഇസ്‌ലാമിക വിവാഹമോചനത്തിന് വിവിധ ഘട്ടങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ഒന്നുമാത്രമാണ് ഇരുകൂട്ടരുടെയും ഭാഗത്തുനിന്ന് ഓരോ മധ്യസ്ഥന്‍മാര്‍ നിയോഗിക്കപ്പെടുകയെന്നത്. അതിനുശേഷവും അവര്‍ക്ക് ഒന്നിക്കുവാനുള്ള സാഹചര്യങ്ങള്‍ മനഃശാസ്ത്രപരമായി പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതാണ് ഇസ്‌ലാമിലെ വിവാഹമോചന വ്യവസ്ഥകള്‍. ഏതെങ്കിലും ഒന്നിന്റെ പേരില്‍ വിവാഹമോചനത്തിന് സാധുത നല്‍കുക വഴി വ്യക്തിനിയമത്തിലെ ഒന്നിക്കാനുള്ള അവസരങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് കോടതി ചെയ്യുന്നതെന്ന് പറയേണ്ടി വരും. മറ്റൊന്ന് കാരണങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടായിരിക്കണമെന്നുള്ളതാണ്. ഇസ്‌ലാമിലെ ദാമ്പത്യജീവിത നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കിടപ്പുമുറിയിലെ വിഷയങ്ങള്‍ അതിന്റെ വാതിലിന്റെ പുറത്തേക്ക് കൊണ്ടുപോകാതിരിക്കുകയെന്നത്. ലൈംഗികത വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായിരിക്കെ വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ നല്ലൊരു ശതമാനവും ഒരുപക്ഷേ ലൈംഗികതയുമായി ബന്ധപ്പെട്ടതാവാം. അത്തരം വിഷയങ്ങള്‍ ഭാര്യയായാലും ഭര്‍ത്താവായും പരസ്യമാക്കുകയെന്നത് ഇസ്‌ലാമിനെതിരാണ്. ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് പരിഹാസ്യവും വിവാഹമോചിതരാക്കപ്പെട്ടവരുടെ ഭാവിജീവിതത്തെ സാരമായി ബാധിക്കുന്നതുമായിരിക്കും. മാത്രമല്ല, ഒരുപക്ഷേ കോടതിയില്‍ യഥാര്‍ത്ഥ കാരണം മറച്ചുവെച്ച് കളവു പറയേണ്ടതിന് ഇത്തരക്കാര്‍ നിര്‍ബന്ധിതരാവുകയോ, അല്ലെങ്കില്‍ പരസ്പര വൈരാഗ്യത്താല്‍ വക്കീല്‍ മുഖേന കടുത്ത അധാര്‍മിക ആരോപണങ്ങള്‍ കാരണമായി നിരത്തുന്നതിനുമെല്ലാം കോടതിയുടെ ഇങ്ങനെയുള്ള ശാഠ്യങ്ങള്‍ നിമിത്തമാകും. ഇതിനുദാഹരണമാണ് 1985 മെയ് പത്തിന് സുപ്രീംകോടതിയില്‍ നടന്ന Ms. Jordan Diengdeh കേസ്(32). ഷാബാനു ബീഗം കേസിന്റെ വിധി കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം നടന്ന ഈ കേസില്‍ വിധി പറഞ്ഞത് ഷാബാനു കേസിലെ ഡിവിഷന്‍ ബഞ്ചിലുണ്ടായിരുന്ന ഒ.ചിന്നപ്പ റെഡ്ഡിയാണ്. Ms. Jordan Diengdeh എന്ന ക്രിസ്ത്യന്‍ യുവതി തന്റെ ഭര്‍ത്താവിന് തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നു കാണിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ചതാണ് കേസാനാധാരം. ഇതിനായി ഫയല്‍ ചെയ്ത ഹര്‍ജിയിലും, ഇതിന്റെ വിധിപ്രസ്താവനയിലും പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക, ”……….. ഭര്‍ത്താവിന്റെ ലൈംഗികമായ ബലഹീനതയാണ് കാരണം. ലിംഗോദ്ധാരണവും ലിംഗപ്രവേശവും സാധ്യമാകുന്നുണ്ടെങ്കിലും ശീഘ്രസ്ഖലനം മൂലം ഭാര്യയെ രതിമൂര്‍ച്ചയിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇതുകാരണം ഭാര്യ അങ്ങേയറ്റം അസംതൃപ്തയും മോഹഭംഗം നേരിട്ടവളുമായി മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു”(33). ഇത്തരം വെളിപ്പെടുത്തലുകള്‍, അത് സത്യമോ, അസത്യമോ ആകട്ടെ. ഇവരുടെ ഭാവിജീവിതത്തെ തന്നെ  മോശമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് മേല്‍പ്രസ്താവിച്ച കേസിലെ ഭര്‍ത്താവിന്റെ ഇനിയുള്ള ദാമ്പത്യജീവിതത്തെ മുഴുവന്‍ തകരാറിലാക്കാന്‍ ഈയൊരു പരാമര്‍ശം മാത്രം മതിയാകും. ഒരു പുരുഷന് ഒരു സ്ത്രീയില്‍ സംഭവിക്കുന്ന ലൈംഗികമായ പരാജയങ്ങള്‍ മറ്റൊരു സ്ത്രീയില്‍ സംഭവിക്കണമെന്നില്ല. ഒരേ സ്ത്രീയില്‍ തന്നെ ചില സമയങ്ങളില്‍ ലൈംഗികമായ ബലഹീനതകളും ഉന്മാദങ്ങളും സംഭവിച്ചേക്കാം. ഇതൊന്നും പരിഗണിക്കാതെ കിടപ്പറ രഹസ്യങ്ങള്‍ നീതിന്യായ വ്യവസ്ഥയുടെ ഉച്ചഭാഷണിയിലൂടെ വിളിച്ചു പറയുന്നതില്‍ എന്ത് യുക്തിയാണടങ്ങിയിട്ടുള്ളത്? അതിനാല്‍ തന്നെ വിവാഹമോചനത്തിന്റെ കാരണങ്ങള്‍ പലപ്പോഴും പരസ്യമായി പങ്കുവെക്കാന്‍ കഴിയുന്നതായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഇസ്‌ലാമില്‍ വിവാഹമോചനം സാധ്യമാകണമെങ്കില്‍ കാരണം പരസ്യമായി ബോധിപ്പിക്കണമെന്ന നിബന്ധനയില്ല. ഇത്തരം വിഷയങ്ങളില്‍ ഭര്‍ത്താവിന് ഭാര്യയെ ‘ത്വലാഖിലൂടെ’ വിവാഹമോചനം ചെയ്യാമെങ്കതില്‍, ഭാര്യക്ക് ‘ഖുല്‍അ്’ലൂടെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനും ഇസ്‌ലാം അനുവദിക്കുന്നു. രണ്ടുപേര്‍ക്കും വിവാഹമോചനം അവരവരുടെ പ്രകൃതിക്കനുസരിച്ച് സാധ്യമാകുന്ന മാനവികമായ നിയമവ്യവസ്ഥ. മേല്‍പ്രസ്താവിച്ച കേസിലെ മറ്റൊരു ദുരന്തം, കോടതിക്ക് ക്രിസ്ത്യന്‍ വിവാഹ നിയമപ്രകാരം വിവാഹമോചനം അനുവദിക്കാന്‍ കഴിഞ്ഞില്ലെന്നതാണ്. ഈ കേസിലെ കോടതി ഉത്തരവ് Judicial separation ആയിരുന്നു(24). എന്നുവെച്ചാല്‍ വിവാഹം നിയമംമൂലം നിലനില്‍ക്കുകയും എന്നാല്‍ അവര്‍ വേരിട്ടു ജീവിക്കുകയും ചെയ്യുക. നിയമത്തിന്റെ പരിമിതിയില്‍ മനംനൊന്ത് കോടതി വീണ്ടും പരാമര്‍ശിക്കുന്നത് രാജ്യത്ത് ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ നിയമങ്ങള്‍ എടുത്തുകളയാന്‍ എത്രയും പെട്ടന്ന് ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തി വിവാഹത്തിനും, വിവാഹമോചനത്തിനും ഒരു പൊതുവായ പൗരനിയമം കൊണ്ടുവരണമെന്നാണ്. വിധിപ്രസ്താവനയില്‍  മുസ്‌ലിം വ്യക്തിനിയമത്തെ വിമര്‍ശിക്കാനും ജഡ്ജി മറക്കുന്നില്ല.
ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതിന് സര്‍ക്കാരിനോട് ശക്തമായി ആഹ്വാനം ചെയ്ത ഏറെ പ്രമാദമായ മറ്റൊരു കേസായിരുന്നു ‘കല്യാണ്‍’ എന്ന ഫെമിനിസ്റ്റ് എന്‍.ജി.ഒയുടെ പ്രസിഡന്റായ ശ്രീമതി സര്‍ല മുദ്ഗല്‍, സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ്(25). രണ്ടു സമാനമായ കേസുകളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. മീന മാത്തൂര്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവായ ജിതേന്ദര്‍ മാത്തൂര്‍, ഗീത റാണി എന്ന സ്ത്രീയുടെ ഭര്‍ത്താവായ പ്രദീപ്കുമാര്‍ എന്നിവര്‍ ഭാര്യയറിയാതെ അല്ലെങ്കില്‍ അറിയില്ലാതെ ഇസ്‌ലാമിലേക്ക് മതം മാറി മറ്റൊരു വിവാഹം കഴിച്ചതാണ് കേസിനാസ്പദമായ സംഭവം. ഹിന്ദു വിവാഹനിയമപ്രകാരം നിലവില്‍ പങ്കാളിയുണ്ടായിരിക്കെ രണ്ടാമത് വിവാഹം ചെയ്യുന്നത് IPC 494 പ്രകാരം ഏഴുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. അതാണ് വിവാഹം ചെയ്യാനായി മാത്രമാണ് ഇവര്‍ മതം മാറിയതെന്ന് വാദത്തില്‍ പറയുന്നു. വിധി പ്രസ്താവനയില്‍ മറ്റനവധി സമാനമായ കേസുകളും കോടതി ഉദ്ധരിക്കുന്നുണ്ട്. HINDU MARRIAGE ACT, 1955 പ്രകാരം മതം മാറുന്നത് വിവാഹബന്ധത്തെ വേര്‍പെടുത്തുന്നതല്ലാത്തിനാലും, നിലവിലെ വിവാഹിതനായിരിക്കെ രണ്ടാമത് വിവാഹം കഴിക്കാന്‍ പാടില്ലാത്തതിനാലും കോടതി രണ്ടാം വിവാഹം റദ്ദാക്കിക്കൊണ്ട് ഉത്തരവിടുന്നു(36). ഓരോ മതക്കാര്‍ക്കും അവരുടേതായ നിയമങ്ങള്‍ ഉണ്ടാകുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കോടതി ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ വ്യത്യസ്ത മതക്കാരായിരിക്കെ ഏതുവിധേനയാണ് വിധി പ്രസ്താവന നടത്തേണ്ടതെന്ന് വിമര്‍ശനബുദ്ധ്യാ ചോദിക്കുന്നതും കാണാം. അമേരിക്കന്‍ നീതിന്യായ കോടതികളുടെ വിധിപ്രസ്താവനയില്‍ നിന്നും കടംകൊണ്ടുകൊണ്ട് ബഹുഭാര്യത്വം പൊതുധാര്‍മികതക്ക് ഹാനികരമാണെന്നും (Injurious to Public Morals) മനുഷ്യകുരുതിയിലൂടെയുള്ള നേര്‍ച്ചകളും സതിയും പൊതുജനാഭിപ്രായത്തോടു കൂടി നിരോധിച്ചപോലെ ഇതും രാഷ്ട്രത്തിന് നിര്‍ത്തലാക്കാന്‍ കഴിയേണ്ടതാണെന്നും വിധിയില്‍ പറയുന്നു(37). എന്നിട്ട് ഇതിനെല്ലാം പരിഹാരം ഒന്നു മാത്രമാണ്, അത് എത്രയും പെട്ടന്ന് സിവില്‍ നിയമങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ടുവരലാണ് എന്നും പറഞ്ഞ് ഉപസംഹരിക്കുന്നു.
രാജ്യത്തെ നിയമങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താനും പാലിക്കുന്നില്ലെങ്കില്‍ അവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും വേണ്ടിയാണ് നീതിപീഠവും നിയമപാലകരുമെല്ലാം നിലകൊള്ളുന്നത്. നിയമങ്ങള്‍ കെട്ടഴിച്ചെടുക്കുന്നത് സങ്കീര്‍ണമാകുന്നുണ്ടെങ്കില്‍ അതിന് പരിഹാരം നിയമത്തെ തച്ചുടക്കുകയല്ല, പ്രത്യുത അത് നീതിപീഠത്തിന്റെ ഇരിപ്പിടത്തില്‍ ഇരിക്കുന്നവരുടെ ധര്‍മമാണെന്നു മനസ്സിലാക്കി വ്യക്തിയുടെ മതവിശ്വാസത്തെയോ, സ്വാതന്ത്ര്യത്തെയോ ഹനിക്കാത്ത രൂപത്തില്‍ വിധി പുറപ്പെടുവിക്കുകയാണ്. പൊതുവെ രാജ്യത്ത് ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ നിയമങ്ങള്‍ക്കെല്ലാം ശാശ്വതപരിഹാരത്തിന്റെ അഭാവം പ്രകടമായി കാണാം. ദീര്‍ഘദൃഷ്ടിയോടു കൂടി ഗൗരവതരമായി വിശകലനം ചെയ്ത്, മനുഷ്യന്റെ സാമൂഹിക-മനഃശാസ്ത്ര-ജൈവിക ഘടകങ്ങളെ തലനാരിഴകീറി പരിശോധിച്ച്, അതിന്റെ പ്രകൃതിപരമായ ചോദനകളെ ഉള്‍ക്കൊണ്ടു വേണം നിയമങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍. അല്ലാത്തപക്ഷം നൈമിഷികമായ കേവലം പരിഹാരങ്ങള്‍ ഉണ്ടാകുമെങ്കിലും ദൂരവ്യാപകമായി കടുത്ത സാമൂഹിക പ്രത്യാഘാതങ്ങള്‍ നാം നേരിടേണ്ടി വരും. ഉദാഹരണം നോക്കുക, ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് ഇന്‍ഡ്യന്‍ ശിക്ഷാനിയമപ്രകാരം ഏഴു വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്(38). ആദ്യവിവാഹം മറച്ചുവെച്ചുകൊണ്ട് രണ്ടാമത് വിവാഹം കഴിച്ചാല്‍ പത്തു വര്‍ഷം തടവും പിഴയും(39). അതേസമയം വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയുമായി ശാരീരികബന്ധമുണ്ടായാല്‍ അഞ്ചു വര്‍ഷം തടവും പിഴയും മാത്രമേ ഉള്ളൂ(40). ആദ്യത്തേതില്‍ ഒരു സ്ത്രീയെ തന്റെ ഭാര്യയാക്കി അവള്‍ക്ക് ജീവിതച്ചെലവിനു കൊടുക്കുകയും, അവളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുമ്പോള്‍, രണ്ടാമത്തേത് കേവലം ശരീരത്തിന്റെ ദാഹം തീര്‍ക്കാനുള്ള ഏര്‍പ്പാട് മാത്രമാണ്. ആദ്യത്തേത് സ്ത്രീക്ക് എല്ലാം കൊണ്ടും തണലാകുമ്പോള്‍, രണ്ടാമത്തേത് അവളെ കേവലം ഭോഗവസ്തു മാത്രമായി കാണുന്നു. എന്നാല്‍ നിയമത്തിന് മുന്‍പില്‍ ആദ്യത്തേതിനേക്കാള്‍ ലഘുവാണ് രണ്ടാമത്തേത്. മറ്റൊരു ഉദാഹരണം കൂടി നോക്കുക, ഇന്‍ഡ്യയില്‍ പതിനാറ് വയസ്സിനു മുകളിലുള്ള ഏതു പെണ്‍കുട്ടിയുമായും ഉഭയകക്ഷി സമ്മതപ്രകാരം ശാരീരിക ബന്ധം പുലര്‍ത്തുന്നത് തെറ്റല്ല. അതിനാല്‍ തന്നെ രാജ്യത്ത് കൗമാരക്കാര്‍ക്കിടയിലെ ഗര്‍ഭധാരണവും, അബോര്‍ഷനുകളും വര്‍ദ്ധിച്ചുവരുന്നതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന Center for Health and Social Justice പോലുള്ള എന്‍.ജി.ഒകള്‍ വെളിപ്പെടുത്തുന്നു(41). ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. എന്നാല്‍ ഇങ്ങനെയുള്ള ഗര്‍ഭധാരണത്തിനും ഗര്‍ഭമലസിപ്പിക്കലിനും പരിഹാരമായി നിര്‍ദ്ദേശിക്കുന്നത് കോണ്ടം ഉപയോഗിക്കാന്‍ വേണ്ടി ഇവരെ ബോധവല്‍ക്കരിക്കുകയെന്നതാണ്(42). കൗമാരക്കാര്‍ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നു നിങ്ങള്‍ സ്വയം തീരുമാനിക്കണമെന്ന, ശാരീരിക ബന്ധത്തിന് മുതിരുകയാണെങ്കില്‍ ഗര്‍ഭധാനപ്രതിരോധങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും അങ്ങനെയുള്ള മുന്നൊരുക്കത്തോടു കൂടി മാത്രമേ അതിനു മുതിരാവൂ എന്നും പറഞ്ഞുകൊടുക്കുന്നത് ലൈംഗിക ബോധവല്‍ക്കരണത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡോക്ടര്‍മാരാണ്(43). രാജ്യത്തെ പല നഗരങ്ങളിലും സ്ഥാപിച്ചിട്ടുള്ള Condom Vending Machine-കള്‍ കൂടുതലായി ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നും AIDS Control Society റിപ്പോര്‍ട്ടില്‍ പറയുന്നു(44). ഇങ്ങനെയുള്ള ഉദാരലൈംഗിക സമീപനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നു തന്നെയുണ്ടാകുമ്പോള്‍ എങ്ങനെയാണ് നല്ലൊരു ലൈംഗിക സദാചാര സമൂഹം രാജ്യത്ത് വളര്‍ന്നുവരിക?
ഇവിടെയാണ് ഇസ്‌ലാമിലെ വിവാഹനിയമങ്ങളുടെ പ്രസക്തി, മനുഷ്യശരീരത്തിന്റെ സാമൂഹിക-മനഃശാസ്ത്ര-ജൈവിക ചോദനകളെ പരിഗണിച്ചുകൊണ്ട് ആണിനോടും പെണ്ണിനോടും വിവാഹിതരാകുവാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ലൈംഗികമായ ദാഹത്തെ നിയമപരമായ കരാറിലൂടെ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സദാചാര മര്യാദകള്‍ അവിടെ പാലിക്കപ്പെടുന്നു. പുരുഷമനസ്സ് ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ പുല്‍കാന്‍ ആഗ്രഹിക്കുന്ന ഒന്നായതുകൊണ്ടും അവന്റെ ശരീരം അതിന് പ്രാപ്തമായതുകൊണ്ടും, ഇസ്‌ലാം ചില ഉപാധികളോടുകൂടി അതിനും അവനെ അനുവദിക്കുന്നു. ഏകപത്‌നീവ്രതത്തില്‍ കഴിയുന്ന പല മാന്യന്‍മാര്‍ക്കും ‘ഇരുട്ടിന്റെ മറവില്‍’ ബന്ധങ്ങളുണ്ടെന്നത് ഒരു പരമയാഥാര്‍ത്ഥ്യമാണ്. ബഹുഭാര്യത്വത്തിന് സാമൂഹികമായ മാനങ്ങള്‍ മാത്രമല്ല, വ്യക്തിപരമായ മാനങ്ങള്‍ കൂടിയുണ്ടെന്ന് ഇത്തരം സാമൂഹിക ദുരന്തങ്ങള്‍ തന്നെ നമ്മോടു പറയുന്നു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തെ ശക്തമായി അനുകൂലിച്ചിരുന്ന ബ്രിട്ടീഷ് വനിതയും, സ്ത്രീ അവകാശ പോരാളിയും, എഴുത്തുകാരിയും, പ്രാസംഗികയുമായിരുന്ന ആനി ബസന്റ് The Life And Teachings Of Muhammad എന്ന തന്റെ പ്രഭാഷണത്തില്‍ ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ച് പറയുന്നത് ഏറെ ശ്രദ്ധേയമാണ്. ”പരിമിതികളോടു കൂടിയ ബഹുഭാര്യത്വത്തെ അനുവദിച്ചു എന്ന കാരണത്താല്‍ ഇസ്‌ലാമിനെ മറ്റുള്ളവര്‍ മോശമാക്കി പറയാറുണ്ട്. ഒരിക്കല്‍ ലണ്ടന്‍ ഹാളില്‍ കൂടിയിരുന്ന സദസ്സിനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്, ഈ നിയന്ത്രിത ബഹുഭാര്യത്വം സ്ത്രീയെ ഇകഴ്ത്തുന്നുണ്ടെങ്കില്‍, ഒരു ഭാര്യയും ഒരുപാട് വ്യഭിചാരവും ചെയ്തുകൂട്ടുന്ന കാപട്യജീവിതം സ്ത്രീയെ എന്തുമാത്രം തരംതാഴ്ത്തുന്നുണ്ട്?…….. അതുമാത്രമല്ല വസ്തു സമ്പാദ്യവുമായി ബന്ധപ്പെട്ട നിയമമാകട്ടെ, അനന്തരാവകാശ നിയമമമാകട്ടെ, വിവാഹമോചനത്തിന്റെ നിയമമാകട്ടെ സ്ത്രീയുടെ ഏത് അവകാശങ്ങള്‍ക്കും മാന്യമായ പരിഹാരം അന്നത്തെ അറേബ്യയില്‍ ഇസ്‌ലാം കണ്ടെങ്കില്‍ പാശ്ചാത്യരെക്കാള്‍ എത്രയോ അത് മുന്‍കടന്നു പോയിട്ടുണ്ട്, അതെല്ലാം ബഹുഭാര്യത്വത്തിന്റെ പേരുപറഞ്ഞ് അവര്‍ വിസ്മരിച്ചു പോകുന്നു. പടിഞ്ഞാറിന്റെ പുറമ്പോക്കിലേക്ക് നിങ്ങള്‍ നോക്കരുത്, കാരണം ആദ്യ ഭര്‍ത്താവിന്റെ വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് സ്ത്രീകളെ നിങ്ങള്‍ക്ക് അവിടെ കാണാന്‍ സാധിക്കും. യാതൊരു സഹായവും ലഭിക്കാതെ കൊടിയ ദുരിതങ്ങളോടുകൂടി ജീവിതം മുന്നോട്ടു നീക്കുന്നത്.
ഒരു വ്യക്തിയുടെ വിശ്വാസത്തിന് മുറിവേല്‍പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പാശ്ചാത്യലോകത്ത് വ്യഭിചാരം കൊടികുത്തി വാഴുന്നിടത്തോളം ഇസ്‌ലാമിലെ നിയന്ത്രിത ബഹുഭാര്യത്വത്തെ എതിര്‍ക്കാന്‍ അവര്‍ക്കെന്താണ് അവകാശം? ഒരു നിയമപരമായ ഭാര്യയും പുറംലോകമറിയാത്ത ഒരു വെപ്പാട്ടിയെയും വെച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ ഏകഭാര്യത്വമാകും?”
മേല്‍വിവരിച്ച സാരള്‍ മുദ്ഗല്‍ കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ ഒന്നുകില്‍ സത്യസന്ധമായി ഇസ്‌ലാം സ്വീകരിക്കുകയും, പിന്നീട് വിവാഹം ചെയ്തവരുമായിരിക്കാം. അല്ലെങ്കില്‍ തന്റെ താല്‍പര്യത്തിനുവേണ്ടി നിയമത്തെ ചൂഷണം ചെയ്തതായിരിക്കാം. ഇനി നിയമത്തെ ഈവിധം ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ തന്നെ വ്യക്തിനിയമത്തെ ഏകീകരിക്കുന്നതിലൂടെ അതിനെ ശാശ്വതമായി തടയാന്‍ സാധിക്കുമോ? രാജ്യത്തെ പൗരന്‍മാര്‍ക്കിടയിലെല്ലാം തുല്യമായി ഏകീകരിക്കപ്പെട്ട നിയമങ്ങളാണല്ലോ ഇന്നാട്ടിലെ ക്രിമിനല്‍ നിയമങ്ങള്‍. അതാരും ചൂഷണം ചെയ്യുന്നില്ലേ? റിമാന്‍ഡില്‍ കഴിയേണ്ട പ്രതികളില്‍ സാധാരണക്കാര്‍ ജയിലില്‍ കഴിയുമ്പോള്‍, ചില പ്രമുഖ വ്യക്തിത്വങ്ങള്‍ റിമാന്‍ഡ് സമയത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടി ആശുപത്രികളില്‍ കഴിയുന്നത് ഒരു ചെറിയ ഉദാഹരണം. അപ്പോള്‍ ഏകീകൃത സിവില്‍ നിയമം വന്നുകഴിഞ്ഞിട്ടും നിയമത്തെ ചൂഷണം ചെയ്താല്‍ പിന്നെ എന്തുചെയ്യും?
ഏകസിവില്‍ കോഡിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വ്യക്തിനിയമങ്ങളില്‍ വിശിഷ്യാ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ പലതിനെയും ചോദ്യം ചെയ്തുകൊണ്ട് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ കൂട്ടായ്മയായ Ahmedabad Women’s Action Group സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് പ്രാധാന്യമുള്ള മറ്റൊരു കേസ്(46). കേസില്‍ ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍ ഇങ്ങനെ.
1. ബഹുഭാര്യത്വം അനുവദിച്ചുകൊണ്ടുള്ള മുസ്‌ലിം വ്യക്തിനിയമത്തിലെ വകുപ്പ് ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 14, 15 എന്നിവയ്ക്ക് എതിരായതിനാല്‍ റദ്ദാക്കുക.
2. നീതിന്യായ വ്യവസ്ഥയുടെ പ്രക്രികയകള്‍ ആവശ്യമില്ലാത്ത, ഭാര്യയുടെ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഏകപക്ഷിയമായി ആണിനെ ത്വലാഖിന് അനുവദിക്കുന്ന വകുപ്പ് മുസ്‌ലിം വ്യക്തിനിയമത്തില്‍ നിന്ന് റദ്ദ് ചെയ്യുക.
3. ഒന്നില്‍ കുടുതല്‍ ഭാര്യമാരെ വിവാഹം ചെയ്യുന്ന മുസ്‌ലിം പുരുഷനടപടി ക്രൂരതയുടെ പരിധിയില്‍പ്പെടുത്തി കുറ്റകൃത്യമായി പ്രഖ്യാപിക്കുക.
4. ഭരണഘടന ആര്‍ട്ടിക്കള്‍ 14, 15 എന്നിവക്ക് എതിരായതിനാല്‍ 1986ലെ Muslim Women (Protection on Divorce) Act എടുത്തുകളയുക.
എന്നാല്‍ ഈ വക കാര്യങ്ങള്‍ രാഷ്ട്രനയത്തിന്റെ ഭാഗമായി വരുന്നതിനാല്‍ കോടതിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് കോടതി പ്രസ്തുത പൊതുതാല്‍പര്യഹര്‍ജ്ജി തള്ളുകയാണുണ്ടായത്. എന്നിരുന്നാലും ഏകസിവില്‍ കോഡിന്റെ ആവശ്യകത പ്രത്യേകം വിധിയില്‍ ഊന്നിപ്പറയുകയുണ്ടായി. ഇതില്‍ നാലാമതായി പറഞ്ഞ Muslim Women (Protection on Divorce) Act 1986, ഷാബാനു ബീഗം കേസിലെ സുപ്രീം കോടതി വിധി മുസ്‌ലിം വ്യക്തിനിയമത്തിനെതിരായപ്പോള്‍ അന്നതെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത നിയമമാണ്. ഇന്‍ഡ്യയെപ്പോലെയുള്ളൊരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒരു മതവിശ്വാസിയുടെയും മനസ്സിന് മുറിവേറ്റുകൂടാ എന്ന രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായിട്ടാണ് പ്രസ്തുത നിയമം നിലവില്‍ വന്നത്. ഒരു ശക്തമായ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നീതിപീഠം അല്ലെങ്കില്‍ നിയമനിര്‍മാണസഭ സംരക്ഷണം നല്‍കുമെന്ന സന്ദേശം കൂടിയായിരുന്നു അത്. എന്നാല്‍ തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ രാജ്യത്ത് അനുദിനം ശക്തിപ്രാപിച്ചപ്പോള്‍ വീണ്ടും ചില അസ്വാരസ്യങ്ങള്‍ തലപൊക്കി തുടങ്ങിയിരിക്കുന്നു. ഉത്തരാഖണ്ഡിലെ ഷയാറ ബാനു എന്ന യുവതി തന്റെ ഭര്‍ത്താവായ റിസ്‌വാന്‍ അഹ്മദില്‍ നിന്ന് മുത്ത്വലാഖിനാല്‍ വിവാഹമോചിതയാക്കപ്പെട്ടിടത്തുനിന്നാണ് ബി.ജെ.പിയോപ്പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ഒരുമ്പെട്ടിറങ്ങിയിട്ടുള്ളത്. ഷയാറ ബാനു നല്ല വിദ്യാഭ്യാസവും തന്റേടവുമുള്ള മുസ്‌ലിം സ്ത്രീയാണ്. സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുമുള്ള അവള്‍ വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിനാല്‍ പീഡനമേല്‍ക്കുകയായിരുന്നു. ഇതാണ് ഇവരുടെ ബന്ധത്തെ ഉലച്ചത്. പതിനഞ്ച് വര്‍ഷത്തിനുശേഷം 2015 ഒക്‌ടോബറില്‍ മുത്ത്വലാഖിനാല്‍ വിവാഹമോചിതയായി. ശാരീരികമായും മാനസികമായും ദാമ്പത്യജീവിതത്തില്‍ ഏറെ പീഡനമേല്‍ക്കേണ്ടി വന്ന ഷയാറ ബാനു ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആറോ, ഏഴോ പ്രാവശ്യം അബോര്‍ഷനു വിധേയയായിട്ടുമുണ്ട്(47). എന്നാല്‍ തന്റെ ജീവിതത്തിനു ക്ഷതമേല്‍പിച്ച ‘നിയമത്തിനെതിരെ’ ഷയാറ ബാനു 2016 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് തന്റെ വ്യക്തിപരമായ ആവശ്യം എന്നതിനപ്പുറത്ത് മുസ്‌ലിം സ്ത്രീകളുടെ പൊതുവായ രക്ഷയ്ക്ക് എന്നര്‍ത്ഥത്തിലാണ് സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിസ്ഥാനത്ത് Union of India, Ministry of Law & Justice, Ministry of Minority Affairs, National Commission for Women എന്നിവരും, പിന്നെ റിസ്‌വാന്‍ അഹ്മദ് എന്ന മൊഴിചൊല്ലിയ ഭര്‍ത്താവും ഉള്‍പ്പെടുന്നു(48). മുപ്പത് പേജുള്ള ഹര്‍ജിയില്‍ നാല്‍പ്പത്തിയെട്ട് പോയിന്റുകളിലായി മുസ്‌ലിം വ്യക്തിനിയമത്തെ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിനെക്കുറിച്ച്    ഊന്നിപ്പറയുന്നു. പ്രസ്തുത ഹര്‍ജിയുടെ ആകെ ചുരുക്കം ഉള്ളടക്കം മുത്ത്വലാഖും ബഹുഭാര്യത്വവും നിരോധിക്കുകയെന്നതാണ്. ഷയാറ ബാനുവിന്റെ കൂടെ കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ള മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Bharatiya Muslim Mahila Andolan (BMMA) എന്ന സംഘടനയുടെ സര്‍വപിന്തുണയും ഈ ഉദ്യമത്തിനു പിന്നിലുണ്ട്. 2007ല്‍ സ്ഥാപിതമായ BMMA മുസ്‌ലിംകള്‍ക്കിടയിലെ ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന Zakia Soman, Noorjehan Safia Niaz എന്നീ പൊതുപ്രവര്‍ത്തകരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ്(49). വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട മുസ്‌ലിം നിയമങ്ങളെ പരിഷ്‌ക്കരിച്ചുകൊണ്ട് തയ്യാറാക്കിയ Muslim Family Law എന്ന കരടിന്റെ കോപ്പിയും ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്(50). രാജ്യത്തെ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ സര്‍വേ നടത്തിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് Muslim Family Actന് രൂപം നല്‍കിയിട്ടുള്ളത്.  ഇവിടെ ബി.ജെ.പിയും അനുബന്ധ സംഘടനകളായ ആര്‍.എസ്.എസ്, വി.എച്ച്.പി തുടങ്ങിയവര്‍ വിളിച്ചുകൂവുന്നതും പോലെ ഒരു ഏകസിവില്‍ കോഡിനുവേണ്ടി ഷയാറ ബാനുവോ, Bharatiya Muslim Mahila Andolan (BMMA) എന്ന സംഘടനയോ അവര്‍ തയ്യാറാക്കിയ Muslim Family Lawയിലോസ എവിടെയും തന്നെ ഒന്നും പറയുന്നില്ല. എന്നു മാത്രമല്ല BMMAയുടെ ഒന്‍പതാമത് വാര്‍ഷിക കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ് റിലീസ് തന്നെ ‘Muslim Women Rejects Uniform Civil Code’ എന്ന തലക്കെട്ടിലായിരുന്നു(51). ആര്‍.എസ്.എസിന് ഒപ്പിയെടുക്കാന്‍ പാകത്തിലുള്ള കണ്ണീരൊന്നും മുസ്‌ലിം സ്ത്രീകള്‍ ഒഴുക്കിയിട്ടില്ലെന്നു സാരം. പിന്നെയുള്ളത് മുത്ത്വലാഖിന്റെ പേരിലാണ് ബി.ജെ.പിയും കൂട്ടരും മുസ്‌ലിം സ്ത്രീയുടെ രക്ഷക്ക് ഏകസിവില്‍ കോഡ് എന്ന മുദ്രാവാക്യമുയര്‍ത്തുന്നത്. മുന്‍കഴിഞ്ഞു പോയ പ്രഗല്‍ഭരായ നിയമജ്ഞരുടെ അഭിപ്രായം പോലെ ഒരു മതത്തിന്റെ വ്യക്തിനിയമം പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവര്‍ക്കിടയില്‍ തന്നെ നടക്കട്ടെ.
ഇവിടെ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കുടുംബബന്ധ ശിഥിലീകരണമാണ്. എല്ലാ മതവിഭാഗങ്ങളിലും മതവിശ്വാസികളല്ലാത്തവര്‍ക്കിടയിലും വിവാഹമോചനങ്ങള്‍ സാര്‍വത്രികമാണ്. മുസ്‌ലിം പ്രശ്‌നങ്ങളെ മാത്രം സെന്‍സേഷനലൈസ് ചെയ്യുന്നതിനുള്ള മാധ്യമ വ്യഗ്രതകളാണ് ‘ത്വലാഖി’നെ മാത്രം മുഴുച്ചുനില്‍ക്കുന്ന ഒന്നായി മാറ്റുന്നത്. 1995 ഫെബ്രുവരി 24ന് Ammini E.J എന്ന ക്രിസ്ത്യന്‍ യുവതിയുടെ വിവാഹമോചന കേസില്‍ വിധി പറയവെ കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.
”താന്‍ വെറുക്കുന്ന പുരുഷനൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതയാകുന്ന ഒരു ക്രൈസ്തവ ഭാര്യയുടെ ജീവിതം എന്തുമാത്രം ക്രൂരമാണ്. ജീവിതാന്ത്യം വരെ ഇങ്ങനെയുള്ള ദാമ്പത്യത്തില്‍ കെട്ടിയിടുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അന്തസ്സിന് നിരക്കാത്തതുമാണ്. സാധാരണ ഗതിയില്‍ ജീവിതമാസ്വദിക്കാനോ, പുനര്‍വിവാഹത്തിന് സ്വാതന്ത്ര്യം നല്‍കപ്പെടാതിരിക്കുകയും ചെയ്യുന്നത് അപമാനകരവും അടിച്ചമര്‍ത്തലുമാണ്. ഭരണഘടനയുടെ ആമുഖത്തിലും ആര്‍ട്ടിക്കള്‍ 21 പ്രകാരം ഏതൊരു വ്യക്തിക്കും ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിന് ഹാനി വരുത്തലും, ആത്മാഭിമാനത്തിന് കോട്ടം തട്ടിക്കലുമാണ്. ഇഥ് ജീവിതത്തിന്റെ മാനുഷികമായ പ്രവൃത്തികളെ വെട്ടിക്കളയുന്നതിന് തുല്യമാണ്. ഇത്തരം ജീവിതങ്ങളെ നിയമത്തിനു സമീപിക്കാവുന്നത്, ഏകാധിപത്യത്താലും, സ്വേച്ഛാധിപത്യത്താലും അടിച്ചേല്‍പിക്കപ്പെട്ടത്, അല്ലെങ്കില്‍ നിസ്സഹായയായി ഉപേക്ഷിക്കപ്പെട്ടവള്‍, അല്ലെങ്കില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കെതിരായി ക്രൂരമായി കൈകാര്യം ചെയ്യപ്പെട്ട ക്രിസ്ത്യന്‍ ഭാര്യ, തന്നെ പീഡിപ്പിക്കുന്ന പുരുഷന്റെ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് മരണം വരെ കഴിയേണ്ടവള്‍, ഇത്തരം ജീവിതങ്ങള്‍ക്ക് യാതൊരു അന്തസ്സും, സ്വാതന്ത്ര്യവും ലഭിക്കുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യംപോലും ആസ്വദിക്കാന്‍ വിധിയില്ലാതെ, മാനസികമായി തളര്‍ന്ന്, അടിച്ചമര്‍ത്തപ്പെട്ടവളായി മാത്രമേ ഇവരെ കാണാനൊക്കൂ”.(52)
എന്തുകൊണ്ടാണ് ഇങ്ങനെയുള്ള അമ്മിണിമാരുടെ കരച്ചിലുകള്‍ മാധ്യമങ്ങള്‍ കേള്‍ക്കാതെ പോകുന്നത്? അമ്മിണിമാരുടെ കണ്ണീരൊപ്പാന്‍ എന്തേ സാംസ്‌കാരിക പുരോഗമന ബുദ്ധിജീവികള്‍ക്ക് ടിഷ്യു പേപ്പര്‍ ലഭിക്കാത്തത്? എന്തുകൊണ്ടാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി എന്നിവര്‍ക്ക് വിവാഹമോചിതയായ ക്രിസ്ത്യന്‍ ഭാര്യമാരുടെ കണ്ണുനീര്‍ തുള്ളിയില്‍ രാഷ്ട്രീയം കാണാന്‍ താല്‍പര്യമില്ലാത്തത്? 1955ലെ Hindu Marriage Act നിലവില്‍ വരുന്നതിനു മുമ്പ് ഹിന്ദു യുവതികളുടെ കഥാകഥനങ്ങള്‍ ഇതിലും പരിതാപകരമായിരുന്നു. അപ്പോള്‍ ഹിന്ദുക്കള്‍ക്കിടയിലെ വ്യത്യസ്ത നിയമങ്ങളെ ഏകീകരിച്ച പോലെ മുസ്‌ലിം വ്യക്തിനിയമത്തിനും ചില പരിഷ്‌ക്കാരങ്ങള്‍ വേണ്ടതില്ലേ എന്നാണ് മറ്റൊരു ചോദ്യം. കാരണം പതിനാല് നൂറ്റാണ്ട് മുമ്പ് എഴുതിവെയ്ക്കപ്പെട്ട നിയമസംഹിതകള്‍ പുതിയ കാലഘട്ടത്തിന്റെ കണ്ണാടിയില്‍ പ്രാകൃതമത്രെ! അതിന് കാലഹരണം സംഭവിച്ചിട്ടുണ്ടത്രെ! എന്നാല്‍ ഏതു നിയമത്തില്‍ എവിടെയാണ് കാലഹരണം ബാധിച്ചത്? അല്ലെങ്കില്‍ തോന്നുന്നത് എന്നൊന്നും വസ്തുനിഷ്ഠമായി പറയാനോ തെളിയിക്കാനോ ആര്‍ക്കും സാധിച്ചിട്ടില്ല. ഒരു നിയമത്തിന് പഴക്കം കൂടുന്തോറും അത് പ്രാകൃതമാകുമെന്ന പൊതുനിയമം വല്ലതുമുണ്ടോ? ഇല്ല. അങ്ങനെയുണ്ടാകാം. എന്നാല്‍ അതിനു കാരണം അത്തരം നിയമങ്ങള്‍ ആ കാലഘട്ടത്തിലേക്ക് അവിടുത്തെ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് നിര്‍മിച്ചെടുത്തത് കൊണ്ടാണ്. അതിനെല്ലാം ഉപരി അത് ഒരുപാട് പരിമിതികളുള്ള മനുഷ്യന്റെ തലച്ചോറിനാല്‍ നിര്‍മിതമായതാണ്. എന്നാല്‍ ഇസ്‌ലാമിക നിയമങ്ങള്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. കാരണം ഇസ്‌ലാമിക വ്യക്തിനിയമങ്ങള്‍ കാലഘട്ടത്തിനും സാഹചര്യത്തിനുമതീതമായി വ്യക്തിക്കനുസൃതമായി, മനുഷ്യനെ മാനദണ്ഡമാക്കി നിര്‍മിക്കപ്പെട്ടവയാണ്. കാലമെത്ര മാറിയാലും, ഏതേത് വിപ്ലവങ്ങള്‍ ഉദയം കൊണ്ടാലും, പുതിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രീതികള്‍ ജന്മം കൊണ്ടാലും യാതൊരു പരിണാമവും സംഭവിക്കാത്ത ആ പഴയ നൂറ്റാണ്ടുകളിലെ അതേ മനുഷ്യന്‍ തന്നെയാണ് ഇന്നത്തെയും മനുഷ്യന്‍. പതിനാല് നൂറ്റാണ്ട് മുമ്പ് അറേബ്യന്‍ ഗോത്രവര്‍ഗ സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന അതേ മനുഷ്യന്‍ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ദേശരാഷ്ട്ര ജനാധിപത്യ മതനിരപേക്ഷ സംസ്‌കാരത്തിലും ജീവിക്കുന്നത്. അതിലെല്ലാമുപരി ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍മിതമായത് യാതൊരു പരിമിതികളുമില്ലാത്ത ഈശ്വരനില്‍ നിന്നാണ്. അത് ദൈവപ്രോക്തമാണ്. ഇനി ദൈവപ്രോക്തമാണെന്നത് വാദത്തിനുവേണ്ടി മാറ്റിവെച്ച്, ഏത് അളവുകോല്‍ വെച്ചും പരിശോധിക്കേണ്ടവര്‍ പരിശോധിച്ചു നോക്കുക. അതില്‍ പ്രാകൃതമായ എന്തെങ്കിലും ഒരംശമെങ്കിലുമുണ്ടോയെന്ന്. കാലത്തിന്റെയും സ്ഥലത്തിന്റെയും പരിമിതിക്കുളളില്‍ തളച്ചിടപ്പെട്ട തലച്ചോറുകളാല്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന നിയമങ്ങള്‍ക്കാണ് കാലോചിതമായ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമായി വരുന്നതെന്ന് സാരം. അതുകൊണ്ട് തന്നെ ഇസ്‌ലാമിലെ നിയമസംഹിതകള്‍ക്ക് യാതൊരുവിധത്തിലുമുള്ള പരിഷ്‌ക്കരണങ്ങളുടെയും ആവശ്യമില്ല. ഇക്കാലമത്രയും അത് കാലത്തെയും സ്ഥലത്തെയും അതിജയിച്ചിട്ടുണ്ടെങ്കില്‍ ഇനിയും അതുപോലെ മാനവിക മൂല്യമുള്‍ക്കൊണ്ട നിയമങ്ങളായി അത് മുന്നേറുക തന്നെ ചെയ്യും, തീര്‍ച്ച.
നിയമം അനുസരിക്കാത്തവരും, നിയമത്തെ ചൂഷണം ചെയ്യുന്നവരും എക്കാലഘട്ടത്തിലുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക നിയമസംഹിതകളും, പ്രത്യേകിച്ച് വ്യക്തിനിയമങ്ങള്‍ ഇത്തരത്തില്‍ ലംഘിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചൂഷണത്തെ അതിജീവിക്കാന്‍ പരിഷ്‌ക്കരണമാണ് പരിഹാരമെന്നു പറയുന്നത് വങ്കത്തരമാണ്. എത്ര പരിഷ്‌ക്കരിക്കപ്പെടുന്ന നിയമങ്ങളും, പിന്നെയും പിന്നെയും ചൂഷണത്തിന് വിധേയമാകുന്നില്ലേ? ചൂഷണത്തെ തടയാന്‍ ശക്തമായ നിയമനിര്‍മാണം നടപ്പില്‍ വരുത്തുകയാണ് വേണ്ടത്. നിയമം ലംഘിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുകയെന്നതല്ലെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ തന്നെ ആധാരം. നിയമം യഥാക്രമത്തില്‍ ഉപയോഗപ്പെടുത്താന്‍ ശക്തമായ ബോധവല്‍ക്കരണവും ആവശ്യമാണ്.
ഷയാറ ബാനുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതിനുശേഷം രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറഞ്ഞത് ഇതില്‍ ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട യാതൊന്നും നിലനില്‍ക്കുന്നില്ലയെന്നാണ്. മുത്ത്വലാഖിനെക്കുറിച്ചുള്ള വാദങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏക സിവില്‍കോഡിനെക്കുറിച്ച് സംവാദങ്ങള്‍ ആവശ്യമെല്ലെന്നും കോടതിയുടെ പ്രസ്താവനയില്‍ പറയുന്നു(53). പ്രസ്തുത ഹര്‍ജിയില്‍ അവസാനവട്ട വാദം കേള്‍ക്കുന്നതിനായി 2017 മെയ് 11 ആണ് കോടതി തെരഞ്ഞെടുത്തിരിക്കുന്ന തീയതി. മുത്തലാഖിനെ ഏകസിവില്‍ കോഡുമായി ബന്ധപ്പെടുത്തുന്നത് ന്യൂനപക്ഷത്തിന്റെ വ്യക്തിനിയമങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു(54). ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിനു പുറമെ മൂന്നു പതിറ്റാണ്ട് മുന്‍പ് ഷബാനു ബീഗം കേസില്‍ വിവാദ വിധിപ്രസ്താവന നടത്തിയ ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി ചന്ദ്രചൂഡിന്റെ മകന്‍ ഡി.വൈ ചന്ദ്രചൂഡും ബഞ്ചിലുണ്ടെന്നത് ഒരു യാദൃശ്ചികതയാവാം.

Û
Foot Notes
1. Mohd. Ahmed Khan vs Shah Bano Begum And Ors on 23 April, 1985. Equivalent citations: 1985 AIR 945, 1985 SCR (3) 844.
2. Indian Express April 24, 2016. Interview with Siddiqua Ahmed, daughter of Shah Bano Begum.
3. 1985 AIR 945, 1985 SCR (3) 844.
4. Ibid
5. Ibid
6. Ibid
7. Ibid
8. Section 125, Chapter IX, order for maintenance of wives childrens and parents, the code of criminal procedure, 1973 act no 2 of 1974, 25th jan 1974.
9. Ibid Section 125 (3)
10. Ibid
11. The State Of Bombay vs Narasu Appa Mali on 24 July, 1951. AIR 1952 Bom 84, (1951)  53 BOMLR 779, ILR 1951 Bom 775.
12. Ibid
13.  The Indian Penal Code 1860, Act No. 45 of 1860. 6th October 1860, Chapter XX of Offences Relating to Marriage 494
14. AIR 1952 Bom 84
15. Ibid
16. Ibid
17. 1985 AIR 945
18. Ibid
19. വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ, ചെറിയമുണ്ടം പറപ്പൂര്‍.
20.  The Holy Quran, English translation of the meaning by Abdulla Yousuf Ali, 17
21. വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ, ചെറിയമുണ്ടം പറപ്പൂര്‍.
22. Tafsir al-Jalalyn, Translated by Feras Hamza, Royal Aal-al-byt Institute of Islamic Thought, Amman Jordan, 2:236
23. Tanwir al-Miqbas min Tafsir Ibn Abbas, Translated by Mokrene Guezzou, Royal Aal-al-byt Institute of Islamic Thought, Amman Jordan, 2:236
24.  Tafsir Ibn Kathir, Part II, 2:236
25. അമാനി മൗലവി, വിശുദ്ധ ക്വുര്‍ആന്‍ വിവരണം
26. 1985 AIR 945
27. Sahih al Bukhari, Vol 4, Book 55, Hadith No. 548.
28.  English translation of majmoo al fatawa of late scholar ibn baze (R), second edition 301.
29. Shamim Ara vs State Of U.P.& Anr; 2002 AIR SCW 4162; Case No. Appeal (cri) 465 of 1996.
30. Ibid
31. A.S Parveen Akthar vs The Union of India on 27 December 2002. W.P. No.744 of 1992.
32. Ms. Jordan Diengdeh vs S.S. Chopra on 10 May, 1985; 1985 AIR 935, 1985 SCR Supl. (1) 704.
33. Ibid
34. Ibid
35. Smt. Sarla Mudgal vs Union Of India & Ors on 10 May, 1995;  1995 AIR 1531, 1995 SCC (3) 635; JT 1995 (4) 331 1995 Scale (3)286.
36. Ibid
37. Ibid
38. IPC 494, The Code of Criminal Procedure, 1973. Act No. 2 of 1974. (25th January, 1974).
39. Ibid. IPC 495
40. Ibid. IPC 497
41. http//www.indiatomorrow.net/eng/the-epidemic-of-dengue- pregmay-indian-tragedy .
42. Ibid
43. Dr Anuradha HS, Teenage abortion: Why & how to avoid. Bangalore Mirror Bureau, Sep 7, 2014,
44. Students major users of condom vending machines. Times of India, Mar 19, 2009,
45. Annie Besant: The Life and Teachings of Muhammad. Theosophical Publishing House, Adyar, Chennai. Published in 1992.
46. Ahmedabad Women Action Group vs Union Of India on 24 February, 1997, W.P. (C) No. 494/96.
47. Shayara Banu’s fight against triple talaq. April 26, 2016.
48.  https://www.documentcloud.org/documents/2725467-Shayara-Bano-Writ-Petition-FINAL-VERSION.pdf
49. https://bmmaindia.com/contact/
50. See No. 48
51. https://bmmaindia.com/2015/11/07/muslim-women-reject-uniform-civil-code-call-for-reform-in-muslim-personal-law
52. Ammini E.J. And Etc. vs Union Of India (Uoi) And Ors. on 24 February, 1995, AIR 1995 Ker 252.
53. The Times of India, Feb. 15, 2017.
54. Ibid

Leave a Reply

Your email address will not be published. Required fields are marked *