എന്നില്‍ നിന്ന് ഹാദിയയിലേക്കുള്ള ദൂരം

വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു എന്റെ ഇസ്‌ലാം ആശ്ലേഷം. ഇസ്‌ലാം ആശ്ലേഷം ഉറപ്പിച്ച് വീട്ടില്‍ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഉറപ്പായിരുന്നു ആരും പിന്തുണക്കില്ല എന്ന്. സുഹൃത്തുക്കളും വീട്ടുകാരും കുടുംബക്കാരും എല്ലാം തനിച്ചാക്കിയാലും പ്രശ്‌നമില്ല, എനിക്ക് നിയമത്തിന്റെ പരിരക്ഷ ഉണ്ടാകും. പ്രായപൂര്‍ത്തിയായതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കും നിയമം വില കല്‍പിക്കും എന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ഞാന്‍ ധൈര്യപൂര്‍വ്വം ഇറങ്ങിയത്. ഇസ്‌ലാമിനെ വീട്ടുകാര്‍ക്ക് ആര്‍ക്കും താല്‍പര്യമില്ലാത്തതുകൊണ്ട്, ഈ വിഷയം പ്രശ്‌നമായി കേസ് കൊടുത്ത് കോടതിയില്‍ പോയാല്‍പോലും, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും, ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനും സ്വാതന്ത്ര്യമുള്ള, ഒരു ഇന്‍ഡ്യന്‍ പൗരന് നല്‍കുന്ന അവകാശങ്ങളെല്ലാം കോടതി നല്‍കും എന്ന ദൃഢവിശ്വാസമാണ് ഞാന്‍ തനിച്ചിറങ്ങുമ്പോള്‍ എന്നിലുണ്ടായിരുന്നത്. അതുപോലെ തന്നെ ഒരുപാട് കോലാഹലങ്ങള്‍ക്കുശേഷം കോടതിയിലെത്തിയപ്പോള്‍ കോടതി എനിക്ക് അനുകൂലമായി വിധി പറഞ്ഞു.
ഇന്‍ഡ്യന്‍ നിയമത്തില്‍ ഞാന്‍ ആശ്വസിക്കാന്‍ കാരണം എന്റെ ഇസ്‌ലാം ആശ്ലേഷണം കേസായി കോടതിയിലെത്തുന്നതിനു മുമ്പ് ഇസ്‌ലാമിനെക്കുറിച്ച് കൂടുതലായി അടുത്തറിയാനും പഠിക്കാനുമായി ഒരു ഇസ്‌ലാമിക സ്ഥാപനത്തില്‍ പോയിരുന്നു. അവിടെ നിന്നും എന്റെ നാട്ടിലെ ഇസ്‌ലാം വിരോധികള്‍ (ആര്‍.എസ്.എസുകാര്‍) എന്റെ അച്ഛനെയും കൂട്ടി ആ സ്ഥാപനത്തില്‍ എത്തുകയും രണ്ടു ദിവസത്തിനുള്ളില്‍ അവിടെ നിന്നും എന്നെ തിരിച്ച് വീട്ടില്‍ ആക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങളാണെങ്കിലും വല്ലാത്ത ഒരു മാനസിക പീഡനമാണ് ആ ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ചിരുന്നത്.
അവര്‍ തിരിച്ച് എന്നെ വീട്ടിലേക്കു കൊണ്ടുപോകുന്ന വഴിയേ തന്നെ ചോദ്യങ്ങള്‍ തുടങ്ങിയിരുന്നു. നിന്റെ പുതിയ പേരെന്താണ്, അങ്ങനെ പലതും. അതുകഴിഞ്ഞ് വണ്ടി നിര്‍ത്തി എന്റെ വീട്ടിലേക്ക് കുറച്ചു നടക്കണം. അപ്പോള്‍ വഴിയുടെ ഇരുവശത്തും അങ്ങിങ്ങായി ആളുകള്‍ നോക്കി നില്‍ക്കുകയും എന്തൊക്കെയോ അടക്കം പറയുകയും ചെയ്യുന്നു. ഇന്നലെവരെ എന്നെ കാണുമ്പോള്‍ ചിരിച്ചു പരിചയം കാണിച്ചിരുന്നവര്‍, അവര്‍ എന്നെ എന്തൊക്കെയോ ഭാവത്തില്‍ നോക്കുന്നു. അത്ഭുതമോ, പരിഹാസമോ, വെറുപ്പോ? അങ്ങനെ പലരിലും പലപല ഭാവങ്ങള്‍. ഞാന്‍ എന്തോ വലിയ പാതകമോ, വൃത്തികേടോ മറ്റോ ചെയ്തപോ
ലെ. വീട്ടിലെത്തിയതും ഞാനെന്റെ അഭിപ്രായങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവര്‍ ചൂടാവാനും എന്നെ ചീത്ത വിളിക്കാനും മറ്റും തുടങ്ങി. ഞാനെന്റെ ഇസ്‌ലാമിക കാഴ്ചപ്പാടിനെക്കുറിച്ചും അത് പഠിക്കാന്‍ പോയതാണെന്നുമൊക്കെ പറഞ്ഞപ്പോള്‍ അവര്‍ എന്നെ (അവരില്‍ ഒന്നു രണ്ടുപേര്‍) അടിക്കാന്‍ വന്നു. അപ്പോള്‍ മറ്റുള്ളവര്‍ അവരെ പിടിച്ചുവെച്ചു. ഇസ്‌ലാം മതത്തില്‍ മാത്രമല്ലല്ലോ ഹിന്ദുമതത്തിലുമുണ്ടല്ലോ സ്വര്‍ഗനരകത്തെക്കുറിച്ചൊക്കെ പറയുന്നത് എന്നൊക്കെ പറഞ്ഞപ്പോള്‍, നിനക്കൊക്കെ എന്തോ സൂക്കേടാണെന്നും നിന്നെയൊക്കെ ശരിയാക്കാന്‍ ആളില്ലാഞ്ഞിട്ടാണെന്നും പറഞ്ഞു.
ഞാന്‍ അമ്മയെ കാര്യങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു മനസ്സിലാക്കി. പഠിച്ചുകഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ ഇങ്ങോട്ടുതന്നെ വരും എന്നൊക്കെ പറഞ്ഞു സമാധാനപ്പെടുത്തി വീണ്ടും ഞാന്‍ പോയ സ്ഥാപനത്തിലേക്കു തന്നെ പോകാനൊരുങ്ങി. ഞാന്‍ പോയതോടെ അമ്മ ഭക്ഷണവും വെള്ളവും ഒന്നും കഴിക്കാതെ അവശയായി ക്ഷീണിച്ചു കിടക്കുകയായിരുന്നു. അങ്ങനെ കുറച്ചുനേരത്തെ ശാന്തതക്കുശേഷം അവര്‍ എന്നെ കൊണ്ടുവിടാമെന്നു പറഞ്ഞു. അല്ലെങ്കില്‍ തനിയെ പോകുമെന്ന് അവരോട് പറഞ്ഞിരുന്നു.
പക്ഷേ അവര്‍ എന്നെ കൊണ്ടുപോയത് അവിടേക്കല്ലായിരുന്നു. ഒരു ആശ്രമത്തിലേക്കായിരുന്നു. അച്ഛനും പാപ്പനും ഭാര്യമാരും കുറച്ച് ബി.ജെ.പിക്കാരുമായിരുന്നു കൊണ്ടുപോയത്. വഴിമാറിപ്പോകുന്നതുകണ്ട് ഞാന്‍ ചാടിയിറങ്ങുകയോ മറ്റോ ചെയ്യേണ്ടെന്നു കരുതി അവര്‍ എന്നെ സൈഡ് സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാതെ ലോക്കുചെയ്ത് മധ്യത്തിലാണ് ഇരുത്തിയത്. ഒരു വല്ലാത്ത മാനസികാവസ്ഥയോടെ എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നറിയാതെ ഞാനിരുന്നു. വിഷമം തോന്നിയെങ്കിലും ഏതു സാഹചര്യം വന്നാലും നേരിടും എന്നൊരു വല്ലാത്ത ആത്മവിശ്വാസത്തോടെ ആരോടും ഒന്നും ചോദിക്കാതെ ഞാനിരുന്നു.
അങ്ങനെ എത്തിച്ചേര്‍ന്നത് ഒരു ആശ്രമത്തിലാണെന്ന് ബോര്‍ഡുകള്‍ വായിച്ച് ഉള്ളിലെത്തിയപ്പോള്‍ മനസ്സിലായി. കുറച്ചുനേരം കാത്തുനിന്നപ്പോള്‍ അവര്‍ ഉള്ളിലേക്കു വിളിച്ചു. പുല്‍പ്പായ വിരിച്ചു ഞങ്ങളെ ഇരുത്തി. അവിടുത്തെ സ്വാമി എന്നോട് സംസാരിച്ചു. സ്വാമിയുടെ ചോദ്യവും എന്റെ മറുപടിയും എല്ലാം അവര്‍ കേട്ടിരുന്നു. സ്വാമി എന്തൊക്കെയോ ചോദിക്കുകയും ഇസ്‌ലാമിനെയും അതിലെ പണ്ഡിതന്‍മാരെപ്പറ്റിയുമൊക്കെ മോശമായി പറയുകയും ചെയ്തു. ഇസ്‌ലാമിനെക്കുറിച്ചുള്ള പരിമിതമായ എന്റെ അറിവുകൊണ്ട് ഞാന്‍ പലതിനും മറുപടി കൊടുത്തു. അതുകേട്ട് സ്വാമി പറഞ്ഞു, എനിക്ക് അഹങ്കാരമാണെന്ന്. ”നിറഞ്ഞ ഗ്ലാസാണ്, അതുകൊണ്ട് ഇനി അതിലേക്ക് ഒന്നും ഒഴിക്കാനാവില്ല” എന്നുപറഞ്ഞു. അച്ഛന്‍ പറഞ്ഞു, എന്തായാലും വന്നതല്ലെ, അവളിവിടെ കുറച്ചുദിവസം നില്‍ക്കട്ടെ എന്ന്. പ്രായപൂര്‍ത്തിയായതുകൊണ്ട് എന്നെ അവിടെ നിര്‍ബന്ധിച്ച് നിര്‍ത്താനാവില്ല എന്നായിരുന്നു അവിടെനിന്നുള്ള മറുപടി. അവിടെനിന്നും എങ്ങനെയങ്കിലും പുറത്തു കടന്നാല്‍ മതിയെന്നായിരുന്നു എനിക്ക്. അങ്ങനെ എന്നെ തിരിച്ച് വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി.
പിന്നെ കുറച്ചുദിവസം വീട്ടില്‍. തടവിലല്ലെങ്കിലും ഒരു തടവിന്റെ പ്രതീതി. ആദ്യത്തെ കുറച്ചുദിവസം വല്ലാത്ത മാനസികാവസ്ഥയും പിരിമുറുക്കവുമൊക്കെ ആയിരുന്നു. അയല്‍ക്കാരും കുടുംബക്കാരുമൊക്കെ കാണാന്‍ വന്നുകൊണ്ടിരുന്നു. പലപല അഭിപ്രായങ്ങള്‍ പറഞ്ഞു. ചിലര്‍ ചീത്ത വിളിച്ചു. ചിലര്‍ മോളേന്നൊക്കെ വിളിച്ച് വളരെ സ്‌നേഹം കാണിച്ചു പെരുമാറി. പലരും അതുവരെ എന്നെ നോക്കിയ പോലെയായിരുന്നില്ല കണ്ടത്. ഒരു അത്ഭുതജീവിയെയെന്നോണം അല്ലെങ്കില്‍ പുതുതായി ആരോ വന്നതുപോലെ എന്നെ നോക്കിനിന്നു. ആരൊക്കെ എതിര്‍പ്പും വെറുപ്പും കാണിച്ചിട്ടും ഞാനെന്റെ ഇസ്‌ലാമിക ജീവിതം തുടങ്ങി.
ഇന്‍ഡ്യന്‍ നിയമമയാണ് എനിക്കിവിടെയെല്ലാം തുണയായത്; പക്ഷേ ഇപ്പോള്‍ ഭരണഘടനയും മരവിപ്പിക്കുകയാണോ? അതുകൊണ്ടാണല്ലോ പാവം ഹാദിയക്ക് സ്വന്തം തീരുമാനത്തിലും സ്വന്തം വിശ്വാസത്തിലും ജീവിക്കാന്‍ കഴിയാതെ വന്നത്. ഇന്‍ഡ്യന്‍ ഭരണഘടനയും ഇന്‍ഡ്യന്‍ ജനാധിപത്യവും ഒരു സാധാരണ പൗരനു നല്‍കുന്ന, സ്വന്തം ജീവിതം തെരഞ്ഞെടുക്കുവാനുള്ള മൗലികാവകാശം പോലും നല്‍കാത്തത് വിചിത്രം തന്നെ. ഒരു ഇസ്‌ലാമിക ജീവിതം തെരഞ്ഞെടുത്തതുകൊണ്ടാണോ ഹാദിയക്ക് ഇത്ര വേദനകള്‍ അനുഭവിക്കേണ്ടി വന്നത്? ഒരുപക്ഷേ മറ്റുവല്ല മതവിശ്വാസങ്ങളുമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഇത്രയധികം പ്രയാസപ്പെടേണ്ടി വരുമായിരുന്നില്ല. എന്നെപ്പോലുള്ളവരുടെ വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും മാത്രമല്ല, നീതിപീഠങ്ങള്‍ക്കു വരെ ഇസ്‌ലാമിനെ പേടിയും വെറുപ്പുമായിരിക്കുന്നു. അതുകൊണ്ടാണല്ലോ നിയമം നിയമമായി തന്നെ നിലകൊള്ളുകയും നിയമത്തിന്റെ പരിരക്ഷ ലഭിക്കേണ്ടവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നത്.
നമ്മളെത്രയോ നേരം ചെലവഴിക്കാനുംകിടക്കാനും ഒക്കെ ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം വീട്ടിലും മുറിയിലും ഒരന്യയെപ്പോലെ അല്ലെങ്കില്‍ എന്തോ പൊരുത്തപ്പെട്ടു നില്‍ക്കാന്‍ കഴിയാത്തപോലെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളുമായി പരിചിതമല്ലാത്ത എവിടെയോ നില്‍ക്കുന്നപോലെ കുറച്ചുദിവസം താമസിച്ചു. പിന്നീട് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഒരു വഴി എന്റെ മുന്നില്‍ തുറന്നുതന്നു.
പിടിക്കപ്പെടും എന്നുറപ്പിച്ചുകൊണ്ട് തുറന്ന വഴിയിലൂടെ ഞാന്‍ പതുക്കെ നടന്നു. മനസ്സില്‍ വല്ലാത്ത ധൃതിയുണ്ടെങ്കിലും പുറത്തു വളരെ സാവധാനം ഞാന്‍ നടന്നു. അങ്ങനെ ഞാന്‍ അവിടെനിന്നും രക്ഷപെട്ട് ലക്ഷ്യസ്ഥാനത്തെത്തി.
ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ വീട്ടുകാരുമായി നല്ല സഹവര്‍ത്തിത്വത്തോടെ ഞാന്‍ കുടുംബജീവിതം നയിക്കുന്നു. അവര്‍ അവരുടെ മതവും ഞാന്‍ എന്റെ മതവുമായി സ്‌നേഹത്തോടെ, സമാധാനത്തോടെ ജീവിക്കുന്നു. ഇപ്പോള്‍ എന്റെ സമാധാനം നഷ്ടപ്പെടുത്തുന്നത് ഹാദിയമാരുടെ സങ്കടങ്ങളും നീതിപീഠങ്ങള്‍ക്ക് അവരോടുള്ള വീക്ഷണവും അനീതിയുമാണ്. പുതിയ വിശ്വാസവും നന്മ നിറഞ്ഞ ജീവിതവും നീതിപീഠങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.അച്ഛനമ്മമാരെ നന്നായി നോക്കാനും
അവരോട് നന്നായി പെരുമാറുവാനും എന്റെ വിശ്വാസം എന്നെ പഠിപ്പിച്ചു. ഞാന്‍ ഞാനായിത്തന്നെ, അമ്മയോടും സഹോദരങ്ങളോടുമൊപ്പം നില്‍ക്കാനും അവരെയും കുടുംബത്തെയും സ്‌നേഹിക്കുവാനും അവരോടൊപ്പം സന്തോഷങ്ങളില്‍ പങ്കുചേരുവാനും കഴിയുന്നു.
നാം ജനിച്ചു ജീവിച്ച നമ്മുടെ രാജ്യവും ഇവിടത്തെ നിയമവും എന്നെപ്പോലുള്ളവര്‍ക്ക് നീതിയും സംരക്ഷണവും നല്‍കുമെന്ന പ്രതീക്ഷയോടെ അതിലേറെ പ്രാര്‍ത്ഥനയോടെ ഞാന്‍ മുന്നോട്ടുനോക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *